💞 പെയ്‌തൊഴിയാതെ💞 : ഭാഗം 12

peythozhiyathe rafeena

രചന: RAFEENA MUJEEB

"കുറച്ചോവറായിപ്പോയില്ലേ ടീ കൃപയുടെ കരച്ചിൽ കേട്ട് സൈനു അവളോട് അടക്കം പറഞ്ഞു. ഒറിജിനാലിറ്റി തോന്നണമെങ്കിൽ ഇത്തിരി ഓവറായെ പറ്റു കൃപയും പതുക്കെ പറഞ്ഞു. ഒറിജിനാലിറ്റി കൂടിപ്പോയിയെല്ലാം ചളമാക്കണ്ടിരുന്നാൽ മതി, ലച്ചു പതുക്കെ പറഞ്ഞു. അപ്പോഴേക്കും അവളുടെ ശബ്ദം കേട്ട് മിസ്സും അവിടേക്കെത്തിയിരുന്നു. മിസ്സിനെ കണ്ടതും കൃപ നെഞ്ചത്ത് കൈ വെച്ച് ഒന്നുകൂടിയുച്ചത്തിൽ കരയാൻ തുടങ്ങി. എന്താ....?എന്ത് പറ്റി...? വന്നപാടെ അവർ കാര്യം തിരക്കി. ഭയങ്കര നെഞ്ചുവേദന മാം ശ്വാസമെടുക്കാൻ പോലും പറ്റുന്നില്ല, കൃപ ഭാവങ്ങളൊക്കെ മുഖത്ത് വരുത്തി വേദന അഭിനയിച്ച് പറഞ്ഞു. ഹ്മ്മ് അത് തിന്നത് എല്ലിനിടയിൽ കയറിയിട്ടുള്ള വേദനയായിരിക്കും, അവളുടെ ഓവറഭിനയം കണ്ട് സംശയത്തോടെ മിസ്സ് പറഞ്ഞു. അതു ശരിയാ ഇത് രാവിലെ കഴിച്ചത് എല്ലിനിടയിൽ കയറിയതു തന്നാ ലച്ചു അവൾക്കിട്ടു നൈസായിട്ടൊന്നു താങ്ങി. എന്ത്....? സംശയത്തോടെയവർ ചോദിച്ചു.

അല്ല രാവിലെ കഴിച്ച ഭക്ഷണത്തിൽ നിന്നും ഗ്യാസ് കേറിയതാ എന്ന് പറയുകയായിരുന്നവൾ കൃപ പെട്ടെന്ന് മിസ്സിന്റെ ശ്രദ്ധതിരിച്ചു കൊണ്ട് പറഞ്ഞു. ഈയിടെയായി നിങ്ങൾക്ക് മൂന്നുപേർക്കും എന്നും ഓരോ അസുഖങ്ങളാണല്ലോ...? മിസ്സ് മൂന്നുപേരെയും സംശയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു. ശരിയാ മാം പറഞ്ഞപ്പോഴാ ഞങ്ങളുമത് ശ്രദ്ധിക്കുന്നത്, കാലാവസ്ഥയുടേതായിരിക്കും,എന്താ ചെയ്യാ അസുഖം തരുന്നത് ദൈവമല്ലേ നമ്മളെക്കൊണ്ട് എന്ത് ചെയ്യാൻ കഴിയും..? സൈനു മുഖത്ത് സങ്കടം അഭിനയിച്ചുകൊണ്ട് പറഞ്ഞു. ഇത് ദൈവം തരുന്നതൊന്നുമല്ല, ഇവിടെയുള്ള മുഴുവൻ സ്റ്റാഫിനുമറിയാം നിങ്ങൾ മൂന്നും ഉടായിപ്പിന്റെ ഉസ്താദുമാരാണെന്ന്,പഠിക്കാൻ വന്നാൽ പഠിക്കണം അല്ലാതെ ഫുൾ തരികിടയുമായി നടന്നാൽ നിങ്ങളുടെ മേൽ ആക്ഷൻ എടുക്കേണ്ടിവരും, നിങ്ങൾ മൂന്നും കൂടി ഈ കൊച്ചിനെയും നശിപ്പിക്കും ആതുവിനെ ചൂണ്ടി മിസ്സ് പറഞ്ഞു, അയ്യോ മാം എന്തൊക്കെയാ ഈ പറയുന്നത്...?എനിക്ക് ശരിക്കും വയറുവേദനയെടുത്തിട്ട് വയ്യ കൃപ കരഞ്ഞുകൊണ്ടു പറഞ്ഞു. വയറുവേദനയോ..? നീ നേരത്തെ നെഞ്ചുവേദനയെന്നല്ലേ പറഞ്ഞത് അവർ പുരികം ചുളിച്ചു കൊണ്ട് ചോദിച്ചു.

അയ്യോ മാം നാക്കുളിക്കിയതാ ഞാനുദ്ദേശിച്ചത് നെഞ്ചു വേദനയെന്ന് തന്നെയാണ്.ടെൻഷൻ കാരണം പറഞ്ഞപ്പോൾ തെറ്റിപ്പോയതാ, കൃപ അബദ്ധം മനസ്സിലാക്കി പെട്ടെന്ന് തിരുത്തി. ടെൻഷനടിക്കാൻ നീയെന്താ ലേബർ റൂമിൽ നിൽക്കുകയാണോ...? അവർ വീണ്ടും ഗൗരവം വിടാതെ ചോദിച്ചു . ഈ മാമിന്റെയൊരു കാര്യം, മനുഷ്യൻ ചാവാൻ കിടക്കുമ്പോഴാണ് ഒരു തമാശ, കിട്ടിയ അവസരത്തിൽ ലച്ചു കൗണ്ടറടിച്ചു. കാര്യം അത്രയ്ക്ക് സീരിയസാണെന്ന് ഞാനോർത്തില്ല, ഒരു കാര്യം ചെയ്യാം ഇടയ്ക്കിടയ്ക്ക് ഇങ്ങനെ വേദന വരുന്നതല്ലേ, നല്ലൊരു ഡോക്ടറെ കാണിക്കാം വേഗം എണീക്ക് നമുക്ക് ഹോസ്പിറ്റലിൽ പോകാം നിന്റെ മൂന്ന് കൂട്ടുപ്രതികളെയും വിളിച്ചോ ധൈര്യത്തിന് മിസ്സ്‌ പറയുന്നത് കേട്ട് മൂന്നെണ്ണത്തിന്റെയും കിളി കൂടും കുടുക്കയുമെടുത്ത് പറന്നു പോയി. അയ്യോ ഹോസ്പിറ്റലിൽ പോകേണ്ട കാര്യമൊന്നുമില്ല വീട്ടിൽ പോയി റസ്റ്റെടുത്താൽ മാറാവുന്നതേയുള്ളൂ കൃപ മുഖത്തെ പരിഭ്രമം മറച്ചുവെച്ച് പറഞ്ഞു. അത് കുട്ടിയാണോ തീരുമാനിക്കുന്നത്,

എന്തായാലും ഇത് ഇങ്ങനെ വിട്ടാൽ ശരിയാവില്ല ഞാൻ സ്റ്റാഫ് റൂമിൽ പോയി ഷൈല മിസ്സിനെ കൂട്ടിന് വിളിക്കട്ടെ നിങ്ങൾ റെഡിയായിരിക്ക് നമുക്കിപ്പോൾ തന്നെ ഹോസ്പിറ്റലിലേക്ക് പോകാം. ഇവൾക്കങ്ങനെ കാര്യായിട്ടസുഖമൊന്നുമില്ല ഞാനും ലച്ചുവും കൊണ്ടു വിട്ടോളാം, മാം ബുദ്ധിമുട്ടേണ്ട ഞങ്ങൾ പോകുന്ന വഴിക്ക് ഡോക്ടറെ കാണിക്കാം സൈനു പറഞ്ഞു. ഹേയ് എനിക്കെന്ത് ബുദ്ധിമുട്ട്, ഞങ്ങളുടെ ഒരു കൊച്ചിനസുഖം വന്നിട്ടങ്ങനെ വഴിയിലുപേക്ഷിക്കാൻ വയ്യ ഇവളെ ഹോസ്പിറ്റലിൽ കാണിച്ചു സുരക്ഷിതമായി വീട്ടിലെത്തിച്ചിട്ടേ കാര്യമുള്ളൂ.. ഈശ്വരാ തീർന്നു, ഇന്നെന്റെ കാര്യത്തിലൊരു തീരുമാനമാകും കൃപ മനസ്സിൽ പറഞ്ഞു. നിങ്ങളാലോചിച്ചു നിൽക്കാതെ ഈ കുട്ടിയെ പിടിച്ച് പുറത്തേക്കിറക്ക് ഞാൻ വല്ല വണ്ടിയും വിളിക്കാം എന്നും പറഞ്ഞ് മിസ്സ് അവിടെ നിന്നും പോയി. മൂന്നും പ്രതിമ കണക്കെ നിന്ന് പരസ്പരം നോക്കി. ആതു മൂന്നുപേരുടെയും മുഖം കണ്ട് ചിരി കടിച്ചമർത്തി നിന്നു. ഇനിയെന്ത് ചെയ്യുമെടീ ആകെ പെട്ടല്ലോ ഞാനപ്പോഴേ പറഞ്ഞതാ നിന്റെ ഓവറാക്ട് കുളമാക്കുമെന്ന് ലച്ചു കൃപയെ പിടിച്ചു കൊണ്ട് പറഞ്ഞു.

ഇനിയതും എന്റെ നെഞ്ചത്തേക്കിട്ടോ, ഞാനപ്പോഴേ പറഞ്ഞതാ എനിക്കഭിനയിക്കാനറിയില്ലായെന്ന് നിങ്ങളിങ്ങനെ വഴക്കിടാതെ ഇനിയെന്തു ചെയ്യുമെന്ന് പറ ഇറങ്ങിയോടിയാലോ സൈനു മൂന്നുപേരെയും നോക്കി പറഞ്ഞു. എന്നിട്ട് വേണം അവർ തിരഞ്ഞു വീട്ടിലെത്താൻ കൃപ സൈനവിനെ ദേഷ്യത്തോടെ നോക്കി കൊണ്ട് പറഞ്ഞു. ഇനിയെന്ത് ചെയ്യും..? ലച്ചു തലയ്ക്ക് കയ്യും കൊടുത്തിരുന്നു. എനിക്കൊന്നുമറിയില്ല ആകെ പേടിയാകുന്നു കൃപ ദയനീയമായി പറഞ്ഞു. നിങ്ങൾ മൂന്നുപേരും ഇതുവരെയിറങ്ങിയില്ലേ..? ഓട്ടോ വെയിറ്റ് ചെയ്യുന്നു വേഗം വാ വനജ മിസ്സ്‌ അവരെ വിളിക്കാനായിട്ട് വന്നു. മൂന്നുപേരും മനസ്സില്ലാമനസ്സോടെ അവർക്ക് പുറകെ നടന്നു. ***************** ഹോസ്പിറ്റലിന് മുൻപിൽ ഓട്ടോ ഇറങ്ങിയപ്പോഴേക്കും മൂന്നുപേരുടെയും ഉള്ള ധൈര്യം കൂടി ചോർന്നുപോയി . ടീ ഇനിയൊന്നും നോക്കണ്ട നമുക്കിറങ്ങിയോടാം ലച്ചുവത് പറഞ്ഞപ്പോൾ കൃപയ്ക്കും തോന്നി അതാ നല്ലതെന്ന്.

ഒന്നും വരില്ല, ഒന്ന് പരിശോധിച്ചു വല്ല ടാബ്ലെറ്റ് തന്നു വിടും നിങ്ങൾ ധൈര്യമായിരിക്കൂ സൈനു അവരെ ആശ്വസിപ്പിച്ചു. ഹോസ്പിറ്റൽ കൗണ്ടറിൽ അന്വേഷിച്ചപ്പോൾ അവിടെയുള്ള ലേഡി ഡോക്ടർ ലീവിലാണെന്നും ഒരു മെയിൽ ഗൈനക്കോളജി ഡോക്ടർ മാത്രമേയുള്ളൂവെന്നും ഒരു നഴ്സ് പറഞ്ഞു. അയ്യോ മെയിൽ ഡോക്ടർ വേണ്ട, ലേഡി ഡോക്ടറില്ലെങ്കിൽ നമുക്ക് പോകാം, ഇപ്പോൾ എനിക്ക് നല്ല ആശ്വാസമുണ്ട്, ഇനി വീട്ടിൽ പോയി റസ്റ്റെടുത്താലും മതി കൃപ പറഞ്ഞു. നിനക്ക് നെഞ്ചുവേദനയല്ലേ അല്ലാതെ വേറെ പ്രശ്നമൊന്നുമില്ലല്ലോ മെയിൽ ഡോക്ടറെ കാണിച്ചാലും മതി, നീ ഒന്ന് ടെൻഷനാകാതിരിkkb നമുക്ക് ഡീറ്റൈലായിട്ട് തന്നെ ചെക്ക് ചെയ്യാം മിസ്സ് പറയുന്നത് കേട്ടപ്പോൾ എന്ത് പറയണം എന്നറിയാതെ മൂവരും കുഴങ്ങി. ഡോക്ടറുടെ ഡ്യൂട്ടി റൂമിനു വെളിയിലിരിക്കുമ്പോൾ തളർന്നു പോകുന്നതുപോലെ തോന്നി കൃപയ്ക്ക്. സൈനു അവളുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു. മൂന്നു പേരും ഒന്നും ചെയ്യാൻ പറ്റാത്തൊരവസ്ഥയിലാണ്,

ഇവരിങ്ങനെ പിടിച്ച പിടിയാലേ കൊണ്ടുവരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഇനിയെല്ലാം വരുന്നിടത്ത് വെച്ച് കാണാമെന്നും വിചാരിച്ചുള്ളയിരിപ്പാണ് മൂന്നുപേരും നല്ല തിരക്കുള്ള ഡോക്ടറാ ണെന്ന് തോന്നുന്നു, ഒരുപാട് പേർ അദ്ദേഹത്തെ കാണാനായിട്ട് വന്നിട്ടുണ്ട്. ഭൂരിഭാഗം പേരും ഗർഭിണികളാണ്, വീർത്ത വയറും താങ്ങി ഓരോരുത്തരും തങ്ങളുടെ ഊഴം കാത്തു നിൽക്കുന്നത് കണ്ടപ്പോൾ കൃപയ്ക്ക് അത്ഭുതം തോന്നി, ഒരു സ്ത്രീയിൽ നിന്ന് ഒരു അമ്മയാകുന്ന മഹാ പ്രതിഭാസം, ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം, ഒരു കുഞ്ഞു ഹൃദയം തന്റെയുള്ളിൽ തുടിക്കുന്ന ആനന്ദ നിമിഷം, അവരെയങ്ങനെ നോക്കിനിൽക്കുമ്പോൾ കൃപയ്ക്ക് തന്റെ ചേച്ചിയെ ഓർമ്മ വന്നു. കഴിഞ്ഞദിവസം വിളിച്ചപ്പോൾ ഒരു സന്തോഷവാർത്ത പറയാനുണ്ടെന്ന് പറഞ്ഞിരുന്നു, ഒരുപാട് നിർബന്ധിച്ചപ്പോൾ നാണത്തോടെയവളാ സന്തോഷം തന്നോട് പങ്കുവെച്ചു, താൻ ഒരു ചെറിയമ്മയാകുന്നു, തന്റെ ചേച്ചി ഒരുമ്മയാകാൻ പോകുന്നു, ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നത്, ഹോട്ടലിൽ എത്തിയതിനാൽ കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല, പിന്നീടുണ്ടായ ഓരോ പ്രശ്നങ്ങൾ കൊണ്ട് താൻ ആ കാര്യം വിട്ടു പോയിരുന്നു.

ഇപ്പോൾ ഇവിടെ എല്ലാവരെയും കണ്ടപ്പോഴാണ് ആ കാര്യം ഓർമ്മ വന്നത്. ഇവിടെ നിന്നുമിറങ്ങിയാൽ ആദ്യം തന്നെ ചേച്ചിയെ വിളിക്കണം അവൾ മനസ്സിലുറപ്പിച്ചു. കൃപാ കൃഷ്ണൻ.. ഡോക്ടറുടെ റൂമിൽ നിന്നും തല പുറത്തേക്കിട്ട് ഒരു നഴ്സ് വിളിച്ചു. അപ്പോഴാണവൾ ഓർമ്മകളിൽ നിന്നുണർന്നത്, അതുവരെ പല ചിന്തകളുമായി മനസ്സൊന്നു തണുത്തു വരികയായിരുന്നു. തന്റെ പേര് വിളിച്ചപ്പോൾ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി, ശരീരം മൊത്തം തളർന്നു പോകുന്നത് പോലെയവൾക്ക് തോന്നി, ഈശ്വരാ ഇനി ശരിക്കും നെഞ്ചുവേദന വരുന്നുണ്ടോ അവൾ നെഞ്ചിൽ കൈവെച്ചൊന്ന് പരിശോധിച്ചു. മൂന്ന് പേരും പേടിയോടെയ്കത്തേക്ക് കയറി, ഡോക്ടറുടെ റൂമിലെത്തിയപ്പോൾ കൃപയുടെ കണ്ണുകളാദ്യം ഉടക്കിയത് അദ്ദേഹത്തിന്റെ നെയിം ബോർഡിലായിരുന്നു. ആ പേരൊന്ന് വായിച്ചു മെല്ലെ ഡോക്ടറുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആകെ ഉണ്ടായിരുന്ന ധൈര്യവും ചോർന്നുപോയി. സകല നാഡി ഞരമ്പുകളും തളരുന്നത് പോലെ തോന്നി. അവൾ അയാളുടെ മുഖത്തേക്ക് മിഴിച്ചുനോക്കി.

ടീ സൈനു നീ ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് കേട്ടിട്ടുണ്ടോ...? അയാളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെയവൾ സൈനുനോട് ചോദിച്ചു. സൈനു ഒന്നും മനസ്സിലാകാതെ ഇല്ല എന്ന് പറഞ്ഞു. എന്ന ആ അവസ്ഥയാടീ നമുക്കിപ്പോൾ, നീ എന്തൊക്കെയാ കൃപു പറയുന്നത്...? പേടിച്ചു വട്ടായോ നിനക്ക്...? സൈനു ഒന്നും മനസ്സിലാവാതെ കൃപയോട് ചോദിച്ചു. നീയാ ഡോക്ടറുടെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്ക് , കൃപ അയാളിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു. അവളുടെ നോട്ടം കണ്ട് സൈനുവും ലച്ചുവും തങ്ങളുടെ മുൻപിലിരിക്കുന്നയാളെ നോക്കിയതും രണ്ടുപേരും അയ്യോ എന്ന് നില വിളിച്ചതും ഒരുമിച്ചായിരുന്നു. അതുവരെ എന്തോ കുറിച്ചു കൊണ്ടിരിക്കുകയായിരുന്ന ഡോക്ടറും ശബ്ദം കേട്ട് തലയുയർത്തി അവരെയൊന്നു നോക്കി. മുന്നിൽ നിൽക്കുന്നവരെ കണ്ട് അയാളൊന്ന് നിഗൂഢമായി പുഞ്ചിരിച്ചു.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story