പൗർണമി തിങ്കൾ: ഭാഗം 7
Nov 4, 2024, 22:29 IST

രചന: മിത്ര വിന്ദ
ഇടയ്ക്ക് ഒരു തവണ അലോഷിയുടെ കാൾ വന്നതും കാത്തു എടുത്തിട്ട് പപ്പയ്ക്ക് കൊടുത്തു. ഹലോ ആഹ് മോനേ... അതെയോ.. എന്നിട്ട് നീയിപ്പോ എവിടെയുണ്ട്.. ഓക്കേ അതേതായാലും നന്നായി. എന്നാൽ പിന്നേ ആൻസിയാന്റിടെ അടുത്തേയ്ക്ക് പോകണ്ടല്ലോ അല്ലെ... ഓഹ് ശരി ശരി.. വെച്ചേക്കാം. മോളെ... അലോഷിയ്ക്കു പ്രൊമോഷൻ ആയിന്നു ബാംഗ്ലൂരിലെ കമ്പനിയില്.. ങ്ങെ സത്യമാണോ പപ്പാ. അതേടി.. അവനിപ്പോ ബാംഗ്ലൂരിൽ എത്തി. ഫ്ലൈറ്റ് ന് പോന്നു. നമ്മളോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു അവന്റെ വീട്ടിലേക്ക് പോകാം കേട്ടോ മനോജേ... ഡ്രൈവറെ നോക്കി പോളു പറയുമ്പോൾ പൗർണമിയുടെ ചങ്ക് ഇടിച്ചു. അപ്പോൾ ഇനി ആൻസിയാന്റിടെ കൂടെയല്ലേ നിൽക്കുന്നത്. അവൾ ശബ്ദം താഴ്ത്തി കാത്തുവിനോട് ചോദിച്ചു. ഹേയ്.. ഇനി അതിന്റെ ആവശ്യമില്ലടാ... ഇച്ചായന്റെ വീട്ടിൽ കൂടാന്നേ.. അടിച്ചു പൊളിക്കണ്ടെ.. കാത്തു കയ്യും കാലും എടുത്തു ഇളക്കിക്കൊണ്ട് പറയുകയാണ് പപ്പാ,,,, സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോളാ സമാധാനം ആയതു..ആൻസിയാന്റി ഒരു പ്രേത്യേക ടൈപ്പ് അല്ലെ.. വെട്ടൊന്നു മുറി രണ്ട് ആണ് സ്വഭാവം.. എന്റിച്ചായൻ ആകുമ്പോൾ നോ pblm.. പൗർണമിയ്ക്കു ആണെങ്കിൽ സങ്കടം വന്നിട്ട് വയ്യാ... കണ്ണൊക്കെ നിറയാൻ പാകത്തിനാണ്. ശോ.. എന്തൊരു കഷ്ട്ടം ആയിപ്പോയി എല്ലാവരും കൂടെ ബാംഗ്ലൂരിൽ എത്തിയപ്പോൾ സമയം രാത്രി 9മണി കഴിഞ്ഞു. ഒരു വലിയ ഒറ്റ നില വീടായിരുന്നു അതും. അലോഷി വെളിയിൽ ഉണ്ട്.കാത്തു ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ചു കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്. മടിയോടെ വണ്ടിയിൽ നിന്നും ഇറങ്ങി വരികയാണ് പൗർണമി. അവൾക്ക് വല്ലാത്ത ബുദ്ധിമുട്ട് പോലെ. ബാഗും മറ്റും എടുത്തു പുറത്തേക്ക് വെയ്ക്കാൻ മനോജും കൂടിയവളെ സഹായിച്ചു. ടി കാത്തു.. വന്നിതൊക്കെ എടുത്തേ.... മതി കിന്നാരിച്ചോണ്ട് നിന്നത്. പോളു വഴക്ക് പറഞ്ഞപ്പോൾ കാത്തു മുറ്റത്തേക്ക് ഓടി വന്നു. പൗർണമി അകത്തേക്ക് കയറി വന്നതും അലോഷി ഒന്നോതുങ്ങി നിന്നു. അവനെ നോക്കി അവളൊന്നും ചിരിക്കാൻ ശ്രെമിച്ചു. പക്ഷെ അലോഷിയവളെ മൈൻഡ് ചെയ്യാതെ നിന്നു.. ഒരു പത്തു മിനിറ്റ് നിന്ന ശേഷം പോള് അവിടന്നു യാത്ര പറഞ്ഞു ഇറങ്ങി. ഇച്ചായാ ഞങ്ങടെ റൂം ഏതാണു. കാത്തു അവനെ നോക്കി . ദേ, ഈ കാണുന്നത് ഒഴിച്ചു ഏത് വേണേലും എടുത്തൊ... അവൻ തന്റെ റൂമിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു. വാടി.... ഒന്ന് കുളിച്ചു ഫ്രഷ് ആകാം, എന്നിട്ട് എന്തേലും കഴിച്ചു കിടക്കാം... നാളെ ഓഫീസിൽ പോകേണ്ടത് അല്ലെ... പൗർണമിയുടെ കൈയിൽ പിടിച്ചു കൊണ്ട് കാത്തു ഒരു റൂമിലേക്ക് പോയ്. എടി.... എനിയ്ക്ക് ഇവിടെ പറ്റില്ല, ആൻസിയാന്റിടെ കൂടെ നിന്നോട്ടെ, പ്ലീസ്.. ഇല്ലെങ്കിൽ ഞാൻ തിരിച്ചു പോകും. എനിയ്ക്ക് ഇനി ഈ ജോലിയൊന്നും വേണ്ട പെണ്ണേ... ഞാൻ നാട്ടിലേക്ക് പോകുവാ. കണ്ണ് നിറച്ചു പറയുന്ന പൗർണമിയെ നോക്കി കാത്തു അന്തംവിട്ടു. എന്നാടി.. Enna പറ്റിയെ.? ഇച്ചായന്റെ കൂടെ ഇവിടെ ശരിയാവില്ല, എന്റെ വീട്ടിൽ അറിഞ്ഞാൽ അച്ഛൻ വഴക്ക് പറയും....അതാണ്. അച്ഛനോട് ഞാൻ സംസാരിക്കാം, അതൊന്നും വേണ്ട...ഞാൻ പോകുവാ. എടി അതിനു എന്റെ ഇച്ചായനെ പേടിയായിട്ട് ആണോ.. പറയുന്നതിനൊപ്പം കാത്തു അലോഷിയെ ഉറക്കെ വിളിച്ചു. എന്നാടി കാത്തു. അവൻ റൂമിന്റെ വാതിൽക്കൽ വന്നപ്പോൾ കാത്തു എഴുന്നേറ്റു. ഇച്ചായാ... ഇവൾക്ക് പേടിയാണെന്ന് ഇവിടെ നിൽക്കാൻ. നാട്ടിലോട്ട് പോയ്കോളാം എന്ന് പറയുവാ.. ആഹ്... പൊയ്ക്കോളൂ, പപ്പയെ വിളിക്കണോ. ഗൗരവത്തിൽ ചോദിക്കുന്ന അലോഷിയെ അവളൊന്നു മുഖമുയർത്തി നോക്കി. അല്ലെങ്കിൽ ബസ് ഉണ്ട്, ബസിൽ പോകാം,എങ്ങനെയാണെന്ന് കൂട്ടുകാരത്തിയോട് ചോദിക്ക് കാത്തു. ഓഹ്.. ഇതു രണ്ടും കണക്കാണല്ലോ മാതാവേ,എന്റെ പൊന്നിച്ചായാ ഇവൾക്ക് ഇച്ചായനെ പേടിയാണെന്ന്, അതുകൊണ്ട് തിരിച്ചു പോയ്കോളാംന്ന് പറഞ്ഞെ. അതെയോ... പേടിയാണോ പൗർണമി. അലോഷി ചോദിച്ചതും പൗർണമി ഒന്നും മിണ്ടാതെ മുഖം കുനിച്ചു. ഹമ്... എന്നാൽപ്പിന്നെ പൗർണമി ഹോസ്റ്റലിൽ നിന്നോളും, ഇനി കിട്ടിയ ജോലി കളയണ്ട.. എന്തേ..അതല്ലേ കാത്തു നല്ലത്. ഒന്ന് പോ ഇച്ചായ, ഇവളെ ഞാൻ എന്റെ കൂടെ നിർത്തും, അല്ലാണ്ട് എങ്ങോട്ടും അയക്കില്ല....വേണേൽ ഇച്ചായൻ ഈ വീട്ടിൽന്ന് മാറിയ്ക്കോ..അല്ല പിന്നേ . കാത്തു അവളെ കെട്ടിപിടിച്ചു കവിളിൽ മുത്തം കൊടുത്തപ്പോൾ അലോഷി അവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി സമൃദ്ധമായി ഒളിപ്പിച്ചു കൊണ്ട് തിരിഞ്ഞു നടന്നു. വീട്ടിൽ നിന്നും ഫോൺ വന്നപ്പോൾ പൗർണമി അത് എടുത്തു. എന്നിട്ട് നടന്ന കാര്യങ്ങൾ ഒക്കെ അച്ഛനോട് പറഞ്ഞു. ആദ്യം അയാൾക്ക് ഒരു വിഷമം തോന്നിയെങ്കിലും കാത്തു ഫോൺ മേടിച്ചു നീറ്റ് ആയിട്ട് സംസാരിച്ചു. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ അച്ഛനെ വിളിക്ക് കേട്ടോ മോളെ.. ഹമ്.... വിളിച്ചോളാം.. പിന്നീട് അമ്മയോടും അനുജത്തിയോടും സംസാരിച്ച ശേഷം ഫോൺ വെച്ചത്. കുളിയൊക്കെ കഴിഞ്ഞ് ഫുഡ് കഴിക്കാനായി ഇരുവരും കൂടി ഇറങ്ങി വന്നപ്പോൾ അലോഷി അവിടെയൊന്നുമില്ലാരുന്നു. ഇച്ചായൻ കിടന്നോ ആവോ നോക്കട്ടെ കേട്ടോടി. കാത്തു അലോഷിയുടെ റൂമിലേയ്ക്ക് ചെന്നപ്പോൾ അവൻ അവിടെഎങ്ങും ഇല്ല. ഇച്ചായ...... ആഹ് എന്നതാടി. ഇതെവിടയാ...കിച്ചണിൽ ആണോ. ഹമ്.. വരുന്നു. ചൂട് ചപ്പാത്തിയും ചില്ലി ചിക്കനും ഓരോ പ്ലേറ്റിലായ് എടുത്തു അവൻ ഡൈനിംഗ് റൂമിലേക്ക് വന്നു. ഇച്ചായൻ കഴിച്ചാരുന്നോ.. ഹേയ്... നീയും കൂടി വരട്ടെന്ന് കരുതി. പൗർണമി കസേരയിൽ മുറുക്കി പിടിച്ചു കൊണ്ട് നിൽക്കുകയാണ് അപ്പോൾ. ഇരിയ്ക്കടി പെണ്ണേ... കാത്തു പിടിച്ചു വലിച്ചതും പൗർണമി പെട്ടെന്ന് വീഴാൻ തുടങ്ങി. അലോഷിയുടെ കൈയിൽ പെട്ടെന്ന് അവൾ ചാടി ക്കയറി പിടിച്ചു. ഇല്ലാരുന്നെകിൽ വീണു പോയേനെ. സോറി.... കൈ വലിച്ചു കൊണ്ട് പൗർണമി പറഞ്ഞു. എന്നിട്ട് കാത്തുനെയൊന്നു ദഹിപ്പിച്ചു നോക്കി. യ്യോ... ഇവളുടെ നോട്ടം കണ്ടോ ഇച്ചായ.. തനി ഭദ്രകാളി. കാത്തു ഉറക്കെ ചിരിച്ചതും അലോഷിയും അവളുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി. ഇളം പിങ്ക് നിറമുള്ള അധരം, അതിന്റെ കോണിലായി കാണുന്ന ചെറിയ കാക്കപ്പുള്ളി, അതിലേക്ക് ആയിരുന്നു അവന്റെ നോട്ടം ചെന്നു പതിച്ചത്.....തുടരും.........