പാർവതി ശിവദേവം: ഭാഗം 52

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

" ഇന്നലെ കല്യാണം കഴിഞ്ഞതേയുള്ളൂ മോനേ. ദേവുവിന്റെ വീട്ടിലേക്ക് വരുന്ന വഴി ഇവിടെ കയറിയതാണോ." അച്ഛൻ സംശയത്തോടെ ചോദിച്ചു. " അല്ലാ അച്ഛാ നിങ്ങൾ ഇവിടെക്കായി തന്നെ വന്നതാണ്" ദേവ പറഞ്ഞു . " ഇവിടേയ്ക്കോ... എന്നായാലും അകത്തേക്ക് കയറി വരൂ. ഇരുന്നു സംസാരിക്കാം" അത് പറഞ്ഞ് അച്ഛൻ അവരെ അകത്തേക്ക് ക്ഷണിച്ചു . ഹാളിൽ നിന്നുള്ള ദേവയുടെ ശബ്ദം കേട്ടാണ് റൂമിൽ ഇരുന്ന പാർവണ വാതിൽ തുറന്ന് പുറത്തേക്ക് വന്നത്. ശിവയേയും ദേവയേയും ഒരുമിച്ച് കണ്ടതും അവളുടെ മനസ്സിലും വല്ലാത്ത ഒരു പേടി നിറഞ്ഞു നിന്നിരുന്നു . "അതെ ഇവർക്ക് കുടിക്കാൻ വല്ലതും എടുക്ക് "അച്ഛൻ അടുക്കളയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു . "ഒന്നും വേണ്ട അച്ഛാ. വളച്ചുകെട്ടില്ലാതെ ഞങ്ങൾ വന്ന കാര്യത്തെക്കുറിച്ച് പറയാം." " എന്താ മോനെ ...എന്താ കാര്യം" അച്ഛൻ സംശയത്തോടെ ചോദിച്ചു . "ഞങ്ങളിപ്പോൾ ഇവിടേയ്ക്ക് വന്നത് പാർവണ യെ ശിവക്ക് കല്യാണം ആലോചിക്കാൻ ആണ്." അത് കേട്ടതും അവിടെ നിറഞ്ഞ എല്ലാ ആളുകളിലും ഒരു ഞെട്ടൽ കാണാമായിരുന്നു.

എന്നാൽ കൂട്ടത്തിൽ കൂടുതൽ ഞെട്ടിയത് ശിവയായിരുന്നു .അവൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യമായിരുന്നു ദേവ അവിടെ പറഞ്ഞത് . ശിവ ഒരു ഞെട്ടലോടെ അവനെ തന്നെ നോക്കി നിന്നു . അതേസമയം വാതിലരികിൽ നിൽക്കുന്ന ആളെ കണ്ട് പാർവണയും ഞെട്ടിയിരുന്നു. " കണ്ണൻ " ദേവ പറയുന്നതെല്ലാം കേട്ട് അവൻ വാതിലിനരികിൽ നിൽക്കുകയാണ്. കണ്ണൻ വന്ന കാര്യം ശിവയോ,ദേവയോ അറിഞ്ഞിരുന്നില്ല. " നിങ്ങൾക്ക് അറിയുമോ എന്ന് അറിയില്ല. ഇവർ തമ്മിൽ സ്നേഹത്തിലായിരുന്നു ." ദേവ അതു പറഞ്ഞതും കണ്ണൻ ദേഷ്യത്തോടെ ഹാളിലേക്ക് കടന്നുവന്നു. " ഈ വീട്ടിൽ നിന്നും നിങ്ങൾ ഇപ്പോൾ ഇറങ്ങണം ."അവൻ ദേഷ്യത്തോടെ ദേവയേയും ശിവയേയും നോക്കിക്കൊണ്ട് പറഞ്ഞു . " പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ടേ ഞങ്ങൾ ഈ വീട്ടിൽ നിന്നും ഇറങ്ങുകയുള്ളൂ." ദേവയും ദേഷ്യത്തോടെ പറഞ്ഞു. " നിനക്ക് എന്താണ് പറയാനുള്ളത് ഞാനുമായി അടുത്ത ആഴ്ച കല്യാണം നടത്താനിരിക്കുന്ന ഇവളെ ഈ ഇരിക്കുന്ന ഇവന് കെട്ടിച്ചു തരണം എന്നോ"കണ്ണൻ ശിവയെ നോക്കി ദേഷ്യത്തോടെ ചോദിച്ചു .

"അടുത്ത ആഴ്ച്ച ഒരു കല്ല്യാണം നടക്കാൻ ഉള്ള വീടാണ് ഇത്. ദയവു ചെയ്തു മറ്റുള്ളവരുടെ മുൻപിൽ വെച്ച് ഞങ്ങളെ നാണം കെടുത്തരുത് ."അച്ഛൻ കൈകൾ കൂപ്പി കൊണ്ട് ദേവയെ നോക്കി പറഞ്ഞു. " അച്ഛൻ ഇവന്മാരോട് അപേക്ഷിക്കേണ്ട ആവശ്യം ഒന്നു ഇല്ല. ഇറങ്ങി പോടാ ഈ വീട്ടിൽ നിന്ന് "കണ്ണൻ അലറികൊണ്ട് പറഞ്ഞു . "ഞങ്ങളെ ഇവിടെ നിന്നും ഇറക്കി വിടാൻ നിനക്കെന്താ ഇത്ര താല്പര്യം എന്നതിന്റെ കാരണം ഒക്കെ എനിക്കറിയാം .നീ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുത് ആർദവ്." ദേവ താക്കീതോടെ പറഞ്ഞു. "ടീ നീയായിട്ട് ഇവരോട് ഇവിടെ നിന്നും പോകാൻ പറയുന്നോ അതോ ഞാൻ ആയിട്ട് ഇവരെ ചവിട്ടി പുറത്താക്കണോ'' കണ്ണൻ പാർവണ യോടായി ചോദിച്ചു. "ദേവേട്ടാ പ്ലീസ്.വഴക്കൊന്നും വേണ്ട. നിങ്ങൾ ദയവു ചെയ്യ്ത് ഒന്ന് പോ" അവൾ ഇരു കൈകളും കൂപ്പി കൊണ്ട് പറഞ്ഞു. "ഇവിടെ നിന്നും ഇറങ്ങി പോകാൻ അവളുടെ നാവിൽ നിന്നു തന്നെ കേട്ടില്ലേ .ഇനിയും നിങ്ങൾ നാണവും മാനവും ഇല്ലാതെ ഇവിടെ തന്നെ നിൽക്കാനാണ് ഉദ്ദേശം എങ്കിൽ ... " "നിർത്തടാ " അതൊരു അലർച്ചയായിരുന്നു. " നീ കുറേ നേരം ആയല്ലോ ഇവിടെ കടന്നു തിളക്കുന്നു. ഞങ്ങളോട് ഇവിടെ നിന്നും ഇറങ്ങി പോവാൻ പറയാൻ നീയാരാടാ " ശിവ ദേഷ്യത്തോടെ അലറി.

" അത് നിനക്ക് ഇത്രയും നേരമായി മനസിലായിട്ടില്ലേ. ദേ ഈ നിൽക്കുന്ന ഇവളെ കല്യാണം കഴിക്കാൻ പോകുന്നത് ഞാനാണ്. അതിൽ കൂടുതൽ എന്ത് അവകാശമാണ് എനിക്കിവിടെ നിൽക്കാൻ വേണ്ടത് " "അങ്ങനെയാണോ. എന്നാൽ Mr.Aardhav ഇവിടെ നിൽക്കാൻ നിന്നെക്കാൾ എന്തുകൊണ്ടും അവകാശം എനിക്കാണ് " അത് പറഞ്ഞ് ശിവ നേരെ പാർവണയുടെ അരികിലേക്ക് നടന്നു. ടോപ്പിനിടയിൽ അവൾ മറച്ചു വച്ചിരുന്ന മഞ്ഞ ചരടിൽ കോർത്ത താലി അവൻ പുറത്തേക്കെടുത്തു. ഒരു നിമിഷം അവിടെ കൂടി നിന്നവരെല്ലാം നിശ്ചലമായി നിന്നു. പാർവണ പേടിയോടെ ആദ്യം നോക്കിയത് കണ്ണനെയാണ്. എല്ലാം നഷ്ടപ്പെട്ടവനെ പോലെ നിൽക്കുന്ന അവനെ കാൺകെ അവളുടെ മനസു നീറി. " ഇതിലും വലിയ അവകാശം ഇനി വേണോ " ശിവ അവളുടെ കഴുത്തിലെ താലി ഉയർത്തി പിടിച്ച് കൊണ്ട് ചോദിച്ചു. പാർവണയാണെങ്കിൽ എല്ലാവരുടേയും മുന്നിൽ തല താഴ്ത്തി നിൽക്കുകയാണ്. "ഞങ്ങളെ എല്ലാവരേയും ചതിക്കുകയായിരുന്നല്ലേടീ നീ " അച്ഛൻ ദേഷ്യത്തോടെ അവളുടെ കവിളിൽ ആഞ്ഞടിച്ചു.

അടിയുടെ ആഘാതത്തിൽ അവൾ വേച്ചു പോയെങ്കിലും ദേവ അവളെ താങ്ങി. " പാർവണയുടെ ഭാഗത്ത് ഒരു തെറ്റും ഇല്ല. അവൾ മനസറിഞ്ഞു കൊണ്ടല്ല ശിവ ഈ താലി അവളുടെ കഴുത്തിൽ കെട്ടിയത് " ദേവ നടന്ന കാര്യങ്ങൾ അച്ഛനോട് പറയാൻ ശ്രമിച്ചെങ്കിലും ശിവ അത് തടഞ്ഞു. "മതി ദേവ. ഇനി നീയായിട്ട് കാര്യങ്ങൾ കൂടുതൽ എക്പ്ലയിൻ ചെയ്യാൻ നിൽക്കണ്ട. നടന്ന കാര്യങ്ങൾ എന്താണെന്ന് അവൾ തന്നെ അവളുടെ വീട്ടുക്കാരെ പറഞ്ഞു മനസിലാക്കി കൊള്ളും. നമ്മുക്ക് തിരിച്ച് പോവാം " അത് പറഞ്ഞ് ശിവ പുറത്തേക്ക് നടന്നു. പോവുന്ന വഴി കണ്ണനെ നോക്കി ഒന്ന് പുച്ഛിക്കാനും അവൻ മറന്നില്ല. കാറിൽ കയറിയ ശിവ ദേവക്കായി വെയ്റ്റ് ചെയ്യ്തു എങ്കിലും അവനെ കാണാനില്ല .അവസാനം ക്ഷമ നശിച്ച് ശിവ കാറിൻ്റെ ഹോൺ അടിക്കാൻ തുടങ്ങി. ഒരു തവണ അടിച്ചിട്ടും അവൻ വരാതെ ആയപ്പോൾ ശിവ തുടരെ തുടരെ വീണ്ടും അടിക്കാൻ തുടങ്ങി. ദേവ പുറത്തേക്ക് വന്നപ്പോഴാണ് ശിവ ഹോണടി നിർത്തിയത്.

എന്നാൽ ദേവയുടെ പിന്നാലെ വരുന്ന പാർവണയെ കണ്ട് ശിവ ഡ്രയ് വിങ്ങ് സീറ്റിൽ നിന്നും പുറത്തേക്കിറങ്ങി. "ഇവൾ എങ്ങോട്ടാ " ശിവ സംശയത്തോടെ ചോദിച്ചു. "നമ്മുടെ കൂടെ വീട്ടിലേക്ക്." "നമ്മുടെ വീട്ടിലേക്കോ. എന്തിന് " " നിൻ്റെ ഭാര്യ നിൻ്റെ വീട്ടിൽ അല്ലാതെ പിന്നെ എവിടേയാ താമസിക്കേണ്ടത്?" "എൻ്റെ ഭാര്യയോ ,ഇവൾ എൻ്റെ ഭാര്യയൊന്നും അല്ല. ഇവളെ ഇവളുടെ വീട്ടുക്കാരുടെ അടുത്ത് തന്നെ കൊണ്ട് ചെന്നാക്കിയിട്ട് വാ ദേവാ " "പിന്നെ നീ ഒന്ന് കൊണ്ട് ചെന്ന് ആക്കി നോക്ക്. അവർക്ക് ഇങ്ങനെ ഒരു മകൾ ഇനി ഇല്ലാ എന്നാ അവർ പറയുന്നത്. ഈ നടന്നതിനെല്ലാം ഒരേ ഒരു കാരണക്കാരൻ നീ മാത്രമാണ് ശിവ " " ഞാനോ... നീയല്ലേ ഇവിടെ വന്ന് ഇവളെ കല്യാണം ആലോചിച്ചത്. അതും എനിക്ക് വേണ്ടി " "പിന്നെ ഞാൻ എന്ത് ചെയ്യണം. ഒരു പെൺകുട്ടി ഇവിടെ നിൽക്കുന്നുണ്ട് അല്ലെങ്കിൽ എൻ്റെ വായിലിരിക്കുന്നത് നീ കേൾക്കുമായിരുന്നു ശിവ " . " എന്തൊക്കെ പറഞ്ഞാലും ഇവളെ നമ്മുടെ വീട്ടിലേക്ക് കൊണ്ടു പോകാൻ ഞാൻ സമ്മതിക്കില്ല."

" നിൻ്റെ സമ്മതം അതിന് ആർക്ക് വേണം. നീ ഇവിടെ തന്നെ നിന്നോ എനിക്ക് ഒരു കുഴപ്പവും ഇല്ല. മോളേ നീ വിഷമിക്കണ്ട നിനക്ക് ഈ എട്ടനുണ്ട്. ഞാൻ ഉള്ളടത്തോളം കാലം നീ ഒറ്റക്കാവില്ല. നീ കാറിൽ കയറ്. അവൻ വരുന്നില്ലെങ്കിൽ വരണ്ട " അത് പറഞ്ഞ് ദേവ പാർവണയെ കാറിൽ കയറ്റി.ശേഷം ഡ്രെയ് വിങ്ങ് സീറ്റിൽ അവനും കയറി കാർ സ്റ്റാർട്ട് ചെയ്യ്തു. "ഇവിടെ തന്നെ നിൽക്കാനാണോ ശിവാ നിൻ്റെ പ്ലാൻ.വരുന്നുണ്ടെങ്കിൽ വാ " അത് കേട്ടതും ശിവ പാർവണയെ ഒന്ന് തറപ്പിച്ച് നോക്കിയ ശേഷം കാറിലേക്ക് കയറി. തിരിച്ചുള്ള യാത്രയിൽ അവർ മൂന്നു പേർക്കുമിടയിൽ മൗനം നിലനിന്നു. ഇടക്ക് നിശബ്ദതയെ ഭേദിച്ചു കൊണ്ട് പാർവണയുടെ എങ്ങലടികൾ ഉയർന്നു വന്നു. " നിൻ്റെ ആരെങ്കിലും ചത്തോ ഇങ്ങനെ ഇരുന്ന് മോങ്ങാൻ. മിണ്ടാതെ ഇരുന്നില്ലെങ്കിൽ നിന്നെ കാറിൽ നിന്നും പിടിച്ച് പുറത്താക്കും" ശിവ ദേഷ്യത്തോടെ പാർവണയോടായി പറഞ്ഞു.  മുക്കാൽ മണിക്കൂർ യാത്രക്കൊടുവിൽ അവരുടെ കാർ വീടിനു മുന്നിൽ എത്തി.കാർ ഗേറ്റ് കടക്കുന്നതിനു മുൻപേ ദേവ കാർ ഒന്ന് നിർത്തി. "ദേവുവിനും, അമ്മക്കും സത്യങ്ങൾ ഒന്നും അറിയില്ല. ഇനി നിങ്ങളായിട്ട് ഒന്നും അറിയിക്കാൻ നിൽക്കണ്ട.

നിങ്ങൾ തമ്മിൽ സ്നേഹത്തിലായിരുന്നു എന്നും വീട്ടുകാർ എതിർക്കും എന്നതിനാൽ കല്യാണം കഴിച്ചു എന്നും പറഞ്ഞാൽ മതി" ദേവ അവർ ഇരുവരേയും നോക്കി പറഞ്ഞു. " ഇങ്ങനെ കള്ളം പറയേണ്ട ആവശ്യം എന്താ " ശിവ പുഛത്തോടെ ചോദിച്ചു. "വേണ്ടടാ നീ നടന്ന സത്യങ്ങൾ എല്ലാം അതേപോലെ അമ്മയോട് പറയ്. അമ്മയും അറിയട്ടെ മകൻ്റെ ലീലാവിലാസങ്ങൾ " ദേവയും തിരികെ ഇരട്ടി പുഛത്തോടെ പറഞ്ഞു. ശേഷം കാർ പോർച്ചിലേക്ക് എടുത്തു. "നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ അമ്മയേയും ദേവൂനേയും വിളിച്ചിട്ട് വരാം " അത് പറഞ്ഞ് ദേവ അകത്തേക്ക് പോയി. "ഡീ... നീ എന്ത് ഉദ്ദേശത്തിലാ ഞങ്ങളുടെ ഒപ്പം ഇവിടേക്ക് വന്നത് " ശിവ പാർവണയുടെ കൈ പിടിച്ച് തിരിച്ചു കൊണ്ട് ചോദിച്ചു. ശിവ കൈ തിരിച്ചപ്പോൾ പാർവണക്ക് നല്ല വേദന തോന്നിയെങ്കിലും തോറ്റു കൊടുക്കാൻ അവൾ തയ്യാറായിരുന്നില്ല. അവൾ ദേഷ്യത്തോടെ ശിവയുടെ മുഖത്തേക്ക് നോക്കി. " നിൻ്റെ ചെവി എന്താടി പൊട്ടി പോയോ .ഞാൻ ചോദിച്ചതിന് ഉത്തരം പറയടി" "ദേവേട്ടാ "

അവൾ ഉറക്കെ അകത്തേക്ക് നോക്കി വിളിച്ചതും ശിവ വേഗം അവളുടെ കൈയ്യിലെ പിടി വിട്ടു. അപ്പോഴേക്കും ദേവ അമ്മയേയും, ദേവുവിനെയും വിളിച്ച് പുറത്തേക്ക് വന്നിരുന്നു. അമ്മയുടെ കൈയ്യിലിരിക്കുന്ന നിലവിളിക്കൽ നിന്നും തങ്ങളുടെ കല്യാണം കഴിഞ്ഞ കാര്യം അവർ അറിഞ്ഞു എന്ന് ശിവക്കും മനസിലായിരുന്നു. ''വലതുകാൽ വച്ച് കയറ് മോളേ "അമ്മ പാർവണയുടെ കൈയ്യിൽ വിളക്ക് കൊടുത്തു കൊണ്ട് പറഞ്ഞു. പാർവണ വിളക്ക് വാങ്ങി വലതുകാൽ വച്ച് അകത്തേക്ക് കയറി.വിളക്കുമായി പൂജാമുറിയിലേക്ക് കയറി.വിളക്ക് കണ്ണൻ്റെ വിഗ്രഹത്തിനു മുന്നിൽ വച്ചു. പ്രാർത്ഥിക്കാൻ പ്രത്യേകിച്ച് ഒന്നും ഇല്ലാത്തതിനാൽ കുറച്ച് നേരം കണ്ണുകൾ അടച്ച് നിന്നു. ശിവക്ക് പണ്ടു മുതലേ ഈശ്വരനിലോന്നും വിശ്വാസം ഇല്ലാത്തതിനാൽ അവൻ നേരെ തൻ്റെ മുറിയിലേക്ക് നടന്നു. മുകളിൽ നിന്നും എന്തൊക്കെയോ താഴെ വീണുടയുന്ന ശബ്ദത്തിൽ നിന്നും അവൻ്റെ ദേഷ്യത്തിൻ്റെ അളവ് ദേവക്കും മനസിലായിരുന്നു.  "ദേവു നീ പാർവണയേയും കൂട്ടി മുറിയിലേക്ക് പോകു. കുറേ ദൂരം യാത്ര ചെയ്തു വന്നതല്ലേ. കുറച്ചു നേരം റസ്റ്റ് എടുക്കട്ടെ" ദേവ അത് പറഞ്ഞതും രേവതി പാർവണണയേയും കൂട്ടി തന്റെ മുറിയിലേക്ക് പോയി. " ദേവാ... ശരിക്കും ശിവയുടെ ഇഷ്ടത്തോടെ ആണോ ഈ കല്യാണം നടന്നത് ."അവർ പോയതും അമ്മ ദേവയോടായി ചോദിച്ചു. " അതെ... എന്താ അമ്മ അങ്ങനെ ചോദിക്കാൻ" " അത് പിന്നെ മുകളിലെ കോലാഹലം കേൾക്കുന്നില്ല.

അതുകൊണ്ട് ചോദിച്ചതാ" " അത് ഒന്നുമില്ല അമ്മേ. പ്രതീക്ഷിക്കാതെ ഇങ്ങനെയൊക്കെ സംഭവിച്ചതിന്റെ ദേഷ്യമാണ് അവന്. അല്ലാതെ വേറൊന്നുമില്ല." ദേവ അത് പറഞ്ഞു മുറിയിലേക്ക് നടന്നു . മുറിയിലെത്തിയ പാർവണ രേവതിയെ കെട്ടിപ്പിടിച്ച് കരയാൻതുടങ്ങി. " നീയെന്തിനാ തുമ്പി ഇങ്ങനെ കരയുന്നേ ." "ഞാൻ ചതിയില്ലേ എല്ലാവരോടോം ചെയ്തത് ദേവു. അച്ഛനുമമ്മയും ആരുവും എല്ലാം നാട്ടുകാരുടെയും കുടുംബക്കാരുടെയും മുൻപിൽ നാണം കെട്ടില്ലേ. ഞാൻ അവിടുന്ന് ഇറങ്ങി വരുന്ന സമയത്ത് കണ്ണന്റെ മുഖം അതെന്റെ മനസ്സിൽ നിന്ന് തന്നെ പോകുന്നില്ല. ഞാൻ കാരണം അവൻ ഇപ്പോൾ എത്ര സങ്കടപ്പെടുന്നുണ്ടാകും." അത് പറഞ്ഞ് പാർവണ വീണ്ടും കരയാൻ തുടങ്ങി. അപ്പോഴാണ് ദേവ അവിടേക്ക് വന്നത് . "ദേവു... നീ പോയി പാർവണക്ക് കുടിക്കാൻ വല്ലതും എടുത്തിട്ട് വാ." ദേവ അത് പറഞ്ഞതും പാർവണയുടെ അരികിലിരുന്നു രേവതി എഴുന്നേറ്റു പുറത്തേക്ക് പോയി. "ദേവേട്ടാ ഞാൻ എന്താ ചെയ്യേണ്ടത്. ശിവ അവൻ എന്താ ഇങ്ങനെ. ഞാൻ വീട്ടുകാരോട് എല്ലാം സാവധാനത്തിൽ പറയാം എന്ന് കരുതിയതാണ്.

പക്ഷേ അവൻ ചാടി കേറി എല്ലാം പറഞ്ഞതുകൊണ്ടല്ലേ ഇങ്ങനെയെല്ലാം ഉണ്ടായത്." പാർവണ പരാതി പറയാൻ തുടങ്ങി. ഒപ്പം കരയുന്നുമുണ്ട് . "അങ്ങനെ പറയല്ലേ മോളേ. സംഭവിക്കാനുള്ളത് സംഭവിച്ചു. നേരിട്ടല്ലെങ്കിലും നിനക്ക് ഇങ്ങനെയൊക്കെ സംഭവിക്കാൻ ഞാനും കൂടി കാരണക്കാരൻ ആണ്. നിന്റെ വീട്ടിൽ വച്ച് ഞാൻ പറഞ്ഞത് വെറും വാക്കല്ല. ഈ ഏട്ടൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ കുട്ടിക്ക് ഒറ്റപ്പെടേണ്ട ആവശ്യം വരില്ല .ഏട്ടൻ ഉണ്ടാകും ഇന്നും കൂടെ. ഇനി എന്റെ പാറുക്കുട്ടി കണ്ണൊക്കെ തുടച്ച് മിടുക്കിയായേ..." പാർവണയെ ചേർത്തുപിടിച്ചുകൊണ്ട് ദേവ പറഞ്ഞതും പാർവണ കണ്ണുകൾ തുടച്ച് പുഞ്ചിരിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും രേവതി ഒരു ഗ്ലാസ്സിൽ ജ്യൂസുമായി അവളുടെ റൂമിലേക്ക് വന്നു. " ദേ ...ജ്യൂസ് വന്നല്ലോ. ഇനി ഇത് കുടിച്ചിട്ട് കുറച്ചുനേരം കിടന്നുറങ്ങി എഴുന്നേൽക്കുമ്പോൾ എല്ലാ സങ്കടവും മാറും." അത് പറഞ്ഞ ദേവ രേവതിയുടെ കയ്യിലുള്ള ഗ്ലാസ് വാങ്ങി പാർവണക്ക് നൽകി . അവൾ ജ്യൂസ് വാങ്ങി കുടിച്ച് ബെഡിലേക്ക് കിടന്നു. " അവൾ കുറച്ചു നേരം ഉറങ്ങിക്കോട്ടെ. ശല്യപ്പെടുത്തേണ്ട" ദേവ അതു പറഞ്ഞ് പുറത്തേക്ക് പോയി .അവന് പിന്നാലെ രേവതിയും .

വൈകുന്നേരം ശിവയും അമ്മയും ദേവയും കൂടി ഹാളിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് മുകളിൽ നിന്നും രേവതി കരഞ്ഞുകൊണ്ട് താഴേക്ക് ഓടി വന്നത്. " ദേവേട്ടാ... തുമ്പി അവൾക്ക് വയ്യ .എത്ര വിളിച്ചിട്ടും കണ്ണ് തുറക്കുന്നില്ല. നല്ല പനിയും ഉണ്ട്." രേവതി താഴേക്ക് വന്നുകൊണ്ട് പറഞ്ഞതും ദേവ വേഗം എഴുന്നേറ്റ് അങ്ങോട്ടേക്ക് പോകാനായി നിന്നു. അപ്പോഴേക്കും ശിവ പാർവണയുടെ അടുത്തേക്ക് ഓടിയിരുന്നു. റൂമിലെത്തിയ ശിവ പാർവണയുടെ നെറ്റിയിൽ തൊട്ട് നോക്കുമ്പോൾ നല്ല പനിയുണ്ട്. വിറക്കുന്നുമുണ്ട് . അവൻ വേഗം അവളുടെ ടെമ്പറേച്ചർ നോക്കി. ടെമ്പറേച്ചർ കുറച്ചു കൂടുതലാണ് .അവൻ ഒരു കോട്ടൻ തുണിയെടുത്ത് തണുത്ത വെള്ളത്തിൽ മുക്കി അവളുടെ നെറ്റിയിൽ നനച്ചിട്ട ശേഷം മുറിയിൽ പോയി മരുന്നു കൊണ്ടു വന്നു. അവളുടെ കയ്യിൽ ഇഞ്ചക്ഷൻ വെച്ചു. " ചെറിയൊരു പനിയാണ് കുറച്ചു കഴിഞ്ഞാൽ മാറിക്കൊള്ളും. ബോഡി ഭയങ്കര വീക്ക് ആണ്. അതാണ് ചെറുതായി വയ്യാതാമ്പോഴേക്കും ഇങ്ങനെ ബോധം പോകുന്നത്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഈ മെഡിസിൻ കൊടുക്കണം ".

രേവതിയോട് പറഞ്ഞു ശിവ റൂമിൽ നിന്നും പുറത്തേക്ക് പോയി . എന്നാൽ അതേ സമയം കഴിഞ്ഞ കാര്യങ്ങളോർത്ത് ദേവയുടെ മുഖത്ത് ഒരു പുഞ്ചിരി നിലനിന്നിരുന്നു . പാർവണക്ക് ബോധം വന്നപ്പോഴേക്കും രാത്രിയായിരുന്നു. രേവതി അവൾക്കുള്ള കഞ്ഞി റൂമിലേക്ക് കൊണ്ടുവന്നു. കുറച്ചു കഞ്ഞി കുടിച്ചു കഴിഞ്ഞു മെഡിസിൻ കൊടുത്തു രേവതിയും അവളോടൊപ്പം കിടന്നുറങ്ങി.  പിറ്റേദിവസം രാവിലെ അലറാം ശബ്ദം കേട്ടാണ് പാർവണ കണ്ണ് തുറന്നത്.രേവതി എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് കയറുന്നത് കണ്ട പാർവണ ബെഡ്റെസ്റ്റിൽ ചാരിയിരുന്നു. ദേവയുടെയും രേവതിയുടെയും മുറിയായിരുന്നു അത്. മുറിയുടെ ഒരു സൈഡിൽ ആയി വലുതായി അവരുടെ കല്യാണ ഫോട്ടോ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. പാർവണ അതിലേക്ക് തന്നെ നോക്കിയിരുന്നു. താനും ആഗ്രഹിച്ചതായിരുന്നു ഇഷ്ടപ്പെട്ട ആളുമായി ഉള്ള കല്യാണം .പക്ഷേ അത് ഇങ്ങനെ ആയി തീർന്നു . " നീ എഴുന്നേറ്റോ തുമ്പി" മുടി തോർത്തി കൊണ്ട് പുറത്തേക്ക് വന്ന ദേവു ചോദിച്ചു. " എണീറ്റു "...അവൾ പതിയെ പറഞ്ഞു .

"പനി മാറിയില്ലേ "രേവതി അവളുടെ നെറ്റിയിൽ തൊട്ടു നോക്കിക്കൊണ്ട് ചോദിച്ചു. " മാറി ...."അവൾ വീണ്ടും ചെറിയ ശബ്ദത്തിൽ പറഞ്ഞു. " വയ്യെങ്കിൽ കുറച്ചുനേരം കൂടി കിടന്നോ. ഞാൻ താഴേക്ക് പോവാണേ..." രേവതി പാർവണയുടെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു. "എന്നാൽ ഞാനും വരാം" അവൾ ബെഡിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു. " ഈ കോലത്തിലോ." "ഇതിന് എന്താ കുഴപ്പം" " കുഴപ്പമേ ഉള്ളൂ...." എന്തായാലും കുളിക്കണ്ട. നീ മേൽ കഴുകീട്ട് വാ. അപ്പോഴേക്കും ഞാൻ എൻ്റെ ഒരു ഡ്രസ്സ് നിനക്കുവേണ്ടി എടുത്ത് വയ്ക്കാം" അതുപറഞ്ഞ് രേവതി പാർവണയെ ഉന്തി തള്ളി ബാത്റൂമിലേക്ക് കയറ്റിവിട്ടു. ഹീറ്റർ ഉള്ളതിനാൽ ചുടു വെള്ളത്തിൽ ആണ് അവൾ കുളിച്ചത് .കുളിച്ച് ഇറങ്ങുമ്പോഴേക്കും തനിക്ക് ആയുള്ള ഡ്രസ്സ് രേവതി എടുത്തു വച്ചിരുന്നു. ബ്ലൂ കളർ ഉള്ള ഒരു സാരി ആയിരുന്നു അത്. രേവതി തന്നെ അത് പാർവണക്ക് ഉടുപ്പിച്ചു കൊടുത്തു .ശേഷം കണ്ണാടിക്കു മുൻപിലുള്ള സിന്ദൂരച്ചെപ്പുമായി രേവതി പാർവണയുടെ അരികിലേക്ക് വന്നു. " ദാ...."രേവതി അത് പാർവണക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു . "ഇതൊന്നും വേണ്ട ദേവു." അവൾ ചെറിയ മടിയോടെ പറഞ്ഞു. " അതൊന്നും പറഞ്ഞാൽ പറ്റില്ല .

കല്യാണം കഴിഞ്ഞാൽ പെൺകുട്ടികൾ സിന്ദൂരം നിർബന്ധമായും തൊടണം ." അതു പറഞ്ഞു അവൾ നിർബന്ധിച്ച് പാർവണയെ കൊണ്ട് സിന്ദൂരം എടുപ്പിച്ചു . അവൾ മോതിരവിരൽ കൊണ്ട് കുറച്ചു സിന്ദൂരം എടുത്തു നെറുകിൽ തൊട്ടു. " നീ എന്തിനാ തുമ്പി ഇങ്ങനെ പിശുക്കുന്നെ. കുറച്ചു കൂടി എടുക്ക്." അതുപറഞ്ഞ് രേവതി സിന്ദൂരം എടുത്തു അത്യാവശ്യം കട്ടിയിൽ തന്നെ അവൾക്ക് തൊട്ടു കൊടുത്തു . "പെർഫെക്റ്റ്... ഇനി വാ നമുക്ക് താഴേക്ക് പോകാം ."അത് പറഞ്ഞു പാർവണയെ വിളിച്ച് രേവതി താഴേക്ക് നടന്നു . താഴെ അമ്മ അടുക്കളയിൽ നല്ല പണിയിലാണ്. സമയം ആറുമണി കഴിഞ്ഞിട്ടേയുള്ളൂ. സാധാരണ ഏഴുമണി ഏഴര കഴിയാതെ ബെഡിൽ നിന്നും എനിക്കാത്ത പാർവണ ഇന്ന് ആറു മണിക്ക് എഴുന്നേറ്റു കുളിച്ചത് അവൾക്ക് സ്വയം ഒരു അത്ഭുതമായാണ് തോന്നിയത്. അവർ രണ്ടുപേരും അടുക്കളയിലേക്ക് ചെന്നു "മോളുടെ പനി എല്ലാം മാറിയോ " അമ്മ ചോദിച്ചു. "മാറി അമ്മേ "അവൾ ഒരു പുഞ്ചിരി മുഖത്ത് വരുത്തി കൊണ്ട് പറഞ്ഞു . "ഞങ്ങളെയെല്ലാം ഇന്നലെ മോള് പേടിച്ചാലോ. വിളിച്ചിട്ട് ആണെങ്കിൽ കണ്ണും തുറക്കുന്നില്ല തൊട്ടാൽ പൊള്ളുന്ന പനിയും. പിന്നെ ശിവ വന്ന് നോക്കി മെഡിസിൻ തന്നപ്പോഴാണ് ഞങ്ങൾക്കു കുറച്ച് ആശ്വാസമായത് .അയ്യോ സംസാരിച്ചു നിൽക്കാൻ സമയമില്ല ഇവിടെ എട്ടു മണിയാകുമ്പോഴേക്കും ചെക്കൻമാർക്ക് ഭക്ഷണം ആവണം."

അത് പറഞ്ഞ് അമ്മ തന്റെ പണികളിലേക്ക് പോയി. ദേവു രാവിലെക്കുള്ള ദോശ ഉണ്ടാക്കി. പാർവണ അതിലേക്കുള്ള കറിയും . എട്ടുമണി ആയതും ദേവ ഡൈനിങ് ടേബിൾ എത്തിയിരുന്നു. പാർവണയും രേവതിയും ഭക്ഷണമെല്ലാം ഡൈനിങ് ടേബിളിലേക്ക് എടുത്തു വെക്കുമ്പോഴാണ് സ്റ്റയറിറങ്ങി ശിവ താഴേക്ക് വന്നത്. ശിവയുടെ വരവ് കണ്ട് എല്ലാവരും ഞെട്ടിയിരുന്നു. ദേവ അവനെത്തന്നെ അത്ഭുതത്തോടെ നോക്കി ചെയറിൽ നിന്നും എഴുന്നേറ്റു . കഴുത്തിൽ സ്റ്റേതസ്കോപ്പും ഇട്ട് കൈയ്യിൽ വൈറ്റ് കോട്ടുമായി ഇറങ്ങിവരുന്ന ശിവയെ പാർവണ അത്ഭുതത്തോടെ നോക്കി. ആദ്യമായാണ് അവൾ അങ്ങനെ ഒരു വേഷത്തിൽ ശിവയെ കാണുന്നത്. എന്നാൽ അതേസമയം ശിവ തന്നെ തന്നെ നോക്കി നിൽക്കുന്ന പാർവണയെ നോക്കി താഴേക്ക് വരികയായിരുന്നു . "ഇതാണോ ശിവ നീ അന്നു പറഞ്ഞ സർപ്രൈസ് "ദേവയുടെ ശബ്ദമാണ് ശിവയെ പാർവണയെ നോക്കുന്നതിൽ നിന്ന് പിൻവലിച്ചത് . "അതേ... നിനക്ക് ഒരു ചെറിയ സർപ്രൈസ് ആയിക്കോട്ടെ വിചാരിച്ചു . ഇതിന്റെ ഭാഗമായാണ് അന്നത്തെ ഒരാഴ്ചയുടെ ട്രിപ്പ് ഉണ്ടായിരുന്നത്." ശിവ പുഞ്ചിരിയോടെ പറഞ്ഞു ദേവക്ക് ഓപ്പോസിറ്റ് ഉള്ള ചെയറിൽ വന്നിരുന്നു.

"നീ ഏതു ഹോസ്പിറ്റലിലാ വർക്ക് ചെയ്യുന്നേ " "ഇവിടെ അടുത്തുള്ളത് തന്നെയാ .എം .എസ് ഹോസ്പിറ്റൽ. കാർഡിയോളജി വിഭാഗം തന്നെയാണ്. അധികം സംസാരിക്കാൻ സമയമില്ല വേഗം ഇറങ്ങണം ." ശിവ അത് പറഞ്ഞതും രേവതി ദേവക്കും ശിവക്കുമുള്ള ഭക്ഷണം വിളമ്പാൻ തുടങ്ങി . "മോളെ ശിവ ഇതൊന്നും കഴിക്കില്ല . അവന്റെ ശീലങ്ങളും ഭക്ഷണങ്ങളും എല്ലാം വേറെയാണ്." അടുക്കളയിൽ നിന്നും ഒരു പാത്രത്തിൽ ശിവക്കുള്ള ഫുഡും ആയി വന്ന് അമ്മ പറഞ്ഞു. അമ്മ ശിവക്കുള്ള ഫുഡ് അവന്റെ മുൻപിൽ എടുത്ത് വച്ചു .ശിവ സ്പൂൺ ഉപയോഗിച്ച് അത് കഴിക്കാൻ തുടങ്ങി. പാർവണ അപ്പോഴും അത്ഭുതത്തോടെ ശിവയെ നോക്കുകയായിരുന്നു . "പാറു ആ വെള്ളമെടുത്ത് തന്നേ "ദേവ ഗ്ലാസിലേക്ക് നോക്കി പറഞ്ഞതും പാർവ്വണ ഗ്ലാസിലേക്ക് വെള്ളമൊഴിച്ചു ദേവക്ക് കൊണ്ടുവന്നു കൊടുത്തു . പാർവണ ദേവയുടെ അടുത്തേക്ക് വന്നപ്പോഴാണ് ശിവ ശരിക്കും അവളെ ശ്രദ്ധിച്ചത്. സാരിയുടുത്ത്, കഴുത്തിൽ താൻ ചാർത്തിക്കൊടുത്ത താലി ,നെറുകയിൽ സിന്ദൂരമായിനിൽക്കുന്ന പാർവണയെ അവനും അത്ഭുതത്തോടെ നോക്കുകയായിരുന്നു .

"അപ്പോ ഇനി മുതൽ നീ ഓഫീസിലേക്ക് വരില്ലേ " ദേവ ചോദിച്ചപ്പോഴാണ് ശിവ പാർവണയുടെ മേൽ നീന്നും തന്റെ കണ്ണ് പിൻവലിച്ചത് . "ഇല്ലടാ.. ഞാൻ ഇനി ഓഫീസിലേക്ക് കുറച്ചുകാലം ഉണ്ടാവില്ല ." 'അത് സാരല്യ... എന്തായാലും നീയാ പഴയ പ്രൊഫഷനിലേക്ക് പോയതിൽ എനിക്ക് സന്തോഷമേയുള്ളൂ. എല്ലാം എന്റെ പാറു മോളുടെ വരവ് കൊണ്ടാ" ദേവ പാർവണയെ നോക്കി പറഞ്ഞു . ദേവ തന്നെ കളിയാക്കിതാണെന്ന് പാർവണക്ക് മനസ്സിലായിരുന്നു. " ഞാൻ ഇറങ്ങാ ശിവ ഭക്ഷണം കഴിക്കുന്നത് നിർത്തിക്കൊണ്ട് എഴുന്നേറ്റു. കൈ കഴുകി തന്റെ കോട്ടും സ്റ്റതസ്കോപ്പും എടുത്ത് പുറത്തേക്ക് നടന്നു . "മോളെ നീ ഇങ്ങനെ നിൽക്കാതെ അവനെ യാത്രയാക്കിയിട്ട് വാ" അമ്മ അവളെ നോക്കി പറഞ്ഞതും പാർവണ ചെറിയൊരു മടിയോടെ ശിവക്കു പിന്നാലെ പുറത്തേക്ക് നടന്നു. പാർവണ പുറത്തെത്തിയപ്പോൾ ശിവ ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുകയായിരുന്നു. അവൾ എന്തുചെയ്യണമെന്നറിയാതെ മുറ്റത്തെ കൈവരിയോട് ചേർന്ന് വച്ചിരിക്കുന്ന ചെടികളുടെ ഇല വെറുതെ പിച്ചി പറിക്കാൻ തുടങ്ങി.

അതുകണ്ട ശിവ ഫോണിൽ സംസാരിക്കുന്നതിനിടയിൽ എന്താ എന്ന് പുരികം ഉയർത്തി ചോദിച്ചു. അവൾ ഒന്നും ഇല്ല എന്ന രീതിയിൽ ചുമൽ കൂച്ചി.ശിവ ഫോണിൽ സംസാരിച്ചുകൊണ്ട് തന്നെ കാറിലേക്ക് കയറി "ഇയാൾ എന്താ ഇങ്ങനെ ...ചില സമയത്ത് എന്നെ കടിച്ചുകീറാൻ വരും .ചെലപ്പോഴെക്കെ പാവം. ഇതുപോലെ മിനുട്ടിൽ മിനുട്ടിൽ ഭാവം മാറുന്ന ആളെ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി കാണുകയാണ് എന്റെ മഹാദേവ..." സ്വയം പിറുപിറുത്തു കൊണ്ടുള്ള അവളുടെ മുഖഭാവം എല്ലാം തന്നെ ശിവ കാറിലെ മിററിലൂടെ കാണുന്നുണ്ടായിരുന്നു. " ഇവൾക്ക് ശരിക്കും വട്ടാണോ. അതോ വട്ടുള്ള പോലെ അഭിനയിക്കുകയാണോ ." ശിവ സ്വയം ചോദിച്ചു . "എന്തെങ്കിലുമാവട്ടെ വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നാണല്ലോ . അതും കറക്റ്റ് ആയി എന്റെ തലയിൽ തന്നെ വീഴുകയും ചെയ്തു. എന്റെ കഷ്ടകാലം..." അത് പറഞ്ഞ് ശിവ കാർ മുന്നോട്ടെടുത്തു. ശിവ ഗേറ്റ് കടന്നു പോയതും പാർവണ തിരികെ അകത്തേയ്ക്ക് വന്നു...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story