പൊഴിയും വസന്തം...💔ഭാഗം 10

pozhiyum vasantham

രചന: സിനു ഷെറിൻ

 "ഇന്നലെ വന്നു കണ്ട് ഉറപ്പിച്ച സ്ഥിതിക്ക് കല്യാണം ഇനി ഉടനെ ഉണ്ടാവോ..." "ചിന്നു ഇന്ന് പോവല്ലേ...അവളുടെ പഠിപ്പ് കഴിഞ്ഞിട്ടല്ലേ ഇനി തിരിച്ചു വരൂ...വന്നിട്ട് ഉണ്ടാവും..." രാവിലെ അഭിയെട്ടന്റെ കൂടെ മുറ്റത്തൊട്ട് ഇറങ്ങിയതാണ്... ആള് കറക്കുന്നുണ്ട്...അതിനിടയിലാണ് മാളുവിന്റെ ഫോൺ... ഇന്നലത്തെ കാര്യം അറിയാനുള്ള വിളിയാണ്... മനസ്സ് വല്ലാതെ പുകഞ് എരിയുമ്പോഴും ഇങ്ങനെ സന്തോഷം അഭിനയിക്കുന്നതും ഒരു കഴിവാണ്... ദൈവം എനിക്കത് ആവോളം തന്നിട്ടുമുണ്ട്...കുറ്റം പറയരുതല്ലോ..ഈ ക്ഷമിക്കാനും പൊറുക്കാനും കഴിവ് ഇല്ലേൽ ഞാൻ എന്നെ ആത്മഹത്യക്ക് ശ്രമിചെനെ... "അവരെ വിവരം വല്ലതും കിട്ടിയോ..." ഓരോ ആലോചനയിൽ മുഴുകി നിക്കുമ്പോഴാണ് അഭിയേട്ടൻ വിളിച്ചത്... ഉടനെ തന്നെ ഇല്ലാ എന്ന് തല കാണിച്ചു... ഒളിഞ്ഞു കേട്ടതൊന്നും ആരെയും അറിയിക്കണ്ടല്ലോ... ചായ കുടിച് നടക്കാൻ തുടങ്ങി... "എന്നും ഈ വഴിയിൽ തന്നെ നടന്നു മടുത്തു...ഇന്നും കടയിലേക്ക് പോകുന്നില്ലേന്നല്ലേ പറഞ്ഞെ..നീ വാ...നമ്മുക്ക് റോഡിലൂടെ നടക്കാം..."

ചായ വേഗം വലിച്ചു കുടിച് ഗ്ലാസ്‌ തന്നു അഭിയെട്ടൻ പറഞ്ഞു... നേരം വെളുത്തു വരുന്നേ ഒള്ളൂ... ഗ്ലാസ്‌ തിണ്ണയിൽ വെച്ച് റോഡിലൂടെ ഇറങ്ങി നടക്കാൻ തുടങ്ങി... "ചിന്നുവിനു നല്ല സങ്കടമുണ്ട്..പുറത്ത് കാണിക്കുന്നില്ലന്നെ ഒള്ളൂ...നിന്നോട് പിന്നെ വല്ലതും പറഞ്ഞോ..." അഭിയെട്ടനാണ്... അവൾക്ക് സങ്കടമുണ്ടെന്നു മറ്റാരെക്കാളും നന്നായി എനിക്കറിയാം...പക്ഷേ ഇനി അത് വേണ്ടല്ലോ...ഞാൻ ജീവനെക്കാൾ ഏറെ സ്നേഹിച്ച ദേവേട്ടനും പറഞ്ഞില്ലേ അവളെ മതിയെന്ന്... ഓർത്തപ്പോൾ വീണ്ടും സങ്കടം...കണ്ണിൽ നിന്നും അറിയാതെ ഒരു തുള്ളി അരിച്ചിറങ്ങി... "ആമി...നിന്നെ സങ്കടപെടുത്താൻ പറഞ്ഞതല്ല...എനിക്കറിയാം...ആരെക്കാളും കൂടുതൽ സങ്കടം ഈ മനസ്സിന് ആണെന്ന്..." അഭിയേട്ടൻ ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞതും സങ്കടം ഇരട്ടിയായി... അടുത്ത് നിന്ന ആളെ ഷിർട്ടിൽ പിടിച്ചു വലിച്ചു ഞാൻ ആ നെഞ്ചിലെക്ക് ചേർന്നു...

"അവര് ഇന്നലെ രാത്രി വിളിച്ചിരുന്നു അഭിയെട്ടാ...അവർക് ചിന്നുവിനെ മതി...എനിക്ക് സന്തോഷമെ ഒള്ളൂ..പക്ഷേ എന്റെ ദേവേട്ടനും പറഞ്ഞു അവളെ മതിയെന്ന്...സഹിക്കാൻ കഴിയുന്നില്ല..." തേങ്ങലോടെ ആളെ അള്ളിപിടിച്ചു കൊണ്ട് പറഞ്ഞു... ഒരു ഞെട്ടലോടോപ്പം ആള് തലയിൽ തലോടി കൊണ്ട് ആശ്വസിപ്പിച്ചു.. "പോട്ടെടി...വിട്ട് കളാ..." "വയ്യ അഭിയെട്ടാ...ഞാൻ എന്ത് ചെയ്തിട്ട ദൈവം ഇങ്ങനെ പരീക്ഷിക്കുന്നെ..." "കരച്ചിൽ നിർത് പെണ്ണെ...സഹിക്കുന്നില്ല..." ആള് വേണ്ടുവോളം സമാധാനിപ്പിക്കുന്നുണ്ട്...ആ തണലിൽ നിന്ന് അൽപ്പം ആശ്വാസം കണ്ടെത്തി ഞാനും... "അഭി...എന്താണ് രാവിലെ തന്നെ ഇവിടെ പരിപാടി..." പരിജിതമായ ശബ്ദം...ഏത് കൊടും ശബ്ദത്തിലും എനിക്ക് വിത്യാസ്ഥമായി അറിയാൻ കഴിയുന്ന ഏക ശബ്ദം... ഒരു ഞെട്ടലോടെ അഭിയേട്ടനിൽ നിന്നും വിട്ട് മാറി തലകുനിച്ചു നിന്നു...

"ഒന്നുമില്ല ദേവ്...ഞങ്ങൾ ഇങ്ങനെ നടക്കാൻ ഇറങ്ങിയഥാ..." "ആമിയല്ലേ ഇത്..." ഒരു ചോദ്യരൂപേണ ആള് ചോദിച്ചു നിർത്തിയതും ഞാൻ കലങ്ങിയ കണ്ണുകളോടെ ആ മുഖത്തേക്ക് നോക്കി... "ഐ മീൻ...ഞാൻ ഇന്നലെ വന്ന...ചിന്നുവിന്റെ ചേച്ചി..." ആൾടെ അഭിസംബോധന കെട്ട് സ്വയം പുച്ഛം തോന്നി പോയി... അണപൊട്ടി ഒഴുകാൻ കാത്ത് നിൽക്കുന്ന കണ്ണുകളെ പിടിച്ചു നിർത്തി... ഇനിയും ആൾക്ക് വേണ്ടി കരയില്ല... "അതെ...അതിന് മുന്നേ കണ്ടിട്ടില്ലേ എന്നെ..." ഓർമ്മയുണ്ടോ എന്നറിയാൻ ചോദിച്ചു... "യാ...കണ്ടിട്ടുണ്ട്...ഒന്ന് രണ്ട് തവണ..." "സർ അന്ന് നേരം വൈകി എത്തിയതിൽ പുറത്താക്കിയ രണ്ടുപേരിൽ ഹതഭാഗ്യയായ ഒരുവൾ ഞാൻ ആണ്..." വാശിയോടെയും ദയനീയതയോടെയും പറഞ്ഞു... "ആം സോറി..അത് താനായിരുന്നോ..അന്നത്തെ ദേഷ്യത്തിൽ...ഡോണ്ട് വറി..ഇന്ന് മുതൽ പോയി തുടങ്ങികോളു...ഞാൻ വിളിച്ചു പറഞ്ഞോളാം..."

ആള് നെറ്റിയിൽ കൈ വെച്ച് ഓർത്തെടുക്കാൻ ഒരു ശ്രമം നടത്തി ചമ്മലോടെ പറഞ്ഞു നിർത്തി.. ഒരിളം ചിരിയോടെ അതിന് പതിയെ തലയാട്ടി... "എന്നാ ഞങ്ങൾ നടക്കട്ടെ ദേവ്...വെളിച്ചം വന്നു തുടങ്ങി...വെറുതെ ഇരുന്നപ്പോ ഇറങ്ങി എന്നെ ഒള്ളൂ...നീ എന്നും ഇതിലൂടെ ആണോ ജോഗിങ്ങിന് പോകാറുളേ..." "ഇല്ലടാ...വേറെ റൂട്ട് ആണ്..ഇന്ന് ഇതിലൂടെ വന്നപ്പോഴല്ലേ പലതും കാണാൻ കഴിഞ്ഞേ..." ആളൊരു കള്ള ചിരിയോടെ പറഞ്ഞു നിർത്തി...അറിയാതെ ആണേലും തെറ്റ് ധരിച്ചത് ഓർത്ത് സങ്കടം തോന്നി... അങ്ങനെ അല്ലെന്ന് പറയാൻ വേണ്ടി വാ തുറക്കാൻ നിന്നപ്പോഴേക്കും അതിന് ശെരി വെക്കുന്ന രീതിയിൽ അഭിയെട്ടൻ എന്നെ ആളെ നെഞ്ചിലെക്ക് ചേർത്ത് നിർത്തിയിരുന്നു... ഒരു ഞെട്ടലോടെ ഞാൻ ആളെ മുഖത്തേക്ക് നോക്കി... "നോക്കി പേടിപ്പിക്കല്ലേടി...അറിയാതെ ആണേലും അവന്റെ മുന്നിൽ നിന്നെ തോൽപ്പിക്കാൻ തോന്നിയില്ല..."

ആളൊരു പുഞ്ചിരിയോടെ പറഞ്ഞു നടന്നു... അതെ ചിരിയോടെ ഞാനും ആ കൈകൾ തോളിൽ നിന്ന് എടുപ്പിക്കാതെ ആ കരവലയതിനുള്ളിലൂടെ നടന്നു... ഒപ്പം കടയിൽ നിന്നും പുറത്താക്കാനുള്ള കാരണവും വിശദീകരിച്ചു പറഞ്ഞു... "ഇന്ന് എവിടെ എല്ലാം കറങ്ങി..." ചിന്നുവാണ്... ഞങ്ങൾ വീട്ട് പടിക്കൽ എത്തിയപ്പോ മുന്നിൽ തന്നെയുണ്ട് കക്ഷി... മുറ്റം അടിച്ചു വരാനുള്ള പരിപാടിയിലാണ്... "ഒന്നും പറയണ്ടെടി...അബൂക്കാടെ ചായകടയിൽ നിന്ന് ഫ്ലൈറ്റ് കയറി ദുബായ് ഒന്ന് ചുറ്റി കണ്ട് അതെ ഫ്ലൈറ്റ് റിട്ടേൺ എടുത്തപ്പോ തിരിച്ചു പോരുന്ന വഴിയാ...നീ നല്ല ഉറക്കം ആയതോണ്ട് നിന്നെ വിളിക്കാൻ പറ്റിയില്ല..." "ഹഹഹ...ഞാൻ ചിരിച്ചു മരിച്ചു...രാവിലെ തന്നെ ഓരോ അവിഞ്ഞ കോമഡിയും കൊണ്ട് ഇറങ്ങിയിരിക്കാ..." അഭിയേട്ടന്റെ അതെ ടോണിൽ തിരിച്ചു മറുപടി കൊടുത്ത് അവൾ മുറ്റം അടിക്കാൻ തുടങ്ങി...

ഒരു ചിരിയോടെ അഭിയെട്ടനോട് യാത്ര പറഞ് ഞാൻ അകത്തേക്കും... അരച്ച് വെച്ച ഉഴുന്ന് മാവ് എടുത്ത് ദോശ ഓരോന്നായി ചുട്ടു എടുത്തു... കറിക്കായി തേങ്ങ ചിരകിഎടുത്തു ധൃതിയിൽ ഒരു ചമ്മന്തി ഉണ്ടാക്കി... കൂടെ തന്നെ മറ്റേ അടുപ്പിൽ പയർ ഉപ്പേരി ഉണ്ടാക്കി മാറ്റിവെച്ചു... അപ്പോയെക്കും അമ്മ വന്നിരുന്നു... ഒരു വല്ലാത്ത തിളക്കം ആ മുഖതുണ്ട്... ഒന്നും ചോദികേണ്ടി വന്നില്ല...അമ്മ അതിനു മുന്നേ തന്നെ എല്ലാം പറഞ്ഞു... അമ്മക്കറിയില്ലല്ലോ വർഷങ്ങളായി ഈ മോള് മനസ്സിൽ കൊണ്ട് നടക്കുന്നതും സ്വപ്നം കാണുന്നതും അങ്ങേരെ ആണെന്ന്... എല്ലാം ചെറു ചിരിയോടെ മൂളി കേട്ടു... കടയിൽ എത്തേണ്ടതല്ലേ...വേഗം കുളിച് സാരി എടുത്ത് ഇറങ്ങി... ചിന്നു എന്നെ കാത്ത് നിൽപ്പുണ്ട്...എന്റെ കൂടെ ബസിൽ ടൗണിൽ വന്നിറങ്ങി അവിടെന്ന് വേറൊരു ബസ് പിടിച് പോയാൽ നേരെ അവളുടെ സ്റ്റോപ്പിൽ പോയി ഇറങ്ങാം...

വന്നതിനേക്കാൾ കൂടുതൽ ബാഗുണ്ട്...അമ്മയുടെ വകയായി പലഹാരങ്ങളും അച്ചാറും മറ്റുമാണ് അതിൽ കൂടുതലും.. ഒരുകയ്യിൽ പാലും മുട്ടയും നിറച്ച സഞ്ചിയും മറുകയ്യിൽ അവളെ കയ്യിൽനിന്നും ഒരുബാഗും വാങ്ങി നടന്നു... കൂടെ അവളും... പതിവിലും കൂടുതൽ തിളക്കം ആ മുഖത്തുണ്ട്... അമ്മ എല്ലാം പറഞ്ഞു കാണണം... "ഇനി വരുമ്പോ dr.ചിന്മയി ആയിട്ടായിരിക്കും വരവ്..അല്ലേടി.." അഭിനത്തോടെയും അതിലുപരി സ്നേഹത്തോടെയും ഞാൻ പറഞ്ഞു... ഒരു തെളിച്ചമുള്ള ചിരി തന്നു കൊണ്ട് അവളും നടന്നു... ബസ് സ്റ്റോപ്പിൽ മാളു നിൽപ്പുണ്ടായിരുന്നു... ഇന്ന് കടയിൽ വരാൻ പറഞ്ഞ കാര്യം ഞാനവളെ വിളിച്ചു അറിയിച്ചിരുന്നു... ദേവേട്ടൻ നേരിട്ട് അവളെ വിളിക്കാതെ സങ്കടം ഉണ്ടെങ്കിലും ജോലിക്ക് ഇപ്പൊ അത്യാവശ്യം ഉള്ളത്കൊണ്ട് പോന്നതാണ്... മുഖവും വീർപ്പിച്ചു ഇപ്പോഴും പരിഭവത്തിൽ നിൽക്കുന്ന അവളെ കണ്ട് ചിരി വന്നു പോയി... ഞങ്ങൾ എത്തിയതും ബസ് വന്നതും പിന്നെ കൂടുതൽ സംസാരത്തിന് നിൽക്കാതെ ടൗണിൽ വന്നിറങ്ങി... അപ്പടി തിരക്കാണ്...ചെല തള്ളമാരെ വിചാരം ബസും റോഡും അവരെ വകയാണെന്നാ...

ആദ്യമായിട്ട് ആയത് കൊണ്ടാവും ചിന്നു നിന്ന് പിറുപിറുക്കുന്നുണ്ട്... "ഇനി ഇങ്ങോട്ട് പോരുമ്പോ ടാക്സി വിളിച്ചു പോന്നാ മതി...ബസിലൊന്നും കയറി ശീലം ഇല്ലാത്തതല്ലേ നിനക്ക്.." മറു ബസിൽ കയറ്റി കൊടുക്കുന്നതിനിടെ അവളെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.. "അതെങ്ങനെ ശെരിയാവും...എന്നും ഈ ബസിൽ പോയല്ലേ നീ എന്നെ പഠിപ്പിച്ച് ഈ നിലയിൽ എത്തിച്ചേ...അപ്പൊ ഞാൻ കയറിയെന്ന് കരുതി എന്താ പ്രശ്നം...പിന്നെ ചില സ്ത്രീകളെ സ്വഭാവം കൊണ്ട് ഞാൻ പലതും പറഞ്ഞെന്നിരിക്കും...നിന്റെ പോലെ വിശാലമായ മനസ്സോന്നും നമ്മക്കില്ലേ..." തിരിച്ചു മറുപടി പറഞ് കവിളിലൊന്നു അമർത്തി നുള്ളികൊണ്ട് അവൾ സീറ്റിൽ പോയിരുന്നു... അവൾ പോകുന്ന വരെ നോക്കി നിന്ന് ഞാനും മാളുവും ധൃതിയിൽ കടയിലേക്ക് ചെന്നു... പ്രതീക്ഷിക്കാതെ പെട്ടന്ന് കണ്ട ഞെട്ടലിലാണ് എല്ലാവരും... ഗീതേച്ചിയോട് കാര്യം പറഞ്ഞു...

പക്ഷേ ആള് ഇതുവരെ ഞങ്ങളെ കാര്യം പറഞ് കടയിലെ ആർക്കും വിളിച്ചിട്ടില്ല... പെട്ടന്ന് കേട്ടപ്പോ ആകെ തകർന്ന് പോയി... സംഭവങ്ങൾ എല്ലാം ഞാൻ വിശദീകരിച്ചു... പക്ഷേ ഫലമുണ്ടായില്ല... "ആള് തിരക്കിൽ പെട്ട് വിളിക്കാൻ മറന്നത് ആവും...എന്നോട് ഇന്ന് വരാൻ പറഞ്ഞതാ ചേച്ചി..." "അങ്ങനെ ആയിരിക്കാം...എനിക്കും നിങ്ങൾ ഇവിടെ വേണം എന്ന് തന്നെയാ..പക്ഷേ അർജുൻ സർന്റെ മൂഡ് എപ്പോഴാ മാറുന്നെ എന്ന് പറയാൻ കഴിയില്ല...കുറച്ചു ദിവസം മുന്നേയുള്ള ദേഷ്യം നിങ്ങൾ കണ്ടതല്ലേ...സർ ആണേൽ ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല..." "ഇത് വല്ലാത്ത ചെയ്ത് ആയല്ലോ ഈശ്വരാ...നിന്നോട് ദേവേട്ടൻ ശെരിക്കും ഇന്ന് കടയിലേക്ക് വരാൻ പറഞ്ഞതാനോ...അതോ നീ വല്ല സ്വപ്നവും കണ്ടതാണോ..." "അല്ല മാളു...നീ വേണേൽ അഭിയെട്ടനോട്‌ ചോദിച്ചു നോക്.. ആളും ഉണ്ടായിരുന്നു എന്റെ കൂടെ..." പരിഭ്രമത്തോടെ ഞാൻ പറഞ്ഞു...

ഗീതേച്ചി വീണ്ടും വീണ്ടും വിളിച്ചു നോക്കുന്നുണ്ട്...ആള് ബിസി ആക്കാണ്... പിന്നെ പേടിച് ഗീതേച്ചി വിളിച്ചു നോക്കാൻ നിന്നില്ല... ആകെ കൂടി ഒരു പരവേഷം... നാണം കേട്ട പോലെ ഒരു തോന്നൽ.. മാളുവും ഞാനും അതെ പടി പുറത്തൊട്ടിറങ്ങി... ഒരു നിശ്ചയവുമില്ലാതെ ബസ് സ്റ്റോപ്പിൽ ചെന്ന് തിരിച്ചുള്ള ബസിൽ കയറി ഇരുന്നു... "എന്നാലും ഇത് വല്ലാത്ത പണി ആയിപോയി...ദേവേട്ടനൊന്നു വിളിച്ചു പറഞ്ഞൂടെ...അയാൾക്ക് മാത്രം ആണോ നമ്മളെ സമയത്തിനൊന്നും ഒരു വിലയുമില്ലേ..ഇനി ഞാൻ ഈ കടയിലേക്ക് ഇല്ലാ..ഇച്ചിരി ശമ്പളം കുറഞ്ഞാലും വേണ്ടില്ല വേറെ വല്ല ജോലിയും ഉണ്ടോന്ന് നോക്കട്ടെ..." ദേഷ്യം കൊണ്ടവൾ ഓരോന്ന് പറഞ്ഞു.. എനിക്ക് അതിനും കഴിയില്ലായിരുന്നു...വിചാരിച്ചതിനെക്കാൾ ഇച്ചിരി കൂടുതൽ ശമ്പളം കിട്ടുന്നത് ഈ ജോലിയിലാണ്...ഇത് പോയാൽ....

നെടുവീർപ്പിട്ട് ഓരോന്ന് ചിന്തിച് ഇരിക്കുമ്പോഴാണ് ദൈവം കാണിച്ചേന്ന പോലെ ട്രാഫികിൽ ദേവേട്ടന്റെ കാർ കണ്ടത്... തെല്ലു ആശ്വാസത്തോടെ മാളുവിനെ തോണ്ടി ഞാൻ അവൾക്കത് കാണിച് കൊടുത്തു... ഒരുതരം പുച്ഛത്തോടെ ഒന്ന് നോക്കി അവൾ വേറേങ്ങോ നോക്കി കൊണ്ടിരുന്നു... "എടി ദേവേട്ടൻ...നമ്മുക്ക് ഒന്ന് ചെന്ന് കണ്ടാലോ..." "നീ ഒന്ന് മിണ്ടാതെ ഇരുന്നേ...അങ്ങേർക്ക് ഇച്ചിരി ഫേമസ് ആയതിന്റെ അഹങ്കാരമാണ്...ലോകത്ത് അയാളെ കട മാത്രം ഒന്നുമല്ലല്ലോ ഉള്ളെ...ഇനി നിനക്ക് നിന്റെ ചിന്നുവിന്റെ ചെക്കനാണല്ലോ എന്ന സിമ്പതി ഉണ്ടേൽ നീ ചെന്ന് കാണ്..എനിക്ക് സൗകര്യം ഇല്ലെന്ന് പറഞ്ഞേക്ക്..." ദേഷ്യത്തോടെ പറഞവൾ വേറെങ്ങോട്ടൊ നോക്കി ഇരുന്നതും ഏതോ അവസ്ഥയിൽ ഞാൻ സീറ്റിൽ നിന്നെനീറ്റ് വേഗം ബസിൽ നിന്നിറങ്ങി ഓടി... സാരി ഉടുത്തകാരണം വിചാരിച്ച പോലെ ഓടാൻ കഴിയുന്നുണ്ടായിരുന്നില്ല...

ഞാൻ അവിടെ എത്തിയതും കാർ എടുത്ത് ദേവേട്ടൻ പോയതും ഒപ്പമായിരുന്നു... എന്തൊരു വിധിയാണ് ഈശ്വര... ഇനിയും പരീക്ഷിക്കല്ലേ...!! പിറകെ വന്നൊരു ഓട്ടോ പിടിച്ചു ദേവേട്ടന്റെ കാറിന് പിറകെ പോകാൻ പറഞ്ഞു... ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കാർ നിർത്തി ആള് അകത്തേക്ക് കയറി പോകുന്നത് ഓട്ടോയിൽ ഇരുന്നു കൊണ്ട് തന്നെ കണ്ടു... ഞാൻ അവിടെ എത്തി കാശ് കൊടുത്തു ഉള്ളിലേക്ക് കടന്നപ്പോഴേക്കും ആളെ കാണാനില്ല... ഇതുവരെ ഇല്ലാതിരുന്നൊരു ഭയം പെട്ടന്ന് പിടികൂടി... ആ വലിയ ഹാളിൽ ഞാൻ തനിച്ചായ പോലെ തോന്നി... ചുറ്റും നിൽക്കുന്നവരിൽ ഒരു പരിച്ചിതർ പോലുമില്ല... എന്തൊക്കെയാ ചെയ്യുന്നത് എന്നൊരു നിശ്ചയവും എനിക്കില്ലായിരുന്നു... ഇത്രയും നേരം വേറൊരു ലോകത്ത് ആയിരുന്നു... എന്ത് ധൈര്യതിലാ ഇത്രയും ദൂരം ആൾടെ പിറകെ പൊന്നെ... അറിയില്ല...!!

ഒന്ന് ഒഴിച്...ഈ മനസ്സിൽ അങ്ങേര്ക്കുള്ള സ്ഥാനം ഞാൻ വിചാരിച്ചതിനെക്കാൾ മുകളിലാണ്... പേടിക്കരുതെന്ന് സ്വയം പറഞ്ഞു പഠിപ്പിച്ചു ഞാൻ അവിടെ നിൽക്കുന്ന പെൺകുട്ടിയുടെ അടുത്തേക്ക് നടന്നു... "ഇപ്പൊ പോയില്ലേ അർജുൻ ദേവ്..ആൾടെ റൂം നമ്പർ.." പേടിയും പരിഭവവും പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു... "അർജുൻ സർ ആണോ...റൂം നമ്പർ 301 ആണ്...തേർഡ് ഫ്ലോർ..." പെട്ടന്ന് തന്നെ മറുപടി കിട്ടിയതും ഒന്ന് തലയാട്ടി ഞാൻ പതുക്കെ നടന്നു... നെറ്റിയിലൂടെ ഒഴുകുന്ന വിയർപ്പ് തുള്ളികൾ സാരി തലപ് കൊണ്ട് ഒപ്പി എടുത്ത് സ്റ്റൈർ കയറാൻ തുടങ്ങി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story