💞 പെയ്‌തൊഴിയാതെ💞 : ഭാഗം 32

peythozhiyathe rafeena

രചന: RAFEENA MUJEEB

 അവൾ അവിടെ നിന്നും യാന്ത്രികമായി എഴുന്നേറ്റു. മോളെവിടെ പോകുന്നു പിന്നിൽ നിന്ന് കൃഷ്ണന്റെ ശബ്ദം കേട്ടിട്ടും തിരിഞ്ഞുപോലും നോക്കാതെ അവൾ റൂമിലേക്ക് നടന്നു, മനസ്സ് മരവിച്ചിരിക്കുകയാണ്, ഒരു പ്രതിമ കണക്കെയവൾ റൂമിലെത്തി വാതിലടച്ചു കുറ്റിയിട്ടു. റൂമിലെത്തിയപ്പോഴാണ് ബെഡിൽ കിടന്ന് ഫോൺ നിർത്താതെ ശബ്ദിക്കുന്നത് കണ്ടത്. സൈനുവാണ് അവൾ ഫോണെടുത്ത് ചെവിയോടടുപ്പിച്ചു. കൃപു നീ വിഷമിക്കല്ലേ ടാ, ഞങ്ങളൊക്കെയുണ്ട് കൂടെ , നീ തളരരുത്, എന്റെ മോള് വിഷമിക്കേണ്ട കേട്ടോ, വേണ്ടാത്തത് ഒന്നും ചിന്തിച്ചു കൂട്ടണ്ട, നീ ഒറ്റയ്ക്കിരിക്കാതെ എല്ലാവരുടെ അടുത്തേക്കും പോ അങ്ങനെ എന്തൊക്കെയോ സൈനു കരഞ്ഞുകൊണ്ട് പറയുന്നുണ്ട്, പക്ഷേ കൃപ ഒന്നിനും മറുപടി കൊടുത്തില്ല, അവളുടെ കൈയിൽനിന്ന് ആ ഫോൺ ഊർന്നു ചാടി. അവൾ ബാത്റൂമിൽ കേറി ടാപ്പ് തുറന്നുവെച്ച് അലറിക്കരഞ്ഞു. കേട്ടതൊക്കെ ഒന്നുകൂടി മനസ്സിലോർത്തു നോക്കി, കേട്ടതൊക്കെ സത്യമാണ്, തന്റെ ഋഷി ഇനിയില്ല, ഒരുപാട് പ്രതീക്ഷയോടെ ആഗ്രഹത്തോടെ തമ്മിൽ കാണാമെന്ന് പറഞ്ഞ് കാത്തിരുന്ന ദിവസമാണിന്ന്, ഇനി ഒരു കാഴ്ച്ചയുണ്ടാവില്ല,

തന്നെ ഒറ്റക്കാക്കില്ലെന്നു പറഞ്ഞിട്ട് പാതിവഴിയിൽ ഇട്ടിട്ടു പോയി, ഒന്ന് പൊട്ടിക്കരയണമെങ്കിൽ പോലും സ്വാതന്ത്ര്യമില്ലയിവിടെ , അല്ലെങ്കിലും ഇനി താൻ എന്തിനാണ് ജീവിക്കുന്നത്, ഡോക്ടറില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ഒരു നിമിഷം പോലും തനിക്ക് ചിന്തിക്കാൻ വയ്യ, ഡോക്ടറില്ലാത്ത ഈ ലോകത്ത് താൻ മാത്രമെന്തിനാണ്, അവൾ പെട്ടെന്ന് എന്തോ ചിന്തിച്ചുറപ്പിച്ചത് പോലെ മുഖം തുടച്ചു റൂമിലേക്കോടി. അലമാരയിലെ ഡ്രസ്സെല്ലാം വലിച്ചുവാരിയിട്ട് എന്തോ തിരയുന്നതിനിടയിലാണ് കതകിൽ ശക്തമായ മുട്ടു കേട്ടത്. അവൾ ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്നു. കതകിലുള്ള മുട്ട് ശക്തമായതോടെ അവൾ വാതിലിനടുത്തേക്ക് നടന്നു. ലോക്ക് മാറ്റി വാതിൽ തുറന്നപ്പോൾ മുന്നിൽ ദത്തൻ നിൽക്കുന്നു. ചെറിയച്ഛനെ കണ്ടതും നിയന്ത്രണം വിട്ടു പോകുമോ എന്നവൾ ഭയന്നു. ഒന്നും പറയാതെയവൾ അവനെയൊന്നു നോക്കി. മോള് വിഷമിച്ചിരിക്കുകയാണല്ലേ...,? സൈനു വിളിച്ചിരുന്നു, നിങ്ങളുടെ പരിജയത്തിലുള്ള ഡോക്ടറാണല്ലേ മരിച്ചത്, അവൾ നിന്നെയും കൂട്ടി അവിടേക്ക് ചെല്ലാൻ പറഞ്ഞു എന്നോട്, അതാ ഞാൻ പെട്ടെന്ന് ഓടി വന്നത്, മോള് വിഷമിക്കേണ്ട, ഇനി അതോർത്ത് വിഷമിച്ചിട്ട് എന്താ കാര്യം,..?

നീ വാ നമുക്ക് അവിടെ വരെ ഒന്ന് പോയി വരാം ദത്തൻ അവളോടായി പറഞ്ഞു. അവൻ പറയുന്നതെല്ലാം എക്കോ സൗണ്ട് കേൾക്കുന്നത് പോലെ കൃപയുടെ തലയ്ക്കകത്ത് മുഴങ്ങിക്കൊണ്ടിരുന്നു. ഒന്നും പറയാതെ നിൽക്കുന്ന കൃപയുടെ കൈപിടിച്ച് അവൻ താഴേക്കിറങ്ങി. മരിച്ചത് കൃപയുടെ സുഹൃത്താണെന്നും ഞങ്ങൾ അവിടെ വരെ പോയിട്ട് വരാമെന്നും ദത്തൻ കൃഷ്ണനോട് പറയുന്നത് ഏതോ അശരീരി പോലെ കൃപ കേൾക്കുന്നുണ്ട്. അവൾ ആരെയും ഒന്നു നോക്കുക പോലും ചെയ്യാതെ ഒരു ശില കണക്കെ ദത്തനെ അനുഗമിച്ചു. യാത്രയിലുടനീളം കൃപ പുറത്തെ കാഴ്ച്ചകളിലേക്ക് നോക്കി മൗനമായി ഇരിക്കുകയായിരുന്നു. ദത്തൻ ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ടെങ്കിലും കൂടുതലായി അവളോടൊന്നും ചോദിച്ചില്ല. ഋഷിയുടെ വീടിന്റെ ഗേറ്റിനു മുൻപിൽ തന്നെ അവന്റെ വലിയൊരു ഫോട്ടോയിൽ യുവ ഡോക്ടർക്ക് ആദരാഞ്ജലികൾ എന്നെഴുതിവെച്ചിട്ടുണ്ട്. കറുത്ത കോടികൾ സമീപത്തെല്ലാം ഉയർന്നിട്ടുണ്ട്.

ആ ഫോട്ടോയിലേക്ക് ഒന്നേ നോക്കിയുള്ളൂ കൃപ. ഉള്ളിൽ അത് വരെ കെട്ടിക്കിടന്ന കണ്ണുനീർ ധാരയായി ഒഴുകി. സങ്കടം കടിച്ചു പിടിച്ചവൾ വാ പൊത്തിയിരുന്നു. ഗേറ്റ് കഴിഞ്ഞ് ആ വീട്ടിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കണ്ടു. മുറ്റം നിറയെ പൂക്കൾക്കൊണ്ട് ടീച്ചറുണ്ടാക്കിയ പൂന്തോട്ടം, താഴെ പറമ്പിൽ മാഷിന്റെ കൃഷി, അതിനെക്കുറിച്ചൊക്കെ പറയുമ്പോൾ ഋഷിക്ക് നൂറ് നാവാണ്, അവൻ ഏറ്റവും ഇഷ്ടപ്പെടുന്നത് അവന്റെ വീട് തന്നെയാണെന്ന് എപ്പോഴും അവളോട് പറയും, വീടിനുചുറ്റും പൂക്കളും പച്ചക്കറികളും അവയ്ക്ക് നടുവിലിരുന്നാൽ സമയം പോകുന്നതു പോലും അറിയില്ല, കല്ല്യാണം കഴിഞ്ഞാൽ അവിടെയിരുന്ന് ഒരുപാട് സമയം ചെലവഴിക്കണമെന്ന് എപ്പോഴും പറയാറുണ്ട്, ഋഷിയുടെ സംസാരത്തിൽ എന്നും നിറഞ്ഞു നിൽക്കുന്ന അവൻ ഇഷ്ടപ്പെടുന്ന അവന്റെ വീട്. ഉള്ള് പിടഞ്ഞുക്കൊണ്ടാണ് കൃപ കാറിൽ നിന്നും ഇറങ്ങിയത്, മുറ്റവും പരിസരവും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു,

ഹോസ്പിറ്റലിലിലെ സഹപ്രവർത്തകരും ഋഷിയുടെ സുഹൃത്തുക്കളുമെല്ലാം വിവരമറിഞ്ഞ് എത്തിയിട്ടുണ്ട്, കേട്ട വാർത്തയുടെ നടുക്കത്തിലാണ് എല്ലാവരും, കൃപയെ കണ്ടതും സൈനുവും കൂട്ടരും അവളുടെ അരികിലേക്ക് ഓടി വന്നു. സൈനു അവളുടെ കൈകളിൽ മുറുകെപ്പിടിച്ചു അകത്തേക്ക് കൊണ്ടുപോയി. ബോഡി പോസ്റ്റുമോർട്ടം കഴിഞ്ഞ് എത്തിയതേയുള്ളൂ, അകത്തേക്ക് പോകുന്നതിനിടയിൽ ആരോ ഫോണിൽ പറയുന്നത് കേട്ട് കൃപ ഒരു നിമിഷം അവിടെനിന്നു പോയി. ബോഡി!!, തന്റെ ഡോക്ടറെയാണ് അയാൾ പറയുന്നത്, തന്റെ ഋഷി ഇന്ന് വെറും ഒരു ബോഡിയായി മാറി, അവൾ എത്ര തടഞ്ഞുനിർത്താൻ ശ്രമിച്ചിട്ടും അതിന് കഴിയാതെ കണ്ണുനീർ ഊർന്നിറങ്ങി, സൈനു അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് അകത്തേക്ക് കയറി, താൻ ഋഷിയുടെ കൈപ്പിടിച്ച് വലതുകാൽ വെച്ച് കയറി വരേണ്ട വീട്, തന്റെ ഡോക്ടറുടെ സ്വർഗ്ഗം, കൃപ ആ വീട് ഒന്ന് ചുറ്റും നോക്കി, ഋഷി പറയുന്നതുപോലെ തന്നെയാണ് ഇത് ഒരു സ്വർഗ്ഗം തന്നെയാണ് നിറയെ പൂക്കൾ ഉള്ള ഒരു കൊച്ചു വീട്.

അവൾ വലതുകാൽ വച്ച് തന്നെ ആ വീട്ടിലേക്ക് കയറി ഹാളിൽ തന്നെ കിടക്കുന്നുണ്ട് തന്റെ ഡോക്ടർ തന്റെ വരവും പ്രതീക്ഷിച്ച് . തലഭാഗത്ത് കത്തിച്ചുവെച്ച നിലവിളക്കിന് താഴെ ഒരു ചില്ലുകൂട്ടിൽ തന്റെ ഡോക്ടർ കിടക്കുന്നുണ്ട്, ഒരു വെള്ളക്കെട്ട് പൊതിഞ്ഞ് കെട്ടി മുഖം മാത്രമേ കാണുന്നുള്ളൂ. ചുണ്ടിനുതാഴെ യും നെറ്റിയിലും എവിടെയോ ഉരസിയതിന്റെ പാടുണ്ട്, ആ മുഖത്തേക്ക് ഒന്നേ അവൾ നോക്കിയുള്ളൂ, ചങ്ക് പൊട്ടിപ്പോയി, തന്റെ സ്വപ്നമാണ് ഇനിവിടെ നിശ്ചലമായി ഈകിടക്കുന്നത് പതിവിൽ കൂടുതൽ തേജസ്സുണ്ട് അന്നാ മുഖത്തിന് , ശാന്തനായി ഉറങ്ങുകയാണ് ഡോക്ടർ. ഒരിക്കലും മറക്കാത്ത കാഴ്ച്ച തനിക്ക് സമ്മാനിക്കാമെന്ന് പറഞ്ഞതാണ് ഇന്നലെ വിളിച്ചപ്പോൾ, ഇതായിരുന്നോ ഡോക്ടറേ ആ കാഴ്ച്ച, അവൾ തളർച്ചയോടെ ഋഷിയെ ഒന്നു നോക്കി, ഈ കാഴ്ച ഒരിക്കലും മറക്കില്ലല്ലോ...? ഇത്രയും വലിയ സർപ്രൈസ് ഒക്കെ എനിക്ക് തരണമായിരുന്നോ...? ഞാൻ ഇനി എന്ത് ചെയ്യും അതുകൂടി ഒന്ന് പറഞ്ഞുതാ, എന്തിനാ എന്നെ കൂട്ടാതെ പോയത്,...?

വിളിച്ചു കൂടായിരുന്നോ,...? ഏതു നരകിത്തിലേക്കാണേലും ഞാനും വരില്ലേ കൂടെ...? ഇനി എന്തിനാ ഞാൻ ജീവിക്കുന്നത്...? എന്ത് പ്രതീക്ഷയാണ് എനിക്കുള്ളത്, അവൾ ഋഷിയെ തന്നെ നോക്കി നിന്നു. വീണുപോകാതിരിക്കാൻ സൈനുവിനെ മുറുകെ പിടിച്ചിട്ടുണ്ടവൾ, ഋഷിയുടെ തൊട്ടടുത്തിരുന്ന ടീച്ചർ അലമുറയിട്ട് കരയുന്നുണ്ട്, അവിടെ നിന്നു കുറച്ചു മാറി ഒരു മൂലയിൽ മാഷിരിക്കുന്നുണ്ട്, ഋഷിയെ തന്നെ നോക്കിയാണ് ഇരിപ്പ്, ഡോക്ടർ എപ്പോഴും പറയും തന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ അച്ഛനും അമ്മയുമാണെന്ന്,അച്ഛൻ താൻ ഒന്നും പറയാതെ തന്നെ മനസ്സിലാക്കും , എല്ലാ കാര്യത്തിലും അമ്മ തനിക്ക് സപ്പോർട്ടാണ്, അവരെക്കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് ഡോക്ടർക്ക് അവൻ പറഞ്ഞ കാര്യങ്ങളൊക്കെ കൃപയുടെ ഓർമ്മകളിലേക്ക് ഓടിവന്നു, മകന്റെ വിയോഗം ആ മനുഷ്യനെ ഒരുപാട് തളർത്തിയിട്ടുണ്ട്, പക്ഷേ ശാന്തനായി ഇരിക്കുന്നത് തന്റെ മകൻ ഇനി ഇത് കണ്ട് വിഷമിക്കണ്ട എന്ന് വിചാരിച്ചാവും . കൃപ എല്ലാവരെയും ഒന്ന് നോക്കി,

വൃന്ദ തന്നെ വേദനയോടെ നോക്കുന്നതവൾ കണ്ടു, ഒരുപാട് പേരുണ്ട് അവിടെ, ആ വേദനകണ്ടു നിൽക്കാനാവാതെ എല്ലാവരും തേങ്ങി, ഋഷിയെ കിടത്തിയ പെട്ടിയുടെ മുകളിൽ ഒരുപാട് റീത്തുകളുണ്ട്, അവൾ ഋഷിയെ വീണ്ടുമൊന്നു നോക്കി, ഒരുപാട് സമയം തല വെച്ച് കിടക്കണമെന്ന് താൻ ആഗ്രഹിച്ച ആ നെഞ്ചിൽ ഒന്ന് തൊടാൻ പോലും തനിക്കിപ്പോൾ അവകാശമില്ല, തന്നെ കൈകോർത്തുപിടിച്ച് ഒരുപാട് നേരം ഇരിക്കണമെന്ന് ആഗ്രഹം പറഞ്ഞതാ ഡോക്ടർ കൃപയ്ക്ക് ആ നെറ്റിയിൽ ഒരുമ്മ കൊടുക്കണമെന്ന് ഒരുപാട് ആഗ്രഹം തോന്നി, അവനെ ചേർത്തു പിടിച്ച് ഒന്ന് പൊട്ടിക്കരയണമെന്നും ആഗ്രഹമുണ്ട്, പക്ഷേ എന്തധികാരത്തിൽ താൻ അങ്ങനെ ചെയ്യും, പറയത്തക്ക എന്ത് ബന്ധമാണ് തനിക്ക് ഡോക്ടറോട് ഉള്ളത് നിനക്ക് ഡോക്ടറെ തൊടാൻ ആഗ്രഹമുണ്ടോ കൃപു എന്ന് സൈനു ചോദിച്ചതാ, അവൾ വേണ്ടായെന്ന് പറഞ്ഞു. ഒരുപാട് നേരമൊന്നും അവൾക്ക് അവിടെ നിൽക്കാൻ തോന്നിയില്ല, പോകണം എന്ന് സൈനുവിനോട് പറഞ്ഞു,

തന്റെ ഡോക്ടർ തന്ന ഒരുപാട് നല്ല ഓർമ്മകളുണ്ട് തന്റെ മനസ്സിൽ ഇനിയുള്ള കാലം തനിക്ക് ഓർത്തിരിക്കാൻ അത് മതി, ആ ശരീരം മണ്ണിനോട് ചേരുന്ന കാഴ്ച്ചകാണാൻ തനിക്ക് കഴിയില്ല. അവർ സൈനുവിനോട് പറഞ്ഞു. നിശബ്ദമായി തേങ്ങിക്കൊണ്ട് അവളാ വീട്ടിൽ നിന്നും പടിയിറങ്ങി, ഇറങ്ങാൻ നേരം അവലൊന്നുകൂടി അവനെയൊന്നു നോക്കി, തന്റെ അവസാന കാഴ്ച്ച, കൃപ ഒരുപാട് വേദന ഉള്ളിലൊതുക്കി. പോകുന്നത് എല്ലാവരും വേദനയോടെ നോക്കി നിന്നു. വീട്ടിലെത്തുമ്പോഴേക്കും ധ്രുവും അവിടെ വന്നിരുന്നു, ഹാളിൽ തന്നെ എല്ലാവരും ഇരിപ്പുണ്ട്. ആരുടെ മുഖത്തും നോക്കാതെ കൃപ റൂമിലേക്ക് പോയി. അവൾ മുകളിലേക്ക് പോകുന്നത് ധ്രുവ് നോക്കി നിന്നു. രാത്രി ഏറെ നിർബന്ധിച്ചിട്ടും കൃപ കഴിക്കാൻ വരാത്തതുകൊണ്ട് യശോധ റൂമിലേക്ക് ഭക്ഷണവുമായി ചെന്ന് അവളെ നിർബന്ധിച്ച് കഴിപ്പിച്ചു.

ആ സുഹൃത്തിനെ അവൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്ന് എല്ലാവർക്കും മനസ്സിലായി,നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെട്ട വേദന എല്ലാവർക്കും ഉൾക്കൊള്ളാവുന്നതായിരുന്നു. രാത്രി ഏറെ വൈകിയിട്ടും ഒരു പ്രതിമ പോലെ തലയിൽ മുഖം ചേർത്ത് കിടക്കുകയാണ് കൃപ. തോരാതെ ഒഴുകുന്ന കണ്ണുനീർ തലയണ നനച്ചിട്ടുണ്ട് . അവന്റെ ഓരോരോ ഓർമ്മകൾ തന്നെയാണ് അവളുടെ മനസ്സിൽ, ഒറ്റ രാത്രികൊണ്ട് താൻ അനാഥയാക്കപ്പെട്ടിരിക്കുന്നു, തനിക്ക് ചുറ്റുമുള്ള ലോകം ഇരുട്ടിലായത് പോലെ തോന്നിയവൾക്ക്, കുറച്ചു സമയം കഴിഞ്ഞപ്പോൾ കതകിൽ ശക്തമായ മുട്ട് കേട്ടു, തുടരെത്തുടരെയുള്ള മുട്ട് കേട്ടപ്പോഴാണ് അവൾ കതക് തുറക്കാൻ കൂട്ടാക്കിയത് . കതക് തുറന്നതും മുന്നിൽ നിൽക്കുന്ന ധ്രുവിനെക്കണ്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി നിന്നു...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story