പൊൻകതിർ: ഭാഗം 15

ponkathir

രചന: രഞ്ജു ഉല്ലാസ്‌

 തന്റെ കൃഷിയിടങ്ങളിലേക്ക് ശിവൻ പോയതും,  സ്റ്റെല്ല അടുക്കള ജോലി ചെയ്യുവാനായി ഇറങ്ങി.

 ഉപ്പുമാവ് ആയിരുന്നു അവൾ, കാലത്തെ കഴിക്കുവാനായി ഉണ്ടാക്കുവാൻ തീരുമാനിച്ചത്.

റവ എടുത്ത് വറുത്തു വെച്ചതിനുശേഷം, ഉള്ളിയും മുളകും കറിവേപ്പിലയും ഇഞ്ചിയും ഒക്കെ ഫ്രിഡ്ജിൽ നിന്നും എടുത്തു വച്ചു, അവയെല്ലാം ഒരു ചരുവത്തിൽ വെള്ളം ഒഴിച്ച് ഇട്ടതിനുശേഷം, പതിയെ അവൾ മുറ്റത്തേക്ക് ഇറങ്ങി.

വലിയ മുറ്റമാണ്..

 എല്ലാം അടിച്ചുവാരി വൃത്തിയാക്കി ഇടുവാനായി അവൾ ചൂൽ എവിടെയാണ് ഇരിക്കുന്നത് എന്ന് അന്വേഷിച്ചു നടന്നു..

പടിഞ്ഞാറുവശത്തായി,കുറച്ച് ചൂട്ടും വിറകും ഒക്കെ ഒരു പുര ഉണ്ടാക്കി അതിൽ അടുക്കി വൃത്തിയാക്കി വെച്ചിട്ടുണ്ട്.. അവിടെയൊന്ന് ശരിക്കും നോക്കിയപ്പോൾ, കുറച്ചു മാറി ഇരിപ്പുണ്ടായിരുന്നു ചൂലുകൾ..

 അടിക്കാൻ പാകത്തിനുള്ള ഒരെണ്ണം എടുത്ത്, സ്റ്റെല്ല, നടവാതിൽക്കലേക്ക് പോയി.

"അമ്മേ... ഞാനീ മുറ്റം ഒക്കെ ഒന്നു അടിച്ചു വാരുവാൻ പോകുവാ... ഇടയ്ക്കിടയ്ക്ക് വന്നു നോക്കിക്കോളാം കേട്ടോ "

അവൾ പറഞ്ഞതും, രാധമ്മ ഒന്ന് തലയാട്ടുവാനായി ശ്രമിച്ചു.
 അവരുടെ കവിളിൽ ഒന്ന് തട്ടിയെ ശേഷം സ്റ്റെല്ല മുറ്റത്തേക്ക് ഇറങ്ങി ചെന്നു.

കുറച്ചേറെ കരിയിലകൾ ഉണ്ടായിരുന്നു..
 എല്ലാം അടിച്ചു വാരി വൃത്തിയാക്കി..

 ഏകദേശം ഒന്നരമണിക്കൂറോളം എടുത്തു മുറ്റം അടിച്ച് തീർക്കുവാൻ.

 പാവത്തിന് തന്റെ നടുവൊക്കെ മുറിഞ്ഞു പോകുന്നതുപോലെ ആയിരുന്നു വേദന..

 ഇടയ്ക്കൊക്കെ തന്റെ വിധിയോർത്ത് അവൾക്ക് കണ്ണ് നിറഞ്ഞു വന്നു.

 കുനിഞ്ഞുനിന്ന മുറ്റം അടിച്ചു വാരുമ്പോൾ, അവളുടെ മിഴിനീർ ധാരധാരയായി ഒഴുകി.

പിന്നെ,തനിക്ക് ഏറ്റവും സുരക്ഷിതമായ ഒരു വീട്ടിൽ ആണല്ലോ എത്തിച്ചേർന്നത് എന്നോർത്ത് അവൾ സമാധാനിച്ചു.

 ശിവൻ ആണെങ്കിലും മാന്യനായ ഒരു വ്യക്തിയാണെന്ന് അവൾക്ക് തോന്നി.

രാധമ്മയെ നോക്കുവാൻ പലതവണ അവൾ റൂമിലേക്ക് ഓടിച്ചെല്ലും.

 എന്നിട്ട് തിരികെ അടുക്കളയിലേക്ക് വന്നശേഷം ജോലികൾ തുടരും.

 ഉപ്പുമാവ് ഉണ്ടാക്കി വെച്ചതിനുശേഷം, ആ അടുപ്പിലേക്ക് തന്നെ അവൾ കഞ്ഞിക്കുള്ള വെള്ളം വച്ചു.
 എന്നിട്ട് എന്ന് രാധമ്മയെ പല്ലു തേയ്പ്പിച്ച് മുഖം ഒക്കെ കഴുകിച്ചു.

അവർക്ക് ആഹാരം കൊടുത്തു.

"അമ്മയ്ക്ക് ഇഷ്ടം ആകുന്നുണ്ടോ, ഇവിടുത്തെ ടേസ്റ്റ് ഒന്നും എനിക്കറിഞ്ഞുകൂടാ, എന്തെങ്കിലും അരുചി ഉണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം കേട്ടോ "

 അവൾ പറഞ്ഞതും,  രാധമ്മ കുഴപ്പമില്ലന്നൊ മറ്റൊ പറയാൻ ശ്രമിച്ചു.

"സംസാരിച്ചു ബുദ്ധിമുട്ടേണ്ട,ഏറിയാൽ ഒരു രണ്ടാഴ്ച, അതിനുള്ളിൽ അമ്മയ്ക്ക്, പഴയതുപോലെ,  എല്ലാ വാക്കുകളും പറയാൻ പറ്റും"

 ഭക്ഷണം കൊടുത്ത ശേഷം അവരുടെ  വായും,മുഖവും ഒക്കെ അവൾ കഴുകി തുടച്ചു കൊടുത്തു.

 സ്റ്റെല്ലയോട് പറഞ്ഞ സമയത്ത് തന്നെ ശിവൻ മടങ്ങിയെത്തിയിരുന്നു..

 ചേട്ടന് കഴിക്കുവാൻ എടുക്കട്ടെ.?

കുറച്ചുകഴിഞ്ഞ് മതി, താൻ കഴിച്ചോ?

ഇല്ല ചേട്ടാ, എനിക്ക് വിശപ്പ് ആയില്ല, കുറച്ചുകഴിഞ്ഞ് ഞാൻ കഴിച്ചോളാം, അവൾ പറഞ്ഞു.

 തനിക്ക് എന്താണ് വേണ്ടത് എന്ന് വെച്ചാൽ, ഉണ്ടാക്കി കഴിച്ചോണം, ഇവിടെ ആരും ഒന്നും ചോദിക്കാനും പറയാനും ഇല്ല കേട്ടോ....

അവൻ പറഞ്ഞതും സ്റ്റെല്ല തല കുലുക്കി.

അതുപോലെതന്നെ, തന്റെ അലോഷി ചേട്ടന്റെ കാര്യം ഓർത്തൊന്നും പേടിക്കേണ്ട, ഇവിടെ വന്ന് ഒരുത്തനും തന്റെ മേൽ കൈ വയ്ക്കില്ല, ആ ഉറപ്പ് ഈ ശിവൻ തനിക്ക് തരുന്നു..... അതുകൊണ്ട് മനസ്സമാധാനമായിട്ട്  ഇരുന്നോളു...."

 അലോഷി ചേട്ടനെ അറിയുമോ...?

 അവൾക്ക് ആശ്ചര്യം തോന്നി.

"ഹ്മ്മ്....  ഞാൻ അന്വേഷിച്ചിരുന്നു.അതുകൊണ്ട് അല്ലേ പറഞ്ഞത് "

"ഞാൻ.... ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ചേട്ടാ, അയാള് ചീത്തയാ..ചേച്ചിയുടെ ഭർത്താവ് .."

"ഒന്നും പറയാൻ നിൽക്കേണ്ട... പോയ്‌ എന്നതെങ്കിലും എടുത്തു കഴിക്ക് "


"മ്മ്...."

നന്ദിയോട് കൂടി അവൾ അവനെ നോക്കി..

ആ മിഴികൾ നിറയാൻ തുടങ്ങിയതും ശിവൻ പെട്ടന്ന് കോണി പടികൾ കയറി മുകളിലേക്ക് പോയ്‌.
അവന്റെ നാവിൽ നിന്നും കേട്ട വാക്കുകൾ..

അത് ചെറിതൊന്നും അല്ല സ്റ്റെല്ലയെ സന്തോഷിപ്പിച്ചത്.

എന്ത് കൊണ്ടും താൻ ഇവിടെ സുരക്ഷിത ആണെന്ന് ഒരു ബോധ്യം അവൾക്ക് ഉണ്ടായി.

ഈശ്വരാ.. എത്ര നാൾ.... എത്ര നാൾ ഇവിടെ നിൽക്കും..

അവളുടെ ഉള്ളിന്റെ ഉള്ളിൽ അങ്ങനെ ഒരു ചോദ്യം പൊന്തി വന്നു.

ആഹ് എന്റെ മാതാവ് എനിക്ക് എന്തേലും വഴി കാണിച്ചു തരും.. ഉറപ്പാ....

അങ്ങനെ വുശ്വസിക്കുവാൻ ആയിരുന്നു സ്റ്റെല്ലയ്ക്ക് അപ്പോൾ തോന്നിയത്.

ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് ശിവൻ ഇറങ്ങി വന്നപ്പോൾ സ്റ്റെല്ല അടുക്കളയിയ്ക്ക് ഓടി.

എന്നിട്ട് അവൾ അവനു കഴിക്കുവാൻ വേണ്ടി ഉപ്പുമാവും പഴവും എടുത്തുവച്ചു. ഒപ്പം ചായയും.

അമ്മ കഴിച്ചോ....?

 കൈകഴുകി ടേബിളിന്റെ അടുത്തേക്ക് വന്നതും,  ശിവൻ സ്റ്റെല്ലയെ നോക്കി ചോദിച്ചു.

"ഉവ്വ് 
.. എട്ടരയായപ്പോൾ അമ്മയ്ക്ക് വേണ്ട ആഹാരം ഒക്കെ കൊടുത്തു..മെഡിസിനും കഴിച്ച ശേഷമാണ് കിടത്തിയത്.."

" തനിക്ക് ഒറ്റയ്ക്ക് അമ്മയെ പിടിച്ചു പൊക്കുവാൻ ഒക്കെ പറ്റുമായിരുന്നോ, ഞാനും കൂടി വന്നിട്ട് ചെയ്തേനെ, അമ്മ സാധാരണയായിട്ട് പത്തുമണി ആകും ഭക്ഷണം ഒക്കെ കഴിക്കുമ്പോൾ  "


"കുഴപ്പമില്ല ചേട്ടാ, ഞാൻ പതിയെ അങ്ങട് ചാരി ഇരുത്തി "

"ഉച്ചയ്ക്ക് ഞാൻ നേരത്തെ എത്തും, അത് കഴിഞ്ഞു അമ്മയെ ദേഹം ഒക്കെ തുടച്ചു കൊടുത്താൽ മതി...  തനിയെ ചെയ്യേണ്ട കേട്ടോ"

 ഉപ്പുമാവിന്റെ അകത്തേക്ക് ഒരു ഞാലിപ്പൂവൻ പഴം,  എടുത്ത് ഉടച്ച് ചേർത്ത് അവൻ കുഴക്കുകയാണ്.

എന്നിട്ട് ഒരു ഉരുളയെടുത്ത് വായിലേക്ക് വച്ചു.
നല്ല മയം ഉണ്ടായിരുന്നു,അവനു ഇഷ്ടപ്പെട്ടു പോയ്‌.

" തനിക്ക് കുക്കിംഗ് ഒക്കെ വശം ഉണ്ടോ"

 വാതിൽ പടിയിൽ, ചാരി നിൽക്കുന്ന അവളെ നോക്കി ശിവൻ ചോദിച്ചു.

" വീടിന്റെ അടുത്തുള്ള ഒരു കോൺവെന്റിൽ നിന്നായിരുന്നു ഞാൻ പഠിച്ചതൊക്കെ, അപ്പോൾ അവിടെ അടുക്കളയിലും സഹായിക്കണമായിരുന്നു, രണ്ടു ചേച്ചിമാരുണ്ട്, ഒപ്പം എന്നോടും കൂടി, ചെറിയ ചെറിയ ജോലികളൊക്കെ ചെയ്യാൻ, സിസ്റ്റർ ബ്ലസി പറഞ്ഞു, അങ്ങനെ പതിയെ പതിയെ,  ഞാനും ആ ചേച്ചിമാരുടെ ഒപ്പം കറികൾക്കൊക്കെ നുറുക്കി കൊടുക്കുവാനും നാളികേരം തിരുമി കൊടുക്കുവാനും ഒക്കെ കൂടി.  പിന്നീട് ഓരോന്നൊക്കെ വെച്ചുണ്ടാക്കി, ശരിക്കും പറഞ്ഞാൽ ആ ചേച്ചിമാരായിരുന്നു എന്നെ ഈ പാചകം ഒക്കെ പഠിപ്പിച്ചുതന്നത്... "

"കോൺവെന്റിൽ എത്ര നാൾ നിന്നു..."


" ഏഴാം ക്ലാസ് മുതൽക്കേ ഞാൻ കോൺവെന്റിൽ ആയിരുന്നു... എന്റെ അമ്മ മരിച്ചതിനുശേഷം... അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഒരിക്കലും , എനിക്ക് ഇങ്ങനെയൊന്നും ഒരു ഗതി വരില്ലായിരുന്നു, എന്നെ ഒരു ടീച്ചർ ആക്കണം, എന്നതായിരുന്നു അമ്മയുടെ ആഗ്രഹം, ആഹ്...... അമ്മ പോയ ശേഷമാണ് ഞാൻ കോൺവെന്റിലേക്ക്പോയത്.. "

"മ്മ് "


അമ്മയെക്കുറിച്ച് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്നതായി ശിവൻ അറിഞ്ഞു.

 അതുകൊണ്ട് പിന്നീട് കൂടുതൽ ഒന്നും ചോദിക്കുവാൻ അവൻ തയ്യാറായില്ല.

" കാപ്പികുടി ഒക്കെ കഴിഞ്ഞ് 10.30 മണി ആയപ്പോഴേക്കും അവൻ വീണ്ടും,കൃഷിസ്ഥലത്തേക്ക് പോയി... "

 തലേദിവസം കൊണ്ടുവന്ന അച്ചിങ്ങാ പയറും പാവയ്ക്കയും ഒക്കെ, എന്തെങ്കിലും കൂട്ടാൻ വയ്ക്കുവാൻ ആയി പറഞ്ഞ,സ്റ്റെല്ലയെ ഏൽപ്പിച്ച ശേഷം ആയിരുന്നു അവൻ പോയത്..


പാവയ്ക്കാ വറുത്തരച്ചു തീയൽ ഉണ്ടാക്കി, അച്ചിങ്ങാ പയർ, നാളികേരം ഒക്കെ കൊത്തിയിട്ട്,  വറ്റൽമുളകും ചുവന്നുള്ളിയും കറിവേപ്പിലയും ഒക്കെ ചതച്ച് നല്ല അസ്സൽ ഒരു മെഴുക്കുപുരട്ടിയും വെച്ചു.

 അമ്മയുടെ ഫോൺ നിർത്താതെ ബെല്ലടിച്ചതും അവൾ ചെന്ന് എടുത്തു നോക്കി.

ശിവൻ എന്നായിരുന്നു ഡിസ്പ്ലേയിൽ തെളിഞ്ഞുവന്നത്.

"ഹലോ ശിവൻ ചേട്ടാ..."

 ഫോൺ എടുത്ത് സ്റ്റെല്ലാ കാതോട് ചേർത്തു.

"ആഹ് സ്റ്റെല്ല... എന്റെ ഒരു കൂട്ടുകാരൻ ഇപ്പോൾ ബൈക്കിൽ അങ്ങോട്ട് വരും, കുറച്ച് മീൻ വാങ്ങിയിട്ടുണ്ട്, താൻ അതൊക്കെ ഒന്ന് മേടിച്ച് ഫ്രിഡ്ജിലേക്ക് വെച്ചേക്കണം  കേട്ടോ "

"ഹ്മ്മ്.. ശരി ചേട്ടാ...."

"അമ്മ അവിടെ എന്തെടുക്കുവാ,ഉറങ്ങുവാണോ "

"അല്ല ചേട്ടാ... ഇപ്പം ഉറക്കം തെളിഞ്ഞു,  ഞാന്, രണ്ട് ഓറഞ്ച് എടുത്ത് ജ്യൂസ് അടിച്ചു കൊടുക്കുകയായിരുന്നു...."


"ആഹ്.. ശരി ശരി... താനേ, ഒരുപാട് ജോലി ഒന്നും ചെയ്യാൻ നിൽക്കേണ്ട കേട്ടോ, ഞാൻ പെട്ടെന്ന് വന്നോളാം, പിന്നെ എന്റെ രണ്ടാമത്തെ അനുജത്തി വരുന്നുണ്ട് അമ്മയെ കാണുവാൻ...."


"മ്മ്.. ശരി ചേട്ടാ..."

അവൾ ഫോൺ കട്ട്‌ ചെയ്തു.

കുറച്ചു കഴിഞ്ഞതും ഒരു ബൈക്കിന്റെ ശബ്ദം പോലെ..

 ശിവന്റെ കൂട്ടുകാരൻ ആവും എന്ന്  സ്റ്റെല്ല ഊഹിച്ചുകൊണ്ട് ഇറങ്ങി ചെന്ന്.

രണ്ടു കവറുകളിലായി മീൻ കൊണ്ട് വന്നു അയാൾ അവളുടെ കൈയിൽ കൊടുത്തു.
.
എന്റെ പേര് സനൂപ്.. ദേ ആ കാണുന്നത് ആണ് വീട്..

അയാൾ പറഞ്ഞതും സ്റ്റെല്ല അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കി..

എന്നിട്ടവനെ നോക്കി ഒന്ന് മന്ദഹസിച്ചു..

" ശിവൻ പറഞ്ഞുവിട്ടത് ആയിരുന്നു, എന്നാൽ ശരി പിന്നെ കാണാം കേട്ടോ  "

 സനൂപ് പറഞ്ഞതും സ്റ്റെല്ല തലയാട്ടി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story