പരിണയം: ഭാഗം 76

parinayam sheethal

രചന: ശീതൾ കൃഷ്ണ

""രാവിലെ എഴുന്നേറ്റ്... കണ്മഷി നേരെ അമ്മയുടെ അടുത്തേക്ക് പോയി...ഒരുപാട് നാളായി അമ്മയെ കണ്ടിട്ട്... പഠിക്കാൻ പോവുന്ന അന്ന് അമ്മയുടെ നിറഞ്ഞ കണ്ണുകൾ കണ്ട് പോയതാണ്... വീടെത്തുവോളം അവളുടെ ചിന്തകൾ പലവഴിയായി പോയിരുന്നു... ഉമ്മറത്തേക്ക് കയറി വാതിൽ മുട്ടി അവൾ ചുറ്റും നോക്കി... മുറ്റത്ത് ആകെ ചമ്മല നിറഞ്ഞിരിക്കുന്നു...എല്ലാത്തിനും കൂടെ സമയം കാണില്ല അമ്മക്ക്...എന്തൊക്കെ പറഞ്ഞാലും താൻ കൂടെയുണ്ടായിരുന്നത് ഒരു ആശ്വസമായിരുന്നു... മഠശ്ശേരിയിൽ പോണ നേരം വീട്ടിലെ കാര്യങ്ങൾ താൻ തന്നെയാണ് നോക്കാറ്...വീടിന്റെ രൂപം തന്നെ ഇപ്പോളാകെ മാറിയിരിക്കുന്നു... ""ഹാ നീയെപ്പളാ വന്നേ...??"" അമ്മ പെട്ടെന്ന് വാതിൽ തുറന്ന് തന്നെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ചു... ""ഇന്നലെ വൈകിട്ട് വന്നു അമ്മ.... ഞാൻ മെസ്സേജ് അയച്ചിണ്ടായിരുന്നു അമ്മക്ക്... പക്ഷെ അമ്മ ഫോൺ നോക്കിയില്ല..."" പരിഭവത്തോടെ അമ്മേടെ കവിളിൽ മുത്തി... ""നേരം കിട്ടണ്ടേ... എല്ലാം കൂടെ ഒറ്റക്ക് ആവണില്ല മോളെ അമ്മക്ക്... ഇടക്ക് തോന്നും നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ന്ന്..."" അകത്തേക്ക് കയറി അമ്മേടെ കൂടെ...

അടുക്കളയിൽ എത്തിയപ്പോൾ നല്ല ചൂട് ആവി പറക്കണ പുട്ട് പാത്രത്തിലേക്ക് കുത്തി ഇടാനുള്ളത് അടുപ്പത്ത് ഉണ്ട്...കണ്മഷി മുടി വാരി കെട്ടി... കൈ കഴുകി... തുണി കൂട്ടി എടുത്ത് അവൾ പുട്ടും പാത്രത്തിൽ നിന്ന് പുട്ട് പ്ലേറ്റിലേക്ക് ഇട്ടു... ""വായില് വെള്ളം വരണിണ്ട് അമ്മ...എന്ത് നല്ല മണം ആണ്..."" ആഞ്ഞു ശ്വസിച്ചു കൊണ്ട് അവൾ ഒരു പിടി എടുത്ത് വായിലിട്ടു... ""അപ്പുറത്തെ പാത്രത്തിൽ കടലകറിയുണ്ട്... അതും കൂട്ടി കഴിക്ക് കുഞ്ഞാ...കുളിച്ചതല്ലേ നീയ്... ഇന്ന് ഒരിക്കലാണ്... നാളെ ബലി ഇടാൻ പോവാനുള്ളതാണ്... "" അമ്മ പറഞ്ഞപ്പോൾ അതേ എന്ന് തലയാട്ടി...പുട്ടും കഴിച്ച്... അമ്മക്കൊപ്പം അവളും വീട് വിട്ടിറങ്ങി... ""നിനക്ക് അവിടെ നിന്നോടായിരുന്നോ മോളെ..."" അമ്മേടെ കൂടെ വരുന്നത് കണ്ടപ്പോൾ അമ്മ അവളെ നോക്കി ചോദിച്ചു... ""രണ്ടീസം അമ്മേടെ കൂടെ നിക്കണം ന്നിണ്ട്...അവിടെ നിന്നാ വൈകുന്നേരം വരെ ഞാൻ അമ്മിണിനോട്‌ ഒറ്റക്ക് ഓരോന്ന് പറഞ്ഞ് ഇരിക്കേണ്ട വരും....ഇതാവുമ്പോ ഞാൻ ഉച്ചക്ക് അമ്മിണിക്ക് ഉള്ള പുല്ലും കാടിവെള്ളവും കൊണ്ട് വന്നു കൊടുത്തോളം ഞാൻ..."" അമ്മേടെ കൂടെ നിന്ന് പറഞ്ഞപ്പോൾ അമ്മ പുഞ്ചിരിയോടെ നോക്കി അവളെ...

ശരിയാണ് പോയി കഴിഞ്ഞാൽ ഇനി എത്ര നാൾ കഴിഞ്ഞിട്ടാണ് വരുക...ഓരോന്ന് സംസാരിച്ചു ഇരുവരും മഠശ്ശേരിയുടെ വാതിൽക്കൽ എത്തിയപ്പോൾ... ഇന്ദു ഉണ്ടായിരുന്നു മുറ്റത്ത്... ""ഹാ... ചേച്ചി എപ്പോ വന്നു??"".. കണ്മഷിയെ കണ്ടപാടെ ഇന്ദു പുഞ്ചിരിയോടെ ചോദിച്ചു... തറവാട്ടിലേക്കുള്ള പാല് കൊണ്ട് വന്നതാണ് ഇന്ദു... ""ഞാൻ രാവിലെ വന്നു മോളെ...""സ്നേഹത്തോടെ അവളെ നോക്കി... നോട്ടത്തിലും ഭാവത്തിലും അവളിൽ വല്ലാത്ത മാറ്റം വന്നത് പോലെ... പഴയ ചുറുചുറുപ്പില്ല... നിറം വറ്റിയ കണ്ണുകൾ... പക്ഷെ തോറ്റു കൊടുക്കില്ല എന്നപോലെയുള്ള ആത്മവിശ്വാസം കൈ വന്നിരിക്കുന്നു അവൾക്ക്... ""വൈകിട്ട് ഞാൻ വീട്ടിലേക്ക് വരാം..."" അവൾക്ക് സമയം വിലപ്പെട്ടതാണ്... പോയിട്ട് വേണ്ടി വരും കടകളിൽ പാല് കൊടുക്കുവാൻ... താൻ ആയിട്ട് അവളുടെ ജോലിക്ക് തടസ്സം നിൽക്കരുത് എന്ന് വിചാരിച്ച് കൊണ്ട് പറഞ്ഞു... അവളെ പറഞ്ഞയച്ചു കൊണ്ട് വീട്ടിലേക്ക് കയറി... രാവുവച്ചൻ രാവിലെ തന്നെ കരയോഗം കൂടാൻ പോയി...

ഇനി വൈകിട്ടത്തെ ചായ കുടിച്ച് പിരിയുമ്പോളെ ആളെ കാണാൻ പോലും കിട്ടുള്ളു... സുഭദ്രാമ്മ അടുക്കളയിൽ ഉണ്ട്... രാവിലെ എഴുന്നേറ്റ് കുളിച്ചു ഡ്രസ്സ്‌ മാറി നേരെ വീട്ടിലേക്ക് പോയതാണ്... അമ്മയെ കാണാനുള്ള തിരക്കിൽ സുഭദ്രയമ്മയുടെ കൂടെ രാവിലത്തേത് ഉണ്ടാക്കാൻ സഹായിച്ചില്ല... അമ്മയാണെങ്കിൽ... അച്ഛന്റെ ആണ്ട് അല്ലെ... വീടെല്ലാം അടിച്ചു വൃത്തിയാക്കാൻ വീട്ടിൽ നിന്നതാണ്.... പണ്ട് താൻ ഉള്ളപ്പോൾ എല്ലാം പെട്ടെന്ന് കഴിയും... പക്ഷെ ഇപ്പോൾ എല്ലാം ഒറ്റക്കല്ലേ.... അതിന്റെ ബുദ്ധിമുട്ട് ഉണ്ട്... ""നീയിത് കൊണ്ടോയി കൊടുക്ക് മോളെ രുദ്രന്..."" അടുക്കളയിലേക്ക് ചെന്നതും സുഭദ്രാമ്മ കയ്യിൽ ഒരു കപ്പ്‌ വെച്ചു നീട്ടി... മടിയോടെ അമ്മയെ ഒന്ന് നോക്കി.... എവിടെ ആള് ഒന്നും അറിയുന്നില്ല എന്ന ഭാവത്തിൽ നിൽക്കുവാണ്... പതിയെ കപ്പ്‌ വാങ്ങി നേരെ... പിന്തിരിഞ്ഞു നടന്നു.... നടക്കുമ്പോൾ പിന്നിൽ നിന്ന് എന്തൊക്കെയോ അമ്മയും സുഭദ്രാമ്മയും പിറുപിറുക്കുന്നുണ്ട്... ഇനി എന്നെ പറ്റിയാണോ??

വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി...പടികൾ കയറി... രുദ്രേട്ടന്റെ മുറി മുകളിൽ ആണ്... അന്ന് ആക്‌സിഡന്റ് ഉണ്ടായപ്പോൾ ആളെ താഴേക്ക് മാറ്റിയതായിരുന്നു... ഇപ്പോൾ എല്ലാം ഒക്കെ ആയപ്പോൾ വീണ്ടും മുകളിൽ തന്നെ വേണം എന്ന് വാശി പിടിച്ചത് കൊണ്ടാണ് സുഭദ്രാമ്മ ആൾക്ക് മുകളിൽ മുറി ശരിയാക്കി കൊടുത്തത്....പടികൾ കയറി ചെല്ലുമ്പോൾ... മുറി പാതി ചാരി ഇട്ടിട്ടുള്ളു... കട്ടിലിൽ പോത്ത് പോലെ കിടന്നുറങ്ങുന്നുണ്ട്.... മേശമേൽ കപ്പ്‌ വെച്ച്... ചുറ്റുമൊന്ന് കണ്ണോടിച്ചു... എല്ലാം പഴയ പോലെ തന്നെ... ഒരു മാറ്റാവുമില്ല... ആൾടെ ബുക്ക് വെച്ച ഷെൽഫ് ഒക്കെ അതേ പടി വെച്ചിട്ടുണ്ട്... കട്ടിലിൽ നോക്കുമ്പോൾ... ഒരു ബുക്ക്‌ പാതി തുറന്ന് കിടക്കുന്നു...അതിന്റെ മുകളിൽ കയ്യൊക്കെ വെച്ചാണ് പുള്ളി കിടക്കുന്നത്... വായിച്ചു കൊണ്ടിരിക്കുമ്പോൾ ഉറങ്ങി പോയതാവും എന്ന് മനസ്സിലായി.... ""പ്രകടമാവാത്ത സ്നേഹ നിരർത്ഥകമാണ്... പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും...."" -

മാധവി കുട്ടി തുറന്ന ബുക്കിലെ വരികൾ കാണെ അവളിൽ ചിരി വിരിഞ്ഞു.. പതിയെ ബുക്ക് എടുത്ത് മടക്കി വെച്ച് ആളെ തട്ടിയുണർത്തി... ""രുദ്രേട്ടാ.. എണീറ്റെ....'" അവനെ വിളിച്ചു എണീച്ചപ്പോൾ... ഉറക്കചടവോടെ കണ്ണുകൾ ചിമ്മി തുറന്ന് ആള് ചുറ്റും നോക്കുന്നുണ്ട്... ""നീയെന്താടി ഇവിടെ...??"" കണ്മഷിയെ കണ്ടതും ആൾക്ക് റിലേ മൊത്തം പോയി... രണ്ട് സെക്കന്റ്‌ കഴിഞ്ഞാണ് വീട്ടിലാണ് എന്നുള്ള ബോധം വന്നത് രുദ്രന്... അവൻ എണീറ്റ് അവളെ നോക്കി... കയ്യിൽ കപ്പ് ഒക്കെ പിടിച്ചു നിൽക്കുന്ന അവളെ സംശയത്തോടെ നോക്കി... ""എന്താ അന്തം വിട്ട് നോക്കുന്നെ... ന്നാ ചായ കുടിക്ക്.... ന്നിട്ട് വേഗം താഴോട്ട് വാ... നേരം എത്രയായി ന്നാ വിചാരം...."" അവൾ ബെഡിന്റെ അരികിലായുള്ള ടേബിളിൽ കപ്പ്‌ വെച്ച്... ബുക്ക് എടുത്ത് ഷെൽഫിൽ വെച്ചു... ""വേഗം താഴോട്ട് വന്നോണം... ഇനീം കിടക്കാൻ നിക്കണ്ട.... ഇത് ബാംഗ്ലൂർ അല്ല...""അവൻ ചായ ഗ്ലാസ്‌ ചുണ്ടോട് അടുപ്പിച്ച് ഒരിറുക്ക് കുടിക്കുമ്പോൾ വീണ്ടും അവൾ വിളിച്ചു പറഞ്ഞ് കൊണ്ട് താഴോട്ട് ഇറങ്ങി പോയി..

അവൻ പെട്ടന്ന് തന്നെ എണീറ്റ് ഫ്രഷ് ആവാനായി കയറി.... അൽപനേരം കഴിഞ്ഞു താഴോട്ട് ചെല്ലുമ്പോൾ... അടുക്കളയിൽ അമ്മമാരോട് കോളേജ് വിശേഷം പറഞ്ഞു ഇരിക്കുവാണ്‌ കണ്മഷി... റൂം മേറ്റ്സ് നോർത്ത് ഇന്ത്യൻസ് ആണ് ന്നും... അവരോട് വർത്താനം പറഞ്ഞ് ഇംഗ്ലീഷ് ഒക്കെ നാലോണം പഠിച്ചു ന്നൊക്കെ തട്ടി വിടുന്നത്... അവൾ കാണാതെ വാതിൽക്കൽ നിന്ന് രുദ്രൻ കേൾക്കുന്നുണ്ട്... ""എന്റെ പൊന്ന് ദേവുമ്മ... ചുമ്മാ തള്ളി വിടുവാ... ആ കൊച്ചുങ്ങൾ ആംഗ്യഭാഷ കാണിച്ചാ ഇവളോട് വല്ലതും പറയുന്നേ... ഇവൾ ആണെങ്കിൽ തിരിച്ചും അങ്ങനെ തന്നെയാ.. എന്നിട്ട് ഇംഗ്ലീഷ് പഠിച്ചു ന്ന്..."" അവൻ പുച്ഛത്തോടെ ഗ്ലാസ്‌ അടുക്കള ബേസിനിൽ വെച്ച് തിരിഞ്ഞു നടന്നു... ""ആ ഏട്ടൻ അങ്ങനെ പലതും പറയും അമ്മ... ഞാൻ അവിടെ ഇരുന്ന് കഷ്ടപ്പെട്ട് പഠിച്ചത് പിന്നെ ഇംഗ്ലീഷ് അല്ലാതെ പിന്നെ... രുദ്രേട്ടനാണെങ്കിൽ പിന്നെ വരും കോളേജിലോട്ട് എന്റെ ടീച്ചർമാരെ ലൈൻ അടിക്കാൻ.... പേരിന് എന്നെ കാണാൻ ആണ്...

എന്നിട്ട് കണ്ണിൽ കണ്ട പെൺപിള്ളേരെ മൊത്തം വായ്നോക്കൽ ആണ് പരിപാടി...""" അവൾ അതേ ലൈനിൽ തിരിച്ചു കൊട്ടിയപ്പോൾ... രുദ്രൻ അവളെ കണ്ണുരുട്ടി കാണിച്ചു... ""ഈ കുരുപ്പ് ഇന്ന് എന്റെ കയ്യിൽ ന്ന് മേടിക്കും..."" അവൾ അവിടെ കറിക്ക് അറിയാൻ വെച്ച മുരിങ്ങക്കോൽ കയ്യിൽ കിട്ടിയപ്പോൾ... അതും വെച്ച് അവളുടെ പിന്നാലെ ഓടി... ""നിക്കടി അവിടെ..."" അവൻ പറഞ്ഞപ്പോൾ അതിലേറെ സ്പീഡിൽ അവൾ പുറത്തേക്ക് ഓടി... ""ഈ കുട്ട്യോൾ എന്താ ഈ കാട്ടണേ..."" സുഭദ്രാമ്മ ചിരിയോടെ പറഞ്ഞപ്പോളേക്കും ഇരുവരും മുറ്റത്ത് എത്തിയിരുന്നു... സൈഡിലെ ചാമ്പമരത്തിന്റെ ചോട്ടിൽ എത്തിയപ്പോൾ അവൾ കിതപ്പോടെ അവനോട് നിൽക്കാൻ പറഞ്ഞു...അവനും പുഞ്ചിരിയോടെ അവളെ നോക്കി... ""നീ എന്തൊക്കെ തോന്നിവാസ അവിടെ പറഞ്ഞെ...കുരുട്ടടക്കെ..."" അവളുടെ ചെവിയിൽ പിടിച്ചു തിരിച്ചപ്പോൾ അവൾ വേദന കൊണ്ട് അലറി... ""ആാാ... ന്നെ വിട് രുദ്രേട്ടാ... ഞാൻ ഒച്ച വെക്കും ട്ടോ...""

""ഞാൻ പറഞ്ഞതിൽ ആണോ കുറ്റം... നിങ്ങൾ ആ മാമിനെ നോക്കിയത് കൊണ്ടല്ലേ ഞാൻ അത് പറഞ്ഞെ..."" അവൾ ചുണ്ട് കോട്ടി... ""എടി അത് ഞാൻ വായ്നോക്കിയത് ആണോ??"".. അവൻ വിടാൻ ഭാവമില്ല... അവസാനം തല്ല് രണ്ട് ചാമ്പക്ക തിന്ന് തീർത്തു രണ്ട് പേരും കൂടെ... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ഡയാനയെ റൂമിൽ ആക്കി.... അന്ന് ഫുൾ ഡ്യൂട്ടി ആദി ഏറ്റെടുത്തിരുന്നു... അവളെ അനങ്ങാൻ സമ്മതിക്കാതെ സോഫയിൽ ഇരുത്തി... പണികൾ മുഴുവൻ ആദി ചെയ്തു... ഉച്ചക്കുള്ള ഭക്ഷണം വിളമ്പി അവളോട് വന്നിരിക്കാൻ പറഞ്ഞപ്പോൾ.... അവൾ ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന രീതിയിൽ അവനെ നോക്കി... ""നിനക്ക് ഭ്രാന്താണ് ആദി... ചുമ്മാ ഇതെല്ലാം ഉണ്ടാക്കി വെറുതെ നേരം കളഞ്ഞു..."" ഡയാന ശാസിച്ചു.... മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി ആദി.... കഴിക്കാൻ പറഞ്ഞപ്പോൾ അവൾ പതിയെ സ്പൂൺ വെച്ച് കഴിക്കാൻ തുടങ്ങി... ""ആഹാ... നല്ല രുചിയുണ്ടല്ലോ..."" അവൾ കണ്ണടച്ച് ആസ്വദിച്ചു കഴിച്ചു തുടങ്ങിയിരുന്നു.... ""ആഹ്... രുചിയൊക്കെ ഉണ്ടാവും... ഞാനല്ലേ ഉണ്ടാക്കിയെ..."" അവൻ സ്വയം കോളർ ഒന്ന് പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു... ""ഉവ്വ്..."" അവൾ ചിരിച്ചു..

. ""ആരാ ഇതൊക്കെ ഉണ്ടാക്കാൻ പഠിപ്പിച്ചേ??"" അവൾ ഇടംകണ്ണിട്ട് നോക്കി... ""അമ്മയാണ്... തനിക്ക് അമ്മയെ കാണണ്ടേ??"" അവൻ ആവേശത്തോടെ ചോദിച്ചു... ""മ്മ്... വേണം..."" അവളിൽ സ്നേഹം നിറഞ്ഞു... ""തന്നെ അമ്മ കണ്ടിട്ടുണ്ട്... ഒരിക്കൽ ഞാൻ ഓഫീസ് കാണിച്ചു കൊടുത്തപ്പോൾ കാണിച്ചു കൊടുത്തിരുന്നു... ഇനി നാട്ടിൽ പോവുമ്പോൾ കൂടെ വരണം... കാണിക്കാം ഞാൻ..."" അവൻ നിസാരമായി പറയുന്നത് കേട്ടപ്പോൾ അവൾ അത്ഭുതത്തോടെ അവനെ നോക്കി... താൻ ഒരിക്കൽ പോലും അമ്മയെ പറ്റി ചോദിച്ചിട്ടില്ല എന്ന് ജാള്യതയോടെ ഓർത്തു...""ആദിയുടെ അച്ഛൻ??"".. അവൾ എടുത്തു ചോദിച്ചു... ""ഇല്ല... ചെറുപ്പത്തിൽ രണ്ട് പേരൂടെ ഡിവോഴ്സ് ആയതാണ്... അമ്മ റിട്ടയർഡ് ടീച്ചർ ആണ്.... അച്ഛൻ പോസ്റ്റ്‌മാനും ആയിരുന്നു... എനിക്ക് പതിനഞ്ച് വയസ് ആയപ്പോൾ ആയിരുന്നു..."" ഇഷ്ടമില്ലാതെ പറയുന്ന പോലെ തോന്നിയപ്പോൾ അവൾ ആ സംസാരം നിർത്തി... ""ഇനി ഒരു പെണ്ണൊക്കെ നോക്കണ്ടേ നമുക്ക്..."" അവൾ വിഷയം മാറ്റാൻ എന്നപോലെ അവൾ ചോദിച്ചു.... ""അപ്പോൾ എന്റെ മോൻ എന്ത് ചെയ്യും...??"" അവൻ തിരിച്ചു സംശയത്തോടെ നോക്കി... ""അച്ചു എന്റെ മോൻ അല്ലെ..."" അവൻ കണ്ണിറുക്കി...

അവളുടെ മുഖം വിവർണമായി... അവനോട് ഒന്നും ചോദിക്കേണ്ടി ഇരുന്നില്ല എന്ന് തോന്നി... ""അതൊക്കെ നേരാണ്... എങ്കിലും ആദി മറ്റൊരു വിവാഹം കഴിക്കണം... എന്നിട്ട് വേണമെങ്കിൽ... നിങ്ങൾ രണ്ട് പേരൂടെ എന്റെ അച്ചുകുട്ടനെ ദത്ത് എടുത്തോ... അപ്പോൾ അവന് അവന്റെ അച്ഛനെ കിട്ടില്ലേ..."" അവൾ ഉപായം കണ്ട് പിടിച്ച പോലെ പറഞ്ഞു... ""അപ്പോൾ അവന്റെ അമ്മയാവില്ലല്ലോ അത്.... അവന്റെ അമ്മ താനല്ലേ...??"" അവന്റെ ചോദ്യത്തിന് പതർച്ചയോടെ ഒന്ന് ചിരിച്ചു... അവളുടെ ഭാവമാറ്റം കണ്ടപ്പോൾ അവന് ശരിക്കും കൗതുകം തോന്നി... ""ഒരിക്കൽ ഒരു പെൺകുട്ടിയെ സ്നേഹിച്ചതാണ് ഡയാന ഞാൻ... ചെറുപ്പം മുതൽക്കേ ഉള്ളിൽ കൊണ്ട് നടന്ന ഇഷ്ടമായിരുന്നു അത്... അവൾ തന്നെ ഒരുപാട് വട്ടം വേണ്ടെന്ന് പറഞ്ഞിട്ടും... എനിക്ക് എന്തോ ആ ഇഷ്ടം മനസ്സിൽ ന്ന് മായ്ക്കാൻ കഴിഞ്ഞിരുന്നില്ല..."" അവൻ പറഞ്ഞ് തുടങ്ങിയപ്പോൾ എന്തോ... വല്ലാത്ത വീർപ്പുമുട്ടൽ പോലെ അവൾക്ക്... മറുപടി ഇല്ലാത്ത എന്തോ ഒന്ന് ചോദിക്കാൻ പോകുന്ന പോലെ... അവൻ തുടർന്നു....

""എന്റെ ഒരു ചീത്ത സ്വഭാവം ആണത്... ഇഷ്ടം തോന്നിയാൽ... പിന്നെ... മറക്കാൻ ബുദ്ധിമുട്ട് ആണ്... ആ പെൺകുട്ടിക്ക്മറ്റൊരു അവകാശി ഉണ്ടെന്ന് ബോധ്യപ്പെട്ടപ്പോൾ ആണ്.. മറക്കാനുള്ള ശ്രമം പോലും തുടങ്ങിയത് ഞാൻ... ഇപ്പോൾ പ്രണയം എന്ന് തോന്നുമ്പോൾ... ആ പെൺകുട്ടിയല്ല മനസിലേക്ക് ഓടി വരുന്നത്... പകരം.. "" അവൻ ഒന്ന് നിർത്തി അവളെതന്നെ നോക്കി... അസ്വസ്ഥതയോടെ അവൾ സ്പൂൺ പാത്രത്തിൽ ഇട്ട് ഇളക്കുകയാണ്... ""അച്ചു എന്റെ മോനാണ്... അവന്റെ അമ്മ താനും... ഇനി താൻ എനിക്ക് വേറെ ബന്ധങ്ങൾ ഒന്നും കൊണ്ട് വരണ്ട കേട്ടല്ലോ..."" കുസൃതിയോടെയുള്ള ആ വാക്കുകൾക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല... അവൾ ഒന്നും മിണ്ടാതെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി... 💠💠💠💠💠💠💠💠💠💠💠💠💠💠💠 വൈകിട്ട് അഞ്ചു മണിയോട് അടുത്തായപ്പോൾ ആണ് രാവുവച്ചൻ വീട്ടിലേക്ക് വന്നത്.. അദ്ദേഹം ഉള്ളിലേക്ക് കയറിയപ്പോൾ... കണ്മഷി സംഭാരം കൊണ്ട് കൊടുത്തു...

അദ്ദേഹത്തിന്റെ ശീലമാണ് അത്... എത്ര വൈകി എന്ന് പറഞ്ഞാലും വീട്ടിലേക്ക് വരുമ്പോൾ സംഭാരം.. അവളെ നോക്കി പുഞ്ചിരിയോടെ അത് വാങ്ങി കുടിച്ചു.... ദേവകിയമ്മയും കണ്മഷിയും വീട്ടിലേക്ക് പോകുവാൻ നിൽക്കുവാണ്.. പുലർച്ചെ പോകണം തിരുനാവായയിലേക്ക്... ബലി ഇട്ട് തിരിച്ചു വരുമ്പോൾ ഉച്ചയോടെ അടുത്ത് ആവും... രുദ്രനും രാവുവച്ചനും കൂടെ വരും... ""ആഹ് രണ്ടാളും പോവാൻ വരട്ടെ... എനിക്കൊരു കാര്യം പറയുനുണ്ട്..."" അദ്ദേഹം പാത്രം അവളുടെ കയ്യിൽ കൊടുത്ത്... ഗൗരവത്തോടെ പറയുന്നത് കേട്ടപ്പോൾ... അമ്മ സംശയത്തോടെ അദ്ദേഹത്തെ നോക്കി.... ""നീ പോയി രുദ്രനെ വിളിച്ചു വാ..."" സുഭദ്രയെ നോക്കി അദ്ദേഹം പറഞ്ഞപ്പോൾ കേട്ടവഴിയേ അവർ രുദ്രനെ വിളിക്കാൻ പോയി... ""എന്ത് പറ്റി അച്ഛാ??""... അവൻ മുറിയിൽ നിന്നിറങ്ങി വന്നു... അവർ രണ്ടാളും സംശയത്തോടെ അച്ഛനെ നോക്കി...എന്താണ് പറയുന്നത് എന്നറിയാനായി............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story