പാർവതി ശിവദേവം: ഭാഗം 53

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"ഇയാൾ എന്താ ഇങ്ങനെ ...ചില സമയത്ത് എന്നെ കടിച്ചുകീറാൻ വരും .ചെലപ്പോഴെക്കെ പാവം. ഇതുപോലെ മിനുട്ടിൽ മിനുട്ടിൽ ഭാവം മാറുന്ന ആളെ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി കാണുകയാണ് എന്റെ മഹാദേവ..." സ്വയം പിറുപിറുത്തു കൊണ്ടുള്ള അവളുടെ മുഖഭാവം എല്ലാം തന്നെ ശിവ കാറിലെ മിററിലൂടെ കാണുന്നുണ്ടായിരുന്നു. " ഇവൾക്ക് ശരിക്കും വട്ടാണോ. അതോ വട്ടുള്ള പോലെ അഭിനയിക്കുകയാണോ ." ശിവ സ്വയം ചോദിച്ചു . "എന്തെങ്കിലുമാവട്ടെ വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നാണല്ലോ . അതും കറക്റ്റ് ആയി എന്റെ തലയിൽ തന്നെ വീഴുകയും ചെയ്തു. എന്റെ കഷ്ടകാലം..." അത് പറഞ്ഞ് ശിവ കാർ മുന്നോട്ടെടുത്തു. ശിവ ഗേറ്റ് കടന്നു പോയതും പാർവണ തിരികെ അകത്തേയ്ക്ക് വന്നു. ഓഫീസിൽ ശിവ ഇല്ലാത്തതിനാൽ ദേവയും അന്ന് ഓഫീസിലേക്ക് പോയിരുന്നു . പാർവണ കുറച്ചുനേരം അമ്മയുടെയും രേവതിയുടെ കൂടെ സമയം ചെലവഴിച്ചതിനുശേഷം രാമച്ഛന്റെ മുറിയിലേക്ക് പോയി .

പാർവണ ഉണ്ടായ കാര്യങ്ങളെല്ലാം രാമച്ചനോട് പറഞ്ഞപ്പോൾ അച്ഛൻ ഒരു പുഞ്ചിരിയോടെ അതെല്ലാം കേട്ട് ഇരിക്കുകയായിരുന്നു. രാമച്ഛനും അറിയാമായിരുന്നു പാർവണയെക്കാൾ നല്ലൊരു ഭാര്യയെ ശിവക്കിനി കിട്ടാനില്ല എന്ന് വൈകുന്നേരം വരെ അവിടെയുമിവിടെയും എല്ലാം ചുറ്റിപ്പറ്റി അവൾ സമയം കളഞ്ഞു . വൈകുന്നേരം 5 മണി ആയതും ദേവ ഓഫീസ് കഴിഞ്ഞ് വീട്ടിലേക്ക് എത്തിയിരുന്നു . ലിവിങ് റൂമിൽ ഇരുന്ന് രേവതിയും ദേവയും പാർവണയും അമ്മയും സംസാരിക്കുകയാണ്. ദേവ ഓരോ കോമഡികൾ പറഞ്ഞു എല്ലാവരും നന്നായി ചിരിക്കുന്നുണ്ട് . ആ സമയത്തായിരുന്നു ശിവ ഹോസ്പിറ്റലിൽ നിന്നും അവിടേക്ക് വന്നത്. പാർവണ തിരിഞ്ഞിരിക്കുന്നതിനാൽ ശിവ വന്നതെന്നും അവൾ അറിഞ്ഞിരുന്നില്ല . ദേവ പറഞ്ഞ കോമഡി കേട്ട് നിർത്താതെ ചിരിക്കുന്ന പാർവണയുടെ ശബ്ദം പുറത്തു നിന്ന് തന്നെ ശിവയ്ക്ക് കേൾക്കാമായിരുന്നു . ശിവ അകത്തേക്ക് വന്നതും ചിരിച്ചുകൊണ്ടിരുന്നു രേവതി സ്വിച്ചിട്ട പോലെ ചിരി നിർത്തി .

എന്നാൽ ഇതൊന്നുമറിയാതെ പൊട്ടി പൊട്ടി ചിരിക്കുകയായിരുന്നു പാർവണ .പെട്ടെന്ന് എല്ലാവരും ചിരി നിർത്തിയതും അവളും ചിരിച്ചുകൊണ്ട് പിറകിലേക്ക് നോക്കിയപ്പോൾ തന്നെ കണ്ണുരുട്ടി നോക്കുന്ന ശിവേ കണ്ടതും അവളും പതിയെ ചിരി നിർത്തി . "ശിവാ നീ വന്നോ. നീ ഇരിക്ക് ഞാൻ ചായ എടുക്കാം" അമ്മ എഴുന്നേറ്റു കൊണ്ട് പറഞ്ഞു . "ഇപ്പൊ വേണ്ട അമ്മ .ഞാൻ പോയി കുളിച്ചു ഫ്രഷ് ആയിട്ട് വരട്ടെ .എന്നിട്ട് മതി "അതു പറഞ്ഞ് രേവതിയെ നോക്കി ഒന്ന് ചിരിച്ച് അവൻ സ്റ്റെയർ കയറി മുകളിലേക്ക് പോയി . "രാമച്ഛന് ഭക്ഷണം കൊടുക്കാനുള്ള സമയമായി .ഞാൻ പോയി കൊടുത്തിട്ട് വരാം" അമ്മ അത് പറഞ്ഞു അടുക്കളയിലേക്ക് നടന്നതും പിന്നാലെ പാർവണയും അവിടേക്ക് നടന്നു. " അമ്മേ രാമച്ഛനുള്ളത് ഞാൻ കൊടുക്കാം. ഇങ്ങോട്ട് താ "അവൾ അമ്മയുടെ കയ്യിലെ കഞ്ഞി വാങ്ങിച്ചു കൊണ്ട് നേരെ മുറിയിലേക്ക് പോകാനായി നിന്നു. " ഒരു മിനിറ്റ് മോളേ .ഈ ചമ്മന്തി കൂടി അരക്കട്ടെ .എന്നിട്ട് കൊണ്ടുപോകാം ."അമ്മ അതു പറഞ്ഞ് ഫ്രിഡ്ജിൽ ഉള്ള തേങ്ങ എടുത്ത് അരക്കാൻ തുടങ്ങി .

റൂമിൽ വന്ന് കുളിച്ചു ഫ്രഷ് ആയ ശിവ നേരെപോയത് രാമച്ഛന്റെ മുറിയിലേക്കാണ്. പാർവണ വന്നപ്പോൾ മുതൽ രാമച്ഛന് വല്ലാത്ത ഒരു സന്തോഷവും,ഉന്മേഷവും ഉള്ളത് ശിവയും ശ്രദ്ധിച്ചിരുന്നു .ആ റൂമിലേക്ക് കയറുമ്പോൾ തന്നെ മൊത്തത്തിൽ ഒരു മാറ്റം പോലെ. അവൻ രാമച്ഛന്റെ അരികിൽ ഇരിക്കാൻ നിന്നതും ടേബിളിന് മുകളിലെ രാമച്ചന്റെ മെഡിസിൻ ബോക്സ് അവന്റെ കൈ തട്ടി താഴേക്ക് വീണതും ഒരുമിച്ചായിരുന്നു. ശിവ താഴെ നിലത്തു കുനിഞ്ഞിരുന്ന് ടാബ്ലറ്റുകൾ എല്ലാം തന്നെ തിരിച്ച് ബോക്സിലേക്ക് ഇടാൻ തുടങ്ങി .ആ സമയം ആയിരുന്നു പാർവണ രാമച്ഛനുള്ള കഞ്ഞിയും ആയി റൂമിലേക്ക് വന്നത്. ശിവ താഴെ കുനിഞ്ഞിരിക്കുന്നതിനാൽ അവൻ ആ റൂമിൽ ഉള്ള കാര്യം പാർവണയും അറിഞ്ഞിരുന്നില്ല . "രാമച്ചാ.. നമ്മുടെ കാലൻ ഹോസ്പിറ്റലിൽ നിന്നും വന്നിട്ടുണ്ട് .വന്നപ്പോൾ തന്നെ ഞാൻ ചിരിച്ചതിന് എന്നെ നോക്കി കണ്ണുരുട്ടി ഒന്ന് പേടിപ്പിച്ചു. ഞാനാരാ മോൾ ദേഷ്യത്തോടെ ഒരു നോട്ടം തിരിച്ച് നോക്കി. നോട്ടത്തില് ആള് റൂമിലേക്ക് ഓടി. അല്ലെങ്കിലും എന്നോടാ അവന്റെ കളി.

രാമച്ഛന് ഒരു കാര്യം അറിയോ... ശിവയ്ക്ക് പണ്ടുമുതലേ എന്നോട് ചെറിയൊരു പേടിയൊക്കെ ഉണ്ട് ."അവൾ അത് പറഞ്ഞതും താഴെനിന്നും മെഡിസിൻ ബോക്സുമായി ശിവ എഴുന്നേറ്റതും ഒരുമിച്ചായിരുന്നു . "നീ ഇപ്പോ എന്താ പറഞ്ഞത് "ശിവ മെഡിസിൻ ബോക്സ് ടേബിളിൽ വെച്ച് അവൾക്കു മുൻപിൽ കൈ കെട്ടി നിന്നുകൊണ്ട് ചോദിച്ചു. " ഞാനോ ...ഞാൻ എന്തു പറയാൻ ...ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ഞാൻ രാമച്ഛനുള്ള കഞ്ഞിയും ആയി വന്നതാണ്." അവൾ നിഷ്കു ആയി പറഞ്ഞു . "കിടന്നു ഉരുണ്ടു കളിക്കാതെ സത്യം നീ ആയിട്ട് തന്നെ പറഞ്ഞാ രക്ഷപ്പെടാം ... അല്ലെങ്കിൽ...."ശിവ കണ്ണുരുട്ടി കൊണ്ട് പറഞ്ഞതും പാർവണയും ഒന്ന് പേടിച്ചിരുന്നു. " അല്ലാ... ഞാൻ രാമച്ചനോട് പറയുകയായിരുന്നു എനിക്ക് നിന്നെ നല്ല പേടിയാണ് എന്ന് " "നീ അങ്ങനെ തന്നെ ആണോ പറഞ്ഞത്." ശിവ അവളെ നോക്കി ചോദിച്ചു . "അതെ ശിവാ ഞാൻ അങ്ങനെ തന്നെയാ പറഞ്ഞത്. വേണമെങ്കിൽ രാമച്ചനോട് ചോദിച്ചു നോക്ക്" "ആണോ രാമച്ചാ "രാമച്ഛൻ അതെ എന്ന രീതിയിൽ തലയാട്ടി .

"അല്ലെങ്കിലും നിങ്ങൾ രണ്ടുപേരും ഒറ്റക്കെട്ടാണല്ലോ .അതെനിക്കറിയാം .നീ എന്നെ കുറിച്ച് എന്താ ഇപ്പോ പറഞ്ഞത് എന്ന് ഞാൻ നല്ല വ്യക്തമായി തന്നെ കേൾക്കുകയും ചെയ്തു. അതുകൊണ്ട് എന്റെ പൊന്നു മോള് കള്ളം പറയാതെ സത്യം സത്യംപോലെ പറഞ്ഞേ" "അത് നിനക്ക്... നിനക്ക് എന്നെ പേടിയാണ് എന്നാ ഞാൻ പറഞ്ഞത്" അവൾ ചെറിയ മടിയോടെ പറഞ്ഞു. " എന്റെ രാമച്ചാ ഇവൾ എന്തൊരു തള്ളാ തള്ളുന്നത് എന്നറിയോ. കള്ളത്തിയാ പെരും കള്ളത്തി" ശിവ അവളെ നോക്കി പറഞ്ഞു. " കള്ളത്തി നിന്റെ കെട്ടിയവൾ." അവൾ ദേഷ്യത്തോടെ പറഞ്ഞു. " എന്റെ കെട്ടിയവളെ വിളിക്കാൻ നീ ആരാടീ " അവനും ദേഷ്യത്തിൽ ചോദിച്ചു . " നീ കണ്ണുരുട്ടി പേടിപ്പിക്കാൻ ഒന്നും നോക്കണ്ട. എനിക്ക് ചോദിക്കാനും പറയാനും ഒക്കെ ആൾക്കാരുണ്ട്. അല്ലേ രാമച്ചാ" അവൾ രാമച്ഛനെ നോക്കി പറഞ്ഞപ്പോൾ രാമച്ഛൻ അതെ എന്ന രീതിയിൽ തലയാട്ടി . "ഇനി എനിക്ക് ഒരു ഏട്ടൻ കൂടി ഉണ്ട്. ഞാനൊരു വിളി വിളിച്ചാ നിന്നെ ഇടിച്ച് സൂപ്പ് ആകും " "അയ്യേ നീ ശരിക്കും നഴ്സറിയിൽ ആണോ ഇനി പഠിക്കുന്നെ.

എന്ത് വർത്താനമാടി ഇത്.കഷ്ടം" "എന്താ വർത്താനത്തിന് എന്താ കുഴപ്പം . എനിക്ക് നിന്നോട് അധികം സംസാരിക്കാൻ താൽപര്യം ഇല്ല. നീ എന്നോട് മിണ്ടാൻ വരേണ്ട"പാർവണ ദേഷ്യത്തോടെ പറഞ്ഞു രാമച്ഛന് കഞ്ഞി കൊടുക്കാൻ തുടങ്ങി . "എന്നാ ഞാൻ രാമച്ഛൻ അറിയാത്ത ഒരു കാര്യം പറഞ്ഞു തരട്ടെ "ശിവ അടുത്തുള്ള ചെയർ വലിച്ചുകൊണ്ട് പറഞ്ഞു. രാമച്ഛൻ എന്താ എന്ന അർത്ഥത്തിൽ ശിവയെ തന്നെ നോക്കി ഇരുന്നു . " ഞാൻ മറ്റേ കാര്യം പറയട്ടെ "പാർവണയെ നോക്കി ചോദിച്ചു . " എന്ത് കാര്യം" അവൾ പുച്ഛത്തോടെ പറഞ്ഞു. " അടുത്ത മാസം നിനക്ക് ഒരു എക്സാം ഇല്ലേ. അതിന്റെ കാര്യം പറയട്ടെ" " ഓഹ്... അതാണോ . എന്റെ സപ്ലി എക്സാമിന്റെ കാര്യം ഒക്കെ ഞാൻ രാമച്ഛനോട് പറഞ്ഞിട്ടുണ്ട് .അതുകൊണ്ട് ആ പേര് പറഞ്ഞു എന്നെ പേടിപ്പിക്കാം എന്ന് നീ നോക്കണ്ട ശിവ "അവൾ രാമച്ഛന് കഞ്ഞി കൊടുക്കുന്നതിനിടയിൽ പറഞ്ഞു. "ആണോ എന്നാ നമുക്ക് രണ്ടുപേർക്കും മാത്രമറിയുന്ന ഒരു കാര്യം ഉണ്ട്.അർജുൻ റെഡി മൂവി സോങ്ങ്" അതുകേട്ടതും പാർവണ ഞെട്ടി.

കാര്യം തന്റെ ഭാഗത്ത് തെറ്റ് ഒന്നുമില്ലെങ്കിലും ശിവ തന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട് .അതെങ്ങാനും ഈ വീട്ടിൽ ഉള്ളവരോട് പറഞ്ഞാൽ തന്റെ നാണവും മാനവും എല്ലാം കപ്പലു കയറും എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു. " ശിവാ പ്ലീസ് ആരോടും പറയല്ലേ .ഞാൻ എന്തുവേണമെങ്കിലും ചെയ്യാം" പാർവണ ശിവയോട് അപേക്ഷയോടെ പറഞ്ഞു . "അപ്പൊ നിനക്ക് മര്യാദയ്ക്ക് സംസാരിക്കാനും അറിയാം. ശരി ഞാനോന്ന് ആലോചിക്കട്ടെ ആരോടെങ്കിലും പറയണോ വേണ്ടയോ എന്ന്. ഇനിയെന്തായാലും നീ രാമച്ഛന് കഞ്ഞി കൊടുക്കാൻ നോക്ക്. ഞാൻ പോവാണേ രാമച്ഛാ" അത് പറഞ്ഞ് ശിവ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോയി . എന്നാൽ അതോടുകൂടി പാർവണയുടെ മനസ്സമാധാനവും പോയി എന്നു പറയുന്നതാണ് സത്യം .  രാത്രി ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞ് ശിവയും ദേവയും തങ്ങളുടെ റൂമിലേക്ക് തന്നെ പോയി. രേവതിയും പാർവണയും അമ്മയെ സഹായിക്കാൻ ആയി അടുക്കളയിൽ തന്നെ നിന്നു. അടുക്കളയിലെ പണിയെല്ലാം ഒരുവിധം ഒരുങ്ങിയപ്പോൾ അമ്മ പാർവണക്കും രേവതിക്കും ആയി രണ്ടു ഗ്ലാസുകളിൽ പാൽ നൽകി.

"ഇന്നലെ പാർവണ മോൾക്ക് വയ്യാത്ത കാരണം ഈ കാര്യം ഞാൻ മറന്നു പോയി ." അമ്മ പാൽ ഗ്ലാസ് അവർക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. രേവതി ചെറിയ നാണത്തോടെ പാൽ വാങ്ങി. പക്ഷേ പാർവണ എന്തോ ആലോചിച്ച് അവിടെ തന്നെ നിൽക്കുകയായിരുന്നു . "മോളെ ഇത് വാങ്ങിക്ക്" അമ്മ പറഞ്ഞപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് വന്നത്. "ഇവിടത്തെ പണിയെല്ലാം കഴിഞ്ഞു. നിങ്ങൾ എന്തായാലും മുറിയിലേക്ക് പൊയ്ക്കോളു." അമ്മ അവരെ നോക്കി പറഞ്ഞു. " അയ്യോ... ഞാൻ ഇപ്പോഴാണ് ഓർത്തത് എന്റെ ഫോൺ ഞാൻ അവിടെ പുറത്ത് വെച്ചിരിക്കുകയാണ്." പാർവണ കയ്യിലുള്ള ഗ്ലാസ് സ്ലാബിനു മുകളിലേക്ക് വച്ചുകൊണ്ട് പറഞ്ഞു. " അതിന് നീ വീട്ടിൽ നിന്ന് വരുമ്പോൾ ഫോൺ ഒന്നും കൊണ്ടു വന്നിട്ടില്ലല്ലോ തുമ്പി ."രേവതി സംശയത്തോടെ ചോദിച്ചു . " അത്...എനിക്ക് മാറിപ്പോയതാ. വേറൊരു സാധനമാണ് ഞാൻ മറന്നു വെച്ചത് .നീ എന്തായാലും മുറിയിലേക്ക് പൊയ്ക്കോ. അമ്മയും പോയി കിടന്നോ. ഞാൻ അതെടുത്തു വന്ന് വാതിൽ അടച്ചിട്ടു മുറിയിലേക്ക് പൊയ്ക്കോളാം." അത് പറഞ്ഞു പാർവണ അമ്മയേയും രേവതിയെയും അവരവരുടെ റൂമിലേക്ക് പറഞ്ഞയച്ചു . "ഇനിയീ പാലു കൂടി കൊണ്ടു കൊടുക്കേണ്ട കാര്യമേയുള്ളൂ.

ശിവ ഇത് കണ്ടാൽ ഈ പാലു മൊത്തം എന്റെ തല മീതെ ഒഴിക്കില്ലെന്ന് ആരു കണ്ടു. എനിക്ക് വയ്യാ ഒരു പരീക്ഷണത്തിന്" അതു പറഞ്ഞ് അവൾ അമ്മയും രേവതിയും പോയി എന്ന് ഉറപ്പു വരുത്തിയിട്ട് കയ്യിലുള്ള ക്ലാസിലെ പാലെടുത്ത് സിങ്കിലേക്ക് ഒഴിച്ചു. ശേഷം ഗ്ലാസ്സ് കഴുകി സ്റ്റാൻഡിൽ വച്ച് പുറത്തേക്ക് നടന്നു. "മോള് ഇപ്പോഴും അടുക്കളയിൽ തന്നെ നിൽക്കുകയാണോ .പുറത്തിരിക്കുന്ന സാധനം എടുത്തോ" അമ്മ മുറിയിലേക്ക് പോകുന്ന വഴി പാർവണയെ കണ്ടപ്പോൾ ചോദിച്ചു . "ഞാൻ വെള്ളം കുടിക്കാൻ വേണ്ടി അടുക്കളയിൽ തന്നെ നിന്നതാ. ഇപ്പൊ പോയിട്ട് എടുത്തിട്ട് വരാം. അമ്മ കിടന്നോ" അതു പറഞ്ഞ് അവൾ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. "എന്റെ മഹാദേവ എന്റെ ഒരു കഷ്ടകാലം. ആരുടെയൊക്കെ മുൻപിൽ അഭിനയിക്കണം . ആ പാലുകൊണ്ട് കാലന്റെ മുറിയിൽ പോയാൽ ഇന്നത്തോടെ എന്റെ അന്ത്യം ആയിരിക്കും. ഇനി അതു കൊണ്ടുപോയില്ല ഇല്ലെങ്കിൽ അമ്മയുടെ വക നൂറു ചോദ്യങ്ങളും. എന്തായാലും അമ്മ പോകുന്നവരെ ഇവിടെ തന്നെ ഇരിക്കാം ."

പാർവണ മുറ്റത്തെ ഗാർഡനരികിലുള്ള കൽ ബെഞ്ചിൽ ഇരുന്നു . ആരോടോ ഫോണിൽ സംസാരിച്ച് ബാൽക്കണിയിലേക്ക് വന്ന ശിവ കാണുന്നത് മുറ്റത്തെ കൽ ബെഞ്ചിൽ ഇരുന്ന് എന്തൊക്കെയോ ഒറ്റയ്ക്ക് സംസാരിക്കുന്ന പാർവണയെ ആണ്. " ഇവൾക്ക് ശരിക്കും വട്ടാണോ . ഏതു സമയവും ഒറ്റയ്ക്കിരുന്ന് ഇങ്ങനെ ഓരോന്ന് സംസാരിച്ചോളും.അബ്നോർമൽ ആയവരെ പോലെയാണ് ചില സമയത്തെ പെരുമാറ്റം . "ശിവ പാർവണയെ നോക്കിക്കൊണ്ട് മനസ്സിൽ കരുതി. ഇവൾ എന്തിനാ ഈ പാതിരാത്രി അതും ഈ തണുപ്പത്ത് അവിടെ ഒറ്റയ്ക്ക് പോയിരിക്കുന്നത്. എന്നിട്ട് അവളുടെ ഒറ്റയ്ക്കുള്ള ഒരു സംസാരവും. ഇനി വല്ല കൂടോത്രകാരി ആയിരിക്കുമോ. വല്ല കുട്ടിച്ചാത്തനും ഇനി കൂടെ ഉണ്ടായിരിക്കുമോ. അതിനോടായിരിക്കുമോ ഇങ്ങനെ സംസാരിക്കുന്നെ. ഇതിനെ ഒന്നും വിശ്വസിക്കാൻ തന്നെ പറ്റില്ലല്ലോ. എന്തായാലും ഇതിനെ എത്രകാലം ഞാൻ ചുമക്കേണ്ടി വരുമോ എന്തോ " പാർവണ ശിവയെ കുറ്റം പറഞ്ഞ് കൽബഞ്ചിൽ തന്നെ ഇരിക്കുകയായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ എഴുനേറ്റു അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. " അമ്മ മുറിയിലേക്ക് പോയോ എന്തോ. ഞാനാണെങ്കിൽ ആ പാൽ മൊത്തം സിങ്കിൽ ഒഴിച്ചു കളയുകയും ചെയ്തു. ഇനി അഥവാ അമ്മ ഹാളിൽ ഉണ്ടെങ്കിൽ ഞാൻ അമ്മയോട് എന്തു പറയും .അയ്യോ എന്തൊരു വിധിയാ ഇത്." അവൾ സാരിയുടെ തലപ്പ് കയ്യിൽ ചുരുട്ടി കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ട് പറഞ്ഞു. അപ്പോഴാണ് പെട്ടെന്ന് റോഡിൽ നിന്നും ഒരു പട്ടി കുരക്കുന്ന ശബ്ദം അവൾ കേട്ടത്. ആ ശബ്ദം കേട്ടതും അവൾ പേടിച്ച് അകത്തേക്ക് ഓടി. കറക്റ്റ് സമയത്ത് ശിവ അത് വീഡിയോ എടുക്കുകയും ചെയ്തു . പേടിച്ചു കൊണ്ട് അകത്തേക്ക് ഓടിയ പാർവണയെ കണ്ടു ശിവയ്ക്ക് ചിരി നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല. കുറേനേരം അവിടെ നിന്നു അവൻ ചിരിച്ചു. ശേഷം മുറിയിലേക്ക് തന്നെ പോയി ..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story