പാർവതി ശിവദേവം: ഭാഗം 97

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"എന്താ കുഞ്ഞേ നീ കാണിച്ചത് സൂക്ഷിച്ചു നടക്കണ്ടേ "അവൻ പതിയെ അവളുടെ നെറുകയിൽ ചുണ്ടമർത്തി . അപ്പോഴാണ് അവളുടെ സാരിയുടെ ഉള്ളിൽ കിടക്കുന്ന ഒരു ഗോൾഡൻ ചെയിൻ അവൻ കണ്ടത്. ചെറിയ ഒരു സംശയത്തോടെ അവൻ അതു പുറത്തേക്ക് എടുത്തു . അതുകണ്ട് അവന്റെ കണ്ണുകൾ വിടർന്നു. "അതെ അതു തന്നെയാണ് ഇത് . ഞാൻ ചാർത്തിയ താലി" നിന്റെ കല്യാണം കഴിഞ്ഞെങ്കിൽ പിന്നെന്തിന് എന്റെ താലി നീ കഴുത്തിൽ ഇട്ട് നടക്കണം . അപ്പോൾ ഇവളുടെ കല്യാണം കഴിഞ്ഞില്ലേ ." ശിവയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നുവന്നു . ''ഇനി ഇവൾ വെറുതെ പറഞ്ഞതാണോ കല്യാണം കഴിഞ്ഞു എന്ന്. പക്ഷേ അതിൻ്റെ ആവശ്യം എന്താണ്." " ഡോക്ടർ " ഒരു നേഴ്സ് അകത്തേക്ക് കയറി വന്നു. " പാർവണ വീഴുന്നത് നേരിൽ കണ്ടത് താൻ അല്ലേ " ശിവ സംശയത്തോടെ ചോദിച്ചു. "അതെ ഡോക്ടർ.ഞാൻ സ്റ്റയർ കയറി മുകളിലേക്ക് വരാൻ നിൽക്കുകയായിരുന്നു. അപ്പോഴാണ് പാർവണ കരഞ്ഞുകൊണ്ട് താഴേക്ക് ഓടി വന്നത്. എന്താ കാര്യം എന്നറിയാൻ വേണ്ടി ഞാൻ അവിടെ തന്നെ നിന്നു. പക്ഷേ പെട്ടെന്ന് പാർവണ സാരി തടഞ്ഞ് താഴേക്ക് വീണു. ഞാൻ അത് കണ്ടപ്പോൾ പേടിച്ചു പോയി "

"മ്മ്.. " ശിവ ഒന്ന് മൂളി. " പാർവണയുടെ ഹസ്ബൻ്റിനെ വിവരം അറിയിച്ചിട്ടില്ല. പാർവണ ആരുമായും അധികം കമ്പനിയില്ല. അതു കൊണ്ട് നമ്പർ ആർക്കും അറിയില്ല. പിന്നെ ആകെ ഒരു കൂട്ട് ജാനകി സിസ്റ്റർ ആണ് .സിസ്റ്റർ ആണെങ്കിൽ ഇന്ന് ലീവാണ്. ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല.try ചെയ്യുന്നുണ്ട്. ചിലപ്പോൾ ജാനകി സിസ്റ്ററിൻ്റെ കൈയ്യിൽ ഉണ്ടാകും പാർവണയുടെ ഹസ്ബൻ്റിൻ്റ നമ്പർ " കയ്യിലുള്ള സിറിഞ്ചിലെ മെഡിസിൻ പാർവണയുടെ കൈയ്യിലേക്ക് ഇൻജക്ട് ചെയ്യ്തു കൊണ്ട് അവർ പറഞ്ഞു. " എന്നാ ഞാൻ പോയ്ക്കോട്ടെ ഡോക്ടർ " "ആഹ്.'. പോയ്ക്കോള്ളൂ" അത് കേട്ടതും സിസ്റ്റർ പുറത്തേക്ക് പോയി. "എന്തൊക്കെയാ കുഞ്ഞേ ഇവിടെ നടക്കുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല. നീ എന്തിനാ എന്നേ തനിച്ചാക്കി പോയത്. അതു കൊണ്ട് അല്ലേ ഇപ്പോ ഇങ്ങനെയെല്ലാം നടന്നത് '"അവളുടെ നെറുകയിൽ തലോടി കൊണ്ട് അവൻ പറഞ്ഞു. അവൻ എഴുന്നേറ്റ് ചെന്ന് ഡോർ ലോക്ക് ചെയ്യ്ത് അവളുടെ അരികിൽ തന്നെ വന്നിരുന്നു.

" ചെയ്യുന്നത് തെറ്റാണോ എന്നറിയില്ല. എങ്കിലും നീ എൻ്റെ മാത്രമാണ് എന്ന് വിശ്വാസിക്കാനാണ് എനിക്ക് ഇഷ്ടം" അവൻ അവളെ ബെഡിൻ്റെ സൈഡിലേക്ക് നീക്കി കിടത്തി. ശേഷം അവളുടെ അരികിലായി കിടന്നു. " നീ കൂടെ ഇല്ലാതെ എത്ര രാത്രികൾ ഞാൻ ഉറങ്ങാതെ ഒരു ഭ്രാന്തനെ പോലെ അലഞ്ഞിട്ടുണ്ട് എന്ന് നിനക്ക് അറിയുമോ. എൻ്റെ ജീവശ്വാസം പോലും നീയാണെന്ന് എന്താ പെണ്ണേ നീ മനസിലാക്കാത്തത് " ശിവ അവളെ തൻ്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് കിടന്നു. ഒപ്പം അവൻ്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അങ്ങനെ എത്ര നേരം കിടന്നു എന്ന് അവൻ പോലും അറിഞ്ഞിരുന്നില്ല . എപ്പോഴോ ഒന്നു മയങ്ങിപ്പോയി .പെട്ടെന്ന് ഡോറിൽ തട്ടി ഉള്ള വിളി കേട്ടാണ് അവൻ ഉറക്കമുണർന്നത് . സമയം ഒരുമണി കഴിഞ്ഞിരിക്കുന്നു അവൻ മുഖം എല്ലാം തുടച്ച് ചെന്ന് വാതിൽ തുറന്നു. കുറച്ചു മുൻപ് വന്ന നേഴ്സ് ആണ് .മുഖത്ത് വല്ലാത്ത ഒരു വെപ്രാളം ഉണ്ടായിരുന്നു "ഡോക്ടർ റൂം നമ്പർ 245 ലെ പേഷ്യന്റിന് എന്തോ വല്ലാത്ത ഒരു അസ്വസ്ഥത .നാളെ ആയിരുന്നു നമ്മൾ ഓപ്പറേഷൻ ഫിക്സ് ചെയ്തിരുന്നത്. പക്ഷേ ഇപ്പോ എന്തോ തീരെ വയ്യ.ഡോക്ടർ ഒന്നു വന്നേ "നഴ്സ് അവനെ നോക്കി പറഞ്ഞു.

ഇവർ തമ്മിലുള്ള സംസാരം കേട്ട് പാർവണ പതിയെ കണ്ണുതുറന്നു. "ഇയാൾ എഴുന്നേറ്റോ" നേഴ്സ് അകത്തേക്ക് വന്നു കൊണ്ട് ചോദിച്ചു . "താൻ ഞങ്ങളെയെല്ലാം പേടിപ്പിച്ചു കളഞ്ഞല്ലോ ഡോ.എന്തൊരു വീഴ്ച്ചയാ താൻ വീണത് .കണ്ട് നിന്നാ ഞാൻ പോലും പേടിച്ചുപോയി .നോക്കി നടക്കണ്ടേ കുട്ടി" നേഴ്സ് ശാസനയോടെ പറഞ്ഞു . എന്നാൽ ആകെ പേടിച്ച അവസ്ഥയിലായിരുന്നു പാർവ്വണ. അതു കണ്ട് ശിവയും അവളുടെ അരികിലേക്ക് വന്നു. " പേടിക്കാനൊന്നുമില്ല. നെറ്റിയിൽ ചെറിയൊരു മുറിവുണ്ട് അത്രേയുള്ളൂ ." "ഇയാൾ നടന്നോളൂ ഞാനിപ്പോ വരാം" ശിവ നഴ്സിനെ നോക്കി പറഞ്ഞതും അവർ പുറത്തേക്കു പോയി. " ഇപ്പൊ എന്തെങ്കിലും കുഴപ്പമുണ്ടോ .വേദന വല്ലതും " ശിവ അവളെ നോക്കി ചോദിച്ചു. അവൾ ഇല്ല എന്ന രീതിയിൽ തലയാട്ടി . "ചില കാര്യങ്ങൾ തെളിച്ചു തരാൻ വേണ്ടി ദൈവമായിട്ട് ഓരോ അവസരങ്ങൾ ഉണ്ടാക്കിയത് ആയിരിക്കും". അവളെ നോക്കി ശിവ പറഞ്ഞു പാർവണ ആണെങ്കിൽ എന്താണ് എന്ന് മനസ്സിലാവാത്ത രീതിയിൽ അവനെ നോക്കി " ചില കള്ളങ്ങൾ എല്ലാകാലത്തും മറച്ചുവെക്കാൻ കഴിഞ്ഞു എന്നു വരില്ല. എന്നേങ്കിലും സത്യം മറനീക്കി പുറത്തു വന്നിരിക്കും."

ശിവ അവളെ നോക്കി അർത്ഥം വെച്ച പോലെ പറഞ്ഞു . ആ സമയം അവളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ ശിവയും നോക്കി കാണുകയായിരുന്നു. "ടേക്ക് റെസ്റ്റ്... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി " ശിവ പുറത്തേക്ക് പോയി ** "സിസ്റ്റർ എത്രയും പെട്ടെന്ന് ഓപ്പറേഷനുള്ള അറേഞ്ച്മെന്റ്സ് ചെയ്തോളൂ. കാര്യം കുറച്ച് ക്രിറ്റിക്കൽ ആണ് "ടെസ്റ്റ് റിപ്പോർട്ടുകൾ നോക്കി ശിവ പറഞ്ഞു . അതുകേട്ട് നഴ്സ് ഓപ്പറേഷന് ഉള്ള അറേഞ്ച്മെന്റ്സ് എല്ലാം ചെയ്യാൻ തുടങ്ങി. മാസ്കും ഗ്ലൗവ്സും എല്ലാം ഇട്ട് ശിവ ഓപ്പറേഷൻ തീയേറ്ററിലേക്ക് നടന്നു .പോകുന്ന വഴി പാർവണയുടെ റൂമിലേക്ക് നോക്കി. കണ്ണടച്ച് കിടക്കുകയാണ് അതുകൊണ്ട് ഒരു ആശ്വാസത്തോടെ അവൻ നേരെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറി. മൂന്നു മണിക്കൂർ നീളുന്ന ഓപ്പറേഷനായിരുന്നു. ഓപ്പറേഷൻ സക്സസ് ആയി. അവൻ ഒരു ആശ്വാസത്തോടെ കയ്യിലെ ഗ്ലൗസും മാസ്ക്കും എല്ലാം അഴിച്ച് ഒന്ന് ഫ്രഷായി പുറത്തേക്കിറങ്ങി. അവൻ നേരെ പോയത് പാർവണയുടെ റൂമിലേക്ക് ആയിരുന്നു .ഡോർ തുറന്ന് അകത്തേക്ക് നോക്കിയപ്പോൾ ബെഡിൽ ആരുമുണ്ടായിരുന്നില്ല. തൊട്ട് പുറത്തായി നേഴ്സ് സാധനങ്ങളെല്ലാം ഒതുക്കി വയ്ക്കുന്നുണ്ട് .

"പാർവണ എവിടെ" ശിവ അവരെ നോക്കിക്കൊണ്ട് ചോദിച്ചു . "പാർവണയുടെ ഹസ്ബന്റ് വന്നു ഡോക്ടർ . അവർ ഇപ്പോൾ അങ്ങോട്ട് ഇറങ്ങിയതെ ഉള്ളൂ .ദാ അവർ പോകുന്നു " ജനലിലൂടെ പുറത്തേക്കു ചൂണ്ടിക്കൊണ്ട് സിസ്റ്റർ പറഞ്ഞു. അതു കണ്ട് വേഗം ശിവ ജനലിന് അരികിലേക്ക് നടന്നു. പാർവണയും അവളെ ചേർത്തു പിടിച്ച് ഒരു ചെറുപ്പക്കാരനും പാർക്കിങ്ങിലേക്ക് നടന്നു പോകുന്നു . അവർ മുന്നോട്ടു നടന്നു പോകുന്നതിനാൽ അയാളുടെ മുഖം ശിവയ്ക്ക് വ്യക്തമായിരുന്നില്ല. എന്നാൽ ചേർത്തു പിടിച്ചിരിക്കുന്ന ആ കൈകൾ കാണുമ്പോൾ അവന്റെ മനസ്സിൽ എന്തോ ഒരു വല്ലാത്ത അസ്വസ്ഥത നിറഞ്ഞു . പാർവണയെ ഒരു ഭാഗത്തേക്ക് നിർത്തി അയാൾ ബൈക്ക് തിരിച്ചു .ആ സമയം ശിവ അയാളുടെ മുഖം വ്യക്തമായി കണ്ടിരുന്നു . " ആർദവ്....അവനാണോ പാർവണയുടെ ഭർത്താവ് .പക്ഷേ എങ്ങനെ ...അപ്പോൾ കഴിഞ്ഞ ദിവസം ഞാൻ കണ്ടത് ഇവനെ തന്നെയായിരുന്നോ.... അപ്പോൾ പാർവണ പറഞ്ഞത് സത്യമാണോ ..ഒന്നും മനസ്സിലാകുന്നില്ലല്ലോ" അവന് തലയ്ക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. "സിസ്റ്റർ അതാണോ പാർവണയുടെ ഹസ്ബന്റ് "ശിവ അവരെ ചൂണ്ടിക്കൊണ്ട് നേഴ്സിനോട് ചോദിച്ചു.

"അതെ ഡോക്ടർ ...പാർവണയെ എന്നും കൊണ്ടുവന്നാക്കുന്നതും പിന്നെ കൊണ്ടുപോകുന്നതും എല്ലാം അയാൾ തന്നെയാ. പാർവണയുടെ ഡെലിവറി ടൈമിൽ അയാൾ തന്നെയാ ഇവിടെ ഉണ്ടായിരുന്നത് " അതു കേട്ടതും ശിവ റൂമിൽ ഇറങ്ങി പുറത്തേക്ക് ഓടി. ശിവ അവരുടെ അരികിലേക്ക് എത്തുന്നതിനു മുൻപേ അവരുടെ ബൈക്ക് ഹോസ്പിറ്റൽ ഗേറ്റ് കടന്ന് പുറത്തേക്ക് പോയിരുന്നു . ശിവ വേഗം ബുള്ളറ്റിന്റെ അരികിലേക്ക് ഓടി. അപ്പോഴാണ് കീ തന്റെ ക്യാബിനിൽ ആണ് എന്ന കാര്യം അവൻ ഓർത്തത്. തിരിച്ച് ക്യാബിനിൽ എത്തി അവൻ കീ എടുത്ത് പാർക്കിങ്ങിലേക്ക് വന്നു .ബുള്ളറ്റ് സ്പീഡിൽ അവർക്കു പിന്നാലെ പോയെങ്കിലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല . അവൻ കുറെ ദൂരം അങ്ങനെ മുന്നോട്ടു പോയി. ദിശയറിയാതെ വഴിയറിയാതെ ഒരു ലക്ഷ്യവുമില്ലാതെ..... "ജീവിതം അവസാനിച്ച പോലെ ഒരു തോന്നൽ. എല്ലാം മറക്കാൻ ശ്രമിച്ചതാ. പക്ഷേ പാർവണയുടെ കഴുത്തിലെ താലി വീണ്ടും മനസ്സിൽ എന്തോ ഒരു പ്രതീക്ഷ തന്നിരുന്നു. ഇപ്പൊ അതും ഇല്ലാതായി . എല്ലാം ഇട്ടെറിഞ്ഞ് ഇവിടെനിന്നും എങ്ങോട്ടെങ്കിലും പോയാലോ ......ഇങ്ങനെ നീറി നീറി കഴിയാൻ വയ്യാ..

പക്ഷേ എത്ര ദൂരം ഇങ്ങനെ ഒളിച്ചോടും. പാർവണയുടെ കൺമുന്നിൽ നിന്നും പോകാൻ കഴിയുമായിരിക്കും .പക്ഷേ അവളുടെ ഓർമ്മകളിൽ തനിക്കിനി ഒരു മോചനം ഉണ്ടാകുമോ" അവന് ഓരോന്ന് ആലോചിച്ച് വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി. പോക്കറ്റിൽ നിന്നും സിഗരറ്റെടുത്ത് കത്തിച്ചു . ഇത്ര സിഗരറ്റ് വലിച്ചു എന്ന് അവനു പോലും അറിയുന്നുണ്ടായിരുന്നില്ല .അവസാനം കയ്യിലെ എല്ലാ സിഗരറ്റും കഴിഞ്ഞപ്പോഴാണ് അവൻ തിരിച്ച് ബുള്ളറ്റിലേക്ക് തന്നെ കയറി തിരികെ വന്നു . ** പാർവണ ഫ്ലാറ്റിൽ എത്തുമ്പോൾ രശ്മി ടെൻഷനോടെ പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു. " എന്താ ചേച്ചി ...എന്താ പറ്റിയത് "പാർവണയെ കണ്ടതും അവൾ അടുത്തേക്ക് ഓടിവന്നു കൊണ്ട് ചോദിച്ചു. " ഒന്നുല്ല മോളെ ഒന്ന് വീണതാ .നെറ്റി ചെറുതായി ഒന്ന് പൊട്ടി .വേറൊന്നുമില്ല " "ഞാൻ പേടിച്ചുപോയി ചേച്ചി .ഉച്ചയ്ക്ക് ജാനകി സിസ്റ്റർ എന്നെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയാതെ ഞാൻ നിന്നു.ആദി ഏട്ടൻ ചേച്ചിയുടെ അടുത്തേക്ക് വരുന്നു എന്നു പറഞ്ഞപ്പോൾ ഞാനും കൂടെ വരണം എന്ന് കരുതിയതാണ്. പക്ഷേ കുഞ്ഞ് അവളെയും കൊണ്ട് അങ്ങോട്ടേക്ക് വരാൻ പറ്റില്ലല്ലോ .അതാ "

'അതിനുമാത്രം എനിക്ക് കുഴപ്പമൊന്നുമില്ല. ചെറിയൊരു മുറിവ് അത്രയേ ഉള്ളൂ. അത് നാളെക്ക് മാറും. നീയെന്താ ഹോസ്പിറ്റലിൽ പോകുന്നില്ലേ ."പാർവണ ചോദിച്ചു . "ഞാൻ ഇന്ന് പോകുന്നില്ല ചേച്ചി .ചേച്ചിക്ക് വയ്യല്ലോ " "അതിനുമാത്രം അസുഖം ഒന്നും എനിക്കില്ല .നീ പോയി വേഗം റെഡിയാവാൻ നോക്ക് " "വേണ്ട ചേച്ചി ഒരു ദിവസം ലീവ് എടുത്തു എന്നുവച്ച് കുഴപ്പമൊന്നുമില്ല." " അതൊന്നും പറ്റില്ല .വേഗം പോവാൻ നോക്കിയേ "അതു പറഞ്ഞു അവൾ വേഗം രശ്മിയെ റൂമിലേക്ക് ഉന്തി തള്ളി വിട്ടു. " കണ്ണന് ഞാൻ ചായ എടുക്കാം " "വേണ്ട തുമ്പി. എനിക്കൊന്നും വേണ്ട . നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ " "ഇല്ല കണ്ണാ കുഴപ്പമൊന്നുമില്ല. ഞാൻ പോയി ഒന്ന് ഫ്രഷ് ആവട്ടെ " അതു പറഞ്ഞ് അവൾ തന്റെ റൂമിലേക്ക് പോയി. കുഞ്ഞു നല്ല ഉറക്കത്തിലാണ് . അവളുടെ തലയിൽ ചെറുതായൊന്ന് തലോടിക്കൊണ്ട് പാർവണ ബാത്റൂമിലേക്ക് പോയി . കുളിച്ച് ഇറങ്ങിയിട്ടും കുഞ്ഞു നല്ല ഉറക്കത്തിൽ തന്നെയാണ് അതുകൊണ്ട് അവൾ ശബ്ദമുണ്ടാക്കാതെ ഹാളിലേക്ക് ഇറങ്ങി . രശ്മി അപ്പോഴേക്കും പോവാൻ റെഡിയായിരുന്നു. "ഞാൻ പോവണോ ചേച്ചി " 'പോകണോ എന്നല്ല പോവണം .കണ്ണാ നീ വേഗം ഇവളേയും വിളിച്ചു പോകാൻ നോക്ക് "

കണ്ണൻ അവളെയും വിളിച്ച് പുറത്തേക്ക് നടന്നതും പാർവണ ഡോർ ലോക്ക് ചെയ്യ്ത് കുഞ്ഞിൻ്റ അരികിൽ വന്നിരുന്നു.  " ചേച്ചി ഇന്ന് ഡ്യൂട്ടിക്ക് പോകുന്നില്ലേ. എന്തേ വയ്യേ " രാവിലെ ഹോസ്പിറ്റലിൽ നിന്നും വന്ന രശ്മി ചോദിച്ചു. " ഇല്ല മേളേ. ഇന്നലെ രാത്രി മുതൽ ശിവ മോൾക്ക് ഒരു പനി പോലെ." "അയ്യോ... എന്നിട്ട് കുറവില്ലേ ചേച്ചി'' " ആഹ് കുറവുണ്ട്. പക്ഷേ നല്ല വാശിയാണ്" " അത് പിന്നെ അങ്ങനെയല്ലേ വരൂ ഈ അമ്മയുടെ അല്ലേ മോൾ " പാർവണയെ നോക്കി പറഞ്ഞു കൊണ്ട് രശ്മി അകത്തേക്ക് പോയി. ഉച്ചകഴിഞ്ഞിട്ടും കുഞ്ഞ് നല്ല വാശിയിൽ തന്നെ ആണ്. ഇടക്ക് പനിക്കുന്നുണ്ട്. എന്തായാലും ഡോക്ടറേ കാണിക്കേണ്ടി വരും. ഗവൺമെൻ്റ് ഹോസ്പിറ്റലിൽ ഈ സമയം നല്ല തിരക്ക് ആയിരിക്കും. ഇപ്പോ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ പോകാം എന്ന് വച്ചാൽ അവിടെ ശിവ ഉണ്ടാകും. എന്തായാലും ജാനകി ചേച്ചിയെ ഒന്ന് വിളിച്ച് നോക്കാം. "ഹലോ പാർവണ .കുഞ്ഞിന് ഇപ്പോ എങ്ങനെയുണ്ട്. കുറവില്ലേ" " ഇല്ല ചേച്ചി. നല്ല വാശിയിൽ ആണ്. ഡോക്ടറേ ഒന്ന് കാണിക്കണം. അവിടെ ശിവരാഗ് ഡോക്ടർ ഉണ്ടോ " " ഇല്ല മോളേ.ഡോക്ടർ ഇന്ന് എന്തോ വല്ലാത്ത ദേഷ്യത്തിൽ ആയിരുന്നു. മായ സിസ്റ്ററേ കുറേ വഴക്ക് പറയുന്നത് കേട്ടു.

കുറച്ച് മുൻപ് ലീവ് എഴുതി ഡോക്ടർ പോകുകയും ചെയ്യ്തു. അല്ല കുഞ്ഞിനെ ശിവരാഗ് ഡോക്ടറേ ആണോ കാണിക്കുന്നേ. സ്റ്റീഫൻ ഡോക്ടർ അല്ലേ കുട്ടികളുടെ ഡോക്ടർ " "ശിവ ഡോക്ടർ അവിടെ ഉണ്ടോ എന്ന് വെറുതെ ചോദിച്ചു എന്നേ ഉള്ളൂ. കുഞ്ഞിനെ സ്റ്റീഫൻ ഡോക്ടറേ തന്നെയാണ് കാണിക്കുന്നത്. " " എന്നാ നേരം വൈകിക്കണ്ട. വേഗം വരാൻ നോക്ക് " " ശരി ചേച്ചി " അത് പറഞ്ഞ് കോൾ കട്ട് ചെയ്യ്തു. സ്റ്റീഫൻ ഡോക്ടറുടെ മുന്നിൽ പോവാൻ ഒട്ടും താൽപര്യം ഇല്ല. പക്ഷേ കുഞ്ഞിൻ്റെ കാര്യം ആയതു കൊണ്ടാണ്. രശ്മി കണ്ണനെ വിളിച്ച് വരാൻ പറയാം എന്ന് പറഞ്ഞെങ്കിലു വേണ്ടാ എന്ന് പറഞ്ഞു. കണ്ണന് ഇപ്പോ വർക്കിങ്ങ് ടൈം ആണ്. വെറുതെ അവനെ വിളിച്ച് ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഒരു ഓട്ടോ വിളിച്ചാണ് പോയത്. വൈകുന്നേരം ആവാറായതിനാൽ റോഡിൽ നല്ല ട്രാഫിക്ക് ആണ് . അര മണിക്കൂർ ആയി റോഡിൽ ട്രാഫിക്കിൽ പെട്ട് കിടക്കുന്നു. ** എല്ലാ കാര്യങ്ങളും പാർവണയോട് തുറന്ന് ചോദിക്കണം എന്ന് തിരുമാനിച്ചാണ് ശിവ രാവിലെ ഹോസ്പിറ്റലിലേക്ക് ഇറങ്ങിയത്. കുറേ നേരം വെയിറ്റ് ചെയ്തിട്ടും അവളെ കാണാൻ ഇല്ല.

പിന്നീട് ജാനകി സിസ്റ്റർ പറഞ്ഞ് അറിഞ്ഞു അവൾ ലീവാണ് എന്ന്. അതിനിടയിൽ മായ സ്ഥിരം പരദൂഷണവുമായി വന്നപ്പോൾ ഉള്ള ദേഷ്യം മുഴുവൻ അവളുടെ മേൽ തീർത്തു. ഇന്ന് ലീവ് എടുക്കാം എന്ന് കരുതിയതാണ്. പിന്നീട് Opയിലെ തിരക്ക് കണ്ടപ്പോൾ വേണ്ടാ എന്ന് കരുതി. ഉച്ച കഴിഞ്ഞപ്പോൾ തിരക്ക് കുറഞ്ഞു. അത് കൊണ്ട് മറ്റൊന്നും നോക്കാതെ ലീവ് എഴുതി കൊടുത്ത് ഇറങ്ങി. ഫ്ളാറ്റിലേക്ക് പോകുന്ന വഴി നല്ല ട്രാഫിക്ക് ജാം ആയിരുന്നു. കുറേ നേരം ആയി റോഡിൽ തന്നെ നിൽക്കുന്നു. വണ്ടികളുടെ ഹോണിൻ്റെ ശബ്ദവും ആളുകളുടെ ബഹളവും തലയാകെ വേദനിക്കുന്ന പോലെ തോന്നി. വണ്ടിയിൽ നിന്നും ഇറങ്ങി അടുത്തുള്ള കടയിൽ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങി മുഖമെല്ലാം കഴുകി. ഒരിളം കാറ്റ് തഴുകി പോയതും അവൻ കുറച്ച് നേരം കണ്ണുകൾ അടച്ചു നിന്നു. ട്രാഫിക്ക് പതിയെ കുറയാൻ തുടങ്ങി. വണ്ടികൾ പതിയെ നീങ്ങാൻ തുടങ്ങിയതും അവൻ വണ്ടിയുടെ അരികിലേക്ക് നടന്നു. അതേ സമയം തൻ്റെ വണ്ടിക്ക് മുന്നിലൂടെ പോകുന്ന ഓട്ടോയിൽ ഇരിക്കുന്ന ആളെ കണ്ട് അവൻ്റെ ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി " പാർവണാ... " ** ഹോസ്പിറ്റലിൽ എത്തിയതും പാർവണ നേരെ പോയത് ജാനകിയുടെ അടുത്തേക്കായിരുന്നു .അവൾ സ്റ്റാഫ് റൂമിലേക്ക് കയറുമ്പോൾ ജാനകി പുറത്തേക്ക് പോകാൻ നിൽക്കുകയായിരുന്നു .

"എന്താ പാർവ്വണ ഇത്രയും നേരം വൈകിയത്. ഞാൻ നിന്നെ ഇത്രയും നേരം വെയിറ്റ് ചെയ്തു. കാണാതായപ്പോൾ വീട്ടിലേക്ക് ഇറങ്ങാൻ നിൽക്കുകയായിരുന്നു." " അതൊന്നും പറയാതിരിക്കുന്നതാ നല്ലത് ചേച്ചി. റോഡിൽ ട്രാഫിക് ആയിരുന്നു. കുറെ നേരായി റോഡിൽ തന്നെ നിൽക്കാൻ തുടങ്ങിയിട്ട്. കുഞ്ഞാണെങ്കിൽ വാശി പിടിച്ചിട്ട് അങ്ങനെ " "അയ്യോടാ....നച്ചു മോളെ ..."ജാനകി മോളുടെ കയ്യിൽ പിടിച്ച് കൊഞ്ചിരിച്ചുകൊണ്ട് വിളിച്ചു. എന്നാൽ കുഞ്ഞ് അപ്പോഴും നല്ല കരച്ചിൽ തന്നെയായിരുന്നു . "കുഞ്ഞിനെ വെറുതെ കരയിക്കാൻ നിൽക്കേണ്ട. നീ വേഗം പോയി ഡോക്ടറെ കാണാൻ നോക്ക് .ഞാൻ കൂടെ വരണോ ." "വേണ്ട...ചേച്ചിക്ക് ലേറ്റ് ആകും പോവാൻ. ഞാൻ പൊയ്ക്കോള്ളാം." " എന്നാ ശരി . ഞാൻ ഇറങ്ങാണേ"അത് പറഞ്ഞു ജാനകി പുറത്തേക്ക് പോയി. അവർക്ക് പിന്നാലെ പാർവണ സ്റ്റീഫൻ്റ ക്യാമ്പിനിലേക്ക് നടന്നു. അവൾ ചെല്ലുമ്പോൾ പുറത്ത് ക്യാമ്പിനിനുള്ളിൽ ഒരു പേഷ്യൻ്റ് ഉണ്ടായിരുന്നു. അതുകൊണ്ട് അവൾ പുറത്തു തന്നെ നിന്നു. കുറച്ചു കഴിഞ്ഞതും അവർ പുറത്തേക്കിറങ്ങി പോയപ്പോൾ അവൾ കുഞ്ഞുമായി അകത്തേക്ക് കയറി .

പ്രതീക്ഷിക്കാതെ പാർവണയെ അവിടെ കണ്ടപ്പോൾ സ്റ്റീഫൻ മുഖത്തും ഒരു പുഞ്ചിരി വിടർന്നു . "ഇപ്പൊ എങ്ങനെയുണ്ട് പാർവണ.നെറ്റിയിലെ മുറിവ് കുറവില്ലേ ." " ഇപ്പൊ കുഴപ്പമൊന്നുമില്ല" " എന്തുപറ്റി കുഞ്ഞിന് വയ്യേ" " ഇന്നലെ മുതൽ ചെറിയൊരു പനി ഇടയ്ക്കിടയ്ക്ക് വന്നു പോകുന്നുണ്ട്. കൂടെ നല്ല വാശിയും" "ഞാൻ ഒന്നു നോക്കട്ടെ" അതു പറഞ്ഞു സ്റ്റീഫൻ കുഞ്ഞിനെ പരിശോധിക്കാൻ തുടങ്ങി. "ഈയടുത്ത് ആയല്ലെ പോളിയോയെടുത്തത് അതിന്റെ ചെറിയൊരു എഫക്റ്റ് ആണ്. പേടിക്കാനൊന്നുമില്ല. മെഡിസിൻ തരാം .അത് കൊടുത്താൽ മതി" അത് പറഞ്ഞ് ഡോക്ടർ മെഡിസിൻ എഴുതുമ്പോഴാണ് പെട്ടെന്ന് ഡോർ തുറന്ന് ആരോ അകത്തേയ്ക്ക് വന്നത്. " എന്താ ഡോക്ടർ"... പെട്ടെന്ന് ശിവയെ കണ്ടതും സ്റ്റീഫൻ എഴുന്നേറ്റ് കൊണ്ട് ചോദിച്ചു. " Nothing...ഞാൻ സ്റ്റീഫനെ ഒന്ന് കാണാൻ വന്നതാ "അത് പറഞ്ഞു അവൻ അകത്തേക്ക് കയറി വന്നു. "ഇരിക്ക് ഡോക്ടർ... ഞാൻ ഇതൊന്ന് എഴുതി കൊടുക്കട്ടെ" അത് പറഞ്ഞു സ്റ്റീഫൻ വീണ്ടും എഴുതാൻ തുടങ്ങി . അറിയാതെ പോലും ശിവയുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ പാർവണ ശ്രമിച്ചിരുന്നു. "പാർവണ എങ്ങനെയാ വന്നത് "പ്രിസ്ക്രിപ്ഷൻ പാർവണക്ക് നേരെ നീട്ടിക്കൊണ്ട് സ്റ്റീഫൻ ചോദിച്ചു.

" ഓട്ടോയിൽ ആണ്". " വയ്യാത്ത കുഞ്ഞിനെയും കൊണ്ടാണോ ഓട്ടോയിൽ വന്നത് .ഒരു 10 മിനിറ്റ് ഞാൻ എന്തായാലും ഇറങ്ങാറായി ഞാൻ വീട്ടിൽ ആക്കാം" " വേണ്ടാ ഡോക്ടർ ഞാൻ എങ്ങനെയെങ്കിലും പോയി കൊള്ളാം" പാർവണ പരിഭ്രമത്തോടെ പറഞ്ഞ് അവിടെ നിന്നും പുറത്തേക്കിറങ്ങി. അതേസമയം പാർവണയുടെ കയ്യിലുള്ള കുഞ്ഞിന്റെ മുഖത്തേക്ക് തന്നെ നോക്കുകയായിരുന്നു ശിവ. " എന്താ ഡോക്ടർ എന്തോ പറയാനുണ്ട് എന്ന് പറഞ്ഞിട്ട് " സ്റ്റീഫൻ ചോദിച്ചു . "എയ് പ്രത്യേകിച്ചൊന്നുമില്ല. ഇവിടെ വന്നിട്ട് തന്നെ പരിചയപ്പെടാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഒന്ന് വന്നതാ. ആ പോയത് നമ്മുടെ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന സിസ്റ്റർ അല്ലേ " "അതേ . ശിവരാഗ് ഡോക്ടറിൻ്റെ ഡിപ്പാർട്ട്മെന്റിൽ തന്നെയല്ലേ പാർവണ.അപ്പോ അറിയാതിരിക്കില്ല ലോ" സ്റ്റീഫൻ അവനോട് പറഞ്ഞു . "കണ്ടിട്ടുണ്ട് . വലിയ പരിചയമൊന്നുമില്ല പിന്നെ ആരോപറയുന്നത് കേട്ടു ഡോക്ടറുടെ ഫാദർ അതായത് ജോസഫ് ഡോക്ടറുടെ പെറ്റായിരുന്നു ആ കുട്ടി എന്നൊക്കെ ''പാർവണയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ സ്റ്റീഫനിൽ നിന്നും അറിയാൻ വേണ്ടി ആയിരുന്നു ശിവ അങ്ങനെ ഒരു ചോദ്യം ചോദിച്ചത് .

"പെറ്റൊന്നുമല്ല .പക്ഷേ പപ്പക്ക് അവളെ നല്ല കാര്യമാണ്. കഷ്ടപ്പാട് ഒക്കെ ഉള്ള കുട്ടിയാ. ആദ്യമൊക്കെ പപ്പാ അവളെ കുറിച്ച് വാതോരാതെ പറയുമ്പോൾ ഞാൻ കാര്യമാക്കിയില്ല. പിന്നെ നേരിട്ട് കണ്ടപ്പോൾ എന്തോ എനിക്കും.'... സ്റ്റീഫൻ പകുതി പറഞ്ഞു നിർത്തിയതും ശിവ സംശയത്തോടെ അവനെ നോക്കി. "എനിക്കും... " ശിവ മനസ്സിലാകാതെ ചോദിച്ചു. സ്റ്റീഫൻ ഒന്ന് ചുറ്റും നോക്കിക്കൊണ്ട് അവന്റെ അരികിലേക്ക് ഇരുന്നു. " എനിക്ക് ചെറിയൊരു ഇഷ്ടം തോന്നി .ഞാൻ പപ്പയോട് ചെറുതായി അവതരിപ്പിക്കുകയും ചെയ്തു .പപ്പക്ക് എതിർപ്പ് ഒന്നുമില്ല. അതേ കുറിച്ച് പാർവണയോട് ഒന്നു സംസാരിക്കണം എന്ന് കുറച്ചു ദിവസമായി വിചാരിക്കുന്നു. പക്ഷേ അവൾ പിടി തരുന്നില്ല. ഞാൻ ചെല്ലുമ്പോൾ വെപ്രാളപ്പെട്ട് എവിടേക്കെങ്കിലും മാറിപ്പോകും " "സ്റ്റീഫൻ എന്താണ് ഉദ്ദേശിച്ചത് ...എനിക്ക് മനസ്സിലായില്ല "ശിവ ചോദിച്ചു.

" അതായത് ഒരു മാര്യേജ് പ്രൊപ്പോസൽ' " "താൻ എന്താണ് പറയുന്നത് പാർവണക്ക് ഹസ്ബന്റും ഒരു കുട്ടിയും ഒക്കെ ഉള്ളതല്ലേ " ശിവ ആകാംക്ഷയോടെ ചോദിച്ചു . അതുകേട്ട് സ്റ്റീഫൻ ചിരിക്കുകയാണ് ചെയ്തത്. അതിന്റെ അർത്ഥം മനസ്സിലാവാതെ ശിവയും ഇരുന്നു . "ഭർത്താവ് ഉണ്ടായിരുന്നു എന്ന് പറയുന്നതായിരിക്കും കുറച്ചുകൂടി നല്ലത് . അവൾ ഡിവേഴ്സിയാണ്. പിന്നെ ഒരു കുഞ്ഞ് അത് എനിക്ക് വലിയൊരു പ്രശ്നമായി തോന്നിയിട്ടില്ല . എന്റെ കുഞ്ഞിനെപ്പോലെ ഞാൻ സ്നേഹിക്കാം. അവൾക്കുകൂടി താല്പര്യം ഉണ്ടെങ്കിൽ നേരിട്ട് മാര്യേജ് നടത്താനാണ് എന്റെ തീരുമാനം " " What...അപ്പൊ പാർവണ .... അവളുടെ സെക്കന്റ് മാര്യേജ് കഴിഞ്ഞതല്ലേ "ശിവ ചെയറിൽ നിന്നും ചാടി എണീറ്റു കൊണ്ട് ചോദിച്ചു..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story