💞 പെയ്‌തൊഴിയാതെ💞 : ഭാഗം 31

peythozhiyathe rafeena

രചന: RAFEENA MUJEEB

 ധ്രുവ് ഭക്ഷണം കഴിച്ചു കഴിഞ്ഞു നേരെ മുത്തശ്ശിയുടെ റൂമിലേക്കാണ് പോയത്. മുത്തൂസ് കിടക്കുവാണോ...? എന്ത്യേ വയ്യേ എന്റെ മുത്തൂന് , ഈ നേരത്ത് പതിവില്ലാത്ത ഒരു കിടത്തം. റൂമിൽ കിടന്നുക്കൊണ്ടിരുന്ന നല്ലേടത്തമ്മയുടെ അരികിലേക്ക് വന്നുക്കൊണ്ട് അവൻ ചോദിച്ചു. എന്താണ് പതിവില്ലാത്ത ഒരു സ്നേഹം നിനക്ക്...?അവർ ചിരിച്ചുകൊണ്ട് എഴുന്നേറ്റിരുന്നു. അല്ലെങ്കിൽ ഞാൻ എന്റെ മുത്തിയെ സ്നേഹിക്കാറില്ലേ..? അവൻ പരിഭവം നടിച്ചുക്കൊണ്ട് മാറിയിരുന്നു. അപ്പോഴേക്കും പിണങ്ങിയോ..? നീയൊക്കെ ഒരു പോലീസുകാരൻ തന്നെയാണോടാ....? ഞാനൊരു തമാശ പറഞ്ഞതല്ലേ,..? അവർ അവന്റെ മുഖം തന്നിലേക്ക് തിരിച്ചുക്കൊണ്ട് പറഞ്ഞു. ആണോ എന്നാൽ ഞാനും തമാശ പറഞ്ഞതാ.. അവനും ചിരിച്ചുകൊണ്ട് പറഞ്ഞു. അതിരിക്കട്ടെ എങ്ങനെ മനസ്സിലായി മുത്തുവിന് എന്റെ മനസ്സിൽ അവളോട് ഇഷ്ടമുണ്ടെന്ന്, അവൻ ഒരു കള്ളച്ചിരിയോടെ അവരെ നോക്കി ചോദിച്ചു. നിന്റെ മനസ്സ് വായിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ ആരുടെ മനസ്സ് വായിക്കും , എനിക്ക് നേരത്തേ മനസ്സിലായിരുന്നു നിന്റെ മനസ്സിൽ അവളോടിഷ്ടമുണ്ടെന്ന്,

അതാ കാര്യങ്ങൾ ആരോടും പറയാതെ രണ്ടുപേരുടെയും ജാതകപൊരുത്തം ആദ്യം നോക്കിയത്,പൊരുത്തമുണ്ടെങ്കിൽ നിങ്ങളൊരുമിക്കുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാവും അവർ ചിരിച്ചുക്കൊണ്ട് പറഞ്ഞു. അതെനിക്ക് അറിയാലോ എന്റെ മുത്തുവേ... പക്ഷേ ഇനി അവളുടെയുള്ളിൽ എന്നോടിഷ്ടമില്ലെങ്കിലോ....? അവൻ മുത്തശ്ശിയെ നോക്കിക്കൊണ്ട് ചോദിച്ചു. അതൊക്കെ അവൾ പതിയെ ഇഷ്ടപ്പെട്ടോളും , കല്ല്യാണം കഴിഞ്ഞാലും അവളെ പൊന്നുപോലെ നോക്കിയാൽ മതി എന്റെ കുട്ടി. അതൊക്കെ ഞാൻ ഏറ്റു മുത്തു വേ, അവൻ അവരെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു അവിടെ നിന്നും പോയി. നല്ലേടത്തിമ്മ അവൻ പോകുന്നതും നോക്കി ചിരിച്ചുക്കൊണ്ടിരുന്നു. ************ ഋഷി എത്ര പറഞ്ഞിട്ടും കൃപ കരച്ചിൽ നിർത്താൻ കൂട്ടാക്കുന്നില്ല, അവന്റെ മുമ്പിലിരുന്ന് തേങ്ങി കരയുകയാണവൾ. പെണ്ണേ നീ ഇത്ര സില്ലിയായാൽ എങ്ങനെ..? ഇത്തിരികൂടി സ്ട്രോങ്ങ് ആയി നിൽക്കേണ്ട സമയമല്ലേയിത്,..? നീ ഒന്നുകൊണ്ടും പേടിക്കേണ്ട,

ഋഷിക്ക് ജീവനുണ്ടെങ്കിൽ നിന്നെ ഒരാൾക്കും വിട്ടുകൊടുക്കില്ല , അതോർത്ത് എന്റെ കുട്ടി ഒട്ടും പേടിക്കേണ്ട, നിന്നെ കൈവിടില്ലെന്ന് നിനക്ക് ഞാൻ വാക്ക് തന്നിട്ടുണ്ടെങ്കിൽ അത് പാലിക്കാനുള്ള തന്റേടം എനിക്കുണ്ട്, ഈ കാര്യത്തിൽ നിന്റെ ചെറിയച്ഛന്റെ അതേ സ്വഭാവം തന്നെയാണ് എനിക്കും. ആലോജന വന്നിട്ടല്ലേയുള്ളൂ, ഒന്നും തീരുമാനിച്ചുറപ്പിച്ചിട്ടില്ലല്ലോ,...? ആദ്യം എന്റെ അച്ഛനോടും അമ്മയോടും കാര്യം പറയണം. എന്റെ ജീവിതത്തിൽ അവരറിയാത്ത ഏക രഹസ്യം നമ്മുടെ ഈ ബന്ധമാണ്, അവരൊരിക്കലും ഇതിനെ എതിർക്കില്ല, എന്റെയിഷ്ടമാണ് അവരുടെയും ഇഷ്ടം. അവരുമായി ഞാൻ നിന്റെ വീട്ടിൽ വന്നു വിവാഹം ആലോചിക്കാം, അതിനുമുമ്പ് എനിക്ക് ധ്രുവുമായും ദത്തനുമായും ഒന്ന് സംസാരിക്കണം, നമുക്കു മുൻപിൽ ഇനിയും സമയമുണ്ട്, നീ ഒന്നോർത്തും വിഷമിക്കേണ്ട ആര് എതിർത്താലും ഞാൻ നിന്നെ സ്വന്തമാക്കും, അവരൊന്നും ഒരുതരത്തിലും സമ്മതിക്കില്ല എന്ന് ഉറപ്പായാൽ മോള് മതിലു ചാടാൻ തയ്യാറായിക്കോ, അവൻ പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു. ഋഷിക്ക് എല്ലാം തമാശയാണ്, നിനക്കറിയില്ല എന്റെ അച്ഛമ്മയെ, അച്ഛമ്മ ഒന്ന് തീരുമാനിച്ചാൽ തീരുമാനിച്ചതാ,

അതിൽ പിന്നെ ഒരു മാറ്റവും ഉണ്ടാവില്ല, ഇതുകേട്ടതും എന്റെയുള്ളിൽ തീയാണ് . എന്നിട്ട് നിന്റെ ചെറിയച്ഛന്റെ കാര്യത്തിൽ ആ തീരുമാനം നടന്നോ,...? ചെറിയച്ഛന്റെ ആഗ്രഹമല്ലേ നടന്നത്, പുലിപോലെ വന്നത് എലി പോലെ ആയില്ലേ നിന്റെ ചെറിയച്ഛന്റെ മുൻപിൽ, ഇതും അതുപോലെ തന്നെ ആയിരിക്കും, ആരൊക്കെ എതിർത്താലും നിന്റെ ചെറിയച്ഛൻ നമ്മുടെ സൈഡ് നിൽക്കുമെന്നാണ് എന്റെ കണക്കുകൂട്ടൽ, അങ്ങനെയാണെങ്കിൽ ബാക്കിയുള്ളവരെ ചെറിയച്ഛൻ കൈകാര്യം ചെയ്തോളും ഇനി അവരൊന്നും സമ്മതിച്ചില്ലെങ്കിലും ഞാൻ നിന്നെ പോക്കും , എന്റെ പെണ്ണിനും മറ്റാർക്കും വിട്ടു കൊടുക്കുന്നത് സ്വപ്നത്തിൽപോലും എനിക്കോർക്കാൻ വയ്യ , നീ ഇപ്പോൾ ഒന്നും ആലോജിച്ച് മനസ്സ് വിഷമിപ്പിക്കേണ്ട, പഠനത്തിൽ നല്ലപോലെ ശ്രദ്ധിക്കുക, എക്സാം നന്നായിട്ടെഴുതുക , ബാക്കിയൊക്കെ നമുക്ക് വഴിയെ തീരുമാനിക്കാം, ഋഷി അവളെ സമാധാനിപ്പിച്ചുക്കൊണ്ട് പറഞ്ഞു. ************ ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി, കൃപയുടെ എക്സാം എല്ലാം കഴിഞ്ഞ് കോളേജ് അടച്ചു.

പിന്നീടുള്ള ദിവസങ്ങൾ ഫ്രണ്ട്സിനെയും ഋഷിയേയും കൃപയ്ക്ക് വല്ലാതെ മിസ്സ് ചെയ്തു, ഋഷി വിളിച്ചാൽ പരിഭവം പറയാനേ അവൾക്ക് നേരമുള്ളൂ, പരസ്പരം കാണാത്തതിലുള്ള സങ്കടം പറഞ്ഞവൾ പൊട്ടിക്കരയും, എന്നും ആ സംഭാഷണം അവസാനിപ്പിക്കുമ്പോൾ കൃപ കരഞ്ഞുകൊണ്ടാണ് ഫോൺ വയ്ക്കാറ്, വീട്ടിൽ നിന്നും അനാവശ്യമായി പുറത്തിറങ്ങാൻ കൃപയ്ക്ക് അനുവാദമില്ല, എങ്ങനെയെങ്കിലും നേരിൽ കാണാൻ വഴിയുണ്ടാക്കാമെന്ന് ഋഷി അവൾക്ക് ഉറപ്പുനൽകി. വീട്ടിൽ ഇപ്പോൾ എല്ലാവരുടെയും ചർച്ചാവിഷയം വരാനിരിക്കുന്ന കല്ല്യാണങ്ങളെക്കുറിച്ച് ആയതുകൊണ്ട് കൃപ അധികമാരോടും സംസാരിക്കാൻ പോകാറില്ല, അവൾക്ക് താല്പര്യമില്ലാത്ത വിഷയമായതിനാൽ എല്ലാവരിൽ നിന്നും അവൾ മനപ്പൂർവ്വം ഒഴിഞ്ഞുമാറി. ധ്രുവിനെ നേരിൽ കാണുന്ന സാഹചര്യങ്ങൾ പരമാവധി അവൾ ഒഴിവാക്കി. അവനും ജോലിസംബന്ധമായ തിരക്കുള്ളതിനാൽ അതൊന്നും ശ്രദ്ധിക്കാനും ടൈം ഉണ്ടായിരുന്നില്ല, വീട്ടിൽ ആരും തന്നെ അവളെ മനസ്സിലാക്കാതെ കൃപ ശരിക്കും ഒറ്റപ്പെട്ടു തനിച്ചിരിക്കുന്ന അധിക സമയവും അവൾ കണ്ണീരിനെ കൂട്ടുപിടിച്ചു. ഋഷിയെ ഒരുനോക്കുകാണാൻ അവൾ വല്ലാതെ ആഗ്രഹിച്ചു.

ആകെയുള്ള ആശ്വാസം തന്നെ തേടിവരുന്ന ഋഷിയുടെ കോളുകളും തന്റെ ഫ്രണ്ട്സിന്റെ കോളുകളും മാത്രമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വൈകിട്ട് ഋഷിയുടെ കോൾ അവളെ തേടിയെത്തി. ഫോൺ എടുത്തതും അവൻ നല്ല സന്തോഷത്തിലായിരുന്നു അവളോട് സംസാരിച്ചത്. നിനക്ക് വേണ്ടി ഞാൻ ഒരു വലിയ സർപ്രൈസ് പ്ലാൻ ചെയ്തിട്ടുണ്ട്, നിന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു വിരുന്ന്, നിനക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന ചില കാഴ്ച്ചകൾ, ഒരുങ്ങിയിരുന്നോ എന്റെ സർപ്രൈസിനായി, നീ എങ്ങനെയെങ്കിലും നാളത്തെ ദിവസം വീട്ടിൽ നിന്ന് ചാടാനുള്ള പ്ലാൻ ഉണ്ടാക്ക് , രാവിലെ നേരത്തെ റെഡിയായി ഇരുന്നോണം, ഞാൻ വിളിക്കുമ്പോൾ വീട്ടിൽനിന്ന് ഇറങ്ങിയാൽ മതി, ബാക്കിയൊക്കെ നേരിട്ട് പറയാം എന്ന് പറഞ്ഞ് ഫോൺ വെക്കാൻ നിന്നതും കൃപ ഇടയിൽ കയറി. ഒരു സർപ്രൈസും വേണ്ട എന്താ കാര്യം എന്ന് പറ ഡോക്ടറെ, അല്ലെങ്കിൽ ആ കാര്യമോർത്ത് ഞാൻ രാത്രി മുഴുവൻ ഉറക്കമൊഴിച്ചിരിക്കും, അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു. അയ്യടി സർപ്രൈസ് പറഞ്ഞാൽ പിന്നെ അതിൽ എന്താ ത്രിൽ, നീ എന്തായാലും വീട്ടിൽ സമ്മതം ചോദിച്ചു വെക്ക് ഞാൻ രാത്രി വിളിക്കുമ്പോൾ ഒരു ക്ലൂ തരാം വേണമെങ്കിൽ,

അവൻ ഒരു ചിരിയോടെ പറഞ്ഞു. കള്ള ഡോക്ടർ മനുഷ്യനെ ടെൻഷനാക്കാൻ ഓരോ നമ്പരുമായി ഇറങ്ങിക്കോളും, നീ ഇത്ര ടെൻഷനാകാൻ ഒന്നുമില്ല എന്റെ കൃപു , നാളെ ഞെട്ടാൻ റെഡിയായി ഇരുന്നോളൂ മറക്കാത്ത ഒരു ദിവസമായി മാറ്റി തരാൻ ഞാൻ, അവൻ പുഞ്ചിരിയോടെ അവളോട് പറഞ്ഞു. എന്ത് കുന്തമായാലും വേണ്ടില്ല, എനിക്ക് ഒരുപാട് നേരം ആ നെഞ്ചിൽ തല ചായ്ച്ചിരിക്കണം, കൊതിയാവുന്നുണ്ട് അങ്ങനെയൊന്നിരിക്കാൻ അവൾ സങ്കടത്തോടെ പറഞ്ഞു. അച്ചോടാ....എനിക്കും ആഗ്രഹമുണ്ട് എന്റെ മുത്തിനെ നെഞ്ചിലേക്ക് ചേർത്ത് നിന്റെ കൈകളിൽ കൈ കോർത്ത് ഒരുപാട് നേരമിരിക്കാൻ, നാളെ നമുക്ക് ഒരുപാട് സമയം ഒരുമിച്ച് ചിലവഴിക്കണം,, എത്ര നാളുകൾക്കുശേഷമാ നമ്മൾ ഒന്ന് നേരിൽ കാണാൻ പോകുന്നത് അതിന്റെ സന്തോഷമുണ്ട് എനിക്ക്, ഋഷി യുടെ വാക്കുകളിൽ തന്നെ ആ സന്തോഷം പ്രകടമാണ്, എനിക്കും കാണാഞ്ഞിട്ട് വീർപ്പുമുട്ടാൻ തുടങ്ങിയിട്ട് ദിവസങ്ങളായി, അതുപറയുമ്പോൾ കൃപയുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ വീണു,

രാത്രി വിളിക്കാം എന്നു പറഞ്ഞ് അപ്പോൾ തന്നെ ഋഷി ഫോൺ കട്ടാക്കി. കൃപയ്ക്ക് അടുത്ത ടാസ്ക് അച്ഛമ്മയെ സോപ്പിടലാണ്, അച്ഛമ്മ സമ്മതിച്ചാൽ പിന്നെ ബാക്കിയുള്ളവർ അങ്ങനെ എതിർക്കില്ല, ഒരുപാട് ബുദ്ധിമുട്ടിയെങ്കിലും അച്ഛമ്മ അവസാനം അവളുടെ ആവശ്യം അംഗീകരിച്ചു. അച്ഛമ്മയുടെ സമ്മതം കിട്ടിയതും അച്ഛനെ കണ്ട് കാര്യം പറഞ്ഞ് അവിടെ നിന്നും അനുവാദം വാങ്ങി. ഋഷി വിളിക്കുമ്പോൾ സന്തോഷവാർത്ത പറയാനായി അവൾ കാത്തിരുന്നു, രാത്രി ഒരുപാട് വൈകിയിട്ടും ഋഷിയുടെ കോൾ കാണാത്തതുക്കൊണ്ടവൾ അവന് അങ്ങോട്ട് വിളിച്ചു. പക്ഷേ പതിവില്ലാതെ അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഡോക്ടർ ഇപ്പോഴേ സർപ്രൈസ് തരാൻ തുടങ്ങിയോ ഈശ്വരാ...!! അവൾ മനസ്സിലോർത്തു. ആ ദിവസം രാത്രി പകലാക്കി അവനെ വിളിച്ചിട്ടും നിരാശയായിരുന്നു ഫലം. രാവിലെ പതിവിലും നേരത്തെ റെഡിയായി അവൾ അവനു വേണ്ടി കാത്തിരുന്നു. അവന്റെ കോൾ വരാത്തതുകൊണ്ട് അങ്ങോട്ട് വിളിച്ചപ്പോൾ ഫോൺ അപ്പോഴും സ്വിച്ച് ഓഫ് ആയിരുന്നു .

അവളുടെ ഉള്ളിൽ അതുവരെയില്ലാത്ത ഭയം കയറിക്കൂടി. നിരാശയോടെ ഫോൺ ബെഡിലേക്കെറിഞ്ഞ് ഓരോന്നാലോചിച്ച് ഇരിക്കുമ്പോഴാണ് സൈനു വിന്റെ വിളി. മോൾ എന്താ ഇതുവരെ പോയില്ലേ..? ഒരുപാട് നേരമായല്ലോ റെഡിയായി നിൽക്കാൻ തുടങ്ങിയിട്ട്, കൃഷ്ണന്റെ ശബ്ദമാണ് അവളെ പഴയ ചിന്തകളിൽ നിന്ന് ഉണർത്തിയത്, അതൊന്നുമില്ലച്ഛാ ഫ്രണ്ട്സിന്റെ കൂടെയാണ് പോകുന്നത് അവരെല്ലാം റെഡിയായിട്ട് വിളിക്കാമെന്നു പറഞ്ഞിട്ടുണ്ട്, അവർ വിളിച്ചതിനു ശേഷം ഇവിടെ നിന്നും ഇറങ്ങാം എന്ന് വിചാരിച്ചിട്ടാണ് അവൾ കൃഷ്ണനെ നോക്കി ഒരു ചിരിയോടെ പറഞ്ഞു. എന്നാൽ അവർ വിളിക്കുമ്പോൾ പോകാം, ഏത് സമയവും ഈ മുറിയിൽ തന്നെ ഇരിക്കാതെ നിനക്കെന്താ പുറത്തേക്കൊക്കെ ഒന്ന് ഇറങ്ങിയാൽ കുട്ട്യേ...?, ഇപ്പോൾ അധികസമയവും നീ ഈ റൂമിൽ തന്നെയാണല്ലോ കൃഷ്ണൻ അവളെ നോക്കി പറഞ്ഞു . കൃപ അതിനൊരു പുഞ്ചിരിയിൽ മറുപടി ഒതുക്കി. മോളിങ്ങു വന്നേ ഇങ്ങനെ ഈ മുറിയിൽ തന്നെ ചടഞ്ഞിരിക്കാതെ അവര് വിളിക്കുമ്പോൾ പോകാം അതുവരെ അച്ഛന്റെ കൂടെയിരിക്കും എന്നു പറഞ്ഞു കൃഷ്ണൻ അവളെയും കൊണ്ട് താഴേക്കിറങ്ങി.

താഴെ കൃഷ്ണന്റെ രണ്ടു ജേഷ്ഠൻമാരും സഹോദരി ഭർത്താക്കന്മാരും നല്ലേടത്തമ്മയും ഇരുന്ന് ന്യൂസ് കാണുന്നുണ്ട്. കൃഷ്ണൻ അവളെയും വിളിച്ച് അവരുടെ അടുത്ത് ചെന്നിരുന്നു. എല്ലാവരും ന്യൂസ് കേൾക്കുന്ന തിരക്കിലാണ്, ഒന്നിനും താൽപര്യമില്ലാതെ ഒരു പ്രതിമ കണക്കെ കൃപ അവർക്ക് നടുവിലിരുന്നു . പെട്ടെന്നാണ് അവളെ ഞെട്ടിച്ച്‌ ഒരു വാർത്ത അവളുടെ ശ്രദ്ധയിൽപ്പെട്ടത്. സംസ്ഥാനത്ത് ഇന്നലെ നടന്ന വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. മദർ കെയർ ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം ജോലിനോക്കുന്ന യുവ ഡോക്ടർ ഋഷികേശ് ആണ് മരിച്ചത് , ജോലിസംബന്ധമായ ഏതോ യാത്രയിലായിരുന്നു അദ്ദേഹം, എതിരെ വന്ന ലോറി അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിലേക്ക് വന്നിടിക്കുകയായിരുന്നുവെന്ന് ദൃസ്സാക്ഷികൾ പറയുന്നു, സംഭവത്തിൽ തൽക്ഷണം തന്നെ ഡോക്ടർ മരണപ്പെട്ടു, പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി ബോഡി പോസ്റ്റ്മോർട്ടത്തിനു മെഡിക്കൽ കോളേജിലേക്ക് അയച്ചു..... ബാക്കി എന്താണ് പറയുന്നതെന്നൊന്നും അവൾക്ക് വ്യക്തമായിരുന്നില്ല. ഉള്ളിൽ നിന്നും ഒരു ആളൽ ആണ് ആദ്യം ഉണ്ടായത്. തലയ്ക്കകത്ത് ഒരു മൂളക്കം മാത്രം, ചുറ്റും എല്ലാവരും ഇരിക്കുന്നതുകൊണ്ട് ഒന്ന് പൊട്ടിക്കരയാൻ പോലും അവൾ ഭയന്നു. തന്റെ സങ്കടം ആരുമറിയാതിരിക്കാൻ അവൾ കടിച്ചമർത്തി...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story