💞 പെയ്‌തൊഴിയാതെ💞 : ഭാഗം 33 || അവസാനിച്ചു

peythozhiyathe rafeena

രചന: RAFEENA MUJEEB

ധ്രുവ് കുറച്ച് സമയം അവളെ തന്നെ നോക്കി നിന്നു. ഒറ്റ ദിവസം കൊണ്ട് അവൾ ആകെ കോലം കെട്ടത് പോലെ തോന്നിയവന്, വാ എന്റെ കൂടെ, തന്നെ തന്നെ നോക്കി നിൽക്കുന്ന അവളോട് തന്റെ കൂടെ വരാനായി ന ധ്രുവ് പറഞ്ഞു . താൻ വിളിച്ചിട്ടും അനങ്ങാതെ നിൽക്കുന്ന കൃപയുടെ കൈയ്യിൽ കയറിപ്പിടിച്ച് അവനവളെ താഴേക്ക് കൊണ്ട് പോയി. പുറത്ത് നിർത്തിയിട്ട തന്റെ കാറിന്റെ ഫ്രണ്ട് സീറ്റിൽ അവളെ കൊണ്ടിരുത്തി ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നവൻ വേഗത്തിൽ വണ്ടിയോടിച്ചു പോയി. എവിടേക്കാണ് തന്നെ കൊണ്ടുപോകുന്നതെന്നോ എന്തിനാണ് കൊണ്ടുപോകുന്നതെന്നോ ഒന്നും അവൾക്കറിയില്ല അവളായിട്ട് അതൊന്നും ചോദിക്കാനും പോയില്ല. അവൻ തന്നെ കൊല്ലാൻ കൊണ്ടുപോകുകയാണെങ്കിൽ പോലും തനിക്ക് സന്തോഷമേയുള്ളൂ, ഈ നിമിഷം താൻ ഏറെ ആഗ്രഹിക്കുന്നതും അതാണ്, യാത്രയിലുടനീളം ധ്രുവും മൗനം തന്നെയായിയിരുന്നു. ഒരുപാട് ദൂരം ഡ്രൈവ് ചെയ്തവൻ വലിയൊരു കുന്നിനു മുകളിലേക്ക് കാറ് കൊണ്ടുപോയി നിർത്തി.

സീറ്റിൽ നിന്ന് അവൻ ഇറങ്ങിയശേഷം അവൾക്ക് ഇറങ്ങാനായി ഡോർ തുറന്നു കൊടുത്തു. അവൾ കാറിൽ നിന്നിറങ്ങാൻ കൂട്ടാക്കാത്തത് കണ്ടപ്പോൾ അവൻ അവളെ പിടിച്ചിറക്കി. ആകാശത്തോട് തൊട്ടടുത്ത് നിൽക്കുന്ന പോലെ തോന്നും ആ കുന്നിൻ മുകളിൽ നിൽക്കുമ്പോൾ, തൊട്ട് മുകളിലായി ചന്ദ്രൻ തിളങ്ങി നിൽക്കുന്നുണ്ട്, വിജനമായൊരിടം, തണുത്തകാറ്റ് അവരെ രണ്ടാളെയും തഴുകി പോകുന്നുണ്ട്, കൃപ ആ പരിസരം ഒന്ന് കണ്ണോടിച്ച ശേഷം ധ്രുവിനെ ഒന്ന് നോക്കി. ഒന്ന് പൊട്ടികരഞ്ഞോ നീ, നിനക്ക് മതിവരുന്നവരെ അലറികരഞ്ഞോ.. ഇവിടെ നിന്റെ ശബ്ദം കേൾക്കാൻ ആരുമില്ല, മതിവരുന്നവരെ കരഞ്ഞു തീർക്ക് നിന്റെ വിഷമം, ഇങ്ങനെ ഉള്ളിലൊതുക്കിയാൽ സങ്കടം കൂടത്തേയുള്ളു, നീ കരഞ്ഞൊഴുക്കി വിട് നിന്റെ സങ്കടത്തെ, അവൻ പറയുന്നത് കേട്ട് കൃപ അവനെ അത്ഭുതത്തോടെ നോക്കി, മറ്റാർക്കും നിന്നെ മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലാവും നിന്നെ, നിന്റെ കണ്ണൊന്നു കലങ്ങിയാൽ ആദ്യം ഞാൻ അന്വേഷിക്കുന്നത് അതിന്റെ കാരണമായിരിക്കും,

കണ്മുൻപിൽ കിടന്നു നീ വിങ്ങിപ്പൊട്ടുന്നത് ഞാനറിയുന്നുണ്ടെടീ, മതിവരുവോളം നീ കരഞ്ഞു തീർത്തോ അവളെ നോക്കി അത്രയും പറഞ്ഞ് അവനവിടെ നിന്നും മാറി നിന്നു. അവളാ മണ്ണിൽ മുട്ടുകുത്തി നിന്നു പൊട്ടിക്കരഞ്ഞു, അതുവരെ അവൾ അടക്കിപിടിച്ചിരുന്ന കണ്ണുനീരെല്ലാം മലവെള്ളപാച്ചിലുപോലെ കുത്തിയൊലിച്ചിറങ്ങി, ധ്രുവ് ഒരു വേദനയോടെ അവൾ കരയുന്നത് നോക്കി നിന്നു. എത്ര നേരം അങ്ങനെയിരുന്ന് കരഞ്ഞെന്ന് അവൾക്കറിയില്ല. അവസാനം അവളാ മണ്ണിലേക്ക് തന്നെ മുഖം വെച്ചു കിടന്നു. അവളൊന്നു ശാന്തമായെന്നു കണ്ടതും ധ്രുവ് അവൾക്കരികിൽ വന്നു, എണീക്കെടോ, മതി കരഞ്ഞത്, എത്ര കരഞ്ഞാലും പോയവർ ഇനി തിരിച്ചു വരില്ല, വെറുതെ കരഞ്ഞു ആ ആത്മാവിനെ കൂടി വിഷമിപ്പിക്കണ്ട, നീയിങ്ങനെ വിഷമിച്ചിരുന്നാൽ നിനക്ക് ചുറ്റുമുള്ളവർക്കത്‌ സഹിക്കില്ല, ആരും ഇതുവരെ ഒന്നുമറിഞ്ഞിട്ടില്ല,ഇനിയും അങ്ങനെ മതി, നിന്നോട് എല്ലാം മറക്കണമെന്നൊന്നും ഞാൻ പറയില്ല, അങ്ങനെ പറഞ്ഞാലും മറക്കാനൊന്നും കഴിയില്ലെന്ന് മാറ്റാരേക്കാളും എനിക്കറിയാം,

എല്ലാം സഹിക്കണം അതിനുള്ള ശക്തി വേണം നിനക്ക്, അവൻ അവളെ സമാധാനിപ്പിച്ചുക്കൊണ്ട് പറഞ്ഞു. നിന്റെയുള്ളിൽ ഇങ്ങനെയൊരു ഇഷ്ടമുള്ളത് ഞാനിന്നാണ് അറിയുന്നത്, അതൊന്നുമറിയാതെ ഞാനും എന്തൊക്കെയോ മനക്കോട്ട കെട്ടി, ധ്രുവ് ഒരു പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു. അവളെവനെ ഒന്ന് നോക്കിയതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല, പോകേണ്ടേ നമുക്ക് നേരം പുലർന്നു തുടങ്ങി, ആരുമറിയാതെ വന്നതല്ലേ നമ്മളെ കണ്ടില്ലെങ്കിൽ അവരെല്ലാവരും അന്വേഷിക്കും , വാ... വന്നു വണ്ടിയിൽ കയറ്, ധ്രുവ് ഡ്രൈവിങ് സീറ്റിലേക്കിരുന്നുകൊണ്ട് അവളോട് പറഞ്ഞു. അവളും അവന് പുറകെ കാറിലേക്ക് കയറി. തിരികെയുള്ള യാത്രയിലും അവർക്കിടയിൽ മൗനം തന്നെയായിരുന്നു, അപ്പോഴേക്കും നേരം പുലർന്നു തുടങ്ങിയിരുന്നു, ഋഷിയുമായി താൻ ചിലവഴിച്ച സ്ഥലങ്ങളെല്ലാം കണ്ടപ്പോൾ കൃപയ്ക്ക് വീണ്ടും സങ്കടം തികട്ടി വന്നു, കണ്ണുകളിൽ നിന്നും കണ്ണുനീർ വീണ്ടും ഒഴുകാൻ തുടങ്ങി, ധ്രുവ് അതെല്ലാം വേദനയോടെ, നോക്കിക്കണ്ടു.

അവൻ നേരെ കാറു കൊണ്ട് നിറുത്തിയത് ഋഷിയുടെ വീട്ടുമുറ്റത്തായിരുന്നു. കൃപ ശരിക്കും അത്ഭുതപ്പെട്ടുപോയി, ശരിക്കും താൻ മനസ്സിലാഗ്രഹിച്ചത് ഇവിടേക്കൊന്നു വരാനായിരുന്നു, അവൾ ധ്രുവിനെ തന്നെ നോക്കിയിരുന്നു. നിന്റെ മനസ്സെനിക്ക് വായിക്കാൻ പറ്റുന്നുണ്ടെടീ, അവളെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ച് ധ്രുവ് പറഞ്ഞു. അവളാ കാറിൽ നിന്നും പതിയെ ഇറങ്ങി, മുറ്റത്ത് ഇന്നലെ കെട്ടിയ പന്തലൊന്നും അഴിച്ചിട്ടില്ല, നിരത്തിയിട്ട കസേരകളൊക്കെ ഒഴിഞ്ഞു കിടക്കുന്നുണ്ട്, അവളുടെ കണ്ണുകൾ നേരെ പോയത് അവനെ അടക്കം ചെയ്ത കുഴിമാടത്തിലേക്കാണ്. അവന്റെ ആഗ്രഹം പോലെ ആ പൂന്തോട്ടത്തിൽ തന്നെയാണിപ്പോൾ അവൻ ഉറങ്ങുന്നത്, കൃപ ആ കുഴിമാടത്തിനരികിൽ ചെന്ന് നിന്നു. കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീരൊഴിച്ചാൽ അവളിൽ പറയാത്തക്ക ചലനമൊന്നുമില്ല, മനസ്സിപ്പോൾ ശൂന്യമാണ്, ആകെയൊരു മരവിപ്പ്, അവളാ മണ്ണിൽ ഊർന്നിറങ്ങി, മനസ്സിലപ്പോൾ ഋഷി ഹോസ്പ്പിറ്റലിൽ വെച്ച് അവളോട് ഉമ്മ ചോദിച്ച ആ രംഗമായിരുന്നു,

അതിന് ശേഷം താൻ അവന് ഉമ്മകൊടുത്തിട്ടില്ല, അന്നൊരുപക്ഷെ അവനാഗ്രഹിച്ചു ചോദിച്ചതാവും, അവസാന ചോദ്യമാണെന്നറിയാതെ താനത് തട്ടിമാറ്റി, ഇന്നിപ്പോൾ അവനെയൊന്ന് വാരിപ്പുണർന്ന് ആ നെറ്റിയിൽ ഒരുപാട് ഉമ്മകൾകൊണ്ട് മൂടാൻ അവൾ വല്ലാതെ ആഗ്രഹിച്ചു. ഇനിയൊരിക്കലും ആ ആഗ്രഹം സാധിക്കില്ലെന്നോർത്ത് അവൾ വിതുമ്പി. നിർത്തിയിട്ട് കാറിനെ ചാരി കയ്യും കെട്ടി നിൽക്കുകയാണ് ധ്രുവ് . അവന്റെ നോട്ടം കൃപയിൽ തന്നെയാണ്, അവളുടെ സങ്കടം അവനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്, എന്നും അവളുടെ കണ്ണിലെ തിളക്കം കാണാനാണ് താൻ ആഗ്രഹിച്ചത് അവളുടെ ചുണ്ടിലെ ചിരി എന്നും അതുപോലെയുണ്ടാകണമെന്നവൻ ആഗ്രഹിച്ചു. പക്ഷേ ഇന്നവൾ എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ തന്റെ മുൻപിൽ തന്നെ തകർന്നിരിക്കുന്നു, അതിനു പരിഹാരം കാണാൻ കൊണ്ട് ഒരിക്കലും സാധിക്കില്ല എന്നുള്ള വേദനയേയുള്ളൂ, അവളുടെ വേദന കണ്ടില്ലെന്ന് നടിക്കാനും കഴിയില്ല, അവൻ ഏറെ സങ്കടത്തോടെ അവളെ തന്നെ നോക്കി നിന്നു. അവനെയടക്കം ചെയ്ത മണ്ണിലേക്ക് മുഖം വെച്ച് കൃപ അങ്ങനെ കിടന്നു, തൊട്ടുതാഴെ തന്റെ പ്രാണനുണ്ട്, ഒന്നിച്ച് നെയ്തു കൂട്ടിയ സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി തന്നെ തനിച്ചാക്കി പോയതാ,

അവളുടെ കണ്ണീർ ആ മണ്ണിനെ നനയിച്ചു. പുറകിൽ ഒരു കാൽപ്പെരുമാറ്റം കേട്ടപ്പോഴാണ് അവൾക്ക് പരിസരബോധം വന്നത്. പെട്ടെന്ന് അവിടെ നിന്നും എഴുന്നേറ്റ് പുറകിലുള്ള ആളെ തിരിഞ്ഞു നോക്കി. അച്ഛൻ അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു. മാഷ് അവളെ തന്നെ വേദനയോടെ നോക്കി നിൽക്കുകയാണ്. അമ്മയുണ്ട് അകത്ത് മോള് ചെന്ന് അമ്മയെ കാണ് , അദ്ദേഹം അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. അവളാരാണെന്ന് പറയാതെ തന്നെ മനസ്സിലാക്കിയിട്ടുണ്ടയാൾ എന്ന് അയാളുടെ കണ്ണുകളിൽ നിന്നു തന്നെ വ്യക്തമാണ്. അയാൾ തന്നെ അവളുടെ കൈപ്പിടിച്ച് അകത്തെ റൂമിൽതളർന്നു കിടക്കുന്ന ടീച്ചറുടെ അരികിലേക്ക് കൊണ്ടുപോയി. ടീച്ചറേ...!! അയാൾ വേദനയോടെ നന്ദിനിയെ വിളിച്ചു. മകന്റെ വിയോഗം ഏറ്റവും കൂടുതൽ തളർത്തിയത് ആ അമ്മയെയാണെന്ന് കണ്ടാലറിയാം, ഇപ്പോഴും അവരുടെ തേങ്ങൽ നിലച്ചിട്ടില്ല മാഷിന്റെ വിളികേട്ട് കിടന്നിടത്തു നിന്ന് എഴുന്നേൽക്കാതെ അവർ തല ഒന്ന് പൊക്കി നോക്കി. ഒരു പെൺകുട്ടിയുമായി നിൽക്കുന്ന മാഷെ കണ്ടപ്പോൾ ക്ഷീണം പോലും വകവയ്ക്കാതെ അവർ ചാടി എഴുന്നേറ്റു. എന്റെ മോള് എപ്പോ വന്നു...? അവളുടെ മുഖം തന്റെ കൈക്കുമ്പിളിലാക്കി ടീച്ചർ ചോദിച്ചു.

കൃപയ്ക്ക് അത്ഭുതമായിരുന്നു ടീച്ചറുടെയും മാഷിനെയും പ്രവർത്തികൾ കണ്ടിട്ട് , തന്നെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എന്നാണ് ഋഷി ഈ അടുത്ത് വിളിച്ചപ്പോഴും പറഞ്ഞത്, ഇനിയത് തന്നെ പറ്റിക്കാൻ വെറുതെ പറഞ്ഞതാവുമോ,...? കൃപ രണ്ടാളെയും മാറി മാറി നോക്കി. അവന് ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു, അവന്റെ ഏതു മാറ്റവും ആദ്യം മനസ്സിലാവുന്നത് ഞങ്ങൾക്കാണ്, അതവൻ പറയുന്ന നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ, പക്ഷേ അവന്റെ നാവിൽനിന്നും അങ്ങനെയൊരു വാർത്ത കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായില്ല, ഒരു സർപ്രൈസ് തരാമെന്ന് പറഞ്ഞ ആള്, തന്നത് ജീവിതത്തിൽ തന്നെ വലിയൊരു സർപ്രൈസ് ആയിരിക്കുമെന്ന് ഒട്ടും നിരീച്ചില്ല ടീച്ചർ വിതുമ്പിക്കൊണ്ട് പറഞ്ഞു. അപ്പോൾ ഡോക്ടർ പറഞ്ഞ സർപ്രൈസ് ഇതായിരുന്നു അല്ലേ..? തന്നെ ഇവർക്കും ഇവരെ തനിക്കും പരിചയപ്പെടുത്തി ഞങ്ങൾക്ക് ഒരു വലിയ സർപ്രൈസ് തരാൻ ആയിരുന്നു പ്ലാൻ, കൃപയ്ക്ക് അവളുടെ കണ്ണുനീർ നിയന്ത്രിക്കാനായില്ല,

പൊട്ടിക്കരഞ്ഞുക്കൊണ്ടവൾ ടീച്ചറെ ചേർത്തുപിടിച്ചു. ഒരുപാട് നേരം രണ്ടുപേരും പരസ്പരം പുണർന്നുക്കൊണ്ട് കരഞ്ഞു . പൊട്ടിക്കരച്ചിൽ അവസാനം ഒരു തേങ്ങലിലേക്ക് ഒതുങ്ങി, ഒന്നും കണ്ടു നിൽക്കാനാവാതെ മാഷ് ഒഴുകിവന്ന കണ്ണുനീർ തുടച്ചു മാറ്റി അവിടെ നിന്നും ഇറങ്ങിപ്പോയി. തലേദിവസം മുതൽ ടീച്ചർ ഒന്നും കഴിച്ചിട്ടില്ലെന്ന് ബന്ധുക്കളിൽ ആരോ പറയുന്നത് കേട്ടപ്പോൾ കൃപ നിർബന്ധിച്ച് അവരെ ഭക്ഷണം കഴിപ്പിച്ചു. അവൾ കുറച്ച് സമയം ടീച്ചറുടെ ഒപ്പമിരുന്നതിനുശേഷമാണ് വെളിയിലേക്ക് ഇറങ്ങിയത്, അവൾക്ക് മതി വരുന്നതുവരെ അവിടെ ഇരുന്നോട്ടെ എന്നുവിജാരിച്ച് ധ്രുവ് അവളെ വിളിക്കാനും പോയില്ല. തങ്ങൾ ഒരിടം വരെ പോയതാണെന്നും വരാൻ വൈകുമെന്നും അവൻ തന്നെ വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നു. കൃപ പുറത്തേക്ക് വരുമ്പോൾ മാഷുമായി സംസാരിച്ചു നിൽക്കുകയായിരുന്നു ധ്രുവ്, മാഷിന് പുഞ്ചിരിയിൽ കലർന്നൊരു യാത്രാമൊഴി നൽകി അവൾ ധ്രുവിനോടൊപ്പം ആ വീട്ടിൽ നിന്നും യാത്രയായി. ************

ദിവസങ്ങൾ വീണ്ടും അവർക്കിടയിൽ കൊഴിഞ്ഞു പോയി, ഋഷിയുടെ മരണം കൃപയിൽ ഒരു വലിയ നഷ്ടമാണ് ഉണ്ടാക്കിയത്, എങ്കിലും അവൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ തുടങ്ങി, അധികം ആരോടും സംസാരിക്കാതെ ഒരു മുറിയിൽ തന്നെ കഴിച്ചുക്കൂട്ടിയിരുന്ന് അവളെ സമയം കിട്ടുമ്പോഴൊക്കെ ധ്രുവ് പുറത്തേക്ക് കൊണ്ടുപോകും, അധികവും മാഷിന്റെയും ടീച്ചറുടെയും അടുത്തേക്ക് ആയിരിക്കും കൊണ്ടു പോകാറ്, ഋഷിയുടെ മരണ ശേഷം ഒരു മകന്റെ സ്ഥാനത്ത് നിന്ന് ധ്രുവ് അവരുടെയെല്ലാ കാര്യങ്ങളും നോക്കുന്നുണ്ടെന്ന് മാഷ് വഴി കൃപ അറിഞ്ഞു, ഇപ്പോൾ അവർക്ക് ധ്രുവ് ഒരു മകനെ പോലെ തന്നെയാണെന്ന് അവരുടെ സംസാരത്തിൽ നിന്നും അവൾക്ക് മനസ്സിലായി. കഴിഞ്ഞതൊക്കെ മറക്കണമെന്നും വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് തയ്യാറാകണമെന്നും ടീച്ചർ അപേക്ഷയോടെ അവളോട് പറഞ്ഞു. അവൾ അതിന് ടീച്ചർക്ക് ഒരു മറുപടിയും കൊടുത്തില്ല, തിരികെ വീട്ടിലേക്ക് പോകുന്ന വഴി അവളെയും കൊണ്ട് ധ്രുവ് ഒരു ബീച്ചിലേക്കാണ് പോയത്, ഇറങ്ങ്, ബീച്ചിൽ വണ്ടി നിർത്തിയപ്പോൾ തന്നെ സംശയത്തോടെ നോക്കുന്ന കൃപയെ നോക്കി അവൻ പറഞ്ഞു. ഒരുപാട് നേരം ആ കടപ്പുറത്തെ തിരകളെ നോക്കി രണ്ടുപേരും മൗനമായി നിന്നു,

നിന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം നിനിക്ക് ഒരിക്കലും മറക്കാനാവാത്ത നഷ്ടങ്ങളാണ്, നമ്മൾ സ്നേഹിച്വരെ ചങ്കിൽ നിന്ന് പറിച്ച് കളയാനും പകരം മറ്റൊരാളെ അവിടെ പ്രതിഷ്ഠിക്കാനും ആർക്കും പെട്ടെന്ന് കഴിയില്ല. അതെനിക്ക് എന്റെ ജീവിതം ക്കൊണ്ട് മനസ്സിലായതാണ്, നിന്നെ ഞാൻ ഒന്നിനും നിർബന്ധിക്കുന്നില്ല, നിനക്ക് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം, നിശ്ചയിച്ചുറപ്പിച്ച നമ്മുടെ കല്യാണത്തിൽ നിന്ന് പിൻമാറണമെങ്കിൽ അതും ആവാം, എല്ലാം നിന്റെ മാത്രം തീരുമാനങ്ങളാണ്, നീ ഒരു തീരുമാനമെടുക്കുമ്പോൾ നിനക്ക് ചുറ്റുമുള്ളവരെ അത് പറഞ്ഞു ബോധ്യപ്പെടുത്താനും മനസ്സിലാക്കാനും നിനക്ക് കഴിയണം, നിന്റെ എന്ത് തീരുമാനത്തിന്റെ കൂടെയും ഞാൻ ഉറച്ചു നിൽക്കും, ഒരു കാര്യം ഞാൻ നിനക്ക് വാക്കു തരാം, ഒരു താലി കൊണ്ട് നീ എന്റെ ആവുകയാണെങ്കിൽ നിന്റെ മനസ്സിൽ എന്നാണോ എനിക്ക് സ്ഥാനം തരുന്നത് അന്ന് മാത്രമേ ഒരു ഭർത്താവിന്റെ അധികാരം നിന്റെ മേൽ ഞാൻ കാണിക്കുകയുള്ളൂ, അ lതുവരെ എന്നും നമ്മൾ നല്ല സുഹൃത്തുക്കളായിരിക്കും മറ്റുള്ളവരുടെ കണ്ണിൽ മാത്രമായിരിക്കും ഭാര്യഭർത്താക്കന്മാർ, ഈയൊരുറപ്പേ എനിക്ക് നിനക്ക് തരാൻ കഴിയുകയുള്ളൂ, തീരുമാനം നിന്റെ യാണ്,

അത്‌ നിന്റെ ഇഷ്ടത്തിന് ഞാൻ വിട്ടു തന്നിരിക്കുന്നു, അവളെ ഒന്നു നോക്കിയതും പറഞ്ഞവൻ കടലിനടുത്തേക്ക് നടന്നു പോയി. കൃപ ഒന്നും പറയാതെ അവിടെ തന്നെ നിന്നു, ഇടയ്ക്കിടെ തിരമാലകൾ വന്നവളുടെ പാദങ്ങൾ നനച്ചു പോകുന്നുണ്ട്, ധ്രുവ് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അവൾ കൂടുതലൊന്നും ചിന്തിച്ചില്ല, അല്ലെങ്കിലും ചിന്താശേഷിയൊക്കെ അവളിൽ നിന്ന് എന്നോ നഷ്ടമായിട്ടുണ്ട്, ഇപ്പോ ആർക്കോ വേണ്ടി ജീവിക്കുന്നത് പോലെയാണ്. തിരികെ വീട്ടിലേക്കുള്ള യാത്രയിൽ രണ്ടാളും മൗനം തന്നെയായിരുന്നു. വീട്ടിൽ എത്തിയപ്പോൾ അവളെ ഏറെ സന്തോഷിപ്പിക്കുന്ന കാഴ്ച്ചയാണ് ഉണ്ടായിരുന്നത് , കൃതി ഉമ്മറത്ത് തന്നെ പുഞ്ചിരിയോടെ അവളെ വരവേൽക്കാൻ നിൽക്കുന്നത്, പുതിയ ആളുടെ വരവ് അറിയിച്ചുകൊണ്ട് അവളുടെ വയർ ചെറുതായി ഉയർന്നുവന്നിട്ടുണ്ട്, അവളോടിച്ചെന്ന് ചേച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു . കൃതിയും അവളെ ചേർത്തു പിടിച്ച് ഒരുപാട് നേരം കരഞ്ഞു. ഒരുപാട് നാളുകൾക്ക് ശേഷം കൃപ ഒന്ന് ചിരിച്ച ദിവസമായിരുന്നു അന്ന്,

വരാനിരിക്കുന്ന കല്ല്യാണവും കുഞ്ഞിന്റെ ജനനവും കഴിഞ്ഞിട്ടേ ഇനിയവൾ ബാംഗ്ലൂരിലേക്ക് തിരിച്ചു പോകുന്നുള്ളൂ. അന്നുരാത്രി കൃതിയെ കെട്ടിപ്പിടിച്ചാണ് കൃപ ഉറങ്ങാൻ കിടന്നത്, സംസാരത്തിനിടയിൽ ഋഷി തന്റെ ജീവിതത്തിലേക്ക് വന്നത് മുതൽ ഇന്ന് സംഭവിച്ച കാര്യങ്ങൾ മുഴുവൻ തേങ്ങലിന്റെ അകമ്പടിയോടെ കൃപ കൃതിയോട് പറഞ്ഞു, അതൊക്കെ കേട്ടപ്പോൾ കൃതിയും ഒരുപാട് കരഞ്ഞു, അവൾ തന്റെ അനിയത്തിയെ ചേർത്തുപിടിച്ച് സമാധാനിപ്പിച്ചു. അവസാനം ചേച്ചിയുടെ ഉത്തരവാദിത്വം കാണിച്ചു ധ്രുവുമായുള്ള കല്യാണത്തിന് അവളെ നിർബന്ധിച്ചു, എല്ലാം നല്ലതിനാവും എന്ന് ഉപദേശിച്ചു, കുടുംബത്തിലുള്ളവരുടെ സങ്കടം നീയായിട്ട് കളയരുതെന്ന് അപേക്ഷിച്ചു. സൈനുവിനും കൂട്ടുകാർക്കും വിളിക്കുമ്പോഴും ഇങ്ങനെയൊരു അപേക്ഷ മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ, അവരെ കാണാനായി ധ്രുവ് അവളെയും കൊണ്ട് അവരുടെയടുത്തേക്ക് പോയി അന്നും എല്ലാവരും ഒരേ സ്വരത്തിൽ അപേക്ഷയോടെ അവളോട് ഈ കാര്യം മാത്രമാണ് പറഞ്ഞത്,

അവസാനം മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ അവളും തയ്യാറായി. അല്ലെങ്കിലും തനിക്ക് വേണ്ടി ഇനി എന്തിനു ജീവിക്കണം, താൻ കാരണം ഇനി ആരും വേദനിക്കാൻ പാടില്ല, താനായിട്ട് ഇനി ആരുടെയും സന്തോഷം നശിപ്പിക്കുന്നില്ല ധ്രുവ് പറഞ്ഞപോലെ അവനെ എന്ന് തന്റെ മനസ്സ് അംഗീകരിക്കുന്നുവോ അതുവരെ നല്ലൊരു ഫ്രണ്ട്സ് ആയിരിക്കാം എന്ന ഉടമ്പടിയോടെ അവളും ആ വിവാഹത്തിന് സമ്മതിച്ചു. നല്ലേടത്ത് വിവാഹ ആഘോഷങ്ങൾ കൊടിയേറി, എല്ലാവരും മനസ്സറിഞ്ഞ് സന്തോഷിച്ച ദിവസങ്ങൾ... അങ്ങനെ ഏറെനാളത്തെ ദത്തന്റെയും വൈഷുവിന്റെയും കാത്തിരിപ്പിന് ശേഷം ഇന്നാണ് അവരുടെ സ്വപ്നം പൂവണിയുന്ന ആ ദിവസം, അവരുടെ വിവാഹദിവസം, നാട്ടിലെ ഏറ്റവും വലിയ ഓഡിറ്റോറിയത്തിൽ തന്നെയാണ് അവരുടെ വിവാഹം നടത്തുന്നത് , കൃപയും ദത്തനും, ധ്രുവും വധുവരന്മാരുടെ വേഷത്തിൽ നല്ല ഭംഗിയിൽ അണിഞ്ഞൊരുങ്ങി എല്ലാവരുടെയും അനുഗ്രഹം വാങ്ങിച്ചു മണ്ഡപത്തിലേക്ക് ഇരുന്നു.

വൈഷു അതീവ സുന്ദരിയായിരുന്നു അന്നേദിവസം ദത്തന്റെ താലി ഏറ്റുവാങ്ങിയപ്പോൾ സന്തോഷംകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. ധ്രുവ് ചാർത്തിയ താലി ഏറ്റുവാങ്ങിയപ്പോൾ കൃപയുടെ കണ്ണുകളും നിറഞ്ഞു, അതൊരിക്കലും സന്തോഷം കൊണ്ടായിരുന്നില്ല അവളുടെ മനസ്സിൽ ഋഷിയാണ് ആ സമയം നിറഞ്ഞുനിന്നത് , ആൾക്കൂട്ടത്തിനിടയിൽ അവൾക്ക് നേരെ പൂക്കളെറിഞ്ഞ് അവൻ അവളെ ആശീർവദിക്കുന്നതു പോലെ അവൾക്ക് തോന്നി. ടീച്ചറും മാഷും നിറകണ്ണുകളോടെ രണ്ടുപേരെയും അനുഗ്രഹിച്ചു. നല്ലേടത്തമ്മ നൽകിയ നിലവിളക്കുമായി ദത്തന്റെ കൈപ്പിടിച്ച്‌ വൈഷുവും, ധ്രുവിന്റെ കൈപിടിച്ച് കൃപയും ആ വീട്ടിലേക്ക് വലതുകാൽ വച്ച് കയറി. എന്നെങ്കിലും താൻ ആഗ്രഹിച്ചത് പോലെ ഒരു ജീവിതം ഉണ്ടാവുന്ന പ്രതീക്ഷയിൽ ധ്രുവ് അവളുട കരം മുറുക്കിപ്പിടിച്ചു ഇനിയൊരിക്കലും അവളെ തനിച്ചാക്കില്ല എന്ന ഉറപ്പോടെ അവളുമായി വലതുകാൽ വെച്ച് ആ വീട്ടിലേക്ക് കയറി. തന്റെ കുട്ടികൾക്ക് നല്ലതുമാത്രം എന്നും വരുത്താണേയെന്ന് നല്ലേടത്തമ്മ മനസ്സുരുകി ദൈവത്തോട് പ്രാർത്ഥിച്ച് അവരെയുക്കൊണ്ട് അകത്തേക്ക് കയറി. അവസാനിച്ചു.... ദത്തനേയും കൃപയെയും നെഞ്ചിലേറ്റിയ എല്ലാവർക്കും നന്ദി, തുടക്കം മുതൽ എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story