പരിണയം: ഭാഗം 13

parinayam sheethal

രചന: ശീതൾ കൃഷ്ണ

രാത്രി കഞ്ഞി കൊണ്ട് വരുമ്പോൾ രുദ്രന്റെ റൂമിൽ ഡയാനയും ഉണ്ടായിരുന്നു...എന്തോ കാര്യമായ സംസാരത്തിൽ ആയിരുന്നു ഇരുവരും എന്ന് കണ്ടാൽ അറിയാം... റൂമിലേക്ക് കഞ്ഞിയും കൊണ്ട് വരുന്ന കണ്മഷിയെ കാണെ ഡയാന അവളെ നോക്കി പുഞ്ചിരിച്ചു...ഒരു മഞ്ഞ സാരിയാണ് ഡയാനയുടെ വേഷം... കണ്മഷി അവളെ ഇടങ്കണ്ണിട്ട് നോക്കി... എന്തൊക്കെ പറഞ്ഞാലും സുന്ദരിയാണ് ആള്... വെറുതെയല്ല രുദ്രേട്ടന് ഇഷ്ടമായത് എന്നവൾ ഓർത്തു.... ""ആഹാ... കഞ്ഞിക്ക്‌ എന്താണ് സ്പെഷ്യൽ??""ഡയാന കയ്യിലെ കഞ്ഞിയിലേക്ക് നോക്കി ചോദിച്ചപ്പോൾ അച്ചാറും തോരനും ഉണ്ടെന്ന് പറഞ്ഞു... ഒരു കസേര എടുത്തിട്ട് രുദ്രനരികിൽ വന്നിരുന്നു കണ്മഷി... ""ഈ സ്റ്റീരിയോ വർക്ക്‌ ആവുമോ രുദ്രൻ??"" അവൾ മേശമേൽ ഉണ്ടായിരുന്ന സ്റ്റീരിയോ ടേപ്പ് റെക്കോർഡർ ചൂണ്ടി കാണിച്ചു കൊണ്ട് ഡയാന ചോദിച്ചു... ""അറിയില്ല... നീയൊന്ന് നോക്കു... ഒരു കാലത്ത് എന്റെ പ്രിയമായിരുന്നു അത് മാറ്റാരെയോ പോലെ...."" പറയുമ്പോളും കണ്ണുകൾ കണ്മഷിയിൽ തന്നെയായിരുന്നു... പക്ഷെ അപ്പോളും അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിൽ അവൾ അവനായി കഞ്ഞി കൊടുത്തു കൊണ്ടിരിക്കുകയാണ്... ഡയാന പതിയെ മേശക്കരികിൽ ചെന്ന് സ്റ്റീരിയോ ടേപ്പ് എടുത്ത് ഓൺ ചെയ്തു നോക്കി... ചെറുതായ് ശബ്‌ദം വരുന്നുണ്ട്... പക്ഷെ വ്യക്തമല്ല.. അവളത് ട്യൂൺ ചെയ്തപ്പോൾ നേർത്ത സ്വരത്തിൽ സംഗീതം റൂമിലാകെ ഉയർന്നു....

""മഴയുടെ തന്ത്രികൾ മീട്ടി നിന്നകാശം.... മധുരമായ് ആർദ്രമായ് പാടി.... അറിയാതെ കന്യതൻ നേർക്കെഴും ഗന്ധർവ പ്രണയത്തിൻ സംഗീതം പോലെ..."" ഒരു നറുപുഷ്പമായി എന്നെക്കു നീളുന്ന മിഴിമുനയാരുടേതാവാം... ഒരു മഞ്ജുഹർഷമായി എന്നിൽ തുളുമ്പുന്ന നിനവുകളാരെയോർത്താവാം... അറിയില്ലെനിക്കറിയില്ല പറയുന്നു സന്ധ്യതൻ മൗനം... മൗനം........ "" കണ്മഷിക്ക് അവനെ നോക്കാൻ തന്നെ വല്ലാത്ത ബുദ്ധിമുട്ട് തോന്നി... ഈ പാട്ട് പണ്ട് അവനത്രയും പ്രിയപ്പെട്ടതായിരുന്നു... എന്നെപോലെ.... അവളോർത്തു... ഡയാന പാട്ടിൽ മുഴുകി മറ്റേതോ ലോകത്തെന്നപോലെ ജനലോരത്തിനപുറം കണ്ണും നട്ട് നിൽക്കുവാണ്... കണ്ണുകൾ നിറയുന്നുണ്ട് ആളുടെ... കഞ്ഞി കൊടുത്ത് വായ കഴുകിച്ചു ഇറങ്ങുമ്പോളും ഡയാനയുമായി കാര്യമായ സംസാരത്തിൽ മുഴുകിയിരിക്കുകയാണ്...ബാംഗ്ലൂരിലെ എന്തോ വിശേഷങ്ങൾ ആണെന്ന് തോന്നുന്നു... ഫ്ലാറ്റിലെ കാര്യങ്ങൾ ഒക്കെ പറയുന്നുണ്ട്... അവരുടെ സംസാരത്തിൽ നിന്ന് രുദ്രനും ഡയാനയും ഓരേ അപാർട്മെന്റിൽ ആണെന്ന് മനസ്സിലായി... ജോലിയും ഒരുമിച്ചാണ് അവരുടെ.... ""എനിക്ക് വായിക്കാൻ...""തിരികെ പ്ലേറ്റ് അടുക്കളയിൽ എടുത്തു വെക്കാനായി നടക്കുമ്പോൾ തന്നെ നോക്കി ചോദിക്കുന്നുണ്ട്..

. ""ഞാൻ എടുത്തു കൊടുത്തോളാം ഇയാൾ പൊക്കൊളു...""ഡയാന താൻ നോക്കുന്നത് കണ്ടപ്പോൾ പുഞ്ചിരിയോടെ പറഞ്ഞു... അത് കേൾക്കെ പിന്നീട് ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു... ""ഏത് ബുക്ക്‌ ആണ് നിനക്ക് വേണ്ടത് രുദ്രൻ??""ഡയാനയുടെ സ്വരത്തിൽ കുസൃതി നിറഞ്ഞിരുന്നു.... ""ദേ ആ പോണ പുസ്തകത്തെയാണ് വേണ്ടത്... അങ്ങനെ പെട്ടന്ന് ആർക്കും വായിക്കാൻ കഴിയാത്ത ആ പുസ്തകത്തെ...""അവന്റെ സ്വരത്തിൽ സ്നേഹം നിറഞ്ഞിരുന്നു... പ്രണയവും.... 💠💠💠💠💠💠💠💠💠💠💠💠💠💠💠 രാവിലെ നേരത്തെ എഴുന്നേറ്റ് അമ്പലത്തിൽ പോയിരുന്നു കണ്മഷി... കുറച്ച് ദിവസമായി കണ്ണനെ കണ്ടിട്ട്... പിന്നെ തിരുമേനിയെയും ഒന്ന് കാണണം എന്ന് തോന്നി... ""രുദ്രൻ കുഞ്ഞിന് ഇപ്പോൾ എങ്ങെനുണ്ട് കണ്മഷി??""...പ്രസാദം തരുന്നതിനിടയിൽ വാത്സല്യത്തോടുള്ള ചോദ്യം കേൾക്കെ ഒന്ന് പുഞ്ചിരിച്ചു... ""നല്ല ഭേദണ്ട് ഏറിയാൽ ഒരു മാസം അതിനുള്ളിൽ ആൾക്ക് പിടിച്ചു നടക്കാൻ പറ്റും ന്നാ വൈദ്യര് പറഞ്ഞത്... ഇന്ന് ഹോസ്പിറ്റലിൽ പോണം എന്തൊക്കെയോ ടെസ്റ്റുകൾ ചെയ്യണം ത്രെ...""അവൾ മോതിരവിരലിനാൽ ഒരു നുള്ള് ചന്ദനമെടുത്ത് നെറ്റിയിൽ വരച്ചു... ഇലകീറിലെ നന്ദ്യാർവട്ടവും തുളസിയും എടുത്തു മുടിയിലും ചാർത്തി....

""അപ്പോൾ അതിനാണല്ലേ ഇന്നത്തെ വരവ്...ടെസ്റ്റ്‌ ഒക്കെ നോർമൽ ആവാൻ ദൈവങ്ങളെ കൂട്ട് പിടിക്കാൻ...""അവിടെ ഇരുന്നു മാല കെട്ടുന്ന വാരസ്യാരുടെ വാക്കുകൾ കേട്ടപ്പോൾ കുറുമ്പോടെ അവരെ നോക്കി... ""ഞാൻ വാരസ്യാർക്ക് തരാൻ വീട്ടിലെ മുറ്റത്ത് ണ്ടായ മൂവാണ്ടൻ മാങ്ങ കൊണ്ട് വന്നിരുന്നു... ഇനിപ്പോ അത് തിരിച്ചു കൊണ്ടോവാ...""അവൾ ഒരു മൂലയിലായി എടുത്തു വെച്ച കവർ ചൂണ്ടികാണിച്ചു കൊണ്ട് പറയുന്നത് കേട്ടപ്പോൾ...പല്ലില്ലാത്ത മോണ കാട്ടി വാരസ്യാർ പൊട്ടിച്ചിരിച്ചു... ആ പുഞ്ചിരി കാണാൻ തന്നെ നല്ല ഭംഗിയാണ്... വയസ്സേറെ ആയെങ്കിലും ഇപ്പോളും എന്നും കണ്ണന് മാല അത് വാരസ്സ്യാരുടെ കൈകൾ കൊണ്ടാണ്... ഒരു പാവം അമ്മ... ഭർത്താവ് ചെറുപ്പത്തിലേ മരിച്ചതാണ്... ഒരു മകൻ മാത്രമുണ്ട്...പണ്ട് മകൻ ഇവിടെത്തെ ഉത്സവത്തിന് കൊണ്ട് വന്നതായിരുന്നു അമ്മയെ... ആൾതിരക്കിൽ അമ്മയെ ഇട്ടിട്ട് പോയി... തിരിച്ചു പോവാൻ അറിയാഞ്ഞിട്ടല്ലായിരുന്നു... അറിയാമായിരുന്നു വൃദ്ധസധനത്തിൽ കൊണ്ടാക്കാൻ വയ്യാനിട്ട് ഇവിടെ ഇട്ടു പോയതാണ് എന്ന്... പിന്നെ ആരും അന്വേഷിച്ചു വന്നില്ല.... അമ്മ തിരിച്ചും ആരെയും അന്വേഷിച്ചതുമില്ല....പിന്നീട് എന്നും കണ്ണന് മാല കോർക്കാനും അമ്പലത്തിലെ മറ്റ് കാര്യങ്ങളുമായി അമ്മ ഇവിടെ തന്നെ നിന്നു... അങ്ങനെ വിളിക്കാൻ തുടങ്ങിയതാണ് ഈ വാരസ്യാർ എന്ന പേര് തന്നെ... ""ഞാൻ അങ്ങനെ അമ്മക്ക് തരാതെ പോവും ന്ന് തോന്നുന്നുണ്ടോ...""

കവിളിൽ കൊഞ്ചലോടെ പിടിച്ച് ചുളിവ് വീണ കവിളിൽ അമർത്തി ഉമ്മ വെച്ചു....എന്നിട്ട് കയ്യിലുള്ള കവർ അമ്മക്കായി നീട്ടി... ആ കണ്ണുകൾ തിളങ്ങുന്നുണ്ട്... മോണകൊണ്ട് ഒരു പഴുത്ത മാങ്ങ എടുത്തു കടിക്കുന്നുണ്ട്... കണ്ടപ്പോൾ വാത്സല്യമാണ് തോന്നിയത്... ഇത്രയും സ്നേഹമുള്ള ഒരമ്മയെ ആർക്കാണ് ഇട്ടിട്ട് പോവാൻ തോന്നുക... അവൾ ഒരു നിമിഷം അമ്മയെ തന്നെ നോക്കി നിന്നു.... ""ദേ കണ്മഷി... അമ്പലകുളത്തിൽ ഒരൂട്ടം കാണാൻ ഉണ്ട്... നീ ചെന്ന് നോക്കൂ..."" പ്രസാദമായ കഠിനപായസം ഒരു നുള്ള് അവളുടെ കയ്യിൽ കൊടുക്കുന്നതിനിടയിൽ തിരുമേനി അവളോടായി പറഞ്ഞു...അവൾ അത് കേൾക്കെ സംശയത്തോടെ കുളപ്പടവിലേക്ക് നടന്നു... കുളപടവ് നിറയെ പായൽ പിടിച്ചു കിടക്കുന്നുണ്ട്...കുളത്തിൽ ആമ്പലുകൾ ധാരാളമുണ്ട്...അന്ന് വന്നപ്പോൾ കണ്ട നീലത്താമര ഇന്ന് അപ്രതീക്ഷിതമായിരിക്കുന്നു...അവൾ സംശയത്തോടെ ചുറ്റും നോക്കുമ്പോളാണ് അത് കാണുന്നത്... താൻ നട്ട കല്യാണസൗഗന്ധികം പൂവിട്ടിരിക്കുന്നു... അവളുടെ കണ്ണുകൾ വിടർന്നു...അതിന്റെ സുഗന്ധം അവിടമാകെ പടർന്നതറിഞ്ഞവൾ...അവൾ ഓടിച്ചെന്ന് പൂവ് മണത്തു നോക്കി... പണ്ടത്തെ ഓരോർമയിൽ അവൾ ലയിച്ചു പോയി.... ""നീ കണ്ടോ ദേവേ... നിന്റെയാ പൊട്ടൻ ഏട്ടൻ എന്റെ വാലിൽ ചുറ്റി വരണത്...ഞാൻ ഈ ചെടി നട്ട് ഇത് പൂവിടുമ്പോളെക്കും ഞങ്ങളുടെ കല്യാണമാവും...""

എവിടെ നിന്നോ കിട്ടിയ കല്യാണസൗഗന്ധികത്തിന്റെ തൈ കൊണ്ട് ദേവയെ കാണിക്കുകയാണ് കണ്മഷി... ഇരുവരും ക്ലാസ്സ്‌ കഴിഞ്ഞു തിരികെ വീട്ടിലേക്ക് വരുകയാണ്... ""ദേ എന്റെ ഏട്ടനെ പൊട്ടൻ എന്നൊക്കെ വിളിച്ചാൽ ഉണ്ടല്ലോ??...""ദേവ അവളെ കണ്ണുരുട്ടി നോക്കി... എന്നാൽ അവളുടെ ശ്രദ്ധ മുഴുവൻ കയ്യിലെ കുഞ്ഞു തൈയിൽ ആണ്... ""സത്യാടി... ഇത് നട്ട് പൂവ് വിടരുമ്പോളേക്കും കല്യാണം ആവും ന്നാ വിശ്വാസം...""വിടർന്ന കണ്ണുകളോടെ പറയുന്നവളെ നോക്കി ദേവ പുച്ഛത്തോടെ ചുണ്ട് കോട്ടി... ""പിന്നെ... അങ്ങേര് അതും നിന്നെ..."" ""അതെന്താടി എനിക്കൊരു കുറവ്... സൗന്ദര്യം ഇല്ലേ... നിറമില്ലേ... മുടിയില്ലേ...""അവൾ സ്വയം ഒന്ന് നോക്കിയിട്ട് ഒന്ന് ഞെളിഞ്ഞു കൊണ്ട് ചോദിച്ചു... ""ആഹ്ഹ് കൂടെ നാവും ഉണ്ട്...അതാ പ്രശ്നം...""ഇടക്ക് കേറി പറയുന്നത് കേട്ടപ്പോൾ കണ്മഷി ചുണ്ട് കോട്ടി.."" അപ്പോളേക്കും മുൻപിൽ ഒരു ബൈക്ക് വന്നു നിന്നിരുന്നു.... അതിലെ ആളെ കണ്ടപ്പോൾ ദേവക്ക് ചിരി പൊട്ടി... എന്നാൽ കൺമഷിയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് കുറുകി...........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story