പാർവതി ശിവദേവം: ഭാഗം 34

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

''മാഡം ഞാൻ സാറിനെ ഒന്ന് കയറി കണ്ടോട്ടേ പ്ലീസ്" അവൾ അപേക്ഷാ പൂർവ്വം പറഞ്ഞ് അമ്മയുടെ സമ്മതത്തിനായി കാത്തു നിന്നു. "എനിക്ക് സമ്മതമാണ് പക്ഷേ ശിവ. അവന് അതൊന്നും ഇഷ്ടം ആവില്ല മോളേ " 'മാഡം അതോർത്ത് പേടിക്കണ്ട. ശിവ സാർ വരുമ്പോഴേക്കും ഞാൻ രാമച്ഛനെ കണ്ട് തിരികെ ഇറങ്ങാം " ശിവ ഇപ്പോഴോന്നും അവിടേക്ക് വരില്ലാ എന്ന് പാർവണക്കും ഉറപ്പ് ആയിരുന്നു. ''ശരി വേഗം കണ്ട് ഇറങ്ങണം ട്ടോ " അമ്മ അത് പറഞ്ഞതും അവൾ നേരെ വാതിൽ തുറന്ന് അകത്തേക്ക് കയറി. മുറി തുറന്നു വരുന്ന പാർവണയെ കണ്ട് രാമചച്ഛൻ അവളെ തന്നെ നോക്കി നിന്നു. അവൾ ഒരു പുഞ്ചിരിയോടെ രാമച്ഛന്റെ അരികിൽ വന്നിരുന്നു . "രാമച്ഛാ...."അവൾ അയാളുടെ കൈ തന്റെ കൈകളിൽ എടുത്തു കൊണ്ട് വിളിച്ചു. "ആ വിളികേട്ടു ആ വൃദ്ധന്റെകണ്ണുകൾ നിറഞ്ഞിരുന്നു." "അയ്യോ ...എന്തിനാ കരയുന്നേ "രാമച്ചന്റെ നിറഞ്ഞു വന്ന കണ്ണുകളിലേക്കു നോക്കി കൊണ്ട് പാർവണ ചോദിച്ചു .

" സാരില്ലാ ട്ടോ .അമ്മ എന്നോട് എല്ലാം പറഞ്ഞിരുന്നു. രാമച്ഛൻ്റെ അസുഖം എല്ലാം വേഗം മാറും. ഞാൻ മഹാദേവനോട് പ്രാർത്ഥിക്കാം " ആ വൃദ്ധനെ നോക്കി അവൾ പറഞ്ഞു . അപ്പോഴാണ് അവളുടെ കണ്ണുകൾ ടേബിനു മുകളിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ഫോട്ടോയിലേക്ക് എത്തിയത് . അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് ടേബിളിലെ ഫോട്ടോ കയ്യിലെടുത്തു. ചിരിച്ചുകൊണ്ട് നിൽക്കുന്ന സത്യയും അവളുടെ തോളിലൂടെ കൈയിട്ടു അപ്പുറത്തും ഇപ്പുറത്തും ആയി നിൽക്കുന്ന ശിവയും രാമച്ഛനും . അവൾ സത്യയുടെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി. എന്തു ഭംഗിയാ കാണാൻ .അല്ലെങ്കിലും ശിവ സാറിൻ്റെ ആളല്ലേ .അപ്പോ ഭംഗി ഇല്ലെങ്കിലെ അൽഭുതമുള്ളൂ . അവൾ ആ ഫോട്ടോയിലേക്ക് നോക്കി മനസ്സിൽ പറഞ്ഞു. അപ്പോഴാണ് അവൾ സത്യയുടെ ഡ്രസ്സ് ശ്രദ്ധിച്ചത് .താൻ ഇട്ടിരിക്കുന്ന അതേ ഡ്രസ്സ്. അതേ മോഡൽ ,സെയിം കളർ അവൾ അത്ഭുതത്തോടെ അതിലേക്ക് നോക്കി. അപ്പോ ഈ ഡ്രസ്സ് കണ്ടിട്ടാണോ ശിവ ഞാൻ സത്യയാണ് എന്ന് കരുതി അങ്ങനെയെല്ലാം പറഞ്ഞത് .

പാർവണ കഴിഞ്ഞു പോയ കാര്യങ്ങൾ ആലോചിച്ചുകൊണ്ട് ഫോട്ടോ തിരികെ ടേബിളിൽ കൊണ്ടുവന്നു വച്ചു .ശേഷം രാമച്ഛൻ്റെ അരികിൽ വന്നിരുന്നു. " ഞാൻ ആരാണെന്ന് രാമച്ഛന് മനസ്സിലായില്ല അല്ലേ " രാമച്ഛൻ്റെ മുഖത്തെ സംശയ ഭാവം കണ്ടു പാർവണ ചോദിച്ചു .അതിന് മറുപടിയായി ആ വൃദ്ധന്റെ കണ്ണുകൾ ഒന്ന് ചലിച്ചു. "എൻ്റെ പേര് പാർവണ .അടുപ്പം ഉള്ളവർ എന്നെ തുമ്പി എന്നു വിളിക്കും .ഞാൻ ശിവ സാറിനെ ഓഫീസിലെ സ്റ്റാഫ് ആണ് . എനിക്ക് ഒരു കൂട്ടുകാരി ഉണ്ട് ദേവു .അവൾ ദേവ സാറിൻ്റ PA ആണ് .അതുകൊണ്ട് ഒരു ഫയൽ തരാൻ വേണ്ടി ആണ് ഞങ്ങൾ ഇവിടേയ്ക്ക് വന്നത്." അവൾ അയാളെ നോക്കി കൊണ്ട് പറഞ്ഞു അപ്പോഴേക്കും അവളുടെ ഫോൺ റിങ് ചെയ്തു ചെയ്തു. കണ്ണനായിരുന്നു വിളിച്ചിരുന്നത് . "കണ്ണാ നീ എത്തിയോ.... ആണോ ....ഇതാ വരുന്നു ....ഒരു അഞ്ചു മിനിറ്റ്...." പാർവണ ഫോണിൽ പറഞ്ഞുകൊണ്ട് കോൾ കട്ട് ചെയ്തു. "എന്റെ ഫ്രണ്ടാ കണ്ണൻ .ഞങ്ങൾ ഇന്ന് ഔട്ടിങ്ങിന് പോവാൻ പ്ലാൻ ചെയ്തിരുന്നു .

ഈ ഫയൽ ഇവിടെ കൊടുത്തിട്ട് വേണമായിരുന്നു ഞങ്ങൾക്ക് പോകാൻ .അവൻ പുറത്ത് കാത്തു നിൽക്കുന്നുണ്ട് .എന്നാൽ ഞാൻ പോകട്ടെ " അവൾ രാമച്ഛന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അതേസമയം അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു . "അയ്യോ .... ഇങ്ങനെ കരയല്ലേ .എനിക്കും സങ്കടം വരും .രാമച്ഛന്റെ എല്ലാ സുഖവും മാറി പഴയ പോലെ ആവും. അതുപോലെ സത്യ വേഗം തിരിച്ചുവരും സങ്കടപ്പെടേണ്ട" അവൾ രാമച്ഛനെ നോക്കിക്കൊണ്ട് പറഞ്ഞു. അതേസമയം ആ വൃദ്ധന്റെ കണ്ണുകളിലും എവിടെയോ ഒരു പ്രതീക്ഷയുടെ തിളക്കം നിലനിന്നിരുന്നു . "എന്നാ ഞാൻ ഇറങ്ങട്ടെ. ശിവ സാർ എങ്ങാനു എന്നെ ഇവിടെ കണ്ടാൽ കാലേ വാരി നിലത്തടിക്കും. എന്നെ സാറിനെ അത്ര കാര്യമാണേ" അവൾ ഒരു ചിരിയോടെ പറഞ്ഞു. " ഞാൻ വെറുതെ പറഞ്ഞതാ ട്ടോ. സാറിന് എന്നെ കണ്ണെടുത്താ കണ്ടൂടാ.

അല്ലെങ്കിൽ ഞാൻ കുറച്ചുകൂടി നേരം ഇവിടെ ഇരിക്കുമായിരുന്നു .സാരല്യ സാർ ഇവിടെ ഇല്ലാത്ത ദിവസം ഞാൻ വരാം" അതു പറഞ്ഞു അവൾരാമച്ഛന്റെ നെറുകയിൽ ഉമ്മ വെച്ചു. ശേഷം തിരിച്ചു നടന്നു .അതേസമയം ആ വ്യദ്ധൻ്റെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നിരുന്നു .ഒപ്പം ശ്വാസത്തിന് ഗതി ഉയർന്ന് താഴ്ന്നുകൊണ്ടിരിക്കുന്നു . അയാൾ വലതു കൈ പൊക്കി കൊണ്ട് അവളെ വിളിക്കാൻ ശ്രമിച്ചു എങ്കിലും സാധിക്കുന്നില്ല . പാർവണ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും അവളെ വിളിക്കാനായി അയാളുടെ വലതു കൈ ഒന്നുയർത്തി. പക്ഷേ അടുത്ത നിമിഷം തന്നെ കൈകൾ തളർന്ന് ബെഡിലേക്ക് തന്നെ വീണു ഒപ്പം അയാളുടെ കണ്ണുകളും പതിയെ അടഞ്ഞു . താഴേക്ക് വന്ന പാർവണ അമ്മയോട് സംസാരിച്ചിരിക്കുന്ന രേവതിയേ ആണ് കണ്ടത്. " ദേവു കണ്ണൻ പുറത്ത് കാത്തു നിൽക്കുന്നുണ്ട്. നമുക്ക് ഇറങ്ങിയാലോ "രേവതിയോട് ആയി പറഞ്ഞു " എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ മാഡം....

ശരി സാർ "രേവതി അമ്മയേയും ദേവയേയും നോക്കിക്കൊണ്ട് പറഞ്ഞു ശേഷം പാർവണയുടെ ഒപ്പം പുറത്തേക്ക് നടന്നു. ഗേറ്റിന് പുറത്ത് കണ്ണൻ ബൈക്കുമായി അവരെ കാത്തുനിൽക്കുന്നുണ്ടായിരുന്നു . "നീ ഇത് എവിടെ പോയി കിടക്കുകയായിരുന്നു. മനുഷ്യൻ വെയിലത്ത് എത്ര നേരായി നിൽക്കുന്നു എന്ന് അറിയോ. ഈ വെയിലുകൊണ്ട് എന്റെ ഗ്ലാമർ മൊത്തം പോകും" കണ്ണൻ നെറ്റിയിലെ വിയർപ്പ് തുടച്ചു കൊണ്ട് പറഞ്ഞു. " പിന്നെ വലിയൊരു ഷാറൂഖാൻ വന്നിരിക്കുന്നു." പാർവണ പുഛിച്ചുകൊണ്ട് പറഞ്ഞു .അപ്പോഴാണ് കണ്ണൻ ബൈക്കിലാണ് വന്നിരിക്കുന്നത് എന്ന് പാർവണ ശ്രദ്ധിച്ചത്. "നീയെന്താ കണ്ണാ ബൈക്കിൽ... കാർ എവിടെ". " കാർ വർക്ക്ഷോപ്പിലാണ്. അതാ ഞാൻ ബൈക്ക് എടുത്തേ. നീയെന്താ കാറിൽ മാത്രമേ സഞ്ചരിക്കൂ ."കണ്ണൻ പുച്ഛത്തോടെ ചോദിച്ചു. " ഈ ബൈക്കിൽ നമ്മൾ മൂന്നുപേരും കൂടി എങ്ങനെ പോകാനാ "പാർവണ ചോദിച്ചു. " നിനക്ക് ഇതിൽ വരാൻ പറ്റില്ല എങ്കിൽ പിന്നിൽ ഒരു ഓട്ടോ പിടിച്ച് വാ...ഞാൻ ബീച്ചിൽ കാണും "അതു പറഞ്ഞ് കണ്ണൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു .

"അയ്യോ പിണങ്ങല്ലേ കണ്ണാ ഞാൻ വെറുതെ പറഞ്ഞതാ "അതു പറഞ്ഞു അവൾ അവന്റെ ബൈക്കിനു പിന്നിൽ കയറി. " നീയെന്താ ദേവു നോക്കിനിൽക്കുന്നേ വേഗം കയറ്." പാർവണ കണ്ണന്റെ തോളിലൂടെ കയ്യിട്ടു കൊണ്ട് പറഞ്ഞു . അത് കേട്ടതും രേവതി പാർവണയുടെ പിന്നിലായി കയറി അവർ നേരെ പോയത് ഒരു ബീച്ചിലേക്ക് ആണ് . ബീച്ചിൽ എത്തിയതും പാർവണ വേഗം വണ്ടിയിൽ നിന്നും ഇറങ്ങി .കടലിനരികിലേക്ക് ഓടി. ഉച്ച സമയം ആയതിനാൽ അധികം തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല . പാർവണക്ക് പിന്നിലായി രേവതിയും കടലിലേക്ക് ഇറങ്ങി . അവർ ഇരുവരും കൈകോർത്തുപിടിച്ച് കടലിലേക്ക് നടന്നു.അവർ തിരമാല വരുമ്പോൾ പിന്നിലേക്കു ഓടുകയും തിരമാല തിരിച്ചുപോകുമ്പോൾ വീണ്ടും കടലിലേക്ക് ഇറങ്ങും . അതു നോക്കിക്കൊണ്ട് കണ്ണൻ മണൽത്തിട്ടയിൽ ഇരുന്നു. "കണ്ണാ നീയെന്താ അവിടെ ഇരിക്കുന്നേ. വായോ..." പാർവണ കൈകൊണ്ട് അവനെ വിളിച്ചു . അതുകേട്ട് കണ്ണൻ പാൻസ് അല്പം മുകളിലേക്ക് കയറ്റി വെച്ചു കൊണ്ട് അവരുടെ അരികിലേക്ക് നടന്നു .

പാർവണയുടെ ഒരു കൈയിൽ രേവതിയും മറുകൈയിൽ കണ്ണനും മുറുകെ പിടിച്ചിരുന്നു. അവർ മൂന്നുപേരും കടലിലേക്ക് ഇറങ്ങിയതും ഒരു തിരമാല വന്നു അവരെ മുട്ടോളം നനച്ച് തിരികെപ്പോയി . കുറെനേരം കടലിൽ കളിച്ചുകൊണ്ട് അവർ മൂന്നുപേരും ക്ഷീണത്തോടെ മണൽത്തിട്ടയിൽ വന്നിരുന്നു . " തുമ്പി ഓടി പോയി 3 ഐസ് ക്രീം വാങ്ങിയിട്ട് വാ " കണ്ണൻ തൻ്റെ പേഴ്സിൽ നിന്നും ഒരു ഇരുന്നൂറിൻ്റെ നോട്ട് എടുത്ത് പാർവണക്ക് നീട്ടി കൊണ്ട് പറഞ്ഞു. "പിന്നെ.... എനിക്കൊന്നും വയ്യാ നീ തന്നെ പോയി വാങ്ങിയിട്ട് വാ " അവൾ രേവതിയുടെ തോളിലേക്ക് തല വച്ച് കൊണ്ട് പറഞ്ഞു. "നിനക്ക് ഐസ്ക്രീo വേണോ " "വേണം" " എന്നാ നീ പോയി വാങ്ങിയിട്ട് വാ '' കണ്ണൻ നോക്കി പേടിപ്പിച്ചു കൊണ്ട് പറഞ്ഞതും പാർവണ മുഖം വീർപ്പിച്ചു കൊണ്ട് പൈസ വാങ്ങി ഐസ് ക്രീം വാങ്ങാൻ പോയി. എനിക്ക് അറിയാം കണ്ണാ നിനക്ക് ദേവൂനെ പ്രൊപ്പോസ് ചെയ്യാൻ എന്നേ നൈസ്സ് ആയിട്ട് ഒഴിവാക്കിയതാണല്ലേ. നടക്കട്ടെ നടക്കട്ടെ'' പാർവണ മനസിൽ പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു.

"ദേവൂ എനിക്ക് ഒരു കാര്യം പറയാനുണ്ട് " കണ്ണൻ ചെറിയ ഒരു മടിയോടെ പറഞ്ഞു. "കണ്ണന് തുമ്പിയെ ഇഷ്ടമാണ് അല്ലേ " രേവതിയുടെ ഭാഗത്ത് നിന്നും അത്തരത്തിൽ ഒരു ചോദ്യം അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ''ദേവൂന്ന് എങ്ങനെ മനസിലായി ഞാൻ ഇതാണ് പറയാൻ വന്നതെന്ന് " അവൻ അത്ഭുതത്തോടെ ചോദിച്ചു. "അതൊക്കെ എനിക്ക് മനസിലായി. ഞാൻ പലവട്ടം കണ്ടിട്ടുണ്ട് ഈ കണ്ണുകളിൽ അവളോടുള്ള പ്രണയം നിറഞ്ഞു നിൽക്കുന്നത് " " പക്ഷേ തുമ്പിക്ക് എന്നോട് അങ്ങനെ ഒരു ഫീൽ ഇല്ലാലോ " കണ്ണൻ നിരാശയോടെ പറഞ്ഞു. " ഇപ്പോൾ അവൾക്ക് അങ്ങനെയൊന്നും ഇല്ല. എന്നു വച്ച് ഭാവിയിൽ ഉണ്ടാവാനുള്ള സാധ്യത ഇല്ലാതില്ല." "എനിക്ക് അവളോട് എൻ്റെ ഇഷ്ടം തുറന്ന് പറയണം എന്നൊക്കെയുണ്ട്. പക്ഷേ വല്ലാത്ത ഒരു പേടി. പിന്നെ അതിനുള്ള ഒരു സമയവും സന്ദർഭവും ഒത്തു വന്നില്ല.

" കണ്ണൻ പറഞ്ഞു. " എന്നാലെ ആ സമയവും സന്ദർഭവും ഒക്കെ നോക്കി അവളോട് മനസിൽ ഉള്ളതെല്ലാം തുറന്ന് പറയ്. ബാക്കി കാര്യം ഞാൻ എറ്റൂ " രേവതി അത് പറഞ്ഞതും കണ്ണൻ്റെ മനസിലും എന്തോ ഒരു ആശ്വാസം നിറഞ്ഞു. കാരണം രേവതി പറഞ്ഞാൽ അത് പാർവണ എന്തായാലും അനുസരിച്ചിരിക്കും എന്ന് കണ്ണനും അറിയാമായിരുന്നു. മറുഭാഗത്ത് രേവതിക്കും നല്ല സന്തോഷം ആയിരുന്നു. പാർവണയെ കണ്ണൻ നന്നായി മനസിലാക്കിയിട്ടുണ്ട്. അതു കൊണ്ട് കണ്ണൻ്റെ കൈയ്യിൽ അവളുടെ തുമ്പി എന്നും സുരക്ഷിതയായിരിക്കും എന്ന ഉറപ്പ് രേവതിക്കും ഉണ്ടായിരുന്നു. എന്തായാലും കണ്ണൻ തൻ്റെ ഇഷ്ടം തുറന്ന് പറഞ്ഞതിനു ശേഷം ദേവ സാറിൻ്റെ കാര്യം തുമ്പിയോട് പറയാം എന്ന് രേവതിയും മനസിൽ ഉറപ്പിച്ചു. പാർവണ ഐസ് ക്രീം വാങ്ങി വന്നതും അവൾ മൂന്ന് പേരും അത് കഴിച്ച് വീട്ടിലേക്ക് മടങ്ങി.കണ്ണൻ തന്നെയാണ് അവരെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കിയത്. അവർ വീട്ടിൽ എത്തുമ്പോൾ ഹൗസ് ഓണറുടെ മകൾ വരദ മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു.

പാർവണ വരദയെ കണ്ണന് പരിചയപ്പെടുത്തി കൊടുത്തു. "എനിക്ക് ആർദവ് ചേട്ടനെ അറിയാം. ഞാൻ പഠിച്ച സ്കൂളിൽ ആർദവേട്ടനും ഉണ്ടായിരുന്നു " വരദ കണ്ണനെ നോക്കി പറഞ്ഞു. " നിങ്ങളെ പരിചയപ്പെടുത്താൻ വന്ന ഞാൻ ഇപ്പോ ആരായി.ശശി. " പാർവണ സ്വയം പറഞ്ഞു. " എന്നാ ഞാൻ ഇറങ്ങാട്ടോ തുമ്പി കുറച്ച് വർക്ക് ഉണ്ട്. അതോണ്ട് ഓഫീസിൽ പോവണം. ശരി ദേവു പിന്നെ കാണാം.ബയ് വരദാ'' കണ്ണൻ മൂന്നു പേരോടും യാത്ര പറഞ്ഞ് പോയി. രേവതിയും പാർവണയും അവരുടെ വീട്ടിലേക്കും നടന്നു. "നിനക്ക് എന്താ ചെവി കേൾക്കുന്നില്ലേ തുമ്പി. എത്ര നേരമായി ആരോ കോണിങ്ങ് ബെൽ അടിക്കുന്നു." രേവതി ഹാളിലേക്ക് വന്നു കൊണ്ട് ചോദിച്ചു. "നിനക്ക് എന്താ കണ്ണ് കണ്ടുടേ ഞാൻ നഖം വെട്ടുകയാണ് " ചെയറിൽ കാല് കയറ്റി വച്ച് നഖം വെട്ടുന്ന പാർവണ അവളെ നോക്കി പറഞ്ഞു. "ആരോ പുറത്ത് വന്നിട്ടുണ്ട്. ആ കാല് താഴേ ഇറക്കി വച്ച് ഇരിക്ക് പെണ്ണേ " രേവതി അത് പറഞ്ഞ് ചെന്ന് വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ഞെട്ടി........ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story