💞 പെയ്‌തൊഴിയാതെ💞 : ഭാഗം 26

peythozhiyathe rafeena

രചന: RAFEENA MUJEEB

 ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോൾ തലേദിവസം കോളേജ് ലൈബ്രറിയിൽ നിന്നെടുത്ത ഒരു ബുക്ക് മറിച്ചു നോക്കുകയായിരുന്നു കൃപ... അപ്പോഴാണ് അവളുടെ ഫോൺ റിങ്ങ് ചെയ്തത് ഋഷിയായിരുന്നു ആ പേര് കണ്ടതും അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കമുണ്ടായി. അവൾ പുഞ്ചിരിയോടെ ആ ഫോണ് ചെവിയോടടുപ്പിച്ചു. നീ ഇത് എവിടെയാ കൃപു ഞാൻ നിങ്ങളുടെ അമ്പലത്തിലുണ്ട്, നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു പറയാതെ വന്നതാ , ഒരുപാട് നേരമായി ഞാൻ നിന്നെ തപ്പുന്നു, നീ ഇത് ഏതു മൂലയിലാ ഒളിച്ചിരിക്കുന്നത്...? ഋഷി ചോദിച്ചു. അയ്യോ ഋഷി ഞാൻ എപ്പഴേ വീട്ടിലെത്തി, വരുമെന്നറിഞ്ഞിരുന്നെങ്കിൽ ഞാനെങ്ങനെയും അവിടെ നിന്നേനെ അവൾ സങ്കടത്തോടെ പറഞ്ഞു. ഇതെന്താ ഇത്ര പെട്ടെന്ന് വീട്ടിൽ പോയത്..? അവൻ സംശയത്തോടെ ചോദിച്ചു അവൾ ഉണ്ടായ സംഭവമെല്ലാം അവനോട് വിവരിച്ചു പറഞ്ഞു. ഞാൻ നിന്നെ കാണണം എന്ന് ആഗ്രഹിച്ചു വന്നതല്ലേ..? ഒരു കാര്യം ചെയ്യാം ഞാൻ അങ്ങോട്ട് വരാം,

അവിടെ എന്തായാലും വേറെ ആരും ഇല്ലല്ലോ..? നിന്റെ ചെറിയച്ഛനാണെങ്കിൽ ബോധവുമില്ല നീ ഒന്ന് പുറത്തേക്ക് ഇറങ്ങി നിൽക്ക് ഞാനിപ്പോ വരാം, അയ്യോ ഡോക്ടർ ഇങ്ങോട്ട് വരാനോ...? അതുവേണ്ട, ആരെങ്കിലും കണ്ടാൽ എന്റെ ഡെഡ്ബോഡി നോക്കിയാൽ മതി പിന്നെ, കൃപ പേടിയോടെ പറഞ്ഞു. ആരും കാണില്ലയെന്റെ പെണ്ണേ, ഞാൻ ആരുടേയും കണ്ണിൽപ്പെടാതെ അങ്ങെത്തിക്കോളാം ഒന്നും പേടിക്കാനില്ല, അല്ലെങ്കിലും പ്രേമിക്കുമ്പോൾ കുറച്ചൊക്കെ റിസ്ക് എടുക്കണം അല്ലെങ്കിൽ പിന്നെ ഈ പ്രണയത്തിന് എന്ത് സുഖം. ഉവ്വ്, ആ റിസ്ക് ഒടുക്കത്തെ റിസ്‌കാവാതിരുന്നാൽ ക മതി, നീ ഇങ്ങനെ നെഗറ്റീവടിക്കാതെ ധൈര്യമായിട്ടിരിക്ക് ഞാനിതാ എത്തി എന്നും പറഞ്ഞ് ഋഷി ഫോൺ വെച്ചു. കൃപയ്ക്ക് ഉള്ളിൽ നല്ല ടെൻഷൻ ഉണ്ട്, ആരെങ്കിലും കണ്ടാൽ അതോടെ തീരും രണ്ടുപേരുടെയും കഥ, പുറമെ ചിരിച്ച് കാണുന്ന മുഖം ഒന്നുമല്ല ഇവിടുത്തെ ആണുങ്ങൾക്ക്, അഭിമാനത്തിനു ക്ഷതം സംഭവിച്ചാൽ കൊന്നുകളയാനും ആരും മടിക്കില്ല, അത് എത്ര പ്രിയപ്പെട്ടവരായാലും ശരി.

എല്ലാംകൂടി ആലോചിച്ചപ്പോൾ അവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. അവൾ ശബ്ദമുണ്ടാക്കാതെ ദത്തന്റെ റൂമിൽ വന്ന് എത്തിനോക്കി എങ്ങാനും ഉണർന്നാൽ പണിയാവും. അവനാണെങ്കിൽ രാവും പകലും തിരിച്ചറിയാതെ ഏതോ അബോധാവസ്ഥയിലാണ് കിടക്കുന്നത് . അവൾ ശബ്ദമുണ്ടാക്കാതെ അവന്റെ റൂമിന്റെ കതക് പതുക്കെ അടച്ച് താഴേക്കിറങ്ങി . ദൂരെ നിന്ന് ഋഷി വരുന്നത് കണ്ടപ്പോൾ അവൾ വാതിൽ തുറന്നു പുറത്തിറങ്ങി ആ കതകും മെല്ലെ ചാരി അവന്റെയടുത്തേക്ക് ഓടി ആരെങ്കിലും കാണുന്നതിനു മുമ്പ് വേഗം ഇങ്ങോട്ട് വാ എന്നുപറഞ്ഞ് അവന്റെ കൈയും പിടിച്ച് അവനെയും കൊണ്ട് അവൾ കുളക്കടവിലേക്കോടി. വൗ!! എന്തു ഭംഗിയാ ടീ ഇവിടെയൊക്കെ കാണാൻ. ഋഷി കുളവും പരിസരവും നോക്കിക്കൊണ്ട് അത്ഭുതത്തോടെ പറഞ്ഞു. നല്ല നിലാവുള്ളതുകൊണ്ട് കുളത്തിലെ വെള്ളം തെളിഞ്ഞു കാണാം. ആകാശത്ത് പൂർണ്ണശോഭയിൽ തിളങ്ങുന്ന ചന്ദ്രന്റെ പ്രതിബിംബം അതേപടി വെള്ളത്തിൽ കാണാം, അതിന്റെ കിരണങ്ങൾ വെള്ളത്തിൽ കൂടുതൽ ശോഭിക്കുന്നുണ്ട്.

നല്ലൊരു മനോഹര കാഴ്ച്ച തന്നെയാണത്. തറവാട്കുളമാ വർഷങ്ങൾ പഴക്കമുണ്ട് ഈ കുളത്തിന്, കുളത്തിലേക്ക് അത്ഭുതത്തോടെ ഉറ്റുനോക്കി നിൽക്കുന്ന ഋഷിയെ നോക്കിയവൾ പറഞ്ഞു. ശരിക്കും നീ എന്ത് ഭാഗ്യവതിയാണ്, ഞാൻ എപ്പോഴും ഓർക്കും നിന്റെ കാര്യം, ഒരുപാട് പേരടങ്ങുന്ന വലിയ ഒരു കുടുംബം, ചുറ്റിനും സ്നേഹിക്കാൻ ഒരുപാട് പേര്, പാരമ്പര്യം കൈവിടാത്ത നല്ലൊരു കുടുംബം, അച്ഛനും അമ്മയും സ്നേഹിച്ചു കല്ല്യാണം കഴിച്ചത്ക്കൊണ്ട് എനിക്ക് പറയത്തക്ക ബന്ധുക്കൾ അധികമില്ല, നിന്റെ കുടുംബം കാണുമ്പോൾ ശരിക്കും നിന്നോട് അസൂയ തോന്നുന്നു ഋഷി കുളക്കടവിലേക്കിരുന്ന് കാലുകൾ വെള്ളത്തിലേക്കിട്ടുക്കൊണ്ട് കൃപയെ നോക്കി പറഞ്ഞു എന്നെ സ്വന്തമാക്കുന്നതിലൂടെ ഈ കുടുംബം ഡോക്ടറേറതുകൂടി ആവില്ലേ. അവൾ അവനരികിലായി ഇരുന്നുകൊണ്ട് പറഞ്ഞു. കാര്യങ്ങൾ എല്ലാരും അറിയുമ്പോൾ എന്നെ ജീവനോടെ ബാക്കി വെച്ചാൽ മതിയായിരുന്നു ഋഷി അവളെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു. കൃപ അതുകേട്ടപ്പോൾ സങ്കടത്തോടെ മുഖം കുനിച്ചിരുന്നു അവൾക്കറിയാം സംഭവിക്കാൻ പോകുന്നത് ഏറെക്കുറെ ഇതുതന്നെയാണെന്ന്,

തന്നെ വിഷമിപ്പിക്കാൻ പറഞ്ഞതൊന്നും അല്ലടോ ഞാൻ ചുമ്മാ പറഞ്ഞതാ, അവൻ അവളെ സമാധാനിപ്പിച്ചുക്കൊണ്ട് പറഞ്ഞു. അല്ല നീ എന്തും പറഞ്ഞാണ് അമ്പലത്തിൽ നിന്നും മുങ്ങിയത്,..? ചെറിയച്ഛന്റെ കാര്യം പറഞ്ഞ് അവിടെ നിന്നും മുങ്ങാൻ ഒക്കില്ലല്ലോ, ഋഷി പെട്ടെന്ന് വിഷയം മാറ്റാനായി ചോദിച്ചു. പിരീഡ്സ് ആണെന്ന് കള്ളം പറയേണ്ടി വന്നു, അതു കേട്ടതും അശ്രീകരം എന്ന് പറഞ്ഞു അച്ഛമ്മ താക്കോല്ക്കൂട്ടം എന്റെ മുമ്പിലേക്കേറിഞ്ഞു തന്നു. കൃപ ഒരു പുഞ്ചിരിയോടെ പറഞ്ഞു. പണ്ടത്തെ സ്ത്രീകളുടെ ഒരു പ്രധാന സ്വഭാവമാണിത്, പീരീഡ്‌സ് കാലഘട്ടം എന്തോ മോശം സമയമായിട്ട് കാണുന്നത്, ശരിക്കും നിങ്ങൾ സ്ത്രീകളുടെ ഈ അവസ്ഥ ഓർക്കുമ്പോൾ ബഹുമാനം തോന്നാറുണ്ട്,എത്രയൊക്കെ വേദന കടിച്ചമർത്തിയാണ് അന്നേ ദിവസം നിങ്ങൾ പുഞ്ചിരിക്കാൻ ശ്രമിക്കുന്നത്, എല്ലാം സഹിക്കാൻ ദൈവം നിങ്ങൾക്ക് ഒരു കഴിവ് തന്നിട്ടുണ്ട്, അവൻ പറയുന്നതെല്ലാം അവൾ ഒരു പുഞ്ചിരിയോടെ കേട്ടിരുന്നു. നീ ആ കയ്യൊന്നു നീട്ടിക്കേ ഞാൻ നിനക്കൊരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട് അവൻ അവളെ നോക്കി പറഞ്ഞു. കൃപ ആകാംഷയോടെ കൈ നീട്ടി. വലിയ പ്രതീക്ഷയൊന്നും വേണ്ട,

ഒരുപക്ഷേ നിങ്ങൾ പെൺകുട്ടികൾക്ക് ഇപ്പോളിത് ഇഷ്ടമാണോയെന്ന് പോലും എനിക്കറിയില്ല, അമ്പലപ്പറമ്പിൽ കണ്ടപ്പോൾ ഒരു കൗതുകം തോന്നി, ഇതുവരെ ഇങ്ങനെയുള്ള സാധനങ്ങളൊന്നും വാങ്ങി കൊടുക്കാൻ എനിക്കൊരു പെണ്ണുങ്ങൾ പോലും ഉണ്ടായിരുന്നില്ലല്ലോ...? ഇത് കണ്ടപ്പോൾ നിന്റെ മുഖം മനസ്സിലേക്ക് വന്നു അതാ വാങ്ങിച്ചത്. ഡോക്ടർ ധൈര്യമായിട്ടിങ്ങു താ ഡോക്ടറെ ഡോക്ടർ എന്ത് തന്നാലും എനിക്ക് ഇഷ്ടപ്പെടും. കൃപ അവനെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു. അവൻ അവളുടെ കൈകളിലേക്ക് കറുത്ത കുറച്ചു കുപ്പിവളകൾ വെച്ചുകൊടുത്തു. ഹായ് കുപ്പിവള, ഇതാണോ ഡോക്ടറെ പെൺകുട്ടികൾക്ക് ഇഷ്ടമില്ല എന്ന് പറഞ്ഞത്,..? പെൺകുട്ടികൾ എത്ര മോഡേൺ ആണെന്ന് പറഞ്ഞാലും കുപ്പിവളകളോടുള്ള പ്രണയം എല്ലാ പെൺകുട്ടികൾക്കുമുണ്ട്, കുപ്പിവള എനിക്കും ജീവനാണ് എല്ലാവർഷവും എനിക്ക് ചെറിയച്ഛനാണ് വാങ്ങിത്തരാറ് പക്ഷേ ഈ വർഷം വെളിവില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ ഇനിയതൊന്നും കിട്ടില്ലെന്നോർത്ത് വിഷമിച്ചിരുന്നതാ കൃപ സന്തോഷത്തോടെ പറഞ്ഞു. അവൻ തന്നെയാണ് അവളുടെ കൈകളിൽ ആ കുപ്പിവളകളണിയിച്ചത്. അവളുടെ വെളുത്ത കൈകളിൽ ആ കറുത്ത കുപ്പിവളകൾ കാണാൻ ഏറെ ചന്തമുണ്ടായിരുന്നു,

അവൾ കൈകൾ ഉയർത്തിപ്പിടിച്ച് കുപ്പിവളകൾ കിലുക്കി അതിന്റെ ഭംഗി ആസ്വദിച്ചു, ഒരു കൊച്ചുക്കുട്ടിയെപ്പോലെ. ഋഷി അവളുടെ പ്രവർത്തികളൊക്കെ സന്തോഷത്തോടെ നോക്കിയിരുന്നു. നിലാവിന്റെ വെള്ളി കിരണങ്ങൾ അവളുടെ മുഖത്ത് പതിച്ചപ്പോൾ ആ മൂക്കുത്തി നന്നായി തിളങ്ങുന്നുണ്ടായിരുന്നു. താമര മൊട്ടു പോലുള്ള ആദരവും വിടർന്ന കണ്ണുകളും നിലാവിന്റെ ശോഭയിൽ കൂടുതൽ സുന്ദരമായി തോന്നി, അവൻ അവളെ തന്നെ നോക്കിയിരുന്നു. ഋഷിയുടെ നോട്ടം കണ്ട് അവൾക്ക് അതുവരെയുമില്ലാത്ത സാധനം ഒക്കെ പുറത്തുചാടി, "നാണം " അവൾ നാണത്തോടെ മിഴികൾ താഴ്ത്തി, അവൻ അവളിലേക്ക് കൂടുതൽ അടുത്തു വിറയാർന്ന അവളുടെ അധരങ്ങളെ തന്റെ അധരങ്ങളാൽ സ്വന്തമാക്കി. അവരുടെ രണ്ടാളുടെയും അധരങ്ങൾ മത്സരിച്ചു സ്നേഹിച്ചു, അവന്റെ വിരലുകൾ അവളുടെ മുഖത്തിലൂടെ ഓടി നടന്നു. ആ പ്രണയത്തിന് കുളവും പൂർണ്ണ ശോഭയിൽ തിളങ്ങുന്ന ചന്ദ്രനും സാക്ഷിയായി. ഏറെ സമയം കഴിഞ്ഞപ്പോൾ കൃപ കിതച്ചുകൊണ്ട് അവനിൽനിന്ന് വേർപെട്ടു, അവൻ പുഞ്ചിരിയോടെ അവളെ ഒന്നു നോക്കി, അവൾ നാണത്താൽ തല താഴ്ത്തി. ആദ്യ ചുംബനത്തിന്റെ അനുഭൂതിയിലായിരുന്നു അവൾ. അവനാ കൽപ്പടവിലേക്ക് തന്നെ തല ചായ്ച്ചു കിടന്നു.

അവൾ അവന്റെ നെഞ്ചിൽ തലവെച്ച് കിടന്നു. കൃപു എനിക്കൊരുപാട് കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളുണ്ടെ ടീ, നീയുമായി ഒരുപാട് യാത്ര ചെയ്യണം, നിന്നെ ഒരുപാട് സ്നേഹിക്കുണം , ഇപ്പോഴേ നിന്നെ ഒരു ദിവസം പോലും കാണാതിരിക്കാനെനിക്ക് വയ്യ, കല്യാണം കഴിഞ്ഞാൽ ഒരു നിമിഷം പോലും എന്റെ അരികിൽ നിന്നും ഞാൻ മാറ്റി നിർത്തില്ല, അവൻ ഒരുപാട് വാചാലനാവുന്നത് കൃപ കൗതുകത്തോടെ കേട്ടിരുന്നു. അന്ന് ഋഷി അവന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം അവളോട് പറഞ്ഞു. അവൾ എല്ലാം കൗതുകത്തോടെ കേട്ടിരുന്നു. സമയം പോയത് പോലും രണ്ടാളും അറിഞ്ഞില്ല. കുളപ്പടവിൽ നിന്ന് ആരോ സംസാരിക്കുന്നുണ്ട് കൃഷ്ണേട്ടാ ഇങ്ങോട്ടൊന്നു ഓടിവാ.... എന്നുള്ള യാശോധയുടെ ശബ്ദം കേട്ടാണ് രണ്ടാൾക്കും പരിസരബോധം വന്നത്. അവർ രണ്ടാളും ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. അപ്പോഴേക്കും ആരൊക്കെയോ കുളക്കടവിലേക്ക് വരുന്നതിന്റെ കാലൊച്ചകൾ കേൾക്കാമായിരുന്നു അവർക്ക്. കൃപ പേടിയോടെ ഋഷിയെ നോക്കി. എന്തുചെയ്യണമെന്നറിയാതെ അവനും കുഴങ്ങി..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story