പരിണയം: ഭാഗം 21

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ചേച്ചി വരുന്നോ നാളെ അമ്പലത്തിലേക്ക്..."" രാത്രി കിടക്കാനായി ഒരുങ്ങുമ്പോൾ ആണ് കണ്മഷി ഡയാനയുടെ മുറിയിലേക്ക് കയറി ചെന്നത്.... ""ഇയാള് എന്നും പോകുമോ???""...ഡയാന സംശയത്തോടെ അവളെ നോക്കി... ""ഏയ്യ് ഇല്ല... നാളെ അമ്പലത്തിലെ വാരസ്സ്യാരുടെ പിറന്നാൾ ആണ്... അത് കൊണ്ട് പോണം..."" കണ്മഷി പറയുന്നത് കേട്ടപ്പോൾ ഡയാന മനസ്സിലാവാത്ത പോലെ അവളെ നോക്കി.... ""ഇന്ന് ചെന്നപ്പോൾ ചേച്ചി കണ്ടില്ലേ അവിടെ മാല കെട്ടുന്ന ഒരമ്മയെ... ആ അമ്മയുടെ പിറന്നാൾ ആണ്..."" അവൾ ഒന്ന് കൂടി വ്യക്തമാക്കി പറയുന്നത് കേട്ടപ്പോൾ ഡയാന അവളെ നോക്കി പുഞ്ചിരിച്ചു... ""അതിനെന്താ ടോ... ഞാൻ വരാമല്ലോ..."" ഡയാന അവളെ നോക്കി....എന്നിട്ട് മേശമേൽ ഒഴിഞ്ഞു കിടന്ന ജഗ് കയ്യിൽ എടുത്തു... ""നേരം വൈകിയില്ലേ... ഇയാള് പോയി കിടന്നോളു... ഞാൻ നാളെ രാവിലെ ഉമ്മറത്ത് ഹാജർ ആയിരിക്കും..."" ഡയാന അഴിഞ്ഞ മുടി കെട്ടിവെച്ചു കൊണ്ട് മുറിയുടെ പുറത്തേക്ക് വെള്ളം എടുക്കാനായി നടന്നു.... ചെറുപുഞ്ചിരിയോടെ പിന്തിരിഞ്ഞു നടന്ന കണ്മഷി രുദ്രന്റെ മുറിയിലെ വെട്ടം അണഞ്ഞിട്ടില്ല എന്ന് മനസിലായി... ഒന്ന് ചെന്ന് നോക്കണം എന്നുണ്ട്... പക്ഷെ എന്ത് കാരണം പറഞ്ഞു ചെല്ലും???...

മുൻപൊക്കെ വെള്ളം കൊണ്ട് കൊടുക്കാനായി കാരണം ഉണ്ടാക്കി ചെല്ലുമായിരുന്നു.... എന്നാൽ ഇന്ന് ചോറ് കൊടുത്തു പോരുമ്പോൾ തന്നേ വെള്ളം എല്ലാം അവിടെ നിറച്ചു വെച്ചിട്ടാണ് പോന്നത്.... ചിന്തകളുടെ സങ്കർഷങ്ങൾക്കൊടുവിൽ അവൾ രണ്ടും കൽപ്പിച്ചു മുറിയിലേക്ക് ചെന്നു....ഉള്ളിലേക്ക് ചെന്ന് നോക്കുമ്പോൾ ആള് നല്ല വായനയിലാണ്.... തന്റെ നിഴലനക്കം കണ്ടപ്പോൾ ആള് ബുക്കിൽ നിന്ന് തല ഉയർത്തി നോക്കി... ഒന്നും ചോദിച്ചില്ല... പക്ഷെ ആ കണ്ണുകളിൽ എന്താണ് എന്ന ചോദ്യം വ്യക്തമാണ്... ""ഉറങ്ങി കാണും എന്ന് വിചാരിച്ചു... ലൈറ്റ് ഓഫ്‌ ചെയ്യാൻ വന്നതാണ്..."" ചെറിയ ഒരു മടുപ്പോടെയാണ് പറഞ്ഞത്... ആൾക്ക് ചിരി വരുന്നുണ്ട്... പക്ഷെ അത് മറച്ചു പിടിച്ചു വീണ്ടും ബുക്കിലേക്ക് തന്നെ മിഴികൾ നട്ടു.... ഒന്നും മിണ്ടാൻ തോന്നിയില്ല.... പണ്ടായിരുന്നുവെങ്കിൽ എന്താ മനുഷ്യ നിങ്ങൾക്ക് എന്നോട് മിണ്ടിയാൽ എന്ന് ചോദിച്ചു ആളുടെ അടുത്ത് പോയി വഴക്ക് ഉണ്ടാക്കുമായിരുന്നു...ഇന്ന് പക്ഷെ അതിന് കഴിയില്ലല്ലോ എന്നവൾ ഓർത്തു.... ""എന്തെങ്കിലും ആവശ്യം വേണമെങ്കിൽ വിളിക്കണം...."" വീണ്ടും പതർച്ചയോടെ പറഞ്ഞു... ""ഡയാന തൊട്ടപ്പുറം ഉണ്ടല്ലോ... താൻ ചെന്നോളൂ..."" ബുക്കിൽ നിന്ന് കണ്ണുകൾ എടുക്കാതെ തന്നെ മറുപടി കിട്ടി...

ഒന്നും പറഞ്ഞില്ല തിരികെ തന്റെ മുറിയിലേക്ക് നടക്കുമ്പോൾ എന്തിനാണ് അവന്റെ മുറിയിലേക്ക് ചെന്നത് എന്ന ചോദ്യം മനസ് ചോദിക്കുന്നുണ്ടായിരുന്നു... ""അയ്യേ... ചുമ്മാ നാണം കേട്ടില്ലേ കണ്മഷി നീയ്...""ഉള്ളിലെ അപകർഷത ബോധം കുറ്റപ്പെടുത്തുന്നുണ്ട്.... എന്നാൽ താൻ ആളുടെ ഹോം നേഴ്സ് അല്ലെ... എല്ലാം തന്റെ ഉത്തരവാദിത്വം അല്ലെ... എന്ന് സ്വയം ന്യായീകരിക്കുന്നും ഉണ്ട്... ചിന്തകൾ കാട് കയറിയപ്പോൾ അവൾ ഫോൺ എടുത്തു എഫ് എം ഓൺ ആക്കി... ഹെഡ്സെറ്റ് ചെവിയിൽ വെച്ച് ബെഡിലേക്ക് കിടന്നു.... ""ഒരുനറുപുഷ്പമായി എന്നെക്കു നീളുന്ന മിഴിമുനയരുടേതാവാം.... ഒരു മഞ്ജു ഹർഷമായി എന്നിൽ നിനവുകൾ ആരെയോർത്താവാം.. അറിയില്ല... എനിക്കറിയില്ല.... പറയുന്നു സന്ധ്യതൻ മൗനം..... മൗനം......"" എഫ് എമിലൂടെ ഒഴുകിയെത്തിയെ പാട്ട് കേൾക്കെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.... പണ്ട് രുദ്രൻ പറഞ്ഞതാണ് ഈ പാട്ടിനെ പറ്റി അവൾ ആദ്യമായി കേൾക്കുന്നത്... അന്ന് വീട്ടിലേക്ക് ചെല്ലുമ്പോൾ ഓടി ചെന്ന് ഫോണിൽ തപ്പി നോക്കി... യൂട്യൂബിൽ ആണ് ആദ്യമായി ഈ പാട്ട് കേൾക്കുന്നത്.. നേർത്ത കൗതകം തോന്നി നേരെ ആ സിനിമയെ പറ്റി രുദ്രേട്ടനോട് തന്നെ ചോദിച്ചു....അങ്ങനെയാണ് ആദ്യമായ് മേഘമൽഹാർ എന്ന സിനിമയെ പറ്റി അറിയുന്നത്....

അന്നത് കേട്ടപ്പോൾ കൗതുകം തോന്നി... അങ്ങനെയും പ്രണയിക്കാൻ പറ്റുമോ?? കാത്തിരിപ്പിന്റെ ഗന്ധം അറിഞ്ഞുള്ള പ്രണയം...പറ്റുമായിരിക്കും... അല്ലെങ്കിൽ പിന്നെ ഇന്നും എന്നിൽ പ്രണയം ഉണ്ടാവില്ലായിരുന്നല്ലോ.... ആ പാട്ട് പിന്നീട് തന്റെയും പ്രിയഗാനമായി... കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്.... അവൾ ഓരോന്ന് ആലോചിച്ചു മിഴികൾ അടച്ചു കിടന്നു.... ""ഒരുനറുപുഷ്പമായി എന്നെക്കു നീളുന്ന മിഴിമുനയരുടേതാവാം.... ഒരു മഞ്ജു ഹർഷമായി എന്നിൽ നിനവുകൾ ആരെയോർത്താവാം.. അറിയില്ല... എനിക്കറിയില്ല.... പറയുന്നു സന്ധ്യതൻ മൗനം..... മൗനം......"" അപ്പോളും മധുരമാർന്ന ശബ്‌ദം ഒഴുകി എത്തിയിരുന്നു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 രാവിലെ എഴുന്നേറ്റ് കുളിച്ചു പിന്നാമ്പുറത്തൂടെ പുറത്തേക്ക് ഇറങ്ങുമ്പോൾ ഡയാനക്കൊപ്പം സുഭദ്രാമ്മയും ഉണ്ടായിരുന്നു.... അമ്മ അമ്പലത്തിലേക്ക് ഒന്നുമല്ല എന്ന് മനസ്സിലായി... ആള് മുറ്റം അടിക്കുകയാണ്.... ഡയാനയുമായി എന്തോ സംസാരിക്കുകയായിരുന്നു... തന്നെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു.... ""നേരത്തെ വന്നേക്കണം കേട്ടല്ലോ.... അറിയാമല്ലോ ഇന്ന് രുദ്രനെ കാണുവാൻ വൈദ്യര് വരുന്ന ദിവസമാണ്... രണ്ടാളും ഉണ്ടാവണം ഇവിടെ..."" സുഭദ്ര അമ്മ പറഞ്ഞപ്പോൾ പുഞ്ചരിയോടെ തലയാട്ടി... എന്നിട്ട് വീടിന്റെ പുറത്തേക്ക് ഇറങ്ങി... "'ഹോ ഈ എന്നും അമ്പലത്തിൽ പോകുന്നവരെ സമ്മതിക്കണം അല്ലെ... എന്നും രാവിലെ കുളിക്കുക എന്നത്... ഇട്സ് എ ബിഗ് ടാസ്ക്...""

അവൾ കൈകൾ തമ്മിൽ കൂട്ടി തിരുമ്മി പറയുന്നത് കേട്ടപ്പോൾ കണ്മഷി അവളെ കുസൃതിയോടെ നോക്കി.. ആൾക്ക് രാവിലെ എണീക്കാൻ വല്യ മടിയ എന്ന് തോന്നുന്നു... കണ്മഷി പുഞ്ചിരിയോടെ ഓർത്തു.... ""നീ നോക്കണ്ട... സത്യാ ഞാൻ പറഞ്ഞത്... എന്തൊരു തണുപ്പാണ് വെള്ളത്തിനു..."" അവൾ ഒന്ന് കൂടെ പറഞ്ഞപ്പോൾ ചിരിച്ചു പോയി കണ്മഷി... ""ഉവ്വ് ന്നിട്ട് ഞാൻ കുളിക്കുന്നുണ്ടല്ലോ..."" അവൾ ഇടങ്കണ്ണിട്ട് ഡയാനയെ നോക്കി.... "ആഹ് അത് ഇന്നും ഇന്നലെയുമല്ലേ... നീ എന്നും പോകാറില്ലല്ലോ..."" ഡയാന വലിയ കാര്യമൊന്നുമല്ല എന്ന മട്ടിൽ പറയുന്നത് കേട്ടപ്പോൾ കണ്മഷി ചുണ്ട് കൊട്ടി... ""ഇപ്പോൾ അല്ലെ അങ്ങനെ പോകാത്തത് ഉള്ളു... ഞാൻ എന്നും പോകുമായിരുന്നു... പണ്ട് രുദ്രേട്ടനെ...."" പെട്ടെന്നാണ് അവൾക്ക് താൻ എന്താണ് പറയാൻ പോകുന്നത് എന്ന ബോധം വന്നത്... പാതിയിൽ നിർത്തി അവൾ ഡയാനയെ ഇടങ്കണ്ണിട്ട് നോക്കി....

""ആഹ്ഹ് ബാക്കി പോരട്ടെ... രുദ്രേട്ടനെ??"" ഡയാന കുസൃതിയോടെ അവളെ നോക്കി... ""ഏയ്യ് ഒന്നുമില്ല... "" കണ്മഷിയുടെ ശബ്‌ദം താണു.... ""പറയടോ.... ഞാൻ അവനോട് പറയുക ഒന്നുമില്ല..."" ഡയാന വിടാൻ ഉള്ള ഭാവമില്ല.... അവൾ കണ്മഷിയുടെ കൈകളിൽ ഒന്ന് പിടിച്ചു .. ""അ..അത്...ഒന്നുമില്ല ചേച്ചി പണ്ട് പ്രണയത്തിൽ ആയിരുന്ന സമയം പോകുമായിരുന്നു എന്ന് പറഞ്ഞതാണ്..."" കണ്മഷിയുടെ ശബ്‌ദം നേർത്തു... അവളുടെ നോട്ടം തന്റെ അപ്പുറം നീണ്ടു കിടക്കുന്ന പാടത്തിലേക്ക് ആയിരുന്നു.... ഉള്ളിൽ എവിടെയോ ഓർമ്മകൾ കുത്തി നോവിക്കാൻ തുടങ്ങി എന്ന് മനസ്സിലായപ്പോൾ അവൾ പുഞ്ചിരിയോടെ ഡയാനയെ ഒന്ന് നോക്കി.... ""അതിന് പ്രണയം പുതുക്കാൻ ഇനിയും സമയം ഉണ്ടല്ലോ..."" ഡയാന കളിയായി പറയുന്നത് കേട്ടപ്പോൾ ഒന്നും മനസ്സിലായിരുന്നില്ല....കണ്മഷി അവളെ ഒന്ന് നോക്കി... അത് കണ്ടപ്പോൾ ഡയാന പറഞ്ഞു തുടങ്ങി...........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story