പൊൻകതിർ: ഭാഗം 2

ponkathir

രചന: രഞ്ജു ഉല്ലാസ്‌

തന്റെ പാടത്തു വിളഞ്ഞു കിടക്കുന്ന പാവലും, പയറും, പടവലവും ഒക്കെ നോക്കി കൊണ്ട് കുറച്ചു സമയം അങ്ങനെ നിന്നു പോയി ശിവൻ..


തലയിൽ തോർത്ത്‌ കൊണ്ട് വട്ടത്തിൽ ഒരു കെട്ടു ഒക്കെ ചുറ്റി, കാവിമുണ്ട് ഒന്നൂടെ മുറുക്കി ഉടുത്തു കൊണ്ട്, അവൻ പാടത്തേക്ക് ഇറങ്ങി. വിളവ് എടുക്കാനായി..

വരമ്പിന്റെ ഓരത്തായി, മത്തായി ചേട്ടന്റെ മോൻ നിൽപ്പുണ്ട്.കവലയിൽ പച്ചക്കറിക്കട നടത്തുകയാണ് മത്തായി ചേട്ടൻ.. ആളുടെ കടയിലേക്ക് സ്ഥിരമായി പച്ചക്കറികൾ കൊടുക്കുന്നത് ശിവൻ ആണ്..

മാസത്തിൽ ആണ് അയാള് അവനു കാശ് കൊടുക്കുന്നത്. അതൊരു തുകയായി കിട്ടുന്നത് കൊണ്ട്, ശിവനു അത് ഉപകരിക്കുകയും ചെയ്യും.

ചാക്കുകളിലായി പടവലവും പാവലും പറിച്ചു തൂക്കിയ ശേഷം, പെട്ടിഓട്ടോറിക്ഷയിൽ എടുത്തു വെച്ചു കൊടുത്തിട്ട് ആണ് അവൻ വീട്ടിലേക്ക് വന്നത്.

അമ്മേ....അമ്മേ..

ഉച്ചത്തിൽ വിളിച്ചു കൊണ്ട് അവൻ വീടിന്റെ ഉള്ളിലേക്ക് കയറി.
.ഈ കോഴിയെല്ലാം കൂടി ഉമ്മറത്തു കേറി നടക്കുന്നത് കാണുന്നില്ലേ..... അമ്മ ഇതെവിടെ പോയി കിടക്കുവാ...

"എന്താടാ മോനെ, നീ വിളിച്ചോ എന്നെ. ചോദിച്ചു കൊണ്ട് 
രാധമ്മ മകന്റെ അടുത്തേയ്ക്ക് വന്നു.

ഹ്മ്മ്...പുരപ്പുറം മുഴോനും കോഴി കേറി നിരങ്ങിയതു കണ്ടില്ലേ,,, വാതിലു മുഴുവൻ തുറന്നു ഇട്ടിട്ട് അമ്മ ഇത് എവിടെ പോയതാ...."

"ഞാൻ അപ്പുറത്ത് ഉണ്ടായിരുന്നു മോനെ, കുറച്ചു കറിവേപ്പില പൊട്ടിക്കാൻ വേണ്ടി ആ തൊടിയിലേക്ക് പോയതാ...."


"ഹ്മ്മ്... കഴിക്കാൻ എന്തെങ്കിലും എടുക്ക്, വല്ലാത്ത വിശപ്പ്,"

ഷർട്ട്‌ ഊരി മാറ്റിയ ശേഷം അവൻ വേഗം വന്നു കൈ കഴുകി ഇരുന്നു.

 ചൂടുള്ള ദോശയും ആവി പറക്കുന്ന ചമ്മന്തിയും,ചതച്ച ഏലക്കയിട്ട് പതപ്പിച്ച ചൂട് ചായയും കൂടി എടുത്തു കൊണ്ട് അവർ മകന്റെ അരികിൽ വെച്ച്

"അമ്മ കഴിച്ചോ "?
 ഒരു കഷണം ദോശ എടുത്ത് ചമ്മന്തിയിൽ മുക്കിയ ശേഷം, വായിലേക്ക് വയ്ക്കും മുന്നേ അവൻ അമ്മയെ നോക്കി ചോദിച്ചു.

" നീ ഇന്നലെ മേടിച്ചു കൊണ്ടുവന്ന, റൊട്ടിയുംകൂട്ടി ഞാൻ ചായ കുടിച്ചു, അതുകൊണ്ട് എനിക്കിനി ഉടനെ ഒന്നും വിശക്കില്ല മോനെ "

 അവിടെ കിടന്നിരുന്ന ഒരു കസേര അല്പം ശബ്ദം ഉണ്ടാക്കി പിന്നിലേക്ക് വലിച്ചുകൊണ്ട് ,  രാധമ്മയും മകന്റെ അടുത്തായി ഇരുന്നു.

" ചുമ ഇപ്പോൾ എങ്ങനെയുണ്ട്, നമ്മൾക്ക് ഹോസ്പിറ്റലിൽ ഒന്നു പോയി കാണിച്ചാലോ അമ്മേ "


" അത് ഈ തണുപ്പിന്റെ മോനെ..ചൂടും കുളിരും ഒക്കെ അല്ലേ, അതോണ്ടാ.... കുറച്ചു കഴിഞ്ഞു മാറും "

അതിനു ശേഷം ഒന്നും പറയാതെ കൊണ്ട്, അവൻ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധിച്ചു.


"ശ്രീദേവിക്ക് ആണെങ്കിൽ നാലഞ്ച് ദിവസം ആയിട്ട് പനിയും ജലദോഷവുമൊക്കെയാ... ഒന്ന് അത്രടം വരെയും പോണമെന്നുണ്ട്... നിനക്ക് സമയം ഉണ്ടോ മോനെ "

"അവൾക്ക് കുറഞ്ഞില്ലേ ഇതേ വരെയും ആയിട്ട് "?


"ഇല്ലടാ... കുറച്ചു മുന്നേ വിളിച്ചപ്പോളും അവള് ക്ഷീണം ആയിട്ട് കിടക്കുവാ. മഹേഷ്‌ ആണ് ഫോൺ എടുത്തത് "

"ആഹ് നോക്കട്ടെ അമ്മേ... കുറച്ചു കള പറിച്ചു കളയാനുണ്ട്, കാച്ചിലും കിഴങ്ങും കിഴങ്ങും ഒക്കെ കഴിഞ്ഞ ദിവസം വിളവ് എടുത്തില്ലേ... എന്നിട്ട് ആണെങ്കിൽ ഇതേ വരെയും ആയിട്ട് മണ്ണൊന്നും വെട്ടിക്കൂട്ടിയില്ലമ്മേ"
അതും പറഞ്ഞു കൊണ്ട് അവൻ എഴുനേറ്റ് കൈ കഴുകുവാനായി പോയി..

കാവി മുണ്ടിന്റെ തുമ്പോന്നു പൊക്കിയ ശേഷം അതിലേക്ക് കൈയും മുഖവും തുടച്ചു കൊണ്ട് ഉമ്മറത്തേ ചാരുകസേരയിൽ വന്നു ഇരുന്നു കൊണ്ട് അവൻ പേപ്പർ ഒന്ന് ഒടിച്ചു വായിച്ചു.

ഹ്മ്മ്..ഒന്നെങ്കിൽ മൈ ജി അല്ലെങ്കിൽ നന്ദിലത്തു.... ഇവരുടെ പരസ്യം കാണാൻ വേണ്ടി ഇനി പത്രം വരുത്തുന്ന പരിപാടി അങ്ങട് നിർത്തുവാ.....

പിറു പിറുത്തു കൊണ്ട് അവൻ അമ്മയെ ഉറക്കെ വിളിച്ചു.

"അമ്മേ.... സോമേട്ടനോട് ഈ മാസം കൊണ്ട് പത്രം നിർത്തുവാണെന്ന് പറഞ്ഞേക്കണം കേട്ടോ.. വെറുതെ പരസ്യം മാത്രം ഒള്ളു ഇതിൽ മുഴോനും.....
കസേരയുടെ കൈ പിടിയിൽ താളം അടിച്ചു കൊണ്ട് അവൻ പടിപ്പുരയിലേക്ക് കണ്ണ് നട്ടുകൊണ്ട് അഞ്ച് മിനിറ്റ് ഇരുന്നു.
"കൂയ്.... മീനെ.... "
ഒരു പ്രേത്യേക രീതിയിൽ തന്റെ മീൻ വണ്ടിയുടെ ഹോൺ മുഴക്കി കൊണ്ട് മമ്മദ്കോയാ മീനും ആയിട്ട് മെല്ലെ വരുന്നുണ്ട്..

"ശിവാ.... നല്ല അസ്സല് ആറ്റുവാള ഉണ്ട്, എടുക്കട്ടെ "
അയാൾ വിളിച്ചു ചോദിച്ചതും അവൻ പതിയെ മുറ്റത്തേക്ക് ഇറങ്ങി ചെന്നു.
"എന്നാ വില "?
"കിലോ 160... ഫ്രഷ് ആണ് മോനെ,തോട്ട്മുക്കിലെ കണാരൻ ചേട്ടനോട് വാങ്ങിയതാ,, പത്തു രൂപയേ ഞാൻ ലാഭം എടുക്കുന്നുള്ളു മോനെ"
അയാളെ നോക്കി കൊണ്ട് അവൻ ഒന്ന് തലയാട്ടി ചിരിച്ചു.
"സംശയം ഉണ്ടെങ്കിൽ നീയ് വിളിച്ചു സംസാരിച്ചോ.. ഇതാ ഫോണ് "
 അയാൾ തന്റെ പോക്കറ്റിൽ കിടന്ന ഫോണെടുത്ത് അവന് നേർക്ക് നീട്ടി..
പക്ഷേ ശിവൻ അപ്പോഴും അയാളെ നോക്കി ചിരിച്ചുകൊണ്ട് നിന്നതേയുള്ളൂ..
" ശിവ...ഈ പറയുന്ന ഞാനും നീയും ഒക്കെ കച്ചവടക്കാരാണ്...ഒരുപാട് വിലപേശൽ ഒന്നും വേണ്ടന്നേ.. 150 രൂപയ്ക്ക് ഇതങ്ങട് പിടിച്ചോ"
 കോയ അപ്പോഴേക്കും മീൻ തൂക്കി ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി കഴിഞ്ഞിരുന്നു..
അവൻ അപ്പോളേക്കും തന്റെ നിക്കറിന്റെ പോക്കറ്റിൽ നിന്നും 140രൂപ എണ്ണി അയാൾക്ക് കൊടുത്തു.
" ഒരു പത്തൂടെ വെയ്ക്ക് ശിവ, ജീവിച്ചു പോണ്ടേ...."
"മമ്മദിക്ക,, വൈകുന്നേരം തെക്കേ പാടത്തു വരുമ്പോൾ വിളിച്ചാൽ മതി,ഞാൻ അവിടെ കാണും "
അതും പറഞ്ഞു കൊണ്ട് അവൻ മീനുമായി വീട്ടിലേക്ക് കയറി പോയി.

"പഹയൻ....."
അവനെ നോക്കി ഉറക്കെ പറഞ്ഞു ഒണ്ട് അയാള് വണ്ടി സ്റ്റാർട്ട്‌ ചെയ്തു 

ആ സമയത്ത് അമ്മ ആണെങ്കിൽ ആരെയോ ഫോൺ വിളിക്കുക ആയിരുന്നു.

വല്യ സന്തോഷത്തിൽ ആണെന്ന് മുഖം കണ്ടാൽ അറിയാം...


"ആഹ് അതെയതെ... ഡിഗ്രി കഴിഞ്ഞു, വയസ്... വയസ 32ആവും ഈ മീനത്തിൽ... അതേ, നമ്മുടെ സ്വന്തം പറമ്പ് ആണ്..രണ്ട് ഏക്കർ ഉണ്ട്, അവിടെ കൃഷി ഒക്കെ ആയിട്ട് ആണ് ഞങ്ങൾ കഴിഞ്ഞു പോകുന്നത്. പിന്നെ രണ്ട് മൂന്നു ജോലിക്കാർ ഉണ്ട്, അത്യാവശ്യം ഉള്ളപ്പോൾ അവര് എത്തും... മോന്റെ നാള് പൂരം ആണ്... ആഹ് ശരി ശരി.. ഓക്കേ... വിളിക്കണേ മോളെ...

ഹ്മ്മ്... ഒരു പെണ്ണ് കാണലിന്റെ മണം അടിക്കുന്നുണ്ട്..

 അല്പം ഉറക്കെ ആത്മഗതം പറഞ്ഞുകൊണ്ട് അവൻ, മീൻ എടുത്ത് കറിചട്ടിയിലേക്കിട്ടു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story