പൊൻകതിർ: ഭാഗം 41

ponkathir

രചന: രഞ്ജു ഉല്ലാസ്‌

അച്ഛമ്മയെയും കൂട്ടി കിച്ചു ഹോസ്പിറ്റലിൽ എത്തി. നേരെ റിസപ്ഷനിൽ ചെന്ന് അവൾ സ്റ്റെല്ലയുടെയും ഇന്ദ്രന്റെയും പേര് പറഞ്ഞ് അന്വേഷിച്ചു.

 സ്റ്റേല്ലയെ സർജറിക്ക് കയറ്റിയിരിക്കുകയാണെന്നും അവളുടെ വലത് കൈ ഒടിഞ്ഞു എന്നും റിസപ്ഷനിസ്റ്റ്, ആരെയോ ഫോൺ വിളിച്ച ശേഷം അവരെ അറിയിച്ചു.

അത് കേട്ടതും അച്ഛമ്മ കരയുവാൻ തുടങ്ങി.

ഒരു പ്രകാരത്തിൽ അവരെയും കൂട്ടി കിച്ചു ഓപ്പറേഷൻ തിയേറ്ററിന്റെ അടുത്തേയ്ക്ക് നടന്നു.

ഇന്ദ്രേട്ടൻ എവിടെയാണെന്ന് ചോദിച്ചു ഇല്ലല്ലോ അച്ഛമ്മേ...?

ലിഫ്റ്റിലേക്ക് കയറി മുകളിലേക്ക് പോകവേ കിച്ചു പെട്ടെന്ന് പറഞ്ഞു.

"എന്റെ പൂർണ്ണത്രയീശ അത് നേരാണല്ലോ തിരക്കിനിടയിൽ ഞാനും അത് മറന്നു,പെട്ടെന്ന് കുട്ടിയെ ഓപ്പറേഷന് കയറ്റി എന്നൊക്കെ കേട്ടപ്പോൾ പേടിച്ചു മോളെ, ഇനിയിപ്പോ ആരോടാണ് നമ്മളൊന്ന് ചോദിക്കുക..."

"നോക്കാം അച്ഛമ്മേ..  ഇപ്പോൾ സമാധാനപ്പെട്"

 ഇറങ്ങേണ്ട ഫ്ലോർ എത്തിയപ്പോൾ അവൾ അച്ഛമ്മയുടെ കൈക്ക് പിടിച്ച് ഇറക്കി.

ഓ റ്റി യുടെ വാതിൽക്കൽ ചെന്നപ്പോൾ കണ്ടു അവിടെ നിൽക്കുന്ന ഇന്ദ്രനെ.


"അച്ഛമ്മേ,,ദേ ഇന്ദ്രേട്ടൻ നിൽക്കുന്നു.."
. അവൾ ചൂണ്ടിയ ഭാഗത്തേക്ക് അപ്പോഴാണ് അവരും നോക്കുന്നത്.

"മോനേ ഇന്ദ്ര...."പരിസരം പോലും മറന്നു അവർ ഉച്ചത്തിൽ വിളിച്ചു.


 ഒരുപാട് ആളുകൾ ഒക്കെ അവിടെവിടെയായി ഇരിപ്പുണ്ട്.
 മെയിൻ ആയിട്ടുള്ള ഓ ടി ആണ് അത്.

അച്ഛമ്മയുടെ വിളി കേട്ടതും ഇന്ദ്രൻ ഓടിവന്നു..

അവന്റെ നെറ്റിയിലും,ഇടത് കൈപ്പത്തിയിലും ഒക്കെ, ബാൻഡേജ് ചുറ്റി വെച്ചിട്ടുണ്ട്.

"ഏട്ടാ പതുക്ക്... തല ഇളകും കേട്ടോ "

കിച്ചു പറഞ്ഞു.

അച്ഛമ്മയെ കെട്ടിപ്പിടിച്ച്  അപ്പോള് ഇന്ദ്രൻ കരയുകയായിരുന്നു..


"എന്താ എന്റെ പൊന്നുമോനെ പറ്റിയത്,സ്റ്റെല്ലമോൾക്ക് എങ്ങനെയുണ്ട്,പെട്ടെന്ന് ഇതറിഞ്ഞതും ഞങ്ങൾ പേടിച്ചു വിറച്ചു പോയി..."


"ഓപ്പറേഷൻ ചെയ്യാൻ കയറ്റി.. പാവം, അവൾക്ക്.. അവൾക്ക് ബോധം ഒക്കെ മറഞ്ഞു പോയിരിന്നു... അച്ഛമ്മേ, എന്റെ സ്റ്റെല്ല.. അവൾക്ക് എന്തേലും പറ്റിയാൽ പിന്നെ ഒരു നിമിഷം പോലും ഇന്ദ്രൻ ഇല്ലാ....."

അവൻ വലം കൈ കൊണ്ട് കണ്ണീർ തുടച്ചു.

അച്ഛമ്മയും കിച്ചുവും ഒക്കെ അത് കണ്ടു കരഞ്ഞു.

ഏട്ടൻ വിഷമിക്കാതെ, സ്റ്റെല്ലയ്ക്ക് ഒരു കുഴപ്പവും വരില്ല... നമ്മൾക്ക് അവളെ ആരോഗ്യത്തോടുകൂടി തന്നെ ഈശ്വരൻ തിരിച്ചു തരും ഏട്ടാ.. ഉറപ്പ്..

കിച്ചു അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.

 പെട്ടെന്നായിരുന്നു ഇന്ദ്രന്റെ ഫോൺ ശബ്ദിച്ചത്.

അവൻ അത് എടുത്തു നോക്കി.
 ഡിവൈഎസ്പി അജ്മലാണ്.

 അച്ഛമ്മയെയും കിച്ചുവിനെയും, കൊണ്ടുപോയി കസേരയിൽ ഇരുത്തിയ ശേഷം, ഇന്ദ്രൻ ഫോണുമായി, കോറിഡോർ ലക്ഷ്യമാക്കി നടന്നു. എന്നിട്ട് അയാളെ തിരിച്ചു വിളിച്ചു.

 ഹലോ അജ്മലേ പറയടാ.....
 അയാൾ പറയുന്ന കാര്യങ്ങൾ കേട്ടതും ഇന്ദ്രന്റെ മുഖം വലിഞ്ഞു മുറുകി..

 ഇന്ദ്ര നീ കേൾക്കുന്നുണ്ടോ?

 മറുഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇല്ലാതെ വന്നപ്പോൾ അജ്മൽ അവനോട് ചോദിച്ചു.

"ഉവ്വ്‌,"

" കൂടുതൽ പ്രശ്നങ്ങളിലേക്ക് ഒന്നും ദയവുചെയ്ത് നീ പോകരുത്,  കാര്യങ്ങളൊക്കെ ഞങ്ങൾ നോക്കിക്കോളാം"

"ഹ്മ്മ്...." ഇന്ദ്രൻ ഒന്ന് മൂളി.

" ആ കുട്ടിക്ക് ഇപ്പോൾ എങ്ങനെയുണ്ട്"

" സർജറി ചെയ്തു കൊണ്ടിരിക്കുകയാണ്,  അവളുടെ വലതു കൈക്ക് ഒടിവുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്"

"ഓക്കേ, എങ്കിൽ ശരിയെടാ ഞാൻ വെച്ചേക്കാം കുറച്ചു ബിസിയാണ് "

"ഓക്കേ "

ഇന്ദ്രൻ ഫോൺ കട്ട് ചെയ്തു,അവന്റെ മനസ്സിൽ അപ്പോൾ പല കാര്യങ്ങളും ഓടിയെത്തുകയായിരുന്നു.

 പ്രധാനപ്പെട്ട, ടൗൺ കഴിഞ്ഞശേഷം, മാർക്കറ്റ് റോഡ് വഴി, തന്റെ വണ്ടി കടന്നു പോയപ്പോൾ മുതൽക്കേ, ഒരു ടോറസ് ഫോളോ ചെയ്യുന്നതായി ഇന്ദ്രന് തോന്നി, പലതവണ, കയറ്റി വിടാൻ നോക്കിയെങ്കിലും, അത് കേറി പോകാതെ തന്റെ വണ്ടിയുടെ പിന്നാലെ വന്നു.സ്റ്റെല്ലയാണെങ്കിൽ അപ്പോൾ നല്ല ഉറക്കത്തിലായിരുന്നു, ഇടയ്ക്കൊരു തവണ ഫോൺ വിളിക്കാൻ എന്ന് വ്യാജേന ഇന്ദ്രൻ വണ്ടി ഒതുക്കി നിർത്തി. അപ്പോഴേക്കും ആ ടോറസ് അവനെ മറികടന്നു പോയിരുന്നു.
എന്തൊക്കെയോ അപകടം പോലെ അവന് ആ നിമിഷം തോന്നി,ഒപ്പം സ്റ്റെല്ല പറഞ്ഞ വാചകങ്ങളും,, ഇന്ന് ഈ യാത്ര പുറപ്പെടുവാൻ ഇറങ്ങും മുൻപേ അവൾക്ക് ആകെക്കൂടി ഭയമായിരുന്നു, അരുതാത്തത് എന്തൊക്കെയോ സംഭവിക്കുമെന്ന് അവളുടെ മനസ്സ് പറയുന്നു എന്ന് പലതവണയായി അവൾ തന്നോട് പറഞ്ഞത് അവൻ ഓർത്തു.

 തന്നെ ഓവർടേക്ക് ചെയ്ത് കടന്നുപോയ ആ ടോറസ് എങ്ങനെയാണ് എതിർ ദിശയിൽ നിന്നും വന്നത്,ആ ഒറ്റക്കാരണത്തിൽ തന്നെ വ്യക്തമായിരുന്നു ഇതാരുടെയൊക്കെയോ  പക തീർക്കുവാൻ ആയിട്ടുള്ള നീക്കം ആണെന്നുള്ളത്.

 ആരുടെയൊക്കെയോ അല്ല തന്റെ അമ്മയുടെയും അമ്മാവന്റെയും...


 ഒരു പോറൽ പോലും ഏൽപ്പിക്കാതെ തിരിച്ചെത്തിച്ചു കൊള്ളാം എന്നുള്ള തന്റെ വാക്ക് വിഫലമായി പോയി.
 
 പാവം....സ്റ്റെല്ല 
ഒടുവിൽ അവൾ പറഞ്ഞത് തന്നെ നടന്നു.

 തനിക്ക് എന്ത് സംഭവിച്ചാലും വേണ്ടിയിരുന്നില്ല, ഇത് ഒരു തെറ്റു പോലും ചെയ്യാത്ത ആ പാവത്തിന്, ആണല്ലോ വന്നു ഭവിച്ചത്.

 പക്ഷേ കരുതിയിരുന്നോളൂ, താമസിയാതെ തന്നെ ഇന്ദ്രൻ വരും, എന്റെ പെണ്ണിനെ ഒന്ന് കണ്ട് സംസാരിച്ച ശേഷം, നിങ്ങളുടെ അടുത്തേക്ക് ഞാൻ വരുന്നുണ്ട്.  ഒറ്റ ഒരെണ്ണത്തിനെ പോലും ഞാൻ വെറുതെ വിടില്ല.

 തിരികെ ഓപ്പറേഷൻ തീയേറ്ററിന്‍റെ  വാതിൽക്കലേക്ക് നടക്കവേ അവൻ ഒരായിരം ആവർത്തി മനസ്സിൽ കുറിച്ചു 

****

 നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി കൊണ്ടേയിരുന്നു,,

 മൂവരും പ്രാർത്ഥനയോടുകൂടി ഇരിക്കുകയാണ്.

സിസ്റ്റർ,സ്റ്റെല്ലയ്ക്ക് എങ്ങനെയുണ്ട്, ഓപ്പറേഷൻ കഴിഞ്ഞോ?

 അകത്തുനിന്നും ഇറങ്ങിവന്ന ഒരു സിസ്റ്ററിനോട് ഇന്ദ്രൻ എഴുന്നേറ്റ് ചെന്ന് ചോദിച്ചു..കൂടെ കിച്ചുവും 

" കഴിയാറായി വരുന്നു, ഡോക്ടർ വിളിക്കും കേട്ടോ അപ്പോൾ ചെന്നു സംസാരിച്ചാൽ മതി,"

 അവർ പറഞ്ഞതും ഇന്ദ്രൻ തലകുലുക്കി.

എത്ര നേരമായി ഈശ്വരാ എന്റെ കുഞ്ഞ്, എങ്ങനെയുണ്ടെന്ന് പോലും അറിയില്ല, യാതൊരു തെറ്റും ചെയ്യാത്ത ആ പാവത്തിനെ, എന്തിനാണ് ദൈവമേ നീ ഇങ്ങനെ ദ്രോഹിക്കുന്നത്..

 അച്ഛമ്മ  പതിയെ പറഞ്ഞുകൊണ്ട് ഇരുന്നു കരയുകയാണ്.

 പിന്നെയും ഒരു അരമണിക്കൂർ കൂടി കഴിഞ്ഞ ശേഷം ആയിരുന്നു, സ്റ്റെല്ലയുടെ ഓപ്പറേഷൻ കഴിഞ്ഞു എന്നുള്ള വാർത്ത ഒരു സിസ്റ്റർ വന്ന അവരെ അറിയിച്ചത്.

 ഡോക്ടർ പത്മകുമാർ ആയിരുന്നു സ്റ്റെല്ലയെ നോക്കിയതും സർജറി ചെയ്തതും..

ഡോക്ടർ വിളിച്ചപ്പോൾ അദ്ദേഹത്തെ കാണുവാനായി ഇന്ദ്രനും കിച്ചുവും കൂടി അകത്തേക്ക് കയറിച്ചെന്നു.

 സ്റ്റെല്ലയുടെ ആരാണ്?

ഇന്ദ്രനെ നോക്കി ഡോക്ടർ ചോദിച്ചു.

"ഹസ്ബൻഡ് ആണ് "

"ഓക്കേ, പ്ലീസ് സിറ്റ് ഡൌൺ "

തന്റെ മുന്നിൽ കിടന്നിരുന്ന കസേരയിലേക്ക് വിരൽ ചൂണ്ടി ഡോക്ടർ പറഞ്ഞു.

 ഇരുവരും കൂടി, ഡോക്ടറുടെ മുന്നിൽ, പിടയുന്ന നെഞ്ചുമായി ആണ് ഇരുന്നത്.

" സ്റ്റെല്ലയുടെ, വലത് കൈ മുട്ടും, അതുപോലെ തോളെല്ലും ഈ രണ്ടു ഭാഗത്തിനും ആണ് ഒടിവ് സംഭവിച്ചത്, അതാണ് ഇത്ര ടൈം എടുത്തത്, "


" സാർ അവൾക്ക് വേറെ എന്തെങ്കിലും പ്രശ്നം "

" വേറെ ചെറിയ ചെറിയ ഇഞ്ചുറിസ് ഒക്കെയേ ഉള്ളൂ,ഇതാണ് മെയിൻ ആയിട്ടും സംഭവിച്ചത്,നമ്മൾ അതൊക്കെ,സർജറി ചെയ്തിട്ടുണ്ട്, വേറെ കൂടുതൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല, ഇന്ന് ഒരു ദിവസത്തേക്ക് സർജിക്കൽ ഐസിയുവിൽ ആണ് പേഷ്യന്റ് കിടക്കുന്നത്, കുഴപ്പമൊന്നുമില്ലെങ്കിൽ നാളെ ഉച്ചയോടു കൂടി, റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം,അപകട നിലയൊക്കെ പേഷ്യന്റ് തരണം ചെയ്തു എന്നുവേണം പറയുവാൻ, പിന്നെ എല്ലാം മുകളിലിരിക്കുന്ന സർവ്വശക്തൻ തീരുമാനിക്കും പോലെ,"

 അയാൾ കാര്യങ്ങൾ വ്യക്തമായി തന്നെ വിശദീകരിച്ച് പറഞ്ഞു.

 എല്ലാം കേട്ടുകൊണ്ട് ഇന്ദ്രൻ നിറമിഴികളോടെ ഇരുന്നു, ഒപ്പം കിച്ചുവും.

" ഡോക്ടർ,സ്റ്റെല്ലയെ ഞങ്ങൾക്കൊന്നു കാണുവാൻ പറ്റുമോ"

" ഇപ്പോൾ ആള് നല്ല മയക്കത്തിലാണ്, അകത്തേക്ക് കയറാൻ പറ്റില്ല, വെളിയിൽ നിർത്തി കാണിക്കാം, ഏകദേശം, ഒന്നൊന്നര മണിക്കൂറിനുള്ളിൽ, പേഷ്യന്റിന്, ബോധം വരും, അപ്പോഴേക്കും ഒരാളെ മാത്രം അകത്തേക്ക് കയറ്റാം  "


"ശരി ഡോക്ടർ "

അവൻ തല കുലുക്കി....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story