പരിണയം: ഭാഗം 1

parinayam sheethal

രചന: ശീതൾ കൃഷ്ണ

""നീയറിഞ്ഞോ കണ്മഷിയെ... മഠശ്ശേരിയിലെ രുദ്രൻ നാളെ പുലർച്ചെ എത്തും ത്രെ... രാവിലെ നിർമ്മാല്യം തൊഴാൻ വന്ന മാധവിയമ്മയാ പറഞ്ഞത്..."" രാവിലെ തൊഴാനായി അമ്പലത്തിൽ ചെന്ന കണ്മഷിയെ കണ്ടതോടെ മാലകെട്ടുന്ന ദേവകിയമ്മ പറയുന്നത് കേട്ടപ്പോൾ അവളുടെ കണ്ണൊന്നു വിടർന്നു... ""സത്യാണോ അമ്മണിയമ്മേ...രുദ്രേട്ടൻ വരുന്നുണ്ടോ??..."" അവളുടെ ചുണ്ടിൽ ഒരുവേള പുഞ്ചിരി വിരിഞ്ഞെങ്കിലും പെട്ടെന്ന് തന്നെ അത് മാഞ്ഞു പോയി... അത് അവർക്ക്‌ മനസ്സിലായത് കൊണ്ട് തന്നെ മറുപടിയായി അവർ പുഞ്ചിരിയോടെ അതേയെന്ന് തലയാട്ടി...

അത് കാൺകെ ചെറുപുഞ്ചിരി അവർക്കായി നൽകി... ഉടുത്തിരുന്ന ദാവാണി ഒന്ന് നേരെയാക്കികൊണ്ടവൾ അമ്പല നടക്കൽ നിന്നിറങ്ങി... അമ്പലകുളത്തിലെ പടവുകളിൽ ചെന്നിരുന്നു കൊണ്ട് അവൾ കുളത്തിൽ വിരിഞ്ഞു നിൽക്കുന്ന നീലത്താമരയിലേക്ക് പുഞ്ചിരിയോടെ മിഴിവുറ്റി... ആ കണ്ണുകളിൽ വർഷങ്ങൾക്ക് മുൻപുള്ള ഒരു പ്രഭാതം വിടർന്നു... ""ദേ രുദ്രേട്ടാ കളിക്കാൻ നിക്കല്ലേ ട്ടോ... ഇന്ന് മുത്തശ്ശിക്കാവിൽ പോയി തിരി തെളിയിക്കാം എന്ന് ദേവിക്ക് നേർച്ച ഇട്ടതല്ലേ...

എന്നിട്ടിപ്പോ നേരം എത്രയായി ന്ന് വല്ല നിശ്ചയവുമുണ്ടോ... പോത്ത് പോലെ കിടന്നുറങ്ങാ..??"" അവൻ പുതച്ചിരുന്ന പുതപ്പ് പിടിച്ചു വലിച്ചു കൊണ്ടവൾ പരിഭവത്തോടെ നോക്കി.. എവിടെ ഒരു അനക്കവും ഇല്ലാതെ കിടക്കുവാണ് ആള്... ""നിങ്ങള് വരണില്ലേൽ വേണ്ട.. ഞാൻ പോണു...""പറഞ്ഞു തീർന്ന് തിരിഞ്ഞതും അവളുടെ കൈയിൽ പിടി വീണിരുന്നു... ഒന്ന് ചിന്തിക്കും മുൻപേ അവൾ ബെഡിലേക്ക് മറിഞ്ഞു... ""ഹാ അങ്ങനെ അങ്ങ് പോയാലോ...മുത്തശ്ശിക്കാവില് പോവണ്ടേ നമുക്ക് ഏഹ്ഹ്??..""അവൻ കുസൃതിചിരിയോടെ അവളെ നോക്കി... ആ കണ്ണുകളോടെ പ്രണയം താങ്ങാൻ ആവാതെ പിടപ്പോടെ അവൾ കണ്ണുകൾ മാറ്റി... ""ഹ്മ്മ്മ്... ന്നിട്ടാണല്ലോ ഇങ്ങനെ കിടക്കണേ എണീറ്റെ..

വേഗം റെഡിയാവ് പോണ്ടേ നമുക്ക്... എത്ര നാളായി ഉള്ള ആഗ്രഹം ആണ് രുദ്രേട്ടാ...""അവൾ പ്രണയത്തോടെ അവനെയൊന്ന് നോക്കി... ""ഹാ ഇതാരാ കണ്മഷിയോ... എന്താ കുട്ട്യേ ഇവിടെ വന്നിരിക്കണേ... ഏഹ്ഹ്??""പൂജാരിയുടെ സ്വരമാണ് അവളെ ഓർമകളിൽ നിന്നുണർത്തിയത്.... ""ഏയ്യ് ഒന്നുല്ല്യ തിരുമേനി... ഞാൻ വെറുതെ ഓരോന്ന് ഓർത്ത്..."" ബാക്കി പറയാതെ അവൾ മുന്പിലെ നീളത്താമരയിലേക്ക്‌ മിഴി നട്ടു... അവളുടെ നോട്ടത്തിനർത്ഥം മനസ്സിലായ പോലെ അദ്ദേഹം പിന്നീട് ഒന്നും മിണ്ടാതെ കാൽ കഴുകാനായി കുളപടവുകൾ ഇറങ്ങി.... ""രുദ്രൻ നാളെയെത്തും ല്ലേ... ഞാനും അറിഞ്ഞു... അത് അതറിഞ്ഞിട്ടാവും ല്ലേ ഇത് പൂവിട്ടത്...""അദ്ദേഹം കുളത്തിലെ നീലത്താമരയിലേക്ക് മെല്ലെ നോക്കി...ആ സ്വരത്തിൽ വാത്സല്യം കലർന്നിരുന്നു...

ശെരിയാണ് തങ്ങളുടെ പ്രണയത്തിന്റെ തീവ്രത അടുത്തറിഞ്ഞ ഒരാളായിരുന്നു തിരുമേനി...തങ്ങൾ രണ്ടു പേരെയും അടുത്തറിയുന്ന ഒരാൾ... ""ഞാൻ നടക്കട്ടെ തിരുമേനി... വീട്ടിൽ അമ്മ ഒറ്റക്കാണ്...""കൂടുതൽ ഒന്നും പറയാതെ അവൾ ഒഴിഞ്ഞു മാറുകയാണെന്ന് അദ്ദേഹത്തിനും മനസ്സിലായി എന്ന് തോന്നുന്നു...ഒന്നും മിണ്ടാതെ ഒരു പുഞ്ചിരി മാത്രം നൽകി... പടവരമ്പത്തൂടെ തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ എന്തിനെന്നില്ലാതെ മനസ്സ് വ്യാകുലപ്പെടുന്നതറിഞ്ഞു...പാടം കഴിഞ്ഞുള്ള വളവിനപ്പുറം മഠശ്ശേരിയുടെ പഠിപ്പുരയാണ്... പേരുകേട്ട തറവാടാണ്... അവിടെത്തെ ഇളയ പേരക്കുട്ടിയാണ് രുദ്രൻ... മഠശ്ശേരി തറവാട്ടിലെ വാല്യക്കാരിയായിരുന്നു തന്റെ അമ്മ യാശോദ...ഭർത്താവിന്റെ മരണ ശേഷം മകളെ വളർത്താനായി ആ പാവം വീട്ടുവേല ചെയ്യുകയായിരുന്നു... കുഞ്ഞിലേ നഷ്ടപ്പെട്ടതാണ് അച്ഛനെ...

പിന്നീട് തന്റെ എല്ലാം അമ്മയായിരുന്നു... അമ്മയുടെ ഒപ്പം കുട്ടിപാവാട ഇട്ടു നടക്കുന്ന പ്രായത്തിൽ ചെല്ലാൻ തുടങ്ങിയതാണ് മഠശ്ശേരിയിലേക്ക്... അവിടെ ഒരു വേലക്കാരിയുടെ മകൾ ആയിരുന്നില്ല ഞാൻ... സ്വന്തം മോളെ പോലെ ആയിരുന്നു അവിടെത്തെ അമ്മ തന്നെ കണ്ടിരുന്നത്... അത് കൊണ്ടാണ് ദേവക്കൊപ്പം തന്നെയും പഠിക്കാൻ വിട്ടതും... അവളുടെ അടുത്ത സുഹൃത്തായി ഞാൻ മാറിയതും... ""ഏയ്യ് എന്താടോ സ്വപ്നം കണ്ടു നടക്കുന്നത്..ഏഹ്ഹ്??.."" ശബ്‌ദം കേട്ട് ഞെട്ടലോടെ മുൻപിലേക്ക് നോക്കുമ്പോൾ ആദിയേട്ടനാണ്... ആ കണ്ണുകൾ തനിക്കായ് വിടർന്നതും ചുണ്ടിൽ ചെറുപുഞ്ചിരി സ്ഥാനം പിടിച്ചതും താനറിഞ്ഞിരുന്നു... ""ഏയ്യ്... ഞാൻ വെറുതെ...""തപ്പി തടഞ്ഞു മെല്ലെ ഒഴിഞ്ഞു മാറി ധൃതിയിൽ വീട്ടിലേക്ക് നടന്നു...

പലപ്പോഴായി ശ്രദ്ധിച്ചിട്ടുണ്ട് ആദിയേട്ടന്റെ കണ്ണിൽ ഈ തിളക്കം... പണ്ട് സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട്... അന്നൊക്കെ രുദ്രേട്ടനോടുള്ള ഇഷ്ടം കൊണ്ട് കണ്ടില്ലെന്ന് നടിച്ചു... ഇപ്പോളും ഇങ്ങനെ കാണുമ്പോൾ എന്തോ പേടി പോലെ... വീണ്ടും ഒരു ദുരന്തം താങ്ങാൻ ആവാത്ത പോലെ... വീണ്ടും താൻ കാരണം ആരുടെ ജീവിതവും ബലി കൊടുക്കരുത്... എന്തൊക്കെയോ ആലോചിച്ചു വീടെത്തിയതറിഞ്ഞില്ല... ഉമ്മറത്ത് അമ്മ വിളക്ക് വെച്ചത് തൊഴുത് ഉള്ളിലേക്ക് കയറി... ""കയ്യും കാലും കഴുകി വാ കുട്ട്യേ...""തന്നെ കണ്ടപ്പോൾ വാത്സല്യത്തോടെ ആ കണ്ണുകൾ തന്നിലെത്തി... ""മ്മ്ഹ്ഹ്..."" നേർത്ത മൂളൽ നൽകിഅവൾ ഉള്ളിലേക്ക് കയറി... ""നീയറിഞ്ഞില്ലേ കണ്മഷിയെ മഠശ്ശേരിയിലെ വിശേഷം??..""രാത്രി അത്താഴം കഴിക്കുന്നതിനിടയിൽ അമ്മ അവളെയൊന്ന് നോക്കി...

""ഹ്മ്മ്മ്... അമ്പലത്തിൽ ചെന്നപ്പോൾ ദേവകിയമ്മ പറഞ്ഞു...""കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാതെ അവൾ പറഞ്ഞു... ""ഹ്മ്മ്മ്... എന്റെ കുട്ടി അതൊന്നും ആലോചിക്കേണ്ട... എന്നാലും എന്റെ കുട്ടിക്ക് മാത്രം എന്താ ഇങ്ങനെ ഒരു ഗതി വന്നത് എന്നാലോചിക്കുമ്പോൾ ആണ്...""അവരുടെ സ്വരം ഇടറുന്നതറിഞ്ഞപ്പോൾ അവൾ മെല്ലെ ആ തലയിൽ മെല്ലെ തലോടി... ""നിക്ക് ഇപ്പൊ അങ്ങനൊന്നും ഇല്ലമ്മേ...അല്ലേലും അതൊക്കെ പണ്ടല്ലേ...ഇനി പഴയ പോലെ ഒന്നുണ്ടാവില്ല... അങ്ങേര് ഒരു പരിഷ്ക്കാരി പെണ്ണിനെ കെട്ടി ഇവിടെ തന്നെ കൂടാൻ ആവും ചിലപ്പോൾ വരണത് തന്നെ... എന്റെ അമ്മക്ക് ഞാൻ ഇല്ലേ എനിക്ക് അമ്മയും.. അത് മതി ന്നെ..."" അവൾ കുസൃതിയോടെ അമ്മയെ നോക്കി കണ്ണിറുക്കി... 💠💠💠💠

മുറിയിൽ ചെന്ന് മെല്ലെ കട്ടിലിന്റെ താഴെയുള്ള പെട്ടി അവൾ എടുത്തു... പെട്ടിയുടെ പുറത്തെ നേർത്ത പൊടിപടലങ്ങൾ കൈകൊണ്ട് തട്ടി.. അത് തുറന്നു... ❤ നേർത്ത സായന്തനം ❤ -രുദ്ര ദേവ് കാപ്പി പുറം ചട്ടയിൽ വെള്ളി നിറത്തിൽ എഴുതിയ അക്ഷരങ്ങളിലൂടെ മെല്ലെ വിരലോടിച്ചു... ""അവളിലെ പ്രണയവും വിരഹവും ഞാൻ ആണെന്ന് അറിയുന്ന നിമഷമായിരുന്നു എന്നിലെ പുരുഷനെ ഞാൻ അറിഞ്ഞിരുന്നത്... ഒരു നിശാഗന്ധിയായിരുന്നു അവൾ... രാത്രിയുടെ യാമങ്ങളിൽ മാത്രം എനിക്കായ് വിരിഞ്ഞിരുന്ന നിശാഗന്ധി..."" മയിൽ‌പീലി തണ്ട് എടുത്തു വെച്ചിരുന്ന പേജിലെ കറുത്ത അക്ഷരങ്ങൾ കാൺകെ കണ്ണുകൾ തിളങ്ങി... എന്നോ മാഞ്ഞു പോയ പുഞ്ചിരി ചുണ്ടിൽ വഴി മാറി വന്നത് പോലെ... നേർത്ത വിരഹം ഉള്ളിലെവിടെ നിന്നോ അലയടിച്ചു... ""ദാ ഈ മുത്തശ്ശിക്കാവിലെ വിളക്കാണേ സത്യം...

ഈ രുദ്രന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീയായിരിക്കും കണ്മഷി..."" പണ്ടെങ്ങോ മുത്തശ്ശിക്കാവിൽ പോയി ഒരുമിച്ചു വിളക്ക് വെച്ചപ്പോൾ തനിക്ക് പിന്നിലായ് വന്നു പറഞ്ഞ വാക്കുകൾ ഓർക്കവേ ചുണ്ടിൽ വരണ്ടൊരു പുഞ്ചിരി വിരിഞ്ഞു... കണ്ണുകൾ എന്തെന്നില്ലാത്ത കലങ്ങി മറിഞ്ഞു...ഓർമ്മകൾ തന്നെ കാർന്നു തിന്നാൻ തുടങ്ങിയതും കണ്ണുകൾ ഇറുകെ മൂടി... ഒരു തുള്ളി കണ്ണുനീർ കവിളിനെ ചുംബിച്ചു ഒഴുകി... ""രുദ്രൻ മോൻ വരുന്നത് കൊണ്ട് നീയും കൂടെ വരണം കണ്മഷിയെ തറവാട്ടിലേക്ക്... എന്നെ കൊണ്ട് ഒറ്റക്ക് കൂട്ടിയാൽ കൂടില്ല ഒന്നും... "" പിറ്റേന്ന് തറവാട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ആണ് അമ്മ തന്നെ നോക്കിയത്...

തയ്ച്ചു കൊണ്ടിരുന്ന തയ്യൽ മെഷീന്റെ ചവിട്ടൽ ഒന്ന് നിർത്തി അമ്മയെ നോക്കി... ""പറ്റില്ല എന്ന് പറയല്ലേ നീയ്...എന്നെ കൊണ്ട് ഒറ്റക്ക് കഴിയില്ല പ്രായം ഇത്രയായില്ലേ...ഒക്കെ മറന്നു ന്ന് നീയെന്നെ അല്ലെ പറഞ്ഞത്.. അവിടെത്തെ ജോലി കൂടെ പോയാൽ പിന്നെ ദേ ഈ തയ്യൽ മെഷീൻ കൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പറ്റുവോ??..."" അമ്മയുടെ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു... ശെരിയാണ് ഡിഗ്രി പകുതിക്ക് വെച്ച് നിർത്തിയ തനിക്ക് ഒരു ജോലി എവിടുന്ന് കിട്ടാൻ ആണ്... തറവാട്ടിൽ ന്ന് മിച്ഛം കിട്ടുന്നത് കൊണ്ടാണ് ഒരു തയ്യൽ മെഷീൻ മേടിച്ചത്... അതിൽ നിന്നും വലിയ വരുമാനം ഒന്നുമില്ല... ഓരോന്ന് ചിന്തിച്ചപ്പോൾ മനസ്സില്ലെങ്കിലും സമ്മതം മൂളി... ""ഹാ ഇന്ന് കണ്മഷിയും ഉണ്ടോ..ഒത്തിരി ആയില്ലോ കുട്ട്യേ ഇങ്ങട് കണ്ടിട്ട്...??""പിന്നാമ്പുറത്ത് എത്തിയപ്പോൾ രുദ്രേട്ടന്റെ അമ്മ സുഭദ്ര ചെറുപുഞ്ചിരിയോടെ ചോദിച്ചു...

പണ്ട് സ്ഥിരം അമ്മയുടെ കൂടെ വരാറുള്ളതാണ്... തനിക്ക് പിന്നീട് ഒരു കല്യാണം ആലോചന വന്നതും അതിന് താൻ സമ്മതം മൂളിയപ്പോൾ ആ ദേഷ്യത്തിൽ എന്നേക്കാൾ നല്ലൊരു പെൺകുട്ടിയെ കിട്ടുമെന്ന് പറഞ്ഞു ബാംഗ്ലൂരിലേക്ക് പോയതാണ് രുദ്രേട്ടൻ... കല്യാണം മുടങ്ങി പോയതിന് ശേഷം..പിന്നീട് താനും ഇങ്ങോട്ടുള്ള വരവ് നിർത്തി... പിന്നീടുള്ള കല്യാണലോചനകൾ ഒന്നും നേരെ ആവാത്തത്തിൽ പിന്നെ പുറത്തേക്ക് ഒന്നും ഇറങ്ങാതെ വീട്ടിൽ തന്നെ ആയിരുന്നു... അതിനിടക്ക് പടുത്തം നിർത്തി...തയ്യൽ പഠിച്ചു വീട്ടിൽ ഇരുന്നു തയ്യൽ മാത്രമായി... ഒരു തരത്തിൽ പറഞ്ഞാൽ എല്ലാത്തിൽ നിന്നും ഒരു ഒളിച്ചോട്ടമായിരുന്നു പിന്നീട്... 💠💠💠💠💠💠💠💠💠💠💠💠💠💠💠

""അവന് മാമ്പഴപുളിശ്ശേരി ഒത്തിരി ഇഷ്ട്ട കുട്ട്യേ... ഇത്തിരി ഉണ്ടാക്കിക്കോളൂ ട്ടോ ഉച്ചയാവുമ്പോളേക്കും എത്തും ചെക്കൻ ..."" ഉച്ചക്കുള്ളത് ഉണ്ടാക്കുമ്പോൾ ആയിരുന്നു സുഭദ്ര വന്നു പറഞ്ഞത്... അപ്പോളേക്കും മമ്പാഴപുളിശ്ശേരി ഉണ്ടാക്കിയത് അടുപ്പത്ത് നിന്ന് ഇറക്കി വെച്ചിരുന്നു താൻ... ആ ഇഷ്ട്ടങ്ങൾ ഏറെക്കുറെ തനിക്കും അറിയാമായിരുന്നു... ""ആഹ്ഹ് നീയുണ്ടായിരുന്നോ ഇന്ന്..."" അമ്മക്ക് പിന്നാലെ വന്ന പരിചതമായ ശബ്‌ദം കേൾക്കെ തിരിഞ്ഞു നോക്കി ദേവയായിരുന്നു അത്...അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും ആ ചുണ്ടിൽ തനിക്കായി പുച്ഛം മാത്രമേ ഉണ്ടായിരുന്നുള്ളു... ""നിങ്ങൾ ഒത്തിരിയായില്ലേ കണ്ടിട്ട്... മിണ്ടീം പറഞ്ഞും ഇരിക്ക്... ഞാൻ ചെല്ലട്ടെ..""സുഭദ്ര അമ്മ തന്നെയും ദേവയെയും നോക്കി പറഞ്ഞിട്ട് പുറത്തേക്ക് നടന്നു... താൻ ദേവയെ ഒന്ന് നോക്കി... അവളുടെ രൂപമാകെ മാറി... പുറത്തെവിടെയോ പോയി പഠിക്കുവാണ് ഇപ്പോൾ അവൾ... തന്റെ കല്യാണം നിശ്ചയിച്ചു എന്നറിഞ്ഞപ്പോൾ വഴക്ക് പറയാനായി വന്നപ്പോളാണ് അവസാനമായി അവളെ കണ്ടത്...

പിന്നീട് കണ്ടിട്ടില്ല... അല്ല വന്നിട്ടില്ല എന്റെ മുൻപിൽ എന്ന് പറയുന്നതാവും ശെരി... അല്ലെങ്കിലും ചേട്ടനെ തേച്ചവളോട് ആർക്കാണ് ദേഷ്യം തോന്നാത്തത്... ""എന്താ നിന്റെ ഉദ്ദേശം... വീണ്ടും ആ പാവത്തിനെ വേദനിപ്പിക്കാൻ ആണോ??"".. അവളുടെ ശബ്ധത്തിൽ നീരസം കലർന്നിരുന്നു... ""അമ്മ പറഞ്ഞത് കൊണ്ടാ വന്നത്... അല്ലാതെ ആരെയും വേദനിപ്പിക്കാൻ അല്ല... അങ്ങനെ വേദനിപ്പിക്കാൻ കഴിയും ന്ന് തോന്നുന്നുണ്ടോ നിന്റെ കണ്മഷിക്ക്??"" തന്റെ ചോദ്യത്തിന് ആ മുഖം പതറുന്നത് അറിഞ്ഞു... അല്ലേലും അവൾ ഒരു പാവമാണ്... ചേട്ടനെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന അനിയത്തി... തന്റെയും രുദ്രേട്ടന്റെയും പ്രണയത്തിനു കൂട്ടുനിന്നതും അവളായിരുന്നു... പക്ഷെ പിന്നീട് തന്റെ മാറ്റങ്ങൾ ആരെക്കാളും തളർത്തിയത് ദേവയെ ആയിരുന്നു...

അതാണ് ഈ നീരസത്തിന് കാരണവും... ""ദേവേ... രുദ്രൻ വന്നു ട്ടോ...""മുറ്റത്തെ കാറിന്റെ ശബ്‌ദം കേൾക്കെ ഉമ്മറത്ത് നിന്ന് സുഭദ്ര അമ്മ ഉറക്കെ വിളിച്ചു പറഞ്ഞു.. അത് കേൾക്കെ അവൾ തിരിഞ്ഞു നടന്നു.. ""നെഞ്ചിലെന്തോ ഒരു വിങ്ങൽ പോലെ... ഒന്ന് കാണാൻ വല്ലാത്ത മോഹം... മനസ്സ് വല്ലാത്ത വിങ്ങൽ... അറിയാതെ താനും പിന്നാമ്പുറത്തൂടെ മുറ്റത്തേക്കിറങ്ങി... ""ഒരു നോക്ക്... വെറുതെ ഒരു നോക്ക് കണ്ടാൽ മതി... ആരും അറിയാതെ..കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു.. വല്ലാതെ പിടഞ്ഞു.."" ശരീരം മനസ്സ് പറയുന്നത് കേൾക്കാതെ മുറ്റത്തൂടെ വീടിന്റെ മുൻപിലേക്ക് നടന്നു...വീടിന്റെ ഒരു ഭാഗത്ത് നിന്ന് ഉമ്മറത്ത് നിർത്തിയിട്ടിരിക്കുന്ന ചുവന്ന കാറിലേക്ക് നോക്കി.. കണ്ണുകൾ ആരെയോ പരതുന്നു...

മുൻപിൽ കണ്ട കാഴ്ച വിശ്വസിക്കാൻ കഴിയാതെ കണ്ണുകൾ നിറഞ്ഞു... ""ഒരു വീൽ ചെയറിൽ ഇരുത്തി കൊണ്ട് വരുന്ന രുദ്രേട്ടനെ കാൺകെ ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി... മുഖത്ത് അങ്ങിങ്ങായി മുറിവുകളുടെ പാടുണ്ട്... കഴുത്തിൽ ബാൻഡ് ഇട്ടിട്ടുണ്ട്... കണ്ണുകൾ മാത്രം അനങ്ങും...ആ മുഖം കാൺകെ പിടച്ചിലോടെ കണ്ണുകൾ നിറഞ്ഞു... ""എന്റെ കുട്ടീ..."" സുഭദ്ര അമ്മ രുദ്രനെ കണ്ടതും ഏങ്ങലോടെ പുണർന്നു.. ഇടക്കെപ്പോളോ ആ കൃഷ്ണമണി നാലുപാടും പരതുന്നതിനിടയിൽ തന്നെ കണ്ടു... ""കണ്മഷി!!..."" ആ വരണ്ട ചുണ്ടുകൾ പതിയെ മൊഴിഞ്ഞു... തുടരും....

Share this story