💞 പെയ്‌തൊഴിയാതെ💞 : ഭാഗം 17

peythozhiyathe rafeena

രചന: RAFEENA MUJEEB

 " പതിവായി വരുന്ന സമയം കഴിഞ്ഞിട്ടും ദാസനേയും അനന്ദുവിനെയും കാണാത്തതുകൊണ്ട് ദത്തനാകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ്. വിളിച്ചിട്ടാണെങ്കിൽ രണ്ടിന്റെയും ഫോണും ഓഫ്, വീട്ടിലേക്ക് കേറിചെന്നൊന്നന്വേഷിക്കാനുള്ള ധൈര്യവുമില്ല, അവരിങ്ങനെ ജോലിയും കൂലിയുമില്ലാതെ തോന്നിവാസം കാണിച്ചു നടക്കുന്നതിന്റെ സകല ഉത്തരവാദിത്വവും ദത്തന്റെ തലയിലാണ് വീട്ടുകാർ കെട്ടി വെച്ചിരിക്കുന്നത്, അതുകൊണ്ടുതന്നെ അവനെ നേരിൽ കണ്ടാൽ മുഖം കറുപ്പിച്ച് പോകുന്നത് പതിവാണ്, ദത്തനും അവരെ നേരിട്ട് കാണുന്ന സാഹചര്യം പരമാവധി ഒഴിവാക്കാറുണ്ട്. ഉച്ച സമയം കഴിഞ്ഞിട്ടും അവരെ കാണാത്തത് അവന്റെയുള്ളിൽ ചെറിയൊരു ഭീതിയുണ്ടാക്കി, താൻ വൈകിയാൽ വഴക്കു പറയുന്നതല്ലാതെ അവർ ഇതുവരെ വൈകി വന്നതോർമ്മയില്ല, ഇനി രണ്ടാൾക്കും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ..? അവന്റെയുള്ളിൽഅങ്ങനെയൊരു സംശയമുടലെടുക്കാൻ തുടങ്ങി, അവരെയും പ്രതീക്ഷിച്ച് ആൽത്തറയിൽ കിടന്ന് ചെറുതായി ഒന്ന് മയങ്ങിയപ്പോഴാണ് അവന്റെ ഫോൺ ശബ്ദിച്ചത്, അവരായിരിക്കുമെന്ന പ്രതീക്ഷയോടെ ഫോൺ എടുത്തു നോക്കിയപ്പോൾ അതിൽ തെളിഞ്ഞുവന്നത് കൃപയുടെ പേരാണ്.

എന്താ പതിവില്ലാതെ ഇവളീ നേരത്ത് അവൻ സംശയത്തോടെ ഫോണെടുത്തു. ഹലോ ചെറിയച്ഛൻ എവിടെയാ...? ഫോണെടുത്തതും അവൾ ചോദിച്ചു. ഞാൻ അമ്പലപ്പറമ്പിലുണ്ട് എന്താടി കാര്യം..? അവൻ സംശയത്തോടെ ചോദിച്ചു. ചെറിയച്ഛൻ ടൗൺ വരെയൊന്നു വാ എനിക്ക് ചെറിയൊരു നെഞ്ചുവേദന ഡോക്ടറെ കാണിച്ചിവിടെയിരിപ്പുണ്ട്, കുഴപ്പമൊന്നുമില്ല വീട്ടിൽ ആരെങ്കിലും വരാതെ വിടില്ല എന്നാണ് മിസ്സ്‌ പറയുന്നത്. ആ , നീ പേടിക്കേണ്ട ഞാൻ അങ്ങോട്ട് വരാം അവളോടത് പറഞ്ഞവൻ ബൈക്ക് എടുത്ത് ടൗണിലേക്ക് വിട്ടു. ************ ഇതെന്താ നിന്നെ കണ്ടിട്ട് നെഞ്ചുവേദന വന്ന ഒരാളെ പോലെ തോന്നുന്നില്ലല്ലോ...? അവളുമായി തിരികെ വരുമ്പോൾ മിററിലൂടെ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ദത്തൻ ചോദിച്ചു. പിന്നെ നെഞ്ച് വേദന വന്നാൽ മുഖത്ത് എഴുതി വെക്കുമല്ലോ എനിക്ക് നെഞ്ചുവേദനയുണ്ടെന്ന് കണ്ടിട്ട് മനസ്സിലാവാൻ. കൃപ അവനെ നോക്കി പരിഹാസത്തോടെ ചോദിച്ചു. നീ ആയതുകൊണ്ട് ഈ വേദനയുടെ കഥ അത്ര വിശ്വാസമില്ല, എന്തെങ്കിലും ഉടായിപ്പാവാനാണ് കൂടുതൽ സാധ്യത അവൻ അവളെ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു. എങ്കിൽ പിന്നെ ഡോക്ടർ കണ്ടു പിടിക്കില്ലേ..?

അയാൾ തന്ന മെഡിസിൻസ് ചെറിയച്ഛൻ കണ്ടതല്ലേ...? കൃപ സംശയത്തോടെ ചോദിച്ചു. അയാളല്ല അയാളുടെ അച്ഛനെ വരെ പാട്ടിലാക്കാനുള്ള വിദ്യ നിന്റെ കയ്യിലുണ്ടെന്നെനിക്കറിഞ്ഞൂടെ അതുകൊണ്ട് ആ കാര്യം പറഞ്ഞു നീ പിടിച്ചുനിൽക്കാൻ നോക്കണ്ട, എങ്ങനെ മോശമാവാതിരിക്കും ചെറിയച്ഛനെ കണ്ടല്ലേ പഠിക്കുന്നത്,..? വിത്ത് ഗുണം പത്ത്. ഓ ഇനിയതും എന്റെ നെഞ്ചത്തോട്ടിട്, എങ്ങനെ പോയാലും അവസാനം കറങ്ങി തിരിഞ്ഞെല്ലാം എന്റെ പെടലിക്കാണല്ലോ വരുന്നത് ഇതിനു മാത്രം ഞാൻ എന്ത് തെറ്റാ ഈശ്വരാ ചെയ്തത്,...? ദത്തൻ മുകളിലേക്ക് നോക്കി പറഞ്ഞു. കയ്യിലിരിപ്പിന്റെയാ അതു നന്നായാൽ ബാക്കിഎല്ലാം ശരിയായിക്കോളും കൃപ ചിരിച്ചുക്കൊണ്ട് പറഞ്ഞു. നീ എന്റെ കയ്യീന്ന് മേടിച്ചു കൂട്ടും,അവൻ അവളെ നോക്കി മുഖം കറുപ്പിച്ചു. ഓ പിന്നെ ഈ ഓലപ്പാമ്പൊന്നും കണ്ടിട്ട് കൃപ പേടിക്കില്ല, ഞാനേയ് വീരശൂര പരാക്രമി ദത്തന്റെ സഹോദര പുത്രിയാണ്, ആ ഗുണം എന്തായാലും എന്റെ രക്തത്തിൽ കാണും, കൃപ ചിരിച്ചക്കൊണ്ട് പറഞ്ഞു.

ദൈവമേ ഈ രക്തത്തിൽ എനിക്ക് പങ്കില്ല, ഇതെന്റെ ഏട്ടന്റെ മാത്രം രക്തമാണ്, അവനും ചിരിച്ചുക്കൊണ്ട് പറഞ്ഞു. ഓ പിന്നെ ഒരു തമാശക്കാരൻ വന്നിരിക്കുന്നു എന്നും പറഞ്ഞു കൃപ അവന്റെ മുതുകിൽ ഒരു കുത്ത് കൊടുത്തു. ദേ.. പെണ്ണിന്റെ കുട്ടിക്കളി കുറച്ച് കൂടുന്നുണ്ട്, ഇപ്പോൾ എന്നെ ഒട്ടും പേടിയില്ലാതായിരിക്കുന്നു, വേണ്ടെന്നു വച്ചിട്ടാ അല്ലെങ്കിൽ നിന്നെ നിലക്കുനിർത്താനൊക്കെ എനിക്കറിയാം, അവൻ ദേഷ്യം മുഖത്ത് വരുത്തിക്കൊണ്ട് പറഞ്ഞു. അയ്യോ ആരു പറഞ്ഞു എനിക്ക് പേടിയില്ലായെന്ന് പേടിച്ചിട്ടെന്റെ മുട്ട് വിറക്കുന്നത് ചെറിയച്ഛൻ കേൾക്കുന്നില്ലേ....? കൃപ അവനെ ഒന്ന് ആക്കി കൊണ്ട് ചോദിച്ചു. ഓഹോ നിന്നെ ഞാൻ പേടിപ്പിക്കണോ ടീ ദത്തൻ അവളെ നോക്കി ചോദിച്ചു. തൽക്കാലം ഇപ്പോൾ പേടിപ്പിക്കേണ്ട നമുക്ക് നാളെ പേടിക്കാം നീ എന്റെ കയ്യിൽ നിന്നും മേടിക്കും അവൻ അവളെ നോക്കി കണ്ണിറുക്കിക്കൊണ്ടവൻ പറഞ്ഞു. തരുവാണെങ്കിൽ എനിക്ക് ഐസ്ക്രീം മതി, ഐസ്ക്രീം കഴിച്ചിട്ട് ഒരുപാട് നാളായി. എനിക്കതല്ലേ പണി നിനക്ക് ഐസ്ക്രീം മേടിച്ചുതരാൻ,

പ്ലീസ് ചെറിയച്ഛാ ഐസ്ക്രീം കഴിച്ചിട്ട് ഒരുപാട് നാളായി എനിക്ക് ഒരു ഐസ്ക്രീം വേണം കൃപ ഒരു കൊച്ചുകുട്ടിയെപ്പോലെ വാശി പിടിക്കാൻ തുടങ്ങി. അതിനു നിനക്ക് നെഞ്ചുവേദനയ ല്ലേടി, ഐസ്ക്രീം കഴിക്കാൻ പാടുണ്ടോ അവൻ അവളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു. നെഞ്ച് വേദനയല്ലേ അല്ലാതെ വയറുവേദനയൊന്നുമല്ലല്ലോ..? എന്തും കഴിക്കാം, ചെറിയച്ഛൻ വാങ്ങി തരുന്നുണ്ടോ..? അവൾ മുഖം കൂർപ്പിച്ചു കൊണ്ട് ചോദിച്ചു. വേറെ വഴിയില്ലല്ലോ..? നിന്നെ നമിച്ചിരിക്കുന്നു പൊന്നോ..വഴക്ക് പറയാൻ വന്നയെന്നെ ഐസ്ക്രീം വാങ്ങിപ്പിച്ചു, നീ ആരുടെ തലയിൽ ആയാലും അവന്റെ ജീവിതം കട്ടപ്പൊക അത്തം ചിരിച്ചുക്കൊണ്ട് പറഞ്ഞു. അയാൾ മുൻജന്മത്തിൽ എന്തോ പുണ്ണ്യം ചെയ്തതുകൊണ്ടാവും എന്നെപ്പോലെയുള്ള തങ്കക്കുടത്തിനെ കിട്ടുന്നത് ഭാഗ്യവാനാണ്, ഉവ്വ് അത് പിന്നെ പറയാനുണ്ടോ നിന്നെ അറിയുന്ന ആര് കേട്ടാലും ഇതുതന്നെ പറയും വീണ്ടും അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ദേ ചെറിയച്ഛാ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ അവൾ മുഖം കോട്ടിക്കൊണ്ട് പറഞ്ഞു .

ദേഷ്യം വരുന്നുണ്ടെങ്കിൽ നീ വല്ല പാറയുമെടുത്ത് കടിക്ക് , അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. പാറ കഴിക്കാൻ വയ്യ തൽക്കാലം ഐസ്ക്രീം മേടിച്ചു താ അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു. ഓ മേടിച്ചു തരാമെടീ ഒന്നടങ്ങ് , അവൻ ഒരു ഐസ്ക്രീം പാർലറിന് മുമ്പിൽ ബൈക്ക് നിർത്തി അവൾക്കൊരു ഐസ്ക്രീം വാങ്ങിച്ചു കൊടുത്ത് അവൾ കൊതിയോടെ കഴിക്കുന്നത് നോക്കി നിന്നു. അതെ ചെറിയച്ഛാ തൽക്കാലം നെഞ്ചുവേദനയുടെ കാര്യം വീട്ടിൽ പറയണ്ട ഐസ്ക്രീം കഴിക്കുന്നതിനിടെ അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. ഇത് എന്തോ ഉടായിപ്പാണ് തീർച്ച, അവളെ നോക്കി തല കുലുക്കികൊണ്ടവൻ പറഞ്ഞു. അതൊന്നുമല്ല ഇനി ഈ കാര്യം കേട്ട് ആരും വിഷമിക്കേണ്ട എന്ന് കരുതിയാണ് , മ്മ് അതൊക്കെ എനിക്ക് മനസ്സിലായി നീ വേഗംകഴിക്ക് വീട്ടിലേക്ക് പോകാം, അവൻ ബൈക്കിലേക്ക് കയറി അവളെ നോക്കി പറഞ്ഞു. അവനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ച് കയ്യിലുണ്ടായിരുന്ന ഐസ്ക്രീം ഒറ്റയടിക്ക് തീർത്തവൾ അവന്റെ പുറകിൽ കയറിയിരുന്നു.

ദത്തൻ ബൈക്ക് വീട് ലക്ഷ്യമാക്കി പറപ്പിച്ചു. ************ വൈകുന്നേരം ജോലി കഴിഞ്ഞ് കിട്ടിയ ബസ്സിൽ കയറി തങ്ങളുടെ സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ അനന്ദുവും ദാസനും നന്നേ ക്ഷീണിച്ചിരുന്നു. മേലനങ്ങി പണിയെടുക്കുന്നത് ആദ്യമായിട്ടല്ലേ അതിന്റെ എല്ലാ അസ്വസ്ഥതയും അവർക്കുണ്ട്. ബസ്സിറങ്ങി നേരെ നോക്കിയത് അവരെയും പ്രതീക്ഷിച്ചു നിൽക്കുന്ന വൈഷ്ണവിയുടെ മുഖത്തേക്കാണ്. അവളെ കണ്ടതും രണ്ടാളുടെയും മുഖത്ത് ദേഷ്യം ഇരച്ചു വന്നു. എങ്ങനെയുണ്ടായിരുന്നു രണ്ടാൾക്കും ഇന്നത്തെ ദിവസം അവളവർ അടുത്തെത്തിയതും ഒരു പുഞ്ചിരിയോടെ ചോദിച്ചു. ഇന്നത്തെ ദിവസം.... ഞാൻ വല്ലതും പറഞ്ഞാൽ കൂടിപ്പോകും അതുകൊണ്ട് നീ നിന്റെ പാട് നോക്കി പോ ദാസൻ ദേഷ്യത്തോടെ അവളെ നോക്കി പറഞ്ഞു. എന്നാൽ താനൊന്നു പറഞ്ഞു നോക്ക്, അത് കേട്ടിട്ടേ വൈഷ്ണവി ഇവിടെ നിന്ന് പോകുന്നുള്ളൂ , അവനു മുൻപിൽ തടസ്സമായി എളിയിൽ രണ്ട് കയ്യുംക്കുത്തി അവനെ നോക്കി നിന്നു. നീ എന്താ വൈഷു വഴക്കുണ്ടാക്കാൻ ഇറങ്ങിയതാണോ..?

അനന്ദു അവളെ നോക്കി സംശയത്തോടെ ചോദിച്ചു. ഞാനാണോ വഴക്കുണ്ടാക്കാൻ വന്നത് ..? വീട്ടിൽ നിന്നും ഒരുമിച്ചല്ലേ ഇറങ്ങിയത് തിരികെ പോകുന്നതും ഒരുമിച്ച് മതിയെന്ന് വിചാരിച്ച് രണ്ടുപേരെയും കാത്തുനിന്നതാ എന്നോട് വഴക്കുണ്ടാക്കാൻ വന്നത് ദാസേട്ടനാ.. ഓഹ് ഏട്ടാ എന്നൊക്കെ വിളിക്കാനറിയോ? ദാസൻ പുച്ഛത്തോടെ അവളെ നോക്കിക്കൊണ്ട് ചോദിച്ചു. ഏട്ടാ എന്നല്ല വേണ്ടിവന്നാൽ അതിലപ്പുറവും വിളിക്കും, പിന്നെ ജോലി മേടിച്ചു തന്നതിനുള്ള സ്നേഹപ്രകടനമാണിതെങ്കിൽ അതെനിക്കൊരു പ്രശ്നമേയല്ല, ഞാൻ ഇതിൽ കൂടുതൽ പ്രതീക്ഷിച്ചിരിക്കുകയാണ്, എന്തായാലും മക്കള് വാ വീട്ടിൽ പോയി വല്ലതും കഴിച്ചിട്ട് ഇറങ്ങാം ഇനി തെണ്ടാൻ, ജോലിക്കാര്യം എന്തായി എന്നറിയാൻ എല്ലാവരും കാത്തിരിക്കുന്നുണ്ടാവും, മുമ്പോട്ട് നടക്കുന്നതിനിടയിൽ വൈഷ്ണവി പറഞ്ഞു. ഓഹോ അപ്പൊ എല്ലാവരും ഒത്തു ചേർന്നുള്ള പണിയാണല്ലേ..?ദാസൻ അവളെ നോക്കി ചോദിച്ചു. അതെ ഞങ്ങൾ എല്ലാവരും ഒത്തുള്ള കളിയാ നിങ്ങളെ നേരെയാക്കാൻ പറ്റുമോ എന്ന് ഞങ്ങൾ ഒന്നു നോക്കട്ടെ, അവരെ രണ്ടാളെയും നോക്കിയതും പറഞ്ഞവൾ പാടവരമ്പിലൂടെ നടന്നു, അവളെ ഒന്നു നോക്കി പിറുപിറുത്തുകൊണ്ട് അവരും അവൾക്ക് പുറകിലായി പാടവരമ്പിലൂടെ നടന്നു. വേറൊരു കാര്യം പറയാനുള്ളത് എന്താണെന്ന് വെച്ചാൽ എന്റെ ഫ്രണ്ടിന്റെ അച്ഛനായതുകൊണ്ട് പറയുകയല്ല,

പുള്ളിക്ക് ദേഷ്യം വന്നാൽ കണ്ണുകാണില്ല, കയ്യിൽ ഒരു പിസ്റ്റൾ എപ്പോഴും കരുതും, ആരു ദേഷ്യം പഠിപ്പിച്ചാലും ഒറ്റ വെടി, പണം ഉണ്ടായതുകൊണ്ട് എത്ര കേസിൽ നിന്നാണ് ഊരി പോന്നത് എന്നറിയുമോ..? അതുകൊണ്ട് നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കാതെ, കൃത്യമായിട്ട് ജോലിക്ക് പോകണം, കൃത്യസമയത്ത് തന്നെ ജോലിയിൽ കയറണം, ഒന്നും മറക്കണ്ട അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാം, വൈഷ്ണവി പറയുന്നത് കേട്ട് രണ്ടുപേരും നടത്തം നിർത്തി പരസ്പരം ഭീതിയോടെ നോക്കി. അപ്പോൾ ഇനി നാളെ നേരത്തെ ഇറങ്ങാൻ ഞാൻ വിളിക്കേണ്ട കാര്യമില്ലല്ലോ രണ്ടാൾക്കും കാര്യമൊക്കെ മനസ്സിലായെന്ന് വിശ്വസിക്കുന്നു. തന്റെ വീട്ടിലേക്ക് തിരിയുന്ന ഇടവഴിയിൽ എത്തിയപ്പോൾ അവരുടെ ഫോൺ തിരികെ നൽകാനും അവൾ മറന്നില്ല, അവരോട് യാത്ര പറഞ്ഞവൾ അവളുടെ വീട്ടിലേക്ക് പോയി. അവൾ പോകുന്നതും നോക്കി രണ്ടാളും കിളിപോയതു പോലെ കുറച്ചുനേരം അതേ നിൽപ്പ് തുടർന്നു. പുലിമേടയിൽ അകപ്പെട്ട മാൻ പേടകളെ പോലെ ഭയം അവരുടെ മുഖത്ത് നിഴലിച്ചു കാണാമായിരുന്നു.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story