പാർവതി ശിവദേവം: ഭാഗം 49

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

തന്റെ കഴുത്തിൽ മഞ്ഞ ചരടിൽ കോർത്ത് കുഞ്ഞു താലി കണ്ടതും അവൾ ഞെട്ടിത്തരിച്ച് തന്റെ പിന്നിൽ നിൽക്കുന്ന ആളെ നോക്കി. " ശിവ "അവളുടെ ചുണ്ടുകൾ മന്ത്രിച്ചു . "നീ എന്നാണ് കരുതിയത് അത്രയും ആളുകളുടെ മുന്നിൽ വെച്ച് എന്നെ നാണംകെടുത്തിയിട്ട് നീയും നിന്റെ ആ മറ്റവനും സന്തോഷമായി ജീവിക്കുമെന്നോ. ശിവ അങ്ങനെ ഒരു കാര്യവും വെറുതെ വിട്ടു കളയുന്ന ആളല്ല. എനിക്കെന്തെങ്കിലും തന്നിട്ടുണ്ടെങ്കിൽ അത് പലിശ സഹിതം തിരിച്ചു തന്നിരിക്കും . ശിവ പറയുന്നതെല്ലാം കേട്ടു അതേസമയം ഒന്നും മനസ്സിലാവാതെ നിൽക്കുകയായിരുന്നു പാർവണ. " ശിവ... ഞാൻ..." " നീ ഇനി ഇങ്ങോട്ട് ഒന്നും പറയാൻ വരേണ്ടടി .....മോളേ. ഇത് ഞാൻ നിന്റെ കഴുത്തിൽ കെട്ടിയത് എന്റെ കൂടെ സുഖമായി വാഴിക്കാനല്ല.മറിച്ച് നിന്റെ മറ്റവനുള്ള ഒരു ഓർമപ്പെടുത്തൽ ആണ്. കുറച്ചു ദിവസം മുൻപ് അവൻ എന്നോട് ഒരു വെല്ലുവിളി നടത്തിയിരുന്നു. നിന്റെ കഴുത്തിൽ ആരെങ്കില്ലും താലി കെട്ടുന്നുണ്ടെങ്കിൽ അത് അവൻ ആയിരിക്കും എന്ന്. അതുകൊണ്ട് നിന്റെ കഴുത്തിൽ കെട്ടിയ ഈ താലി അവനുള്ള എന്റെ സമ്മാനമാണ്.ഈ കാര്യം നിനക്ക് വേണമെങ്കിൽ അവനോട് പറയാം.

അല്ലെങ്കിൽ മറ്റാരും അറിയുന്നതിനു മുൻപേ ഈ താലി അഴിച്ച് മാറ്റി അടുത്ത ആഴ്‌ച്ച അവനെ കല്യാണം കഴിക്കാം എന്തായാലും ഞാൻ ഇതിന്റെ പേരിൽ ഒരു അവകാശം പറഞ്ഞു വരില്ല.നീയ്യും അങ്ങനെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. അപ്പോ എന്നാ good bye. ഇനി നമ്മൾ തമ്മിൽ ഒരു കൂടി കാഴ്ച ഉണ്ടാകാതിരിക്കട്ടെ." ശിവ അത് പറഞ്ഞു ഒരു വിജയ ചിരിയോടെ ആ അമ്പല മുറ്റത്തു നിന്നും നടന്നകന്നു. പാർവണ അപ്പോഴും ഞെട്ടൽ മാറാതെ അങ്ങനെ തന്നെ നിൽക്കുകയായിരുന്നു. ശിവ പറഞ്ഞിൻ്റെ അർത്ഥം മനസിലാക്കാൻ അവൾക്ക് കുറച്ച് സമയം വേണ്ടി വന്നിരുന്നു. "എന്താ മഹാദേവാ ഇവിടെ നടക്കുന്നത്. ഇത് സ്വപ്നമാണോ അതോ സത്യമാണോ" അവൾ തൻ്റെ കഴുത്തിൽ ശിവ അണിയിച്ച താലിയിലേക്കും കൈയ്യിൽ കണ്ണൻ അണിയിച്ച മോതിരത്തിലേക്കും മാറി മാറി നോക്കി. ശേഷം എന്തോ തിരുമാനിച്ചുറപ്പിച്ചപ്പോലെ കൈയ്യിലെ ആർദവ് എന്നെഴുതിയ മോതിരം അഴിച്ച് അമ്പലനടയിലെ ഭണ്ഡാരത്തിൽ ഇട്ടു. ശേഷം ഒന്നു കൂടെ തൊഴുത് അമ്പല നട വിട്ടിറങ്ങി.

അതേ സമയം അവളുടെ ആ പ്രവൃത്തിയുടെ അർത്ഥം മനസിലാവാതെ ആ കാപ്പി മിഴികൾ സംശയത്തോടെ നിന്നു. "അമ്പലത്തിൽ പോയി വന്നിട്ടും നിൻ്റെ മൂഡ് ഓഫ് മാറിയില്ലേ തുമ്പി" ബ്യൂട്ടിഷൻ മേക്കപ്പ് ചെയ്യുന്നതിനിടയിൽ രേവതി ചോദിച്ചു. പക്ഷേ അവൾ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. "ഡീ... തുമ്പി... നീ എന്താ കണ്ണ് തുറന്ന് സ്വപ്നം കാണുകയാണോ " രേവതി അവളെ തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു. " എ... എന്താ... ചോദിച്ചേ... ഞാൻ കേട്ടില്ലാ" " നീ ഇങ്ങനെ സ്വപ്നം കണ്ടിരിക്കാനാണോ പരിപാടി വേഗം പോയി റെഡിയായി വാ " രേവതി അവളെ ഉന്തി തള്ളി പറഞ്ഞയച്ചു.  "എനിക്ക് ആകെ ടെൻഷനായിട്ട് വയ്യാ " കല്യാണ മുഹൂർത്തം അടുക്കുന്തോറും രേവതിയുടെ ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി. പക്ഷേ ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു പാർവണ . "ഡീ... " രേവതി പാർവണയുടെ തലക്കിട്ട് തട്ടി കൊണ്ട് വിളിച്ചു.

" നീ എന്തെങ്കിലും ചോദിച്ചോ '' " ഞാൻ ഇവിടെ ടെൻഷൻ അടിച്ച് നിൽക്കാ .നീ ഇവിടെ സുഖമായി ആരെയോ സ്വപ്നം കണ്ട് നിൽക്കാ. ഇതിനും മാത്രം ആലോചിക്കാൻ നിനക്ക് എന്താ ഉള്ളത്.." രേവതി ചെറിയ ദേഷ്യത്തോടെയാണ് അത് പറഞ്ഞത്. "എൻ്റെ ദേവൂട്ടി എന്തിനാ ഇങ്ങനെ ടെൻഷനടിക്കുന്നേ. ഞാൻ ഇല്ലേ കൂടെ ''പാർവണ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു. "ചെറുക്കനും വീട്ടുക്കാരും വന്നു ട്ടോ." കണ്ണൻ അവിടേക്ക് വന്നു കൊണ്ട് പറഞ്ഞു. " വന്നോ... എൻ്റെ കൃഷ്ണാ. എനിക്ക് ടെൻഷൻ കൂടി ബോധം ഇപ്പോ പോവും എന്നാ തോന്നുന്നേ" രേവതി അങ്ങോട്ടും ഇങ്ങോട്ടു നടന്നു കൊണ്ട് പറഞ്ഞു . " അടുത്ത ആഴ്ച്ച നീയും ഇങ്ങനെ പേടിക്കുമോ തുമ്പി" കണ്ണൻ അവളെ നോക്കി ചോദിച്ചതും പാർവണ തെളിച്ചമില്ലാത്ത ഒരു പുഞ്ചിരി നൽകി. "ദേവു ഒരു മിനിറ്റ് ട്ടോ .ഇവളെ കുറച്ച് നേരം ഞാൻ എടുക്കുന്നുണ്ട്. " അത് പറഞ്ഞ് കണ്ണൻ അവളുടെ കൈ പിടിച്ച് റൂമിനു പുറത്തേക്ക് നടന്നു. "കണ്ണാ ഞാൻ വരാം. എൻ്റെ കൈയ്യിൽ നിന്ന് വിട്" പാർവണ അവൻ്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു.

" നീ എന്താ തുമ്പി ഇങ്ങനെ .നല്ലൊരു ദിവസം ആയിട്ട് ഇങ്ങനെ മുഖത്തിന് ഒരു തെളിച്ചവും ഇല്ല. പിന്നെ അടുത്ത ആഴ്ച്ച ഈ ദിവസം ഈ സമയം നീ എൻ്റെ ഭാര്യയായിരിക്കും " കണ്ണൻ അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു. അവൻ പറയുന്നത് കേട്ട് പാർവണയുടെ ഉള്ളൊന്ന് പിടഞ്ഞു. "രാവിലത്തെ കാര്യങ്ങൾ ഉടൻ കണ്ണനോടും വീട്ടിലും പറയണം. ഇവർ ഞാൻ പറയുന്നത് വിശ്വസിക്കുമോ എന്തോ. എല്ലാം തുറന്ന് പറഞ്ഞ് ഇവിടെ നിന്നും ആരും കാണാത്ത ഒരിടത്തേക്ക് പോവണം'. ഒറ്റക്ക് ജീവിക്കണം. ഇനി ഈ പാർവണക്ക് ആരും വേണ്ട." അവൾ മനസിൽ ഉറപ്പിച്ചിരുന്നു. ''എൻ്റെ തുമ്പി പെണ്ണ് ഇന്ന് സുന്ദരിയായിട്ടുണ്ട് " പാർവണയുടെ മുഖം കൈകളിൽ എടുത്തു കൊണ്ട് കണ്ണൻ പറഞ്ഞു.അവൻ്റെ ആ സ്പർശനം പോലും പാർവണയെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. രേവതിയുടെ കല്യാണത്തിന് ഡ്രസ്സ് കോഡ് ഉണ്ടായിരുന്നു. ഫ്രണ്ട്സിനും ,കസിൻസിനും അടക്കം ഒരു പോലെ ഡിസൈനിലുള്ള പല കളർ ദാവണിയായിരുന്നു. പാർവണയുടെ ഒരു കരിപച്ച ദാവണിയായിരുന്നു.

അവളുടെ അതേ കരിം പച്ച കളർ ഷർട്ടായിരുന്നു കണ്ണന്റെത്. ആ സമയം കയ്യിൽ ഒരു ബോക്സുമായി ശിവ അവിടേക്ക് വന്നത്..പാർവണ തിരിഞ്ഞു നിൽക്കുന്നതിനാൽ ശിവയെ കണ്ടിരുന്നില്ല. ശിവ തങ്ങളുടെ നേരെ വരുന്നത് കണ്ടതും കണ്ണൻ പാർവണയുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു. " കണ്ണാ നീയിത് എന്താ കാണിക്കുന്നേ." അവന്റെ കൈ തട്ടിമാറ്റാൻ ശ്രമിച്ചു കൊണ്ട് പാർവണ പറയാൻ നിന്നതും കണ്ണൻ അവളെ തടഞ്ഞു. "I LOVE YOU" കണ്ണൻ അവളുടെ കണ്ണിൽ നോക്കി കൊണ്ട് പറഞ്ഞു. അപ്പോഴേക്കും ശിവ അവരുടെ അരികിൽ എത്തിയിരുന്നു. ശിവയെ കണ്ടതും പാർവണ കണ്ണനെ തന്നിൽ നിന്നും തള്ളി മാറ്റി.ശിവയാണെങ്കിൽ അവളെ നോക്കി ഒരു പുഛ ചിരി ചിരിച്ച് രേവതി ഇരിക്കുന്ന റൂമിനുള്ളിലേക്ക് കയറി പോയി. " നീ എന്ത് പണിയാ കാണിച്ചേ കണ്ണാ. ശിവ എന്ത് വി..." പാർവണ പാതി പറഞ്ഞു നിർത്തി. "

അവൻ എന്ത് കരുതിയാല്ലും no problem for me "കണ്ണൻ പുഛത്തോടെ പറഞ്ഞു. ''കണ്ണേട്ടാ താഴെ എല്ലാവരും എട്ടനെ അന്വേഷിക്കുന്നുണ്ട്." രശ്മി അവരുടെ അരികിലേക്ക് വന്നു കൊണ്ട് പറഞ്ഞു. രശ്മി അവിടേക്ക് വരുമ്പോൾ പാർവണയെ ചേർത്തു പിടിച്ച് നിൽക്കുന്ന കണ്ണനെയാണ് കണ്ടത്. അതു കണ്ട് അവളുടെ മനസ് വല്ലാതെ നീറിയിരുന്നു. അപ്പോഴും അവൾ മുഖത്ത് പുഞ്ചിരിയുടെ മുഖം മൂടിയണിഞ്ഞ് സന്തോഷത്തോടെ നിന്നു. അതിനു മാത്രമേ കണ്ണന്റെ ആ ആത്മസഖിക്ക് കഴിഞ്ഞിരുന്നുള്ളൂ എന്നതാണ് സത്യം രശ്മി വന്ന് പറഞ്ഞതും കണ്ണൻ താഴേക്ക് പോയി. പാർവണയുടെ മുന്നിൽ അധിക നേരം രശ്മിക്ക് അങ്ങനെ നിൽക്കാൻ കഴിയാത്തതുകൊണ്ട് അവൾ വേഗം അവിടെ നിന്നും പോയി. ശിവ റൂമിൽ നിന്നും പുറത്തേക്ക് വരാത്തതിനാൽ പാർവണ മുറിക്ക് പുറത്ത് തന്നെ നിൽക്കുകയായിരുന്നു ചെയ്യ്തത്. അവൻ കാണാതിരിക്കാനായി പാർവണ കുറച്ച് അപ്പുറത്തേക്കായി മാറി നിന്നിരുന്നു. കുറച്ച് കഴിഞ്ഞതും അവൻ ഡോർ തുറന്ന് ഇറങ്ങി വന്നു. ഒരു ഹാപ്പി ബ്ലൂ കളർ കുർത്തയും മുണ്ടും ആയിരുന്നു അവൻ്റെ വേഷം.

എപ്പോഴും ഫോർമൽ ഡ്രസ്സ് ഇടുന്ന അവന് ഇത്തരത്തിലുള്ള ഡ്രസ്സ് ശരിക്കും പുതുമയുള്ളതും ,ഭംഗിയുള്ളതും ആയിരുന്നു. നെറ്റിയിലെ ചന്ദനവും കഴുത്തിലെ രുദ്രാക്ഷവും അവൻ്റെ ഭംഗി ഒന്നു കൂടി വർദ്ധിപ്പിച്ചിരുന്നു. ശിവ അവിടെ നിന്ന് പോയതും പാർവണ രേവതിയുടെ അടുത്തേക്ക് നടന്നു. " തുമ്പീ ഇത് നോക്കിക്കെ.ദേവേട്ടൻ ശിവ എട്ടൻ്റെ കൈയ്യിൽ കൊടുത്തു വിട്ടതാണ്. " കൈയ്യിലെ ബോക്സ് തുറന്നു കൊണ്ട് രേവതി പറഞ്ഞു. വൈറ്റ് ആൻറ് റോസ് കളർ സ്റ്റോൺ വർക്കുള്ള ഒരു ജിമിക്കി ആയിരുന്നു അത്. "കൊള്ളാലോ ഇത്. കാണാൻ നല്ല രസം ഉണ്ട്. ഇങ്ങ് താ ഞാൻ ഇട്ട് തരാം" പാർവണ ആ ജിമിക്കി വാങ്ങി ശേഷം രേവതിയുടെ കാതിലെ കമ്മൽ അഴിച്ച് ദേവ തന്ന ജിമ്മിക്കി ഇട്ടു. " ഇത് നിനക്കുള്ളതാണ് തുമ്പി" ടേബിളിനു മുകളിൽ ഇരിക്കുന്ന ബോക്സ് പാർവണക്ക് നൽകി രേവതി പറഞ്ഞു. പാർവണ അത് വാങ്ങി തുറന്നു നോക്കി. ഒരു പാലക്കാസെറ്റ് ആയിരുന്നു അത്. '' ഇങ്ങ് ഇത് ഞാൻ ഇട്ട് തരാം" അത് പറഞ്ഞ് രേവതി അവൾക്ക് അത് ഇട്ടു കൊടുത്തു.

നിറഞ്ഞ താള മേള അകമ്പടിയോടെ സർവ്വാഭരണ വിഭൂഷിതയായി രേവതി കല്യാണ മണ്ഡപത്തിലേക്ക് കയറി. പൂജിച്ച താലി പൂജാരി ദേവക്ക് നേരെ നീട്ടി. അവൻ അത് വാങ്ങി രേവതിയുടെ കഴുത്തിൽ ചാർത്തി. ശേഷം സിന്ദൂരത്താൽ അവളുടെ സീമന്തരേഖ ചുവപ്പിച്ചു. ദേവയുടെ പെങ്ങളുടെ സ്ഥാനത്ത് നിന്നത് പാർവണയും രേവതിയുടെ ആങ്ങളുടെ സ്ഥാനത്ത് കണ്ണനും ആയിരുന്നു നിന്നത്. കണ്ണന് നല്ല നിർബന്ധമായിരുന്നു ദേവുവിൻ്റ സഹോദരൻ്റെ സ്ഥാനത്ത് താൻ വേണം എന്ന്. അതു കൊണ്ട് കല്യാണത്തിന് ഒരാഴ്ച്ച മുൻപ് തന്നെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയതും, ഓടി നടന്നതും അവൻ തന്നെയായിരുന്നു. താലികെട്ട് എല്ലാം കഴിഞ്ഞ് ഫോട്ടോ സെക്ഷൻ തുടങ്ങി.പാർവണ അതിൽ നിന്നും എല്ലാം ഒഴിഞ്ഞു മാറാൻ ശ്രമിച്ചു ഏങ്കിലും ആരു അവളെ പിടിച്ച പിടിയാലേ സ്റ്റേജിലേക്ക് കൊണ്ടുവന്നു. ദേവയുടെ സൈഡിലായി ആരുവും അച്ഛനും അമ്മയും,രശ്മിയും നിന്നു. രേവതിയുടെ സൈഡിലായി രേവതിയുടെ അച്ഛനും,അമ്മയും കണ്ണനും പാർവണയും ആണ് നിന്നിരുന്നത് .

ഇതെല്ലാം കണ്ടു താഴെ ഒരു കസേരയിൽ ശിവ ഇരിക്കുന്നുണ്ടായിരുന്നു .അവനെ കണ്ടതും കണ്ണൻ പാർവണയുടെ തോളിലൂടെ കയ്യിട്ടു അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു . ശിവ കാണുന്നതിന് ആണ് അവൻ അങ്ങനെ ചെയ്തത് എന്ന് പാർവണക്ക് മനസ്സിലായിരുന്നു .പക്ഷേ കണ്ണൻ എന്തിനാണ് ഇങ്ങനെയെല്ലാം പെരുമാറുന്നത് എന്നുമാത്രം അവൾക്ക് മനസ്സിലായിരുന്നില്ല . കണ്ണന്റെ സ്പർശനം അവൾക്കു വല്ലാത്ത ദേഷ്യം തോന്നിച്ചെങ്കിലും മിണ്ടാതെ അവൾ തലതാഴ്ത്തി നിന്നു. " ചേച്ചി താഴെയല്ല ക്യാമറ വെച്ചിരിക്കുന്നത്. ആ മുഖം ഉയർത്തി ഇങ്ങോട്ട് ഒന്നു നോക്കിയാൽ ഞങ്ങൾക്ക് ഫോട്ടോ എടുക്കാമായിരുന്നു." തലതാഴ്ത്തി നിൽക്കുന്ന പാർവണയെ നോക്കി ക്യാമറാമാൻ പറഞ്ഞതും അവിടമാകെ ഒരു കൂട്ടച്ചിരി ഉയർന്നിരുന്നു. അവൾ മനസ്സില്ലാ മനസ്സോടെ ക്യാമറയിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു . "ഇനി നിങ്ങൾ ഓൾഡ് ജനറേഷൻ ഒക്കെ താഴേക്കിറങ്ങിക്കെ ഞങ്ങൾ ന്യൂജെൻസിന് കുറച്ച് സ്റ്റിൽസ് എടുക്കാൻ ഉണ്ട് ."ആരു അമ്മയെയും അച്ഛനെയും എല്ലാം നോക്കിക്കൊണ്ട് പറഞ്ഞതും അവർ താഴേയ്ക്ക് ഇറങ്ങി.

അവരോടൊപ്പം പോവാൻ നിന്ന പാർവണയെ അവൻ ബലമായി തന്നെ പിടിച്ചു നിർത്തി. " നീ എപ്പോഴാ തുമ്പി ഓൾഡ് ജനറേഷൻ ആയത്. ഇവിടെനിന്നേ നീ..." അത് പറഞ്ഞു അവൾ രേവതിയുടെ അടുത്ത അവളെ പിടിച്ചു നിർത്തി . "രാഗേട്ടാ വന്നേ നമുക്ക് കുറച്ച് ഫോട്ടോസെടുക്കാം." താഴെ ക്യാമറാമാനോട് സംസാരിച്ചു നിൽക്കുന്ന ശിവയെ ആരു വിളിച്ചു. " ഞാൻ ഇല്ലെടാ നിങ്ങൾ എടുത്തോ." ശിവ താൽപര്യമില്ലാതെ പറഞ്ഞു . "അതൊന്നും പറ്റില്ല. ഇപ്പൊ നമ്മളൊക്കെ ഒരു ഫാമിലിയല്ലേ. അപ്പൊ ഒരു ഫാമിലി ഫോട്ടോ നിർബന്ധാ." അതു പറഞ്ഞു ആരു ശിവയെ പിടിച്ചുവലിച്ച് മുകളിലേക്ക് കൊണ്ടുവന്നു . അവൻ വന്നതും കണ്ണന്റെ മുഖം ഒന്നു വാടി . ദേവയുടെ ഭാഗത്ത് രശ്മിയും ശിവയും ആരുവും നിന്നു. രേവതിയുടെ അടുത്ത് പാർവണയും കണ്ണനും. കണ്ണന്റെ കൈ അപ്പോഴും പാർവണയുടെ കൈകളെ മുറുകെ പിടിച്ചിരുന്നു . "ചേട്ടാ ...ചേട്ടൻ ഇപ്പുറത്തോട്ടു നിൽക്കുമോ എന്നാലേ ഫ്രെയിം കറക്റ്റ് ആവു ."ക്യാമറാമാൻ അത് പറഞ്ഞതും ആരു ശിവയെ പിടിച്ച് അപ്പുറത്തെ സൈഡിൽ കൊണ്ടുപോയി നിർത്തി.

" ചേച്ചി നടുവിലേക്ക് നിൽക്ക് എന്നിട്ട് ചേട്ടൻ അപ്പുറത്തേക്ക് നിൽക്ക്"രേവതിയുടെ അടുത്തുനിൽക്കുന്ന പാർവണ നോക്കി ക്യാമറാമാൻ പറഞ്ഞു അതുകേട്ട് അവൾ ഒരു മടിയോടെ നീങ്ങിനിന്നു. ഇപ്പോൾ പാർവണ കണ്ണന്റെയും ശിവയുടെയും നടുവിലായാണ് നിൽക്കുന്നത്. അവൾക്ക് ആകെ എന്തോ ഒരു അസ്വസ്ഥത തോന്നി തുടങ്ങി .ഫോട്ടോയെടുത്ത കഴിഞ്ഞതും അവൾ ആരോടും ഒന്നും മിണ്ടാതെ നേരെ ഡ്രസിങ്ങ് റൂമിലേക്ക് ഓടി .അവിടെ ചെന്ന് വാതിലടച്ച് ബെഡിലേക്ക് ഇരുന്നു . എനിക്ക് മാത്രം എന്താ എപ്പോഴും ഇങ്ങനെ . എന്ത് സന്തോഷത്തിന് കാര്യം വന്നാലും അതിന്റെ ഇരട്ടി ഒരു സങ്കടം വരും . ശിവ അവൻ എന്തിനാ എന്നോട് ഇങ്ങനെ ദേഷ്യം കാണിക്കുന്നേ. ഞാനേന്ത് ചെയ്തിട്ടാ... ഇനി ഞാൻ ഇഷ്ടമാണെന്ന് എന്നു പറഞ്ഞതിന്റെ ദേഷ്യം ആയിരിക്കുമോ. അല്ലെങ്കിലും ഞാൻ അല്ലേ ശരിക്കും ശിവയോട് ദേഷ്യം കാണിക്കേണ്ടത് .പക്ഷേ എനിക്ക് എന്തുകൊണ്ട് അത് തോന്നുന്നില്ല . അവൾക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. അവൾ കണ്ണുകളടച്ച് ബെഡിലേക്ക് കിടന്നു.

കുറെ കഴിഞ്ഞ് രശ്മി വാതിലിൽ തട്ടി വിളിച്ചപ്പോഴാണ് അവൾ കണ്ണുതുറന്ന്. ചേച്ചി ഭക്ഷണം കഴിക്കാൻ സമയമായി അവിടെ എല്ലാവരും ചേച്ചിയെ അന്വേഷിക്കുകയാ.രശ്മി അവളെയും വിളിച്ച് താഴെ ഭക്ഷണം കഴിക്കുന്ന ഇടത്തേക്ക് നടന്നു . അവിടെ എല്ലാവരും പാർവണയെ കാത്ത് ഇരിക്കുകയായിരുന്നു . ഏറ്റവും അറ്റത്ത് രേവതിയും അവളുടെ അടുത്ത് ദേവയും അതിനുശേഷം രശ്മി ആരു, പിന്നെ പാർവണ . "നീ എവിടെ പോയി കിടക്കായിരുന്നു തുമ്പി ." ആരു ചെറിയ ദേഷ്യത്തോടെ ചോദിച്ചു. " ഞാൻ അവിടെ റൂമിൽ ഉണ്ടായിരുന്നു. ചെറിയൊരു തലവേദന പോലെ. കണ്ണൻ എവിടെ "അവൾ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു. "കണ്ണേട്ടൻ വീട്ടിലേക്ക് പോയിരിക്കുകയാണ് ദേവേട്ടന്റെ അമ്മയോടൊപ്പം അവിടെ ഇവരെ സ്വീകരിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യണമല്ലോ. അപ്പോ കണ്ണേട്ടൻ പോയി. നിന്നെ കുറെ അന്വേഷിച്ചു ഇവിടെ കാണാത്തതുകൊണ്ട് പോയത് . പാവം അതിനൊരു സമാധാനമില്ല. ഏതുസമയവും ഓട്ടം തന്നെ.അടുത്ത ആഴ്ച്ച നിൻ്റെ കല്യാണത്തിന് ഞാനുമിതുപോലെ കിടന്ന് കഷ്ടപ്പെടേണ്ടിവരും അല്ലേ തുമ്പി. "

ആരു അവളെ നോക്കി പറഞ്ഞപ്പോൾ പാർവണ തെളിച്ചം ഇല്ലാതെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത് . "രാഗേട്ടാ കഴിക്കുന്നില്ലേ " ആരു ഹാളിലെ ശിവയെ കൈ കാട്ടി വിളിച്ചു. -' ഇല്ലാടാ. അവിടെ കുറച്ച് റിലേറ്റീവ്സ്നെ കൂടി നോക്കാൻ ഉണ്ട് നിങ്ങൾ കഴിച്ചോ " "അതൊന്നും പറ്റില്ല. വന്നേ നമ്മൂക്ക് ഒരു മിച്ച് ഇരിക്കാം" ആരു അവനെ നിർബന്ധിച്ചു. ''ഞാൻ എന്നാ ഒന്ന് കൈ കഴുകിയിട്ട് വരാം " അത് പറഞ്ഞ് ശിവ വാഷ് റൂമിലേക്ക് പോയി. " നീ എന്തിനാ ആരു ശിവയെ രാഗേട്ടാ എന്ന് വിളിക്കുന്നേ " പാർവണ ചോദിച്ചു "അതിനു ഇപ്പോ എന്താ നല്ല രസം ഇല്ലേ രാഗേട്ടാ എന്ന വിളി. " "അതെന്താ ശിവേട്ടാ എന്ന് വിളിച്ചേ " "അയ്യേ.. :' അതിന് ഞാൻ അഞ്ജലി അല്ല" " അഞ്ജലിയോ എത് അഞ്ജലി'' " അഞ്ജലിയെ നിനക്ക് അറിയില്ലേ തുമ്പി കഷ്ടം".... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story