പാർവതി ശിവദേവം: ഭാഗം 33

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

ദേവ ഇന്ന് പതിവിലും ഏറെ സന്തോഷവാനായിരുന്നു. അവന്റെ സന്തോഷം ശിവയിലും തെളിഞ്ഞു കണ്ടിരുന്നു. അന്ന് അവർ നേരെ പോയത് വീട്ടിലേക്കാണ്. അവിടെ അമ്മയോട് രേവതിയുടെ കാര്യങ്ങളെല്ലാം പറഞ്ഞു .അമ്മയ്ക്കും ഒരുപാട് സന്തോഷമായി അപ്പോൾ മുതൽ അമ്മ പറയുന്നതാണ് രേവതി ഒന്ന് നേരിട്ട് കാണണം എന്ന് . " നമ്മുക്ക് നാളെ തന്നെ ആ കുട്ടിയെ പോയി കണ്ടാലോ ദേവാ " അമ്മ പ്രതിക്ഷയോടെ ചോദിച്ചു. "നാളെയോ .നാളത്തെ കാര്യം അമ്മ മറന്നോ. നാളെ ശിവയുടെ അരികിൽ നിന്നും മാറി നിൽക്കാൻ പോലും കഴിയില്ല.കഴിഞ്ഞ വർഷം ഉണ്ടായ കാര്യങ്ങൾ അമ്മ മറന്നിട്ടില്ലല്ലോ " "നാളെ .... നാളെയാണല്ലേ ആ ദിവസം .എൻ്റെ കുഞ്ഞിൻ്റെ ജീവിതം ഇല്ലാതായ ആ നശിച്ച ദിവസം " അത് പറയുമ്പോൾ അമ്മയും ഒന്ന് വിതുമ്പിയിരുന്നു.

"എന്താ രണ്ടു പേരും ഒരു സ്വകാര്യം പറച്ചിൽ " താഴേക്ക് വന്ന ശിവ ചോദിച്ചു. " രേവതിയുടെ കാര്യം ദേവ പറഞ്ഞപ്പോൾ എനിക്ക് എന്തോ ആ മോളേ കാണാൻ ഒരു ആഗ്രഹം." അമ്മ നിറഞ്ഞ് വന്ന മിഴികൾ ശിവ കാണാതെ തുടച്ചു കൊണ്ട് പറഞ്ഞു. "അതിനെന്താ അമ്മേ. നാളെ തന്നെ ദേവ അമ്മയെ കൊണ്ടുപോയി കാണിക്കും അല്ലേ ദേവാ " ശിവ ദേവയെ നോക്കി ചോദിച്ചു. "നാളെ വേണ്ട . നമ്മുക്ക് പിന്നെ ഒരു ദിവസം പോയി കാണാം " ദേവ അത് പറഞ്ഞതും ശിവ അവനെ ഒന്ന് ചൂഴ്ന്ന് നോക്കി. " നീ നാളത്തെ കാര്യം ആലോചിച്ച് പേടിക്കണ്ട ദേവാ. നാളെ ഞാൻ ഈ വീട് വിട്ട് പുറത്ത് പോവില്ല. ഉറപ്പ് ." ശിവ അവൻ്റെ കയ്യിൽ സത്യം ചെയ്യ്തു കൊണ്ട് പറഞ്ഞു. " കഴിഞ്ഞ കൊല്ലവും നീ ഇതൊക്കെയാണ് പറഞ്ഞത്. എന്നിട്ട് എന്തായി .കഴിഞ്ഞ കൊല്ലം നീ കാട്ടി കൂട്ടിയത് ഇനി ഞാനായിട്ട് ഓർമിപ്പിക്കേണ്ട ആവശ്യം ഇല്ലാലോ "ദേവ അത് പറഞ്ഞതും ശിവ ഒരു പുഞ്ചിരിയോടെ സെറ്റിയിലേക്ക് ഇരുന്നു. '' എന്നാ നീയൊരു കാര്യം ചെയ്യ് ദേവാ. രേവതിയോട് ഇവിടേക്ക് വരാൻ പറയ്" ശിവ ഒന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു.

" അത് അതിലും നന്നായി. ഞാൻ എന്തിൻ്റെ പേരിലാണ് അവളെ ഇവിടേക്ക് വിളിച്ചു വരുത്തുക. അത് മാത്രമല്ല പാർവണക്ക് ഇതൊന്നും അറിയുകയും ഇല്ല. " " അതിനു ഇപ്പോ എന്താ . വല്ല ഫയലോ എന്തെങ്കിലും കൊണ്ടു വരാൻ പറയ്. രേവതി നിൻ്റെ PA അല്ലേ. അപ്പോ അതൊക്കെ കൊണ്ടുവന്നു തരേണ്ടത് രേവതിയുടെ ഉത്തരവാദിത്തം ആണല്ലോ " "അതൊന്നും വേണ്ടാ. പിന്നെ ഒരു ദിവസം ഞാൻ അമ്മയെ അവൾക്ക് കാണിച്ച് തരാം" " ദേവാ നീ ആയിട്ട് രേവതിയെ വിളിച്ച് വരുത്തുന്നോ.അതോ ഞാൻ നാളെ അമ്മയേയും കൊണ്ട് അവിടേക്ക് പോകണോ." " നീ എന്തിനാ ശിവ ഇത്ര വാശി കാണിക്കുന്നേ " ദേവ ചെറിയ ഒരു അമർഷത്തോടെയാണ് അത് പറഞ്ഞത്. "വാശി എങ്കിൽ വാശി. എൻ്റെ പേരിൽ ആരും ഒന്നും വേണ്ടാന്ന് വക്കുന്നത് എനിക്ക് ഇഷ്ടമല്ല." അത് പറഞ്ഞ് ശിവ നേരെ അകത്തേക്ക് പോയി.

''എന്താ അമ്മാ ഇവൻ ഇങ്ങനെ" ശിവ പോകുന്നത് നോക്കി ദേവ ദയനീയമായി ചോദിച്ചു. " നീ നാളെ രേവതിയോട് വരാൻ പറയ്. അവൻ്റെ വാശി നിനക്കും അറിയുന്നതല്ലേ " അത് പറഞ്ഞ് അമ്മയും അടുക്കളയിലേക്ക് പോയി.  അന്നത്തെ ദിവസം സാധാരണ പോലെ തന്നെ കടന്നുപോയി .പിറ്റേദിവസം ദേവയുടെ ഫോൺ കോളാണ് രേവതിയെ ഉറക്കത്തിൽ നിന്നും ഉണർത്തിയത് . രേവതി നോക്കുമ്പോൾ പാർവണ നല്ല ഉറക്കത്തിലാണ് .അവൾ ഫോണുമായി നേരെ പുറത്തേക്കിറങ്ങി. അവൾ കോൾ അറ്റൻ്റ് ചെയ്തു. "ഹലോ "..... "എന്താ ഇത്ര നേരമായിട്ടും എണീറ്റില്ലേ ". മറുഭാഗത്ത് നിന്നും ദേവ ചോദിച്ചു. " ഇല്ല ഇന്ന് ഓഫീസ് ഇല്ലല്ലോ .അതുകൊണ്ട് കുറച്ചു ലേറ്റ് ആയി. " " എങ്കിൽ വേഗം കുളിച്ച് റെഡിയാവ്"ദേവ പറഞ്ഞു. "എന്തിന് ...'' അവൾ സംശയത്തോടെ ചോദിച്ചു. " ഇന്നലെ തന്റെ കാര്യം അമ്മയോട് പറഞ്ഞപ്പോൾ മുതൽ അമ്മക്ക് തന്നെ കാണണമെന്ന് .അതുകൊണ്ട് ഇവിടെ വരെ ഒന്നു വായോ" അവൻ പറഞ്ഞു .

"അതൊന്നും പറ്റില്ല . ഇവിടെ തുമ്പിയുണ്ട്. ഞാൻ അവളോട് ഒന്നും പറഞ്ഞിട്ടില്ല .പിന്നെ എന്തിന്റെ പേരിലാണ് ഞാൻ ആ വീട്ടിലേക്ക് കയറി വരിക "രേവതി ചോദിച്ചു . "താൻ ഒരു കാര്യം ചെയ്യ് ഏതെങ്കിലും ഒരു ഫയൽഎനിക്ക് തരാനുണ്ട് എന്നു പറഞ്ഞു വാ. വേണമെങ്കിൽ പാർവണയെയും കൂടെ കൂട്ടിക്കോ " "അതൊന്നും പറ്റില്ല അത്ര നിർബന്ധമാണെങ്കിൽ സാറ് അമ്മയെ കൂട്ടിയിട്ട് ഇങ്ങോട്ടേക്ക് വാ" "വരണം എന്നുണ്ടായിരുന്നു. പക്ഷേ ശിവ അവൻ ഇന്ന്..."ദേവ എന്തോ പെട്ടെന്ന് പറഞ്ഞു നിർത്തി. " എന്താ ''രേവതി മനസിലാവാതെ ചോദിച്ചു. " നീ ഇന്ന് ഇങ്ങോട്ട് വരണം എന്ന് " " ഇല്ലാ ഞാൻ വരില്ല '' അവൾ തറപ്പിച്ച് പറഞ്ഞു. " അതൊന്നും പറ്റില്ല .നീ ഇന്ന് വരണം എന്നുപറഞാൽ വരണം " അതു പറഞ്ഞു ദേവ വേഗം ഫോൺ കട്ട് ചെയ്തു .  "ഇന്ന് ഓഫീസ് ഇല്ല എന്ന് വിചാരിച്ചു മനുഷ്യൻ മനസ്സമാധാനത്തോടെ കൂടി ഒന്ന് ഇരിക്കാം എന്ന് വിചാരിച്ചതാ .അപ്പോഴാണ് അവളുടെ ഒരു ഫയലും തേങ്ങയും"പാർവണ ദേഷ്യത്തോടെ പറഞ്ഞു. "കുറച്ചു നേരത്തേക്ക് അല്ലെടീ.

ഈ ഫയൽ ദേവ സാറിന്റെ കയ്യിൽ കൊടുത്തിട്ട് വേഗം തിരിച്ചു വരാം . അവളെ സമാധാനിപ്പിച്ചു കൊണ്ട് രേവതി പറഞ്ഞു. "കണ്ണൻ ഇന്ന് പുറത്തൊക്കെ പോയി അടിച്ച് പൊളിക്കാം എന്ന് കണ്ണൻ പറഞ്ഞതാണ്. പക്ഷേ എല്ലാം നശിപ്പിച്ചു " '' ഇത് കുറച്ചു നേരം മതിയല്ലോ. അത് കഴിഞ്ഞ് നമ്മുക്ക് പോവാം'' " ഉം.. ശരി" അവൾ മനസില്ലാ മനസോടെ പറഞ്ഞു എങ്കിലും അവളുടെ മനസിൽ നിറഞ്ഞ സന്തോഷം ആയിരുന്നു. ശിവയെ കാണാം എന്ന സന്തോഷം ആയിരുന്നു മനസ് നിറയേ " അവൾ വേഗം പോയി കുളിച്ച് ഡ്രസ്സ് മാറി വന്നു. അപ്പോഴേക്കും രേവതിയും റെഡിയായിരുന്നു. "എൻ്റെ തുമ്പീ.നിനക്ക് ഈ ഡ്രസ്സ് മാത്രമേ ഇടാൻ ഉള്ളൂ .എപ്പോഴും ഈ ഡ്രസ്സ് തന്നെ. ഇപ്പോ കുറച്ച് ദിവസം ഇത് കാണാതെയായപ്പോ ഞാൻ വിചാരിച്ചു ഈ ഡ്രസ്സ് നീ ഉപേക്ഷിച്ചു എന്ന്. ഇപ്പോ വീണ്ടും തുടങ്ങിയോ "

" ഇത് ഞാൻ അങ്ങനെയൊന്നും ഉപേക്ഷിക്കില്ല മോളേ.ഇത് എൻ്റെ ഫേവറേറ്റ് ഡ്രസ്സ് ആണ്" അവൾ ഡ്രസ്സ് കറക്കി കൊണ്ട് പറഞ്ഞു. Lemonade കളർ ( shade of pink colour ) ടോപ്പും വൈറ്റ് കളർ ലെഗ്ഗിനും ഷാളും ആയിരുന്നു പാർവണയുടെ വേഷം.. ഒരു പീച്ച് കളർ കുർത്തിയും റെഡ് കളർ ലെഗ്ഗിനും ആയിരുന്നു രേവതിയുടെ വേഷം. അവർ ഇരുവരും വേഗം റെഡിയായി ഇറങ്ങി. "ദേവ സാറിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കണ്ണനെ വിളിക്കാൻ പറഞ്ഞിട്ടുണ്ട്. അവൻ അവിടേക്ക് വരാം എന്നു പറഞ്ഞു. ഇന്ന് നമ്മുക്ക് വേണ്ടിയാണ് അവൻ ലീവ് എടുത്തത് പോലും "പാർവണ അത് പറഞ്ഞ് വീട് പൂട്ടി ഇറങ്ങി.  ഓട്ടോയിൽ ആണ് അവർ പോയിരുന്നത്. ഓട്ടോ നേരെ ചെന്നു നിന്നത് അത്യാവശ്യം വലിപ്പമുള്ള ഒരു ഇരുനില വീട്ടിലാണ്. ഇതിനുമുൻപ് അവിടെ വന്നിട്ടുള്ളതിനാൽ പാർവണയുടെ മുഖത്ത് പ്രത്യേകിച്ച് ഭാവ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.എന്നാൽ രേവതിയുടെ മുഖം അത്ഭുതത്തിൽ വിടർന്നു. ഓട്ടോക്ക് പൈസ കൊടുത്തു കൊണ്ട് അവർ വീടിനുള്ളിലേക്ക് കയറി .

കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ വന്നു തുറന്നത് സെർവെൻ്റ് എന്ന് തോന്നിക്കുന്ന ഒരാളായിരുന്നു . "ദേവ സാർ പറഞ്ഞിട്ട് കാണാൻ വന്നതാണ് " രേവതി ആ സ്ത്രീയോട് ആയി പറഞ്ഞതും അവർ പാർവണയോടും രേവതിയോടും അകത്തേക്ക് കയറി ഇരിക്കാൻ പറഞ്ഞു . അവർ രണ്ടുപേരും അകത്തുകയറി എന്തുചെയ്യണമെന്നറിയാതെ ഹാളിൽ തന്നെ നിന്നു. അപ്പോഴേക്കും ഒരു ടീഷർട്ടും ത്രീ ഫോർത്തും ഇട്ട് ദേവ താഴേക്ക് ഇറങ്ങി വന്നിരുന്നു . "എന്താ അവിടെ തന്നെ നിൽക്കുന്നേ .ഇരിക്ക് " ദേവാ അവരെ നോക്കി പറഞ്ഞു അപ്പോഴേക്കും അമ്മയും അടുക്കളയിൽ നിന്നും വന്നിരുന്നു . "അമ്മ ഇതാണ് രേവതി .പാർവണയെ ഇനി ഞാൻ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. ഇതിനു മുൻപ് കണ്ടിട്ടുള്ള പരിചയം ഉണ്ടല്ലോ". ദേവ അമ്മയെ നോക്കി പറഞ്ഞു. അമ്മ രേവതിയെ കണ്ണെടുക്കാതെ തന്നെ നോക്കി നിൽക്കുകയായിരുന്നു .അമ്മയുടെ ആ നോട്ടത്തിൽ തന്നെ അമ്മയ്ക്ക് അവളെ ഒരുപാട് ഇഷ്ടമായി എന്ന് ദേവക്ക് മനസ്സിലായി .

അമ്മ രേവതിയോട് ഓരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി .അപ്പോഴേക്കും സെർവെന്റ് അവർക്കുള്ള ജൂസ് കൊണ്ടുവന്നിരുന്നു . അപ്പോഴാണ് മുകളിൽ നിന്നും ഒരു പെൺകുട്ടി സ്റ്റയർ ഇറങ്ങി താഴേക്ക് വന്നത് . "മാഡം രാമു സാറിനുള്ള ഫുഡിന് ടൈമായി." ആ പെൺകുട്ടി അമ്മയെ നോക്കി പറഞ്ഞു കൊണ്ട് തിരിച്ച് സ്റ്റയർ കയറി മുകളിലേക്ക് തന്നെ പോയി . "അയ്യോ ഞാൻ ആ കാര്യം മറന്നു. നിങ്ങൾ സംസാരിക്ക് ഞാനിപ്പോ വരാം." അത് പറഞ്ഞ് അമ്മ നേരെ അടുക്കളയിലേക്ക് പോയി. പാത്രത്തിൽ ഏതോ ഭക്ഷണം എടുത്ത് സ്റ്റെയർ കയറി നേരെ മുകളിലേക്ക് പോയി. " അമ്മയ്ക്ക് അല്ല മേടത്തിന് നിന്നെ എങ്ങനെയാ പരിചയം തുമ്പി. "പാർവണയെ നോക്കി രേവതി സംശയത്തോടെ ചോദിച്ചു. " അത് ..അത് പിന്നെ നിഷ ചേച്ചി പറഞ്ഞ് അറിയുന്നതായിരിക്കും "അവൾ പെട്ടെന്ന് തന്നെ പറഞ്ഞു. തന്നെ ജോലിയിൽ നിന്നും പറഞ്ഞു വിട്ട കാര്യവും മാഡയോട് പറഞ്ഞു തിരിച്ചു ജോലിയിൽ കയറിയ കാര്യവും പാർവണ രേവതിയോട് പറഞ്ഞിരുന്നില്ല .

ആ കാര്യം മാഡം പറയാൻ ഇടയായാൽ എല്ലാം ദേവു അറിയും. അതിനുമുൻപ് മാഡത്തിനോട് ഇക്കാര്യം സംസാരിക്കരുത് എന്ന് പറയാം. പക്ഷേ മാഡത്തെ താഴേക്ക് കാണാനില്ലല്ലോ." അവൾ സ്റ്റയറിലേക്ക് നോക്കി കൊണ്ട് മനസ്സിൽ വിചാരിച്ചു. ''താൻ എന്താടോ അവിടേക്ക് തന്നെ 'നോക്കിയിരിക്കുന്നേ " സ്റ്റയറിലേക്ക് തന്നെ നോക്കിയിരിക്കുന്ന പാർവണയെ നോക്കി ദേവ ചോദിച്ചു. " അത് എനിക്ക് മാഡത്തിനെ ഒന്ന് കാണണമായിരുന്നു. അവൾ ഒരു പതർച്ചയോടെ പറഞ്ഞു . "അതിനെന്താ അമ്മ മുകളിൽ ഉണ്ട് . താൻ പോയി കണ്ടിട്ട് വന്നോ "രേവതിയോട് സംസാരിക്കാൻ പറ്റുന്ന ഒരു അവസരം കൂടി ആയതിനാൽ ദേവ പറഞ്ഞു. അത് കേട്ടതും പാർവണ വേഗം സ്റ്റെയർ കയറി മുകളിലേക്ക് നടന്നു .അമ്മയെ കാണുക എന്നതിനേക്കാൾ ശിവയെ കാണുക എന്നതായിരുന്നു അവളുടെ ഉദേശം. ശിവയെ തിരഞ്ഞു കൊണ്ട് പാർവണ മുന്നോട്ട് നടന്നു. പാർവണ പോയതും ദേവ വേഗം രേവതിയുടെ അരികിൽ വന്ന് ഇരുന്നു.

അത് കണ്ട് രേവതി വേഗം ഇരുന്നിടത്തു നിന്നു എഴുന്നേറ്റു. "ഇരിക്ക് പെണ്ണേ അവിടെ " ദേവ അവളുടെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു. അത് കേട്ട് രേവതി ഒരു പേടിയോടെ ചുറ്റും നോക്കി അവൻ്റെ അരികിൽ ഇരുന്നു. 'അമ്മക്ക് തന്നെ ഒരു പാട് ഇഷ്ടമായി തോന്നുന്നു." രേവതിയുടെ കൈയ്യിൽ തൻ്റെ കൈ കോർത്തു കൊണ്ട് ദേവ പറഞ്ഞു. "സാർ വിട് ആരെങ്കിലും കാണും " രേവതി തൻ്റെ കൈ വലിച്ച് എടുത്ത് കൊണ്ട് പറഞ്ഞു. "ഇവിടെ ഇപ്പോ ആരും ഇല്ല. അതോർത്ത് നീ പേടിക്കണ്ട. പിന്നെ ഇപ്പോ നീ വിളിച്ചത് ഞാൻ ക്ഷമിച്ചു. ഇനി നമ്മൾ ഒരുമിച്ചുള്ളപ്പോൾ നീ സാർ എന്നോന്നും വിളിക്കണ്ട''ദേവ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. "പിന്നെ എന്താ വിളിക്കുക സാർ'' അവൾ ദേവയെ ദേഷ്യം പിടിപ്പിക്കാനായി ചോദിച്ചു. അത് കേട്ടതും ദേവ തൻ്റെ കൈയ്യിൽ നിന്നും അവളുടെ കൈ അടർത്തി മാറ്റി ദേഷ്യത്തോടെ തിരിഞ്ഞ് ഇരുന്നു. "

അപ്പോഴേക്കും എൻ്റെ ദേവ സാർ, അല്ലാ സോറി എൻ്റെ ദേവേട്ടൻ പിണങ്ങിയോ " രേവതി ദേവയുടെ മുഖം തൻ്റെ നേർക്ക് തിരിച്ച് കൊണ്ട് പുഞ്ചിരിയോടെ ചോദിച്ചു. ആ പുഞ്ചിരിയിൽ അലിഞ്ഞു പോകാനുള്ള ദേഷ്യമേ ദേവക്കും ഉണ്ടായിരുന്നുള്ളൂ. എവിടെ നിന്നോ പാട്ടിൻ്റെ ശബ്ദം കേട്ടതും പാർവണയുടെ കാലുകൾ അവിടെക്ക് ചലിച്ചു.ഒരു റൂമിനു മുന്നിൽ ആണ് അവൾ ചെന്നെത്തിയത്.അവൾ ചെറിയൊരു മടിയോടെ വാതിൽ തുറന്നതും കാതടപ്പിക്കുന്ന പാട്ടിൻ്റ ശബ്ദം ചെവിയിലേക്ക് തുളച്ച് കയറി. Baby I'm preying on you tonight Hunt you down eat you alive Just like animals Animals Like animals-mals Maroon 5 animals song ആയിരുന്നു അത്. അവൾ വാതിൽ മുഴുവനായി തുറന്ന് അകത്തേക്ക് കയറി. Maybe you think that you can hide I can smell your scent for miles Just like animals Animals Like animals-mals Baby I'm ഹോം തിയറ്ററിൽ നിന്നും ഉയരുന്ന പാട്ട് ആ മുറിയിൽ ആകെ അലയടിച്ചു കൊണ്ടിരുന്നു. അവൾ ആ മുറി മൊത്തത്തിൽ ഒന്നു നോക്കി.

തൻ്റെ മുന്നിൽ ചുമരിലായി തൂക്കിയിരിക്കുന്ന ഫോട്ടോ കണ്ടു അവൾ ഒന്നു പകച്ചുനിന്നു. ഒപ്പം മനസ്സിനും വല്ലാത്ത ഒരു സങ്കടം വന്നു നിറയുന്ന പോലെ . ശിവയും അവൻ്റെ നെഞ്ചിൻ ചാരി ഇരിക്കുന്ന ഒരു പെൺകുട്ടിയും .അതിൽ നിന്നും തന്നെ അത് സത്യയാണ് എന്ന് അവൾക്ക് മനസ്സിലായി. അവൾ ഒന്നുകൂടി ആ ചിത്രത്തിന് അരികിലേക്ക് നടന്ന് ചിത്രത്തിൽ ഒന്നു തൊട്ടു .ഇതാണ് ശിവ സാർ ജീവനു തുല്യം സ്നേഹിച്ച സാറിൻ്റെ മാത്രം സത്യ. അത് സ്വയം പറയുമ്പോൾ നെഞ്ചിൽ വല്ലാത്ത ഭാരം അവൾക്ക് അനുഭവപ്പെട്ടു. അതിൻ്റെ പ്രതിഫലനം എന്നോണം അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു. നിനക്ക് ഉണ്ടായിരുന്ന അത്ര ഉണ്ടോ എന്ന് എനിക്കറിയില്ല .എങ്കിലും എനിക്കും ശിവസാറിനെ ഒരു പാട് ഇഷ്ടം ആണ്.ഈ ജന്മം മുഴുവൻ സാർ എൻ്റെ കൂടെ വേണം എന്നൊരു ആഗ്രഹം. എനിക്ക് തരുമോ സത്യാ നിൻ്റെ ശിവയെ .ഞാൻ പൊന്നുപോലെ നോക്കാം., ജീവനു തുല്യം ഞാൻ സ്നേഹിക്കാം ഈ ജന്മം ഈ ജന്മത്തേക്ക് മാത്രം എനിക്ക് ശിവയെ തരുമോ .

അടുത്ത ജന്മത്തിൽ ഞാൻ നിനക്ക് തിരിച്ച് തന്നോളാം" അവൾ സത്യയുടെ ചിത്രത്തിലേക്ക് നോക്കി കൊണ്ട് മനസിൽ ഉരുവിട്ടു. ശിവയുടെ മുഖത്തെ ആ ചിരി ആരെയും മയക്കുന്നതായിരുന്നു. അതിൽ നിന്നും സത്യ കൂടെയുള്ളപ്പോൾ അവൻ എത്ര സന്തോഷിച്ചിരുന്നു എന്ന് അവൾക്ക് മനസിലായി. പെട്ടെന്ന് റൂമിൽ അലയടിച്ചിരുന്ന പാട്ട് നിന്നു. അതിൽ നിന്നും കറണ്ട് പോയതാണ് എന്ന് അവൾക്ക് മനസിലായി നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ച് പാർവണ തിരിഞ്ഞതും തന്നെ ആരോ ഇറുക്കെ പുണർന്നതും അവൾ ഞെട്ടി പോയിരുന്നു. " സത്യാ... നീ ഇത്രയും കാലം എവിടെയായിരുന്നു. എത്ര കാലമായി ഞാൻ നിന്നെ കാത്തിരിക്കുന്നു. നിൻ്റെ ഓർമകൾ ഇല്ലാത്ത ഒരു ദിവസം പോലും എൻ്റെ ജീവിതത്തിൽ കടന്നു പോയിട്ടില്ല. നീ ഇനിയും എന്നേ വിട്ടു പോവുമോ സത്യാ... എന്നേ തനിച്ചാക്കി ഇനിയും പോവുമോ "ശിവ അവളെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു. ഒപ്പം അവൻ്റെ കണ്ണീര് അവളുടെ തോളിനെ നനച്ചിരുന്നു. " നീ എന്നേ വിട്ട് പോവുമോ സത്യാ ... പറ"

അവളുടെ തോളിൽ നിന്നും മുഖം ഉയർത്താതെ തന്നെ അവൻ കരഞ്ഞു കൊണ്ട് ചോദിച്ചു. '' പറ സത്യാ " മറുപടിയെന്നും ഇല്ലാതെ ആയപ്പോൾ അവൻ വീണ്ടും ചോദിച്ചു. "ഇല്ല. ഞാൻ നിന്നെ വിട്ട് എവിടേയും പോവില്ലാ ശിവാ .ഈ ജന്മം നീ എൻ്റെയാണ് "പാർവണ എന്തോ ഉൾ പ്രേരണയിൽ അത് പറഞ്ഞു. സത്യയാണ് എന്ന് കരുതിയാണ് സാർ ഇങ്ങനെ പറയുന്നത്. പക്ഷേ സത്യയോടുള്ള സ്നേഹം അല്ല എനിക്ക് വേണ്ടത്.ഈ പാർവണയോടുള്ള സ്നേഹമാണ് എനിക്ക് വേണ്ടത്. അതിനു വേണ്ടി ഞാൻ എത്ര കാലം വേണമെങ്കിലും കാത്തിരിക്കാം ശിവ " മനസിൽ പറഞ്ഞു കൊണ്ട് പാർവണ അവനെ കെട്ടിപ്പടിച്ചു. " നീ വിചാരിച്ചിലും ഇനി എന്നിൽ നിന്നും നിനക്ക് ഒരു മോചനം ഉണ്ടാവില്ല. എനിക്ക് നീ ഇല്ലാതെ പറ്റില്ലാ സത്യാ " ശിവ അത് പറയുമ്പോൾ അവൻ്റെ കൈകളും തന്നിൽ മുറുകിയിരുന്നു. ശിവയുടെ ആ ഭാവമാറ്റം പാർവണയെ ഭയപ്പെടുത്തി. അവൾ അവനിൽ നിന്നും കുതറി മാറാൻ നോക്കിയെങ്കിലും സാധിക്കുന്നില്ല.

അവനിൽ നിന്നും ഉയരുന്ന മദ്യത്തിൻ്റെ ഗന്ധം അവളുടെ മൂക്കിലേക്ക് തുളച്ച് കയറി. അവസാനം സർവ്വ ശക്തിയും എടുത്ത് അവൾ അവനെ പിന്നിലേക്ക് തള്ളി.ശിവ ബാലൻസ് കിട്ടാതെ നേരെ ബെഡിലേക്ക് വന്നു വീണു. പാർവണ പേടിച്ച് രണ്ടടി പിറകിലേക്ക് വച്ചു.ബെഡിലേക്ക് കമിഴ്ന്നു വീണ ശിവ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ കഴിയുന്നില്ല. അതിൽ നിന്നും അവൻ നന്നായി കുടിച്ചിട്ടുണ്ട് എന്ന് പാർവണക്ക് മനസിലായി. ഒരു ത്രീ ഫോർത്ത് മാത്രമായിരുന്നു അവൻ്റെ വേഷം. ഷർട്ട് ഇടാത്തതു കൊണ്ട് തന്നെ അവൻ്റെ പുറത്തെ DARLOW എന്ന് എഴുതിയിരിക്കുന്നതും അതിനു താഴെയായുള്ള ഗരുഡൻ്റ ചിറകിൻ്റെ ടാറ്റുവും തെളിഞ്ഞു കാണുന്നുണ്ടായിരുന്നു. " സത്യാ എന്നേ വിട്ട് പോവല്ലേ പ്ലീസ്" അവൻ അലറി കൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റു എങ്കിലും വീണ്ടും ബെഡിലേക്ക് വീണു.

അവൻ്റെ ബോധം മറഞ്ഞു. എങ്കിലും അവൻ്റെ ചുണ്ടുകൾ സത്യാ എന്ന് മന്ത്രിച്ചിരുന്നു. ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ പാർവണ പകച്ചു നിന്നു. പെട്ടെന്ന് കറൻ്റ് വന്നതും ഹോം തിയറ്ററിൽ നിന്നും ശബ്ദം ഉയർന്നു. പാട്ടിൻ്റെ ശബ്ദത്തിൽ അവൾ ഞെട്ടി കൊണ്ട് മുറിയിൽ നിന്നും ഓടിയിറങ്ങി. നെറ്റിയിൽ നിന്നും ഒഴുകി ഇറങ്ങിയ വിയർപ്പ് ഷാളിൻ്റ അറ്റം കൊണ്ട് തുടച്ച് അവൾ മുന്നോട്ട് നടന്നതും അമ്മ മറ്റൊരു റൂമിൽ നിന്ന് ഇറങ്ങി വന്നതും ഒരുമിച്ചായിരുന്നു. പാർവണയെ കണ്ടതും അമ്മ ഒന്ന് പുഞ്ചിരിച്ചു. തിരിച്ച് പാർവണയും കഷ്ടപ്പെട്ട് ഒരു പുഞ്ചിരി വരുത്തി. "മോൾ എന്താ ഇവിടെ '' അമ്മ ആ മുറിയുടെ വാതിൽ അടച്ചു കൊണ്ട് ചോദിച്ചു. ആ സമയം വാതിലിനിടയിലൂടെ അവൾ അകത്ത് ബെഡിൽ കിടക്കുന്ന ആളെ വ്യക്തമായി കണ്ടിരുന്നു. " അത് അതാരാ " അവൾ അത്ഭുതത്തോടെ ചോദിച്ചു. " അത് രാമച്ഛനാ. ശിവയുടെ ...."

"സത്യയുടെ അച്ഛൻ " അമ്മ മുഴുവൻ പറയുന്നതിനു മുൻപേ പാർവണ പറഞ്ഞു. അത് കേട്ട് അമ്മ അവളെ അമ്പരപ്പോടെ നോക്കി. "രാമച്ഛനെ കുറിച്ച് ശിവസാർ പറഞ്ഞിരുന്നു." അമ്മയുടെ മുഖത്തെ ഭാവം കണ്ട് പാർവണ പറഞ്ഞു. ' "ശിവയോ " അമ്മ വിശ്വാസം വരാതെ ചോദിച്ചു. " ''അതെ ശിവ സാർ തന്നെ. സത്യയെ കുറിച്ചും, രാമച്ഛനെ കുറിച്ചും ,ശിവസാറിൻ്റ പ്രണയത്തെ കുറിച്ചും എല്ലാം " '' കുട്ടി ഇത് എന്താ പറയുന്നേ.ശിവ ഇതൊക്കെ കുട്ടിയോട് പറഞ്ഞു എന്നോ .എനിക്ക് വിശ്വാസിക്കാൻ പറ്റുന്നില്ല. ശിവ ആരോടും പറയാത്ത, പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണിത്...'' "സാർ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് ഇതൊന്നും മനസിലാവുന്നില്ല. സത്യക്ക് എന്താ സംഭവിച്ചത്, സത്യയുടെ അച്ഛൻ എന്താ ഇവിടെ, അതും ഇങ്ങനെ ഒരു അവസ്ഥയിൽ, ശിവസാറിന് എന്താ പറ്റിയത്, എന്താ ഈ ദിവസത്തിൻ്റെ പ്രത്യേകത "

പാർവണ ഒറ്റ ശ്വാസത്തിൽ അമ്മയോട് ചോദിച്ചു. " ഇന്ന് സത്യ ശിവയെ വിട്ട് പോയിട്ട് 3 വർഷമായി. ഒരു ആക്സിഡൻ്റ് ആയിരുന്നു. അതോടെ രാമേട്ടൻ ഈ അവസ്ഥയിൽ ആയി.ശിവ ആകെ മാനസികമായും തളർന്നു " അമ്മ നിർവികാരമായി പറഞ്ഞു. " അപ്പോ സത്യാ.. സത്യ മരിച്ചോ " " അറിയില്ല. മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും അറിയില്ല. ബോഡി പോലും കിട്ടിയിട്ടില്ല. പക്ഷേ ശിവ ഇപ്പോഴും വിശ്വസിക്കുന്നത് അവൾ ഈ ലോകത്ത് എവിടേയോ ജീവിച്ചിരിക്കുന്നുണ്ട് എന്നാണ്. ഞങ്ങൾക്കും അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം" "മാഡം" രാമച്ഛൻ്റെ റൂമിൽ നിന്നും കുറച്ച് മുൻപു കണ്ട പെൺകുട്ടി ഇറങ്ങി വന്നു. " ഞാൻ ഇറങ്ങാ മാഡം.വൈകുന്നേരത്തിനുള്ളിൽ തിരിച്ചു വരാം " ആ കുട്ടി അമ്മയെ നോക്കി പറഞ്ഞു കൊണ്ട് താഴേക്ക് പോയി. "രാമച്ഛനെ നോക്കുന്ന ഹോം നേഴ്സ് ആണ്" സംശയത്തോടെ നിൽക്കുന്ന പാർവണയെ നോക്കി അമ്മ പറഞ്ഞു. ''മാഡം ഞാൻ സാറിനെ ഒന്ന് കയറി കണ്ടോട്ടേ പ്ലീസ്" അവൾ അപേക്ഷാ പൂർവ്വം പറഞ്ഞ് അമ്മയുടെ സമ്മതത്തിനായി കാത്തു നിന്നു....... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story