പൊൻകതിർ: ഭാഗം 9

ponkathir

രചന: രഞ്ജു ഉല്ലാസ്‌

തലേ ദിവസം എത്ര സന്തോഷത്തിൽ കഴിഞ്ഞ കുടുംബം ആണ്... ഇന്നിപ്പോ മരിച്ച വീട് പോലെ ആയില്ലേ..


അയൽ വീടുകളിൽ ഉള്ളവർ എല്ലാവരും സങ്കടം പറയുകയാണ്..

ഈ പൊന്നുപോലെ ഉള്ള ചെറുക്കനെ ഉപേക്ഷിച്ചു പോയ അവളില്ലെ,,, അവൾക്ക് ഒരു കാലത്തും ഗതി കിട്ടില്ല.... പാവം രാധമ്മ ചേച്ചി, ആറ്റു നോറ്റു ഒരു പെണ്ണിനെ കൊണ്ട് വന്നപ്പോൾ കരുതിയോ അതിന്റെ ഒരു വശം തളർത്തി കളയാൻ വന്നത് ആണു ആ നാശം പിടിച്ചവൾ എന്ന്..


അടുത്ത വീട്ടിലെ സുമതി ചേച്ചിയാണ്.

"രാധമ്മ ചേച്ചിടെ കാര്യം ഓർക്കുമ്പോളാ അതിലും സങ്കടം, ഇനി ചേച്ചിടെ കാര്യങ്ങൾ ഒക്കെ നോക്കാൻ ആരാണ് ഉള്ളത്... ശ്രീദേവിo ശാലിനിo ഒക്കെ വന്നിട്ട് ഇത്രേം ദിവസം ആയില്ലേ, ആ പിള്ളേർക്ക് ഒക്കെ ജോലീം ഉണ്ട്.... ഇട്ടെറിഞ്ഞു വന്നു നിക്കാൻ പറ്റോ.."

തെക്കേ വശത്തു താമസിക്കുന്ന ഗിരിജയാണ്..

എല്ലാവരും പരസ്പരം സങ്കടം പറയുന്നുണ്ട്.. ഒപ്പം ലക്ഷ്മിയെ പ്രാകുകയും ശപിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് താനും.

പന്തൽ അഴിക്കാൻ ഉള്ള പണിക്കാര് എത്തി ചേർന്നു.

പിന്നാലെ ശിവനും.

അവനെ കണ്ടതും കൂടി നിന്നവരുടെ ഒക്കെ കണ്ണു നിറഞ്ഞു.

"മോനേ അമ്മയ്ക്ക് എങ്ങനെ ഉണ്ട്..."


"അങ്ങനെ കിടക്കുന്നു ഗിരിജേച്ചി...ആറു മാസം എങ്കിലും എടുക്കും അമ്മ പതിയെ ഒന്നെഴുന്നേറ്റ് വരണേല്..."


വീടിന്റെ ചാവി പോക്കറ്റിൽ നിന്നും എടുത്തു അവൻ മുൻവശത്തെ വാതിലു തുറന്നു..

പന്തല്കാർക്ക് കുറച്ചു പൈസ കൊടുക്കാൻ ഉണ്ട് 
. അതാണ് ഞാൻ തിടുക്കപ്പെട്ടു വന്നേ...

അയൽക്കാരെ നോക്കി അവൻ പറഞ്ഞു.

"മോനേ... ചായ വെയ്ക്കണോടാ..."


"വേണ്ട ശാന്തേച്ചി.... വരുന്ന വഴിയ്ക്ക് ആ കവലേന്നു ഞാൻ ഒരു കാലി ചായ കുടിച്ചു.. ഒന്ന് കുളിച്ചു ഈ വേഷം ഒക്കെ മാറിയിട്ട് വരാം... ആകെ കൂടി വല്ലാത്ത ഈർച്ച...."

പറഞ്ഞു കൊണ്ട് ഒരു ചെറു പുഞ്ചിരിയോട് കൂടി അവൻ അകത്തേക്ക് കയറി പോയി.

തന്റെ മുറിയിലേക്ക് കയറി യതും മുല്ലപ്പൂ മണം നിറഞ്ഞു നിൽക്കും പോലെ... അപ്പുറത്ത് മേശമേൽ ലക്ഷമി ഉടുത്ത ശേഷം മടക്കി വെച്ചിരിക്കുന്ന താൻ വാങ്ങികൊടുത്ത മന്ത്രക്കോടി,.

എത്രയോ തവണ അവളുടെ ദേഹത്തു ആ സാരീ വെച്ച് കൊടുത്ത് സെയിൽസ് ഗേൾ നിറുത്തിയപ്പോൾ താൻ മൊബൈലിൽ ഫോട്ടോ എടുത്തിരുന്നു.

അതും കണ്ടു കൊണ്ട് ഉറക്കം വരാതെ ആ രാത്രി മുഴുവൻ ഇളം തിണ്ണയിൽ ഇരുന്നു.

സാരീ മേടിക്കാൻ വന്നപ്പോൾ ഒക്കെ ഉള്ള അവളുടെ അഭിനയം...

എന്തൊരു വിനയം ആയിരുന്നു.... ഇത്രമാത്രം സ്വഭാവ ശുദ്ധി അവൾക്ക് ഉണ്ടായിരുന്നോ എന്ന് പോലും താൻ അന്നേരം ഓർത്തു...

ശിവാ....

മുറ്റത്തു നിന്നും ആരോ വിളിച്ചു.

നോക്കിയപ്പോൾ മമ്മദ് ഇക്കയാണ്.

ആഹ് ഇക്കാ.. കേറി വാ..ഇരിയ്ക്ക്..

അരികിൽ കിടന്നിരുന്ന കസേര അല്പം കൂടി വലിച്ചു നിരക്കി കൊണ്ട് അവൻ പറഞ്ഞു.

"ഇരിക്കുന്നൊന്നും ഇല്ല മോനേ.. നിന്റെ അമ്മയ്ക്ക് ഇപ്പൊ എങ്ങനെ ഉണ്ട്... "

"ഒരു വശം തളന്നു പോയി, ഇനി വേറെ കുഴപ്പം ഒന്നും വരാതെ ഇരുന്നാൽ മതി ആയിരുന്നു, അമ്മേടെ കാര്യം ഓർത്തെ എനിക്ക് ഇപ്പൊ സങ്കടം ഒള്ളു.... എന്നതെങ്കിലും പറ്റി പോയാൽ എനിക്ക് പിന്നെ....."

പറഞ്ഞു കൊണ്ട് അവൻ വെളിയിലേക്ക് നോക്കി.

പന്തലും മറ്റു അഴിച്ചു  വണ്ടിയിൽ കയറ്റി കഴിഞ്ഞു.

നാലഞ്ച് പേരുണ്ട്.. അതിൽ ഒരാൾ ഭദ്രനെ ഒന്ന് നോക്കി.


ഇക്ക... ഒരു മിനിറ്റ്.. ഞാനീ പൈസ ഒന്നെടുത്തു കൊടുത്തിട്ട് വരാം..

പോക്കറ്റിൽ കിടന്ന നോട്ട് എണ്ണി കൊണ്ട് അവൻ അവരുടെ ഇടയിലേക്ക് ചെന്നു.

"ശരിയല്ലേ ആന്റപ്പൻ ചേട്ടാ..."


"അതേ മോനേ..."

"ഹ്മ്മ്.. എന്നാൽ പിന്നേ വിട്ടോളു, നേരം പോകുന്നു, എനിക്കും ഹോസ്പിറ്റലിൽ പോകണം... അതിനു മുന്നേ ആടിനും പശുവിനും ഒക്കെ തീറ്റ പറിച്ചു ഇട്ട് എന്തേലും കൊടുക്കണം, അവറ്റോൾക്ക് രണ്ടു മൂന്നു ദിവസം ആയിട്ട് നല്ല പോലേ കഴിപ്പ് പറ്റുന്നില്ല......."

തൊഴുത്തിലേക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞു.

"ശരി മോനേ, പിന്നെ കാണാം കേട്ടോ...."

ശിവന്റെ തോളിൽ ഒന്ന് തട്ടിയ ശേഷം അയാള് യാത്ര പറഞ്ഞു പോയി.

"കണ്ടവന്റെ പിന്നാലെ നടന്നവളെ ഒന്നും നമ്മൾക്ക് വേണ്ട ശിവാ... നിനക്ക് വിധിച്ച കൊച്ചു ഇതല്ല... അങ്ങനെ മാത്രം തത്കാലം കരുതിയാ മതി."

ഉമ്മറത്തു ഇരുന്നു കൊണ്ട് മമ്മധിക്ക പറഞ്ഞു.

"എന്റെ ജീവിതത്തിൽ എനിക്കിനി ഒരു പെണ്ണ് വേണ്ട.. അത് ഞാൻ തീരുമാനിച്ചു ഉറപ്പിച്ചു..വിശ്വാസം പോലും എനിക്ക് നഷ്ടം ആയെന്റെ ഇക്ക....."

'അങ്ങനെ ഒന്നും പറയണ്ട മോനേ... ഇതൊക്കെ ഒരു ദുസ്വപ്നം ആണെന്ന് കരുതി സമാധാനിക്കാം... അല്ലാണ്ട് ഇപ്പൊ വേറെ ഒരു വഴി ഇല്ലാ.."


മമ്മദിക്ക കുറച്ചു ഏറെ നേരം ഇരുന്നു ഓരോ വർത്താനം പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ശിവനു വലിയൊരു ആശ്വാസം ആയിരുന്നു..

ഇടയ്ക്ക് അവൻ എഴുന്നേറ്റു പോയി ഓരോ ഗ്ലാസ്‌ കട്ടൻ ചായ ഒക്കെ ഇട്ട് കൊണ്ട് വന്നു കൊടുത്തു..


കഥ പറച്ചിലൊക്കെ കഴിഞ്ഞു നാല് മണി ആയി അയാള് പോയപ്പോൾ..

അതിനു ശേഷം ശിവൻ നേരെ പോയത് പുല്ല് അരിഞ്ഞു കൊണ്ട് വരാൻ ആയിരുന്നു..

ചീരയും വെണ്ടയും പയറും പാവലും ഒക്കെ നനച്ചു കൊടുത്തു 

രാത്രിയോടെ വീണ്ടും ഹോസ്പിറ്റലിലേക്ക് പോയി.

പിന്നീട് ഉള്ള ദിവസങ്ങളിൽ എല്ലാം ഇതേ രീതി തുടർന്ന്.

***

നാലഞ്ച് ദിവസങ്ങൾക്കു ശേഷം ആണ് രാധമ്മയേ ഹോസ്പിറ്റലിൽ നിന്നും പറഞ്ഞു വിട്ടത്.

ശ്രീദേവി ആയിരുന്നു ശിവന്റെ കൂടെ അമ്മയെ കൊണ്ട് വരാൻ ഉണ്ടായിരുന്നത്.

ഇടയ്ക്ക് ഒക്കെ ലീവ് എടുത്തു കൊണ്ട് പെൺ മക്കൾ മാറി മാറി നിന്നു.

തന്റെ കൈകളിൽ കോരി എടുത്തു കൊണ്ട് ആയിരുന്നു ശിവൻ അമ്മയെ റൂമിൽ എത്തിച്ചത്..

ആ നേരത്ത് ഒക്കെ അവന്റെ കൈകളിൽ കൂടി അമ്മയുടെ കണ്ണീര് ഒലിച്ചു ഇറങ്ങി.

"ഇതാ എനിക്ക് തീരെ പിടിക്കാത്തത്, ചുമ്മാ കിടന്ന് കരയും....."
അവരെ കൊണ്ട് ചെന്നു അകത്തെ മുറിയിൽ കിടത്തിയ ശേഷം ശിവൻ ദേഷ്യത്തിൽ ഒച്ച വെച്ചു.

"വീട്ടിൽ എത്തിയപ്പോൾ തന്നെ സമാധാനം ആയില്ലേ, ഇത്തിരി കാറ്റും വിളിച്ചോമൊക്കെ കേറട്ടെ....'

അവൻ ജനാല തുറന്നിട്ട്‌, എന്നിട്ട് സ്പീഡ് കുറച്ചു ഫാനും ഇട്ട് കൊടുത്തു.
. അപ്പോളേക്കും അടുത്ത വീട്ടിലെ സരസമ്മ ചേച്ചിയും വന്നു.

"അമ്മയ്ക്ക് സംസാരിക്കാൻ ഒക്കെ ബുദ്ധിമുട്ട് ഉണ്ട്, പറയുന്നത് ഒട്ട് തിരിയുന്നില്ല താനും... മെല്ലെ മെല്ലെ ശരിയാവും എന്നാണ് ഡോക്ടർ പറഞ്ഞത്.... "

ശിവൻ ആണ്.

"അതൊന്നും കുഴപ്പമില്ല മോനേ, പതിയെ മാറി വരും, എന്റെ നാത്തൂന്റെ അമ്മായിയപ്പൻ ഇത് പോലെ ആയിരുന്നു.. എന്നിട്ട് ഒന്നര മാസം കൊണ്ട് ആള് എഴുന്നേറ്റു വന്നു.... ഇപ്പൊ ദേ പയറു പ്പോലെ നടന്നു പണി ചെയ്യുന്നു "

"ആഹ് എല്ലാവരും അങ്ങനെ ഒക്കെയാ ചേച്ചി പറയുന്നേ... ഇരിയ്ക്ക് കേട്ടോ, ഞാൻ ഈ വേഷം ഒക്കെ ഒന്ന് മാറി വരാം "


അവൻ മുറി വിട്ടു ഇറങ്ങി.

ശ്രീദേവി അടുക്കളയിൽ കഞ്ഞിക്കു ഉള്ള വെള്ളം എടുത്തു വെയ്ക്കുകയാണ്..

കുറച്ചു ചെറു പയർ എടുത്തു വെള്ളത്തിൽ ഇട്ടു വെച്ചിട്ടുണ്ട്.

മോര് കറി വെയ്ക്കാൻ വേണ്ടി ഫ്രിഡ്ജിൽ നിന്നും തൈര് എടുത്തു വെളിയിൽ വെച്ചു..


അവളുടെ ഭർത്താവ് രാജേഷ് കുഞ്ഞിനേയും എടുത്തു കൊണ്ട് മുറ്റത്തൂടെ ഒക്കെ നടക്കുന്നുണ്ട്.


"ശ്രീദേവി... നിനക്ക് സ്കൂളിൽ പോകണ്ടേ, അതുകൊണ്ട് ചോറും കറി കളും ഒക്കെ വെച്ചിട്ട് നീ പൊയ്ക്കോ കേട്ടോ,,,"

ശിവന്റെ ശബ്ദം കേട്ടതും അവൾ പിന്തിരിഞ്ഞു.


"ഞാൻ ഇന്ന് പോയാൽ എങ്ങനെയാട... അമ്മയ്ക്ക് ആണെങ്കിൽ എന്തേലും ചെയ്ത് കൊടുക്കണേൽ പെണ്ണുങ്ങൾ ആരെങ്കിലും വേണം...."


"അതൊന്നും ഓർത്തു നീ സങ്കടപ്പെടണ്ട... നമ്മുടെ വടക്കേമുറ്റത്തെ സതി ഇല്ലേ, അവള് പറഞ്ഞിട്ട് ഞാൻ ഒരു ഏജൻസിയിൽ വിളിച്ചു പറഞ്ഞു ഒരു ഹോം നേഴ്സ്നെ ഏർപ്പാടാക്കി.. അവര് നാളെ കാലത്തെ വന്നോളും.... അത് വരെ ഉള്ള കാര്യങ്ങൾ ഒക്കെ ഞാൻ നോക്കിക്കോളാം..."


"ഹോം നേഴ്സ്.... അത് എവിടെ ഉള്ളത് ആട "


"ആഹ് അതൊന്നും എനിക്ക് അറിയാൻ വയ്യ.... അമ്മേടെ വിവരങ്ങൾ ഒക്കെ ചോദിച്ച ശേഷം അവര് നാളെ തന്നെ അയക്കാം എന്ന് മാത്രം പറഞ്ഞു.. പിന്നെ അഡ്വാൻസ് ആയിട്ട് പൈസയും മേടിച്ചു..."


"ആണോ... എത്ര രൂപാ ആയി "

"അതൊക്കെ കുറച്ചു ആയി, എന്നാലും സാരമില്ല, അമ്മേടെ കാര്യങ്ങളൊക്കെ നടക്കുമല്ലോ "

"ഹ്മ്മ് "

"നേരം കളയാതെ എല്ലാം ഉണ്ടാക്കി വെച്ചിട്ട് നീ പോകാൻ നോക്ക് പെണ്ണേ... ഞാന് അളിയനെ കണ്ടു ഒന്ന് പറയട്ടെ..."


കാര്യങ്ങൾ കേട്ടപ്പോൾ രാജേഷിനും സന്തോഷം..

കാരണം ഇത്രയും ദിവസം  ഭാര്യയേ പറഞ്ഞു വിട്ടതിനാൽ അവന്റെ വീട്ടിലും ചെറിയ മുറു മുറുപ്പ് ആയിരുന്നു. കൊച്ചു കുഞ്ഞിനേം കൊണ്ട് ഹോസ്പിറ്റലിൽ ആണെന്ന് ഉള്ളത് ആയിരുന്നു പ്രധാന പ്രശ്നം....അമ്മായിമ്മ വായിൽ വരുന്നതൊക്കെ വിളിച്ചു കൂവി നടന്നു..എല്ലാം കണ്ടില്ലെന്ന് വെച്ച് ഇറങ്ങി പോരുക ആയിരുന്നു ശ്രീദേവി..


മോര് കാച്ചിയതും, ചെറുപയർ മെഴുക്കു പുരട്ടിയും, പാവയ്ക്കാ കൊണ്ടാട്ടാവും... പപ്പടവും.. അത്രേം ഉണ്ടാക്കി വെച്ചത് ഒരു തരത്തിൽ ആയിരുന്നു അവള്.. കാരണം കുഞ്ഞ് വാവ കരയാൻ തുടങ്ങിയിരുന്നു.

രാജേഷ് നോക്കിട്ട് ഒന്നു അവൻ കരച്ചില് നിർത്തിയില്ല.

ഒടുവിൽ ശ്രീദേവി വന്നു മേടിച്ചു കൊണ്ട് പോയി.

വൈകുന്നേരം 7മണിയോട് കൂടി ശ്രീദേവിയും ഭർത്താവും കൂടി തിരിച്ചു പോകുകയും ചെയ്തു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story