💞 പെയ്‌തൊഴിയാതെ💞 : ഭാഗം 25

peythozhiyathe rafeena

രചന: RAFEENA MUJEEB

" ഈശ്വരാ ഇനി ഇതിൽ വല്ല വിഷവും ചേർത്തിട്ടുണ്ടോ,...? വൈഷു പേടിയോടെ ആ ബിയറിന്റെ കുപ്പിയെടുത്ത് നോക്കിക്കൊണ്ട് സ്വയം ചോദിച്ചു. അവൾ ഓടിവന്നു ദത്തന്റെ മൂക്കിനടുത്തായി തന്റെ വിരൽ വെച്ച് ശ്വാസമുണ്ടോയെന്ന് പരിശോധിച്ചു. അവന്റെ ചുടു ശ്വാസം അവളുടെ വിരലിൽ തട്ടിയപ്പോഴാണ് അവൾക്ക് സമാധാനമായത്. മൂക്കറ്റം കുടിച്ച് ബോധമില്ലാതെ കിടക്കുകയാണ് കള്ളതെമ്മാടി അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് അവൾ പറഞ്ഞു. അവൾ അവനെ ഒരുപാട് നേരം തട്ടി വിളിച്ചു നോക്കി, പക്ഷെ അവനൊരു കുലുക്കവുമുണ്ടായിരുന്നില്ല. അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു, ഈ കാട്ടിൽ നിന്ന് ഒറ്റയ്ക്ക് പുറത്തു കടക്കാൻ തന്നെ ദുസ്സഹമാണ്, അപ്പോൾ താൻ എങ്ങനെ ഈ തടിമാടനേയും കൊണ്ട് പുറത്തു കടക്കും. ഇയാളെ ഇവിടെ ഉപേക്ഷിച്ചു പോകുന്നത് ശരിയല്ല, ഉഗ്രവിഷമുള്ള നാഗങ്ങളുള്ള കാവാണിത്, ആൾ പെരുമാറ്റം ഇല്ലാത്തത്തിനാൽ കാട് മൂടി കെട്ടിക്കിടക്കുകയാണ്, അതുകൊണ്ട് നാഗങ്ങളുടെ എണ്ണത്തിൽ ഒട്ടും കുറവുണ്ടാവില്ല,

അവൾ ഭയത്തോടെ ചുറ്റും നോക്കി, അവന്റെ കിടപ്പ് കണ്ടാൽ തോന്നും സുഖവാസത്തിന് വന്നിട്ട് നല്ല സപ്രമഞ്ചകട്ടിലിൽ കിടക്കുകയാണെന്ന് . അവൾ അവനെ നോക്കി ദേഷ്യം കടിച്ചുപ്പിടിച്ച് ഓരോന്ന് പുലമ്പി . കയ്യിലുണ്ടായിരുന്ന ഫോണിൽ ദാസന്റെ നമ്പർ ഡയൽ ചെയ്ത് അവനോട് പെട്ടെന്ന് നാഗകാവിലേക്കെത്താൻ പറഞ്ഞവൾ ഫോൺ വച്ചു. കാര്യമറിയാതെ അവർ ഓടിക്കിതച്ചെത്തുമ്പോൾ തറയിൽ ബോധമറ്റ് കിടക്കുന്ന ദത്തനും തൊട്ടരികിൽ താടിക്ക് കയ്യും കൊടുത്തിരിക്കുന്ന വൈഷുവിനേയുമാണവർ കണ്ടത്. നീയെന്താ വൈഷു അവനെ ചെയ്തത്....? അവൻ ബുദ്ധിമോശം കൊണ്ട് എന്തെങ്കിലും കാണിച്ചു എന്ന് വിജാരിച്ച് അടിച്ചു താഴെയിടയിടണമായിരുന്നോ ,...? ഒന്നുമല്ലെങ്കിലും അവനും നമ്മുടെ കൂട്ടത്തിൽ ഒരാളല്ലേ നീ അതെങ്കിലും ഓർക്കേണ്ടേ,...? അനന്ദു ഓടിവന്നതും ദത്തനെ നോക്കിക്കൊണ്ട് പറഞ്ഞു. ആരടിച്ചു വീഴ്ത്തിയെന്നാണ് നിങ്ങളീ പറയുന്നത്..? അങ്ങനെ ഒരു പെണ്ണടിച്ചാൽ വീഴുന്നവനൊന്നുമല്ല ദത്തൻ, അത് ഇത്രകാലമായിട്ടും നിങ്ങൾ കൂട്ടുകാർക്ക് അറിയില്ല എന്നുണ്ടോ...?

വൈഷു അവരെ നോക്കി ചോദിച്ചു. അല്ല പെട്ടെന്ന് നിങ്ങളെ രണ്ടാളെയും ഇങ്ങനെ കണ്ടപ്പോൾ, അനന്ദു വാക്കുകൾ മുഴുവനാക്കാതെ ഒരു ചമ്മലോടെ വൈഷുവിനെ നോക്കി, മ്മ്... മ്മ്..മതി..മതി, തൽക്കാലം ഈ സാധനത്തിനെയെടുത്ത് എങ്ങനെയെങ്കിലും പുറത്തെത്തിക്കാൻ നോക്ക്, കള്ളുകുടിച്ച് ബോധമില്ലാതെ കടക്കുകയാണ്, നിങ്ങളുടെ പുന്നാര കൂട്ടുകാരൻ സംസാരിച്ചു നിൽക്കാൻ സമയമില്ല എന്നെയും അവിടെ അന്വേഷിക്കുന്നുണ്ടാവും വൈഷു രണ്ടാളോടുമായി പറഞ്ഞു. കള്ളുകുടിച്ചെന്നോ...,?അതിനവൻ കള്ളുകുടി നിർത്തിയിട്ട് ഒരുപാട് നാളായല്ലോ.... നീ പറഞ്ഞതിൽ പിന്നെ ഞങ്ങളാരും ആരും ഇത് കൈകൊണ്ട് തൊട്ടിട്ടില്ല, ദാസൻ അവളെ നോക്കി പറഞ്ഞു. എന്ന് തന്നെയായിരുന്നു എന്റെയും വിജാരം, അങ്ങനെയല്ല എന്ന് നിങ്ങളുടെ കൂട്ടുകാരൻ തെളിയിച്ചു, നിങ്ങളിയാളെയും കൊണ്ട് പുറത്തു കിടക്കാൻ നോക്ക്, ഞാൻ പോകുകയാ, അവൾ അതും പറഞ്ഞവിടെ നിന്നും പോകാൻ ഒരുങ്ങി. അല്ല നിങ്ങളെങ്ങനെ ഈ കാട്ടിനുള്ളിലെത്തി,.? ഇവിടേക്ക് അങ്ങനെ ആരും വരാത്തതാണല്ലോ...?

അതും നിങ്ങൾ രണ്ടും ഒരുമിച്ച് ഒറ്റയ്ക്ക് ഇതെങ്ങനെ സംഭവിച്ചു. അനന്ദു സംശയത്തോടെ അവളെ നോക്കി ചോദിച്ചു. അവൾ ഒരു നിമിഷം എന്തു മറുപടി പറയണമെന്നറിയാതെ ശങ്കിച്ചു നിന്നു. അത് ഞാൻ ഇയാള് കാട്ടിലേക്ക് ഒറ്റയ്ക്ക് വരുന്നത് കണ്ടു പുറകെ വന്നതാ...അവൾ പതർച്ച അവരെ അറിയിക്കാതെ പെട്ടെന്ന് പറഞ്ഞു. അതെന്തിനാ നീ അവന്റെ പുറകെ വന്നത് നീ അവനോട് ഒന്നും മിണ്ടാറു പോലുമില്ലല്ലോ...? പിന്നെ അവൻ ഒറ്റയ്ക്ക് വന്നാൽ നിനക്കെന്താ..? ദാസൻ അവളെ നോക്കി ചോദിച്ചു. അയാൾ എവിടെ പോയാലും എനിക്കൊന്നുമില്ല, പോകുന്നത് കണ്ടപ്പോൾ എങ്ങോട്ടാണ് എന്നറിയാൻ ഒരു കൗതുകം തോന്നി അതാ പിന്തുടർന്ന് വന്നത്, നിങ്ങൾക്ക് സൗകര്യമുണ്ടെങ്കിൽ ഇയാളെ വീട്ടിലെത്തിക്കാൻ നോക്ക് ഞാൻ എന്റെ പാട് നോക്കി പോവുകയാണ് അവൾ ദേഷ്യത്തോടെ അതും പറഞ്ഞ് അവിടെ നിന്നും തിരിഞ്ഞുപോലും നോക്കാതെ ഒറ്റ പോക്ക്. നമ്മൾ ഇനി ഈ മുതലിനെ എന്ത് ചെയ്യും..? കുടിച്ചു ലക്കുകെട്ടു നിൽക്കുന്ന ഇവനെ നല്ലേടത്തെ ആരെങ്കിലും കണ്ടാൽ സംഗതി വഷളാകും,

ആരുമറിയാതെ വീട്ടിൽ കൊണ്ടുപോയി കിടത്താമെന്നുവെച്ചാൽ നമ്മളെ പോലുള്ളവർ ആ വീടിന്റെ മുറ്റത്ത് പോലും കാലുകുത്തുന്നത് ഇഷ്ടമില്ലാത്ത ജന്തുക്കളാണ് ആ വീട് മുഴുവൻ, നമ്മളാ വീടിനകത്തുകയറി എന്നറിഞ്ഞാൽ ഒരാഴ്ച്ച പുണ്ണ്യാഹം തെളിച്ച് ശുദ്ധികലശം നടത്തിക്കും ആ തള്ള, ഇനിയിപ്പോ നമ്മൾ എന്ത് ചെയ്യും അനന്ദു ദാസിനെ നോക്കി ചോദിച്ചു. അതൊക്കെ നമുക്കെന്തെങ്കിലും ചെയ്യാം നീ ആദ്യം ഇവനെ പിടിക്ക്, എങ്ങനെയെങ്കിലുമീ കാവിനു പുറത്തെത്തിക്കാം നമുക്കിവനെയെന്നും പറഞ്ഞ് ദാസൻ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു. ആനന്ദുവും ദത്തനെ താങ്ങിപ്പിടിച്ചു. രണ്ടുപേരും വളരെ കഷ്ടപ്പെട്ടാണ് അവനെ ആ കാവിൽ നിന്നും പുറത്തെത്തിച്ചത്. ************* പൂരനഗരിയിൽ ഓരോ കാഴ്ച്ചകൾ കണ്ട് കുട്ടിപ്പട്ടാളത്തോടൊപ്പം ഓടിനടക്കുകയാണ് കൃപ. ഇപ്പൊൾ കണ്ടാൽ അവൾക്ക് ഒരു പത്ത് വയസ്സ് കുറഞ്ഞ പോലെയുണ്ട്, കുട്ടിക്കളി വിട്ടുമാറാത്ത ഒരു കുറുമ്പി, അവളുടെ ഓരോ കോപ്രായങ്ങൾ കണ്ട് കൃഷ്ണൻ ഉള്ളിൽ ചിരിച്ചു. പലനിറത്തിലുള്ള ഐസുകൾ കണ്ടതും അവളുടെ വായിൽ വെള്ളമൂറി,

ഒരു കൊച്ചു കുട്ടിയെ പോലെ അതു മേടിച്ചു തരാൻ അവളച്ഛനോട് വാശി പിടിച്ചു. അത് കിട്ടുന്ന വരെയവൾ ശാഠ്യം പിടിച്ചു. കയ്യിൽ കിട്ടിയതും അത് ആസ്വദിച്ച് കഴിക്കുകയാണവൾ . ആരൊക്കെയോ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നവൾക്കറിയാം പക്ഷേ അതൊന്നും അവളെ തെല്ലും അലോസരപ്പെടുത്തുന്നില്ല, ഭക്ഷണത്തിന്റെ കാര്യത്തിൽ എവിടെയാണെങ്കിലും ഒരു കോംപ്രമൈസും ഇല്ല. ആ ഐസ് നുണഞ്ഞ് പൂരപ്പറമ്പിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുമ്പോഴാണ് അവളുടെ ഫോൺ റിങ്ങ് ചെയ്യുന്നത്. എടുത്തു നോക്കിയപ്പോൾ ദാസനാണ്, അവൾ ചുറ്റുമൊന്ന് കണ്ണോടിച്ചു സംശയത്തോടെ ആ ഫോൺ എടുത്തു ചെവിയോടടുപ്പിച്ചു . ഇതെന്താ ദാസേട്ടാ പതിവില്ലാതെ ഈ നേരത്ത്,...? അവൾ സംശയത്തോടെ ഫോണെടുത്തതും ചോദിച്ചു. കൃപു നീ ഇതെവിടെയാ..? ഒരു പ്രശ്നമുണ്ട്, നീ എത്രയും പെട്ടെന്ന് ഇവിടെ ഒന്ന് വാ. എന്താ ദാസേട്ടാ കാര്യം എന്താ പ്രശ്നം അവൾ വെപ്രാളത്തോടെ ചോദിച്ചു, നീ പേടിക്കാൻ മാത്രമുള്ള വിഷയം ഒന്നുമില്ല, നിന്റെ പോഴൻ ചെറിയച്ഛൻ കുടിച്ചു പൂസായി ബോധമില്ലാതെ ഇവിടെ കിടക്കുന്നുണ്ട് ,

ഇതെങ്ങാനും മറ്റുള്ളവർ അറിഞ്ഞാൽ ആകെ പ്രശ്നമാകും ആരുമറിയാതെ ഈ മൊതലിനെ എങ്ങനെയെങ്കിലും നല്ലേടത്ത് എത്തിക്കണം, നീ ഒന്ന് പെട്ടെന്ന് വാ, ധ്രുവ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് ഇത്ര പേടിയുണ്ടായിരുന്നില്ല , കുടിച്ചു പൂസായെന്നോ, അപ്പൊ ഇത് എന്നും ഉള്ള പരിപാടിയാണല്ലേ, അതിന് സപ്പോർട്ട് ആ കോന്തനും കൃപ ദേഷ്യത്തോടെ പറഞ്ഞു. അയ്യോ അങ്ങനെയൊന്നുമില്ല എന്റെ കൃപു ഇത് ആദ്യമായിട്ടാ ഇവനീ കോലത്തിലാകുന്നത്, നിനക്ക് അറിയുന്നതല്ലേ നിന്റെ ചെറിയച്ഛനെ നീ തർക്കിച്ച് നിൽക്കാതെ ഒന്ന് പെട്ടെന്ന് വാ ദാസൻ അവളെ സമാധാനിപ്പിച്ചുക്കൊണ്ട് പറഞ്ഞു. ഞാൻ വരാം, അച്ഛമ്മയുടെ കയ്യിലാണ് നല്ലേടത്തെ താക്കോൽക്കൂട്ടം, അത് അടിച്ചു മാറ്റാൻ പറ്റില്ല, ഭദ്രമായി എളിയിൽ സൂക്ഷിച്ചാണ് അച്ഛമ്മയുടെ നടപ്പ്, നോക്കട്ടെ ഞാൻ എന്തെങ്കിലും വഴി ഉണ്ടാകുമോ എന്ന് , താക്കോൽ കിട്ടിക്കഴിഞ്ഞാൽ ഞാൻ ദാസേട്ടനെ വിളിക്കാം എന്നു പറഞ്ഞവൾ ഫോൺ കട്ടാക്കി, ക്ഷേത്രത്തിന് പുറത്ത് പ്രായമായവർക്ക് ഇരിക്കാൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയ പന്തലിലിരുന്ന് സമപ്രായക്കാരോട് കുശലം പറഞ്ഞിരിക്കുകയാണ് നാല്ലേടത്തമ്മ. അവൾ അച്ഛമ്മയുടെ അരികിൽ വന്നു ചെവിയിൽ പതുക്കെ താക്കോല്ക്കൂട്ടം ചോദിച്ചു ,

അവർ അവളെയൊന്ന് സൂക്ഷിച്ചുനോക്കി. അയ്യോ അച്ഛമ്മേ എനിക്കിനി ഇവിടെ നിൽക്കാൻ പറ്റില്ല, പുറത്തായോ എന്നൊരു സംശയം, അവൾ അവരുടെ ചെവിയിൽ സ്വകാര്യം പറഞ്ഞു. ശ്ശെ!! അശ്രീകരം, നല്ലൊരു ദിവസമായിട്ട് ശകുനം കണ്ടില്ലേ, കുളിച്ചിട്ട് അകത്തേക്ക് കയറിയാൽ മതി, കൂട്ടിന് നിന്റെ അമ്മയേയോ യാശോധയേയൊ വിളിച്ചോ അവർ ആ താക്കോൽ കൂട്ടം അവൾക്ക് എറിഞ്ഞു കൊടുത്തുക്കൊണ്ട് പറഞ്ഞു, അവരൊക്കെ ഇവിടെ നിന്നോട്ടെ, ഞാൻ ചെറിയച്ഛനേയും വിളിച്ച് പോയ്‌ക്കൊള്ളാം, അവൾ അതുമായി പോകുന്നതിനിടയിൽ വിളിച്ചുപറഞ്ഞു. പുറത്ത് അവളെയും പ്രതീക്ഷിച്ച് ദത്തനുമായി അനന്ദുവും ദാസനും നിൽപ്പുണ്ടായിരുന്നു, അടുത്ത് കണ്ട ഒരു ഓട്ടോയിലേക്ക് ദത്തനേയും കൊണ്ട് കൃപയും അനന്ദുവും കയറി പുറകെ ദത്തന്റെ ബൈക്കുമായി ദാസനും അവർക്ക് പുറകിലായി വന്നു. നല്ലേടത്തെത്തി അനന്ദുവും ദാസനും ദത്തനെ താങ്ങിപ്പിടിച്ച് അവന്റെ റൂമിൽ കൊണ്ടുപോയി കിടത്തി, അവന് ഒരു ബോധവുമില്ലാതെ കിടക്കുകയാണ്, മോളിനി വാതിലടച്ചു കിടന്നോ, അവൻ ഒരു ബോധവും ഇല്ലാതെ കിടക്കുകയാണ്, പരിജയമില്ലാത്ത ആര് വാതിലിൽ തട്ടിയാലും തുറക്കേണ്ട, ഇറങ്ങാൻ നേരം ദാസൻ അവളെ ഓർമ്മിപ്പിച്ചു. അവളോട് യാത്ര പറഞ്ഞ് അവർ ഇറങ്ങിയതും അവൾ വാതിലടച്ചു കുറ്റിയിട്ടു സ്വന്തം റൂമിലേക്ക് പോയി...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story