💞 പെയ്‌തൊഴിയാതെ💞 : ഭാഗം 9

peythozhiyathe rafeena

രചന: RAFEENA MUJEEB

" ഞാൻ പാട വരമ്പിലൂടെ നടക്കുമ്പോൾ അറിയാതെ കാല്തെന്നി വീണതാ,അവരാണ് എന്നെ രക്ഷിച്ചത് വൈഷ്ണവി ദത്തനെയും കൂട്ടരെയും ചൂണ്ടിക്കൊണ്ട് പറഞ്ഞു . അതു കേട്ടതും അവര് മൂന്നുപേരും അവളെ അത്ഭുതത്തോടെ മിഴിച്ചു നോക്കി. അവളിൽ നിന്നും ഇങ്ങനെയൊരു മറുപടി അവർ പ്രതീക്ഷിച്ചിട്ടില്ല, അതിന്റെ അമ്പരപ്പ് മൂന്നുപേരുടെയുംമുഖത്തുണ്ട്. ചുറ്റും കൂടി നിന്നവരൊക്കെ അവരെ പ്രശംസ കൊണ്ട് മൂടി. ഒരു ജീവൻ രക്ഷിച്ച ആ വീരന്മാരെ എല്ലാവരും അഭിനന്ദിച്ചു. അന്ന് സ്കൂളിൽ വച്ച് നടന്ന അസംബ്ലിയിൽ അവരെ അധ്യാപകരെല്ലാം വാനോളം പുകഴ്ത്തി ആദരിച്ചു. ഞൊടിയിടയിൽ തന്നെ ആ നാട്ടിലേയും സ്കൂളിലേയും താരങ്ങളായി അവർ മൂന്നു പേരും മാറി. നടക്കുന്നുകൊണ്ടിരിക്കുന്നതൊന്നും വിശ്വസിക്കാനാകാതെ മൂന്നുപേരും അത്ഭുതത്തോടെ നിന്നു. എല്ലാം കഴിഞ്ഞ് വൈഷ്ണവിയെ തനിച്ചു കിട്ടിയപ്പോൾ തങ്ങളുടെ ഉള്ളിലുള്ള സംശയം ചോദിക്കാനും അവർ മറന്നില്ല. എന്തിനാണ് കള്ളം പറഞ്ഞ് ഞങ്ങളെ രക്ഷിച്ചത്....?

വൈഷ്ണവി ഒരു പുഞ്ചിരിയോടെ പറഞ്ഞത്, ഞാൻ കാരണം നിങ്ങൾ ഒരുപാട് ശിക്ഷ അനുഭവിച്ചു,അത്രയൊന്നും പ്രതീക്ഷിച്ചല്ല ഞാൻ അത് ടീച്ചറോട് പറഞ്ഞത്, ഇങ്ങനെയൊക്കെ സംഭവിച്ചതിൽ എനിക്ക് നല്ല വിഷമമുണ്ട്, ഇനിയും നിങ്ങളെ ഓരോന്ന് പറഞ്ഞു വിഷമിപ്പിക്കേണ്ട എന്ന് വെച്ചു. അവൾ പറയുന്നത് കേട്ടപ്പോൾ ഞങ്ങൾക്ക് ഞങ്ങളോട് തന്നെ പുച്ഛം തോന്നി, ഇവളെ തകർക്കാനാണോ ഞങ്ങൾ രണ്ടു ദിവസം തലപ്പുകഞ്ഞാലോചിച്ചത്..? ഞങ്ങൾ മൂന്നുപേരും ഒന്നും മിണ്ടാതെ നിന്നു. ആ സമയത്തവൾ അവളുടെ കുഞ്ഞുകൈ ഞങ്ങളുടെ നേർക്ക് നീട്ടി. ഞങ്ങൾ മൂന്നുപേരും സംശയത്തോടെ അവളെ നോക്കിയപ്പോൾ അവൾ പുഞ്ചിരിയോടെ ഫ്രണ്ട്സ് എന്ന് പറഞ്ഞു. ഞങ്ങൾ മൂന്ന് പേരും പരസ്പരം ഒന്ന് നോക്കി അവളുടെ കയ്യിലേക്ക് ഞങ്ങളുടെ കൈ വെച്ച് ഫ്രണ്ട്സ് എന്ന് പറഞ്ഞു. അന്നുമുതൽ അവളും ഞങ്ങളുടെ കൂട്ടത്തിൽ ഒരാളായി. ദത്തൻ ദാസൻ അനന്ദു വൈഷ്ണവി നാല് പേരും ഇണപിരിയാത്ത കൂട്ടുകാരാവാൻ പിന്നീടധികമൊന്നും വേണ്ടി വന്നില്ല. അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നപ്പോൾ ചെറിയ ചെറിയ മാറ്റങ്ങളൊക്കെ അവൾക്ക് ഞങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരാനും സാധിച്ചു.

പഠനത്തിൽ അത്യാവശ്യം മോശമായിരുന്ന ഞങ്ങളെ കഷ്ടപ്പെട്ട് പാസ്സ് മാർക്ക് വരെ എത്തിക്കാൻ അവൾക്ക് സാധിച്ചു. ഞങ്ങളുടെ സൗഹൃദം സ്കൂളിലെ മറ്റ് കുട്ടികളെല്ലാം അസൂയയോടെ നോക്കി നിന്നു . വൈഷ്ണവിയ്ക്ക് സഹോദരന്മാരില്ല, ഒരു ചേട്ടനുണ്ടായിരുന്നത് ചുഴലി വന്നു മരിച്ചു , കുഞ്ഞേട്ടൻ എന്നായിരുന്നു അവൾ വിളിച്ചിരുന്നത്, ആ ചേട്ടന്റെ കുഞ്ഞേട്ടന്റ മുഖച്ഛായയാണ് അനന്ദുവിനെന്നവളെപ്പോഴും പറയും, അവനെ കുഞ്ഞേട്ടായെന്ന് വിളിക്കട്ടെ ചോദിച്ചപ്പോൾ അവൻ സന്തോഷത്തോടെ സമ്മതം മൂളി.അന്നുമുതൽ അവൾക്കവൻ കുഞ്ഞേട്ടനായി, അവന് അവൾ പിറക്കാതെപോയ അനിയത്തിക്കുട്ടിയും , ദാസനെ അവൾ ദാസേട്ടാ എന്ന് വിളിച്ചപ്പോൾ തന്നെ മാത്രം അവൾ ഒന്നും വിളിച്ചില്ല, തന്നോട് എന്തെങ്കിലും പറയാൻ അവളൊരു പ്രത്യേകതരം ശബ്ദമുണ്ടാക്കും. അതെന്താ തന്നെ മാത്രം ഒന്നും വിളിക്കാത്തത് എന്ന് പലപ്പോഴും അവളോട് ചോദിച്ചപ്പോൾ അങ്ങനെ വിളിക്കാനുള്ള ഒരു പേര് എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല

അങ്ങനെ കിട്ടുന്ന അന്ന് ഞാൻ വിളിച്ചു തുടങ്ങികൊള്ളാമെന്ന് തമാശയോടെ അവൾ പറയും . ഞങ്ങൾ നാലുപേരും ഒരുമിച്ചായിരുന്നു എവിടെയും പോയിരുന്നത് കളിക്കാനും പഠിക്കാനും എല്ലാം ഒരുമിച്ച്. വീട്ടിൽ അവളോട് മിണ്ടുന്നത് വിലക്കാണെങ്കിലും അവരുടെയെല്ലാം കണ്ണുവെട്ടിച്ച് ഞങ്ങൾ ഒരുമിച്ച് കളിച്ചു.പലപ്പോഴും അവളെ ദേഷ്യം പിടിപ്പിക്കാൻ ഞങ്ങളവളെ കാട്ടുകൊതുകെന്നു വിളിക്കും അതുകേൾക്കുന്നതേ പെണ്ണിന് കലിയാണ്, പിന്നെ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരിക്കും, അതു കാണാൻ തന്നെ നല്ല ചന്തമാണ്. ഇടയ്ക്കെപ്പോഴോ അവളുടെ കിലുകിലായുള്ള പുഞ്ചിരിയും തിളങ്ങുന്ന കണ്ണുകളും, ചീവിടിന്റെ പോലുള്ള ശബ്ദവും തനിക്ക് പ്രിയപ്പെട്ടതാവാൻ തുടങ്ങി. അവളടുത്ത് വരുമ്പോൾ ഒരു പ്രത്യേക സന്തോഷമുണ്ടാവാൻ തുടങ്ങി.അതിനു പ്രേമം എന്ന് പേര് വിളിച്ചത് ദാസനാണ്. അത് പ്രണയമാണോയെന്ന് തനിക്കിപ്പോഴുമറിയില്ല. എന്തായാലും അവരൊക്കെ നിർബന്ധിച്ച് പലതവണയത് അവളോട് പറയാൻ ഒരുങ്ങി, പക്ഷേ അവളോട് എന്തും സംസാരിക്കുന്ന തനിക്ക് ഈ ഒരു കാര്യം പറയാൻ മാത്രം എന്തോ ഒരു ബുദ്ധിമുട്ടുള്ള പോലെ ,

അവൾ അടുത്തെത്തുമ്പോഴേക്കും തൊണ്ട വരളും കൈകാലുകൾ വിറയ്ക്കും പറയണത് തൊണ്ടയിൽ കുരുങ്ങും പലതവണ ഇതുതന്നെ ആവർത്തിച്ചപ്പോൾ ദാസനും അനന്ദുവിനും ദേഷ്യം വന്നു. അവസാനം രണ്ടും കൽപ്പിച്ച് അവളോട് കുളപ്പടവിലേക്ക് വരാൻ പറഞ്ഞു എന്തും വരട്ടെ എന്ന് വിചാരിച്ചു തന്റെ ഇഷ്ടം അവളോട് പറയാൻ ഒരുങ്ങുമ്പോഴാണ് വടക്കേ തൊടിയിൽ നിന്നും ഒരലർച്ച കേട്ടത്, ഞങ്ങളോടി ചെന്നുനോക്കുമ്പോൾ അവളുടെ അച്ഛൻ തെങ്ങിൽ നിന്നും വീണു ചോരയിൽ കുളിച്ചു കിടക്കുന്നു. അച്ഛാ എന്നൊരലർച്ചയോടെ അവളയാളെ ചെന്ന് കെട്ടിപിടിച്ചു കരഞ്ഞു, പിന്നീട് ആരൊക്കെയോ പറയുന്നത് കേട്ടു അയാൾ മരിച്ചുപോയെന്ന്. പിന്നീട് വൈഷുവിനെ ഞങ്ങൾ സന്തോഷത്തോടെ കണ്ടിട്ടില്ല, എപ്പോഴും അവളുടെ കുഞ്ഞു കണ്ണുകളിൽ കണ്ണുനീരുണ്ടാവും. എന്നും ഞങ്ങൾ അവളെ കാണാൻ അവളുടെ വീട്ടിൽ പോകും, അവിടെ പോയി നിൽക്കുന്നതിന് അമ്മയും ഏട്ടന്മാരും വഴക്ക് പറഞ്ഞെങ്കിലും താനതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല.

അങ്ങനെ ഒരിക്കൽ അവളെ വീട്ടിൽ ചെന്നപ്പോഴാണ് അറിഞ്ഞത് അവളെയും അവളുടെ അനിയത്തിയേയും അവരുടെ അമ്മാവൻ വന്ന് കൂട്ടിക്കൊണ്ടു പോയെന്ന്, ഇനിമുതൽ അവർ അവിടെയാണ് നിൽക്കുന്നതെന്നും ഇവിടുത്തെ കഷ്ടപ്പാട് കണ്ടാണ് അദ്ദേഹം അവരെ രണ്ടുപേരെയും കൂട്ടിക്കൊണ്ടുപോയതെന്നും വൈഷുവിന്റെ അമ്മ പറയുന്നത് കേട്ടു , ഒരുപാട് സങ്കടം തോന്നിയ ദിവസമായിരുന്നു അന്ന്, ആരും കാണാതെ ഒരുപാട് കരഞ്ഞു ഇടയ്ക്കെപ്പോഴോ അറിഞ്ഞു നന്നായി പഠിക്കുന്ന അവളെ അവർ നല്ലൊരു സ്കൂളിൽ ചേർത്തെന്നൊക്കെ. ആദ്യമൊക്കെ അവധി കിട്ടിയാൽ അവൾ ഓടി വരുമായിരുന്നു പിന്നീട് അതും ഇല്ലാതായി. പതിയെ ഞങ്ങളും മാറിത്തുടങ്ങി, ശരീരവും മനസ്സും വളർന്നപ്പോഴും പണ്ടത്തെ ആ വള്ളി നിക്കറു കാരന് ആ പുഴുപ്പല്ലിയോട്‌ പു തോന്നിയ ഇഷ്ടം ചിതലരിക്കാതെ ഉള്ളിന്റെയുള്ളിൽ ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട്.ഒരിക്കലും പ്രതീക്ഷിക്കാതെ കണ്മുൻപിൽ അവൾ വന്നു നിന്നപ്പോൾ അറിയാതെ മനസ്സൊന്ന് പിടച്ചു,

താൻ ഇതുവരെയുള്ളിൽ സൂക്ഷിച്ച തന്റെ സ്വകാര്യ ഇഷ്ടം..... ദാസൻ പറഞ്ഞതാണ് ശരി തന്നെപ്പോലുള്ള ഒരാളവൾക്ക് ചേരില്ല, തന്റെ ഇഷ്ടം തന്റെയുള്ളിൽ തന്നെ കിടന്നോട്ടെ അവനാ പുഴയിലേക്കൊരു കല്ല് നീട്ടിയെറിഞ്ഞു. പുഴയിലെ ആഴങ്ങളിലെവിടെയോ ആ കല്ല് പോയി പതിച്ചു. രാത്രി ഏറെ വൈകിയാണ് മൂന്നുപേരും പിരിഞ്ഞത്. ദത്തൻ തന്റെ ബൈക്കെടുത്ത് അവരോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് വിട്ടു . ദാസനും അനന്ദുവും വീട്ടിലേക്ക് വരുന്നത് ദൂരെ നിന്ന് തന്നെ മനസ്സിലാവും ആടി കുഴഞ്ഞ് ഉച്ചത്തിൽ പാട്ടുപാടിയാണ് വരവ് . "നീയറിഞ്ഞോ.. മേലേ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നെന്ന്" ദാസൻ ഉച്ചത്തിൽ പാടി തകർക്കുകയാണ്. രണ്ടു പേരും നടന്നും വീണുമൊക്കെ വീടിനടുത്തുള്ള ഇടവഴിയിലെത്തിയപ്പോൾ തങ്ങൾക്ക് മുൻപിലുള്ള രൂപത്തെ കണ്ടു പകച്ചു നിന്നു. നിലാവിന്റെ അരണ്ട വെളിച്ചത്തിൽ തങ്ങൾക്കു മുൻപിൽ കൈ കെട്ടി തടസ്സമായി നിൽക്കുന്ന ആളെ അവർക്ക് രണ്ടാൾക്കും പെട്ടെന്ന് മനസ്സിലായി. വൈഷു അനന്തുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു.

രണ്ടുപേരും അവളെ ഒന്ന് നോക്കി കാണാത്ത ഭാവത്തിൽ അവൾക്ക് മുന്നിലൂടെ നടന്നു നീങ്ങി. കുഞ്ഞേട്ടാ.... അവൾ തിരിഞ്ഞു നിന്ന് ദേഷ്യത്തോടെ വിളിച്ചു. അത് കേട്ടതും രണ്ടാളും ഒന്നു നിന്നു . നിങ്ങളെന്താ ഞാൻ വിളിച്ചത് കേട്ടില്ലേ..,? രണ്ടുപേരും കാണാത്ത ഭാവത്തിൽ പോകുന്നതെന്താ...? ഞങ്ങളാദ്യമായിട്ടൊന്നുമല്ലല്ലോ നിന്നെ കാണുന്നത്, ഇതിനു മുൻപൊക്കെ നിന്നെ കണ്ടപ്പോൾ ആ ഭാവം നിനക്കായിരുന്നു ദാസൻ പരിഹാസത്തോടെ പറഞ്ഞു. പിന്നെ കവലയിൽ വെച്ച് തെമ്മാടികളെ പോലെ തല്ലുണ്ടാക്കുമ്പോൾ ഞാനെന്തു വേണം...?അവളും ദേഷ്യത്തോടെ ചോദിച്ചു. രണ്ടാളും ഒന്നും പറയാതെ പോകാൻ തുടങ്ങിയതും അവൾ അവർക്കു മുന്നിലേക്ക് ചാടിക്കേറി നിന്നു. നിനക്കിതെന്താ വേണ്ടത് കൊച്ചേ...? രണ്ടാളും അവളെ സംശയത്തോടെ നോക്കി ചോദിച്ചു. അല്ല എന്താ നിങ്ങളുടെ ഉദ്ദേശം....? അവൾ ഗൗരവത്തോടെ ചോദിച്ചു. രണ്ടാളും കാര്യം മനസ്സിലാക്കാതെ അവളെ തന്നെ നോക്കി നിന്നു. കൂട്ടുകാരന് ജോലി ഇല്ലെങ്കിലും ഒരു പ്രശ്നവുമില്ല,

നാലു തലമുറക്കിരുന്നുണ്ടാലും കഴിയാത്തത്ര സ്വത്തുണ്ട്. അതുപോലെയാണോ നിങ്ങളുടെ കാര്യം, എത്രകാലം അങ്ങേരുടെ ഔദാര്യത്തിൽ നിങ്ങൾ കഴിയും. നിങ്ങൾക്ക് ഒരു കുടുംബം വേണ്ടേ, എന്നാണ് നിങ്ങൾ കുടുംബം നോക്കാൻ തുടങ്ങുന്നത്, വയസ്സായ അച്ഛനുമമ്മയും അധ്വാനിച്ചു കൊണ്ടുവരുന്ന വിഹിതം പറ്റാൻ നാണമില്ലേ നിങ്ങൾക്ക്... അവൾ ദേഷ്യത്തോടെ രണ്ടാളെയും നോക്കി ചോദിച്ചു. രണ്ടുപേരും മറുപടിയൊന്നും കൊടുക്കാതെ അവളെ നോക്കി നിന്നു. ഏറ്റവും നല്ല നിലയിലായി കാണണം എന്ന് ഞാൻ വിചാരിച്ച എന്റെ കുഞ്ഞേട്ടനും ദാസേട്ടനും കണ്മുൻപിൽ ഒന്നുമാകാതെ ഇങ്ങനെ വന്നു നിൽക്കുമ്പോൾ സങ്കടം വരുന്നു. നിങ്ങളോട് ഞാൻ മിണ്ടിയില്ല എന്നുള്ള പരാതിയുണ്ടല്ലോ നിങ്ങൾക്ക്, എന്റെ വേദന നിങ്ങളറിഞ്ഞോ...? നിങ്ങളുടെ വീട്ടുകാരുടെ വേദന എപ്പോഴെങ്കിലും നിങ്ങൾ അറിഞ്ഞിട്ടുണ്ടോ.. നാണമില്ലല്ലോ കുടിച്ചു കൂത്താടി മറ്റൊരാളുടെ ചിലവിൽ കഴിയാൻ ആണാണ് പോലും അവൾ പുച്ഛത്തോടെ പറഞ്ഞു.

ദേ പെണ്ണേ കൂടുതൽ കയറി ഭരിക്കാൻ വരണ്ട ദാസൻ ദേഷ്യത്തോടെ പറഞ്ഞു. ഭരിക്കാൻ വന്നാൽ താനെന്ത് ചെയ്യും എന്നും പറഞ്ഞ് വൈഷു അവർക്ക് മുൻപിലേക്ക് ഒന്നുകൂടി കേറി നിന്നു . രണ്ടാളും ഞെട്ടി രണ്ടടി പുറകോട്ടു വെച്ചു . രണ്ടാളോടും ഒരു കാര്യം പറയാനാണ് ഞാൻ ഇത്ര നേരം ഇവിടെ കാത്തുനിന്നത്. നാളെ കാലത്ത് ഏഴുമണിക്ക് രണ്ടാളും കുളിച്ചൊരുങ്ങി ഇവിടെ വന്നു നിൽക്കണം നമുക്കൊരിടംവരെ പോകാനുണ്ട്, ഞാൻ വരുമ്പോൾ രണ്ടാളും ഇവിടെ ഉണ്ടായിരിക്കണം ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്യണമെന്നെനിക്കറിയാം, മനസ്സിലായല്ലോ രണ്ടാൾക്കും അവരെ ദേഷ്യത്തോടെയൊന്ന് നോക്കി അവൾ അവിടെ നിന്നും പോയി. പകുതി വഴിയിൽ എത്തിയപ്പോൾ വീണ്ടും അവൾ തിരിഞ്ഞു നിന്ന് വിളിച്ചുപറഞ്ഞു മറക്കണ്ട ഏഴുമണിക്ക് രണ്ടാളും ഇവിടെ ഉണ്ടായിരിക്കണം. രണ്ടാളെയും നോക്കി വീണ്ടും അത് പറഞ്ഞ് അവൾ അവിടെ നിന്നും പോയി. അവൾ പോയ വഴിയെ രണ്ടുപേരും ഒന്നു നോക്കി നിന്നു കാര്യം ഒന്നും മനസ്സിലാവാതെ. ഇതിലും ഭേദം അവൾ മിണ്ടാതെ നടക്കുന്നതായിരുന്നു, അവൾ പോയ വഴിയേ നോക്കി അനന്ദു പറഞ്ഞു..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story