പാർവതി ശിവദേവം: ഭാഗം 32

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

ഓഫീസ് ഉള്ളതിനാൽ പാർവണയും രേവതിയും രാവിലെ നേരത്തെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി .ബസ്സിൽ ആണ് അവർ തൃശ്ശൂരിലേക്ക് വന്നത് . വീട്ടിൽ എത്തിയതും വേഗം റെഡിയായി ഓഫീസിലേക്ക് ഇറങ്ങി .ഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങുന്ന സമയം രേവതിയുടെ കണ്ണുകൾ ദേവയുടെ വീടിന്റെ ബാൽക്കണിയിലേക്ക് നീണ്ടിരുന്നു. പക്ഷേ അവിടെ ആരെയും കാണാത്തതിനാൽ അവളുടെ മുഖം മങ്ങിയിരുന്നു .അവരിരുവരും വേഗം തന്നെ ഓഫീസിലേക്ക് നടന്നു . ഓഫീസിലേക്ക് പോകാൻ ദേവ റെഡിയായി താഴേക്ക് വന്നപ്പോൾ ഭക്ഷണം കഴിക്കാനായി ശിവ ഡൈനിംഗ് ടേബിളിൽ അവനെ കാത്തിരിക്കുകയായിരുന്നു .ദേവ കൂടി വന്നതും അമ്മ അവർക്കുള്ള ഭക്ഷണം എടുത്തുവെച്ചു . ദേവിയുടെ പ്ലേറ്റിലേക്ക് ദോശയും ചമ്മന്തിയും ഒഴിച്ചുകൊടുത്തു .ശിവയ്ക്ക് അവൻ സ്ഥിരം കഴിക്കാറുള്ള.Pasta.,Tortellini salad and kway chap അമ്മ റെഡിയാക്കി വെച്ചിരുന്നു. " നിനക്ക് മനുഷ്യന്മാർ കഴിക്കുന്ന ഭക്ഷണം വല്ലതും കഴിച്ചോടെ ശിവ. അവനും ഉണ്ട് അവൻ്റെ കുറേ പൂവും കായും ഇലയും ഒക്കെയുള്ള ഒരു ഭക്ഷണവും ഉണ്ട്.

ഇതൊക്കെ നീ എങ്ങനെയാ കഴിക്കുന്നേ "ശിവ കഴിക്കുന്നത് കണ്ട് ദേവ അത്ഭുതത്തോടെ ചോദിച്ചു . "നിനക്കെന്താ ദേവാ അവന് ഇഷ്ടമുള്ളത് അവൻ കഴിക്കട്ടെ." അമ്മ ശിവയുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു. ഭക്ഷണം കഴിച്ചു കഴിഞ്ഞതും അവർ ഇരുവരും ഓഫീസിലേക്ക് ഇറങ്ങി. ദേവ ആയിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്നത് . "ദേവാ ഞാൻ ഇന്നലെ പറഞ്ഞ കാര്യം നീ മറക്കണ്ട .രേവതിയോട് പറയാനുള്ള കാര്യങ്ങൾ ഇന്ന് തന്നെ തുറന്നുപറയണം. വെറുതെ വച്ച് നീട്ടണ്ട "ശിവ ദേവയെ നോക്കി പറഞ്ഞു മറുപടിയായി ദേവാ ഒന്ന് മൂളുക മാത്രം ചെയ്തു . "ശിവ ഞാൻ പറഞ്ഞ കാര്യം നീയും മറക്കരുത് ഒരു കാരണവശാലും നീ പാർവണ നിന്നെ കാലൻ എന്ന് വിളിക്കുന്ന കാര്യം അവളോട് ചോദിക്കരുത്. കാരണം നീയത് അവളോട് ചോദിച്ചാൽ രേവതി അതറിയും. അവൾ ഇന്നലെ എന്നോട് പറയരുത് എന്നു പറഞ്ഞിട്ട് ഞാൻ അത് പറഞ്ഞാൽ അവൾക്കു...." ദേവ പകുതി പറഞ്ഞു നിർത്തി. " സത്യത്തിൽ ഞാൻ ആ കാര്യം മറന്നിരിക്കുകയായിരുന്നു. നീയാണ് എന്നെ ഓർമിപ്പിച്ചത് .എന്തായാലും നീ പേടിക്കേണ്ട ഞാൻ അവളോട് ഇക്കാര്യത്തെക്കുറിച്ച് ചോദിക്കില്ല."

ശിവ സീറ്റിലേക്ക് തല ചാരി വെച്ചുകൊണ്ട് പറഞ്ഞു .ശേഷം കണ്ണുകളടച്ച് കിടന്നു . "അപ്പോൾ ആ ബുക്കിൽ എഴുതിയിരുന്നകാലൻ ഞാനായിരുന്നോ.അപ്പോ അവളുടെ പ്രിയപ്പെട്ടവരിൽ ഞാനും പെടുമോ" ശിവ പെട്ടെന്ന് എന്തോ ഓർത്ത് പോലെ കണ്ണുകൾ തുറന്നു സീറ്റിൽ നിന്നും ഞെട്ടി എഴുന്നേറ്റു . "എന്താ ശിവ എന്താ പറ്റിയെ "ദേവാ സംശയത്തോടെ ചോദിച്ചു . "ഒന്നുമില്ല ഞാൻ പെട്ടെന്ന് എന്തോ ഓർത്തപ്പോ ചാടിയെഴുന്നേറ്റതാ." ശിവ അതുപറഞ്ഞ് വീണ്ടും സീറ്റിലേക്ക് ചാരികിടന്നു. എന്നാലും ഞാൻ എങ്ങനെ അവളുടെ സ്പെഷ്യൽ പേഴ്സൺ എന്ന ലിസ്റ്റിൽ പെട്ടു. സത്യത്തിൽ ഞാനവളുടെ ശത്രുവല്ല. പിന്നെന്താ ഇങ്ങനെ ...ആവോ എന്തെങ്കിലുമാവട്ടെ എനിക്കെന്താ." ശിവ സ്വയം പറഞ്ഞുകൊണ്ട് കണ്ണുകളടച്ച് ഇരുന്നു. അപ്പോഴേക്കും ഓഫീസ് എത്തിയിരുന്നു . "ദേവാ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട." അത് പറഞ്ഞ് ശിവ കാറിൽ നിന്നും ഇറങ്ങി. ദേവ കാർ പാർക്ക് ചെയ്യാനായി പാർക്കിംഗ് ഏരിയയിലേക്ക് പോയി . രേവതി ദേവയുടെ ക്യാബിനിൽ എത്തുമ്പോൾ ദേവ വന്നിട്ടുണ്ടായിരുന്നില്ല. അവൾ ടേബിളിൽ ഉള്ള ഫയലുകൾ എല്ലാം ഒന്ന് ഒതുക്കി വെച്ച് തന്റെ സീറ്റിൽ ചെന്ന് ഇരുന്നു. ശേഷം ലാപ്ടോപ്പ് ഓൺ ചെയ്തു ദേവയുടെ ഇന്നത്തെ പ്രോഗ്രാം ചാർട്ട് ചെയ്യാൻ തുടങ്ങി.

അപ്പോഴായിരുന്നു ദേവ അവിടേയ്ക്ക് വന്നിരുന്നത് . അവൻ രേവതിക്ക് നിറഞ്ഞ ഒരു പുഞ്ചിരി നൽകി .അവളും തിരിച്ച് പുഞ്ചിരിച്ചുകൊണ്ട് അവനെ വിഷ് ചെയ്തു. "ഗുഡ് മോർണിംഗ് സാർ " "ഗുഡ്മോർണിംഗ്"അത് പറഞ്ഞ് അവൻ തന്റെ ചെയറിൽ ചെന്ന് ഇരുന്നു . ശിവ പറഞ്ഞപോലെ ഇവളോട് എന്റെ മനസ്സിൽ ഉള്ളത് തുറന്നു പറയണം .ഇനി തുറന്ന് പറഞ്ഞാൽ ചിലപ്പോൾ ഇപ്പോൾ ഉള്ള ഒരു അടുപ്പം കൂടി ഇല്ലാതാകുമോ . ദേവ രേവതിയുടെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് ആലോചിച്ചു. " എന്താ സാർ എന്തെങ്കിലും ആവശ്യമുണ്ടോ" അവന്റെ കണ്ണിമവെട്ടാതെയുള്ള നോട്ടം കണ്ടു രേവതി സംശയത്തോടെ ചോദിച്ചു. പക്ഷേ ചിന്തയിൽ ഇരിക്കുന്ന ദേവ അതൊന്നും കേട്ടിരുന്നില്ല . "സാർ"രേവതി ടേബിളിൽ കൈ തട്ടി കൊണ്ട് വിളിച്ചപ്പോഴാണ് ദേവയും ചിന്തയിൽ നിന്ന് ഉണർന്നത്. "എന്താ രേവതി എന്താ കാര്യം." അവൻ പരിഭ്രമത്തോടെ ചോദിച്ചു . "അതു തന്നെയാ എനിക്കും ചോദിക്കാനുള്ളത്. എന്റെ മുഖത്ത് തന്നെ നോക്കി കൊണ്ടിരിക്കുന്നത് കണ്ട് ഞാൻ എന്താ കാര്യം എന്ന് ചോദിച്ചിട്ട് സാർ ഒന്നും പറയുന്നുമില്ല "

"അത് ഞാൻ ഒരു മീറ്റിങ്ങിന്റെ കാര്യം.... അല്ല ഒരു സ്ഥലം വരെ പോകുന്ന കാര്യം ആലോചിച്ചതാ" ദേവ ഒരു പതർച്ചയോടെ പറഞ്ഞു. മറുപടിയായി രേവതി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തന്റെ ജോലിയിലേക്ക് ശ്രദ്ധതിരിച്ചു . രാവിലത്തെ ബ്രേക്ക് ടൈം കഴിഞ്ഞ് രേവതി ക്യാബിനിലേക്ക് എത്തുമ്പോൾ ദേവ എങ്ങോട്ടോ പോകാൻ നിൽക്കുയായിരുന്നു. " രേവതി നമുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്. തനിക്ക് പ്രോബ്ലം ഒന്നും ഇല്ലല്ലോ. വൺ ഹവർ അതിനുള്ളിൽ പോയി വരാം." ദേവാ അവളെ നോക്കി പറഞ്ഞു . "Ok sir" രേവതി പുഞ്ചിരിയോടെ പറഞ്ഞു. " എന്നാൽ നമുക്ക് ഇപ്പൊ തന്നെ ഇറങ്ങാം. അത് പറഞ്ഞു ദേവ കാറിന്റെ കീയും എടുത്തു പുറത്തേക്കു നടന്നു .അവനു പിന്നാലെ ആയി തന്നെ രേവതിയും . "വൺ മിനിറ്റ്.ഞാൻ ഇപ്പോൾ വരാം "അത് പറഞ്ഞു ദേവ നേരെ ശിവയുടെ ക്യാബിനിലേക്ക് നടന്നു . "ശിവാ... ദേവ ഒരു ടെൻഷനോടെ ശിവയുടെ ക്യാബിന്റെ ഡോർ തുറന്നു കൊണ്ട് അകത്തേക്ക് കയറി . അവന്റെ വരവ് കണ്ടു ശിവയും ഒന്ന് ഞെട്ടി . "എന്താടാ ...നീ എന്താ ഇങ്ങനെയൊക്കെ ടെൻഷനടിച്ച് വരുന്നേ. എന്താ കാര്യം'

ശിവ ആകാംക്ഷയോടെ ചോദിച്ചു . "എടാ ഞാൻ രേവതിയോട് പറയാൻ പോവുകയാ. പക്ഷേ ഇവിടെവെച്ച് അല്ലാ മറ്റൊരു സ്ഥലത്ത് വെച്ച് .എനിക്കെന്തോ ടെൻഷൻ പോലെ ഇനി അവൾ എങ്ങനും no പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും ശിവ" "നീ ഇങ്ങനെ ടെൻഷൻ ആവാതെ. ദേവാ എനിക്ക് തോന്നുന്നത് രേവതിക്ക് നിന്നെ ഇഷ്ടമാണ് എന്നാണ്. അതുകൊണ്ട് നീ ധൈര്യമായിട്ട് പ്രെപ്പോസ് ചെയ്തോ. ഇനി അവൾ no എന്നാണ് പറയുന്നത് എങ്കിലും നീ പേടിക്കേണ്ട. കാരണം പെട്ടെന്ന് ഇങ്ങനെ ഒരു കാര്യം കേൾക്കുമ്പോൾ അവൾക്ക് അത് accept ചെയ്യാൻ പറ്റി എന്ന് വരില്ല. അതുകൊണ്ട് അതിനെ കുറിച്ച് ആലോചിക്കാൻ നീ കുറച്ച് സമയം കൊടുത്താൽ മതി. ശരിക്ക് ആലോചിച്ച് ഒരു ഉത്തരം തരാൻ പറയാം അതാണ് നല്ലത്." ശിവ ഉപദേശ പൂർവ്വം അവനോട് പറഞ്ഞു . "ശരി ഡാ .എന്നാൽ ഞാൻ പോയി വരാം" " ബെസ്റ്റ് ഓഫ് ലക്ക് മാൻ "ശിവ ഒരു കള്ളച്ചിരിയോടെ പറഞ്ഞു ദേവയെ നോക്കി കണ്ണിറുക്കി കാണിച്ചു . അതുകണ്ട് ദേവാ അവനെ ഒന്ന് തുറിച്ചു നോക്കിയശേഷം എഴുന്നേറ്റ് പുറത്തേക്ക് പോയി. "പോകാം "രേവതിയെ നോക്കി പറഞ്ഞുകൊണ്ട് ദേവാ നേരെ വീട്ടിലേക്ക് പോയി . "നമ്മൾ എങ്ങോട്ടാ സാർ പോകുന്നേ" ഡ്രൈവിങ്ങിനിടയിൽ രേവതി സംശയത്തോടെ ചോദിച്ചു .

"കുറച്ച് സ്പെഷ്യൽ ആയ ഒരു സ്ഥലമാണ് ആ സ്ഥലം .തനിക്ക് എന്തായാലും ഇഷ്ടപ്പെടും. അതെനിക്ക് ഉറപ്പാണ് "ദേവ അത് പറഞ്ഞതും പിന്നീട് രേവതി ഒന്നും ചോദിക്കാൻ പോയില്ല. കാർ കുറച്ച് മുന്നോട്ടു പോയതും സിറ്റിയുടെ തിരക്കിൽ നിന്നും ഒഴിഞ്ഞ ഒരു ഗ്രാമപ്രദേശത്തേലേക്ക് കടന്നു . റോഡിന്റെ ഇരുവശവും പാടവും നടുവിലൂടെ ഒരു ചെറിയ റോഡും. റോഡ് ചെന്ന് അവസാനിച്ചത് ഒരു വീടിന്റെ പടിപ്പുരയിൽ ആണ് . ദേവ കാർ നിർത്തി പുറത്തേക്ക് ഇറങ്ങി.രേവതി എന്ത് ചെയ്യണമെന്നറിയാതെ സംശയത്തോടെ കാറിൽ തന്നെ ഇരുന്നു. " താനെന്താടോ കാറിനുള്ളിൽ തന്നെ ഇരിക്കുന്നേ. പുറത്തേക്കിറങ്ങി വാ.." ദേവ അതു പറഞ്ഞതും അവൾ ചെറിയ ഒരു മടിയോടെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. വയലിൽ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റ് ഇരുവരെയും ഒന്ന് തഴുകി പോയി "വാ .."അതുപറഞ്ഞ് ദേവസ്റ്റെപ്പുകൾ കയറി പഠിപ്പുര വാതിൽ തുറന്നു. ആ വാതിൽ തുറന്നതും ഉള്ളിലെ നാലുകെട്ട് വീട് കണ്ടു രേവതിയുടെ കണ്ണുകൾ വിടർന്നു. തികച്ചും പരമ്പരാഗതമായി പണികഴിപ്പിച്ച ഒരു നാലുകെട്ട് വീടായിരുന്നു അത്. ദേവ മുന്നോട്ടു നടന്നതും രേവതിയുടെ കാലുകളും യാന്ത്രികമായി അവനു പിന്നാലെ ചലിച്ചു. പടിപ്പുര കടന്ന് അകത്തേക്ക് കയറുമ്പോൾ വിശാലമായ ഒരു മുറ്റം .

ആ മുറ്റത്തിന് നടുവിലായി ഒരു തുളസിത്തറ . ആ വീട് കാണുമ്പോൾ തന്നെ ആൾതാമസമില്ലാത്ത ഒരു വീടാണ് എന്ന് തോന്നുന്നുണ്ട്. പക്ഷേ വീടും പരിസരവും നല്ല വൃത്തിയിൽ തന്നെ സൂക്ഷിക്കുന്നുണ്ട്. അവൾ ദേവക്കൊപ്പം മുന്നോട്ടു നടന്നു . രേവതി മുന്നോട്ടു നടക്കുന്നതിനൊപ്പം തന്നെ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി .നല്ല ഭംഗിയുള്ള നാലുകെട്ട് വീട് .താഴത്തെ നിലയിൽ വിശാലമായ പൂമുഖം. തൂണുകളും തിണ്ണയും മരം കൊണ്ടുള്ള കൊത്തുപണികളും എല്ലാം കൊണ്ടും ആ വീട് മൊത്തത്തിൽ കാണാൻ വളരെ മനോഹരമായിരുന്നു . ദേവ കുറച്ച് മുന്നോട്ട് നടന്ന് കൈകൾ കെട്ടി വീട്ടിലേക്ക് തന്നെ നോക്കി നിന്നു . "നമ്മൾ എന്തിനാ ഇവിടെ വന്നിരിക്കുന്നത്.ഇത് ആരുടെ വീടാ "രേവതി സംശയത്തോടെ ചോദിച്ചു . "ഇത് ഞാൻ വാങ്ങിച്ച വീടാണ് .ഒരു മാസമേ ആയിട്ടുള്ളൂ. ജപ്തിയുടെ വക്കിൽ ആയിരുന്നു അതുകൊണ്ട് ഞാൻ വാങ്ങി " ദേവ വീട്ടിലേക്ക് തന്നെ നോക്കി കൊണ്ട് പറഞ്ഞു. " പക്ഷേ നമ്മൾ എന്തിനാ ഇവിടേക്ക് വന്നിരിക്കുന്നത് " 'പറയാം താൻ വാ." അതുപറഞ്ഞ് ദേവ ആ വീടിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് പോയി.

അവിടെ ചെറിയ ഒരു കുളവും അതിനോടു ചേർന്നു ഒരു ചെറിയ മരവും നിൽക്കുന്നുണ്ട്. ദേവ അവിടേക്ക് നടന്ന് ആ മരത്തിൽ നിന്നും ഒരു പൂ പറിച്ചു ശേഷം അത് ഒന്നു മണത്തു നോക്കി .ആ സമയം വീണ്ടും അവരെ ഒരു കാറ്റ് തഴുകി പോയി .അവിടം ഒരു പ്രത്യേക മണം നിറഞ്ഞു നിൽക്കുന്ന പോലെ രേവതിയ്ക്ക് തോന്നി . അവൾ കണ്ണുകളടച്ച് ആ മണം ഒന്നുകൂടി സശ്വാസ്സിച്ചു. "ഇതെന്താ ഒരു പ്രത്യേക മണം" രേവതി കണ്ണുതുറന്ന് സംശയത്തോടെ ചോദിച്ചു. " അത് പാരിജാതത്തിന്റെ മണമാണ്.അത് കാറ്റുവീശുമ്പോൾ ഇങ്ങനെ അന്തരീക്ഷത്തിൽ മുഴുവൻ പടരും. ഒരു പ്രത്യേക മണമാണ് " അത് പറഞ്ഞ് ദേവ മുന്നോട്ട് നടന്നു .അവൻ കുളപ്പടവിൽ ആയി ആയിരുന്നു . "പാരിജാതമോ അതെന്താ" രേവതി വീണ്ടും സംശയത്തോടെ ചോദിച്ചു കൊണ്ട് ദേവയുടെ അരികിൽ വന്നിരുന്നു. അരികിൽ എന്നു പറഞ്ഞാൽ അത്ര അരികിൽ അല്ലാ. കുറച്ച് ഡിസ്റ്റൻസ് ഉണ്ട്. എന്നാൽ ദേവ മറുപടി പറയാതെ തന്റെ കയ്യിലെ പൂ അവൾക്ക് നേരെ നീട്ടി. രേവതിയാണെങ്കിൽ ഒന്നും മനസ്സിലാവാതെ ദേവയേയും ആ പൂവിയിലേക്കും മാറി മാറി നോക്കി .

" ഇതാണ് പാരിജാതം "ദേവ പൂവിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു .അവൾ ഒരു പുഞ്ചിരിയോടെ അത് വാങ്ങി ഒന്നു മണത്തു നോക്കി. കുറച്ചു മുൻപ് കാറ്റു വീശിയപ്പോൾ അന്തരീക്ഷത്തിൽ നിറഞ്ഞ അതേ ഗന്ധം. അവൾ ആ പൂ ഒന്നുകൂടി മണത്തു . " സാർ നമ്മൾ ഇവിടേക്ക് വന്നതിന് കാരണം പറഞ്ഞില്ല." രേവതി മിണ്ടാതെ കുളത്തിലേക്ക് തന്നെ നോക്കിയിരിക്കുന്ന ദേവയെ നോക്കി ചോദിച്ചു. "തനിക്ക് ഇത് ആരുടെ വീടാണ് എന്നറിയോ" ദേവ് കുളപ്പടവിൽ ഉള്ള ചെറിയ കല്ലുകൾ എടുത്ത് കുളത്തിലേക്ക് എറിഞ്ഞു കൊണ്ട് ചോദിച്ചു .അവൾ ഇല്ല എന്ന് ഉത്തരം നൽകി . "ഇത് ഒരു കാലത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ വീടായിരുന്നു." " ആരുടെ "അവൾ പോലുമറിയാതെ അവളുടെ വായിൽ നിന്നും അങ്ങനെ ഒരു ചോദ്യം ഉയർന്നു . "വൈദേഹി .മൈ എക്സ് ഗേൾഫ്രണ്ട് " ദേവ അവളെ നോക്കി പറഞ്ഞതും മനസ്സിൽ എന്തോ വല്ലാത്ത ഒരു സങ്കടം നിറഞ്ഞു വന്ന പോലെ അവൾക്ക് തോന്നി.അതിന്റെ പ്രതിഫലനമെന്നോണം അവളുടെ മുഖവും ഒന്ന് വാടിയിരുന്നു. ' വൈദേഹിയോ " സംശയത്തോടെ ചോദിച്ചു.

" ഞാൻ MBAക്ക് പഠിക്കുമ്പോൾ എന്റെ ക്ലാസ്മേറ്റ് ആയിരുന്നു. പിന്നെ പ്രണയമായി മാറി. പക്ഷേ അധികകാലം ഒന്നും ഉണ്ടായിരുന്നില്ല. അവൾ ഒരു അഗ്രഹാരത്തിലെ കുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ അവളെ പഠിപ്പിക്കാൻ ഒന്നും വീട്ടുകാർക്ക് അത്ര വലിയ താൽപര്യമുണ്ടായിരുന്നില്ല. അതിന്റെ കൂടെ ഞങ്ങളുടെ റിലേഷൻഷിപ്പ് കൂടി അറിഞ്ഞപ്പോൾ അവളുടെ വീട്ടുകാർ എതിർത്തു." കോളേജിലേക്ക് പോലും വിടാതെ ആയി. പക്ഷേ അവൾ അവരെയെല്ലാം എതിർത്തു എന്നോടൊപ്പം വരാൻ നിന്നതാണ് .പക്ഷേ അന്നത്തെ സാഹചര്യത്തിൽ എനിക്ക് അതിന് കഴിഞ്ഞില്ല. അച്ഛന്റെ മരണവും തകർന്നുകൊണ്ടിരിക്കുന്ന ബിസിനസും അതിനിടയിൽ അവളെ കൂടി കൊണ്ടുവന്നു കഷ്ടപ്പെടുത്താൻ തോന്നിയില്ല. അതുകൊണ്ട് ഞങ്ങൾ പരസ്പരം പിരിയാൻ തന്നെ തീരുമാനിച്ചു .അവളുടെ കല്യാണം എല്ലാം കഴിഞ്ഞു കുട്ടികളായി .ഇപ്പോ സന്തോഷമായി കഴിയുന്നു. അവൻ പറഞ്ഞു നിർത്തിയതും മറുഭാഗത്ത് രേവതി എന്തുപറയണമെന്നറിയാതെ മൗനമായി തന്നെ ഇരുന്നു . "നമുക്ക് പോകാം" അവൾ നിറഞ്ഞു വന്ന കണ്ണുകൾ അവൻ കാണാതെ പെട്ടെന്ന് തുടച്ചു കൊണ്ട് പറഞ്ഞു . "താനിങ്ങനെ തിരക്ക് പിടിക്കാതെ .ഞാൻ വന്ന കാര്യം പറഞ്ഞില്ലല്ലോ "ദേവ അവളെ കുളക്കടവിലെ പടവിലേക്ക് തന്നെ പിടിച്ചിരുത്തി കൊണ്ട് പറഞ്ഞു . വൈദേഹി പോയതിൽ പിന്നെ ഞാൻ വേറെ ആരെയും സ്നേഹിച്ചിരുന്നില്ല .

എന്തോ അവളുടെ ആ വേർപാട് എനിക്കും വല്ലാത്ത ഒരു ഷോക്കായിരുന്നു .പിന്നെ ബിസിനസ് തിരക്ക് അങ്ങനെ അങ്ങനെ അവളെ പതിയെ മറന്നു. ഒപ്പം എന്റെ ജീവിതത്തിൽ ഇനി ഒരു പ്രണയം ഉണ്ടാവുകയില്ല എന്നും ഞാൻ ഉറപ്പിച്ചതായിരുന്നു .പക്ഷേ അതെല്ലാം തെറ്റിച്ചു കൊണ്ട് മറ്റൊരു പെൺകുട്ടി കുറച്ചു ദിവസങ്ങൾക്ക് മുൻപ് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു ദേവ പറയുന്നതെല്ലാം കേട്ട് രേവതി അവനെ തന്നെ കണ്ണിമചിമ്മാതെ നോക്കി ഇരിക്കുകയായിരുന്നു. "ഏതാ ആ പെൺകുട്ടി "രേവതി അവനെ നോക്കി ചോദിച്ചു. ഒപ്പം അവളുടെ ഹൃദയമിടിപ്പും വല്ലാതെ ഉയരുന്നുണ്ടായിരുന്നു . "ആ പെൺകുട്ടി ഇപ്പൊ എന്നെ കണ്ണിന്റെ മുൻപിൽ തന്നെയുണ്ട് ."അതു പറഞ്ഞതും രേവതി ഒന്നും മനസ്സിലാവാതെ അവനെ തന്നെ നോക്കിയിരുന്നു . "എനിക്ക് ഇങ്ങനെ സമയവും സന്ദർഭവും ഒക്കെ നോക്കി പ്രൊപ്പോസ് ചെയ്യാൻ ഒന്നും അറിയില്ല. എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ് ലൈഫ് ലോങ്ങ് താൻ എന്റെ കൂടെ വേണം എന്നൊരു തോന്നൽ. താൻ ആലോചിച്ചു പതിയെ ഉത്തരം തന്നാൽ മതി . അതു പറഞ്ഞു ദേവ അകലേക്ക് നോക്കി ഇരുന്നു.

"എനിക്ക്... എനിക്ക് ..അങ്ങനെ കഴിയില്ല സാർ. സാറും ഞാനും തമ്മിൽ ഒരുപാട് ....ഒരുപാട് അകലം ഉണ്ട്. അതിപ്പോൾ പണത്തിന്റെ കാര്യത്തിലാണെങ്കിലും പദവിയുടെ കാര്യത്തിലാണെങ്കിലും നമ്മൾ തമ്മിലും നമ്മളുടെ കുടുംബങ്ങൾ തമ്മിലും ഒരുപാട് അന്തരമുണ്ട് .അതുകൊണ്ട് ...."രേവതി പറഞ്ഞ് പൂർത്തിയാക്കുന്നതിനു മുൻപേ ദേവ അവളെ തടഞ്ഞിരുന്നു . "ഞാൻ തനിക്ക് എന്നെ ഇഷ്ടമാണോ എന്നാണ് ചോദിച്ചത് .അവിടെ താനും ഞാനും മാത്രമേ ഉള്ളൂ .അല്ലാതെ പണം, പദവി ,കുടുംബം ഒന്നും ഇല്ല "ദേവ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ട് പറഞ്ഞു . രേവതിയുടെ ഭാഗത്തുനിന്നും ഒരു മറുപടിക്കായി ദേവ പ്രതീക്ഷയോടെ അവളെത്തന്നെ നോക്കിയിരുന്നു .പക്ഷേ രേവതി ഒന്നും മിണ്ടാതെ കുളക്കടവിൽ നിന്നും എഴുന്നേറ്റു തിരിച്ചു നടക്കാൻ തുടങ്ങി . "അതെയ്... ഇപ്പോഴും ആ വൈദേഹി മനസ്സിൽ ഉണ്ടോ "കുറച്ചു ദൂരെ എത്തിയതും രേവതി തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു. "No never"ദേവ വേഗം തന്നെ മറുപടി പറഞ്ഞു. "അങ്ങനെയാണെങ്കിൽ...." രേവതി ഒന്ന് പറഞ്ഞു നിർത്തി " അങ്ങനെയാണെങ്കിൽ "ദേവ പ്രതീക്ഷയോടെ ചോദിച്ചു . "എനിക്കും ഇഷ്ടമാണ്. ഒരുപാട് ...."അതുപറഞ്ഞ് രേവതി ഒരു ചിരിയോടെ കാറിനരികിലേക്ക് ഓടി .

ദേവ കേട്ടത് വിശ്വസിക്കാനാവാതെ ഒരു നിമിഷം അവിടെ തന്നെ തറഞ്ഞിരുന്നു .  "നീയെന്താ ഇങ്ങനെ ഇരിക്കുന്നേ " ലാപ്ടോപ്പിനു മുന്നിൽ തലയ്ക്ക് കൈ കൊടുത്തു കൊണ്ട് വർക്ക് ചെയ്യുന്ന പാർവണയെ നോക്കി അവളുടെ ഒപ്പം വർക്ക് ചെയ്യുന്ന മറ്റൊരു സ്റ്റാഫ് ആയ സോഫി ചോദിച്ചു . "എന്റെ പൊന്നു സോഫി അതൊന്നും പറയാതിരിക്കുന്നതാണ് നല്ലത് .ആ ശിവ സാർ ഇക്കണ്ട ഫയൽസ് മൊത്തം എന്നോട് നോക്കി ക്ലിയർ ചെയ്തു മെയിൽ ചെയ്യാൻ .ഇതൊക്കെ എപ്പോ കഴിയാനാ എന്തോ. ഇതൊക്കെ ഒരു ദിവസം കൊണ്ട് ചെയ്തു തീർക്കാൻ പറഞ്ഞാ ഞാൻ എന്താ വല്ല മെഷീനും ആണോ" " നീ സാറിനോട് നേരിട്ട് ചെന്ന് പറ ഇത്രയും ഫയൽ ഒറ്റയടിക്ക് നോക്കാൻ പറ്റില്ല എന്ന് ." "നന്നായി എന്നാൽ അയാളുടെ വായിൽ ഇരിക്കേണ്ടത് കേൾക്കേണ്ടിവരും. അതിനേക്കാൾ നല്ലത് ഇത് വേഗം ചെയ്തുതീർക്കുന്നതാ"അതു പറഞ്ഞ് പാർവണ വീണ്ടും ലാപ്ടോപ്പിലെ വർക്ക് ചെയ്യാൻ തുടങ്ങി. " നാളെ എന്താ പരിപാടി" അവൾ പാർവണയെ വീണ്ടും തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു. " നാളെ എന്ത് പരിപാടി .ഓഫീസിൽ വരണം ജോലി ചെയ്യണം. വീട്ടിലേക്ക് പോണം ."

അവൾ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു . "എടി നാളെ ഓഫീസ് ഇല്ല. അതാ ഞാൻ ചോദിച്ചേ നാളെ എന്താ പരിപാടി എന്ന്." "നാളെ ഓഫീസ് ഇല്ലേ.അതെന്താ ഇല്ലാത്തെ " "അതൊന്നും എനിക്കറിയില്ല. ഞാൻ ഈ ഓഫീസിൽ ജോയിൻ ചെയ്തിട്ട് മൂന്നു കൊല്ലമായി.സെപ്റ്റംബർ 17 എന്നൊരു ദിവസം ഉണ്ടെങ്കിൽ കമ്പനി ഓഫ് ആയിരിക്കും അതെന്താ കാരണം എന്ന് എനിക്കറിയില്ല പക്ഷേ അന്ന് ലീവ് ആയിരിക്കും എന്ന് മാത്രം അറിയാം." " എന്നാലും അതെന്താ അങ്ങനെ"പാർവണ സംശയത്തോടെ ചെയറിലേക് ചാരിയിരുന്നു. " ആ ഇനി അത് ആലോചിച്ച് നീ ഉള്ള സമയം കൂടി കളയാൻ നിൽക്കണ്ട .വേഗം വർക്ക് ചെയ്തു തീർക്കാൻ നോക്ക് "സോഫി അതു പറഞ്ഞതും പാർവണ വേഗം നിർത്തിവെച്ച വർക്ക് വീണ്ടും ചെയ്യാൻ തുടങ്ങി. നാളെ ഓഫീസ് ഇല്ല എന്നുകൂടി അറിഞ്ഞതും അവൾക്ക് വർക്ക് ചെയ്യാൻ കുറച്ചു കൂടി ഇൻട്രസ്റ്റ് കൂടി .  തിരിച്ചുള്ള യാത്രയിൽ രേവതിക്കും ദേവക്കും ഇടയിൽ ഒരു മൗനം തളം കെട്ടിനിന്നു . "എടൊ ഞാൻ അമ്മയോട് തന്റെ വീട്ടിലേക്ക് വന്നു തന്റെ അച്ഛനോട് സംസാരിക്കാൻ പറയട്ടെ "മൗനത്തെ ഭേദിച്ചുകൊണ്ട് ദേവ ചോദിച്ചു . "അച്ഛനോട് സംസാരിക്കണം പക്ഷേ ഇപ്പൊ വേണ്ട ." "അതെന്താ അങ്ങനെ " "അത് ...അത് പിന്നെ തുമ്പി അവൾ എനിക്ക് എപ്പോഴും important ആണ്.

അവളുടെ ലൈഫ് കൂടി ഒന്ന് സെറ്റിൽ ആയിട്ട് മാത്രം നമ്മുടെ ഈ കാര്യം വീട്ടിൽ പറഞ്ഞാൽ മതി .പിന്നെ നമ്മളുടെ ഈ കാര്യം തുമ്പി എന്തായാലും അറിയണ്ട .അവൾ അറിഞ്ഞാൽ ഈ കല്യാണം നടത്താൻ മുന്നിൽ നിൽക്കുന്നത് അവൾ ആയിരിക്കും . പക്ഷേ എന്റെ കല്യാണം കഴിഞ്ഞാ അവൾ ഒറ്റപ്പെടും. അതു എനിക്ക് സഹിക്കില്ല" അതിൽ നിന്നും തന്നെ രേവതിയും പാർവണയും തമ്മിലുള്ള അടുപ്പം എത്രത്തോളമുണ്ടെന്ന് ദേവക്കു മനസ്സിലായിരുന്നു . ഓഫീസിൽ എത്തിയതും രേവതി വേഗം അകത്തേക്ക് നടന്നു. ദേവ നേരെ പോയത് ശിവയുടെ കാബിനിലേക്ക് ആണ്. അവിടെ നടന്നതെല്ലാം അറിഞ്ഞപ്പോൾ തന്നെ ശിവയും ഹാപ്പിയായി. വൈകുന്നേരം ഓഫീസ് കഴിഞ്ഞ് വീട്ടിലേക്ക് നടക്കുന്ന വഴി പാർവണ എന്തൊക്കെയോ പറയുന്നുണ്ട് എങ്കിലും രേവതി ഈ ലോകത്ത് ഒന്നും ആയിരുന്നില്ല . "ദേവ സാറിന്റെ കാര്യം തുമ്പിയോട് തുറന്നു പറയണോ .അല്ലെങ്കിൽ വേണ്ട പറയേണ്ടാലേ . എന്താ ഇപ്പോ ഞാൻ ചെയ്യേണ്ടത് "അവൾ ആകെ ആശയക്കുഴപ്പത്തിലായി. " നീ എന്താടി ഇങ്ങനെ ആലോചിച്ചു നടക്കണേ "അവളുടെ നടപ്പും മുഖ ഭാവവും എല്ലാം കണ്ടു പാർവണ ചോദിച്ചു. "ഏയ് ഒന്നുമില്ല .ഞാൻ ഇന്ന് ഓഫീസിലെ ഒരു വർക്കിന്റെ കാര്യം ആലോചിച്ചതാ അവർ ഓരോന്ന് പറഞ്ഞ് നേരെ വീട്ടിലേക്ക് പോയി ....... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story