💞 പെയ്‌തൊഴിയാതെ💞 : ഭാഗം 1

peythozhiyathe rafeena

രചന: RAFEENA MUJEEB

ഫോണിന്റെ നിർത്താതെയുള്ള ശബ്ദം കെട്ടാണ് കൃപ റൂമിലേക്ക് വന്നത്. ഒരു ചെറുപുഞ്ചിരിയോടെ ഫോണെടുത്തു നോക്കി അതിലെ പേര് കണ്ടതും അവളുടെ പുഞ്ചിരി മാഞ്ഞു. ആ പറയെടീ ഫോൺ കാതോരം വെച്ചവൾ അലസമായി പറഞ്ഞു. ഇതെന്താ എന്റെ തമ്പുരാട്ടി ഒരു ക്ഷീണം പോലെ, ശബ്ദത്തിലൊന്നും ഒരു പ്രസരിപ്പും ഇല്ല, മറുതലയ്ക്കൽ നിന്നും വന്ന ശബ്ദം കെട്ടവൾ ഒന്നു പുഞ്ചിച്ചതല്ലാതെ വേറെയൊന്നും പറഞ്ഞില്ല. കൃപു എന്തുപറ്റിയെടാ... വീണ്ടും സ്‌നേഹത്തോടെയുള്ള ശബ്ദം അവളെത്തേടിവന്നു. ഒന്നുമില്ലടാ ഞാൻ ഫോണിന്റെ ശബ്ദം കേട്ടപ്പോൾ.... വാക്കുകൾ പൂർണ്ണമാവാതെ അവൾ നിർത്തി. ഓ അങ്ങനെ, ഫോണിന്റെ ശബ്ദം കേട്ടപ്പോൾ നിന്റെ ഋഷി ശ്രിന്ഗനാണെന്നു വിചാരിച്ചോ മറുതലയ്ക്കൽ നിന്നും ചിരികലർന്ന ശബ്ദം വന്നു. പോടി എന്റെ ഋഷിയെ കളിയാക്കിയാലുണ്ടല്ലോ....?

അവൾ ഇത്തിരി പരിഭവം കലർത്തി പറഞ്ഞു. അയ്യോ ഞാൻ നിന്റെ ഋഷിയെ കളിയാക്കിയതല്ല, ഇനി അതും പറഞ്ഞു വഴക്കിടേണ്ട, ആട്ടെ എന്താ രണ്ടും വീണ്ടും പിണങ്ങിയോ....? പിണങ്ങിയൊന്നും ഇല്ല, ഇന്നലെ വൈകീട്ട് വിളിച്ചപ്പോൾ പറഞ്ഞിരുന്നു രാവിലെ റെഡിയായി നിൽക്കാൻ എവിടേക്കോ പോകാനുണ്ടെന്നു, അതു പറഞ്ഞു വെച്ചതാ ഫോൺ ഇന്നീ നിമിഷം വരെ പിന്നെ വിളിച്ചില്ല അങ്ങോട്ട്‌ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫും ആണ്, അവൾ ഇത്തിരി നീരസത്തോടെ പറഞ്ഞു. അയ്യേ അതിനാണോ എന്റെ പെണ്ണിങ്ങനെ ചിണുങ്ങുന്നേ...? അവനു വല്ല അത്യാവശ്യവുമുണ്ടായിക്കാണും, നിന്നോട് പറയാൻ വിട്ടതാവും. അറിയാം സൈനു അല്ലാതെ എന്നെ വിളിക്കാതെ ഋഷി നിൽക്കില്ല, പക്ഷെ നിനക്കറിയാലോ ഇവിടുത്തെ കാര്യം എല്ലാരുടെയും കണ്ണുവെട്ടിച്ചു പുറത്തേയ്ക്ക് ചാടുന്നത് അത്ര ഈസിയല്ല, ഒന്ന് സമ്മതിപ്പിച്ചെടുക്കാൻ പല അടവും പയറ്റേണ്ടി വന്നു. ഇന്നിനി പോയില്ലേൽ പിന്നെ ഇവിടുന്നു ഇറങ്ങുന്നതേ റിസ്കാ,

എത്ര ദിവസമായി ഞാൻ ഋഷിയെ ഒന്ന് കണ്ടിട്ട്, എങ്ങും പോയില്ലേലും വേണ്ടിയില്ല ഒന്ന് കണ്ടാൽ മതി, അതു പറഞ്ഞപ്പോഴേക്കും അവളുടെ സ്വരം ഇടറുന്നുണ്ടാരുന്നു. അയ്യേ എന്റെ കൃപ തമ്പുരാട്ടി കരയ്യെ .. ആഢ്യത്തമുള്ള നാല്ലേടത്ത് മനയ്ക്കലെ ഇളമുറ തമ്പുരാട്ടി ഒരു തൊട്ടാവാടിയായിപ്പോയല്ലോ, നീ നിന്റെ വല്യമ്മാമയെയും കൊച്ചച്ചൻമാരെയും കണ്ടു പടിക്ക്, പറയുന്ന വാക്കിന് എന്താ ഒരു ഗാംഭീര്യം, വെട്ടൊന്ന് മുറി രണ്ട് എന്ന പ്രകൃതം, അങ്ങനെയുള്ള കുടുംബത്തിലെ കുട്ട്യാ ഇങ്ങനെ മൂക്കും ഒലിപ്പിച്ചിരിക്കുന്നെ... മതി മതി, ഒന്ന് താഴ്ന്നു തന്നപ്പോൾ മോൾ എന്റെ തലയിൽ കയറി നിരങ്ങുന്നോ...? നീ വിളിച്ച കാര്യം പറ അവൾ പുറമേ ദേഷ്യം നടിച്ചുകൊണ്ട് പറഞ്ഞു. ഞാൻ ചുമ്മാ വിളിച്ചതാ, നിന്റെ വിശേഷം അറിയാൻ ക്ലാസ്സ്‌ കഴിഞ്ഞതല്ലേ എല്ലാവരും പറയുന്നു ഒന്ന് ഒരുമിച്ചു കൂടണം എന്ന് നിന്റെ അഭിപ്രായം അറിയാനാണ് വിളിച്ചത്... ? നിനക്കറിയാലോ സൈനു, ഇവിടുത്തെ കാര്യങ്ങൾ, എല്ലാവരെയും കാണണമെന്ന് എനിക്കും ആഗ്രഹമുണ്ട്, നോക്കട്ടെ വല്ല വഴിയും ഉണ്ടാകുമോ എന്ന്, ആദ്യം ഋഷിയൊന്നു വിളിക്കട്ടെ അവനോടുകൂടി ആലോചിച്ചു എന്താന്നു വെച്ചാൽ ചെയ്യാം. അതുമതി അവൻ വിളിച്ചോളും ഞാൻ നവീനോട് ഒന്ന് പറയാം അന്വേഷിക്കാൻ നീ ടെൻഷനാവല്ലേ,

സൈനു അവളെ ആശ്വസിപ്പിച്ചു ഫോൺ വെച്ചു. കൃപ ഫോൺ വെച്ചു കണ്ണാടിയിലേക്കൊന്നു നോക്കി തന്റെ പ്രതിബിമ്പത്തെ കണ്ട് തൃപ്തിപ്പെടാതെ കണ്മഷി എടുത്ത് വാലിട്ട് കണ്ണ് ഒന്നു കൂടി എഴുതി. രാവിലെ ഒരുങ്ങി കെട്ടി നിൽക്കുന്നതാണ്, നീ എവിടെപ്പോയി കിടക്കുവാ ഋഷി അവൾ മനസ്സിൽ ചോദിച്ചു. കൃപ കൃഷ്ണൻ, കൃഷ്ണ കുമാറിന്റെയും നന്ദിനി കൃഷ്ണന്റെയും നാലുമക്കളിൽ ഇളയവൾ, അവൾക്ക് മൂത്തത് രണ്ട് ചേട്ടന്മാരും ഒരു ചേച്ചിയും, ജേഷ്ഠൻ കൃപേഷ് രണ്ടു മക്കളുണ്ട്, അതിന്റെ താഴെ കിരൺ അവനും വിവാഹം കഴിച്ചു ഒരു കുഞ്ഞുണ്ട്, പിന്നെയുള്ളത് ഒരു ചേച്ചി കൃതി അവളുടെ വിവാഹം ഈയിടെ കഴിഞ്ഞതേയുള്ളൂ, അവരെ കൂടാതെ കുടുംബത്ത് ഒരുപാട് പേരുണ്ട്.. പുസ്തകങ്ങളിൽ മാത്രം കേട്ട് കേൾവിയുള്ള കൂട്ടുകുടുംബം ഇന്നത്തെ തലമുറയ്ക്ക് അപൂർവ്വ കാഴ്ചയാണ്, അങ്ങനെയൊരു കുടുംബത്തിലെ സന്തതിയാണ് കൃപ,

നല്ലേടം തറവാട്, പേര് കൊണ്ടും പെരുമ കൊണ്ടും ആഢ്യത്ത്യവും പ്രൗഢിയും നിറഞ്ഞ് നിൽക്കുന്ന ഒരു കുടുംബം. പഴമയുടെ എല്ലാപ്രൗഢിയും വിളിച്ചോതുന്ന ഒരു വീട്. അവിടെ എല്ലാവരുടെയും കാരണവത്തിയായി നാല്ലേടത്തമ്മ, ശരിക്കുള്ള പേര് ഭാർഗവി എന്നാണേലും അവരെ ആ പേര് ആരും വിളിക്കാറില്ല, അവർ എല്ലാവർക്കും നല്ലേടത്തമ്മയാണ്.. ഭർത്താവ് വിശ്വംബരൻ കുറച്ചു വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടു. അവർക്ക് നാല് ആൺമക്കളും, രണ്ടു പെൺമക്കളുമാണ്, മൂത്തവൻ പ്രഭാകരൻ, ഭാര്യ സുമിത്ര അവർക്ക് രണ്ട് ആൺമക്കളാണ്, രണ്ടു പേരും വിവാഹിതരുമാണ്, മൂന്നുമക്കളുണ്ട് രണ്ടുപേർക്കും, രണ്ടാമത്തെമകനാണ് കൃഷ്ണൻ മൂന്നാമത്തെ മകൻ വസുദേവൻ ഭാര്യ നിർമ്മല, അവർക്ക് മൂന്ന് ആൺമക്കളാണ്, മൂന്നു പേരുടേയും വിവാഹം കഴിഞ്ഞിട്ടില്ല, നീരവ് , നീരജ്, നിഖിലേഷ് പിന്നെയുള്ളത് സുഭദ്ര ഭർത്താവും രണ്ട് മക്കളും, അതിനു താഴെ യശോദ ഭർത്താവ് ഭാസ്കരൻ അവർക്ക് കുട്ടികളില്ല,

ഏറ്റവും ഇളയവൻ ദത്തൻ കൂട്ടത്തിൽ ഏറ്റവും ഇളയവനായതുകൊണ്ടുതന്നെ അതിന്റെ എല്ലാവിധ സ്വാതന്ത്ര്യവും അവനുണ്ട് കുടുംബത്തിലെ സ്വത്തും കൃഷിയും ഓഫീസും എല്ലാമായി അവിടെയുള്ളവർക്ക് ഉള്ള ജോലി അവിടെത്തന്നെയുണ്ട്, അവരെല്ലാം അവിടെ സന്തോഷത്തോടെ തന്നെയാണ് കഴിയുന്നത്, ദത്തനാകട്ടെ ഈ വക ഒരു കാര്യത്തിനും താല്പര്യമില്ല, സ്വത്തും സമ്പാദ്യവും ഒന്നും വേണമെന്നില്ലാത്ത ഒരു പ്രകൃതം. നല്ലേടത്ത് തറവാട്ടിലുള്ളവർ മറ്റുള്ളവരോടുമായി അത്ര അടുപ്പമില്ല അവർക്ക് കീഴിലുള്ള വരെയും മറ്റു മതസ്ഥരെയും, താഴ്ന്ന ആൾക്കാരെയും അവർക്ക് വെറും പുച്ഛമാണ്, ചുരുക്കി പറഞ്ഞാൽ തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്‌മ എന്നുള്ള സിസ്റ്റം ഇന്നും പാലിച്ചു പോരുന്ന ഒരു കുടുംബം. അവർ എന്ത് തീരുമാനമെടുത്താലും അത് ജീവൻ കളയേണ്ടി വന്നാൽ പോലും നിറവേറ്റാൻ ശ്രമിക്കൂ.പാരമ്പര്യവും പ്രതാപവും വിട്ടൊരു കളിക്കും ഇല്ല. ഇതിൽ നിന്നൊക്കെ വ്യത്യസ്തനാണ് ദത്തൻ. അവനങ്ങനെ ജാതിഭേദമില്ല, എല്ലാവരോടും ഒരുപോലെ ഇടപഴകും, എല്ലാ മതസ്ഥരും അവന്റെ സുഹൃത്തുക്കളാണ്. അവരുമായി കവലയിലും അമ്പലപ്പറമ്പിലും കറങ്ങലാണ് അവന്റെ മെയിൻ പരിപാടി. കൂട്ടത്തിൽ ഇളയവനായതുകൊണ്ട് നല്ലേടത്തമ്മയ്ക്ക് അവനോട് ഒരു പ്രത്യേക വാത്സല്യം ഉണ്ട്,

അതുകൊണ്ട് തന്നെ അവൻ എന്ത് ചെയ്താലും അവർ ഒന്ന് കണ്ണടയ്ക്കും, അത് അവൻ പരമാവധി മുതലെടുക്കും, ബാക്കിയുള്ളവരെ ഒന്നും അവൻ കൂസാറില്ല, ആരെയും വകവയ്ക്കാത്ത പ്രകൃതമാണ്. കുടുംബത്തിലെ ആകെയുള്ള പെൺകുട്ടികളാണ് കൃതിയും കൃപയും, കൃതി ഒരു പാവമാണ്, ഒരു എതിർപ്പും ഇല്ലാത്ത മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിക്കുന്നവൾ, അവളുടെ വിവാഹം പോലും അവളുടെ ഇഷ്ടത്തിനല്ല, കുടുംബ പാരമ്പര്യവും പ്രതാപവും നോക്കി ഒരു വേളി, ഇപ്പോൾ ഭർത്താവിനൊപ്പം വിദേശത്താണqവൾ. എന്നാൽ കൃപ അങ്ങനെയല്ല, അവൾക്ക് സ്വന്തമായ താൽപര്യങ്ങളും ഇഷ്ടങ്ങളും ഉണ്ട്, എല്ലാം നടത്തിയെടുക്കാൻ സാധിച്ചില്ലെങ്കിലും അവൾ ഒരുവിധം എല്ലാ കാര്യങ്ങൾക്കും ശ്രമിക്കാറുണ്ട്. നല്ലേടത്ത് സ്ത്രീകളുടെ ശബ്ദം ഉയരാൻ പാടില്ല, അതു നല്ലേടത്തമ്മയുടെ തീരുമാനമാണ്,

അവിടെ വേറൊരു അഭിപ്രായവും പറഞ്ഞിട്ട് കാര്യമില്ല. കൃപയുടെ ഒട്ടുമിക്ക ഫ്രണ്ട്സും അന്യമതസ്ഥരായതു കൊണ്ട് ആ തറവാട്ടിലേക്ക് ഒന്ന് കാലെടുത്തു കുത്താൻ പോലും ആർക്കും സാധിച്ചിട്ടില്ല, കൃപയ്ക്കു അവരുടെ വീട്ടിലേക്ക് പോകാനും വിലക്കാണ്. അവരുടെയൊക്കെ കണ്ണുവെട്ടിച്ച് ആണ് അവൾ അവരോടൊപ്പം കൂടുന്നത്. പ്ലസ് ടു കഴിഞ്ഞപ്പോൾ അവൾക്ക് നഴ്സിങ്ങിന് പോകണമെന്ന് വലിയ ആഗ്രഹമായിരുന്നു. കണ്ടവരുടെ പുണ്ണും പഴുപ്പും തോണ്ടാൻ നല്ലേടത്തെ കുട്ടിയെ വിടില്ല എന്ന് മുത്തശ്ശിയും വല്യച്ചന്മാരും മാമന്മാരും തീർത്തു പറഞ്ഞപ്പോൾ അവൾ അവളുടെ സ്വപ്നങ്ങൾ മണ്ണിട്ട് കുഴിച്ചുമൂടി. അടുത്തുള്ള ഒരു കോളേജിൽ ഡിഗ്രിക്ക് അഡ്മിഷനെടുത്തു. പോക്കും വരവും അവരുടെ തന്നെ വാഹനത്തിലായത് കൊണ്ട് ശരിക്കും കോളേജ് ലൈഫ് കൂട്ടിലിട്ട കിളിയുടെ അവസ്ഥ പോലെയായി. ഒരു സ്വാതന്ത്ര്യവും ഇല്ല, വെറും പഠിത്തം മറ്റുള്ളവരോട് ഒന്നു മിണ്ടാൻ പോലും അനുവാദമില്ല. ഇതിൽനിന്ന് എങ്ങനെയെങ്കിലും ഒരു മോചനം വേണമെന്നാലോചിച്ചപ്പോഴാണ് അതിനുള്ള ഏക പരിഹാരം ദത്തൻ ആണെന്ന് അവൾക്ക് ഓർമ്മവന്നത്. ദത്തൻ പറഞ്ഞാൽ മുത്തശ്ശി കേൾക്കും. പക്ഷേ കാണ്ടാമൃഗത്തെ കുപ്പിയിലാക്കുന്നത് പാടുള്ള കാര്യമാണ്, കാര്യം കൊച്ചച്ചനൊക്കെയാണെങ്കിലും സ്വഭാവം തനി കാട്ടുപോത്ത് തന്നെയാണ്, കൃപ അവനെ കുപ്പിയിലാക്കാനുള്ള വഴികളാലോചിച്ചു...... തുടരും...

Share this story