പൊൻകതിർ: ഭാഗം 5

ponkathir

രചന: രഞ്ജു ഉല്ലാസ്‌

ഈ കല്യാണം എന്നൊക്കെ പറയുന്നത്, വിധിച്ച സമയത്ത് മാത്രമേ നടക്കൂ.. അത് ഏതു വലിയവൻ ആയാലും ശരി ചെറിയവൻ ആയാലും ശരി... ഇപ്പൊ തന്നെ കണ്ടൊ, എത്ര നാളായിട്ട് കല്യാണം ആലോചിക്കുന്നത് ആണ് ശിവനു വേണ്ടി. ഒത്തുവന്നപ്പോളോ,എല്ലാം പെട്ടന്ന് അങ്ങട് ആയി..ഒറ്റ മാസം കൊണ്ട് കല്യാണം ഇങ്ങട് എത്തി.

ഉമ്മറത്ത് ഇരുന്നു ദിവാകരൻ അമ്മാവൻ പ്രസംഗം തുടങ്ങിയിട്ട് നേരം ഇത്തിരി കഴിഞ്ഞു... അകമ്പടി സേവിയ്ക്കാനാണെങ്കിൽ, ശാരദ കുഞ്ഞമ്മയും, കല്യാണി അമ്മയും ഒക്കെ ഉണ്ട്.... എല്ലാവരും കൂടി ഇരുന്നു നാലും കൂട്ടി മുറുക്കി കൊണ്ട് സൊറ പറച്ചിൽ ആണ്.

അവസാന മിനുക്കു പണി എന്നോണം ശിവനും സനൂപും ഒക്കെ ചേർന്ന് വീടിന്റെ പരിസരം ഒക്കെ വൃത്തി ആക്കുന്നുണ്ട്.മറ്റന്നാൾ ആണ് ശിവന്റെ കല്യാണം.. കുടുംബക്കാരൊക്കെ നേരത്തെ എത്തിച്ചേർന്നിട്ടുണ്ട്... എല്ലാവരും ചേർന്ന് ആകെ കൂടി ഒരു ബഹളമാണ്.. ഒരാഴ്ച മുന്നേ തുടങ്ങി ഒരുക്കങ്ങളൊക്കെ.. വൈകുന്നേരം ആയാൽ പിന്നെ അയൽവീട്ടിലെ ആളുകൾ ഒക്കെ, ജോലിയൊക്കെ കഴിഞ്ഞു ഇവിടേക്ക് എത്തും, എല്ലാവരും ചേർന്നു കളിയും ചിരിയും ബഹളോം ഒക്കെ ആയിട്ട് അങ്ങനെ കൂടും..കപ്പയും കാച്ചിലും കിഴങ്ങും ഒക്കെ പുഴുങ്ങിയ ശേഷം, നല്ല എരിവുള്ള പച്ച കാന്താരി മുളകും ഉള്ളിയും കല്ലുപ്പും ചേർത്ത്, അമ്മിക്കല്ലിൽ വെച്ച് അരച്ച ശേഷം പച്ച വെളിച്ചെണ്ണ യും തൂവി, ആരെങ്കിലും ഒക്കെ എടുത്തു വെയ്ക്കും.മിക്കവാറും സനൂപിന്റ അമ്മയായ രമ ചേച്ചിടെ ജോലിയാവും ഇത്.... പാകത്തിനുപ്പും മുളകും ഒക്കെ കൂട്ടി ആ കപ്പയും കാച്ചിലും ഒക്കെ കഴിക്കാൻ വല്ലാത്ത ഒരു രുചിയാണ്... എന്തെങ്കിലും കല്യാണമോ, പിറന്നളോ,ഒക്കെ വരുമ്പോൾ മാത്രം ആണ് എല്ലാവരും കൂടി ഇങ്ങനെ ഒത്തു കൂടുന്നത്.....അത് ആ ഗ്രാമത്തിന്റെ ആഘോഷം ആണ്..

അന്ന് വൈകുന്നേരത്തോടുകൂടി ശിവന്റെ മൂത്ത പെങ്ങളായ ശ്രീദേവിയും,  ഭർത്താവ് രാജേഷും, കുഞ്ഞുമൊക്കെ വന്നു

 മകളുടെ കയ്യിൽ നിന്നും ഓടിവന്ന കുഞ്ഞിനെ മേടിച്ചു കൊഞ്ചിയ്ക്കുകയാണ് രാധമ്മ...

 അവരുടെ വണ്ടി വന്നത് കണ്ടപ്പോഴേക്കും ശിവനും സനൂപും ഒക്കെ രാജേഷിന്റെ അടുത്തേക്ക് വന്നു, കുശലം പറഞ്ഞു.

"ആ അളിയാ, കടയിലിരിക്കാനായി ആരെയെങ്കിലും കിട്ടിയായിരുന്നോ "
"സത്യം പറഞ്ഞാല്, അവിടെ അടുത്തുള്ള ഒരു ചെറുക്കനോട് ഞാൻ പറഞ്ഞ ഏൽപ്പിച്ചിട്ടുണ്ട്, നാളെ ഒറ്റ ദിവസത്തെ കാര്യമേ ഉള്ളൂ, മറ്റന്നാൾ കട അടവാണ്,  ഞായറാഴ്ചയല്ലേ" ചെരുപ്പൂരി മുറ്റത്തിന്റെ ഒരു കോണിലേക്ക് ഇട്ടതിനുശേഷം രാജേഷ് ഉമ്മറത്തേക്ക് കയറി.
ശ്രീദേവി ആണെങ്കിൽ അപ്പോൾ കല്യാണി അമ്മയോടും ശാരദ വല്യമ്മയോടും ഒക്കെ സംസാരിച്ചുകൊണ്ട് നിൽക്കുകയാണ്.
"കുഞ്ഞിന്റെ 28 കെട്ടിന് കണ്ടതാണ് ശ്രീദേവിയെ,നീ ഒരുപാട് ക്ഷീണിച്ചു പോയല്ലോടി മോളെ,,,കുട്ടി വഴക്കുണ്ടോ " കല്യാണി അമ്മ ശ്രീദേവിയുടെ കൈത്തണ്ടയിൽ വിടാതെ പിടിച്ചിരിക്കുകയാണ്.
" എന്നും കാലത്തെ എട്ടര ആകുമ്പോഴേക്കും വീട്ടിൽ നിന്നിറങ്ങുന്നത് ആണ് അമ്മേ, തിരികെ എത്തുമ്പോൾ നാലര കഴിയും.. പിന്നെ വന്ന് കുഞ്ഞിന്റെ കാര്യമൊക്കെ നോക്കി, കുറച്ചു വീടുപണി ഒക്കെ ചെയ്തു കഴിയുമ്പോഴേക്കും നേരം പാതിരാത്രിയാവും... എന്തെങ്കിലുമൊക്കെ കഴിച്ച് അങ്ങട് കിടക്കും,  ആരോഗ്യമൊക്കെ ശ്രദ്ധിക്കാൻ ഇപ്പോൾ എവിടാ നേരം "
"അങ്ങനെ പറഞ്ഞാൽ ഒക്കുമോ പെണ്ണേ, വയറുനിറച്ച് ഭക്ഷണം ഒക്കെ കഴിച്ച്, ആരോഗ്യം വച്ചാലല്ലേ ശരിയാവു..... ഈ ഓട്ടവും പാച്ചിലും ഒക്കെ, എന്നതിനു ശേഷം ശരീരം സൂക്ഷിക്കാം എന്ന് വെച്ചാൽ കാലവും അപ്പോഴേക്കും കടന്നു പോകും "
ദിവാകരനമ്മാവൻ പറഞ്ഞപ്പോൾ,ശാരദവല്യമ്മ യും അതിനോട് അനുകൂലിച്ചു.
 കുറച്ചു കഴിയുമ്പോഴേക്കും തടിയൊക്കെ വെച്ചോളൂ ചേട്ടാ, ഇവളുടെ പ്രായത്തിൽ എനിക്ക് ഇത്ര പോലും വണ്ണം ഉണ്ടായിരുന്നില്ല.. അപരിചിതരെ കണ്ടപ്പോൾ ഉറക്കെ കരഞ്ഞ, ശ്രീദേവിയുടെ കുഞ്ഞിനെയും ആയിട്ട് രാധമ്മ അവളുടെ അടുത്തേക്ക് വന്നു കൊണ്ട്  തന്റെ സഹോദരനെ നോക്കി പറഞ്ഞു. ശ്രീദേവി ആണെങ്കിൽ കുഞ്ഞിനെ മേടിച്ച് തോളത്തിട്ടുകൊണ്ട് അകത്തെ മുറിയിലേക്ക് പോയി.
ഷർട്ടും മുണ്ടും മാറുവാനായി, അകത്തേക്ക് കയറി വന്ന, രാജേഷ് ആണെങ്കിൽ ശ്രീദേവിയോടു ദേഷ്യപ്പെട്ടു...
" എന്തെങ്കിലും വയറുനിറച്ച് കഴിക്കാൻ പറഞ്ഞാൽ നീയൊട്ട് കേൾക്കുകയുമില്ല, അനുസരിക്കുകയുമില്ല. എന്നിട്ട് ഇപ്പോൾ നിന്നെ പട്ടിണികിട്ട് എന്ന് പറഞ്ഞു ആണ് നിന്റെ അമ്മാവനും വല്യമ്മയും ഒക്കെ എന്നോട് കുതിര കയറുന്നത്..."
"എന്റെ രാജേഷ് ഏട്ടാ, ഇവരൊക്കെ ഇതിന്നും ഇന്നലെയും തുടങ്ങിയ കാര്യങ്ങളല്ലന്നേ, എപ്പോ കണ്ടാലും എന്നെ നോക്കി എന്തെങ്കിലും കുറ്റങ്ങൾ പറയും, എന്നെ തന്നെയല്ല,  ദേ കുറച്ചു കഴിയുമ്പോൾ ശാലിനി എത്തുംഅവളോടും ഇങ്ങനെ എന്തെങ്കിലും ഒക്കെ പറയും... ഇതൊക്കെ ഇവരുടെ സ്ഥിരം സ്വഭാവ രീതികളാണ്..ഒക്കെ കണ്ടില്ല കേട്ടില്ല എന്ന് അങ്ങട് നടിക്കുക, അത്ര തന്നെ"
 ചുരിദാർ മാറിയശേഷം, താൻ  കൊണ്ടുവന്നിരുന്ന ബാഗിൽ നിന്നും ഒരു നൈറ്റി എടുത്തു ഇടയുകയാണ് ശ്രീദേവി...  അപ്പോഴേക്കും ശാലിനി വന്നല്ലോ എന്ന് ആരോ ഉമ്മറത്ത് ഇരുന്ന് പറയുന്നത് അവൾ കേട്ടു..

"ആഹ്, ദേ ശാലിനിയും വന്നിട്ടുണ്ട്, രാജേഷേട്ടൻ മെല്ലെ അവിടെ ചെന്നു  നിന്നോ,  ഇപ്പോഴവളോട് പറയുന്ന കാര്യങ്ങളൊക്കെ കേട്ടിട്ട് എന്നോട് കുതിര കയറാൻ വാ കെട്ടൊ "
തന്റെ കൈമുഷ്ടി ചുരുട്ടി, രാജേഷിന്റെ വയറിലേക്ക്  ഒന്ന് ഇടിച്ചുകൊണ്ട്, ശ്രീദേവി പുറത്തേക്ക്  ഇറങ്ങിച്ചെന്നു..

 ശാലിനിക്കാണെങ്കിൽ വണ്ണം കൂടി എന്നു പറഞ്ഞായിരുന്നു എല്ലാവരുടെയും പരിഭവം. ഒരു കുട്ടി പോലും ആയിട്ടില്ലെന്നും,ഒരുപാട് തടി വച്ചാൽ അതിനൊക്കെ ബുദ്ധിമുട്ടാണെന്നും അടക്കം പറയുന്നുണ്ട് കല്യാണിയമ്മയും ശാരദ വല്യമ്മയും കൂടി ഇരുന്നുകൊണ്ട് 

 അതൊക്കെ കേട്ടുകൊണ്ട്,  ശ്രീദേവിയെ നോക്കി ഒന്നു വെളക്കനെ ചിരിച്ച ശേഷം,രാജേഷ് ആണെങ്കിൽ ശിവന്റെ അരികിലേക്ക് ചെന്നു..

ശാലിനിയുടെ ഭർത്താവ് രാഹുൽ നാളയെ വരികയുള്ളൂ.. കാരണം അയാൾക്ക് ലീവ് കിട്ടിയില്ല, നാളെ നേരത്തെ തന്നെ എത്തും എന്നൊക്ക ശിവനോട് പറഞ്ഞു കൊണ്ട് നിൽക്കുകയാണ് അവള്..

"ആഹാ ചേട്ടനൊക്കെ എപ്പോഴാ എത്തിയത്,,  ചേച്ചിയും കുഞ്ഞും അകത്തുണ്ടോ"?
 രാജേഷിനെ കണ്ടതും ശാലിനി ചോദിച്ചു..

"ഞങ്ങൾ വന്നിട്ട് അരമണിക്കൂർ ആയതേയുള്ളൂ ശാലിനി,ശ്രീദേവി അകത്തുണ്ട്, കുഞ്ഞ് വഴക്കായതുകൊണ്ട് അവൾ,  അകത്തേക്ക് കയറിപ്പോയതാണ്"

 തന്റെ ബാഗിൽ കിടന്ന് ഫോൺ ബെൽ അടിച്ചതും ശാലിനി അത് എടുത്തു നോക്കി.

 രാഹുൽ ചേട്ടനാണ് ഞാൻ ഇവിടെ എത്തിയോ എന്ന് അറിയുവാൻ വിളിക്കുന്നതാ, എന്നും പറഞ്ഞുകൊണ്ട് ശാലിനി ഫോൺ അറ്റൻഡ് ചെയ്ത് അകത്തേക്ക് നടന്നു.

"അളിയാ എങ്ങനെയാ, ഈ സനൂപിനെയും കൂട്ടി ഒന്ന് പുറത്തേക്ക് പോയിട്ട് വരാമോ, ഞാനിപ്പോ ഇറങ്ങുന്നത് കണ്ടാൽ അമ്മ കിടന്നു  ബഹളം വെയ്ക്കും "ഒരു കണ്ണീറുക്കിക്കൊണ്ട് ശിവൻ പറയുന്നത് കണ്ടപ്പോഴേ രാജേഷിന് കാര്യം മനസ്സിലായി..

"ആഹ്  വേണ്ട വേണ്ട,, നീ വരുമെന്നും വേണ്ട ശിവ, ഞങ്ങള് പോയിട്ട് വേഗം വന്നോളാം, ഇനി കല്യാണ ചെക്കനെ ആരെങ്കിലും,ബീവറേജിനു മുന്നിൽ വച്ച് കണ്ടിട്ട് പ്രശ്നം ഒന്നും ഉണ്ടാവേണ്ട...അല്ലേ സനൂപേ..."
രാജേഷ് പറഞ്ഞപ്പോളു സനൂപ് ചിരിച്ചു കൊണ്ട് തല കുലുക്കി. എന്നിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു..
ഇരുവരും പോകുന്നതും നോക്കി നിന്നപ്പോൾ ആണ് ശിവന്റെ പോക്കറ്റിൽ കിടന്ന് ഫോണ് റിങ് ചെയ്തത്..
നോക്കിയപ്പോൾ ലക്ഷ്മി കാളിങ്.തിക്കും പോക്കും നോക്കിയ ശേഷം പതിയെ അവൻ റോഡിലേക്ക് ഇറങ്ങി.എന്നിട്ട് 
ഒരു പുഞ്ചിരി യോട് കൂടി അവൻ ഫോൺ എടുത്തു കാതിലേക്ക് ചേർത്തു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story