പരിണയം: ഭാഗം 67

parinayam sheethal

രചന: ശീതൾ കൃഷ്ണ

""അവൾക്കിന്ന് ഡേ ഡ്യൂട്ടി ആയിരുന്നു.... അതാണ് അങ്ങനെ കിടക്കുന്നത്.... പാവം ഇന്ന് പുലർച്ചെ എഴുന്നേറ്റ് പോയതാണ്... അതിന്റെ ക്ഷീണമാണ്....""" അടുത്ത് കിടക്കുന്ന ആ കുട്ടിയിൽ കണ്മഷിയുടെ നോട്ടം പോയതും കൃഷ്ണപ്രിയ പറഞ്ഞു.... പിന്നെ കണ്മഷി ഒന്നും മിണ്ടിയില്ല.... അവൾ പുറത്തേക്കിങ്ങി.... അപ്പോളത മുൻപിൽ ഒരു കൂട്ടം കുട്ടികൾ തന്നെ തന്നെ നോക്കി നിൽക്കുന്നത് അവൾ ശ്രദ്ധിച്ചു.... അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത ഭയം ഇരിച്ചു കയറി..... ""ഏയ്യ് കൂൾ... വീ ജസ്റ്റ്‌ കേം ടു മീറ്റ് യൂ..."" കൂട്ടത്തിൽ കുറച്ചു മോഡേൺ എന്ന് തോന്നുന്ന പെൺകുട്ടി പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ആണ് കണ്മഷിക്ക് ശ്വാസം നേരെ വീണത്.... അവൾ എല്ലാവരെയും നോക്കിയൊന്ന് പുഞ്ചിരിച്ചു.... അവർ എല്ലാവരും നോർത്തിൽ നിന്നുള്ളവർ ആണ്.... അവരുടെ കൂടെയാണ്‌ ജെറിഫ എന്ന് മനസ്സിലായി കണ്മഷിക്ക്.... ജെറി പറഞ്ഞതിനനുസരിച്ച് ആണ് അവർ അവളെ കാണാൻ വന്നതും.... നന്നായി തന്നെ സംസാരിക്കുന്നുണ്ട് അവർ.... ഭാഷയുടെ ചെറിയ പ്രശ്നമുണ്ട് കണ്മഷിക്ക്... പക്ഷെ അവളത് കൈകൾ കൊണ്ട് ആംഗ്യം കാണിച്ചും ഒക്കെ മനസ്സിലാക്കി കൊടുക്കുന്നുണ്ട്....

പെട്ടെന്ന് തന്നെ കണ്മഷി അവരോട് അടുത്തു.... കൃഷ്ണപ്രിയ വന്നപ്പോൾ ആണ് അവരുടെ സംസാരം നിന്നത്.... പൊതുവെ റാഗിംഗ് പോലുള്ളത് ഒക്കെയാണ് വലിയ വലിയ കോളേജിനെ പറ്റി കേട്ടിരിക്കുന്നത്...എന്നാൽ ഇത് വിചാരിച്ചതിലും വിപരീതമാണ് എന്നവൾ ചിന്തിച്ചു.... രുദ്രൻ പോകുന്നതിന് മുൻപ് പറഞ്ഞിരുന്നു.... കോളേജും ഹോസ്റ്റലും ആന്റി റാഗിങ് ബഡിങ് സ്റ്റേജിൽ ആണ്.... അഥവാ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം എന്നൊക്കെ.... പക്ഷെ ഇത് അത്തരത്തിൽ ഒന്നുമില്ലാത്തത് അവളിൽ വല്ലാത്ത സമാധാനം നിറച്ചു.... അവരോട് സംസാരിക്കുമ്പോളും അവളുടെ മനസ്സിൽ ഉറച്ച തീരുമാനം എടുത്തിരുന്നു.... എത്രയും പെട്ടെന്ന് ഇംഗ്ലീഷ് പഠിക്കണം.... അതിന് കമ്മ്യൂണിക്കേഷൻ തന്നെയാണ് വേണ്ടത്.... എല്ലാവരോടും നന്നായി സംസാരിക്കണം.... അത് സ്കിൽ കൂട്ടാനും നന്നാവും എന്നവൾ ചിന്തിച്ചു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ഞാൻ വീട്ടിൽ തന്നെ നിൽക്കാം ന്ന് വിചാരിക്ക്യ മാഷേ.... ""

രാജീവ്‌ തിരിച്ചു വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ആണ് ഇന്ദു ഉമ്മറത്തേക്ക് ഇറങ്ങി വന്നത്.... അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ.... ആൾ പോകുവാൻ റെഡിയായി തന്നെ നിൽക്കുവാണ് എന്ന് അറിയാം.... ""അതെന്താ ഇന്ദു പെട്ടെന്ന്...."" രാജീവ്‌ അവളുടെ മുഖത്തേക്ക് വല്ലായ്മയോടെ നോക്കി.... ""പെട്ടെന്നല്ല മാഷേ.... ഒരുപാട് ചിന്തിച്ചു എടുത്ത തീരുമാനം ആണ്....""" അവൾ ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു.... ""നിർബന്ധമാണോ തനിക്ക്???"".. അവൻ ഒരുവേള പുറത്തേക്ക് തിരിഞ്ഞു നിന്നു.... അപ്പോളേക്കും രാഗിയും അമ്മയും ഉമ്മറത്തേക്ക് വന്നിരുന്നു....അവരുടെ മുഖത്തും വലിയ തെളിച്ചം ഒന്നുമില്ല.... അത് കണ്ടപ്പോളെ മനസ്സിലായി അവരോട് നേരത്തെ പറഞ്ഞിരിക്കുന്നു പോകുന്ന കാര്യം... തന്നോട് മാത്രം ആണ് പറയാത്തത്.... അവന്റെ മുഖം വാടി അതോർക്കവേ.... ""ആഹ്ഹ് അമ്മേ.... ഇന്ന് ഞാൻ ആ തെക്കേലെ ഹൈദ്രോസ് കാക്കാനെ കണ്ടിരുന്നു.... പുള്ളിക്കാരൻ എന്നോട് ഒരുപാട് നേരം സംസാരിച്ചിട്ട് ആണ് പോയത്...""" അവൻ അമ്മയെ കണ്ടതും ഉള്ളിലേക്ക് കയറി....അമ്മ എന്താണ് എന്നറിയാൻ നോക്കുന്നുണ്ട്.... ""ഞാൻ ഈ ഡ്രസ്സ്‌ ഒന്നു മാറട്ടെ ഇന്ദു.... എന്നിട്ട് വരാം....""

തിരിഞ്ഞു അവളോടായി പറഞ്ഞപ്പോൾ അവൾ തലയാട്ടി.... ""എന്താ മോനെ ഹൈദ്രോസ്സ് പറഞ്ഞത്???"".. അമ്മ അവൻ കസേരയിൽ ഇരിക്കുന്നത് കണ്ടതും അടുത്ത് വന്നിരുന്നു.... അപ്പോളേക്കും രാജീവ്‌ രാഗിയോട് കുറച്ച് വെള്ളം കൊണ്ട് വരാൻ ആവശ്യപ്പെട്ടു... അവളത് കൊണ്ട് വരാൻ പോയപ്പോൾ അവൻ പോക്കറ്റിൽ നിന്ന് ഒരു ഫോട്ടോ അമ്മക്കായി കാണിച്ചു കൊടുത്തു.... ""പുള്ളിക്കാരന്റെ സ്ഥിരം പരിപാടി തന്നെ....കല്യാണ ആലോചന... ദേ ഫോട്ടോയും തന്നിട്ടുണ്ട്.... പെണ്ണിനെ അമ്മ അറിയും ദാസേട്ടന്റെ മോളാണ്... ആ കുട്ടി പഠിപ്പ് ഒക്കെ കഴിഞ്ഞ് വന്നു ത്രെ....""" രാജീവ്‌ അമ്മക്ക് ഫോട്ടോ കൊടുക്കുമ്പോൾ അമ്മയുടെ കണ്ണുകൾ അടുത്ത് നിൽക്കുന്ന ഇന്ദുവിൽ തന്നെയായിരുന്നു.... ഈ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ അമ്മക്ക് അവളെ അത്രയേറെ ജീവനായി മാറിയിരുന്നു.... രാജീവിന്റെ പെണ്ണായി ആ പാവം അവളെ വെറുതെ സങ്കൽപ്പിച്ചിരുന്നു.... ""നോക്കട്ടെ ഏട്ടാ...."" പെട്ടെന്ന് രാഗി വന്ന് ആ ഫോട്ടോ തട്ടിപ്പറിച്ചു... ""ഏയ്യ്... ഈ ചേച്ചിയെ കാണാൻ നമ്മടെ ഇന്ദു ചേച്ചിടെ അത്ര ഭംഗി ഒന്നുല്ല....""" അവൾ വല്യ താല്പര്യം ഇല്ലാതെ ഫോട്ടോ അമ്മക്ക് തന്നെ തിരികെ കൊടുത്തു....എന്നിട്ട് ഇന്ദുവിന്റെ അരികിലേക്ക് ചെന്നു...

""ആഹാ... അത് നീയാണോ തീരുമാനിക്കുന്നത്.... എനിക്കിഷ്ട്ടമായി...."" രാജീവ്‌ പിന്നിൽ നിന്ന് പറയുന്നത് ശ്രദ്ധിക്കാതെ അവൾ ഇന്ദുവിന്റെ തോളിൽ ചാരി.... ""പോണോ ചേച്ചിക്ക്???"".. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... ""പോവണം മോളെ.... അച്ഛനും അമ്മയും ഉള്ള അവിടെയല്ലേ ചേച്ചി നിൽക്കണ്ടേ... ചേച്ചിക്ക് അവരെയൊക്കെ കാണാൻ തോന്ന....""" അവളുടെ സ്വരം വല്ലാതെ നേർത്തിരുന്നു.... പക്ഷെ അപ്പോളും ചുണ്ടിൽ പുഞ്ചിരിയുണ്ടായിരുന്നു.... ""എന്നാൽ ഇറങ്ങിയാലോ ടോ..."" അപ്പോളേക്കും രാജീവ്‌ പുറത്തേക്ക് ഇറങ്ങി മുണ്ട് മടക്കി കുത്തി അവളെ നോക്കി.... മറുപടിയായി അവളൊന്ന് തലയാട്ടി... അമ്മയോടും രാഗിയോടും യാത്ര പറഞ്ഞവൾ അവന്റെ ബൈക്കിന്റെ പുറകിൽ കയറി....രാജീവ്‌ ഒന്നും പറഞ്ഞില്ല... പതിയെ വണ്ടിയെടുത്തു..... നേരം വൈകുന്നേരം ആവുന്നു.... നേർത്ത സായാഹ്ന തെന്നൽ തട്ടി തലോടി പോകുന്നു.... അവൾ ബൈക്കിന്റെ പിന്നിലെ കമ്പിയിൽ മുറുക്കെ പിടിച്ചു.... കണ്ണുകൾ എന്തിനോ എന്നപോലെ നിറഞ്ഞു വരുന്നുണ്ട് അവളുടെ.... പക്ഷെ അത് പുറത്ത് കാണിക്കാതെ അവൾ കാഴ്ചകളിലേക്ക് മിഴി നട്ടു.... ""വീണ്ടും ചോദിക്കുവാ... ശരിക്കും തീരുമാനിചിട്ട് തന്നെയല്ലേ ഇന്ദു???"""...

വീടിന്റെ പടിക്കൽ എത്തിയപ്പോൾ അവൻ വീണ്ടും ആ വാടി തളർന്ന മുഖത്തേക്ക് നോക്കി... ""ആന്നെ മാഷേ.... എനിക്ക് എന്തോ കുറച്ചു ദിവസം മാറി നിന്നപ്പോളേക്കും അമ്മയെയും അച്ഛനെയും കാണാൻ തോന്നി... ഒരിക്കലും മറക്കില്ല ട്ടോ...."" അവൾ പെട്ടെന്ന് അവന്റെ കൈയ്യിൽ പിടിച്ചു.... ആദ്യം അവനൊന്നു ഞെട്ടിയെങ്കിലും.... അത് വഴിയേ ചെറുപുഞ്ചിരിയായി മാറി.... ""മറക്കില്ല എന്ന് മാത്രമല്ല.... ഇടക്ക് ഞാൻ വിളിക്കുമ്പോൾ വന്നേക്കണം.... എനിക്ക് വേറെ ആരുമില്ല ഒരു സഹായത്തിനു...."" അവൾ കണ്ണിറുക്കി പറഞ്ഞപ്പോൾ അവൻ തീർച്ചയായും എന്ന രീതിയിൽ കണ്ണടച്ച് കാണിച്ചു.... ""എന്ന ശരി മാഷേ.... പിന്നേയ് കല്യാണത്തിന് വിളിക്കണെ... "" അവൾ പോകാനായി തിരഞ്ഞു നടന്നു... പെട്ടെന്നെന്തോ ഓർത്തെന്ന പോലെ തിരഞ്ഞു അവനെ നോക്കി.... ""ആരുടെ കല്യാണത്തിന്???"".. അവന്റെ ചുണ്ടിൽ കുസൃതി ചിരി വിരിഞ്ഞു... ""അല്ല.... ദാസേട്ടന്റെ മോളുടെ.... """ അവൾ പാതി പുഞ്ചിരിയോടെ പറഞ്ഞു.... ""ആഹ്... അത് നമുക്ക് ദാസേട്ടനോട് പറയാം.... """അവൻ പതിയെ മീശ പിരിച്ചു ബൈക്കിലേക്ക് കയറിയപ്പോൾ.... അത്രയും നേരം മുഖം മങ്ങിയവൾ കണ്ണുകളുയർത്തി അവനെ നോക്കി....

""അപ്പൊ പോട്ടെ....""" അവൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കിയപ്പോൾ പുഞ്ചിരിയോടെ തലയാട്ടി.... വണ്ടി ദൂരേക്ക് മറയുന്നത് നോക്കിയവൾ നിന്നു.... ശേഷം പതിയെ തിരികെ വീട്ടിലേക്ക് നടന്നു..... 💠💠💠💠💠💠💠💠💠💠💠💠💠 ദേവ ഹോസ്റ്റലിൽ ഇരുന്നു ഇൻസ്റ്റയിൽ റീൽസ് കണ്ട് കൊണ്ടിരിക്കുമ്പോൾ ആണ് അവളുടെ ഫോണിലേക്ക് സിദ്ധുവിന്റെ കോൾ വന്നത്....അവന്റെ കോൾ കണ്ടപ്പോൾ ആദ്യം അവൾ അന്തം വിട്ട് ഫോണിന് വല്ല കംപ്ലയിന്റ് വന്നോ എന്ന് ആലോചിക്കുവാണ്‌.... അല്ലാതെ ഈ മനുഷ്യൻ അബദ്ധത്തിൽ കൂടെ എന്നെ വിളിക്കാത്തതാണല്ലോ എന്നോർത്ത് അവൾ കോൾ എടുത്തു.... ""ഹലോ...."" അപ്പുറത്ത് നിന്ന് അവന്റെ ശബ്‌ദം കേട്ടപ്പോൾ തൊണ്ട വറ്റി വരണ്ട പോലെ.... """ശോ ഇങ്ങേരുടെ ഒച്ച കേട്ടാൽ നീയെന്താ ദേവേ ഒരുമാതിരി പന്തം കണ്ട പെരുചാഴിയെ പോലെ.... ഒന്നുല്ലേലും നിന്നെയല്ലേ അങ്ങേര് വിളിച്ചേ... അല്ലാതെ നീയല്ലലോ... കൂൾ ദേവ... കൂൾ...."" അവൾ സ്വയം പറഞ്ഞു കൊണ്ട് അങ്ങോട്ടും ഒരു ഹലോ കൊടുത്തു... അല്ല പിന്നെ നമ്മളോടാ കളി.... ""

അത്‌ പിന്നെ.... നീയന്ന് ഞാൻ തന്നെ ആ പേപ്പർ എവിടെ വെച്ചു???""" പെട്ടെന്ന് തന്നെ സിദ്ധുവിന്റെ ചോദ്യം കേട്ടതും അവൾ സംശയത്തോടെ അവളുടെ അരികിലുള്ള അലമാരയിലേക്ക് നോക്കി.... ""എന്റെ കയ്യിലുണ്ട്.... എന്താ സിദ്ധുവേട്ടാ??"".. അവൾ എക്സ്ട്രാ വിനയം വാരി വിതറി ചോദിച്ചു... ഭാവി കെട്ടിയോൻ അല്ലെ.... കുറച്ചു വിനയം ഇപ്പോൾ ആവാം.... അങ്ങനെ എങ്കിലും ആ കരിങ്കൽ തണുക്കട്ടെ.... ""ആണോ.... ഞാൻ കരുതി നീയത് വീട്ടിൽ വെച്ചു എന്ന്....""അപ്പുറത്ത് നിന്ന് ആശ്വസിക്കുന്ന പോലെ.... അതോ ഇനി എനിക്ക് തോന്നിയാതാണോ???... ""ആഹ്.... എന്നാൽ അത് തുറക്ക് നീയ്.... ഒരു കാര്യമുണ്ട്...."""അവൻ അത് പറഞ്ഞപ്പോൾ അവൾക്ക് എന്താണ് എന്ന് സംശയം വന്നു.... ""എന്താണ് സിദ്ധുവേട്ടാ അത്???"".. ""എടി അതല്ലേ നിന്നോട് തുറക്കാൻ പറഞ്ഞത്..."""അവിടെ നിന്ന് ഒച്ചയിട്ടപ്പോൾ... ഇത് എന്ത് ജന്തുവാണ് കൃഷ്ണ... എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ടവൾ ഫോണിലേക്ക് ഒന്നു നോക്കി.... ""ഒക്കെ.... ഒരു മിനിറ്റ്.... തുറന്നിട്ട് ഞാൻ വിളിക്കാം....."""അവൾ പറഞ്ഞപ്പോൾ അവനൊന്നു മൂളി.... ""ഇനി എനിക്കുള്ള പ്രേമലേഖനം വല്ലതും ആണോ സിദ്ധുവേട്ടാ....""" കുറച്ചു നാണം ഒക്കെ വാരി വിതറി പറയുന്നതിന് ഒരു ആട്ട് കേട്ടപ്പോൾ ദേവ പെട്ടന്ന് ഫോൺ വെച്ച്.... ""എനിക്ക് ഇത് എന്തിന്റെ കേടായിരുന്നു....'"" അവൾ സ്വയം പറഞ്ഞു കൊണ്ട് ഫോൺ ബെഡിൽ വെച്ച് അലമാരയിൽ വെച്ച ആ കടലാസ് എടുക്കാനായി എഴുന്നേറ്റു................തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story