പക...💔🥀: ഭാഗം 3

paka

രചന: ഭാഗ്യ ലക്ഷ്മി

എന്നാൽ അവളുടെ പ്രതീക്ഷകളെയും യാചനകളെയും കാറ്റിൽ പറത്തിക്കൊണ്ടവൻ ആ താലി ചാർത്തിയപ്പോഴേക്കും അടക്കി നിർത്തിയ മിഴിനീർ കവിളിനെ തലോടിയിരുന്നു... തൻ്റെ കൈപ്പത്തിയിലേക്കിറ്റ് വീണ മിഴിനീരിലേക്ക് പൃഥ്വിയുടെ നേത്രങ്ങൾ നീളുന്നത് ശ്രീനന്ദ കണ്ടിരുന്നു... ആ മിഴികളൊന്നു കുറുകുന്നതവൾ അറിഞ്ഞു... എന്നാൽ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ തൻ്റെ സീമന്തരേഖയിലേക്ക് സിന്ദൂരമണിയിക്കുന്നവനെ മുഖമുയർത്തി നോക്കാനുള്ള ആവതവൾക്ക് ഉണ്ടായിരുന്നില്ല... ഉയർന്നു കേൾക്കുന്ന നാദസ്വരത്തിൻ്റെ ശബ്ദം അവളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.. പരസ്പരം വരണമാല്യം അണിയിക്കുമ്പോൾ കാലടികൾ ഇടറി താനിപ്പോൾ താഴെ വീഴുമെന്ന് ശ്രീനന്ദയ്ക്ക് തോന്നി... അത്രമേൽ ധന്യമായ ആ നിമിഷം പോലും അവളുടെ ഹൃദയത്തെ ആഴത്തിൽ കുത്തി നോവിച്ചു കൊണ്ടിരുന്നു... തൻ്റെ കരങ്ങൾ പൃഥ്വിയുടെ കരങ്ങളിലേക്ക് ചെറിയച്ഛൻ വെച്ച് കൊടുക്കുമ്പോൾ കണ്ണുനീരിനാൽ കാഴ്ച മങ്ങിയിരുന്നു... ശ്വാസം വിലങ്ങുന്ന പോലെ... അവനോടൊപ്പം പ്രദക്ഷിണം ചെയ്യുമ്പോൾ ഈ ദാമ്പത്യത്തിൻ്റെ ആയുസ്സ് എത്ര നാൾ ഉണ്ടാകുമെന്ന ചോദ്യം അവളുടെയുള്ളിൽ ഉത്തരമില്ലാതെ ഉഴഞ്ഞു.. എങ്കിലും പൃഥ്വി തന്നെ ഒരിക്കലും കൈവിടാതിരുന്നെങ്കിൽ എന്നവൾ ഒരു മാത്ര അറിയാതെ ആശിച്ചു പോയി....!! യാത്ര പറയുവാൻ അധികമാരും ഉണ്ടായിരുന്നില്ല...

നിമയെ കെട്ടിപ്പിടിച്ച് കരയുമ്പോൾ അവൾ തന്നെ എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് ശ്രീനന്ദയറിഞ്ഞിരുന്നു... ചെറിയമ്മയേയും ചെറിയച്ഛനെയും ദയനീയമായി നോക്കുമ്പോൾ തൻ്റെ അരികിൽ നിൽക്കുന്ന പൃഥ്വിയെ കാൺകെ അവരുടെ മിഴികൾ തിളങ്ങിയത് എന്തിനെന്നറിയാതെ അവൾ ആശങ്കപ്പെട്ടിരുന്നു... കാറിലേക്കിരിക്കുമ്പോൾ തൻ്റെ അരികിലായി സ്ഥാനമുറപ്പിച്ചിരിക്കുന്ന നല്ല പാതിയെ മുഖം ചെരിച്ചൊന്ന് നോക്കാൻ പോലും ഇരുവരും മെനക്കെട്ടില്ല... ആ വലിയ ബംഗ്ലാവിന് മുൻപിൽ കാർ നിർത്തി ഇറങ്ങുമ്പോൾ തനിക്ക് നേരെ നീണ്ട പൃഥ്വിയുടെ കരങ്ങളിലേക്ക് ശ്രീനന്ദ സംശയത്തോടെ നോക്കി... ശേഷം ആ കൈയ്യിൽ കൈ ചേർക്കാതെ മുഖം തിരിച്ചു കൊണ്ടിറങ്ങുമ്പോൾ തനിക്ക് മുൻപേയവൻ അകത്തേക്ക് കയറിപ്പോകുന്നതവൾ ശ്രദ്ധിച്ചിരുന്നു... ആളും ആരവങ്ങളും ഇല്ലാത്ത വീടിനു ചുറ്റുമവൾ എന്ത് ചെയ്യണമെന്നറിയാതെ നോക്കി നിന്നു... എന്നാൽ അപ്പോഴേക്കും പുഞ്ചിരി തൂകുന്ന മുഖത്തോടെ നിലവിളക്കുമായി വന്ന ആ സ്ത്രീയെ കാൺകെ തൻ്റെ ഉള്ളിലെ കനലുകൾക്ക് അല്പം ആശ്വാസം കൈവന്നതു പോലെ ശ്രീനന്ദയ്ക്ക് തോന്നി... "കയറി വാ മോളെ..." തനിക്ക് നേരെ നിലവിളക്ക് നീട്ടിയവർ വാത്സല്യത്തോടെ പറഞ്ഞതും അറിയാതെയവൾ തൻ്റെ അമ്മയെ ഓർത്തു പോയി... യാന്ത്രികമായി നിലവിളക്ക് വാങ്ങി അവരോടൊപ്പം അകത്തേക്ക് നടക്കുമ്പോൾ ശ്രീനന്ദയെ അവർ ചേർത്തു പിടിച്ചിരുന്നു...

"മോൾ ഈ വേഷമൊക്കെ ഒന്ന് മാറി കുളിച്ച് വാ... രാവിലെ മുതൽ ഉടുത്തൊരുങ്ങി നിൽക്കുന്നതല്ലേ... മാറി ഉടുക്കാനുള്ളതൊക്കെ അമ്മ നിങ്ങളുടെ മുറിയിൽ വെച്ചിട്ടുണ്ട്..." അതും പറഞ്ഞ് മുറിയിലേക്ക് നടക്കുന്ന ലക്ഷ്മിയമ്മയുടെ പിന്നാലെ പേടിച്ച് പേടിച്ചാണ് ശ്രീനന്ദ നടന്നത്... പൃഥ്വി അവിടെയുണ്ടാകുമോ എന്ന ഭയം അവളെ കാർന്നു തിന്നു തുടങ്ങിയിരുന്നു... മുറിയുടെ വാതിൽക്കൽ കൊണ്ടാക്കിയിട്ട് ആ അമ്മ നടന്നകലുന്നത് ശ്രീനന്ദ പേടിയോടെ നോക്കിക്കണ്ടു.. അല്പനേരം അങ്ങനെ തന്നെ നിന്നതിനു ശേഷം അവൾ ധൈര്യം സംഭരിച്ച് അകത്തേക്ക് ചുവടുകൾ വെച്ചു... പൃഥ്വി ബാൽക്കണിയിൽ നിന്ന് ആരോടോ ഫോണിൽ സംസാരിക്കുകയാണെന്ന് കണ്ടതും ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു... വിശാലമായ ബെഡ് റൂം.. എല്ലാം അടുക്കും ചിട്ടയോടെയും ഒതുക്കി വെച്ചിട്ടുണ്ട്... ഒരു ഷെൽഫ് നിറയെ പുസ്തകങ്ങൾ.... പൃഥ്വിക്ക് വായനാശീലം ഉണ്ടെന്ന അറിവ് ശ്രീനന്ദയിൽ അത്ഭുതം നിറച്ചു... അവൾ കൗതുകത്തോടെ ആ മുറിയിൽ ചെയ്തിരിക്കുന്ന കൊത്തുപണികളിലൂടെ മിഴികൾ പായിച്ചു... ചുവരിനോട് ചേർന്നുള്ള ആ വലിയ കണ്ണാടിക്ക് അഭിമുഖമായവൾ നിന്നു... വിയർത്തൊലിച്ച് നെറുകെയിലെ കുങ്കുമം പാതിയും മാഞ്ഞ് പോയിരിക്കുന്നു...

ശ്രീനന്ദ ആഭരണങ്ങൾ ഓരോന്നായി അഴിച്ചു അവിടുള്ള മേശയുടെ പുറത്തായി വെച്ചു... എത്ര ശ്രമിച്ചിട്ടും കഴുത്തിൽ കിടക്കുന്ന ആ പാലയ്ക്കാ മാലയുടെ കൊളുത്തഴിയ്ക്കാൻ പറ്റുന്നില്ല... കണ്ണാടിയിൽ നോക്കി അതഴിയ്ക്കാൻ ശ്രമിക്കുമ്പോഴാണ് പൊടുന്നനെ പിൻകഴുത്തിലേക്കൊരു നിശ്വാസമേറ്റത്.... ഒരുവേള അവൾ പിടഞ്ഞു പോയി... തൻ്റെ പിന്നിൽ നിൽക്കുന്ന പൃഥ്വിയുടെ മുഖമവൾ കണ്ണാടിയിലൂടെ വ്യക്തമായി കണ്ടു... ഹൃദയം എന്തിനെന്നറിയാതെ ശക്തമായി മിടിയ്ക്കാൻ തുടങ്ങിയിരിക്കുന്നു... അവൾ തടുക്കും മുൻപേ അവൻ്റെ കരങ്ങൾ വിയർപ്പ് പൊടിഞ്ഞ അവളുടെ കഴുത്തിലേക്ക് നീണ്ടിരുന്നു... കഴുത്ത് ഞെരിച്ചിനിയും കൊല്ലാനായിരിക്കുമോ...?? ഒരുവേള അവൾ ചിന്തിയ്ക്കാതിരുന്നില്ല... ആ താടിരോമങ്ങൾ കഴുത്തിലുരസിയപ്പോഴാണ് അവൻ പല്ല് കൊണ്ട് മാലയുടെ കൊളുത്തഴിയ്ക്കാനാണ് ശ്രമിക്കുന്നതെന്നവൾക്ക് മനസ്സിലായത്...ചെന്നിയിലൂടെ വിയർപ്പു തുള്ളികൾ ഒഴുകുന്നു... കണ്ണുകളടച്ച് ശ്വാസം അടക്കിപ്പിടിച്ചാണവൾ നിന്നത്.... നിമിഷങ്ങൾക്ക് യുഗങ്ങളുടെ ദൈർഘ്യമുള്ളതു പോലെ.... പൃഥ്വി അകന്ന് മാറിയതും മാറിയുടുക്കാനുള്ള വസ്ത്രവുമായി ബാത്ത് റൂമിലേക്ക് ഒറ്റ ഓട്ടമായിരുന്നു... തലയിലേക്ക് തണുത്ത വെള്ളം വീഴുമ്പോഴും ചിന്തിച്ചതൊന്നായിരുന്നു....

എന്താ പൃഥ്വി അങ്ങനെ ചെയ്തിട്ടും താൻ ഒരക്ഷരം പോലും എതിർത്ത് പറയാതിരുന്നതെന്ന്.... ഭഗവാനേ ഇനിയും പരീക്ഷിക്കല്ലേ... പൃഥ്വി എങ്ങനെയാവും തന്നോട് പക വീട്ടുന്നതെന്നോർത്ത് ഒരു സമാധാനവും ഇല്ല.. അയാളുടെ മനസ്സ് മാറണേ... ആ അമ്മയുടെ സ്നേഹ സാമീപ്യം മാത്രമാണ് ഏക ആശ്വാസം... മനസ്സ് നിറയെ ഈ വക ചിന്തകൾ മാത്രമായിരുന്നു.... കുളിച്ചിറങ്ങിയതും പൃഥ്വിയെ എങ്ങും കണ്ടില്ല... മുറ്റത്ത് നിന്നും ഒരു കാർ ചീറിപ്പാഞ്ഞ് ഗേറ്റ് കടന്നു പോകുന്നത് ജനാലയിലൂടെ കാണുമ്പോൾ മനസ്സിനേറ്റ ആശ്വാസം ചെറുതല്ലായിരുന്നു... താഴേക്ക് ചെല്ലുമ്പോൾ കണ്ടു പുഞ്ചിരിയോടെ തന്നെ വരവേൽക്കുന്ന ആ അമ്മയെ... അവർക്ക് തിരികെ ഒരു പുഞ്ചിരി നൽകാനാവാത്ത വിധം എന്തു കൊണ്ടോ അവളുടെ മുഖത്തിനു മങ്ങലേറ്റിരുന്നു... ആശയക്കുഴപ്പത്തിലലയുന്ന മനസ്സിനൊരു ആശ്വാസം എന്നോണം ശ്രീനന്ദ അവർക്കൊപ്പം ഇരുന്നു... "ഇതെന്താ മോളെ എല്ലാം അഴിച്ചു വെച്ചോ നീ...?? ഒന്നോ രണ്ടോ വളയെങ്കിലും എടുത്തിട്ടൂടെ..?? അല്പം പൗഡർ ഒക്കെ ഇട്ട് ഒരു പൊട്ടും കൂടൊക്കെ തൊടാൻ മേലാരുന്നോ...?? കല്ല്യാണപ്പെണ്ണുങ്ങൾ ഒക്കെ ഇങ്ങനെയാ..???" ചമയങ്ങളൊന്നുമില്ലാത്ത തന്നെ കണ്ടിട്ടാവാം സ്നേഹം നിറഞ്ഞ ശാസനയോടെ ആ അമ്മ അത് ചോദിച്ചത്....

ആ അമ്മയ്ക്കറിയില്ലേ സ്വന്തം മകൻ എന്നോടുള്ള പക വീട്ടാൻ വേണ്ടിയാ എന്നെ ഒരു കല്ല്യാണപ്പെണ്ണാക്കിയതെന്ന്.... ഒരു തളർന്ന ചിരി അവർക്ക് സമ്മാനിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.... "മോൾക്കെന്തെങ്കിലും സങ്കടമുണ്ടോ..?? രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുവാ... മുഖമാകെ മങ്ങിയിരിക്കുവാണല്ലോ..." തൻ്റെ ശിരസ്സിൽ തഴുകി വാത്സല്യത്തോടെ ലക്ഷ്മിയമ്മ ചോദിച്ചതും തന്നോട് പൃഥ്വിയ്ക്കുള്ള പകയെപ്പറ്റി ആ അമ്മയ്ക്ക് ഒന്നുമറിയില്ല എന്നവൾക്ക് തോന്നി... അവരുടെ ചോദ്യത്തിനൊരു വരണ്ട ചിരി സമ്മാനിച്ചു കൊണ്ടവൾ ദൃഷ്ടി മറ്റെങ്ങോ പായിച്ചു... "ഇതുവരെ വിവാഹമേ വേണ്ട എന്നു പറഞ്ഞ് നടന്നവനാ.. മോളെ മാത്രമാണവന് ഇഷ്ടമായത്..." ചെറു ചിരിയോടെ ആ അമ്മ അങ്ങനെ പറയുമ്പോൾ ശ്രീനന്ദ മനസ്സിൽ ഉരുവിട്ടത് മറ്റൊന്നായിരുന്നു... ഇഷ്ടമൊന്നുമല്ല... എന്നോട് പകയാണ് അയാൾക്ക്‌...!! അവൾ ദു:ഖത്തോടെ ചിന്തിച്ചു.... "നിന്നേക്കാണുമ്പോൾ എൻ്റെ മോളെയാണെനിക്ക് ഓർമ്മ വരുന്നത്..." കൺകോണിൽ നേരിയ നനവോടെ ലക്ഷ്മിയമ്മയത് പറയുമ്പോൾ ആ മോളെവിടെ എന്ന ചോദ്യം ഉള്ളിലുദിച്ചെങ്കിലും അവളത് ഉള്ളിൽ തന്നെ വിഴുങ്ങി... സ്നേഹത്തോടെ തനിക്കായ് ഓരോന്ന് നൽകുന്ന ആ അമ്മയെ അവൾ നോക്കിക്കണ്ടു... കൊട്ടാര സാദൃശ്യമുള്ള ഈ വീടിൻ്റെ ഓരോ മൂലകളും അവൾക്ക് പരിചയപ്പെടുത്തി കൊടുക്കുമ്പോൾ എന്നോ നഷ്ടമായ മാതൃവാത്സല്യം തനിക്ക് ലഭിച്ചതു പോലെ ശ്രീനന്ദയ്ക്ക് തോന്നി....

എന്നാൽ പൃഥ്വിയെ പറ്റി ഓർത്തതും ആ ആശ്വാസം ആവിയായി പോയതവളറിഞ്ഞു... സമയം സന്ധ്യയോടടുത്തതും തൻ്റെ മിഴികൾ ആരെയോ തേടുന്നതറിഞ്ഞതു പോലെ ആ അമ്മ പറഞ്ഞു... "അവനെയാണെങ്കിൽ നോക്കണ്ട മോളെ.. എപ്പോഴാ വരുകാന്ന് അവന് തന്നെ നിശ്ചയം കാണില്ല... ഇന്നത്തെ ദിവസമെങ്കിലും പതിവ് മാറുമെന്നാ ഞാൻ കരുതിയത്..." ആ അമ്മയുടെ സ്വരത്തിൽ നിറഞ്ഞു നിന്നത് ദു:ഖം മാത്രമാണെന്ന് ശ്രീനന്ദ തിരിച്ചറിഞ്ഞു.... "അവൻ നേരം വെളുക്കുമ്പോൾ ഇറങ്ങിപ്പോയാൽ ഈ വലിയ വീട്ടിൽ ഞാനും ജോലിക്കാരും മാത്രമാവും... സംസാരിക്കാനാരുമില്ലാതെ മടുത്തു പോയിരുന്നു അമ്മയ്ക്ക്... ങാ... ഇനിയും കുഴപ്പമില്ല.. അമ്മയ്ക്ക് കൂട്ടായി മോളുണ്ടല്ലോ..." സ്നേഹത്തോടെ അവരത് പറയുമ്പോൾ ആ മടിയിലേക്ക് ചായാനാണവൾക്ക് തോന്നിയത്... തനിക്കും ആ അമ്മയ്ക്കും വേണ്ടത് ഒന്നാണെന്നവൾക്ക് മനസ്സിലായി... സ്നേഹം...!! സ്വന്തമെന്ന് പറഞ്ഞ് ചേർത്ത് പിടിയ്ക്കാനൊരാൾ...!! ശ്രീനന്ദയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു... ആ അമ്മയുടെ കൈയ്യിലിരുന്ന ആഭരണപ്പെട്ടിയിൽ നിന്നും ഏറ്റവും ഭംഗിയുള്ള ആഭരണങ്ങളവർ തന്നെ അണിയിക്കുമ്പോൾ എന്തിനെന്നില്ലാതെ ശ്രീനന്ദയുടെ മിഴികൾ നിറയുന്നുണ്ടായിരുന്നു...

പൊട്ട് വെച്ച് തന്നതും നെറുകയിൽ വാത്സല്യത്തോടെ മുത്തിയതും ആ അമ്മയായിരുന്നു... ഒടുവിൽ കൊരുത്ത മുല്ലപ്പൂക്കൾ മുടിയിൽ ചൂടി നവവധുവായി തന്നെ ഒരുക്കി തരുമ്പോൾ ആ അമ്മ തന്നെ ഇമ ചിമ്മാതെ നോക്കുന്നുണ്ടായിരുന്നു.... "അമ്മ മരുന്നൊക്കെ കഴിയ്ക്കുന്നതു കൊണ്ട് നേരത്തെ ഉറങ്ങും... ഇപ്പോൾ തന്നെ നല്ല ഉറക്കം വരുന്നുണ്ട്... മോള് ഈ പാലും കൊണ്ട് നിങ്ങളുടെ മുറിയിലേക്ക് പൊയ്ക്കോ... അവൻ്റെ കൈയ്യിൽ വേറെ താക്കോൽ ഉണ്ട്... അവൻ വരുമ്പോൾ വാതിൽ തുറന്ന് കയറിക്കോളും..." ആ അമ്മയ്ക്ക് നേരെ തലയനക്കിയവൾ അവർ മുറിയിൽ കയറി വാതിലടയ്ക്കുന്നത് വരെ നിശ്ചലയായി അവിടെ തന്നെ നിന്നു.. ലക്ഷ്മിയമ്മയുടെ വാത്സല്യമനുഭവിച്ച് അവൾക്ക് മതിയായിരുന്നില്ലെന്നത് ആയിരുന്നു സത്യം... ഇത്രയും നല്ലൊരമ്മയ്ക്ക് ഇങ്ങനെ ഒരു മകനുണ്ടാകുമോ...?? അതും ചിന്തിച്ചു കൊണ്ട് മെല്ലെ മുറിയിലേക്ക് നടക്കുമ്പോൾ പൃഥ്വിയവിടെ ഇല്ലല്ലോ എന്നതായിരുന്നു ഏക ആശ്വാസം... എപ്പോഴാവും അയാൾ വരിക...?? നേരം ഇരുട്ടിയിട്ട് കുറേ ആയല്ലോ... എങ്ങനെയായിരിക്കും എന്നോടുള്ള സമീപനം...??? ഓരോന്നോർക്കെ പാൽഗ്ലാസ്സുമായി മുറിയിലേക്ക് കയറിയതും ബെഡിൽ ഇരിക്കുന്ന ആളെ കണ്ട് ശ്രീനന്ദ ഞെട്ടിത്തരിച്ച് പോയി.... ഉള്ളിൽ നിന്നും ഉയർന്നു വന്ന ഭയത്താൽ ഒന്നു നിലവിളിക്കാൻ പോലുമാകാതവൾ തറഞ്ഞു നിന്നു... "നിഖിൽ....!!" കണ്ണ് നീരിൻ്റെ ഉപ്പുരസം നാവിലേക്ക് പടരുന്നതിനൊപ്പം ചുണ്ടുകൾ ആ പേര് അറിയാതെ മന്ത്രിച്ചിരുന്നു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story