പരിണയം: ഭാഗം 17

parinayam sheethal

രചന: ശീതൾ കൃഷ്ണ

""കണ്മഷി...."" രാത്രി മുറിയിൽ കിടക്കാൻ ഉള്ള തയാറെടുപ്പ് നടത്തുമ്പോൾ ആണ് ഡയാന കണ്മഷിയുടെ മുറിയിലേക്ക് വന്നത്... അവളെ കണ്ടതും കുടഞ്ഞു കൊണ്ടിരുന്ന ബെഡ് ഷീറ്റ് വിരിച്ചു എന്താണ് എന്നർത്ഥത്തിൽ കണ്മഷി ഡയാനയെ നോക്കി.... ""എടോ... നാളെ ഇയാള് അമ്പലത്തിൽ പോകുന്നുണ്ടോ??..."" ഡയാന അവളോട് ചോദിച്ചപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഉണ്ടെന്ന് തലയാട്ടി... ""എങ്കിൽ ഞാനും വരുന്നു ഡോ... ഇയാൾ രാവിലെ എന്നെയും വിളിക്കുമോ??..'"" ""അതിനെന്താ ഞാൻ വിളിക്കാലോ ചേച്ചി..."" അവൾ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു... അത് കേട്ടപ്പോൾ അവൾ തിരികെ മുറിയിലേക്ക് തന്നെ പോയി.... നേരം നന്നേ പുലർന്നപ്പോൾ... കണ്മഷി എഴുന്നേറ്റു....നേരെ ചെന്ന് ഡയാനയെ വിളിച്ചു... അമ്പലത്തിൽ പോകണം എന്ന് തലേ ദിവസം പറഞ്ഞതായിരുന്നല്ലോ... അവൾ നേരെ ചെന്നു കുളിച്ച് മുണ്ടും നേര്യതും എടുത്തു ഉടുത്തു പുറത്തേക്ക് ഇറങ്ങി... മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ഡയാനയും പോകാനായി ഇറങ്ങി... അവൾ ഒരു കുർത്തയാണ് ധരിച്ചിരുന്നത്.... ""പോകാം ചേച്ചി..."" കണ്മഷി പറഞ്ഞപ്പോൾ ഡയാന പോകാം എന്ന് തലയാട്ടി.... ഇരുവരും തറവാട് കടന്ന് പുറത്തേക്ക് ഇറങ്ങി.... നേരം വെളുത്തതെ ഉണ്ടായിരുന്നുള്ളു...

സൂര്യകിരണങ്ങൾ കിഴക്കൻ ചക്രവാളത്തിൽ നിന്ന് ഉദിച്ചുയരുന്നുണ്ട്...തലേ ദിവസത്തെ മഴയുടെ ശേഷിപ്പ് എന്നപോലെ ചെറു മഴത്തുള്ളികൾ ചെടികളിൽ പറ്റി പിടിച്ചു ഇരിക്കുന്നുണ്ട്... പാട വരമ്പത്തൂടെ രണ്ട് പേരും അമ്പലം ലക്ഷ്യം വെച്ച് നടക്കുകയായിരുന്നു... ഡയാന ഇടക്ക് കണ്മഷിയെ നോക്കുന്നുണ്ട്...കണ്മഷി ആണെങ്കിൽ മറ്റേതോ ചിന്തയിലും.... ഒരു വളവ് കഴിഞ്ഞാൽ നേരെ അമ്പലമുറ്റം ആണ്... ദൂരെ നിന്നെ കേൾക്കാം ശ്രുതിസാന്ദ്രമായ ഭക്തി ഗാനം... അമ്പലത്തിനു മുൻപിൽ ഒരു ആൽമരമുണ്ട്... അതിന്റെ അരികിലൂടെ ചെന്നു ഇരുവരും ചെരുപ്പ് ഒരു അരികിലായി ഇട്ട് കാൽ കഴുകി ഉള്ളിലേക്ക് കയറി.... ഉള്ളിൽ കയറുമ്പോൾ എന്നത്തേയും പോലെ... മാല കെട്ടുന്നുണ്ട് വാരസ്യാർ... അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു... കൂടെ ഉള്ളത് ആരാണ് എന്ന സംശയം കൊണ്ടാണ് തോന്നുന്നു... കണ്ണുകൾ കുറുക്കി നോക്കുന്നുണ്ട് ഡയാനയെ... ഡയാന ആകട്ടെ അമ്പലത്തിന്റെ ഭംഗി നോക്കി കാണുകയായിരുന്നു... ഇരുവരും അമ്പലനടയിൽ ചെന്നു കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു... ഒരുപാടുണ്ടല്ലോ പ്രാർത്ഥിക്കാൻ... ഇരുവരുടെയും ആദ്യ കാര്യം രുദ്രന്റെ അസുഖത്തെ പറ്റി ആണെന്നുള്ളത് മറ്റൊരു രസകരമായ കാര്യമായിരുന്നു....

""ദാരാ കുട്ട്യേ..."" പൂജാരി പ്രസാദം കൊണ്ട് തന്നപ്പോൾ കൺമഷിയോട് സംശയത്തോടെ ചോദിച്ചു... ഡയാനയെ അവിടെ അങ്ങനെ ആരും കണ്ടിട്ടില്ല.... ""രുദ്രേട്ടന്റെ കൂടെ ബാംഗ്ലൂരിൽ ഉണ്ടായിരുന്ന കുട്ട്യാ തിരുമേനി... രുദ്രേട്ടനെ കാണാൻ വന്നതാ.."" കണ്മഷി പ്രസാദം വാങ്ങുന്നതിനിടയിൽതിരുമേനിയെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.... അമ്പലത്തിൽ നിന്ന് പ്രാർത്ഥിച്ചു നേരെ ചെന്നത് അമ്പല കുളപടവിലേക്ക് ആണ്... ഇരുവരും കുളത്തിനരികിൽ എത്തിയപ്പോൾ ഡയാന കുളത്തിലെ ആമ്പൽ പൂവിനെ കൗതുകത്തോടെ നോക്കി... കണ്മഷി ആകട്ടെ തൊട്ട് അപ്പുറത്ത് വിരിഞ്ഞു ഇരിക്കുന്ന കല്യാണസൗഗന്ധികത്തിലേക്കും.... ""നമുക്ക് കുറച്ച് നേരം ഇവിടെ ഇരുന്നാലോ??..."" ഡയാന കുളത്തിലേക്ക് തന്നെ നോക്കി പറഞ്ഞപ്പോൾ കണ്മഷി മതിയേ മൂളി... ഇരുവരും പടവുകളിൽ ഇരുന്ന് മുൻപിലെ കുളത്തിലേക്ക് മിഴിവുറ്റി.... ""കണ്മഷിക്ക് രുദ്രനെ ഒത്തിരി ഇഷ്ടമായിരുന്നു ല്ലേ..."" മുഖവര ഒന്നുമില്ലാതെ ഡയാന പെട്ടെന്ന് ചോദിക്കുന്നത് കേട്ടപ്പോൾ കണ്മഷി ആദ്യമൊന്ന് പതറി... ""മ്മ്ഹ്ഹ്..."" മറുപടിയായി പതിയെ ഒന്ന് മൂളി... കണ്മഷിയുടെ മുഖം വിളറിയിരുന്നു.... ""ഈ പ്രണയിക്കുക... എന്നത് എത്ര രസകരമായ കാര്യമാണ് അല്ലെ കണ്മഷി??"".

. ഡയാനയുടെ ചോദ്യം കേൾക്കെ മനസ്സിലാവാതെ കണ്മഷി ഡയാനയുടെ മുഖത്തേക്ക് നോക്കി.... അവളുടെ കണ്ണുകൾ അപ്പോളും കുളപടവിലേക്ക് തന്നെയായിരുന്നു.... ""ചിലരുടെ പ്രണയം കാലത്തിന് പോലും അസൂയ ഉണ്ടാക്കുന്നതായിരുന്നു...അസൂയ മൂത്ത് ആ പ്രണയം എങ്ങെനെ എങ്കിലും തകർന്ന് പോവുകയും ചെയ്യും... അതിനൊരു പേരും.... വിധി...."" അവൾ ഒന്ന് പുഞ്ചിരിച്ചു... ""എന്നാൽ ചിലരുടെയോ... ഒത്തിരി അങ്ങോട്ട് സ്നേഹിക്കും... പക്ഷെ തിരിച്ചു ചിലപ്പോൾ കൊടുത്ത സ്നേഹം കിട്ടിയെന്ന് വരില്ല... പൊട്ടന്മാരായി എന്ന് തോന്നുമ്പോൾ സ്വയം അങ്ങ് തീരുമാനിക്കും.... എന്റെ വിധി എന്ന്....""രണ്ടായാലും പഴി വിധിക്ക്‌ തന്നെ അല്ലെടോ... ഡയാന കണ്മഷിയെ ഒന്ന് നോക്കി.... അവളുടെ ചുണ്ടുകളിലും ചെറുപുഞ്ചിരി ഉണ്ടായിരുന്നു.... ""രുദ്രൻ എന്നോട് ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളത് നിന്നെ പറ്റിയാണ് കണ്മഷി... അവന്റെ മനസ്സിൽ ആരെ കാളും സ്ഥാനം നിനക്കാണ്..."" ഡയാനയുടെ കണ്ണുകൾ ഒന്ന് വിടർന്നു....കണ്മഷി വീണ്ടും വിളറി.... ചുവന്നു തുടുക്കേണ്ട കവിളുകൾ വിളറി വെളുത്തു.... ""നിനക്കറിയുമോ കണ്മഷി എന്റെ പ്രണയത്തെ പറ്റി...??"" ഡയാന അവളെ നോക്കി ചോദിച്ചപ്പോൾ... കണ്മഷി ഇല്ല എന്ന് തലയാട്ടി.... ""വളരെ രസകരമാണ്...

""അവൾ ഒന്ന് ചിരിച്ചു... ""ഞാൻ കോളേജിൽ പി.ജി അവസാന വർഷം പഠിക്കുകയായിരുന്നു.... എന്റെ സീനിയർ... ആളും ആ വർഷം ഇറങ്ങുന്ന ആളാണ്...."" അവൾ ഒന്ന് നിർത്തി കൺമഷിയെ നോക്കി... ഒരു കഥ കേൾക്കാൻ എന്നപോലെ കണ്മഷി ഡയാനയെ നോക്കുകയാണ്... ""എന്റെ വീട്ടിൽ അങ്ങനെ ആരുമില്ല...ഒരു കോൺവെന്റിൽ ആയിരുന്നു ഞാൻ ജനിച്ചതും വളർന്നതും എല്ലാം..കുഞ്ഞു നാൾ മുതലേ സിസ്റ്റർമാരുടെ കൂടെയായിരുന്നു.... ഒരു അനാഥയായ പെൺകുട്ടി ജീവിതത്തിൽ നേരിടേണ്ടി വന്ന എല്ലാ കാര്യങ്ങളും ഞാൻ നേരിട്ടിട്ടുണ്ട്.... അത് കൊണ്ടാവാം.... ആ ചേട്ടൻ വന്നു ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ പേടിയായിരുന്നു... പിന്നീട് അയാളെ നോക്കുവാൻ പോലും..."" ഡയാനയുടെ ചുണ്ടിൽ വേദന നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു.... ""ഒരുപാട് നടന്നു ഡോ ആള് എന്റെ പുറകെ.... കാണാൻ നല്ല ഭംഗിയുള്ള ഒരുവൻ....കണ്ടാലേ അറിയാം വലിയ വീട്ടിലെ ആളാണ് എന്ന്...ആദ്യമൊക്കെ പേടി തോന്നിയിരുന്നു എങ്കിലും...ഇടക്കെപ്പോളോ ചെറിയ ഇഷ്ട്ടം തോന്നി തനിക്കും...."" ""പക്ഷെ പറഞ്ഞില്ല കേട്ടോ... കുറച്ച് കാലം പുറകെ നടത്തിച്ചു...."" ഡയാന ഒന്ന് ചിരിച്ചു... കണ്മഷിയുടെ ചുണ്ടിലും ചിരി വിരിഞ്ഞു.... ""പക്ഷെ വിചാരിച്ച പോലെ അല്ലായിരുന്നു എടോ.... ആൾക്ക് എന്നെയല്ലായിരുന്നു വേണ്ടിയിരുന്നത്....

എന്റെ ശരീരമായിരുന്നു... അനാഥ പെണ്ണിനെ നശിപ്പിച്ചാൽ ചോദിക്കാൻ ആരാണ് വരുക??.."" ഡയാനയുടെ കണ്ണുകൾ നിറഞ്ഞു.... അവൾ ഒരു വേള മുൻപിലെ കുളത്തിൽ ഒരു വശത്തായി മാറി വിരിഞ്ഞിരിക്കുന്ന ആമ്പലിനെ നോക്കി.... ഒറ്റആമ്പൽ.... ബാക്കി ഉണ്ടായിരുന്ന ആമ്പലുകൾ എല്ലാം കൂട്ടം കൂടി വിരിഞ്ഞു ഇരിക്കുന്നുണ്ട് എങ്കിലും... അത് മാത്രം ആരെയും കാത്തെന്ന പോലെ മാറി നിൽക്കുന്നു.... ""ആള് വിചാരിച്ച പോലെ തന്നെ നടന്നു ട്ടൊ... പ്രണയമല്ലേ... ചോദിക്കുന്നതെല്ലാം നമ്മൾ നടത്തി കൊടുക്കില്ലേ.... പക്ഷെ പിന്നീട് ആളെ കണ്ടു കിട്ടിയില്ല...ഒത്തിരി കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു... നാട് അവിടെ അല്ല... പഠിക്കാൻ വേണ്ടി വന്നതാണ്... കോഴ്സ് കഴിഞ്ഞു തിരികെ നാട്ടിലേക്ക് പോയി... "" ഡയാന പറഞ്ഞപ്പോൾ കണ്മഷി സഹതാപത്തോടെ അവളെ നോക്കി.... മനസ്സിലാവുമായിരുന്നു അവളുടെ വേദന... ആരെക്കാളും.... ""പക്ഷെ പെണ്ണെന്നു പറഞ്ഞാൽ തളരാൻ ഉള്ളതല്ലല്ലോ.... ഒരു വാശി ആയിരുന്നു... പിന്നീട്..ഒരു അനാഥ ആയത് കൊണ്ടല്ലേ അവൻ അങ്ങനെ ഒക്കെ എന്നോട് ചെയ്തത്... ഒരു ഐഡന്റിറ്റി ഉണ്ടാക്കി എടുക്കാൻ ഉള്ള ഓട്ടം ആയിരുന്നു പിന്നീട്..... കോഴ്സ് കഴിഞ്ഞു ഒരു കമ്പനിയിൽ പ്ലേയസ്മെന്റ് കിട്ടി അതും ബാംഗ്ലൂര്....പിന്നീട് ഞാൻ പോലും അറിയാതെ പല ആളുകളും എന്റെ ജീവിതത്തിലേക്ക് വരുകയായിരുന്നു...."" ഡയാന കണ്മഷിയെ ഒന്ന് നോക്കി... ബാക്കി അറിയാനായി കാത്തിരുന്നു.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story