💞 പെയ്‌തൊഴിയാതെ💞 : ഭാഗം 23

peythozhiyathe rafeena

രചന: RAFEENA MUJEEB

 പതിവിലും നേരത്തെയാണ് അന്ന് ഋഷി വീട്ടിലേക്ക് വന്നത്, ചുണ്ടിലൊരു മൂളിപ്പാട്ടുമായി ചാടിത്തുള്ളിയകത്തേക്ക് പോകുന്ന മകനെ കൗതുകത്തോടെ നോക്കിനിന്നു ബാലൻ മാഷ് . ഇതെന്താ ഇന്ന് പതിവില്ലാത്ത ഒരു ഉന്മേഷം ഇവന് , സാധാരണ വീട്ടിലെത്തുമ്പോഴേക്കും ക്ഷീണിച്ച് തളർന്ന് എവിടെയെങ്കിലും ഇരിക്കുകയാണ് പതിവ്, ഇന്ന് ആകെ ഒരെനർജി , ഇതെന്തുപറ്റിയവന്...? അയാൾ സ്വയം ചോദിച്ചു. രാത്രി ഭക്ഷണം കഴിക്കുമ്പോൾ തന്റെ സംശയം മകനോട് ചോദിക്കാനും അയാൾ മറന്നില്ല. എന്നും ഒരുപോലെയിരുന്നാൽ ശരിയാകുമോ എന്റെ ബാലൻ മാഷേ , ഇടക്കൊക്കെ ഒരു ചേഞ്ച് വേണ്ടേ ഒരു കള്ളച്ചിരിയോടെ അവൻ മാഷിനോട് പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടയിൽ അവന്റെ ഫോൺ റിങ് ചെയ്തപ്പോൾ, കഴിക്കുന്നതു പോലും വകവെയ്ക്കാതെ അവൻ ഫോണിനരികിലേക്കോടി . പ്രതീക്ഷിച്ച കോൾ അല്ലായെന്ന് കണ്ടതും അവൻ നിരാശയോടെ തിരികെ കഴിക്കാനായിട്ട് വന്നു . നിനക്കീ കഴിക്കുമ്പോളെങ്കിലും ആ ഫോൺ ഒന്ന് ഓഫ് ചെയ്തൂടെ എന്റെ ഋഷിക്കുട്ടാ, നന്ദിനി ടീച്ചർ അവനെ നോക്കി പരിഭവം പറഞ്ഞു

അതങ്ങനെ ഓഫ് ചെയ്തു വയ്ക്കാനൊന്നും പറ്റില്ലമ്മേ.. ഹോസ്പിറ്റലിൽ ഒ.പിയൊക്കെയുള്ള ദിവസമാണിന്ന്,അവിടെ നിന്ന് വല്ല അർജന്റ് കോളും വന്നാൽ ഞാൻ എങ്ങനെ അറിയും, അവൻ പറഞ്ഞതിലും കാര്യമുണ്ട് ടീച്ചറേ , ജീവൻ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള ആൾക്കാരല്ലേ ഇവരൊക്കെ, ഒരു ചെറിയ കാര്യത്തിൽ കാണിക്കുന്ന അശ്രദ്ധ മതി ചിലപ്പോൾ ഒരു ജീവൻ പൊലിയാൻ മാഷ് ടീച്ചറോട് പറഞ്ഞു. സ്വന്തം ആരോഗ്യം ശ്രദ്ധിച്ചാലേ മറ്റുള്ളവരുടെ ആരോഗ്യം ശ്രദ്ധിക്കാൻ കഴിയൂ അത് മറക്കണ്ടയെന്നു പറഞ്ഞ് ടീച്ചർ അടുക്കളയിലേക്ക് പോയി. അതവൾ പറഞ്ഞത് ഒരു പോയിന്റാണ്, മോനത് ഗൗരവമായി എടുക്കേണ്ട കാര്യം തന്നെയാണ് അവനെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞ് മാഷും അവിടെനിന്ന് എഴുന്നേറ്റു കൈ കഴുകാൻ പോയി. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഋഷി ഫോണുമായി മുറ്റത്തേക്കിറങ്ങി, അവിടെ ചെടികൾക്ക് നടുവിലായി ഒരു ബെഞ്ചുണ്ട് അവിടേക്കാണവൻ പോയത് . വൈകുന്നേരങ്ങളിലും ഒഴിവു സമയം കിട്ടുമ്പോഴെല്ലാം ടീച്ചറും മാഷും ചെലവഴിക്കുന്നതവിടെയാണ്,

അവിടെയിരുന്ന് തണുത്ത കാറ്റും കിളികളുടെ കൊഞ്ചലുകളും പൂക്കളുടെ സൗന്ദര്യവുമെല്ലാം നന്നായി ആസ്വദിക്കാം, അവിടെയിരുന്നാൽ സമയം പോകുന്നത് അറിയുകയേയില്ല, ഒഴിവു സമയം കിട്ടിയാൽ ഋഷിയും കൂടും അവരോടൊപ്പം, ഒരു വല്ലാത്ത എനർജിയാണ് അവിടെനിന്നും കിട്ടുന്നത്. ഋഷി ആ ബഞ്ചിൽ മലർന്നുകിടന്നു ആകാശത്തിലേക്ക് നോക്കി. ചന്ദ്രൻ അതിന്റെ പൂർണ ശോഭയിൽ തിളങ്ങി നിൽക്കുന്നുണ്ട്, നിലാവിൽ കുളിച്ച ആകാശം താഴെ ഭൂമിയെ ഒരുപാട് സുന്ദരിയാക്കുന്നു എല്ലാം ആസ്വദിച്ചങ്ങനെ കിടക്കുമ്പോൾ അവന്റെ ചിന്തകളിലേക്ക് കൃപ കേറി വന്നു. ഇവൾ എന്താ ഇത്ര സമയമായിട്ടും വിളിക്കാത്തത്...? അവൻ ഫോണെടുത്ത് അതിലേക്ക് നോക്കി. ആ സമയത്ത് തന്നെ അവളുടെ കോൾ അവനെ തേടിയെത്തി. അവനറിയാതെ ഒറ്റ റിങ്ങിന് തന്നെ അവൻ അവളുടെ കോൾ അറ്റൻഡ് ചെയ്തു. ഇതെന്താ എന്റെ കോളും പ്രതീക്ഷിച്ചിരിക്കുകയായിരുന്നോ...?ഫോണെടുത്തതും അവൾ ആദ്യം ചോദിച്ചതതാണ്. ഹേയ് അല്ല ഞാൻ വേറെ കാര്യം നോക്കുകയായിരുന്നു

അപ്പോഴാണ് തന്റെ കോൾ വന്നത്. ഓഹോ എന്നാൽ ശരി ഞാൻ പിന്നെ വിളിക്കാം എന്നും പറഞ്ഞു കൃപ ഫോൺ കട്ടാക്കാൻ നിന്നതും അയ്യോ വെക്കല്ലേ ഞാൻ തന്റെ കോൾ പ്രതീക്ഷിച്ചു തന്നെയാണ് നിന്നത് എന്ന് ഋഷി ചാടിക്കേറി പറഞ്ഞു . അങ്ങനെ വഴിക്ക് വാ എന്റെ ഡോക്ടർ സാറേ, എനിക്ക് ആദ്യമേ മനസ്സിലായിട്ടുണ്ട് ഡോക്ടർ എന്റെ കോളും പ്രതീക്ഷിച്ചിരിക്കുകയായിരുന്നുവെന്ന്,അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു. എന്തായി ഡോക്ടറേ ഞാൻ തന്ന ആപ്ലിക്കേഷന്റെ കാര്യം ശ്രദ്ധിച്ചു പൂരിപ്പിച്ചോ...? അവൾ വീണ്ടും ഋഷിയോട് ചോദിച്ചു. അതൊക്കെ ചെയ്തു, അല്ല ഞാനൊരു കാര്യം ചോദിക്കട്ടെ ഈ ഒരു ലോറി കുട്ടികളൊക്കെ നീ താങ്ങുമോ.? പ്രസവം ഞാനെടുക്കുമെന്ന് കരുതി ഇങ്ങനെ കണ്ട്രോളില്ലാതെ പ്രസവിക്കേണ്ട വല്ല കാര്യവും ഉണ്ടോ..? അതൊക്കെ വേണം, പ്രസവിച്ചു പ്രസവിച്ച് ഞാൻ എന്റെ അച്ഛമ്മയെ തോൽപ്പിക്കും, പുള്ളിക്കാരിക്ക് വലിയ അഹങ്കാരമാണ് മക്കളും മരുമക്കളും പേരക്കുട്ടികളുമായി ഒരു കുടുംബം തന്റെ കീഴിലുണ്ടെന്നുള്ള അഹങ്കാരം

,ഞാൻ അത്രയും മക്കളെ പ്രസവിക്കും, പിന്നെ അവരുടെ മക്കളും കൊച്ചുമക്കളുമായി വലിയ ഒരു കുടുംബം ഉണ്ടാക്കും , അത് കണ്ട് അച്ഛമ്മ അസൂയപ്പെടണം കൃപ കാര്യമായിട്ട് പറയുന്നത് കേട്ടപ്പോൾ ഋഷിക്ക് ആദ്യം ചിരിയാണ് വന്നത്. നിന്റെ അച്ഛമ്മയെന്താ ചിരഞ്ജീവിയോ ....? ഋഷി ചിരിച്ചുക്കൊണ്ട് ചോദിച്ചു. അതെന്താ അങ്ങനെ ചോദിച്ചത്..? അല്ല നിന്റെ അച്ഛമ്മ ഇപ്പോഴേ എക്സ്പയറി ഡേറ്റ് കഴിഞ്ഞു തുടങ്ങി ഇനി നീ പ്രസവിച്ച് ആ കുഞ്ഞുങ്ങളുടെ കല്യാണം കഴിഞ്ഞ് അവർക്ക് കൊച്ചുമക്കളാവാൻ എത്ര കാലമെടുക്കും, അവരെയൊക്കെ കാണണം എന്ന് പറയുന്നത് അതിമോഹമല്ലേ..?അതുകൊണ്ട് ചോദിച്ചതാ.. ഓ അതുമൊരു പോയിന്റ് ആണല്ലോ അല്ലേ...? അതുകൊണ്ടാ ഞാൻ അത്രയും മക്കളെ പ്രസവിക്കും എന്ന് പറഞ്ഞത് അവരെയൊക്കെ കണ്ടിട്ട് മരിച്ചാൽ മതി അച്ഛമ്മ, അവൾ പറയുന്നത് കേട്ട് ഋഷി ചിരിയടക്കാൻ പാടുപെട്ടു. അല്ല പ്രസവിക്കാൻ നീ തയ്യാറാണെങ്കിൽ പ്രസവമെടുക്കാനാണോ എനിക്ക് ബുദ്ധിമുട്ട്, അതിനുവേണ്ടി ഒരു ഹോസ്പിറ്റൽ തുടങ്ങാനും ഞാൻ റെഡി, അത് കേട്ടാൽ മതിയെനിക്ക് നമുക്ക് വേണമെങ്കിൽ ഒരു ഓസ്പിറ്റൽ തുടങ്ങാം കൃപ സീരിയസായി പറയുന്നത് കേട്ട് ഋഷി പൊട്ടിച്ചിരിച്ചു. രണ്ടുപേരുടെയും സംസാരം ഏറെ നീണ്ടു പോയി

സമയം പോയത് പോലും രണ്ടാളുമറിഞ്ഞില്ല , തമാശ പറഞ്ഞും ചിരിച്ചും സ്വയം മറന്നു പോയി രണ്ടാളും പതിവില്ലാതെ ഋഷി ഫോണിൽ കളി പറഞ്ഞിരിക്കുന്നത് ടീച്ചറും മാഷും നോക്കി കാണുന്നുണ്ടായിരുന്നു. മകന് അവന്റെതായ സ്വാതന്ത്ര്യം എന്നും കൊടുത്തിരുന്ന അച്ഛനുമമ്മയും ആയിരുന്നു അവർ രണ്ടുപേരും, അതുകൊണ്ടുതന്നെ അവർ കൂടുതലൊന്നും അവനോട് ചോദിക്കാനും പോകില്ല. ഒരുപാട് നേരത്തെ സംസാരത്തിന് ശേഷം നാളെ നേരിൽ കാണാം എന്നും പറഞ്ഞു രണ്ടാളും ഫോൺ വെച്ച് ഉറങ്ങാൻ കിടന്നു. പിന്നീടുള്ള ദിവസങ്ങൾ അവരുടേതായിരുന്നു, പരസ്പരം മത്സരിച്ച് പ്രണയിച്ച് അവരുടെതായ ഒരു ലോകം സൃഷ്ടിച്ചു, ഇണക്കങ്ങളും പിണക്കങ്ങളുമായി കൂടുതൽ ശക്തിയോടെ ആ പ്രണയം മുൻപോട്ടു പോയി. ധ്രുവ് അവൻ ആഗ്രഹിച്ചതുപോലെ ഒരു ഐ പി എസ് ഓഫീസറായി കുടുംബത്തിൽ ഒരു ഐപിഎസ് ഓഫീസർ കൂടി വന്നപ്പോൾ നല്ലേടത്തമ്മയുടെ ഗർവ്വ് ഒന്നു കൂടി കൂടി. അവർക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പേരക്കുട്ടി കൂടിയാണവൻ, ഐപിഎസ് ട്രെയിനിങ്ങിനു വേണ്ടി അവൻ ഒരു മാസത്തേക്ക് ഹൈദരാബാദിലേക്ക് യാത്രയായി. എല്ലാവരോടും യാത്ര പറഞ്ഞപ്പോൾ തന്റെ ഇഷ്ടം കൃപയോട് പറയാൻ അവനൊരുപാട് ആഗ്രഹിച്ചു,

പക്ഷേ അമ്പിനും വില്ലിനുമടുക്കാത്ത അവളുടെ സ്വഭാവം കാരണം ഇറങ്ങാൻ നേരത്തും അവർ തമ്മിൽ വഴക്കിട്ടു. കൃപ ഋഷിയോടൊപ്പമുള്ള സമയങ്ങളിൽ ഏറെ സന്തോഷിച്ചു , ഋഷിയും അവളുടെ ഇഷ്ടങ്ങൾക്ക് കൂടുതൽ വില കൽപ്പിച്ചു, ഒരുനിമിഷം പോലും പിരിയാനാവാത്ത വിധം ആ ബന്ധം വളർന്നു. എത്ര സന്തോഷമുണ്ടെങ്കിലും കൃതിയാണ് അവളുടെ മനസ്സിൽ മുഴുവൻ , അവൾ ആദ്യം ആ സങ്കടം പറഞ്ഞതും ഋഷിയോടാണ്, എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഋഷി കൃപയോട് കൃതിയോട് ചെയ്യാൻ ചില കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചു, എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം എന്നവളെ സമാധാനിപ്പിച്ചു. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° വൈഷു ദിവസം കഴിയുന്തോറും ദത്തനിൽ നിന്ന് ഒരുപാട് അകലാൻ തുടങ്ങി. അവളുടെ ഈ സ്വഭാവം ദത്തനെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്. അവളെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല എന്ന് അവനു തോന്നി. എന്താണെങ്കിലും അവളുടെ ഉള്ളിലിരുപ്പറിയണം അവൻ അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

നല്ലേടത്തെ കുടുംബ ക്ഷേത്രത്തിനു തൊട്ടപ്പുറത്ത് തന്നെയാണ് ആ നാട്ടിലെ മുരുകന്റെയമ്പലം സ്ഥിതി ചെയ്യുന്നത്, ആ നാട്ടിലെ ഏറ്റവും വലിയ ക്ഷേത്രം, ചുറ്റമ്പലവും അമ്പലത്തിനോട് ചേർന്നുള്ള ആൽത്തറയും അമ്പലക്കുളവുമെല്ലാം ആ ഷേത്രത്തെ കൂടുതൽ സുന്ദരമാക്കി, ആ നാട്ടുകാരുടെ ഏറ്റവും വലിയ ആഘോഷം വർഷംതോറും നടത്തിവരുന്ന തയ്‌പ്പൂയ മഹോത്സവമാണ്, ജാതിഭേദമന്യേ ആ നാട്ടിലെ ആളുകളെല്ലാം ഒരു പോലെ ആഘോഷിക്കുന്ന ഒരു ഉത്സവം, അമ്പലവും പരിസരവും തോരണങ്ങൾ കൊണ്ട് അലങ്കരിക്കും ക്ഷേത്രം ദീപങ്ങൾകൊണ്ട് അലങ്കരിക്കും , നാടും നഗരവും മാത്രം ആ ആഘോഷത്തിൽ പങ്കുകൊള്ളാറുണ്ട് , എല്ലാവരും പുത്തനുടുപ്പുകളണിഞ്ഞാണ് പഅന്നേ ദിവസം എല്ലാവരും ക്ഷേത്ര ദർശനം നടത്താറ്,നാടും നഗരവും ഉത്സവലഹരിയിൽ മുങ്ങിത്താഴുന്ന ഈ ദിവസം തന്നെയാണ് തന്റെ പദ്ധതി നടപ്പിലാക്കാൻ പറ്റിയ അവസരമെന്നു ദത്തൻ മനസ്സിലുറപ്പിച്ചു. അതിന് വേണ്ട ചില മുന്നൊരുക്കങ്ങളുമായി അവനാ ക്ഷേത്രപരിസരത്ത് ചുറ്റിക്കറങ്ങി...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story