പാർവതി ശിവദേവം: ഭാഗം 43

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

രാത്രി ആരുടേയോ ഫോൺ കോൾ കാത്ത് ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ശിവ. അപ്പോഴാണ് അവൻ പാർവണയെ കണ്ടത്. എതോ ബുക്കും പിടിച്ച് എന്തോ ആലോചിച്ച് ഇരിക്കുകയാണ് അവൾ.ശിവ വേഗം അവളെ ഫോൺ ചെയ്യ്തു. ബാൽക്കണിയിൽ എന്തോ ആലോചിച്ചു കൊണ്ടിരുന്ന പാർവണ ഫോണിന്റെ റിങ്ടോൺ കേട്ടാണ് സ്വബോധത്തിലേക്ക് വന്നത് . "ഹലോ സാർ "അവർ കോൾ എടുത്തു കൊണ്ട് പറഞ്ഞു. "ഇപ്പോ കുഴപ്പം എന്തെങ്കിലും ഉണ്ടോ. Ok അല്ലേ "ശിവ ചോദിച്ചു . " ഇപ്പൊ കുഴപ്പമൊന്നുമില്ല " "Ok good. ഫുഡ് ആന്റ് മെഡിസിൻ കഴിച്ചോ " "ഫുഡ് ...ഇല്ല അല്ല ...കഴിച്ചു "അവൾ പെട്ടെന്ന് മാറ്റി പറഞ്ഞു . "ഫുഡ് കഴിച്ചു എന്നാണോ അതോ... ഇല്ല... എന്നാണോ "ശിവ സംശയത്തോടെ ചോദിച്ചു. " കഴിച്ചു" അവൾ പറഞ്ഞു. " കള്ളം പറയുന്നവരെ എനിക്ക് തീരെ ഇഷ്ടമല്ല " "ഞാൻ കഴിച്ചില്ല "അത് കേട്ടതും പാർവണ പറഞ്ഞു. "അതെന്താ കഴിക്കാത്തത്" ശിവ അല്പം ഗൗരവത്തോടെയാണ് ചോദിച്ചത്. " എന്തോ കഴിക്കാൻ തോന്നിയില്ല "....

"ഫുഡ് കഴിക്കാതിരുന്നാൽ വൈകുന്നേരത്തെ പോലെ ബോഡി വീക്കാവും.അതുകൊണ്ട് ഫുഡ് കറക്റ്റ് ടൈമിൽ കഴിക്കണം. പിന്നെ ഫുഡിന് ശേഷം കഴിക്കാനുള്ള ടാബ്ലെറ്റ് ഞാൻ രേവതിയുടെ കയ്യിൽ കൊടുത്തിട്ടുണ്ട് .അതും കഴിക്കണം" ശിവ ഗൗരവം വിടാതെ പറഞ്ഞു . "കഴിക്കാം " "നീ എന്താ ചെയ്യുന്നേ "ശിവ വീണ്ടും ചോദിച്ചു. " ഞാൻ പഠിക്കാ... അടുത്തമാസം എക്സാം ആവാറായി." "പഠിക്കുകയാണെങ്കിൽ ബുക്കിൽ അല്ലേ നോക്കി ഇരിക്കേണ്ടത് .പക്ഷേ നീ ആകാശത്ത് നോക്കി ഇരിക്കുന്നത് ആണല്ലോ നോക്കി ഇരിക്കുന്നുണ്ടായിരുന്നത്. ."ശിവ അത് പറഞ്ഞതും പാർവണ വേഗം ശിവയുടെ വീടിന്റെ ബാൽക്കണിയിലേക്ക് നോക്കി . അവിടെ തന്നെയും നോക്കി നിൽക്കുന്ന ശിവയെ കണ്ടപ്പോൾ അവളുടെ മനസ്സിലും പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു സന്തോഷം നിറഞ്ഞു നിൽക്കുന്ന പോലെ തോന്നി.

" വെറുതെ സ്വപ്നം കണ്ടിരിക്കാതെ രണ്ടക്ഷരം പഠിച്ച് കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ നോക്ക് " പാർവണയുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇല്ലാതെ ആയപ്പോൾ ശിവ പറഞ്ഞു. "Mmm ." അവൾ ഒന്ന് മൂളി. " എന്നാ OK ഗുഡ് നൈറ്റ് മെഡിസിൻ കഴിക്കാൻ മറക്കണ്ട." "ഗുഡ് നെറ്റ് "അവൾ കോൾ കട്ട് ചെയ്യ്തു.  ശിവ അകത്തേക്ക് പോകാൻ നിന്നതും തന്റെ ഫോൺ റിങ് ചെയ്തു .താൻ കാത്തിരുന്ന ആളാണ് വിളിച്ചത് എന്നു മനസ്സിലായതും അവൻ വേഗം കോൾ അറ്റൻഡ് ചെയ്തു. " ഞാൻ പറഞ്ഞ ഡീറ്റെയിൽസ് കളക്ട് ചെയ്തോ മാധവ്" "ചെയ്തു സാർ ....സാർ പറഞ്ഞ മൂന്ന് പേരിൽ രണ്ടുപേർ ഇപ്പോൾ ജീവിച്ചിരിപ്പില്ല ." " What..." അതു കേട്ടതും ശിവ ഞെട്ടി കൊണ്ട് ചോദിച്ചു . "അതെ സാർ ആ മൂന്നു പേരിൽ ഇപ്പോൾ ഡോക്ടർ അനുരാഗ് മാത്രമാണ് ജീവിച്ചിരിക്കുന്നത്.മറ്റു രണ്ടുപേരും മരിച്ചിരിക്കുന്നു. രണ്ടും കാർ ആക്സിഡന്റ് ആയിരുന്നു. "ഡോക്ടർ അനുരാഗിനെ കുറിച്ച് എന്തെങ്കിലും ഇൻഫോർമേഷൻ' ശിവ ആകാംക്ഷയോടെ ചോദിച്ചു.. " കുറച്ച് കിട്ടിയിട്ടുണ്ട്. അയാൾ ബാംഗ്ലൂരിലായിരുന്നു വർക്ക് ചെയ്തിരുന്നത്.

ഇപ്പോൾ കേരളത്തിലേക്ക് വന്നിട്ട് കുറച്ചു കാലം മാത്രമേ ആയിട്ടുള്ളൂ. നമ്മുടെ ഇവിടെ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ തന്നെയാണ് അയാൾ വർക്ക് ചെയ്യുന്നത് ." "Ok thanks for the information.." ശിവ പറഞ്ഞു. "സാറിന് വേണ്ടപ്പെട്ട ആരെങ്കിലും ആണോ ഈ മൂന്നുപേർ ."മാധവ് സംശയത്തോടെ ചോദിച്ചു. " അതെ . എനിക്ക് വളരെ വളരെ വേണ്ടപ്പെട്ടവർ ആയിരുന്നു." അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ പക നിറഞ്ഞിരുന്നു . ശിവ കോൾ കട്ട് ചെയ്യ്ത് റൂമിലേക്ക് നടന്നു. ചന്ദ്രശേഖർ ,കളരിക്കൽ ജോൺ, "നിങ്ങൾ രണ്ടു പേരും എൻ്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ടു. അല്ല ദൈവം നിങ്ങളെ രക്ഷപ്പെടുത്തി എന്ന് പറയുന്നതായിരിക്കും ശരി. പക്ഷേ അനുരാഗ് നിനക്ക് മാപ്പില്ല. നിനക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനവുമായി ഉടൻ തന്നെ ഞാൻ നിൻ്റെ അരികിലേക്ക് വരും.Dr ശിവരാഗ് ആയി " ശിവ ബെഡിൽ ഇരുന്ന് തൻ്റെ പഴയ കോളേജ് ഫോട്ടോയിലേക്ക് നോക്കി കത്തുന്ന മിഴികളോടെ പറഞ്ഞു. 

കണ്ണൻ അന്ന് ഫോൺ എറിഞ്ഞ് പൊട്ടിച്ചതിനുശേഷം ഇന്നാണ് ഫോൺ ശരിയാക്കിയത് . അവൻ നേരെ പാർവണ യ്ക്ക് മെസ്സേജ് അയക്കാൻ ആയി വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തു. * സോറി തുമ്പി... ഞാൻ അന്ന് അങ്ങനെ പെരുമാറിയത് തെറ്റാണ്. എന്ന് വെച്ച് നീ എന്നെ ഇങ്ങനെ avoid ചെയ്യല്ലേ പ്ലീസ് *കണ്ണൻ അവൾക്ക് മെസ്സേജ് അയച്ചു . അപ്പോഴേക്കും ഫോണിലേക്ക് മറ്റൊരു മെസ്സേജ് വന്നിരുന്നു . ജീവൻ്റെ ജീവനായ് ഒരു ആയുഷ്ക്കാലം മുഴുവൻ നിന്നൊടോപ്പം ജീവിക്കാൻ സാധിക്കുമെങ്കിൽ അതായിരിക്കും ഞാൻ ഈ ജന്മം നേടുന്ന എറ്റവും വലിയ പുണ്യം...'❤️ ഇന്ന് എൻ്റെ ആത്മാവിൻ്റെ അവകാശി നീ മാത്രമാണ് .ആ നിനക്കായ് കാത്തിരിക്കുകയാണ് ഞാനും എൻ്റെ പ്രണയവും .ഒരു നാൾ ആ പ്രണയം നീ തിരിച്ചറിയും. അന്ന് ഞാൻ നിന്നരികിൽ വരും....❤️ എന്ന് നിൻ്റെ ആത്മസഖി "Hey baby ഇത്രയും ദിവസം എവിടെയായിരുന്നു. ഞാൻ എത്ര നേരമായി ഇങ്ങനെ കാത്തിരിക്കുന്നു എന്നറിയോ ." അതിനു തൊട്ടുതാഴെ ഒരു മെസ്സേജ് വന്നു. കണ്ണൻ മെസ്സേജ് കണ്ടെങ്കിലും റിപ്ലൈ ഒന്നും കൊടുക്കാതെ നേരെ നെറ്റ് ഓഫ് ചെയ്തു.

അവൻ്റെ ഭാഗത്തുനിന്നും അങ്ങനെയൊരു പ്രതികരണമായിരുന്നു അവൻ്റെ ആത്മസഖിയും പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി മാത്രമായിരുന്നു ഉണ്ടായിരുന്നത് .  പാർവണ കുറച്ചുനേരം ബുക്ക് നോക്കിയിരുന്നു. പക്ഷേ എന്തോ ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല .ബുക്ക് നേരെ അടച്ചുവെച്ച് അവൾ വീടിനകത്തേക്ക് കയറി. ഡൈനിങ് ടേബിളിൽ ഭക്ഷണമെല്ലാം എടുത്തുവെച്ച് രേവതി കാത്തിരിക്കുന്നുണ്ടായിരുന്നു. ഉറക്കംതൂങ്ങി ആണ് അവൾ ഇരിക്കുന്നത്. സമയം നോക്കിയപ്പോൾ 12 മണി കഴിഞ്ഞിട്ടുണ്ടായിരുന്നു. പാർവണ തന്റെ റൂമിലേക്ക് വന്ന് ബെഡിൽ വന്നു കിടന്നു. കണ്ണടച്ച് കിടന്നെങ്കിലും എന്തോ ഉറക്കം വരുന്നില്ല .അവൾ വേഗം എഴുന്നേറ്റു ഡൈയ്നിങ് ഏരിയയിലേക്ക് നടന്നു. ഒന്ന് ചുമച്ചു കൊണ്ട് പാർവണ ചെയർ വലിച്ചിട്ട് ടേബിളിനരികിൽ ഇരുന്നു .

അവളുടെ ചുമയുടെ ശബ്ദം കേട്ട രേവതി ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് രേവതിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു. പാർവണ അപ്പോഴേക്കും ഭക്ഷണം വിളമ്പി കഴിക്കാൻ തുടങ്ങിയിരുന്നു. അവൾ കഴിക്കുന്നത് കണ്ടു രേവതി കുറച്ചുനേരം നോക്കിയിരുന്നു .ശേഷം ശിവ തന്ന ടാബ്ലെറ്റ് റൂമിൽ നിന്നും എടുത്തുകൊണ്ടുവന്ന് പാർവണയുടെ മുൻപിൽ വെച്ചു. ഒപ്പം ഒരു ഗ്ലാസ് വെള്ളവും താൻ നേരിട്ട് പറഞ്ഞാൽ അവൾ അനുസരിക്കില്ല എന്നറിയാവുന്നതു കൊണ്ട് രേവതി ഒന്നും പറയാതെ വന്നിരുന്ന ഭക്ഷണം കഴിക്കാൻ തുടങ്ങി. ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം കൈ കഴുകി പാർവണ ടാബ്‌ലറ്റ് എടുത്തു കഴിച്ചു . ശേഷം തന്റെ പ്ലേറ്റുമായി അടുക്കളയിലേക്കു നടന്നു .പ്ലേറ്റും മറ്റും കഴുകിവെച്ച് അവൾ നേരെ റൂമിൽ വന്നു കിടന്നു . ടാബ്ലെറ്റിന്റെ ഡോസ് കാരണം അവൾ പെട്ടെന്ന് തന്നെ ഉറങ്ങിയിരുന്നു . അടുക്കളയിലെ പണിയെല്ലാം തീർത്ത് റൂമിലേക്ക് രേവതി വരുമ്പോഴേക്കും പാർവണ ഉറങ്ങിയിരുന്നു.

രേവതി ഒരു പുഞ്ചിരിയോടെ അവളുടെ അടുത്ത് വന്ന് അവളുടെ നെറുകയിൽ തലോടി . " Sorry daa I am really sorry" രേവതി ഉറങ്ങുന്ന അവളെ നോക്കി പറഞ്ഞു . അവളുടെ സ്പർശനം അറിഞ്ഞെന്ന് പോലെ ഉറക്കത്തിൽ പാർവണയും ഒന്ന് ചിണുങ്ങി കൊണ്ട് അവളെ കെട്ടിപ്പിടിച്ചു .  രാവിലെ പാർവണ എഴുന്നേൽക്കുന്നതിന് മുൻപുതന്നെ രേവതി എഴുന്നേറ്റിരുന്നു . സാധാരണ ദിവസങ്ങളിൽ രേവതി വിളിക്കുമ്പോൾ മാത്രം ബെഡിൽ നിന്നും താഴെ ഇറങ്ങുന്ന പാർവണ അന്ന് സ്വയം എഴുന്നേറ്റ് ഓഫീസിലേക്ക് പോകാൻ റെഡിയായി . തലേദിവസം മെഡിസിൻ കൊണ്ടുവന്ന് തരാൻ ശിവ വന്നിരുന്നു. അപ്പോൾ രാവിലെ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ പാർവണക്കൊപ്പം തന്നെ രേവതിയോടും ഓഫീസിലേക്ക് ഇറങണം എന്ന് ശിവ നിർദ്ദേശം തന്നിരുന്നു .ഒരു കാരണവുമില്ലാതെ ശിവ അങ്ങനെ ആവശ്യപ്പെടില്ലെന്ന് രേവതിയ്ക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ പാർവണക്കൊപ്പം ഓഫീസിലേക്ക് ഇറങ്ങാൻ രേവതിയും വേഗം റെഡിയായി . അപ്പോഴേക്കും പാർവണ ഭക്ഷണം കഴിച്ചു ഓഫീസിലേക്ക് ഇറങ്ങിയിരിക്കുന്നു. രേവതി ഭക്ഷണം പോലും കഴിക്കാതെ വേഗം വീടു പൂട്ടി അവൾക്ക് പിന്നാലെ ഓടി.

ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയ പാർവണ തന്റെ ഒപ്പം വരുന്ന രേവതിയെ കൂടി കണ്ടതും നടത്തത്തിന് വേഗത ഒന്നു കൂടി കൂട്ടി . കുറച്ചു ദൂരം മുന്നോട്ടു പോയതും ശിവയുടെ കാർ തന്റെ അരികിൽ വന്നതും ഒരുമിച്ചായിരുന്നു .പാർവണ സംശയത്തോടെ അകത്തിരിക്കുന്ന ശിവയെ നോക്കി .. "കയറു..." ശിവ അവളെ നോക്കി പറഞ്ഞു. " വേണ്ട . ഞാൻ നടന്നു വന്നോളാം" അവൾ ദേഷ്യത്തോടെ ബാക്ക് സീറ്റിൽ ഇരിക്കുന്ന ദേവയെ നോക്കിയാണ് അത് പറഞ്ഞത് . "പാർവ്വണ നീ കയറുന്നുണ്ടോ.. അതോ..." ശിവ ദേഷ്യത്തോടെ പറഞ്ഞു അതുകേട്ടതും പാർവ്വണ കോ ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു . "രേവതി ദേവക്കൊപ്പം ബാക്കിൽ കയറിക്കോ " ശിവ പറഞ്ഞതും രേവതി ഭയത്തോടെ പാർവണയെ ഒന്നുനോക്കി. എന്നാൽ പാർവണ അതൊന്നും ശ്രദ്ധിക്കാതെ വേറെ എങ്ങോട്ടോ നോക്കിയിരിക്കുകയായിരുന്നു . രേവതി കാറിൽ കയറിയതും ശിവ കാർ മുന്നോട്ട് എടുത്തു........ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story