പാർവതി ശിവദേവം: ഭാഗം 93

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"എത്ര നാൾ നീ അവളെ കൂടെ കൂട്ടും. സത്യ ജീവിച്ചിരിക്കുന്നുണ്ട് എന്നറിഞ്ഞാൽ അവളുടെ അവസ്ഥ എന്താണ്. അവളായി തന്നെ നിൻ്റെ ജീവിതത്തിൽ നിന്നും സ്വയം ഒഴിഞ്ഞ് പോകും" തിരിഞ്ഞ് നടക്കുന്ന ശിവയെ നോക്കി അയാൾ പറഞ്ഞു. എന്നാൽ ശിവ അതൊന്നും ശ്രദ്ധിക്കാത്ത പോലെ പുറത്തേക്ക് പോയി. പക്ഷേ അയാളുടെ വാക്കുകൾ അവൻ്റെ ഹൃദയത്തിൽ തന്നെ തറച്ചിരുന്നു. തിരിച്ചുള്ള യാത്രയിലുടനീളം ശിവയുടെ മനസിൽ ഇവിടെ നടന്ന കാര്യങ്ങളെ കുറിച്ച് പാർവണയോട് എങ്ങനെ പറയും എന്ന ചിന്തയിൽ ആയിരുന്നു. _______________ ഫോണിൻ്റെ വൈബ്രേഷൻ കേട്ടാണ് പാർവണ കണ്ണു തുറന്ന് .നോക്കുമ്പോൾ ശിവയുടെ ഫോൺ ആണ്. അവൾ കൈ എത്തിച്ച് ബെഡിൻ്റെ അറ്റത്തുള്ള ഫോൺ എടുത്തതും അവളുടെ കൈ തട്ടി കോൾ അറ്റൻ്റ് ആയിരുന്നു. " കണ്ണാ ... ഞാനായിട്ട് ഇപ്പോ നിൻ്റെ ഭാര്യയോട് സത്യ ജീവിച്ചിരിക്കുന്ന കാര്യം പറയുന്നില്ല.

നീ തന്നെ എല്ലാം തുറന്ന് പറയണം. എനിക്ക് ഉറപ്പുണ്ട് സത്യങ്ങൾ എല്ലാം അറിയുമ്പോൾ അവൾ നിന്നിൽ നിന്ന് ഒഴിഞ്ഞ് പോവും .ഇനി അവൾക്ക് പണം ആണ് വേണ്ടതെങ്കിൽ എൻ്റെ എല്ലാ സമ്പാദ്യവും ഞാൻ അവൾക്ക് നൽകാം. എനിക്ക് എൻ്റെ വാഹി മോളുടെ സന്തോഷം ആണ് വലുത് " പാർവണക്ക് തൻ്റെ കണ്ണിൽ എല്ലാം ഇരുട്ട് കയറുന്നത് പോലെ തോന്നിയിരുന്നു. അവൾ പോലും അറിയാതെ ഫോൺ ബെഡിലേക്ക് വീണിരുന്നു.അവൾ നിലത്തേക്ക് ഊർന്ന് ഇരുന്നു. "സത്യ... അവൾ ജീവിച്ചിരിക്കുന്നുണ്ട്. അതാണോ അവൻ എന്നോട് ദേഷ്യപ്പെട്ടത്. അവന് ഇപ്പോഴു അവളോട് ആണോ ഇഷ്ടം. ഇല്ല .ശിവ എൻ്റെയാണ്. എൻ്റെ മാത്രം. അവന് അങ്ങനെ ചെയ്യാൻ കഴിയില്ല .'' ഒപ്പം പാർവണ തൻ്റെ ഒരു കൈ വയറിനു മുകളിലായി വച്ചിരുന്നു. അവൾ കേട്ടതൊന്നും സത്യമാവല്ലേ എന്ന് പ്രാർത്ഥിച്ച് ശിവയുടെ അരികിലേക്ക് നടന്നു. ശിവ ബാൽക്കണിയിലെ ഊഞ്ഞാലിൽ കിടന്ന് നല്ല ഉറക്കത്തിൽ ആണ്.അബോധ അവസ്ഥയിലും അവൻ എന്തൊക്കെയോ പറയുന്നുണ്ട്. പാർവണ അവനു മുന്നിലാണ് മുട്ടുകുത്തി ഇരുന്നു.

ഒപ്പം അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ട്. " സത്യാ... സത്യാ സോറി. ഞാൻ ... " അവൻ ഉറക്കത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്. അവനിൽ നിന്നും ഉയരുന്ന മദ്യത്തിൻ്റെ ഗന്ധത്താൽ അവൻ നന്നായി മദ്യപിച്ചിട്ടുണ്ട് എന്ന് മനസിലായി.എന്നാൽ അതിനേക്കാൾ അവളെ തളർത്തിയത് അവൻ അബോധ അവസ്ഥയിൽ പോലും പറയുന്നത് സത്യയുടെ പേര് ആണ്. "ശിവയുടെ അച്ഛൻ പറഞ്ഞത് ശരിയാണ്. അവിടെ വച്ച് ഞാനറിയാത്ത എന്തൊക്കെയോ നടന്നിട്ടുണ്ട്. സത്യ ജീവിച്ചിരിക്കുന്നുണ്ട്. അവൾ ശിവക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്. പക്ഷേ ഞാൻ ഞാനാണ് അവർക്ക് ഇടയിലെ തടസം " പർവണ പതം പറഞ്ഞു കൊണ്ട് റൂമിനു പുറത്തേക്ക് ഇറങ്ങി. "സത്യാ... സത്യാ സോറി. ഞാൻ .... എനിക്ക് നിന്നേ സ്വീകരിക്കാൻ പറ്റില്ല. എനിക്ക് എൻ്റെ പാർവണ ഇല്ലാതെ പറ്റില്ല. എൻ്റെ ജീവ ശ്വാസം പോലും അവൾ ആണ്. ഞങ്ങൾ... ഞങ്ങളുടെ കുഞ്ഞ് ഈ ലോകത്തേക്ക് വരാൻ പോവാ.. അച്ഛടേ പൊന്നു മോള് " ശിവ ഉറക്കത്തിൽ ഓരോന്ന് വിളിച്ചു പറയാൻ തുടങ്ങി. പക്ഷേ അതൊന്നും കേൾക്കാൻ പാർവണ അവിടെ ഉണ്ടായിരുന്നില്ല. ***

മുഖത്ത് വെള്ളം വന്ന് വീണപ്പോൾ ആണ് ശിവ കണ്ണ് തുറന്നത്.പുറത്ത് നല്ല മഴയാണ്. നേരം വെളുത്തിട്ടില്ല. റൂമിൽ വന്ന് സമയം നോക്കിയപ്പോൾ 2 മണി കഴിഞ്ഞിരിക്കുന്നു. അപ്പോഴാണ് അവന് ബെഡിൽ പാർവണയെ കാണുന്നില്ല എന്ന് മനസിലായത്. അവൻ താഴേ എല്ലാം ചെന്ന് നോക്കി എങ്കിലും അവളെ കാണാനില്ല. അവൻ വീണ്ടും റൂമിലേക്ക് വന്ന് അവളുടെ ഫോണിലേക്ക് വിളിക്കാനായി തൻ്റെ ഫോൺ തിരയാൻ തുടങ്ങി. അപ്പോഴാണ് അവൻ ടേബിളിനു മുകളിൽ ഇരിക്കുന്ന തൻ്റെ ഫോൺ കണ്ടത്. ഫോൺ എടുത്തപ്പോഴാണ് അതിനടിയിൽ വച്ചിരിക്കുന്ന ഒരു പേപ്പറും മറ്റു കുറച്ച് സാധനങ്ങളും കണ്ടത്. " ഞാൻ പോവാ ശിവാ . ഞാൻ ഇനി നിൻ്റെയും സത്യയുടേയും ഇടയിൽ ഒരു തടസമായി വരില്ല. നീ സന്തോഷമായി ജീവിക്കണം. നിൻ്റെ സന്തോഷമാണ് എൻ്റെയും സന്തോഷം. നമ്മുടെ കുഞ്ഞ് എൻ്റെ കൂടെ ഉണ്ടാകും. ഞാൻ പൊന്ന് പോലെ വളർത്തികൊള്ളാം. അവകാശം പറഞ്ഞ് നിന്നെ ബുദ്ധിമുട്ടിക്കാൻ ഒന്നും വരില്ല. നീ എനിക്ക് ചാർത്തിയ താലി മാത്രമേ ഞാൻ കൊണ്ടു പോകുന്നുള്ളു. വേറെ ഒന്നും എനിക്ക് വേണ്ട" ആ കത്തിൻ്റെ ഒപ്പം അവൻ അവൾക്ക് നൽകിയ മോതിരവും, പാദസരവും മറ്റു ചില സാധനങ്ങളും വച്ചിരുന്നു. അതെല്ലാം കണ്ട് അവൻ നിലത്തേക്ക് തളർന്നിരുന്നു.

പാർവണയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ റൂമിൽ നിന്നു തന്നെ റിങ്ങ് കേട്ടു. അതിൽ നിന്നും അവൾ ഫോൺ കെണ്ടു പോയിട്ടില്ലാ എന്ന് മനസിലായി. " പാർവണാ.... കുഞ്ഞേ.... എന്നേ വിട്ട് പോവല്ലേടീ... എനിക്ക് നീ ഇല്ലാതെ പറ്റില്ലെടീ " ശിവ മുടിയിൽ കോർത്ത് വലിച്ച് കൊണ്ട് ഉറക്കെ അലറി. അവൻ്റെ ശബ്ദം കേട്ട് വീട്ടിൽ ഉള്ള എല്ലാവരും ഉണർന്നിരുന്നു. ______________ "എടീ തുമ്പി ...ഇത് കുറേ നേരം ആയല്ലോ. മതി നമ്മുക്ക് തിരിച്ച് പോവാം " ബൈക്ക് ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി കൊണ്ട് ആരു പറഞ്ഞു. "കുറച്ചു ദൂരം കൂടി പോവാം ആരു " "അവൾടെ അമ്മൂമ്മടെ ഒരു നെറ്റ് റെയ്ഡ്. ഇത് ഇപ്പോ എവിടെ എത്തി എന്നാ വിചാരം" അവൾ അത് പറഞ്ഞ് വണ്ടി വീണ്ടും മുന്നോട്ട് എടുത്തു. ബൈക്ക് വീണ്ടും കുറേ ദൂരം മുന്നോട്ട് പോയതും ആരും വണ്ടി ചെറിയ ഒരു ചായക്കടയുടെ മുന്നിൽ നിർത്തി. "ഇറങ്ങ് നമ്മുക്ക് ഓരോ ചായ കുടിക്കാം" "നമ്മൾ എവിടെ എത്തി ആരു " അവൾ ബൈക്കിൽ നിന്നും ഇറങ്ങി കൊണ്ട് ചോദിച്ചു. "നമ്മൾ തൃശ്ശൂരും കടന്ന് പാലക്കാട് കഴിയാറായി.

ഇനി കുറച്ച് ദൂരം കൂടി പോയാൽ പാലക്കാട് തമിഴ്നാട് ബോർഡർ ആണ്. " നമ്മുക്ക് അങ്ങോട്ട് പോയാലോ ആരു. ആരും കാണാത്ത, കണ്ടുപിടിക്കാത്ത ഒരിടത്തേക്ക് " "നിനക്ക് എന്താ ഭ്രാന്തായോ പെണ്ണേ. നിന്നെ എന്തിനാ അളിയൻ ഒറ്റക്ക് പറഞ്ഞയച്ചത് എന്നാ എനിക്ക് മനസിലാവാത്തത്." അത് പറഞ്ഞ് അവൻ കടക്ക് മുന്നിലെ ബെഞ്ചിലേക്ക് ഇരുന്നു "ചേട്ടാ 2 ചായ " കടക്കാരൻ 2 ചായ അവർക്ക് കൊടുത്തു. ആരു ചായ ഊതി ഊതി കുടിക്കാൻ തുടങ്ങി. " നോക്കി ഇരിക്കാതെ കുടിക്ക് തുമ്പി" അവൻ അത് പറഞ്ഞതും പാർവണ 2, 3 സിപ്പ് എടുത്തു. അതേപോലെ അത് മൊത്തം ഛർദിക്കുകയും ചെയ്തു. "എന്താടി തുമ്പി വയ്യേ. ഞാൻ അപ്പോഴേ പറഞ്ഞതാ ഇത്രയും ദൂരം വരണ്ടാ എന്ന്. വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോവാം. ഞാൻ അളിയനെ വിളിച്ച് ഒന്നു പറയട്ടെ " "എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് ആരു " എണീക്കാൻ ഒരുങ്ങിയ ആരുവിൻ്റെ കൈ പിടിച്ച് നിർത്തി കൊണ്ട് പാർവണ പറഞ്ഞു. "എന്താടി " " ഞാൻ ശിവയോട് പറയാതെയാണ് ഇവിടേക്ക് വന്നത്. ഞാൻ നിൻ്റെ കൂടെയാണെന്നും അവന് അറിയില്ല "

" നീ എന്തോക്കെയാ തുമ്പി ഈ പറയുന്നത്. രാത്രി നീയെന്നെ വിളിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞപ്പോൾ ഞാൻ വന്നില്ലേ. അപ്പോ നീ അല്ലേ പറഞ്ഞത് നിനക്ക് ഒരു റൈഡ് പോവണം എന്നും, അളിയനോട് പറഞ്ഞിട്ടുണ്ട് എന്നും. ആ ഉറപ്പിൽ അല്ലേ ഞാൻ നിന്നേ കൂടെ കൂട്ടിയത്." ചായകടയിലെ മണം മൂക്കിലേക്ക് അടിച്ചതും പാർവണക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. അവൾ ചർദ്ദിക്കാൻ തുടങ്ങിയതും ആരുവിന് ആകെ പേടിയാവാൻ തുടങ്ങിയിരുന്നു. " തുമ്പി ടീ... എന്താ പറ്റിയേ " പാർവണ അപ്പോഴേക്കും തളർന്ന് വീഴാൻ പോയിരുന്നു. ആരു അവളെ താങ്ങി നിർത്തി. ശേഷം ബെഞ്ചിലേക്ക് തന്നെ ഇരുത്തി. "ഇതെന്താ ഇങ്ങനെ. നീയെന്താ ഇങ്ങനെ തളരുന്നേ. വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോവാം " " നിൽക്ക് ആരു.ഞാൻ പറഞ്ഞില്ലേ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് എന്ന് " അത് കേട്ട് ആരു അവളുടെ അരികിലായി ഇരുന്നു. "ആരു നീ ഒരു മാമ്മൻ ആവാൻ പോവാടാ" അത് പറഞ്ഞതും ആരുവിൻ്റെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു എങ്കിലും പെട്ടെന്ന് തന്നെ അത് ദേഷ്യത്തിലേക്ക് വഴി മാറി. "ഡീ... നിനക്ക് എന്താ തീരെ ബോധം ഇല്ലേ.ഈ അവസ്ഥയിലാണോ ഇത്രയും ദൂരം യാത്ര ചെയ്യ്ത് വന്നത്. എന്തെങ്കിലും സംഭവിച്ചെങ്കിലോ. നല്ല രണ്ട് അടി വച്ചു തരുകയാണ് വേണ്ടത് "

"എൻ്റെ അവസ്ഥ നീ ഒന്ന് മനസിലാക്ക് ആരു " "നിനക്ക് എന്ത് അവസ്ഥ. ഞാൻ അളിയനെ വിളിക്കാൻ പോവാ.ഉടൻ തന്നെ ഇവിടേക്ക് വരാൻ പറയണം " അവൻ ഫോൺ എടുത്തതും പാർവണ അത് പിടിച്ച് വാങ്ങി. " എനിക്ക് ഇനി ശിവയുടെ അടുത്തേക്ക് തിരികെ പോകണ്ട. എന്നേന്നേക്കും ആയാണ് ഞാൻ ആ വീടിൻ്റെ പടി ഇറങ്ങിയത് " പാർവണ നടന്ന കാര്യങ്ങൾ എല്ലാം ഒരു വിതുമ്പലോടെ ആരുവിനോട് തുറന്ന് പറഞ്ഞു " നീ ഇങ്ങനെ കരയാതെടി."ആരു അവളെ ചേർത്തു പിടിച്ച് കൊണ്ട് ആശ്വാസിപ്പിച്ചു. "എനിക്ക് തോന്നുന്നില്ല തുമ്പി അളിയൻ നിന്നെ ഉപേക്ഷിക്കും എന്ന്. ഇതെല്ലാം നിൻ്റെ തോന്നൽ ആണെങ്കിലോ " "വെറും ഒരു തോന്നലിൻ്റെ പുറത്ത് ഞാൻ എൻ്റെ ജീവിതം ഇട്ടേറിഞ്ഞ് വരുമോ ആരു.ഞാൻ കേട്ടതാ ശിവയുടെ അച്ഛൻ പറഞ്ഞത് " " എന്നാലും " ''ആരു ഞാൻ എല്ലാം നഷ്ടപ്പെട്ട് നിൽക്കാ. ഇതെല്ലാം അറിയുമ്പോൾ നീ എൻ്റെ ഒപ്പം നിൽക്കും എന്ന വിശ്വാസത്തിൽ ആണ് ഞാൻ നിന്നോട് എല്ലാം തുറന്ന് പറഞ്ഞത്. " " എനിക്ക് മറ്റെന്തിനെക്കാളും വലുത് നീ അല്ലേടി തുമ്പി. നീ പറയ് അതു പോലെ ഞാൻ ചെയ്യാം "

" നീ ആദ്യം വീട്ടിലേക്ക് വിളിച്ച് അച്ഛനോട് പറയ് ഞാൻ നിൻ്റെ കൂടെ ഉണ്ട് എന്ന്. നമ്മൾ ഒരു യാത്ര പോവാണ് എന്ന് പറയ്." പാർവണ പറഞ്ഞ പോലെ അവൻ വിളിച്ച് പറഞ്ഞു. അച്ഛൻ തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുൻപേ അവൻ ഫോൺ കട്ട് ചെയ്ത് സ്വിച്ച് ഓഫ് ചെയ്യ്തു. " എന്നാ നമ്മുക്ക് പോവാം " "മ്മ്" അവരുടെ ബെക്ക് തമിഴ്നാട് ബോർഡർ കടന്ന് മുന്നോട്ട് കുതിച്ചു.  " പാർവണാ.... കുഞ്ഞേ.... എന്നേ വിട്ട് പോവല്ലേടീ... എനിക്ക് നീ ഇല്ലാതെ പറ്റില്ലെടീ " ശിവ മുടിയിൽ കോർത്ത് വലിച്ച് കൊണ്ട് ഉറക്കെ അലറി. അവൻ്റെ ശബ്ദം കേട്ട് ദേവ റൂമിലേക്ക് ഓടി വന്നു. " ശിവാ ടാ .എന്ത് പറ്റി '' " പാർവണ ...അവളോട് പോവല്ലേ എന്ന് പറയ് ദേവാ " ശിവ ഉറക്കെ പറഞ്ഞു. ദേവ അവൻ്റെ അരികിൽ ഇരുന്ന് അവനെ ആശ്വാസിപ്പിക്കാൻ തുടങ്ങി "കുറച്ച് ദിവസങ്ങളായി നീ എന്നും ഈ സ്വപ്നം തന്നെയാണല്ലോ ശിവാ കാണുന്നേ. നീ അത് തന്നെ ആലോചിച്ച് കിടന്നിട്ട് ആണ് ഇങ്ങനെയൊക്കെ " " എന്തിനാ അവൾ എന്നേ വിട്ട് പോയത് ദേവാ." " നീ വീണ്ടും അത് തന്നെ പറഞ്ഞിരിക്കാതെ ശിവ.

അവൾ നിന്നെ വിട്ട് പോയിട്ട് ഒന്നര വർഷം കഴിഞ്ഞു. നീ ഇപ്പോഴും അവളുടെ ഓർമയിൽ നിന്നും മോചിതനാകാതെ ഇരിക്കുന്നു. പക്ഷേ അവളോ " "എനിക്ക് അവളെ മറക്കാൻ കഴിയില്ലടാ. എൻ്റെ കുഞ്ഞ്. എല്ലാവരും എന്നേ തനിച്ച് ആക്കി പോയില്ലേ " " നീ മറക്കണം ശിവ.. അവൾ നിന്നെ മറന്ന് വേറെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നുണ്ട്. ഇനി നീയായിട്ട് അവളുടെ ജീവിതത്തിലേക്ക് കയറി ചെല്ലാതിരിക്കാനാണ് അവരുടെ വീട്ടുകാർ അവൾ എവിടെയാണെന്ന് പറഞ്ഞ് തരാത്തത്. ഞാൻ ചോദിച്ചപ്പോഴോക്കെ അവൾ എവിടെയാണെന്ന് അവർക്കും അറിയില്ലാ എന്നാണ് പറഞ്ഞത് . പിന്നെ നിൻ്റെ കുഞ്ഞ്. അത് അബോഷൻ ആയി എന്ന് ആരു പറഞ്ഞല്ലോ. പിന്നെ നീ ആർക്ക് വേണ്ടിയാണ് ഈ കാത്തിരിക്കുന്നത്. " " ഇല്ല ഇതൊന്നും ഞാൻ വിശ്വാസിക്കില്ല. അവളും എൻ്റെ കുഞ്ഞും ഈ ലോകത്ത് എവിടേയോ ജീവിച്ചിരിപ്പുണ്ട്. എന്നോടുള്ള വാശി തീർക്കാനാണ് അവൾ മറഞ്ഞിരിക്കുന്നത് .പക്ഷേ എത്ര നാൾ അവൾ ഇങ്ങനെ ഒളിച്ചിരിക്കും'' ''ശിവാ cool.നിനക്ക് ഇപ്പോ വേണ്ടത് ഒരു change ആണ്.

അത് ഈ റൂമിൽ തന്നെ അടച്ചിരുന്നാൽ കിട്ടില്ല. ഒന്നര കൊല്ലം നീ സ്വയം നീറി ഇല്ലാതെ ആയില്ലേ. മതി ഇനി മതി. നീ വീണ്ടും ജോലിക്ക് കയറാം എന്ന് എനിക്ക് വാക്കു തന്നതല്ലേ.അത് മറന്നോ" " ഇല്ല ഓർമയുണ്ട് " "ദാ നിനക്കുള്ള അപ്പോയ്മെൻ്റ് ലെറ്റർ ആണ്. നീ പറഞ്ഞ പോലെ ദൂരെയുള്ള ഹോസ്പിറ്റലിൽ ആണ് ജോബ് റെഡിയാക്കിയിട്ടുള്ളത്. കേരളത്തിൽ നിന്നും കുറച്ച് കാലം നീ മാറി നിൽക്ക് " "എവിടേയാ" "കൊൽക്കത്ത.the city of colours" അത് കേട്ടതും ശിവ പുഛത്തോടെ ഒന്ന് ചിരിച്ചു. "City of colours പോലും. എൻ്റെ ജീവിതത്തിലെ എല്ലാ നിറങ്ങളും നൽകിയത് അവൾ ആണ്.പെട്ടെന്ന് ഒരു ദിവസം ആ നിറങ്ങൾ എല്ലാം തിരിച്ചെടുത്ത് ഇരുട്ടിലേക്ക് തള്ളി വിട്ട് അവൾ പോവുകയും ചെയ്യ്തു് ' അത് പറഞ്ഞ് ശിവ നേരെ ബാൽക്കണിയിലേക്ക് പോയി. " ഇല്ല ശിവ. ഈ യാത്ര നിൻ്റെ ജീവിതത്തിന് നിറം പകരുകയേ ഉള്ളൂ.അത് എനിക്ക് ഉറപ്പാണ്. അതിനു വേണ്ടി തന്നെയാണ് ഈ നഗരത്തിലേക്ക് തന്നെ നിന്നെ ഞാൻ അയക്കുന്നത് '' "പാറു എത്ര നാൾ നീ ഇവനു മുന്നിൽ നിന്നും ഒളിച്ചിരിക്കും. നീ എവിടെയാണ് എന്നറിഞ്ഞിട്ടും എനിക്ക് അത് ഇവനോട് തുറന്ന് പറയാൻ കഴിയുന്നില്ല.

നിനക്ക് തന്ന ഒറ്റ വാക്കിൻ്റ പേരിലാണ്. പക്ഷേ ഇനി അവനായി തന്നെ നിൻ്റെ അരികിലേക്ക് എത്തിച്ചേരും അവൻ പോലും അറിയാതെ "ശിവ പോകുന്നത് നോക്കി ദേവമനസിൽ ഉരുവിട്ടു. ______________ "മോളേ പാറു നിൻ്റെ ഡ്യൂട്ടി ടൈം കഴിഞ്ഞില്ലോ.ഇറങ്ങാറായില്ലേ" "ദാ കഴിഞ്ഞു ജാനകി ചേച്ചി. റൂം നമ്പർ 358 ലെ പേഷ്യൻ്റിന് ഒരു ഇൻജക്ഷൻ ഉണ്ട്.അത് കൂടി കഴിഞ്ഞാൽ ഞാൻ ഇറങ്ങാ " " ഇങ്ങ് താ ഞാൻ അത് ചെയ്യ്തോളാം. നീ ഇറങ്ങിക്കോ. നീ വീട്ടിൽ എത്തിയിട്ട് വേണ്ടേ രശ്മിക്ക് നൈറ്റ് ഡ്യൂട്ടിക്ക് വരാൻ. ആർദവ് വരുമോ നിന്നെ കൂട്ടാൻ " " വരും ചേച്ചി. കണ്ണൻ താഴേ എത്തി എന്ന് പറഞ്ഞ് വിളിച്ചിരുന്നു." "പിന്നെ മോളേ നാളെ മുതൽ കുറച്ച് നേരത്തെ വരാൻ നോക്ക്. ഇനി മുതൽ നേരം വൈകി വരൽ ഒന്നും നടക്കും എന്ന് തോന്നുന്നില്ല. പുതിയ ഹെഡ് നാളെ ചാർജ് എടുക്കും.കേരളത്തിൽ നിന്നുള്ള ഡോക്ടർ ആണെന്നാ പറഞ്ഞു കേട്ടത് " "അയ്യോ ചേച്ചി നാളെ ഞാൻ കുറച്ച് ലേറ്റ് ആവും. നാളെയാണ് കുഞ്ഞിന് പോളിയോ എടുക്കേണ്ടത്. " "നാളെയാണോ. എന്നാ പോകുന്ന വഴി ആ നേഴ്സിങ്ങ് സുപ്രണ്ടിനോട് ഒന്ന് പറഞ്ഞേക്ക്.

അല്ലെങ്കിലേ ആ മറുതക്ക് നിന്നെ കണ്ണെടുത്താൽ കണ്ടൂടാ .ഇനി ഇത് പറയാതിരുന്നാൽ നാളെ ഹെഡ് വരുമ്പോൾ കുറച്ച് എരിവും പുളിയും കൂടി ചേർത്ത് പറയും. " ഞാൻ പറയാം ചേച്ചി. എന്നാ ഞാൻ ഇറങ്ങാ ട്ടോ " പാർവണ ബാഗ് എടുത്ത് വേഗം പുറത്തേക്ക് ഇറങ്ങി. ______________ " ദേവാ എന്നാ ഞാൻ ഇറങ്ങാ. അമ്മാ ,ദേവൂ ഞാൻ പോയി വരാം. വാവാച്ചി ഞാൻ പോവാ ട്ടോ " ദേവുവിൻ്റെ അല്പം ഉന്തിയ വയറിലേക്ക് നോക്കി ശിവ പറഞ്ഞു. എല്ലാവരോടും കണ്ണു കൊണ്ട് ഒരിക്കൽ കൂടി യാത്ര പറഞ്ഞ് ശിവ തൻ്റെ ബുള്ളറ്റിലേക്ക് കയറി. വണ്ടി സ്റ്റാർട്ട് ചെയ്യ്ത് ശിവ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി. "കൊൽക്കത്ത എന്ന് പറയുമ്പോൾ നല്ല ദൂരം ഇല്ല ദേവേട്ടാ. അത്രയും ദൂരം ഒറ്റക്ക് " "അതൊക്കെ അവൻ പോയിക്കോളും. നിങ്ങൾ രണ്ടു പേരും അവനെ കുറിച്ച് ആലോചിച്ച് ടെൻഷൻ അടിക്കണ്ട." ദേവ അമ്മയേയും ദേവൂനേയും നോക്കി പറഞ്ഞു കൊണ്ട് ദേവ അകത്തേക്ക് പോയി.... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story