💞 പെയ്‌തൊഴിയാതെ💞 : ഭാഗം 6

peythozhiyathe rafeena

രചന: RAFEENA MUJEEB

" പ്രവീണിനെ അടിക്കാനായി ഓങ്ങിയ ദത്തന്റെ കൈ വൈഷ്ണവിയെ കണ്ടപ്പോൾ അവൻ പോലുമറിയാതെ താനെ താഴ്ന്നു. തൊട്ടപ്പുറത്ത് പ്രവീണിന്റെ സുഹൃത്തുക്കളെ അടിച്ചുകൊണ്ടിരുന്ന ദാസനും അനന്ദുവും വൈഷ്ണവിയെ കണ്ടപ്പോൾ അറിയാതെ നിന്നുപോയി. വൈഷ്ണവി എല്ലാവരെയും ഒന്ന് ദേഷ്യത്തോടെ നോക്കി അവിടെനിന്നും ദൃതിയിൽ നടന്നുപോയി. ദത്തൻ അവൾ പോയ വഴിയേ ഒന്നു നോക്കി വീണ്ടും പ്രണവിനെയടിക്കാനായി തിരിഞ്ഞതും കൃപ വന്നവനെ തടഞ്ഞു. എന്താ ഈ കാണിക്കുന്നേ ചെറിയച്ഛാ.. വെറുതെ അടി പിടിക്ക് നിൽക്കല്ലേ... അച്ഛനും വലിയച്ഛന്മാരും ഒരു കേസ് ഇപ്പോൾ ഒതുക്കി തീർത്തതേയുള്ളൂ.. ഇനിയും പ്രശ്നത്തിന് പോയാൽ അവര് വീട്ടിൽ നിന്ന് പുറത്താക്കും, വെറുതെ ഒരു പ്രശ്നത്തിനു നിൽക്കല്ലേ.. കൃപുവല്ലേ പറയുന്നത് വാ ചെറിയച്ഛാ... അവളതും പറഞ്ഞ് അവന്റെ കയ്യിൽ ബലമായി പിടിച്ചു വലിച്ചു. നീ പോയേ കൃപു,

അടിപിടിയൊക്കെ ആണുങ്ങൾക്ക് പറഞ്ഞതാണ്, നീ ഇതിലിടപെടാൻ വരണ്ട, അവനവളുടെ കൈ തട്ടിമാറ്റി കൊണ്ട് പറഞ്ഞു. അപ്പോൾ ബാക്കിയുള്ളവരൊന്നും ആണുങ്ങളല്ല എന്നാണോ ചെറിയച്ചൻ പറയുന്നത്....? കൃപ ദേഷ്യത്തോടെ അവനെ നോക്കി ചോദിച്ചു. അവളുടെ ചോദ്യം കേട്ടതും അനന്ദുവും ദാസനും ഒന്ന് ചിരിച്ചു. അത് നിനക്ക് ഇപ്പോഴാണോ മനസ്സിലായത് എന്റെ പൊന്നു കൃപുവേ... ദാസൻ ഒരു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു. ദേ എന്റെ അച്ഛനെയും വല്യച്ഛൻ മാരെയും പറഞ്ഞാലുണ്ടല്ലോ മൂന്നും എന്റെ കയ്യിൽ നിന്നും മേടിക്കും. കൃപു ദേഷ്യത്തോടെ ദാസനു നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു. അവരു മാത്രമല്ല നിന്റെ രണ്ടു പോഴൻ അമ്മാവന്മാരും അവരുടെ പടുവാഴ മക്കളും, ഒന്നിനെയും ആൺ വർഗ്ഗത്തിൽ തന്നെ കൂട്ടാൻ പാടില്ല..

ഒരു ചിരിയോടെ അനന്ദുവും ദാസനു സപ്പോർട്ടായി വന്നു നിങ്ങളെപ്പോലെ കള്ളും കുടിച്ചു നടുറോഡിൽ വഴക്കുമുണ്ടാക്കി നടക്കുന്നില്ല അവർ,നിങ്ങളുടെ കണ്ണിൽ ഇതാണ് ആണത്തമെങ്കിൽ അവർക്ക് അതിത്തിരി കുറവാണ് പോരെ.. കൃപു മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു. അയ്യോടാ അപ്പോഴേക്കും ഞങ്ങളുടെ കൃപക്കുട്ടി പിണങ്ങിയോ..? ഞങ്ങൾ ചുമ്മാ പറഞ്ഞതല്ലേ..? നിന്റെ അമ്മാവന്മാരും അവരുടെ പോഴൻ മക്കളും ആണ് യഥാർത്ഥ നട്ടല്ലുള്ള ആണുങ്ങൾ എന്താ പോരെ ദാസൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. എന്നെ കളിയാക്കുകയാണെന്നെനിക്കറിയാം അയ്യോ ഞങ്ങളെ കൊച്ചിനെ ഞങ്ങൾ കളിയാക്കുമോ...? അനന്ദു അവളെ നോക്കി പറഞ്ഞു. കളിയാക്കിയാലും എനിക്ക് കുഴപ്പൊന്നുമില്ല, തല്ക്കാലം ഇതൊക്കെ നിർത്തി നിങ്ങളൊന്നു വന്നേ.. കൃപ അപേക്ഷയോടെ മൂന്നാളോടുമായി പറഞ്ഞു. നീ ഇപ്പൊ പോയേ കൃപു എനിക്കിവിടെ ഇത്തിരി ജോലി കൂടിയുണ്ട്,

തന്നെ നോക്കി ചോരയൊലിപ്പിച്ച് നിൽക്കുന്ന പ്രവീണിന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി ദത്തൻ പറഞ്ഞു. ഇനി മതി ചെറിയച്ഛാ ഇനിയടിച്ചാൽ ആയാൾ ചത്തുപോകും, ജീവൻ വേണമെങ്കിൽ താൻ പൊക്കോ പ്രവീണിനെ നോക്കി കൃപ ദേഷ്യത്തോടെ പറഞ്ഞു. അവരെ ഒന്നു നോക്കി അവനും കൂട്ടുകാരും അവിടെനിന്ന് ഞൊണ്ടി ഞൊണ്ടി നടന്നുനീങ്ങി. നീ പൊക്കോ കൃപു ഞാനിപ്പോൾ വരുന്നില്ല, ദത്തൻ ഗൗരവം വിടാതെ പറഞ്ഞു. അതെങ്ങനെ ശരിയാവും ചെറിയച്ഛന്റെ കൂടെയല്ലാതെ ഞാൻ വീട്ടിലേക്ക് ചെന്നാൽ നാളെ മുതൽ വീണ്ടും ഞാൻ കോളേജിലേക്കുള്ള യാത്ര പഴയപോലെ തുടരേണ്ടി വരും.. ഓ.. ഇതിനെയൊക്കെ തലയിൽ ചുമന്ന എന്നെ പറഞ്ഞാൽ മതി ദത്തൻ ദേഷ്യത്തോടെ അത് പറഞ്ഞതും കൃപയുടെ മുഖം വാടി. അത് കണ്ടതും ദാസൻ ഇടയിൽ കയറി. ദേ ഞങ്ങളുടെ കൊച്ചിനെ വല്ലോം പറഞ്ഞാൽ ഉണ്ടല്ലോ....?

ഓ വന്നു രക്ഷകർ, നിങ്ങൾക്ക് ശരിക്കും കൂറ് ഇവളോടാണോ...? ദത്തൻ നെറ്റിചുളിച്ചു കൊണ്ട് അവരോട് ചോദിച്ചു. സംശയമെന്താ.. ഞങ്ങൾക്ക് ഞങ്ങളുടെ കൃപ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളൂ അനന്ദു അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. ഓഹോ അന്തിക്ക് മോന്താൻ ഇങ്ങു വാ ഇതിനൊക്കെ പകരം ഞാൻ അപ്പൊ വീട്ടാം.. അയ്യോ ചതിക്കല്ലേ ദത്താ നീ ഞാനിത് ഇവളെ സുഖിപ്പിക്കാൻ വേണ്ടി ചുമ്മാ പറഞ്ഞതല്ലേ...? ഓഹോ അപ്പോൾ എന്നെ പറ്റിക്കുവാ ല്ലെ എളിയിൽ രണ്ടു കയ്യും പിടിച്ചു അനന്ദുവിനെ നോക്കി കൃപ നിന്നു... ഇതിപ്പോൾ ചെകുത്താനും കടലിനും നടുക്ക് ആയല്ലോ ഈശ്വരാ... അനന്ദു തലയിൽ കൈ വെച്ച് പറഞ്ഞു. ടാ ദത്താ ഞാൻ ചുമ്മാ പറഞ്ഞതാ ടാ വിട്ടു കള. പക്ഷേ ഞാൻ കാര്യായിട്ട് പറഞ്ഞതാ, ഇന്ന് നീ അങ്ങനെ ഓസിക്ക് മോന്തണ്ട ദത്തൻ അവനെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു. എന്ത് മോന്തുന്ന കാര്യമാണ് നിങ്ങളീ പറയുന്നത്..?

കൃപ സംശയത്തോടെ മൂന്നുപേരെയും നോക്കി ചോദിച്ചു. അതൊന്നുമില്ല നീ വേഗം വന്നേ, നിന്നെ വീട്ടിലാക്കിയിട്ട് വേണം എനിക്കത്യാവശ്യാമായിട്ട് ഒരിടം വരെ പോകാൻ, ദത്തൻ വിഷയം മാറ്റാൻ വേണ്ടി കൃപ യോട് പറഞ്ഞു. അവൾ രണ്ടുപേരോടും യാത്ര പറഞ്ഞു ദത്തന്റെ പുറകെ പോകാൻ നിൽക്കുമ്പോഴാണ് അനന്ദു അവളോട് ചോദിച്ചത്. നിന്റെ ടീച്ചർക്കെന്താ ഇത്ര ജാഡ...? ടീച്ചർക്ക് ഒരു ജാഡയുമില്ല അതൊരു പാവമാണ്. ജാഡയില്ലാത്തത് കൊണ്ടാണല്ലോ, പഴയ കളിക്കൂട്ടുകാരെ കണ്ടപ്പോൾ മുഖം തിരിച്ചു നടന്നു കളഞ്ഞത്.അനന്ദു നീരസത്തോടെ പറഞ്ഞു. എന്തൊക്കെയായിരുന്നു എന്നെ കണ്ടാൽ കുഞ്ഞേട്ടാ എന്ന് വിളിച്ചു ഓടി വരും, എന്നിട്ട് ഇപ്പൊ കുറെ വന്നില്ലേ ദാസൻ പൊട്ടിച്ചിരിച്ചുകൊണ്ട് അനന്ദുവിനെ കളിയാക്കി. പിന്നെ ടീച്ചർ എന്തുവേണം, ഓടിവന്ന് നിങ്ങളെ കെട്ടിപ്പിടിച്ചു ഉമ്മ തരണോ...? അത്രയ്ക്കും നല്ല പെർഫോമൻസല്ലേ നിങ്ങളിവിടെ കാഴ്ച്ച വച്ചത്, അടിയുണ്ടാക്കുന്ന നിങ്ങളോട് മിണ്ടാൻ തന്നെ നാണക്കേടാവും, അതൊരു ടീച്ചറാണ് വിദ്യാഭ്യാസവും വിവരവുമുള്ള ആൾ,

നിങ്ങളെ പോലെ അടിപിടികൂടുന്നവരുമായിട്ട് കൂട്ടുകൂടാൻ ആ പഴയ കളിക്കൂട്ടുകാരിയല്ല ടീച്ചറിന്ന്. അതേ പഠിപ്പും വിവരവുമൊക്കെ ആയപ്പോൾ ഞങ്ങളോട് മിണ്ടുന്നതൊക്കെ കുറച്ചിലായി അനന്ദുവിന്റെ ശബ്ദം ഇടറി. പോട്ടെടാ സാരമില്ല, അവൾ മിണ്ടിയില്ലെങ്കിലും നമുക്കെന്താ ദാസൻ അവനെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു. നാലുപേരും സംസാരിച്ചു നിൽക്കുമ്പോഴാണ് ദത്തന്റെ ഫോൺ റിംഗ് ചെയ്തത്. നവീനാണ്, നേരത്തെ നീ എത്തിയോ ചോദിച്ചു വിളിച്ചിരുന്നു, നിന്റെ ഫോൺ ഓഫാണെന്നും പറഞ്ഞു. ഫോണിലേക്കു നോക്കി അത് കൃപയ്ക്ക് നേരെ നീട്ടിക്കൊണ്ട് ദത്തൻ പറഞ്ഞു. അത് ചാർജ് തീർന്നു ഓഫ് ആയതാ, ദത്തന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി അവൾ പറഞ്ഞു. എന്താ ടാ ഇത്ര അത്യാവശ്യമായിട്ട് വിളിക്കാൻ ഫോൺ ചെവിയിൽ വെച്ചയുടനെ കൃപ ചോദിച്ചു. ഇന്നു നിങ്ങൾ റോയൽസിൽ പോയപ്പോൾ അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായോ കൃപു... മറുതലയ്ക്കൽ നിന്ന് നവീന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് പതറി. എന്തു പ്രശ്നം, ഒന്നും ഉണ്ടായില്ലല്ലോ ..? അവളൊരു വിളർച്ചയോടെ ദത്തനെ ഒളികണ്ണിട്ടു നോക്കി.

എന്നോടൊന്നും ഒളിക്കേണ്ട കൃപു, ഞാനെല്ലാം അറിഞ്ഞു, എന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു ആ സമയം അവിടെ, നിങ്ങളെന്താ ഈ കാര്യം ഞങ്ങളെ ഒളിപ്പിച്ചത്, അയാൾ നിന്നോട് അപമര്യാദയായി പെരുമാറിയത് എന്തുകൊണ്ട് ഞങ്ങളോട് പറഞ്ഞില്ല നവീൻ ശബ്ദമുയർത്തി കൊണ്ട് കൃപയോടെ ചോദിച്ചു. ടാ പതുക്കെ എല്ലാം ഞാൻ നാളെ പറയാം, എന്റെയടുത്ത് ചെറിയച്ഛനുണ്ട്, അവൾ ശബ്ദം താഴ്ത്തി അവനോട് പറഞ്ഞു. എനിക്കൊന്നും കേൾക്കണ്ട കൃപു, അയാളെ ഞങ്ങൾ വെറുതെ വിടാൻ പോകുന്നില്ല, നിങ്ങൾ എന്തുകൊണ്ട് ഞങ്ങളോടിത് മറച്ചുവെച്ചു. എന്റെ പൊന്നു നവീ.... ഞാൻ പറയുന്നതൊന്നു കേൾക്ക് ഒരു പ്രശ്നത്തിനും പോവല്ലേ,.. അയാൾക്കുള്ളത് അവിടെ വന്ന ഒരാൾ വയറുനിറച്ചു കൊടുത്തിട്ടുണ്ട്, എന്നോട് മാപ്പും പറയിപ്പിച്ചിട്ടുണ്ട്. ഈ വിഷയം ഇവിടെ വിടാം ഇനി ഇത് കുത്തിപ്പൊക്കണ്ട.

അങ്ങനെ വിടാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല, നവീന്റെ വാക്കുകൾ ഉറച്ചതായിരുന്നു. ടാ നവീ വേണ്ട ടാ, കൃപ ദയനീയമായി പറഞ്ഞു. ദാസനോടും അനന്ദുവിനോടും സംസാരിക്കുകയാണെങ്കിലും കൃപയുടെ മുഖത്തെ ഭാവ വ്യത്യാസങ്ങൾ ദത്തൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൻ അവളുടെ അടുത്തേക്ക് നടന്നു. എന്താ കൃപാ എന്താ പ്രശ്നം...? അവൻ അവളെ നോക്കി ചോദിച്ചതും, അവളൊന്നു ഞെട്ടി. ഒ... ഒന്നുല്ല ചെറിയച്ഛാ... അവൾ വിക്കി വിക്കി പറഞ്ഞു. അവളെ ഒന്ന് സൂക്ഷിച്ചു നോക്കി ദത്തൻ ആ ഫോൺ വാങ്ങി ചെവിയോടടുപ്പിച്ചു. പറ നവീൻ എന്താണ് കാര്യം....? ദത്തൻ ചോദിച്ചപ്പോൾ നവീൻ അന്ന് ഹോട്ടലിൽ ഉണ്ടായ സംഭവമെല്ലാം പറഞ്ഞു. എല്ലാം കേട്ടപ്പോൾ തന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകി. അവനത്രയ്ക്ക് ധൈര്യമോ എന്റെ കൊച്ചിനോട് അനാവശ്യം പറയാൻ..? നീ അവിടെത്തന്നെ നിൽക്ക് നവീൻ ഞങ്ങളിതാ വരുന്നു. ദത്തൻ അതും പറഞ്ഞ് ഫോൺ കട്ടാക്കി.

വേണ്ട ചെറിയച്ഛാ ഇനിയൊരു പ്രശ്നത്തിനും പോകേണ്ട, അവനുള്ളതെല്ലാം കൊടുത്തിട്ടുണ്ട്, ദയവുചെയ്ത് ഈ പ്രശ്നം ഇനി വലുതാക്കരുത് കൃപ ദയനീയമായി അവനോടപേക്ഷിച്ചു. നീ ഒന്നും പറയേണ്ട കൃപു നല്ലേടത്തെ ഒരു കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ട് ആരും അങ്ങനെ വലിയവനായി വിലസണ്ട, അവൻ ആരോടാ കളിച്ചതെന്ന് അവനറിയാൻ പോകുന്നതേയുള്ളൂ..നിങ്ങളിവിടെ തന്നെ നിൽക്ക് ഞനിപ്പോൾ വരാം എന്നു പറഞ്ഞു ദത്തൻ കൃപയോട് വണ്ടിയിൽ കയറാൻ പറഞ്ഞു. അവൾ പുറകിൽ ഇരുന്നതും അവൻ ബൈക്ക് പറപ്പിച്ചുവിട്ടു. യാത്രയിൽ അവൾ ഒരുപാടപേക്ഷിച്ചു നോക്കി . ഒന്നും അവൻ കേട്ടില്ല. അവളെ വീടിനു മുൻപിൽ ഇറക്കി അവൻ ബൈക്കുമായി പറന്നു. കൃപ പേടിയോടെ അവൻ പോയ വഴിയെ നോക്കിനിന്നു.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story