പാർവതി ശിവദേവം: ഭാഗം 44

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

ശിവ നേരെ പോയത് ദേവാ കുറച്ചുകാലം മുൻപ് വാങ്ങിയിരുന്ന ആ പഴയ നാലുകെട്ട് വീട്ടിലേക്കാണ് . ശിവ കാറിൽ നിന്നും ഇറങ്ങിയതും ഒപ്പം ദേവയും രേവതിയും ഇറങ്ങി .എന്നാൽ പാർവണ ഒന്നും മിണ്ടാതെ കാറിനുള്ളിൽ തന്നെ ഇരിക്കുകയായിരുന്നു . "നീയെന്താ ഇറങ്ങുന്നില്ലേ "ശിവ ഗൗരവത്തോടെ ചോദിച്ചു. " എന്തിനാ ഇവിടേക്ക് വന്നിരിക്കുന്നത് .എനിക്ക് ഓഫീസിലേക്ക് പോകണം" അവൾ പറഞ്ഞു. "ഓഫീസിലേക്ക് പോകാം. അതിനുമുമ്പ് കുറച്ചു കാര്യം ഉണ്ട് .നീ കാറിൽ നിന്നും ഇറങ്ങ്..." കാറിന്റെ ഡോർ തുറന്നു കൊണ്ട് ശിവ പറഞ്ഞു . പാർവണ മനസ്സില്ലാമനസ്സോടെ കാറിൽ നിന്നും ഇറങ്ങി. പഠിപ്പുര വാതിൽ തുറന്ന് ദേവ മുന്നിൽ നടന്നു. അവന് പിന്നിലായി പാർവണയും ശിവയും രേവതിയും അകത്തേക്ക് കയറി . രേവതി ആ വീട്ടിലേക്ക് ഇതിനുമുമ്പ് വന്നിരുന്നതിനാൽ വലിയ അത്ഭുതങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ പാർവണ ആ വീടും പരിസരവും കൗതുകത്തോടെ നോക്കുകയായിരുന്നു .

"ദേവാ..ഒന്ന് വന്നേ "ശിവ അവനെയും വിളിച്ച് പുറത്തേക്ക് പോയി .ഇപ്പോൾ അവിടെ രേവതിയും പാർവണയും മാത്രമേ ഉണ്ടായിരുന്നുള്ളൂ . ശിവയും ദേവയും മനപ്പൂർവ്വം തങ്ങളെ ഒറ്റയ്ക്കാക്കി പോയതാണ് എന്ന് മനസ്സിലായ പാർവണ രേവതിയെ മൈൻഡ് ചെയ്യാതെ ആ വീട്ടിലെ ഉമ്മറത്തെ തിണ്ണയിൽ പോയിരുന്നു. ശേഷം ഫോണിൽ കളിക്കാൻ തുടങ്ങി. ഇത് കണ്ട് കുറച്ചുനേരം രേവതി എന്തുചെയ്യണമെന്നറിയാതെ അവിടെ തന്നെ നിന്നു പിന്നീട് എന്തോ മനസ്സിൽ ഉറപ്പിച്ചുകൊണ്ട് പാർവണയുടെ അരികിൽ വന്നിരുന്നു . രേവതി അടുത്തുവന്നിരുന്നതും പാർവണ അവിടെ നിന്നും കുറച്ച് നീങ്ങിയിരുന്നു രേവതി വീണ്ടും അവളുടെ അരികിലേക്ക് നീങ്ങിയതും പാർവണ ദേഷ്യത്തോടെ അവളെ നോക്കി. "തുമ്പി "...രേവതി സൗമ്യമായി വിളിച്ചതും പാർവണയുടെ മുഖത്തെ ഗൗരവം ഒന്നു മാറി പക്ഷേ അടുത്ത നിമിഷം തന്നെ അവൾ ദേഷ്യത്തോടെ രേവതിയെ നോക്കിയതിനുശേഷം അവിടെ നീന്നും എഴുന്നേറ്റു പോകാൻ നിന്നു .

അപ്പോഴേക്കും രേവതി അവളുടെ കയ്യിൽ പിടിച്ച് തന്റെ അരികിൽ ഇരുത്തിയിരുന്നു . "തുമ്പി പ്ലീസ്.... എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്ക് നീ. എനിക്കറിയാം തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ് എന്ന് " 'എനിക്ക് ഇത്തരത്തിലുള്ള explanation ഒന്നും കേൾക്കാൻ താല്പര്യമില്ല രേവതി ..." ഇത്രയും കാലം ദേവു എന്ന് വിളിച്ചിരുന്ന പാർവണയുടെ നാവിൽ നിന്നും അത്തരത്തിലൊരു വിളി കേട്ടതും രേവതിയ്ക്കും വല്ലാത്ത ഒരു സങ്കടം ആയിരുന്നു. " നിനക്ക് ...നിനക്ക് എന്നോട് വെറുപ്പാണോ തുമ്പി, എന്നോട് ദേഷ്യമാണോ "രേവതി വിതുമ്പിക്കൊണ്ട് ആയിരുന്നു അത് ചോദിച്ചിരുന്നത്. അവളുടെ നിറമിഴികൾ കണ്ടപ്പോൾ പാർവണക്കും മനസ്സിൽ വല്ലാത്ത ഒരു സങ്കടം നിറഞ്ഞു വന്നു.അത് മറച്ചുവെക്കാനായി അവൾ വേഗം മുഖം തിരിച്ചു . "ഇത്രയും കാലം ഞാൻ അറിയാത്ത ഒരു കാര്യവും നിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. അതുപോലെതന്നെ നീ അറിയാത്ത ഒരു കാര്യവും എന്റെ ജീവിതത്തിലും. പക്ഷേ ഈ കാര്യം ഞാൻ മറച്ചു വെച്ചു. അത് എന്റെ തെറ്റ് തന്നെയാണ്.

പക്ഷേ നിനക്ക് കൂടി നല്ലൊരു ജീവിതം കിട്ടിയിട്ട് എല്ലാ കാര്യവും നിന്നോട് പറയാം എന്നാണ് ഞാൻ കരുതിയതാണ്. നിന്നെ ഒറ്റയ്ക്കാക്കി പോവാൻ പറ്റാത്തത് കൊണ്ടാണ് ഞാൻ നിന്നോട് പറയാതിരുന്നത്. ഞാനും ദേവേട്ടനും തമ്മിലുള്ള ഇഷ്ടത്തെ കുറിച്ച് നീ അറിഞ്ഞാൽ എന്റെ വീട്ടിൽ പറയുകയും, കല്യാണം നടത്താൻ നീ തന്നെ മുൻകൈ എടുക്കും എന്ന് എനിക്കറിയാം. പക്ഷേ നിന്നെ ഒറ്റയ്ക്കാക്കി പോകാൻ എനിക്ക് കഴിയില്ല അതുകൊണ്ടാണ് ഞാൻ നിന്നോട് പറയാതിരുന്നത് .പക്ഷേ അത് കൂടുതൽ കാലം മാറച്ചുവെക്കണമെന്ന് ഞാനും കരുതിയതല്ലാ. കാരണം നിന്നോട് കണ്ണൻ ഇഷ്ടം തുറന്നു പറയുന്നതിനേക്കാൾ മുൻപ് തന്നെ ആ കാര്യം അവൻ എന്നോട് പറഞ്ഞിരുന്നു. ഞാൻ കരുതിയത് നീ അവനോട് അനുകൂലമായ ഒരു മറുപടി നൽകും എന്നാണ്. പക്ഷേ എന്റെ പ്രതീക്ഷ എല്ലാം തെറ്റിച്ചുകൊണ്ട് നീ അവനോട് നോ പറഞ്ഞു . അതിനുശേഷം നിന്നോട് പലവട്ടം ഞാൻ നിന്നോട് പറയാൻ നിന്നതാ... പക്ഷേ കഴിഞ്ഞില്ല എപ്പോഴും ഓരോ തടസങ്ങൾ വന്നു.

എന്നെ വെറുക്കല്ലേ തുമ്പി ....ഞാൻ നിന്റെ കാലുപിടിച്ചു മാപ്പ് പറയാം " രേവതി അവളെ കെട്ടിപ്പിടിച്ചു കൊണ്ട് കരയാൻ തുടങ്ങി .അവളുടെ കണ്ണീർ തന്റെ തോളിനെ നനച്ചപ്പോൾ എന്തുകൊണ്ടോ പാർവണയുടെ ദേഷ്യവും പതുക്കെ അലിഞ്ഞില്ലാതായിരുന്നു . അവളും തിരികെ രേവതിയെ കെട്ടിപ്പിടിച്ചുകൊണ്ട് കരയാൻ തുടങ്ങി . "എനിക്ക് പെട്ടെന്ന് അന്ന് നിന്നെ കണ്ടപ്പോൾ, എന്നോട് എല്ലാം നീ മറച്ചുവെച്ചു എന്നറിഞ്ഞപ്പോൾ സഹിക്കാൻ വയ്യാതായി. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരിൽ ഒരാൾ നീയല്ലേ.ആ നീ തന്നെ എന്നേ പറ്റിച്ചു എന്നറിഞ്ഞപ്പോൾ എനിക്കും സഹിക്കാൻ പറ്റിയില്ല ." തുമ്പിയും കരഞ്ഞു കൊണ്ട് പറഞ്ഞു . അപ്പോഴേക്കും ശിവയും ദേവയും ഒരു പുഞ്ചിരിയോടെ അവരുടെ അരികിലേക്ക് നടന്നു വന്നു. " എനിക്കറിയാമായിരുന്നു തുമ്പിക്ക് അവളുടെ ഈ ദേവുനോട് അധികകാലം പിണങ്ങി നിൽക്കാൻ പറ്റില്ലാന്ന്" ദേവ ഒരു ചിരിയോടെ പറഞ്ഞു. " സാർ എന്നോട് മിണ്ടണ്ട ...

ഞാൻ അനിയത്തി ആണ് എന്നൊക്കെ പറഞ്ഞിട്ട് എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ." തുമ്പി മുഖം കൊട്ടിക്കൊണ്ട് പറഞ്ഞു . "ഏട്ടന്റെ പെങ്ങൾ പിണങ്ങല്ലേ . നിന്റെ കൂട്ടുകാരി തന്നെയാ നിന്നോട് പറയേണ്ട പറഞ്ഞത്. പിന്നെ നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് ഞാനും കരുതി . പക്ഷേ അതൊക്കെ ഇങ്ങനെ ആയി തീരും എന്ന് വിചാരിച്ചില്ല ."ദേവാ തുമ്പിയുടെ അരികിൽ വന്ന് ഇരുന്നുകൊണ്ട് പറഞ്ഞു. ഇപ്പോൾ തുമ്പിയുടെ ഒരു ഭാഗത്ത് രേവതിയും ഒരു ഭാഗത്ത് ദേവയുമാണ് ഇരിക്കുന്നത്. പാർവണ തന്റെ ഇരുകൈകൾകൊണ്ടും അവരുടെ കൈകൾ കോർത്ത് പിടിച്ചിരുന്നു . ഇതെല്ലാം കണ്ടു കുറച്ചപ്പുറത്തായി ശിവ നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്. ശേഷം പതിയെ കുളത്തിനടുത്തേക്ക് നടന്നു. ഇത്തരത്തിൽ സ്നേഹമുളള സന്ദർഭങ്ങൾ നേരിട്ട് കാണാൻ ഇടവരുബോൾ ശിവ ഇപ്പോഴും സത്യയെ ഓർക്കുമായിരുന്നു. കാരണം അവന്റെ ജീവിതത്തിലും അവനെ അത്രമേൽ സ്നേഹിക്കാൻ സത്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ .

സത്യക്ക് മാത്രമേ അതിനു കഴിഞ്ഞിരുന്നുള്ളൂ എന്നതാണ് കൂടുതൽ സത്യം . "ഐ മിസ്സ് യു ഡിയർ "...കുള പടവിൽ ഇരിക്കുന്ന ശിവ വലതുകൈ തന്റെ ഇടനെഞ്ചിൽ ചേർത്തുകൊണ്ട് പറഞ്ഞു കണ്ണുകൾ അടച്ചിരുന്നു. ഒരു തണുത്ത സ്പർശം തോളിൽ അറിഞ്ഞതും അവൻ കണ്ണുതുറന്ന് നോക്കുമ്പോൾ തന്റെ മുൻപിൽ പുഞ്ചിരിയോടെ നിൽക്കുന്ന പാർവണയെയാണ് കണ്ടത് . "സാറെന്താ ഇവിടെ ഒറ്റയ്ക്ക് വന്നിരിക്കുന്നേ." അവന്റെ അരികിൽ ഇരുന്നുകൊണ്ട് പാർവണ ചോദിച്ചു. "ഏയ് ഒന്നുമില്ല . ഒരു കോൾ വന്നപ്പോൾ സംസാരിക്കാനായി ഇവിടേക്ക് വന്നതാ "ശിവ തന്റെ നിറഞ്ഞിരുന്ന മിഴികൾ പാർവണ കാണാതെ തുടച്ചു കൊണ്ട് പറഞ്ഞു . "ഇത് സാറിന്റെ വീടാണോ "പാർവണ സംശയത്തോടെ ചോദിച്ചു . "അതെ ദേവ വാങ്ങിയതാ. അവൻ ഒരുപാട് ഇഷ്ടപ്പെട്ടു വാങ്ങിച്ചതാ ഈ നാലുകെട്ട് ." "ഇവിടെയൊക്കെ കാണാൻ നല്ല രസമുണ്ട് അല്ലെ .ശരിക്കും എന്തോ ഒരു പ്രത്യേക ഭംഗി ഇവിടെ നിറഞ്ഞുനിൽക്കുന്നുണ്ട്.

ഈ നാലുകെട്ടും കുളവും മഞ്ചാടി മരവും എല്ലാംകൂടി ഒരു പ്രത്യേക ഫീൽ "പാർവണ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു . അപ്പോഴേക്കും രേവതിയുടെ കൈപിടിച്ച് ദേവ അവരുടെ അരികിലേക്ക് വന്നിരുന്നു . "കല്യാണം കഴിക്കുന്നതിനു മുൻപ് ഇങ്ങനെയൊന്നും നടക്കണ്ട" അവരുടെ കൈകൾ വേർപെടുത്തി അവരുടെ ഇടയിലേക്ക് കയറിയിരുന്നു കൊണ്ട് പാർവണ പറഞ്ഞു . അതുകേട്ട് ശിവയും ദേവയും രേവതിയും ചിരിക്കാൻ തുടങ്ങി . "നിന്റെ കാര്യം കൂടി ഒന്ന് ശരിയായിട്ട് നമുക്ക് കല്യാണം അടിച്ചുപൊളിച്ച് നടത്താം ." ദേവ അവളുടെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു . "എന്റെ കാര്യം ശരിയാവണമെങ്കിൽ ദേ ഈ മനുഷ്യനോടുകൂടി ഒന്നു പറയ് എന്നെ കെട്ടാൻ" പാർവണ മനസ്സിൽ പറഞ്ഞു . അത് പറയുമ്പോൾ അവളുടെ കണ്ണുകൾ ശിവയുടെ മുഖത്തായിരുന്നു .അത് ദേവയും ശ്രദ്ധിച്ചിരുന്നു.

എന്നാൽ ശിവയാണെങ്കിൽ ഇതൊന്നുമറിയാതെ അകലേക്ക് നോക്കി ഇരിക്കുകയായിരുന്നു . "എനിക്ക് സീരിയസ് ആയിട്ട് ഒരു കാര്യം പറയാനുണ്ട് .നിങ്ങളെ ഇങ്ങനെ വെറുതെ കയറൂരി വിടാൻ ഞാൻ സമ്മതിക്കില്ല. ഉടൻതന്നെ നിങ്ങളുടെ കാര്യം വീട്ടിൽ പറയണം" അത്രയും നേരം ചിരിച്ചു കൊണ്ടിരുന്ന പാർവണ ഗൗരവത്തോടെ പറഞ്ഞു. " അതൊന്നും ഇപ്പോൾ വേണ്ട" അത് കേട്ടതും രേവതി പറഞ്ഞു . "അത് നീയല്ല തീരുമാനിക്കുന്നത്. ഞാൻ ഇന്നു തന്നെ വീട്ടിൽ പറയും .പിന്നെ ദേവ സാറിന്റെ വീട്ടിൽ ശിവ സാർ പറയണം "പാർവണ ഒന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു . അവൾ പറയുന്നത് കേട്ട ശിവ ഒന്ന് തലയാട്ടി . "ഇങ്ങിനെ അധികനേരം ഇവിടെ ഇരിക്കേണ്ട. നമുക്ക് പോകാം "അതുപറഞ്ഞ് ശിവ കുളക്കടവിൽ നിന്നും എഴുന്നേറ്റു ...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story