പക...💔🥀: ഭാഗം 8

paka

രചന: ഭാഗ്യ ലക്ഷ്മി

പൃഥ്വി എന്ത് വിചാരിക്കുമെന്നവൾ ഒരു നിമിഷം ചിന്തിച്ചെങ്കിലും അവനിൽ നിന്നും അകന്നു മാറാൻ ശ്രീനന്ദയ്ക്ക് തോന്നിയില്ല.. മഴയുടെ ശക്തി കൂടും തോറും കൂടുതൽ കൂടുതൽ തന്നെ ചേർത്ത് പിടിയ്ക്കുന്ന പെണ്ണിനെ അവൻ അറിയുന്നുണ്ടായിരുന്നു.... പക്ഷേ അവനിൽ തെല്ലും ഭാവ വ്യത്യാസം ഉണ്ടായിരുന്നില്ലെന്നത് അത്ഭുതമായിരുന്നു.. "ഇങ്ങനെയാണോ നീയെന്നെ മുട്ടാതെ ഇരിക്കാൻ പോകുന്നത്...??" പൃഥ്വിയുടെ സ്വരത്തിൽ ധ്വനിച്ചത് പരിഹാസമാണോ പുച്ഛമാണോ എന്ന് ശ്രീനന്ദ ആശങ്കപ്പെട്ടു പോയി... വിണ്ണിനെ മൂടിയ അന്ധകാരം പോലെ തൻ്റെ ജീവിതത്തിലേക്കും ഒരു നിമിഷം കൊണ്ട് ഇരുൾ വീശിയതു പോലെ... "എനിക്ക് നിങ്ങളോട് ചേർന്നിരിക്കാൻ ആഗ്രഹമുണ്ടായിട്ടൊന്നുമല്ല..." അവളുടെ സ്വരമിടറുന്നതിനൊപ്പം മിഴികൾ ഈറനണിഞ്ഞു... "പിന്നെ..??" പൃഥ്വിയുടെ സ്വരത്തിൽ ഗൗരവം നിറഞ്ഞു.. ആ പുരികക്കൊടികൾ വളയുന്നത് ശ്രീനന്ദ മിററിൽ കൂടി വ്യക്തമായി കണ്ടു... അവൻ്റെ മുഖഭാവങ്ങൾ വായിച്ചെടുക്കാൻ സ്ട്രീറ്റ് ലൈറ്റിൻ്റെ പ്രകാശം തന്നെയവൾക്ക് ധാരാളമായിരുന്നു... "നിങ്ങൾക്ക് മഴയും കാറ്റും ഒന്നും പ്രശ്നമല്ലെന്ന് വെച്ച്...?? എ.. എനിക്ക് തണുക്കുന്നുണ്ട് വല്ലാതെ... മഴ കഴിഞ്ഞ് ഇറങ്ങിക്കൂടാരുന്നോ..?? അതെങ്ങനാ കലിയോടെ എന്നെ പിടിച്ച് വലിച്ചോണ്ട് വരുവല്ലായിരുന്നോ..??" സ്വരത്തിൽ നീരസം കലർത്തി ശ്രീനന്ദ അത് പറയുമ്പോൾ ഉള്ളിലെ വിറയൽ ശബ്ദത്തിലും പ്രതിധ്വനിച്ചത് പൃഥ്വി അറിയുന്നുണ്ടായിരുന്നു...

"അതല്ലെങ്കിൽ കാറെടുത്താൽ മതിയായിരുന്നെന്ന് ഞാൻ പറഞ്ഞതല്ലേ...?? അതും കേട്ടില്ലല്ലോ..!!" ശ്രീനന്ദ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു കൊണ്ട് അവനെ ചേർത്ത് പിടിച്ച കരങ്ങൾ പിൻവലിച്ച് അകന്നിരുന്നു... എന്നാൽ ഞൊടിയിടയിൽ പൃഥ്വി അവളുടെ കരങ്ങൾ പിടിച്ച് തൻ്റെ വയറിലേക്ക് ചേർത്തു വെച്ചു... അപ്രതീക്ഷിതമായ പൃഥ്വിയുടെ പ്രവർത്തി കണ്ടതും അവളുടെ ഉള്ളിൽ ഒരേ സമയം അമ്പരപ്പും തെല്ലൊരു സന്തോഷവും ഉടലെടുത്തു... വീടെത്തിയതും നേരം ഇരുട്ടിയിരുന്നു... നിലാവും നക്ഷത്രക്കൂട്ടങ്ങളും ആ വിണ്ണിനെ എത്ര മാത്രം ശോഭയിലാക്കിയിരിക്കുന്നു...!! മുറ്റത്തെ തേന്മാവിൽ പടർന്നു പന്തലിച്ചു കിടക്കുന്ന കാട്ടുമുല്ല തൻ്റെ സുഗന്ധം പരത്തി ശിരസ്സുയർത്തി നിൽക്കുന്നു... ഗേറ്റ് കടന്ന് അകത്തേക്ക് കയറിയതും ലക്ഷ്മിയമ്മ തറവാട്ടിൽ നിന്നും മടങ്ങി വന്നിട്ടില്ലെന്ന് ഇരുവർക്കും മനസ്സിലായി... പുറത്ത് ശക്തമായ കാറ്റും മഴയുമാണ്.... ഇരുവരും നനഞ്ഞു കുളിച്ചിരുന്നു... പൃഥ്വി ബൈക്ക് നിർത്തിയതും ശ്രീനന്ദ വിറയലോടെ ബൈക്കിൽ നിന്നും ഇറങ്ങി....ഉടുത്തിരുന്ന നീല സാരി നനഞ്ഞു കുതിർന്ന് അവളുടെ ഉടലോട് ഒട്ടിക്കിടന്നു... പണ്ടേ ഇങ്ങനെയാണ്... മഴ തനിക്ക് തീരെ പറ്റില്ല... എങ്ങാനും മഴ നനഞ്ഞാൽ പിന്നെ ആ ദിവസം ശരീരമാകെയൊരു വിറയലാണ്...

ശ്രീനന്ദ കരങ്ങൾ രണ്ടും കൂട്ടിയുരച്ച് കൊണ്ട് സിറ്റ് ഔട്ടിലേക്ക് കയറി നിന്നു... സ്പെയർ കീ വെച്ച് പൃഥ്വി വാതിൽ തുറന്നതും അവൾ ഓടി അകത്തേക്ക് കയറി... പൃഥ്വി അടുക്കളയിലേക്ക് ചെന്ന് ഒരു ഗ്ലാസ്സ് വെള്ളമൊക്കെ കുടിച്ച് പതിയെ റൂമിലേക്ക് വന്നതും ചുറ്റിനും ഇരുട്ടാണ്... അവൻ ലൈറ്റിൻ്റെ സ്വിച്ച് ഇട്ടതും തണുഞ്ഞ് വിറച്ച് നിലത്ത് കിടക്കുന്ന ശ്രീനന്ദയെ ആണ് കാണുന്നത്... ഇവളെന്താ നിലത്ത് കിടക്കുന്നത്...?? സംശയത്തോടെ അവളെ നോക്കുന്നതിനൊപ്പം നനഞ്ഞ വസ്ത്രങ്ങൾ പോലും മാറാതെ അതേപടിയാണ് അവൾ കിടക്കുന്നതെന്നവന് മനസ്സിലായി... ആള് നന്നായി വിറയ്ക്കുന്നുമുണ്ട്... നിലത്ത് കിടന്നത് നന്നായി... ഈ നനഞ്ഞ സാരിയും കൊണ്ടെങ്ങാനും ബെഡിൽ കിടന്നെങ്കിൽ ഈ പൃഥ്വിയുടെ മറ്റൊരു മുഖം ഇവള് കണ്ടേനേം... അവൻ ഓർത്തു കൊണ്ട് എന്തെങ്കിലുമാകട്ടെന്ന് കരുതി അവളെ ശ്രദ്ധിക്കാതെ ഇട്ടിരിക്കുന്ന നനഞ്ഞ ഷർട്ടിൻ്റെ ബട്ടൺസ് ഓരോന്നായി അഴിച്ചു... ടവ്വൽ കൊണ്ട് തല നന്നായി തുവർത്തി... ഉറക്കം വരാഞ്ഞതിനാലാവണം അവൻ ഒരു സിഗരറ്റുമായി ബാൽക്കണിയിൽ ചെന്ന് ഏറെ നേരം നിന്നത്... മഴ ഇപ്പോഴും തോർന്നിട്ടില്ല.. ഒരുപക്ഷേ മഴ തൻ്റെ പ്രണയിനിയായ ഭൂമിയുടെ ദാഹം ശമിപ്പിക്കുകയാവാം...

പുറത്ത് നിന്നും വന്നു കൊണ്ടിരുന്ന ഈറൻ കാറ്റ് പൃഥ്വിയുടെ അർദ്ധനഗ്നമായ ശരീരത്തെ കുളിരണിയിക്കുന്നുണ്ടായിരുന്നു... "നല്ല തണുപ്പാണല്ലോ... ഒപ്പം ഇടിയും മിന്നലും.." സ്വയം പറയുന്നതിനൊപ്പം തണുത്തു വിറച്ചു കിടക്കുന്ന ശ്രീനന്ദയെ പറ്റി ഓർത്തതും അവൻ അകത്തേക്ക് നടന്നു... പൃഥ്വി മുറിയിലേക്ക് ചെന്ന് നിലത്തു കിടക്കുന്നവളുടെ അടുത്തേക്ക് നടന്നു... നീണ്ടു മെലിഞ്ഞ അവളുടെ വിരലുകൾ നന്നായി വിറയ്ക്കുന്നുണ്ട്... നനവാർന്ന മുടിയിഴകൾ പാതിയും മുഖത്തേക്ക് ഒട്ടിക്കിടക്കുന്നു... "ശ്രീനന്ദാ..." പൃഥ്വി വിളിക്കുന്നതിനൊപ്പം അവൾ എന്തൊക്കെയോ ഞരങ്ങുകയും മൂളുകയും മാത്രം ചെയ്യുന്നുണ്ട്... "എഴുന്നേല്ക്ക്...!! ഈ ഡ്രസ്സ് മാറിയിട്ട് ബെഡിൽ വന്ന് കിടക്ക്... ഇടിയും മിന്നലും ഉണ്ട്.. നിലത്ത് കിടക്കണ്ട..." ഗൗരവത്താൽ അവനത് പറയുമ്പോൾ പാതി ബോധത്തിൽ പ്രയാസപ്പെട്ടവൾ മിഴികൾ വലിച്ച് തുറന്നവനെ ഉറ്റു നോക്കി... പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുന്നുണ്ട്.... "എന്നെ തുറിച്ച് നോക്കാനല്ല നിന്നോട് ഞാൻ പറഞ്ഞത്... മര്യാദയ്ക്ക് ഇവിടുന്ന് എണ്ണീക്ക്.." അവൻ ശബ്ദമുയർത്തിയതും ശ്രീനന്ദ എഴുന്നേല്ക്കാൻ വിഫലമായൊരു ശ്രമം നടത്തി... "വ..വയ്യ എനിക്ക്... മഴ നനഞ്ഞാൽ എനിക്ക് ഇങ്ങനെയാണ് പിന്നെ..."

പാതി മുറിഞ്ഞ വാക്കുകളാൽ അവൾ പറഞ്ഞു കൊണ്ട് നിലത്തേക്ക് തന്നെ ചുരുണ്ട് കൂടി... "മഴ നനഞ്ഞാൽ പ്രശ്നമാണെന്ന് ആദ്യമേ പറയാൻ പാടില്ലായിരുന്നോ നിനക്ക്..?? ആവശ്യമുള്ളത് വല്ലോം മൊഴിയാൻ നിനക്കത്ര ബുദ്ധിമുട്ടാണോ..??" പൃഥ്വിയുടെ ചോദ്യങ്ങളൊക്കെ കേൾക്കുന്നുണ്ടെങ്കിലും മറുപടി നൽകാനാവാത്ത വിധമവൾ അവശയായിരുന്നു... "നിന്നോടല്ലേടീ പറഞ്ഞത് ഈ നനഞ്ഞ സാരിയും ഉടുത്തോണ്ട് കിടക്കെണ്ടാന്ന്... എഴുന്നേറ്റിത് മാറ്..." പൃഥ്വി അതും പറഞ്ഞു കൊണ്ട് നിലത്തേക്ക് കുമ്പിട്ടിരുന്നു... "ശ്രീനന്ദാ..." അവളുടെ കവിളിൽ തട്ടി പൃഥ്വി അവളെ ഉണർത്താൻ ശ്രമിച്ചു.... "ആഹ്... നിങ്ങളുടെ കൈയ്യെന്താ ഉരുക്കു കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത് പൃഥ്വീ..??പതുക്കെ തട്ടിയാൽ പോരെ... എനിക്ക് വേ.. വേദനിച്ചു നന്നായി..." ശ്രീനന്ദ അതും പറഞ്ഞ് ഇനിയുമവൻ കവിളിൽ തട്ടിയെങ്കിലോ എന്ന് പേടിച്ച് പ്രയാസപ്പെട്ട് എഴുന്നേല്ക്കാൻ ശ്രമിച്ചു... ഇടിമിന്നലിൻ്റെ ശക്തി കൂടുന്നതു കണ്ടതും പൃഥ്വി പിന്നീടൊന്നും ആലോചിക്കാതെ അവശയായവളെ കൈകളിൽ കോരിയെടുത്തത് ഇമ ചിമ്മും നേരത്തിനുള്ളിൽ ആയിരുന്നു... അവൻ്റെ അപ്രതീക്ഷിതമായ പ്രവർത്തിയാൽ അമ്പരന്നെങ്കിലും അപ്പോഴത്തെ തൻ്റെ അവശത കാരണമവൾ പൃഥ്വിയെ അള്ളിപ്പിടിച്ച് അവൻ്റെ നെഞ്ചോട് മുഖമമർത്തിയിരുന്നു.. പൃഥ്വിയവളെ ബെഡിലേക്കിരുത്തി... ശേഷം അലമാര തുറന്ന് ഒരു കമ്പിളിപ്പുതപ്പെടുത്ത് കൊടുത്തു...

"വേഗം ഡ്രസ്സ് മാറാൻ നോക്ക്... ഇനീം പനിയും കൂടി പിടിപ്പിക്കാൻ നിൽക്കണ്ട...." ഗൗരവത്താൽ പറഞ്ഞവൻ പുറത്തേക്ക് നടന്നതും ആ അവശതയിലും ശ്രീനന്ദയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു... പൃഥ്വിയ്ക്ക് തന്നോട് സ്നേഹമുണ്ടോന്ന് നിശ്ചയമില്ലെങ്കിലും പകയില്ലെന്ന് ഹൃദയം മന്ത്രിക്കുന്നത് പോലെ... ആ മനസ്സിൽ തനിക്ക് മാത്രമാകണേ സ്ഥാനമെന്നവൾ ആത്മാർത്ഥമായി ആഗ്രഹിക്കുമ്പോൾ ഹൃദയം വല്ലാതെ മുറവിളി കൂട്ടുന്നുണ്ടായിരുന്നു... ചുണ്ടിൽ വിരിഞ്ഞ അതേ പുഞ്ചിരിയോടെ ടവ്വൽ കൊണ്ട് നീണ്ട മുടിയിഴകൾ നന്നായി തുവർത്തി.... നനഞ്ഞ സാരി മാറിയവൾ മറ്റൊന്നും ധരിക്കാൻ മെനക്കെടാതെ പൃഥ്വി കൊടുത്ത പുതപ്പെടുത്ത് പുതച്ചു... കൈകൾ രണ്ടും കൂട്ടി തിരുമ്മിയവൾ ബെഡിൻ്റെ ഒരു മൂലയിലേക്ക് ചുരുണ്ട് കൂടി.... പുറത്ത് ഇടിയും മിന്നലും ശക്തമായപ്പോൾ ഉള്ളിൽ വല്ലാത്തൊരു ഭയം ഉടലെടുത്തിരുന്നു... പ്രിയ്യപ്പെട്ട ആർക്കോ എന്നപോലവൾ വാതിലിനരികിലേക്ക് സ്വയമറിയാതെ മിഴികൾ നട്ടു... അല്പ സമയം കഴിഞ്ഞതും ഒരു ഗ്ലാസ്സിൽ ചൂട് കട്ടൻ കാപ്പിയുമായി പൃഥ്വി മുറിയിലേക്ക് കടന്നു വന്നു.. ശ്രീനന്ദ തെല്ലും ചലിക്കാതെ അങ്ങനെ തന്നെ ചുരുണ്ടു കൂടി കിടക്കുകയാണ്... പൃഥ്വിയെ കണ്ടപ്പോൾ അറിയാതെ അവളുടെ മിഴികൾ തിളങ്ങി...

"എഴുന്നേറ്റ് ഈ കാപ്പി കുടിക്ക് ശ്രീനന്ദാ..." അവൻ ഗ്ലാസ്സ് അവൾക്ക് നേരെ നീട്ടയതും ശ്രീനന്ദ എഴുന്നേല്ക്കാൻ ശ്രമിച്ചു... ഞൊടിയിടയിൽ പുതച്ചിരുന്ന പുതപ്പ് താഴേക്ക് ഊർന്നു പോയതും അവൾ പരിഭ്രാന്തിയാൽ അവ തന്നിലേക്ക് ചേർത്തു പിടിച്ചു... വർദ്ധിച്ച ഹൃദയമിടിപ്പോടെ മുഖമുയർത്തി പൃഥ്വിയെ നോക്കുമ്പോൾ തൻ്റെ ഹൃദയം ഒരു നിമിഷം നിലച്ചതു പോലെയവൾക്ക് തോന്നി... മിഴികൾ എന്തിനെന്നറിയാതെ പിടയുന്നു... നേത്ര ഗോളങ്ങൾ അനിയന്ത്രിതമായി ഓടി നടക്കുന്നു... അധരങ്ങൾ പോലും വിറയ്ക്കുന്നു ഒരു നിമിഷം...!! താൻ അയാളെ സ്നേഹിക്കുന്നുണ്ടെങ്കിലും തിരികെ സ്നേഹം ആഗ്രഹിക്കുന്നുണ്ടെങ്കിലും ആ നിമിഷം അവളിൽ വല്ലാത്ത ജാള്യത നിറഞ്ഞു... ഒപ്പം പേരറിയാത്തൊരു വെപ്രാളവും പരവേശവും...!! പൃഥ്വിയുടെ മിഴികൾ തന്നിൽ തന്നെയായിരുന്നുവെന്ന തിരിച്ചറിവാകണം അവളെ കൊണ്ട് മിഴികൾ ഇറുക്കിയടപ്പിച്ചത്... അതിനാലാണം ആ പെണ്ണിൻ്റെ ശിരസ്സ് താണു പോയത്... കഴിയുന്നില്ല പൃഥ്വിയെ ഒന്നും കൂടി നോക്കാൻ...!! ഒറ്റ നിമിഷത്താൽ താൻ പോലുമറിയാതെ മിഴികൾ ഈറനണിഞ്ഞിരിക്കുന്നു... ആ തണുപ്പിലും വിയർപ്പു കണങ്ങൾ നെറ്റിയിലൂടെ ഒലിച്ചിറങ്ങി... "എന്താ..?? ദാ ഈ കാപ്പി കുടിക്ക്..." ശില പോലിരിക്കുന്നവളെ നോക്കിയവൻ ഭാവവ്യത്യാസമൊന്നുമില്ലാതെ പറഞ്ഞതും ശ്രീനന്ദ തെല്ലൊരു ആശങ്കയോടെ അവനെ മുഖമുയർത്തി നോക്കി...

പൃഥ്വിയുടെ നേത്രങ്ങൾ തന്നിലല്ലെന്ന് മനസ്സിലായതും അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി... അവനിൽ ഭാവ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ലെന്ന് ഒന്നും കൂടി ഉറപ്പു വരുത്തിയവൾ കാപ്പി കൈയ്യിലെടുത്തു... ഒരുപക്ഷേ ഞാൻ എഴുന്നേറ്റത് പൃഥ്വി ശ്രദ്ധിച്ച് കാണില്ലായിരിക്കും... ആശ്വാസത്തോടെ ഓർത്തവൾ ഗ്ലാസ്സ് ചുണ്ടോട് ചേർത്തു... മെല്ലെ ഊതി ഊതി കാപ്പി കുടിക്കുമ്പോൾ പൃഥ്വിയ്ക്ക് ശരിക്കും തന്നോടിത്ര മാത്രം കരുതലുണ്ടോയെന്ന ചോദ്യമവളെ വലയം ചെയ്തു... ശരിക്കും പൃഥ്വി ആത്മാർത്ഥമായി ചെയ്യുന്നതാണോ ഇത്..?? അതോ വെറും പ്രകടനങ്ങളാണോ...?? ഒരോ നിമിഷവും ആ ചോദ്യം ഹൃദയത്തെ പിടിച്ചുലയ്ക്കുമ്പോഴും പൃഥ്വിയെ അവിശ്വസിക്കാനായി ഒന്നും തന്നെ അവൻ്റെ പ്രവർത്തികളിൽ അവൾ കണ്ടില്ല... പൃഥ്വിയ്ക്ക് തന്നോട് സ്നേഹം നടിക്കേണ്ട ആവശ്യമില്ലല്ലോ... ഒരുപക്ഷേ തന്നോടുള്ള ദേഷ്യമെല്ലാം പൃഥ്വി മറന്നതാണെങ്കിലോ..?? നിഷ്കളങ്കമായ അവളുടെ ഹൃദയത്തിന് അങ്ങനെ മാത്രമേ ചിന്തിക്കാൻ സാധിച്ചിരുന്നുള്ളൂ.... കാപ്പി കുടിച്ചതും ശരീരത്തിനൊരു ഉണർവ്വ് കൈവന്നതു പോലെ ശ്രീനന്ദയ്ക്ക് തോന്നി... എന്നാൽ ഗ്ലാസ്സ് ടേബിളിന് മേലെ വെച്ചതും പെട്ടെന്നായിരുന്നു തൻ്റെ വയറ്റിൽ കൊളുത്തിപ്പിടിയ്ക്കുന്നതു പോലെയവൾക്ക് അനുഭവപ്പെട്ടത്.. ശക്തമായ വയറു വേദനയാൽ മുഖമൊന്നു ചുളിഞ്ഞു.. "അമ്മേ ആഹ്...!!" ശ്രീനന്ദ ഇരുകരങ്ങളും വയറ്റിലേക്ക് ചേർത്ത് അമർത്തിപ്പിടിച്ചതും പൃഥ്വി മുഖം ചെരിച്ചവളെ നോക്കി...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story