പൊഴിയും വസന്തം...💔ഭാഗം 1

pozhiyum vasantham

രചന: സിനു ഷെറിൻ

"ആമി...ഇന്ന് വൈകിയോ നീയ്യ്..." സാരി ഒന്ന് ഒതുക്കി പിടിച്ചു ഇടക്ക് വാച്ചിലേക്കും നോക്കി ധൃതിയിൽ നടക്കുമ്പോഴാണ് വിളി കേട്ടത്.. നടത്തം നിർത്താതെ തന്നെ ഒന്ന് തിരിഞ്ഞ് നോക്കി... കമലേച്ചിയാണ്... വീട്ടിലെ മതിലിനരികിൽ നിന്നും കുഞ്ഞിനെയും ഒക്കത് വെച് കൊണ്ടാണ് ചോദ്യം.. "ഉവ്വ്...ഒരു വെഡിങ് പാർട്ടി ഉണ്ടായിരുന്നു...അത് ഒഴിയാതെ പോരാൻ കഴിഞ്ഞില്ല..ചേച്ചി ഇന്നേരത് അവിടെ നിക്കാണ്ട് ആ കൊച്ചിനെയും കൊണ്ട് അകത്തേക്ക് ചെല്ല്..." പോകുന്നതിനിടയിൽ വിളിച്ചു പറഞ്ഞു...കേട്ടിട്ടുണ്ടാകുമോ എന്തോ.. ഇനിയും ഒരു അഞ്ച് മിനിറ്റ് കൂടി ഉണ്ട് വീട്ടിലോട്ട്...കമലേച്ചിയുടെ വീട് കഴിഞ്ഞാൽ പിന്നെ നടവഴിയാണ്...കശ്ട്ടിച് ഒരു ബൈക്ക്ന് പോകാം.. ഇതല്ലാതെയും വിശാലമായ വഴി വേറെയുണ്ട്...പക്ഷെ ദൂരകൂടുതലുണ്ടെന്നു മാത്രം...വാഹനയാത്രക്കാരെല്ലാം ആ വഴിയാണ്...

അടുത്തടുത്തായി വീടുകളാണ്...നേരിയ ഇരുട്ടുണ്ട്...ഓരോ വീടുകളിലെയും വെളിച്ചം കൊണ്ട് ധൃതിയിൽ നടന്നു.. ഈ റോഡിൽ ഒരു ലൈറ്റ് പിടിപ്പിച്ചു തരാൻ പറഞ്ഞിട്ട് എത്ര നാളായി..അല്ലെങ്കിലും ഇതിലൂടെ നടന്നു പോകുന്ന ഒരേ ഒരു പെണ്ണ് താനാണ്... വേറെ പരാതി ഒന്നും കിട്ടാതത് കൊണ്ടാവാം അവര് അതിനെ നിസാരമായ് തള്ളി കളഞ്ഞത്... ഓരോന്ന് ഓർത്തു വീട് എത്തി...ഉമ്മറത്തെ പൈപിൽ നിന്നും കാൽ കഴുകി...കോലായിൽ തന്നെ അമ്മ ഇരിക്കുന്നുണ്ടായിരുന്നു... "എന്തെ കൊച്ചേ നേരം വൈകിയേ..വൈകാനേൽ ഒന്ന് വിളിച്ചു പറഞ്ഞൂടെ...അഭിയേ വിടില്ലായിരുന്നോ ഞാൻ..." "അതൊന്നും വേണ്ടമ്മേ...കടേൽ നിന്ന് ഓടി വരണം ആ പാവം...

ഇന്ന് ഇച്ചിരി തിരക്കായിരുന്ന്.. ഏഴെക്കാൽ ആയോ അമ്മേ...ഞാനൊന്ന് കുളിചേച്ചും വരാം..." ക്ലോക്ക്ലേക്ക് നോക്കി ബാഗ് ടേബിളിൽ തന്നെ വെച് സാരിയുടെ പിന്ന് അഴിച് ഒരു കൂട്ട് ചുരിദാറും എടുത്ത് കുളിമുറിയിൽ കയറി... കുളി കയിഞ്ഞ് ഇറങ്ങിയപ്പോഴേക്കും അമ്മ ചൂട് ചായയും പരിപ്പ് വടയും ടേബിളിൽ വെച്ചിരുന്നു... തലേലുള്ള തോർത്തു കസേരയിൽ വിരിചിട്ട് ടീവിക്ക് മുന്നിൽ വന്നിരുന്നു മുത്തശ്ശിയുടെ മടിയിൽ തല വെച് കിടന്നു... "നന്നായി തോർത്തിയില്ലേ നീയ്യ്...വന്നു വന്നു നിന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ലാണ്ടായിരിക്ക്ണു നിനക്ക്..."നേരിയത്തിന്റെ തലപ് കൊണ്ട് തല തുവർതിതന്ന് കൊണ്ട് പറഞ്ഞു... "ആ രാസ്നാധി പൊടി ഇങ്ങെടുത്തെ സുമേ...രാവിലെയും വൈകീട്ടും ഒന്ന് വിടാതെ തല നനയ്ക്കും ഈ പെണ്ണ്..." മുത്തശ്ശി നിർത്തുന്ന ഭാവമില്ല... അമ്മ തന്നെ ഒരു നുള്ള് എടുത്ത് തലയിൽ ഇട്ട് തിരുമ്മി തന്നു... "എന്തിനാ കൊച്ചേ രാവിലെയും വൈകീട്ടും തല നനയ്ക്കുന്നെ...നീര് ഇറങ്ങൂല്ലൊ..." തിരുമ്മുന്നതിനിടയിൽ പറഞ്ഞു..

"രാവിലെ തല നനച്ചില്ലേൽ കടേൽ ഇരിക്കാൻ ഒരു ഉഷാർ ഇല്ല...വൈകീട്ട് കുളിച്ചില്ലേൽ ക്ഷീണം വിടില്ല...അതാ അമ്മേ..." ഇനിയും നിന്നാൽ അമ്മ സെന്റി അടിച്ചു സങ്കടപെടും എന്ന് അറിയാവുന്നത് കൊണ്ട് പതിയെ ടേബിളിൽ കിടന്ന ബാഗ് എടുത്ത് അവിടെന്ന് എണീറ്റു മുറിയിലോട്ട് പോന്നു... മൂന്ന് മുറിയടങ്ങുന്ന ചെറിയൊരു വാർക്ക വീട് ആണ്...ഉള്ളതിൽ വെച് അത്യാവശ്യം സൗകര്യമുള്ള മുറി എന്റെയാണ്... ബാഗ് സൈഡിലെ ചെറിയ ടേബിളിൽ വെച് അതിലുള്ള തുച്ഛമായ പണം എണ്ണി നോക്കി... അച്ഛൻ ഉള്ള കാലം ഓർത്തുപോയി...എല്ലാം വേണ്ടപോലെയായിരുന്നു...ഒന്നിനും പഞ്ഞം ഇല്ലായിരുന്നു... നന്നായി പഠിക്കുന്നത് കൊണ്ട് തന്നെ എന്നെയൊരു ഡോക്ടർ ആക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം...അച്ഛന്റെ മരണത്തോടെ ആ ആഗ്രഹവും മറഞ്ഞു പോയി... സൈലന്റ് അറ്റാക്ക് ആയിരുന്നു...അതോടെ അമ്മയും തളർന്നു...ഇതിനിടയിൽ മുത്തശ്ശിക്കും വയ്യാതായി..ഉള്ളതെല്ലാം വിറ്റു പെറുക്കി ചികിത്സ നടത്തി...

അപ്പോയെക്കും അമ്മ പഴേ പ്രൗഡിയും മറ്റും പോയി സാധാരണയൊരു വീട്ടമ്മയായി മാറിയിരുന്നു...ഒരു തയ്യൽ മെഷീൻ ഉണ്ട്...അതിലാകും ഏത് നേരവും... ഡോക്ടർ ആയി കറങ്ങുന്ന കസേരയിൽ ഇരിക്കുന്ന സ്വപ്നം കണ്ട ഞാൻ ഇന്നൊന്നു ഇരിക്കാൻ നേരമില്ലാതെ നെട്ടോട്ടം ഓടുകയാണ്... ഒരു ടെക്സ്റ്റ്‌ടൈൽസിൽ സെയിൽസ്ഗേൾ ആയി ജോലി ചെയ്യുന്നു... ആറുമണിയാകുമ്പോഴേക്കും എത്തുന്നതാണ്...വല്ല പാർട്ടിയും ഇതുപോലെ കയറി വന്നാൽ നേരം വൈകും... ഓരോന്ന് ഓർത്തിരിക്കെയാണ് ഫോൺ അടിച്ചത്...പേര് വായിച്ചതും ഒരു ചിരിയോടെ ഫോൺ എടുത്തു... "ആഹ് ചിന്നു...അടക്കാനുള്ള ഫീസ് ഞാൻ നാളെ തന്നെ ഇട്ട് തരാം കേട്ടോ...മറന്നതാടി..." എടുത്ത ഉടനെ ക്ഷമാപണമായി പറഞ്ഞു... "എന്റെ ആമി..ഞാൻ ഇപ്പൊ ധൃതി പിടിച്ചു വിളിച്ചത് അതിന് വേണ്ടിയല്ല..ചുമ്മാ സംസാരിക്കാനാ...

പിന്നെ ഫീസിന്റെ കാര്യം നീ മറക്കില്ലെന്ന് ആരെക്കാളും നന്നായി എനിക്കറിയാം...ഒരുപാട് കടം ആയോടി..." വേവലാതിയോടെ അവൾ ചോദിച്ചതും സന്തോഷം തോന്നി.. "ഇല്ലടി...അത് ഞാൻ കുറച്ചു കഷ്ട്ടപെട്ടാൽ ഉണ്ടാക്കാവുന്നെ ഒള്ളൂ...അതൊന്നും ആലോചിച് നീ ടെൻഷൻ ആവണ്ട...നീ പഠിച് നല്ലൊരു ഡോക്ടർ ആയി കണ്ടാൽ മതി ഈ ചേച്ചിക്ക്...അതിന് വേണ്ടി എത്ര കഷ്ട്ടപെടാനും ഞാൻ തയ്യാറാ...പിന്നെ ഈ അടുത്തെങ്ങാനും ലീവ് ഉണ്ടോ നിനക്ക്..." "ഉവ്വ്...അത് പറയാൻ കൂടെയ വിളിച്ചേ..അടുത്ത ആഴ്ച അങ്ങോട്ടു വരുന്നുണ്ട്....അമ്മയെ വിളിച്ചപ്പോ റേഞ്ച് കാരണം കട്ട്‌ ആയി...നീ ഒന്ന് പറഞ്ഞെക്കണേ...." ഏറെ നേരം നീണ്ട് പോയി സംസാരം...അവൾ വിളിക്കുമ്പോഴാണ് ഇച്ചിരി ആശ്വാസം തോന്നുന്നത്... എന്നേക്കാൾ രണ്ട് വയ്യസിനു ഇളയതാ...എങ്കിലും പേരെ വിളിക്കൂ... ഡോക്ടർ ആകാൻ വേണ്ടി പഠിക്കാ...

അച്ഛന്റെ ആഗ്രഹം..എനിക്കോ കഴിഞ്ഞില്ല..അവളെ പഠിപ്പിക്കാൻ വേണ്ടിയാ ഈ കഷ്ട്ടപെടുന്നതെല്ലാം... ഫോൺ വെച്ചതും എണ്ണിയ പണം തന്നെ വീണ്ടും എണ്ണി നോക്കി...കടം വാങ്ങിയവരെ പേരും പണം എഴുതി വെച്ചു...ഇതിപ്പോ ദിവസം കൂടുന്നതിനനുസരിച്ച് കടങ്ങൾ കൂടുകയാണല്ലോ ഈശ്വരാ.. അത്തായം കഴിക്കുമ്പോ ചിന്നു വരുന്ന കാര്യം ഞാൻ സൂചിപ്പിച്ചു..രണ്ട് മാസങ്ങൾക്ക് ശേഷമാ അവളൊന്നു വരുന്നേ... കിടക്കാൻ നേരവും പണത്തിന്റെ കണക്ക് കൂട്ടിയും കിഴിച്ചും കിടന്നു..തലപെരുകി വേദന എടുത്തു... ഇച്ചിരി ടൈഗർ ബാം എടുത്ത് പുരട്ടി കണ്ണുകളടച്ചു... സുന്ദരമായൊരു മുഖം മനസ്സിൽ തെളിഞ്ഞു... നടക്കാത്ത സ്വപ്നങ്ങളും കണ്ട് പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു... പിറ്റേന്ന് അലാറം ഓഫ്‌ ചെയ്ത് എണീറ്റു... നേരം വെളുക്കുന്നെ ഒള്ളൂ...രണ്ട് ഗ്ലാസ്‌ ചായക്കുള്ള വെള്ളവും വെച് തിളച്ചപ്പോ പൊടിയും ഇട്ട് അടച്ചു വെച് ഞാൻ ഒരു പാത്രവും എടുത്ത് പിന്നാമ്പുറതേക്ക് നടന്നു... "അഭിയേട്ടൻ ഇന്ന് നേരത്തെ എത്തിയോ..."

പശുവിനോട്‌ കുശലം പറഞ്ഞു നിൽക്കുന്ന അഭിയേട്ടനെ കണ്ട് പാത്രം കൊടുത്ത് കൊണ്ട് ചോദിച്ചു.. "ഇല്ലടി ഞാൻ വന്നേ ഒള്ളൂ..." അഭിയേട്ടൻ അപ്പുറത്തെ കൃഷ്ണേട്ടന്റെ മോനാണ്...ഒന്ന് തളർന്നപ്പോ ചേർത്ത് നിർത്തിയവർ... എന്നും രാവിലെ പശുവിനെ കറക്കുന്നത് മുതൽ തുടങ്ങുകയാണ് ഞങ്ങളെ ദിവസം... എന്തിനും ഏതിനും ഞാൻ ആളോട് ചോദിച്ചേ ചെയ്യാറോള്ളൂ... അടുത്തുള്ള കൂട് തുറന്ന് ഞാൻ മുട്ടകൾ ഓരോന്നും പെറുക്കി എടുത്തു... അടുക്കളയിൽ ചെന്ന് ചായയിൽ പഞ്ചസാര ഇട്ട് രണ്ട് ഗ്ലാസിലേക്ക് ഒഴിച് ഞാൻ വീണ്ടും പുറത്തോട്ടിറങ്ങി... "ദാ അഭിയേട്ടാ..." പാത്രം അവിടെ തിണ്ണയിൽ വെച് ആള് കൈ കഴുകി ഉടുത്ത തുണിയിൽ തന്നെ തുടച് ചായ വാങ്ങി... പതിയെ ഞങ്ങൾ രണ്ടും റോഡിലോട്ടിറങ്ങി... "ചിന്നൂനുള്ള പണം നീ ഇട്ട് കൊടുത്തായിരുന്നൊ..." "ഇല്ലന്നെ...ഇന്നിടണം...ഇന്നലെയും വിളിച്ചായിരുന്നു അവൾ...എല്ലാവരും അടച്ചിട്ടുണ്ടാകും...അവൾ പറഞ്ഞില്ലേങ്കിലും എനിക്കതറിയാം.." "കടം ഒരുപാട് ആയോ..." "അത് വീട്ടാവുന്നെ ഒള്ളൂന്നെ...

അഭിയേട്ടന്റെ പണം ഞാൻ തരാം കേട്ടോ.." "എന്റേത് അവിടെ നിക്കട്ടെ...ബാക്കിയുള്ളത് നോക്...എങ്കിൽ ശെരിയേടി...ഞാൻ പോവാ...നിന്റെ പണി നടക്കട്ടെ..." ഗ്ലാസ് എന്റെ കയ്യിൽ തന്ന് ആള് പോയി...കുറച്ചു നേരം എന്തൊക്കെയോ ആലോചിച് ഞാനും പണിയിലേക്ക് തിരിഞ്ഞു... രാവിലതെക്കുള്ള ദോശയും ചമ്മന്തിയും ഉണ്ടാക്കി... ഇതിനിടയിൽ പാൽ ഓരോ കുപ്പിയിലാക്കി മാറ്റി വെച്ചു... ഉച്ചക്കതെക്കുള്ള ചോറ് ആയി.. കറിക്കുള്ള പച്ചക്കറി അരിയുമ്പോഴാണ് അമ്മ വന്നത്.. പിന്നെ അടുക്കള അമ്മയെ ഏൽപ്പിച്ചു ബാക്കി പണികളിൽ മുഴങ്ങി... ഒരുവിധം എല്ലാം ഒതുക്കി കുളിയും കയിഞ്ഞ് ചായയും കുടിച് പാലും മുട്ടയും എടുത്ത് ഞാൻ ഇറങ്ങി... ഒമ്പത് മണി ആകുമ്പോ കട തുറക്കും...അപ്പോയെക്കും ഒരുവിധം ഓടി പിടിച്ചേത്തണം.. ഉടുത്ത സാരിയുടെ തലപ്പ് മുന്നിലെ ഞൊറിക്കൊപ്പം പിടിച്ചു മാറുകയയ്യിൽ പാലും മുട്ടയുമുള്ള സഞ്ചിയും പിടിച്ചു ഞാൻ ധൃതിയിൽ നടന്നു... ഏട്ടരക്കുള്ള ബസ് പോയാൽ പിന്നെ ഒമ്പതരക്കെ ഒള്ളൂ...

നടക്കുന്നതിനിടയിൽ പരിജയമുള്ളവരെ കാണുമ്പോ ഒന്ന് ചിരിച് തലയാട്ടി വേഗം നടക്കും.. സംസാരിക്കാൻ നിന്നാൽ സമയം വൈകുമല്ലോ എന്നോർക്കും... "അബൂക്ക...ഇതാട്ടൊ...ഇവിടെ വെച്ചിട്ടുണ്ടെ എടുത്തേക്കണേ..." ചായകടയിലെ ടേബിളിൽ സഞ്ചിയും വെച് വിളിച്ചു പറഞ്ഞു ഞാൻ നടന്നു... ഉൾ പ്രദേഷം കഴിഞ്ഞതും റോഡിലൂടെ നടക്കാൻ കഴിയാതെയായി... ഇത് സ്ഥിരം കാഴ്ചയാണ്...ഒന്ന് മുറിച് പോലും കടക്കാൻ പറ്റാത്ത തരത്തിൽ വണ്ടികൊണ്ട് നിറയും... ധൃതിയിൽ അതിലൂടെ കടന്ന് പോരുമ്പോ പതിവ് പോലെ ഇന്നും ആ നാലുകെട്ട് വീട്ടിലേക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല... പഴമ ഒട്ടും ഇല്ലാതെ പുതിയ മോഡലുകളോടെ നിർമിച്ച ആ നാലുകെട്ട് ഈ നാട്ടിലെ തന്നെ ഏറ്റവും വലിയ വീട് ആണ്... വീടിന്റെ മുന്നിലേക്ക് സൂക്ഷിച് നോക്കി പതിവ് പോലെ ഇന്നും നിരാശയോടെ മുഖം തിരിച്ചു... "ആമി...വേഗം വാ ബസ് ഇപ്പൊ വരും..." ബസ് സ്റ്റോപ്പിൽ നിന്നും കൈ കാണിച് മാളു വിളിച്ചപോയാണ് സ്ഥലകാല ബോധം ഉണ്ടായത്...

ആ നാലുകെട്ട് കഴിഞ്ഞിട്ട് ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കുന്നു...ഇപ്പോഴും മനസ്സ് അവിടെയാണെന്ന് മാത്രം... എത്തിയതും ബസ് വന്നു...കുറച്ചു നേരം സംസാരിച്ചപ്പോഴേക്കും സ്റ്റാൻഡ് എത്തിയിരുന്നു... തിക്കും തിരക്കിലും ഒരുവിധം പിടിച്ചിറങ്ങി മാളുവിന്റെ കയ്യും പിടിച്ചു നടന്നു "ജയലക്ഷ്മി ടെക്സ്റ്റ്‌ടൈൽസ്" ഉള്ളിലേക്ക് കടന്നാൽ പിന്നെ ഇരിക്കാൻ നേരമില്ല...നല്ല തിരക്കുള്ള കടയാണ്..ഞാനും മാളുവും ഒരു സെക്ഷനിലാണ്...എങ്കിലും നേരെ ചൊവ്വേ ഒന്ന് സംസാരിക്കാൻ പോലും നേരം കിട്ടണം എന്നുണ്ടെങ്കിൽ ഊണ് സമയം ആവണം... ഞങ്ങളെ കൂടാതെ ഒരുപാട് പേരവിടെ ഉണ്ട്...പ്രതീക്ഷിചതിനെക്കൾ കൂടുതൽ ശമ്പളവും...എന്നാലും തികയുന്നില്ല... "എടി ഒരു വീട് ശെരിയായിട്ടുണ്ട്...മക്കൾ ഒക്കെ അങ്ങ് ദുബായിലാ...ഒരു അമ്മ മാത്രം...വീട്ടിൽ നിൽക്കാൻ ഒരാളെ വേണം എന്ന അവര് പറഞ്ഞെ...എന്റെ അമ്മ ഒരുവിധം പറഞ്ഞവരെ സമ്മതിപ്പിച്ചിട്ടുണ്ട്...പറ്റുവാനേൽ നാളെ മുതൽ പോയി തുടങ്ങണം.."

ഉച്ചക്ക് ഊണ് കഴിക്കുമ്പോഴാണ് അവള് പറഞ്ഞത്...കേട്ടപ്പോൾ സന്തോഷം... "നാളെ മുതൽ തന്നെ തുടങ്ങാം...പൈസക്ക് അത്രക്കും അത്യാവശ്യമാടി...ചിന്നുവിന്റെ ഫീസും മറ്റുമായി വരുമ്പോ തന്നെ കയ്യിലുള്ളത് കഴിഞ്ഞ് കടം വാങ്ങണം...അമ്മ തയ്ച്ചും പിന്നെ പാലും മുട്ടയും വിറ്റുമാണ് വീട്ടിലെ ചിലവ് ഒന്ന് കഴിഞ്ഞ് പോണേ...പറ്റുന്ന പോലെ ഇതും കൂടെ ചെയ്‌താൽ കടം ഒകെ ഒന്ന് വീട്ടാം..." സന്തോഷവും സങ്കടവും കലർത്തി ഞാൻ പറഞ്ഞു... "അറിയാമെടി നിന്റെ ബുദ്ധിമുട്ട്..അതുകൊണ്ടാ അമ്മ അത്രയും പറഞ്ഞവരെ സമ്മതിപ്പിച്ചത്..." "അമ്മയെയും മുത്തശ്ശിയോടും എന്തെങ്കിലുമൊക്കെ നുണ പറഞ്ഞു രാവിലെ ഇറങ്ങി പോരാം..പക്ഷെ അഭിയെട്ടൻ എങ്ങാനും അറിയോ എന്നാ പേടി..ആളോട് ചോദിക്കാതെ ഒന്നും ചെയ്തിട്ടില്ലേന്ന് നിനക്കറിയാലോ... വേലക്കാരിയായുള്ള ജോലി ആണെന്ന് കൂടെ അറിഞ്ഞാൽ എന്നെ കൊല്ലും...പിടിക്കുവോളം പോവാന്നെ..." മനസ്സിൽ പേടി ഉണ്ടേലും കഷ്ട്ടപാട് ആലോചിച് ധൈര്യം സംഭരിച്ചു...

വൈകീട്ട് ചിന്നുവിനുള്ള പൈസയും ഇട്ട് കൊടുത്ത് വീട്ടിലേക്ക് അത്യാവശ്യം വേണ്ട സാധനവും വാങ്ങി ബസ് കയറി... ബസ് ഇറങ്ങി തിരികെയുള്ള യാത്രയിലും കണ്ണുകൾ ആ വീട്ടിൽ എന്തിനോ വേണ്ടി തിരഞ്ഞു കൊണ്ടിരുന്നു... അബൂക്കടെ ചായകടയിൽ നിന്ന് കുപ്പിയും മൂന്ന് സമൂസയും രണ്ട് പരിപ്പ് വടയും വാങ്ങി... പരിപ്പ് വടയോട് വല്ലാത്ത ഇഷ്ട്ടമാണ്...വീട്ടിൽ മിക്ക ദിവസവും അതാണ്...വൈകീട്ട് അതുമതിയെന്ന് ആദ്യമേ തന്നെപറയും...ഇടക്ക് അമ്മയെ ബുദ്ധിമുട്ടികേണ്ടന്ന് കരുതി ഇവിടുന്ന് വാങ്ങികൊണ്ട് പോകും... പൊതിഞ്ഞെടുത്തതും സഞ്ചിയിൽ ഇട്ട് നടന്നു... എത്ര പെട്ടന്നാണ് ഓരോ ദിവസവും കയിഞ്ഞ് പോകുന്നത്... വീട്ടിലെതിയപ്പോ അമ്മ തൈക്കുകയായിരുന്നു...ബാഗ് ടേബിളിൽ വെച് പാത്രമെടുത്ത് കഴുകി വെച് ഒരു കൂട്ട് ചുരിദാർ എടുത്ത് കുളിക്കാൻ കയറി...

കുളി കയിഞ്ഞ് വന്നിട്ടും അമ്മ തൈക്കുക തന്നെയായിരുന്നു... "കൊച്ചേ...ഈ ചുരിദാർ ഒന്ന് ഇട്ട് നോക്കിയേ...പാകമാണോ എന്ന്.." കത്രിക വെച് നൂല് മുറിച് എന്റെ കയ്യിൽ കൊണ്ടന്ന് തന്നു... "അമ്മ തൈചതല്ലേ എനിക്ക് പാകമാവും..." സഞ്ചിയിൽ നിന്നും പൊതിഎടുത്ത് പാത്രത്തിലോട്ടിട്ട് ചായയും എടുത്ത് വന്നിരുന്നു കുടിച്ചു... "ആമിയേച്ചി..." വാതിൽ പടിക്കൽ നിന്നുമുള്ള ശബ്ദം കേട്ടപ്പോ തന്നെ ആരാണെന്ന് മനസ്സിലായി... വൈകീട്ട് കട വിട്ടു വന്നാൽ ട്യൂഷൻ എടുക്കാറുണ്ട്...ആറര മുതൽ ഏഴര വരെ..ഇന്നലെ നേരം വൈകി എത്തിയത് കൊണ്ട് നടന്നില്ല... ചില ദിവസം വല്ലാത്ത ക്ഷീണമാണ്..കട കയിഞ്ഞ് ഒന്ന് ഇരിക്കുമ്പോഴേക്കും കുട്ടികൾ വരും.. അമ്മ സങ്കടത്തോടെ എന്റെ മുഖത്തേക്ക് നോക്കി... ഞാനൊന്ന് പുഞ്ചിരിച്ച് അവർക്ക് ക്ലാസ്സ്‌ എടുത്തു... ഇതിൽ നിന്നും വലിയ വരുമാനം ഒന്നുമില്ലേലും ചെറിയ കാര്യങ്ങളൊക്കെ നടന്നു പോകുന്നുണ്ട്...

അവരും പോയികയിഞ്ഞ് വേഗം അത്തായം കഴിച് ഞാൻ കിടന്നു..അത്രയും ക്ഷീണം ഉണ്ടായിരുന്നു... പിറ്റേന്ന് പതിവ് പോലെ നേരത്തെ എണീറ്റ് എല്ലാം ഒതുക്കി... "അമ്മേ...ഇനിമുതൽ ഏഴു മണി ആകുമ്പോഴേക്കും എനിക്കിറങ്ങണം.." "നീയിതെങ്ങോട്ടാ കൊച്ചേ ഇത്ര നേരത്തെ..." "അതമ്മേ...അമ്മക്ക് അറിയില്ലേ മാളു...ഞങ്ങൾ രണ്ട് പേരും ഒരു സെക്ഷനിലല്ലേ...കടയിലെ ചെല കാര്യങ്ങളോക്കെ നോക്കാനും ചെയ്യാനും ഞങ്ങളെയാ ഏൽപ്പിചേക്കുന്നെ... അതുകൊണ്ടന്നെ ഇനിമുതൽ നേരത്തെ ഇറങ്ങണം..." "രാവിലെ അങ്ങോട്ടു പോയാൽ വന്നു കേറാൻ ഒരു നേരാവും...വന്നാലും കുട്ട്യോളെ പഠിപ്പിക്കലായി ഒരു ഒഴിവ് ഇല്ലാണ്ട് ആയിരിക്ണു നിനക്ക്...ഇനി ഇതും കൂടെ...അതിനൊന്നും പറ്റില്ല എന്ന് പറഞ്ഞുടായിരുന്നോ...വേറെയും സ്റ്റാഫ്‌ ഇല്ലേ അവിടെ..." "അതൊന്നും പറഞ്ഞാൽ പറ്റില്ലമ്മേ..നമ്മുക്കുള്ള അന്നം തരുന്നവരല്ലേ...

എങ്ങനെയാ ധിക്കരിക്കാ..." അത്രയേ പറഞ്ഞോളു...ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിഞ്ഞിട്ടാണോ അമ്മ പതുക്കെ ഒന്ന് മൂളി.. ഏഴ് മണി ആയപ്പോഴേക്കും വേണ്ടതെല്ലാം പാത്രതിലാക്കി കുളിച് എന്നും ഇറങ്ങുന്ന പോലെ സാരിയൊക്കെ ഉടുത് ഇറങ്ങി... ധൃതി പിടിച്ചു പോയത് കൊണ്ട്തന്നെ ആ നാല്കെട്ടിലേക്ക് വേഗം ഒന്ന് പാളി നോക്കി നടന്നു നീങ്ങി...ഓടി എന്ന് വേണം പറയാൻ... കിട്ടിയ ബസ്സിൽ കയറി ഇരുന്നു... മാളു തന്ന അഡ്രസും വെച് ആ വീട്ടിലെ കാളിംഗ് ബെൽ അടിക്കുമ്പോൾ പേടിയായിരുന്നു... "ഞാൻ ആമി...രാദേച്ചി പറഞ്ഞ..." "ആഹ് മനസ്സിലായി...കയറികോളു...ഒറ്റക്ക് ആയത് കൊണ്ട് നിൽക്കാൻ ഒരാളെയാ വേണ്ടിയിരുന്നെ... പക്ഷെ രാധ നിർബന്ധിച്ചതുകൊണ്ടാണ്.." "അറിയാം മാഡം...പണി ഒക്കെ ഒന്ന് പറഞ്ഞു തന്നാൽ... ഒമ്പത് മണി ആകുമ്പോഴേക്കും കാടെലും എത്തണം..അതുകൊണ്ടാ..." "അകത്തും പുറത്തുമായി വീട് വൃത്തിയാക്കിയാൽ മതി...ബ്രേക്ക്‌ഫാസ്റ്റ് ഞാൻ ഉണ്ടാക്കാരാണ്...ഉച്ചക്ക് ഓഫീസിൽ നിന്ന് കഴിക്കും...

പിന്നെ അതായതിനുള്ളത് വലിയ പണിയില്ലല്ലോ... ഞാൻ മാത്രം അല്ലെ ഒള്ളൂ..." ഒരു മുറിയിൽ പോയി ഉടുത്ത സാരി ഊരി മാറ്റി ബാഗിൽ വെച്ചിരുന്ന ചുരിദാർ എടുത്തിട്ടു... ഓരോന്നായിട്ട് തുടങ്ങി...അതിനിടയിൽ പരസ്പരം പരിജയപെടുകയും ചെയ്തു... സിന്ധുചേച്ചി...സംസാരിച്ചു വന്നപ്പോൾ ആളൊരു സാധുവാണ്.. പണിയെല്ലാം പെട്ടന്ന് ഒതുക്കി...ഇട്ട ചുരിദാർ ഒന്ന് അലക്കി ഇട്ട് ഒന്ന് കൂടെ തല നനക്കാതെ കുളിച്ചു... അയലിൽ വിരിചിട്ട് സാരി പെട്ടന്ന് ഉടുത് ചേച്ചിയോട് പറഞ് ഇറങ്ങി.. ധൃതി പിടിച്ചു ഓടി...നടക്കാവുന്ന ദൂരമേ ഉണ്ടായിരുന്നോള്ളൂ... അവിടെ എത്തിയപ്പോയേക്കും വിയർത്തിരുന്നു... തിരക്കിൽ പെട്ട് ഓരോ പണികളിൽ മുഴങ്ങി... വൈകീട്ട് വീട്ടിലേക്ക് തിരിച്ചു പോരും വഴി അബൂക്കാടെ കടയിൽ കയറി ഇരുന്നു... "അബൂക്ക...ഒരു ചായ തന്നെ..." "ഇന്നെന്ത്‌ പറ്റി കൊച്ചേ...രാവിലെ അഭിയാണല്ലോ പാല് കൊണ്ടേച്ചും തന്നത്...നീയാനേൽ ധൃതി പിടിച്ചു പകൽ ആവുന്നതിന് മുന്നേ ഓടുന്നത് കണ്ടു.." ചൂട് ചായ ചെറുതായിട്ട് ഒന്ന് ആറ്റി കയ്യിൽ വെച് തന്നു കൊണ്ട് ചോദിച്ചു... "

എന്റെ ജീവിതമേ ഒരു ഓട്ടമല്ലേ അബൂക്ക...അതിനിടയിൽ ഒന്ന് ഇരുന്നാൽ ആയി..." ഛായ ഊതി കുടിച് കൊണ്ട് ഒരു ചിരിയോടെ ഞാൻ പറഞ്ഞു... "ഒക്കെ ശെരിയായികോളും...പടച്ചോൻ ഇതൊന്നും കാണാതിരിക്കൂല..." തലയിൽ തലോടികൊണ്ട് പറഞ്ഞു...വളരെയധികം വാത്സല്യത്തോടെ... റോഡിലൂടെ പതുക്കെ നടന്നു കൊണ്ടിരിക്കുമ്പോഴാണ് പിന് വിളി കേട്ടത്... തിരിഞ്ഞ് നോക്കിയപ്പോ അഭിയേട്ടനാണ്... "ബൈക്കിന് എന്ത് പറ്റി ഏട്ടാ..." "ഒന്നും പറയണ്ട ആമി...പെട്ടന്നങ്ങു നിന്നു...വർക്ക്‌ ഷോപ്പിൽ ഏൽപ്പിച്ചു പോന്നിട്ടുണ്ട്...നാളെയാവും കിട്ടാൻ..." ഓരോന്ന് പറഞ്ഞു നടന്നു പോന്നു... ആ നാല്കെട്ടിന് മുന്നിൽ എത്തിയപ്പോ അഭിയേട്ടന് മറുപടി കൊട്ത്ത് കൊണ്ട് തന്നെ ചെറുങ്ങനെ ഒന്ന് നോക്കി... വലിയ പ്രതീക്ഷയില്ലാതെ കണ്ണ് പിന് വലിച്ചതും ഞൊടിയിടയിൽ കണ്ണ് വീണ്ടും അവിടേക്ക് തന്നെ നീങ്ങി... ആ മുറ്റത് കിടക്കുന്ന ബുള്ളറ്റ് കണ്ടതും സന്തോഷം കൊണ്ട് മനസ്സ് പെരുമ്പറയിട്ടു... കാണാൻ ആഗ്രഹിച്ചതെന്തോ കണ്ട പോലെ കണ്ണുകൾ തിളങ്ങി കൊണ്ടിരുന്നു... ആരുമറിയാതെ മനസ്സിൽ ഒളിപ്പിച്ച ആ മുഖമൊന്നു കാണാൻ നാല് പാടും കണ്ണുകൾ കൊണ്ട് തിരഞ്ഞു... കാത്തിരിക്കൂ....

Share this story