പൊൻകതിർ: ഭാഗം 14

ponkathir

രചന: രഞ്ജു ഉല്ലാസ്‌

രാത്രിയിലെ അത്താഴം കഴിച്ച ശേഷം സ്റ്റെല്ല നേരെ രാധമ്മയുടെ മുറിയിലേക്ക് ആണ് പോയത്. കിടക്കുവാൻ വേണ്ടി.

നേരത്തെ തന്നെ അവർക്ക് വേണ്ട ഭക്ഷണമൊക്കെ അവൾ കൊടുത്തുകഴിഞ്ഞിരുന്നു.

എന്നിട്ട് അടുക്കളയിലേക്ക് പോയി, തന്റെ ജോലികളൊക്കെ ചെയ്തുതീർത്ത ശേഷം, അവൾ റൂമിലേക്ക് തിരികെയെത്തിയത്.

 ആ നേരത്ത് ശിവൻ അമ്മയുടെ അരികിലിരുന്ന് സഹോദരിമാരെ ഫോൺ വിളിക്കുകയായിരുന്നു.


വീഡിയോ കോളിൽ ആണെന്ന് അവൾക്ക് മനസ്സിലായി.

 അതുകൊണ്ട് പെട്ടെന്ന് തന്നെ സ്റ്റെല്ല അവിടെ നിന്നും പിന്നോട്ട്  ഇറങ്ങിപ്പോന്നിരുന്നു.


 ശിവന്റെയും അമ്മയുടെയും,  സ്വകാര്യതയിൽ താൻ കൈകടത്തി എന്ന് എന്തെങ്കിലും ചീത്ത പേര് എങ്ങാനും വരുമോ എന്ന് അവൾ ഭയപ്പെട്ടു.

രണ്ടു മൂന്നു മാസങ്ങൾ എങ്ങനെ എങ്കിലും ഇവിടെ പിടിച്ചു നിൽക്കണം.. അല്ലാതെ വേറെ നിവർത്തി ഇല്ല...കാരണം തന്റെ അവസ്ഥ അത്രമേൽ കഷ്ടമാണ്....

അകത്തു നിന്നും 
 ശിവൻ എന്തൊക്കെയോ പറഞ്ഞു, ചിരിക്കുന്നതൊക്കെ കേൾക്കാം.

ഹോളിൽ കിടന്നിരുന്ന സെറ്റിയിൽ ചാരി ഇരിക്കുക ആണ് സ്റ്റെല്ല...

ജീവിതത്തിൽ ആദ്യം ആയിട്ട് ആണ് ഇത്രയും ജോലികൾ ഒക്കെ ചെയ്യുന്നത്.

ശരീരം ഒക്കെ തളർന്നു പോകും പോലെ.രാധമ്മയെ പിടിച്ചു പൊക്കുകയും നേരെ ചാരി ഇരുത്തി ഭക്ഷണം കൊടുക്കുയയും ഒക്കെ ചെയ്യുമ്പോൾ കയ്യും കാലും ഒക്കെ കുഴഞ്ഞു പോകുക ആയിരുന്നു...

എവിടെ എങ്കിലും താൻ വീണുപോയി പോകുമോ എന്ന് പോലും അവൾ ഭയപ്പെട്ടിരുന്നു..

എന്റെ മാതാവേ... എല്ലാ ആപത്തിൽ നിന്നും എന്നേ രക്ഷിക്കണേ.. നീ അല്ലാതെ ആരും ഇല്ലാ എനിക്ക് ആശ്രയം,,,, മാനം രക്ഷിക്കാൻ വേണ്ടിയാണ് ഞാൻ ഈ വിധം ഇറങ്ങി തിരിച്ചത്..നിന്റെ ഇരു കരങ്ങളും എന്റെ മേൽ താങ്ങായി ഉണ്ടാവണേ..

ഓർക്കും തോറും മിഴികൾ നിറഞ്ഞു.


ശിവൻ ആണെങ്കിൽ ഫോൺ സംഭാഷണം അവസാനിപ്പിച്ചു ഇറങ്ങി വന്നപ്പോൾ, സെറ്റിയിൽ ചാരി ഇരുന്ന് കൊണ്ട് കരയുന്ന സ്റ്റെല്ലയെ ആണ് കണ്ടത്.

സ്റ്റെല്ല....

അവൻ വിളിച്ചതും പെട്ടന്ന് അവൾ ചാടി എഴുന്നേറ്റു.

"താൻ ഭക്ഷണം കഴിച്ചോ "?

"മ്മ് കഴിച്ചു, അമ്മയ്ക്കും കൊടുത്തത് ആണ്, ഇനി ഗുളിക കൊടുത്താൽ മതി "

"ആഹ്,അതൊക്കെ ഞാൻ എടുത്തു കൊടുത്തു.. താൻ പോയ്‌ കിടന്നോളു..."


മിഴി നീർ തുടച്ചു കൊണ്ട് നടന്നു പോകുന്നവളെ നോക്കി കുറച്ചു സമയം ശിവൻ അങ്ങനെ തന്നെ നിന്നു.

രാധമ്മ കിടക്കുന്ന മുറിയിൽ തന്നെ മറ്റൊരു കട്ടില് കൂടി കിടപ്പുണ്ട്. ശിവൻ ആണെന്ന് തോന്നുന്നു ഒരു ബെഡ് ഷീറ്റ് എടുത്തു വെച്ചിട്ടുണ്ട്. അരികിലായ് തന്നെ ഒരു പുതപ്പും..കിടക്ക എല്ലാം കൊട്ടി വിരിച്ചതിൽ ആയിരുന്നു സ്റ്റെല്ല കിടന്നത്.

രാധമ്മ ആണെങ്കിൽ കിടന്നതേ ഉറങ്ങി പോയ്‌.. ഗുളികയുടെ ഡോസ് ആവും എന്ന് സ്റ്റെല്ലക്ക് മനസിലായി.


കുറച്ചു സമയം ഉറങ്ങാതെ കിടന്നു.. സീന ചേച്ചിയും മോനും..... രണ്ടാളും വീട്ടിൽ എത്തിയോ ആവോ... ഒരു വിവരവും ഇല്ലല്ലോ..... ഫോൺ എടുക്കാൻ പറ്റിയില്ല തിടുക്കത്തിൽ ഇറങ്ങി പോരുമ്പോൾ... അലോഷിയെ പേടിച്ചു അന്ന് രാത്രയിൽ ഓടി ചെന്നു അഭയം തേടിയത് അയൽ വീട്ടിലെ മറിയാമ്മച്ചിയുടെ അരികിൽ ആയിരുന്നു, അടുത്ത ദിവസം നേരം വെളുത്തപ്പോൾ അലോഷി ഒരു ബൈക്കിൽ കയറി പോകുന്നത് കണ്ടു. ആ ഉറപ്പിന്മേൽ വീട്ടിലേക്ക് ചെന്നു ശേഷം,കുറച്ചു തുണികൾ എല്ലാം കുത്തി നിറച്ചു വെച്ചു. അപ്പോളേക്കും ഒരു ബൈക്ക് ന്റെ ശബ്ദം... പിന്നിലെ വാതിലിൽ കൂടി ഇറങ്ങി ഓടി പോന്നു. ബാഗ് മാത്രം എടുക്കാൻ പറ്റിയുള്ളു.. ഫോണ് എവിടെ ആണെന്ന് നോക്കാനും കഴിഞ്ഞില്ല...

ഈശ്വരാ എന്റെ ചേച്ചിയെയും കുഞ്ഞിനേയും കാത്ത് രക്ഷിക്കണേ... ഹോസ്പിറ്റലിൽ നിന്നു വന്നോ ആവോ.... കുഞ്ഞിന് കുറഞ്ഞ കാണും ഇപ്പോള്...തന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും... പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ലാലോ.....പാവം ചേച്ചി,ചങ്ക് പറിച്ചു സ്നേഹിച്ചത് ആ ദുഃഷ്ടനെ ആണല്ലോ, അമ്മേം പെങ്ങളെയും തിരിച്ചു അറിയാൻ കഴിയാത്ത ശവം...

 പലവിധ ചിന്തകളിൽ ഉഴറി നടന്ന ശേഷം എപ്പോളോ അവൾ മിഴികൾ പൂട്ടി.


*

കാലത്തെ അഞ്ചു മണി അയപ്പോൾ ശിവൻ എഴുന്നേറ്റു..

പ്രാഥമിക കർമ്മങ്ങൾ ഒക്കെ നടത്തിയ ശേഷം നേരെ താഴേക്ക് ഇറങ്ങി വന്നു.

അമ്മയുടെ മുറിയിലേക്ക് എത്തി നോക്കി.

സ്റ്റെല്ല ഉണർന്നു മുട്ടുകുത്തി ഇരുന്നു പ്രാർത്ഥിക്കുന്നുണ്ട്.
കൈയിൽ ഒരു കൊന്ത മാലയും ഉണ്ട്.. 

അവൻ അവിടെന്നു നേരെ അടുക്കളയിലേക്ക് ചെന്നു.

കട്ടൻ ചായയ്ക്ക് വെള്ളം വെച്ചു.. മിക്കവാറും ദിവസവും ശിവൻ ആണ് ചായ വെയ്ക്കുന്നത്.അത് കൊണ്ട് പോയ്‌ അമ്മയ്ക്ക് കൊടുത്ത ശേഷം അവൻ കൃഷിയിടങ്ങളിലേക്ക് പോകുന്നത്.

മധുരവും കടുപ്പവും പാകം ആണോ എന്ന് പരിശോധന നത്തുമ്പോൾ ഉണ്ട്, സ്റ്റെല്ല വരുന്നു 

"ചേട്ടൻ എഴുന്നേറ്റാരുന്നോ "

പിന്നിൽ നിന്ന് കൊണ്ട് അവൾ മെല്ലെ ചോദിച്ചു.

ഹ്മ്മ്... ദേ ചായ എടുത്തു കുടിച്ചോ... ഒരു ഗ്ലാസ്‌ എടുത്തു അമ്മയ്ക്കും കൊടുക്ക്..

"ഞാൻ... ഞാൻ ചെയ്തോളമായിരുന്നു "

"അതൊന്നും സാരമില്ലടോ... എടുത്തു കുടിയ്ക്ക്,, അമ്മക്ക് ഉള്ളത് ഞാൻ കൊടുത്തോളം "

പറഞ്ഞു കൊണ്ട് തന്നെ 
ഒരു ചെറിയ കപ്പിൽ കുറച്ചു എടുത്തു കൊണ്ട് ശിവൻ അടുക്കളയിൽ നിന്ന് ഇറങ്ങി അമ്മയുടെ മുറിയിലേക്ക് പോകുകയും ചെയ്തു.


അമ്മ പറയുന്നത് ഒക്കെ അവ്യക്തമായി മനസിലാകുന്നു ഒള്ളു എങ്കിലും അതെല്ലാം വളരെ താല്പര്യത്തോടെ തന്നെ ശിവൻ ഇരുന്നു കേൾക്കുന്നുണ്ട്.


അര മണിക്കൂർ നേരം കഴിഞ്ഞു അവൻ പഴയ ഒരു ഷർട്ടും കാവി മുണ്ടും ഉടുത്തു ഇറങ്ങി വന്നു.

"സ്റ്റെല്ല "

ഉമ്മറത്തു നിന്ന് കൊണ്ട് അവൻ നീട്ടി വിളിച്ചു 

"എന്തോ...വരുവാ ചേട്ടാ.."

പെട്ടന്ന് തന്നെ അവൾ അവന്റെ അരികിലേക്ക് ചെന്നു.

"എന്റെ ജോലി എന്താണ് എന്ന് തനിക്ക് അറിയാമോ '


"ഇല്ല ചേട്ടാ "

"ഞാൻ ഒരു കൃഷിക്കാരൻ ആണ് "കുറച്ചു സ്ഥലം ഒക്കെ സ്വന്തം ആയിട്ട് ഉണ്ട്. അവിടെ അത്യാവശ്യ കൃഷി ഒക്കെ ചെയ്തു ആണ് ഞാനും അമ്മയും കഴിയുന്നത്..."


അവൻ പറയുന്നത് കേട്ടു കൊണ്ട് അവൾ തല കുലുക്കി.
.
"ഒൻപതര ഒക്കെ ആകുമ്പോൾ ഞാൻ എത്തും, പിന്നെ അമ്മയെ നോക്കുവാൻ അല്ലേ താൻ ഇവിടെ വന്നത്, അതുകൊണ്ട് അമ്മേടെ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി.. ബാക്കി ഒക്കെ ഞാൻ വന്നിട്ട് ചെയ്തോളാം "

"അത് കുഴപ്പമില്ല ചേട്ടാ,, ഇവിടത്തെ ജോലികളും കൂടെ ഞാൻ ചെയ്തോളാം... അങ്ങനെ പറഞ്ഞു കൊണ്ട് ആണ് എനിക്ക് ഉള്ള പണം ഏജൻസിയിൽ നിന്നും തരുന്നത്."

"അതൊക്കെ ഇയാൾക്ക് ബുദ്ധിമുട്ട് ആവും..."


"സാരമില്ല ചേട്ടാ... എന്നേ ഇവിടെ നിന്ന് പറഞ്ഞു വിടാതെ ഇരുന്നാൽ മാത്രം മതി..രണ്ട് മൂന്നു മാസം ഇവിടെ നിൽക്കേണ്ടി വരും എന്നാണ് ഏജൻസിയിലെ പ്രകാശൻ ചേട്ടൻ അറിയിച്ചത് .പോകാൻ മറ്റൊരു സ്ഥലം ഇല്ല..... അതുകൊണ്ട് എന്നോട് ഇത്തിരി കരുണ കണിയ്ക്കണം "

അത് പറഞ്ഞതും സ്റ്റെല്ലയുടെ ശബ്ദം ഇടറി 

"താൻ കേറി ചെല്ല്, ഇവിടെ നിന്ന് ഇങ്ങനെ കരഞ്ഞാല് ആളുകൾ വേറെ വല്ലതും കൂടെ പറഞ്ഞു ഉണ്ടാക്കും "

ഇടത്തേയ്ക്കും വലത്തേയ്ക്കും മുഖം തിരിച്ചു കൊണ്ട് ആണ് ശിവൻ അത് പറഞ്ഞത്.


സ്റ്റെല്ല വേഗം കണ്ണീര് എല്ലാം വലം കൈ കൊണ്ട് തുടച്ചു മാറ്റി.

എന്നിട്ട് അകത്തേക്ക് കയറി വാതിൽ അടച്ചു.

ശിവന്റെ ബൈക്ക് കടന്നു പോകുന്ന ശബ്ദം കേട്ട് കൊണ്ട് അവൾ വീണ്ടും അടുക്കളയിലേക്ക് പോന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story