പാർവതി ശിവദേവം: ഭാഗം 54

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

" അമ്മ മുറിയിലേക്ക് പോയോ എന്തോ. ഞാനാണെങ്കിൽ ആ പാൽ മൊത്തം സിങ്കിൽ ഒഴിച്ചു കളയുകയും ചെയ്തു. ഇനി അഥവാ അമ്മ ഹാളിൽ ഉണ്ടെങ്കിൽ ഞാൻ അമ്മയോട് എന്തു പറയും .അയ്യോ എന്തൊരു വിധിയാ ഇത്." അവൾ സാരിയുടെ തലപ്പ് കയ്യിൽ ചുരുട്ടി കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ട് പറഞ്ഞു. അപ്പോഴാണ് പെട്ടെന്ന് റോഡിൽ നിന്നും ഒരു പട്ടി കുരക്കുന്ന ശബ്ദം അവൾ കേട്ടത്. ആ ശബ്ദം കേട്ടതും അവൾ പേടിച്ച് അകത്തേക്ക് ഓടി. കറക്റ്റ് സമയത്ത് ശിവ അത് വീഡിയോ എടുക്കുകയും ചെയ്തു . പേടിച്ചു കൊണ്ട് അകത്തേക്ക് ഓടിയ പാർവണയെ കണ്ടു ശിവയ്ക്ക് ചിരി നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല. കുറേനേരം അവിടെ നിന്നു അവൻ ചിരിച്ചു. ശേഷം മുറിയിലേക്ക് തന്നെ പോയി . പാർവണ മുകളിലേക്ക് എത്തുമ്പോഴേക്കും എല്ലാവരും കിടന്നിരുന്നു .

അവൾ ഒരു ആശ്വാസത്തോടെ ബാൽക്കണിയിലേക്ക് നടന്നു. "എന്റെ മഹാദേവ ഇവിടേ കളിച്ചു ചിരിച്ചു നടക്കുന്നുണ്ടെങ്കിലും മനസ്സിനും ഒരു സമാധാനവുമില്ല . അവിടെ വീട്ടിൽ അച്ഛനും അമ്മയും ആരുവും എല്ലാവരും സങ്കടത്തിൽ ആയിരിക്കും. കണ്ണന്റെ കാര്യം ആലോചിക്കുമ്പോഴാണ് കൂടുതൽ സങ്കടം. പാവം എന്നെ ഒരുപാട് ഇഷ്ടമായിരുന്നു എന്ന് തോന്നുന്നു .അതുകൊണ്ടുതന്നെ അവനും വല്ലാത്ത ഒരു അവസ്ഥയിൽ ആയിരിക്കും ഇപ്പോൾ.കാര്യങ്ങൾ എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞിട്ടു വേണം.. രശ്മി അവളുടെ കാര്യം കണ്ണനോട് പറഞ്ഞു നോക്കണം അന്ന് കല്യാണത്തിന് ശേഷം രശ്മിയെ നേരിട്ട് കാണാനും പറ്റിയിട്ടില്ല. അല്ലെങ്കിൽ എന്റെ മനസ്സിൽ ഉള്ള സംശയം അവളോട് ചോദിച്ചു ഉറപ്പുവരുത്താമായിരുന്നു. കണ്ണന്റെ ഫോണിലേക്ക് മെസ്സേജ് ചെയ്യുന്നത് അവൾ ആണോ എന്ന് .അവളോട് ഒന്ന് ചോദിച്ചു നോക്കാമായിരുന്നു . ആദ്യം ആ മെസ്സേജ് കണ്ടപ്പോൾ തന്നെ എനിക്ക് ചെറിയൊരു സംശയം ഉണ്ടായിരുന്നു. കാരണം രശ്മി ചെറുതായി എഴുതും പിന്നെ അതു കൂടുതൽ ഉറപ്പായത് കല്യണ സമയത്ത് അവളുടെ മുഖഭാവവും സങ്കടവും കണ്ടപ്പോൾ എനിക്കും എന്തോ സംശയം തോന്നി .

ഇനി രശ്മിക്ക് കണ്ണനെ ഇഷ്ടമാണെങ്കിൽ അവർ തമ്മിലുള്ള കല്യാണം എന്തായാലും നടത്തണം. ഒരു പരിധി വരെ കണ്ണന് ആശ്വാസം ആവാൻ രശ്മിക്ക് കഴിയും അവൾ നല്ല കുട്ടിയാ "പാർവണ ഓരോന്നാലോചിച്ച് ബാൽക്കണിയിൽ നിന്നു. "ഇതെന്താ പാല് ഒക്കെ ആയിട്ട് " റൂമിലേക്ക് വന്ന രേവതിയെ കളിയാക്കിക്കൊണ്ട് ദേവ ചോദിച്ചു . "ഇത് അമ്മ തന്നയച്ചതാ ."അവൾ ഗ്ലാസ് ടേബിളിന്റെ മുകളിൽ വെച്ചു കൊണ്ട് പറഞ്ഞു. " അതിന് എനിക്ക് രാത്രി പാലുകുടിക്കുന്ന സ്വഭാവം ഒന്നും ഇല്ല എന്ന് അമ്മക്ക് അറിയാലോ. പിന്നെന്തിനാ അമ്മ ഇത് നിന്റെ കയ്യിൽ കൊടുത്തു വിട്ടത്. ഇനി നിനക്ക് രാത്രി പാല് കുടിക്കുന്ന സ്വഭാവം ഉണ്ടോ " " ദേവേട്ടാ...വെറുതേ എന്നെ കളിക്കായാക്കാൻ നിൽക്കണ്ടട്ടോ."രേവതി ചെറിയ ദേഷ്യം കാണിച്ചു കൊണ്ട് പറഞ്ഞു. " ഞാൻ വെറുതെ പറഞ്ഞതല്ല എന്റെ ദേവൂട്ടി... ഇങ്ങോട്ട് വന്നേ "അത് പറഞ്ഞു ദേവ അവളെ അരികിലേക്ക് ഇരുത്തി . " ദേവേട്ടന് എന്നോട് എന്തെങ്കിലും പറയാനുണ്ടോ." രേവതി അവന്റെ മുഖത്തുനോക്കി സംശയത്തോടെ ചോദിച്ചു.

" അങ്ങനെ ചോദിച്ചാൽ.... എനിക്ക് ചെറിയ ഒരു കാര്യം നിന്നോട് സംസാരിക്കാൻ ഉണ്ട്. പക്ഷേ അത് എങ്ങനെ തുടങ്ങും എന്ന് എനിക്കറിയില്ല ." " പറ ദേവേട്ടാ എന്തായാലും ഞാൻ അല്ലേ. ദേവേട്ടൻ ധൈര്യമായിട്ട് പറഞ്ഞോ " "നിനക്കറിയാലോ ...ശിവ അവൻ എനിക്ക് എത്രത്തോളം പ്രധാനപ്പെട്ട ഒരാളാണ് എന്ന്. അതുപോലെ പാറുവും എനിക്ക് സ്വന്തം അനിയത്തിയെ പോലെയാണ്. അതുകൊണ്ട് അവരുടെ ജീവിതം ഒന്നു നന്നായി കാണുന്നവരെ, അവർ ഒന്ന് സ്നേഹിക്കാൻ തുടങ്ങുന്നതുവരെ നമുക്കിടയിലും ഒന്നും വേണ്ട . അവരും ഭാര്യാഭർത്താക്കന്മാരായി ജീവിക്കാൻ തുടങ്ങിയിട്ട് മതി നമ്മളും അങ്ങനെ ജീവിക്കാൻ "അതു കേട്ട് രേവതി ഒന്ന് പുഞ്ചിരിച്ചു . "നീ എന്താ മറുപടി പറയാത്തത് ദേവു." അവൾക്ക് നേരെ തിരിഞ്ഞിരുന്നു കൊണ്ട് ദേവ ചോദിച്ചു . 'ദേവേട്ടൻ പറഞ്ഞതിനോട് എനിക്ക് നൂറു വട്ടം സമ്മതമാണ്. എന്റെ തുമ്പിയുടെ ജീവിതം ഒന്നു നന്നായി കാണുന്നതുവരെ എനിക്കും അങ്ങനെ ഒരു ജീവിതം വേണ്ട. ഈ കാര്യം ഞാൻ എങ്ങനെ ദേവേട്ടനോട് പറയും എന്ന് ഒരു സംശയത്തിലായിരുന്നു.

ഇപ്പോ അത് മാറി. അതിനേക്കാൾ ദേവേട്ടനോട് കുറച്ചുകൂടി ഇഷ്ടം കൂടി." "ആണോ... ശരിക്കും" ദേവ ചോദിച്ചു . "അല്ലാ വെറുതെയാ . ഞാൻ കള്ളം പറഞ്ഞതാ" aval കള്ള ദേഷ്യം കാണിച്ചുകൊണ്ട് പറഞ്ഞു . "സമയം ഒരുപാടായി നമുക്ക് കിടക്കാം നാളെ എനിക്ക് ഓഫീസ് ഉള്ളതാ .ഇപ്പോ ശിവയും ഇല്ലാത്തതിനാൽ ജോലിത്തിരക്ക് ഒരല്പം കൂടുതലാണ് ."അത് പറഞ്ഞ് ദേവ ലൈറ്റ് ഓഫ് ചെയ്തു. ഓരോന്ന് സംസാരിച്ച് അവരിരുവരും എപ്പോഴോ ഉറങ്ങി . ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ ശിവയ്ക്ക് വല്ലാതെ ദാഹം തോന്നി .എണീറ്റ് നോക്കുമ്പോൾ ബോട്ടിലിലെ വെള്ളം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് അവൻ ഉറക്കച്ചടവോടെ ബെഡിൽ നിന്നും എഴുന്നേറ്റു റൂമിനു പുറത്തേക്ക് നടന്നു. അപ്പോഴാണ് പുറത്തെ ദിവാനിൽ കിടന്നുറങ്ങുന്ന പാർവണയെ അവൻ കണ്ടത്. " ഇവൾ എന്തിനാ ഇവിടെ കിടക്കുന്നത്.ഈ വീട്ടിൽ ഇത്രയും മുറി ഉണ്ടായിട്ടും പുറത്തു വന്നു കിടക്കേണ്ട ആവശ്യം എന്താ ഇവൾക്ക്" ശിവ അവളെ നോക്കി പറഞ്ഞു കൊണ്ട് നേരെ താഴേക്ക് നടന്നു.

ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്തു കുടിച്ച് തിരികെ അവൻ വരുമ്പോൾ ബാൽക്കണിയിൽ നിന്നും വീശിയടിക്കുന്ന കാറ്റിൽ തണുത്തുവിറച്ച് കിടക്കുകയായിരുന്നു പാർവണ. അതുകൊണ്ട് അവൻ ബാൽക്കണിയിലേക്ക് ചെന്ന് ഗ്ലാസ് ഡോർ അടച്ചിട്ടു . ശിവ മുറിയിലേക്ക് പോയി ഒരു ബ്ലാങ്കറ്റ് എടുത്തു കൊണ്ടുവന്നു അവളെ പുതപ്പിച്ചു കൊടുത്തു . "ഇന്നലെ പനി വന്നു വിറച്ച് കിടന്നിരുന്ന ആളാ. ഈ തണുപ്പത്ത് കിടന്ന് പോയ പനി വീണ്ടും വരുത്താനാണോ ഇവളുടെ ഉദ്ദേശം. ഇതിനു തീരെ ബുദ്ധിയും ബോധവും ഒന്നുമില്ല എന്നാ തോന്നുന്നത് അല്ലെങ്കിൽ ഈ തണുപ്പത്ത് ഇവിടെ കിടക്കേണ്ട വല്ല ആവശ്യവും ഉണ്ടോ ഇവൾക്ക്. കുശുമ്പ് കൊടുക്കുന്നതോടൊപ്പം ഇവർക്ക് ഒരിത്തിരി ബുദ്ധിയെങ്കിലും നിനക്ക് കൊടുക്കാമായിരുന്നില്ലേ എന്റെ മഹാദേവ..." അവൻ മുകളിലേക്ക് നോക്കി പറഞ്ഞതിനു ശേഷമാണ് താൻ എന്താണ് പറഞ്ഞത് എന്ന ബോധം വന്നത് . "ഇവളുടെ ഒപ്പംകൂടി ഞാൻ ഇപ്പോൾ ഏതുസമയവും മഹാദേവ എന്നാണല്ലോ പറയുന്നത് ."അവൻ തലക്കിട്ട് ഒന്ന് കൊട്ടിക്കൊണ്ട് തിരികെ റൂമിലേക്ക് തന്നെ പോയി .

 അലറാൻ ശബ്ദംകേട്ട് പാർവണ പതിയെ എണീറ്റു.പുറത്ത് ചെറുതായി വെളിച്ചം വരാൻ തുടങ്ങിയിട്ടുണ്ട്. "ഇതാരാ എനിക്ക് പുതച്ച് തന്നത് " അവൾ പുതപ്പ് മാറ്റി കൊണ്ട് സ്വയം ചോദിച്ചു. കുറച്ച് നേരം ആലോചിച്ചപ്പോൾ ശിവയുടെ മുഖമാണ് മനസിലേക്ക് വന്നത്. പക്ഷേ അതിന് തീരെ സാധ്യത ഇല്ലാ എന്നവൾ സ്വയം ഉറപ്പിച്ചു. അവൾ ബാൽക്കണിയിലെ ഗ്ലാസ് ഡോറിലൂടെ പുറത്തേക്കു നോക്കി നിന്നു. ആ സമയമായിരുന്നു ശിവ ജോഗിങ്ങിനായി മുറിയിൽനിന്നും പുറത്തേക്കിറങ്ങിയത് . ജോഗിങ്ങ് ഡ്രസ്സിൽ പുറത്തേക്കിറങ്ങിയ ശിവ ബാൽക്കണിയിൽ നിൽക്കുന്ന പാർവണയെ ഒന്നു നോക്കി കൊണ്ട് താഴേക്കിറങ്ങി പോയി. " ഇയാൾക്ക് ഇതെന്തൊരു ജാഡയാ. ഇവിടെ ഒരാൾ ഇങ്ങനെ പനപോലെ നിന്നിട്ടും വല്ല മൈൻഡും ഉണ്ടോ എന്ന് നോക്കിക്കെ.കാലൻ..."പാർവണ അവൻ പോകുന്നത് നോക്കി പറഞ്ഞു. പാർവണ പതിയെ നടന്നു രേവതിയുടെ മുറിക്കരികിൽ എത്തി. ഡോർ അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് ഉള്ളിൽ ദേവ ഉണ്ടായിരിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു.

ശിവ ജോഗിങ്ങിന് ഇറങ്ങിയതിനാൽ ദേവയും ഉടൻ തന്നെ ജോഗിങ്ങിനിറങ്ങും എന്ന് അവൾക്ക് അറിയാം .അതുകൊണ്ട് അവൾ രേവതിയുടെ മുറിയുടെ അടുത്തായി ചുറ്റിപ്പറ്റി തന്നെ നിന്നു. 10 മിനിറ്റ് കഴിഞ്ഞതും ശിവയ്ക്ക് പിന്നാലെ ദേവയും പുറത്തേക്കിറങ്ങി. ആ സമയം പാർവണ വേഗം രേവതിയുടെ റൂമിലേക്ക് കയറി. "നീ എന്താ ഇത്ര നേരത്തെ എഴുന്നേറ്റോ തുമ്പി...' അവളെ കണ്ടു രേവതി അത്ഭുതത്തോടെ ചോദിച്ചു . "നേരെത്തെ എഴുന്നേക്കണ്ട ആവശ്യം വന്നതുകൊണ്ട് എണീറ്റു "അവൾ ബെഡിലേക്ക് ഇരുന്നുകൊണ്ട് ഒഴുക്കൻ മട്ടിൽ പറഞ്ഞു. " അല്ലാ എന്താ ഇത്ര രാവിലെ ഇങ്ങോട്ട് എഴുന്നള്ളിയതിന്റെ കാര്യം ആവോ ...ഭവതിക്ക് എന്തെങ്കിലും ആവശ്യം ഉണ്ടോ ഇനി " രേവതി സംശയത്തോടെ ചോദിച്ചു. " നിന്നെക്കൊണ്ട് ചെറിയ ഒരു ആവശ്യമുണ്ട് . എനിക്ക് ഇടാൻ ഡ്രസ്സ് ഒന്നും ഇല്ല. ഇത് തന്നെ ഇന്നലെ നീ തന്ന സാരിയാണ്. ഇത് ഉടുത്ത് നടന്നിട്ട് എനിക്ക് ദേഷ്യം വരാൻ തുടങ്ങി. നിന്റെ വേറെ വല്ല സാരി അല്ലാത്തത് ഉണ്ടെങ്കിൽ എനിക്ക് ഒന്ന് തന്നേ." "എടീ നിനക്ക് സാരി അടിപൊളി അല്ലേ"

രേവതി അവളെ നോക്കി പറഞ്ഞു . "പിന്നെ അടിപൊളി പോലും... നീ എന്നെ അങ്ങനെ സോപ്പിടാൻ ഒന്നും നോക്കേണ്ട. ഒന്നാമത് എനിക്ക് സാരി ഉടുക്കാൻ അറിയില്ല. രണ്ടാമത് ഈ സാധനം ഉടുത്ത് വെറുതെ നടക്കാൻ പോലും എനിക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ട് വേറെ വല്ല ഡ്രസ്സുമുണ്ടെങ്കിൽ എനിക്ക് എടുത്തു തന്നേ"അതു പറഞ്ഞ് പാർവണ കബോഡിനരികിലേക്ക് നടന്നു. ഒപ്പം രേവതിയും. രേവതി കബോർഡിൽ നിന്നു അടുക്കിവെച്ചിരിക്കുന്ന രണ്ടുമൂന്ന് കവറുകൾ തുറന്നു നോക്കി കൊണ്ട് അതിലെ ഡ്രസ്സുകൾ പാർവണക്ക് കൊടുത്തു . "ഇത് വീട്ടിൽ നിന്നും എടുത്തു തന്നതാ. ഇവിടെ വന്നിട്ട് ഇടാൻ വേണ്ടി.പക്ഷേ ദേവേട്ടനാണെങ്കിൽ സാരിയാണ് ഇഷ്ടം. അതുകൊണ്ട് ഞാൻ ഇതൊന്നു ഇടുന്നില്ല. എന്തായാലും ഇതൊക്കെ നീ എടുത്തോ." അത് പറഞ്ഞ് തന്റെ കയ്യിൽ ഉള്ള ഡ്രസ്സുകൾ രേവതി പാർവണയ്ക്ക് നൽകി . "താങ്ക്യൂ ഡിയർ" അത് പറഞ്ഞ് പാർവണ അവളെ ഒന്ന് കെട്ടിപ്പിടിച്ച് ശേഷം കവർ വാങ്ങി റൂമിലേക്ക് പോയി.

"ആ കാലൻ വരുമ്പോഴേക്കും വേഗം കുളിച്ച് റൂമിന് പുറത്ത് ഇറങ്ങണം ."അതു പറഞ്ഞ് പാർവണ കയ്യിലുള്ള കവറുകളും ആയി ശിവയുടെ റൂമിനുള്ളിലേക്ക് കയറി . രേവതി തന്ന കവറിൽ നിന്നും ഒരു ഡ്രസ്സും മറ്റും എടുത്ത് ബെഡിലേക്കിട്ട് ബാക്കി കവറുകൾ ശിവ കാണാത്ത രീതിയിൽ അവന്റെ കബോർഡിന്റെ ഒരു സൈഡിൽ ആയി അവൾ ഒളിപ്പിച്ചു വെച്ചു .ശേഷം ഡ്രസ്സും ആയി കുളിക്കാൻ കയറി . അന്ന് ശിവ പതിവിലും നേരത്തെ തന്നെ ജോഗിങ് കഴിഞ്ഞ് വീട്ടിലേക്ക് വന്നു . വിയർപ്പുകൊണ്ട് ഡ്രസ്സ് മുഴുവൻ നനഞ്ഞിരുന്നു. അതുകൊണ്ട് അവൻ ജോഗിങ് ഡ്രസ്സ് മാറ്റി ഒരു ടവൽ മാത്രം എടുത്തുടുത്തു. വാതിൽ ലോക്ക് ചെയ്ത് അവൻ തന്റെ ഹോം തിയേറ്ററിൽ ചെറിയ ശബ്ദത്തിൽ മ്യൂസിക് ഓൺ ചെയ്തു . 🎶Oh, put your lovin' hand out, baby I'm beggin' Beggin', beggin' you Put your lovin' hand out, baby Beggin', beggin' you Put your lovin' hand out, darlin' Ridin' high, when I was king Played it hard and fast, 'cause I had everything🎶 കബോർഡിൽ നിന്നും ഒരു സിഗരറ്റെടുത്ത് കത്തിച്ചു അവൻ ജനലിനരികിൽ വന്നു നിന്നു. അകലേക്ക് നോക്കി ഒരു പഫ് എടുത്തു പുക മുകളിലേക്ക് ഊതിക്കൊണ്ടിരുന്നു. ഒപ്പം മറുകൈകൊണ്ട് പാട്ടിനനുസരിച്ച് താളം പിടിക്കുന്നുണ്ട് .

കുളി കഴിഞ്ഞ് ഇറങ്ങിയ പാർവണയുടെ ശ്രദ്ധ ആദ്യം പോയത് ഹോം തിയേറ്ററിൽ നിന്നും ഉയർന്ന പാട്ടിലേക്ക് ആയിരുന്നു . ശേഷം ജനലരികിൽ നിൽക്കുന്ന ശിവയിലേക്കും പാർവണ മുടി തോർത്തുകൊണ്ട് അവന്റെ അരികിലേക്ക് വന്നു . അവന്റെ പുറത്തായി ഉള്ള ടാറ്റൂവിലേക്ക് ആയിരുന്നു അവളുടെ ശ്രദ്ധ മുഴുവൻ. പുറത്തെ വലിയ ഗരുഡൻ ചിത്രവും അതിനു മുകളിൽ എഴുതിയിരിക്കുന്ന DARLOW എന്ന വാക്കിലും അവളുടെ ശ്രദ്ധ നിന്നു. "DARLOW എന്നാൽ ഇരുട്ടിനെ പ്രണയിക്കുന്നവൻ എന്നല്ലേ അർത്ഥം." പെട്ടെന്ന് പിന്നിൽ നിന്നും പാർവണയുടെ ശബ്ദം കേട്ടു ശിവ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി . "എന്താ എന്താ ചോദിച്ചേ "ശിവ വേഗം ഹോം തിയേറ്റർ ഓഫ് ചെയ്തു കൊണ്ട് ചോദിച്ചു. " DARLOW എന്നാൽ ഇരുട്ടിനെ പ്രണയിക്കുന്നവൻ എന്നല്ലേ അർത്ഥമെന്ന്. അന്ന് ഇത് ഞാൻ കണ്ടപ്പോൾ ഗൂഗിളിൽ സെർച്ച് ചെയ്തിരുന്നു." "അതെ അതിനിപ്പോ എന്താ .നിനക്ക് വലിയ നഷ്ടവും ഉണ്ടോ "ശിവ ഇരുകൈകളും അവൾക്ക് മുന്നിൽ കെട്ടി നിന്നുകൊണ്ട് ചോദിച്ചു. " എനിക്ക് എന്ത് നഷ്ടം. നിങ്ങളുടെ പൈസ, നിങ്ങളുടെ പുറം, നിങ്ങളുടെ ഇഷ്ടം. അതിന് എനിക്കെന്താ .നിങ്ങൾ എന്താ വച്ചാൽ ചെയ്യ്" അവൾ അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു.

" അയ്യോ..." അവൾ കണ്ണുപൊത്തി കൊണ്ട് പെട്ടെന്ന് തിരിഞ്ഞുനിന്നു .ശിവയ്ക്ക് ആദ്യം എന്താ കാര്യം എന്ന് മനസ്സിലായില്ല. അവൻ കയ്യിലുള്ള സിഗരറ്റിൽ നിന്നും ഒരു പഫ് കൂടി എടുത്തു പുക പുറത്തേക്ക് വിട്ടു . "നിങ്ങൾക്ക് എന്താ നാണമില്ലേ മനുഷ്യ ഒരു ടവൽ മാത്രം ഉടുത്തുകൊണ്ട് ഇങ്ങനെ നിൽക്കാൻ. കഷ്ടം ..."അവൾ ഓവർ എക്സ്പ്രഷൻ ഇട്ടുകൊണ്ട് പറഞ്ഞു . "നിന്റെ മുഖത്തെ ഭാവം കണ്ടാൽ തോന്നും ഇവിടെ ഞാൻ തുണി ഉടുക്കാതെ നിൽക്കുകയാണെന്ന് " "പിന്നല്ലാതെ നിങ്ങൾ തുണി ഉടുക്കാതെ അല്ലേ മനുഷ്യാ നിൽക്കുന്നേ." "ഞങ്ങളുടെ നാട്ടിലൊക്കെ ഈ സാധനത്തിനെ തുണി എന്നാണ് പറയുന്നത് ." അവൻ ടവലിന്റെ അറ്റം പിടിച്ച് കൊണ്ട് പറഞ്ഞു. "പിന്നെ ഈ റൂമിലേക്ക് അനുവാദമില്ലാതെ കയറിവന്നത് നീയാണ്. അപ്പോൾ ഈ ന്യായം പറച്ചിലിന്റെ കാര്യമൊന്നുമില്ല " "അല്ലാ ഞാൻ ആ കാര്യം മറന്നു. നീയെന്താ എന്റെ റൂമിൽ" ശിവ പെട്ടെന്ന് എന്തോ ഓർത്ത് പോലെ ചോദിച്ചു . "പിന്നെ ഞാൻ എവിടെയാ വരേണ്ടത്. നിങ്ങളുടെ റൂം എന്ന് പറഞ്ഞാൽ ഇപ്പോൾ എന്റെ റൂം ആണല്ലോ "

"ആര് പറഞ്ഞു... എന്റെ റൂം എന്നും എന്റെ മാത്രം റൂം ആണ്. അതിൽ മറ്റാർക്കും വരാൻ ഉള്ള അവകാശം ഞാൻ കൊടുത്തിട്ടില്ല ." "അവകാശം നിങ്ങളായി എനിക്ക് തരേണ്ട ആവശ്യമില്ല. അതൊക്കെ രണ്ട് ദിവസം മുൻപ് തന്നെ എനിക്ക് കിട്ടിയതാണ് ."പാർവണ കഴുത്തിലുള്ള താലി ഉയർത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു .അത് കണ്ടു ശിവ ദേഷ്യത്തോടെ കയ്യിലുള്ള സിഗരറ്റ് ടേബിളിനു സൈഡിലുള്ള ബാസ്കറ്റിലേക്ക് ഇട്ടു . "ഇനി മേലാൽ എന്റെ റൂമിൽ കയറി പോവരുത്." അവൻ ദേഷ്യത്തോടെ പറഞ്ഞു കബോർഡിൽ നിന്നും ഡ്രസ്സ് എടുത്തു ബാത്ത് റൂമിലേക്ക് കയറി . "ഹോ... പിന്നെ... താൻ എന്നേ അങ്ങനെ പേടിപ്പിക്കാൻ ഒന്നും നോക്കണ്ട. ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ ഈ മുറിയിൽ കയറും.. അതിന് എനിക്ക് നിങ്ങളുടെ അനുവാദം ഒന്നും വേണ്ട " അവൾ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് പുറത്തേക്കോടി. ശിവ അവൾക്കു പിന്നാലെ ഓടാൻ നിന്നെങ്കിലും പാർവണ അപ്പോഴേക്കും ഓടി താഴെ എത്തിയിരുന്നു ..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story