പരിണയം: ഭാഗം 11

parinayam sheethal

രചന: ശീതൾ കൃഷ്ണ

""എനിക്ക് പുറത്തേക്ക് ഒന്ന് ഇറങ്ങണം... "" ഉച്ചക്ക് കഞ്ഞി കൊടുക്കാനായിരുന്നു കണ്മഷി വരുമ്പോൾ അവളുടെ മുഖത്തേക്ക് നോക്കി രുദ്രൻ പതിയെ പറഞ്ഞു.... ""അത് കൊണ്ടോണത് പ്രശ്നം ഉണ്ടായിട്ടല്ല... ഞാൻ സുഭദ്ര അമ്മയോട് വൈദ്യർക്ക് വിളിക്കാൻ പറയട്ടെ....ഇങ്ങനെ എന്നും കൊണ്ടോണത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ എന്നറിയാനാ..."" ""ഇനഫ് കണ്മഷി... നീ എന്റെ ഹോം നേഴ്സ് ആണ് അല്ലാതെ ഭാര്യ അല്ല... ഇങ്ങനെ ടെൻഷൻ കേറാൻ... ഞാൻ പറയുന്നത് അനുസരിച്ചാൽ മതി... ഇല്ലെങ്കിൽ ഈ ജോലി കളഞ്ഞു പോകാം...""അവളുടെ സംസാരത്തിന് പെട്ടെന്നൊരു പൊട്ടിത്തെറിയായിരുന്നു അവനിൽ നിന്നുണ്ടായത്... അവൾക്ക് പെട്ടെന്ന് എന്ത് മറുപടി പറയണമെന്നറിയില്ല.... ശരിയാണ് ആരുമല്ല വെറും ജോലിക്കാരി മാത്രമാണ് താൻ... പിന്നെന്തിന് ഇങ്ങനെ വേവലാതി പെടുന്നു??..

. സ്വയമൊന്ന് ചോദിച്ചു....കൂടുതൽ ഒന്നും പറയാൻ നിന്നില്ല പെട്ടന്ന് തന്നെ മുറി വിട്ട് ഇറങ്ങി പോയവൾ... ""വരൂ... ഞാൻ വിളിച്ചു ചോദിച്ചിരുന്നു.. പുറത്തേക്കിറക്കുന്നത് നല്ലതാണെന്ന വൈദ്യര് പറഞ്ഞത് പോരാത്തതിന് നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ടത്രേ.... രണ്ടീസം കഴിഞ്ഞാൽ ഹോസ്പിറ്റലിൽ പോയി വേണ്ട ടെസ്റ്റുകൾ ഒക്കെ ഒന്നൂടെ നോക്കാൻ പറഞ്ഞു.... മാറ്റം ഉണ്ടോ എന്ന് തീർച്ചപ്പെടുത്താൻ...""അവനെ എഴുന്നേൽപ്പിച്ചു വീൽച്ചേയറിൽ ഇരുത്തുമ്പോൾ പക്വതയോടെ കാര്യങ്ങൾ പറയുന്നവളെ അവനൊന്ന് നോക്കി... ചില സമയങ്ങളിൽ തോന്നും ഒന്നിനെ പറ്റിയും വല്യ ധാരണ ഇല്ലാത്ത കുട്ടിയാണ് അവളെന്ന്... പക്ഷെ ചിലപ്പോളൊക്കെ.... അവന്റെ കണ്ണിൽ അത്ഭുതം നിറഞ്ഞു.... ചുണ്ടിൽ എന്നോ മാഞ്ഞു പോയ ചെറുപുഞ്ചിരിയും....

""നമുക്കാ ചാമ്പക്ക ചുവട്ടിൽ പോയി നിൽക്കാം...""മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ രുദ്രൻ വലതു വശത്തെ ചാമ്പക്ക ചുവട് കാണിച്ചു കൊണ്ട് പറഞ്ഞു... അത് കേട്ടപ്പോൾ അവളുടെ കണ്ണുകളും തിളങ്ങി... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""താൻ വരുന്നോ എന്റെ കൂടെ??... ഒന്ന് പരിയജയപ്പെടാലോ അവരെയൊക്കെ??""മഠശ്ശേരിയുടെ മുൻപിൽ നിൽക്കുകയായിരുന്നു രാജീവും ഇന്ദുവും... അവളുടെ കണ്ണുകളിൽ അത്ഭുതം വ്യക്ത്യമായിരുന്നു... ""അവരൊക്കെ വല്യ ആൾക്കാരല്ലേ ഞാൻ വന്നാൽ ശെരി ആവില്ല മാഷ് ചെല്ല്... ""അവൾ ഉള്ളിലെ ചടപ്പ് കാണിക്കാതെ അത് ഭംഗിയായി നിരസിച്ചു.... ""ഹാ അങ്ങനൊന്നും ഇല്ലെടോ അവരൊക്കെ പാവങ്ങളാ.. തനിക്ക്‌ എന്നെ വിശ്വാസം ഇല്ലേ... ഒരു അഞ്ചു മിനിറ്റ് അത് കഴിഞ്ഞു പൊക്കൊളു...""

തന്നെ നോക്കി നിർബന്ധിക്കുന്നനോട് മറുത്ത് ഒന്നും പറയാൻ തോന്നിയില്ല അവൾക്ക്... പുഞ്ചിരിയോടെ അവന്റെ ഒപ്പം മഠശ്ശേരിയുടെ ഗേറ്റ് കടന്ന് അവളും ഉള്ളിലേക്ക് കയറി... ""ഹാ... രണ്ടാൾക്കും എന്താ ഇവിടെ പരിപാടി??""...രാജീവ്‌ ഗേറ്റ് കടന്നു വന്നതും കണ്മഷിയെയും രുദ്രനെയും കണ്ടപ്പോൾ പുഞ്ചിരിയോടെ ചോദിച്ചു... രാജീവിന്റെ കൂടെ ഉണ്ടായിരുന്ന ഇന്ദുവും അവർക്കായി മനോഹരമായി പുഞ്ചിരിച്ചു... ""അ.. അത് ഞാൻ രുദ്രേട്ടനെ ഒന്ന് പുറത്തേക്ക്...""രാജീവിനെ നോക്കി തപ്പി തടഞ്ഞു പറയുന്നത് കേട്ടപ്പോൾ രുദ്രൻ വിടർന്ന കണ്ണുകളോടെ കണ്മഷിയെ നോക്കി... തുടക്കത്തിലേ സാറിൽ നിന്നും പഴയ രുദ്രേട്ടൻ എന്ന വിളിയിലേക്ക് എത്തിയതിൽ അവന് വല്ലാത്ത സന്തോഷം തോന്നി... ""അല്ല ഇതാരാ രാജീവേ...""

ഉമ്മറത്തേക്ക് വന്ന രാഘവൻ ഇന്ദുവിനെ കണ്ടപ്പോൾ മനസ്സിലാവാത്ത പോലെ ചോദിച്ചു... ""അ.. അത് ഞാൻ തെക്കേലെയാ മാധവന്റെ മോള്... ഇന്ദു...""പതർച്ചയോടെ പറയുന്നവളെ അയാൾ സൂക്ഷ്മമായി നോക്കി... ഒരു പാവം പെൺകുട്ടിയാണ്... ദാവണിയാണ് വേഷം... കണ്ടാൽ ദേവയുടെ അത്ര പ്രായമേ വരൂ... ""ആഹ്ഹ്... നിക്ക് അറിയാം മാധവനെ... ആൾക്കിപ്പോൾ എങ്ങെനുണ്ട് ബേധയോ??..""അദ്ദേഹം പുറത്തേക്ക് ഇറങ്ങി അവൾക്കരികിൽ വന്നു ചോദിച്ചു... ""ഇല്ല്യ ബേധം ആയി ന്ന് പറയാൻ ആയിട്ടില്ല... അടുത്ത മാസം ഒരു ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട്... അത് നടത്തിയാലെ എന്തെങ്കിലും പറയാൻ പറ്റുള്ളൂ...""ഇന്ദുവിന്റെ വാക്കുകൾ കേൾക്കവേ രാജീവ്‌ ഞെട്ടലോടെ അവളെ നോക്കി... ഈ ചെറുപ്രായത്തിൽ ഇത്രയും വലിയ കടമകൾ ആണ് അവൾക്കുള്ളതെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല...

വെറുമൊരു കാന്താരി പെണ്ണ് അത്ര മാത്രമേ അവളെ പറ്റി വിചാരിച്ചിരുന്നുള്ളു... എന്നാൽ ഇപ്പോൾ വല്ലാത്ത ബഹുമാനം തോന്നുന്നുണ്ട് അവളോടായി... ""ന്നിട്ട് ഓപ്പറേഷന്റെ കാശ്ശെല്ലാം ഒത്തുട്ടുണ്ടോ കുട്ട്യേ??""വാത്സല്യമായിരുന്നു ആ സ്വരത്തിൽ... ""ഇല്ല്യ... ഞാൻ പാൽ വിറ്റ് ഇപ്പൊ പകുതി കൂട്ടി വെച്ചിട്ടുണ്ട്... ബാക്കി വീട് വെച്ച് ലോൺ എടുക്കാം എന്ന് വെച്ചു...""പുഞ്ചിരിയോടെ പറയുന്നത് കേട്ടപ്പോൾ ഒന്ന് മൂളുക മാത്രം ചെയ്തു... ശേഷം തേച്ചു മിനുക്കിയ വെള്ളമുണ്ട് മടക്കി കുത്തി പുറത്തേക്ക് പോകുന്നത് കണ്ടു.... കവലയിലേക്ക് ആണ് എന്ന് തോന്നുന്നു... ""അതേയ്... നാളെ മുതൽ ഇവിടേക്കും മൂന്ന് ലിറ്റർ പാൽ വേണം ട്ടോ... ഇനി മുതൽ പാക്കറ്റ് പാൽ കുടിക്കണ്ടല്ലോ...""എന്തോ ഓർത്തെന്ന പോലെ അയാൾ തിരിഞ്ഞു നോക്കി അവളോടായി പറഞ്ഞു... അത് കേട്ടപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി...

അവൾ പുഞ്ചിരിയോടെ തലയാട്ടി... ""ഇപ്പൊ എന്ത് പറയുന്നു... ഇവിടെ വന്നതിനു കാര്യം ഉണ്ടായല്ലോ??.. കമ്മീഷൻ ആയി എനിക്കെത്ര കിട്ടും??""രാജീവ്‌ സ്വകാര്യം പോലെ പറഞ്ഞപ്പോൾ പുഞ്ചിരിക്കിടയിലും അവളുടെ കണ്ണുകൾ കൂർത്തു... അത് മനസ്സിലായപ്പോൾ എനിക്കൊന്നും വേണ്ടേ എന്നർത്ഥത്തിൽ അവൻ കൈ തൊഴുതു... ഇതെല്ലാം കണ്ട് കൊണ്ടിരുന്ന രുദ്രനിലും ചെറുപുഞ്ചിരി ഉണ്ടായിരുന്നു.... ""ഇയാള് വേണെങ്കിൽ കുറച്ച് ചാമ്പക്ക പറിച്ചു കൊണ്ടോയിക്കോളു...ഇവിടെ ഇത് വീണു പോവുകയെ ഉള്ളു...""ചാമ്പക്ക മരത്തിന്റെ തണലിൽ രുദ്രന്റെ വീൽ ചെയർ കൊണ്ട് നിർത്തി കണ്മഷി... രാജീവനൊപ്പം ഇന്ദുവും അവരുടെ കൂടെയുണ്ട്.... അമ്മയും വന്നു നിൽക്കുന്നുണ്ട് അവരുടെ ഒപ്പം....രുദ്രൻ ഇന്ദുവിനോട് പറഞ്ഞപ്പോൾ കണ്മഷി അവനെ നോക്കി.... പുഞ്ചിരിക്കുമ്പോൾ വിടരുന്ന പീലികൾ അവന് ഭംഗി കൂടിയതെ ഉള്ളു...

""അതെ കുട്ട്യേ... കുറച്ച് കൊണ്ടോയിക്കോളൂ... വെറുതെ ഇവിടെ കിടന്നു വീണു കേട് വന്നു പോവേ ഉള്ളു..."" സുഭദ്രാമ്മയും അത് ശെരി വെച്ചു... എന്നിട്ട് ചാമ്പക്ക ഇടാനായി ഒരു കവർ കൂടെ അവൾക്ക് കൊടുത്തു.... ""ദാ ഇതൂടെ പറിച്ചോളു കണ്മഷി...""തനിക്ക് നേരെ മുകളിൽ തൂങ്ങി നിൽക്കുന്ന ചാമ്പക്ക കാണിച്ചു കൊണ്ട് രുദ്രൻ കണ്മഷിയോടായി പറഞ്ഞു...പറിക്കാൻ ശ്രമിച്ചപ്പോൾ രുദ്രന് വല്ലാത്ത വേദന തോന്നിയിരുന്നു ശരീരത്തിന്... എന്നാൽ രുദ്രൻ തന്റെ പേര് വിളിച്ചതിന്റെ ഞെട്ടലിൽ നിൽക്കുകയായിരുന്നു കണ്മഷി അപ്പോൾ.... ""നിന്റെ വായിൽ ഉള്ളത് ആദ്യം കഴിച്ചു തീർക്ക്... എന്നിട്ട് പോരെ ഇനീം കുത്തി കേറ്റുന്നത്...""കവറിലേക്ക് ചാമ്പക്ക ഇടുന്നതിനൊപ്പം തന്റെ വായിലേക്കും ഇടുന്നുണ്ട് കണ്മഷി... ഒന്ന് കഴിച്ചു തീരാതെ വീണ്ടും വായിലേക്ക് ഇടുന്നത് കണ്ടപ്പോൾ രാജീവ്‌ കളിയാക്കി കൊണ്ട് അവളോട് പറഞ്ഞു...

""നീ പോടാ മത്തങ്ങാത്തലയാ...""അവനെ നോക്കി ചുണ്ട് കോട്ടികൊണ്ട് അവൾ പിന്നെയും കഴിക്കുന്നത് കണ്ടപ്പോൾ രുദ്രന് ചിരിവന്നു... പക്ഷെ അത് മറച്ചു പിടിച്ചു അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു അവൻ.... പെട്ടെന്നാണ് മഠശ്ശേരി വീട്ട് മുറ്റത്ത് ഒരു കാർ വന്നു നിന്നത്.... എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്കായി.... കാർ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങി വന്നു... കറുത്ത സാരിയാണ് ആളുടെ വേഷം... തോളോളം ഉള്ള മുടി ലയർ കട്ട്‌ ചെയ്തു പാറി പറക്കുന്നുണ്ട്.... വെളുത്തു മെലിഞ്ഞ ശരീരം... കഴുത്തിൽ അലങ്കാരങ്ങൾ ഒന്നുമില്ല... കാതിൽ ചെറിയൊരു സ്റ്റട് അത്രയേയുള്ളൂ...മനോഹരമായി കണ്ണെഴുതിയിട്ടുണ്ട്... ഒറ്റനോട്ടത്തിൽ കാണാൻ ഒത്തൊരു പെണ്ണ്... അവളെ കാണെ രുദ്രന്റെ മുഖം വിടർന്നു... അവന്റെ ചുണ്ടുകൾ പുഞ്ചിരിയോടെ മൊഴിഞ്ഞു... ""ഡയാന!!...""......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story