പൊഴിയും വസന്തം...💔ഭാഗം 15

pozhiyum vasantham

രചന: സിനു ഷെറിൻ

"അമ്മ എന്ത് പറഞ്ഞു..." "ഞാൻ എന്ത് പറയാനാ കൊച്ചെ...നിന്റെ ഇഷ്ടമല്ലേ...പിന്നെ നമ്മുക്ക് പറ്റിയ ബന്ധം ആണെന്ന് തോന്നുന്നില്ല...അച്ഛൻ ആരാ എന്നറിയില്ല...താമസം ഒരു കോളനിയിലും..കേട്ടപ്പോ തന്നെ എനിക്ക് മതിയായി...നിനക്ക് വേറൊരു കല്യാണം പറയുന്നുണ്ടെന്ന് പറഞ്ഞു..." ഇച്ചിരി കൂടെ ചോറ് എന്റെ പ്ലേറ്റിലേക്ക് വിളമ്പി കൊണ്ട് അമ്മ പറഞ്ഞു... "മതി അമ്മേ..ഇനി വിളമ്പല്ലെ...ഇത് തന്നെ കഴിഞ്ഞിട്ടില്ല..." "മരിയാതക്ക് ഭക്ഷണം കഴിക്കാഞ്ഞിട്ടാ നീ ദിനം ചെല്ലും തോറും ക്ഷീണിച് വരുന്നത്...ആളുകളൊക്കെ ഓരോന്ന് പറയാൻ തുടങ്ങി..." "എന്ത് പറയാൻ തുടങ്ങിഎന്നാ അമ്മ പറയുന്നേ..." "അനിയത്തിയുടെ കല്യാണം ശെരിയായ ടെൻഷൻ ആണ് നിനക്കെന്ന്..." "നാട്ടുകാരെ വാ അടപ്പിക്കാൻ നമ്മുക്ക് പറ്റില്ലല്ലോ അമ്മേ...ഒരു നേരത്തെ ചിലവ് പോലും അവര് ആരും തരുന്നില്ലല്ലോ...ഇവിടെ അടുപ്പ് പുകയനേൽ ഈ ആമി തന്നെ പോണ്ടേ..." "നിന്നെ സങ്കടപെടുത്താൻ പറഞ്ഞതല്ല കൊച്ചെ...ചിലരോടുള്ള ദേഷ്യം കൊണ്ട് പറഞ്ഞതാ...നീ പറഞ്ഞ പോലെ അവരെ വാ അടപ്പിക്കാൻ നമ്മളെ കൊണ്ട് കഴിയില്ലല്ലോ..."

"നോക്ക് അമ്മേ...എന്തിനാ ദേഷ്യം... അവരുടെ വിവരമില്ലായ്മ കൊണ്ട് അവര് ഓരോന്ന് പറയുന്നു...എല്ലാവരും നമ്മളെ പോലെ ആവണം എന്ന് വാശി പിടിക്കാൻ പറ്റോ... ഓരോ ആളുകളും വിത്യസ്ത സ്വഭാവക്കാരല്ലെ...ഒരു ചെവി കേട്ടത് മറു ചെവി കേട്ടില്ലേന്ന് വിജാരിച്ച മതി..." "ഒരുപാട് കേട്ടില്ലേന്ന് നടിച്ചു കൊച്ചെ..ഇനി വയ്യാ...എപ്പോയെങ്കിലും ഒന്ന് പ്രതികരിക്കണ്ടേ...പിന്നെ വിനീതിന്റെ വീട്ടുകാരോട് നിന്റെ കല്യാണം നിശ്ചയിചെന്ന് പറഞ്ഞത് വെറുതെയല്ല...ഇല്ലിക്കലെ കുടുംബത്തിൽ പെട്ട ഒരു കൊച്ചനുവേണ്ടി നിന്നെ ചോദിച്ചിട്ടുണ്ട് അവര്..." "എന്തിനാ അമ്മേ...എനിക്ക് താൽപ്പര്യമില്ല..." "മുടക്ക് പറയല്ലേ കൊച്ചെ..അമ്മ സമ്മതം പറഞ് പോയി...നിന്നെയും ചിന്നുവിനെയും ഒരു കുടുംബത്തിലേക്കെന്നെ അപ്പൊ അമ്മ ആലോചിചൊള്ളൂ...അവര് ചിന്നുവിന്റെ ജാതകം കൊണ്ട് പോയ കൂട്ടത്തിൽ നിന്റെത് കൂടെ കൊണ്ട് പോയിട്ടുണ്ട്..."

കേട്ടപ്പോൾ ഒരു ഞെട്ടലായിരുന്നു...ഇത്രയൊക്കെ സംഭവിച്ചിട്ടും ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ... മുടക്ക് പറയുമെന്ന് കരുതി കാണും... പിന്നീട് സംസാരം ഒന്നുമുണ്ടായില്ല... അല്ലെങ്കിലും ഞാൻ ആഗ്രഹിക്കുന്നരീതിയിലാണോ എന്റെ ജീവിതം പോകുന്നെ... ഓരോന്ന് ആലോചിച് ചിന്നുവിന് വിളിച്ചു...അവളും ഈ കാര്യം മുന്നേ അറിഞ്ഞിട്ടുണ്ട്... എന്നോട് മിണ്ടാത്തതിന് കണക്കിന് കൊടുത്തു ഞാൻ...അവൾക്ക് ചിരിയാണ്..സന്തോഷമാണ്...ഒരു കുടുംബത്തിലെക്കാണെന്ന ആനന്ദമാണ്... പിറ്റേന്ന് കടയിൽ കേറി ചെന്നതെ ഭയങ്കര ചർച്ചയായിരുന്നു... ഇല്ലിക്കൽ ഫാമിലി നടത്തുന്ന ആ വലിയ ഫൺഷണ് ഇത് വരെ കഴിഞ്ഞിട്ടില്ല... ഓരോ ഒഴിവ് കേട് പറഞ് നീണ്ടു പോയി... എന്നാ അടുത്ത ആഴ്ചയിലേക്ക് ഡേറ്റ് തീരുമാനിച്ചിട്ടുണ്ട്...അതിന്റെ ചർച്ചയാണ് ഇവിടെ... ഇടുന്ന ഹീൽ മുതൽ ലിപ്സ്റ്റിക്ക് വരെ ചർച്ച വിഷയമാണ്...

ഒന്നിലും ചേരാതെ മാറി നിന്നു...റൂമിലെ അലമാര തുറക്കുമ്പോ തന്നെ അന്നേടുത്ത സാരി കാണുമ്പോ സങ്കടമാണ്... ആ പണം ഉണ്ടായിരുന്നേൽ എത്ര കാര്യങ്ങൾ കഴിഞ്ഞു പോയിരുന്നു... ഇത് ഇന്ന് നാളെ എന്ന് പറഞ് കുറെയായി... ദിവസങ്ങൾ കടന്നു പോയി...പരിപാടി ഇങ് അടുത്തെത്തി...കടയിലെതിയ അതിന്റെ ചർച്ച...വീട്ടിലെതിയ കല്യാണചർച്ച...രണ്ടിലും വലിയ ഇടപെടൽ നടത്താതെ പോയിക്കോണ്ടിരുന്നു... ഒരിക്കെ വൈകുന്നേരം വീട്ടിലെത്തിയപ്പോ ഉമ്മറത്തു തന്നെ ചിന്നു ഉണ്ടായിരുന്നു... പ്രതീക്ഷിക്കാതെ പെട്ടന്ന് കണ്ട ഞെട്ടൽ ആയിരുന്നു ആദ്യം... എന്നത്തേക്കാളും വേഗത്തിൽ നടന്നടുത്തെത്തി... "നീയെന്താ മുന്നറിയിപ്പില്ലാതെ...വിളിച്ചപ്പോ വരുന്ന കാര്യമോന്നും പറഞ്ഞില്ലല്ലോ..." തലയിൽ തലോടി കൊണ്ട് ചോദിച്ചു...തിരിച്ചൊന്നു ചിരിച് തന്നു കയ്യിൽ നിന്ന് ബാഗും വാങ്ങി നടന്നു...

അകത്തേക്ക് കടന്നപ്പോ ഹാളിൽ അബിയെട്ടനും അച്ഛനും സുലുവെച്ചിയും എല്ലാവരുമുണ്ടായിരുന്നു... കൊടിയ ചർച്ചയിലായിരുന്നു...എന്നെ കണ്ടതും നിശബ്ദമായി...സന്തോഷത്തിലുള്ള ചർച്ചയല്ലേന്ന് മുഖം കണ്ടപ്പോ തന്നെ മനസ്സിലായി... എന്തെന്ന മട്ടിൽ എല്ലാവരെയും മാറി മാറി നോക്കി... "ന്താ ല്ലാരും കൂടി ചർച്ച..." തുടക്കമിട്ടു...ആരും ഒന്നും മിണ്ടുന്നില്ല... ചിന്നുവിനെ നോക്കിയപ്പോ അവളൊരു മൂലയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്... "എന്താ അമ്മേ..." "ഞാനും ആമിയും ഒന്ന് നടന്നിട്ട് വരാം...വാ ആമി..." അഭിയേട്ടൻ എണീറ്റ് മുന്നിൽ നടന്നു...ഒന്നും മനസ്സിലാകാതെ എല്ലാവരെയും ഒന്ന് നോക്കി പിറകെ ഞാനും... റോഡിൽ നിന്നും കുറച്ചു നടന്നാൽ ഇടത്തോട്ട് ഒരു വഴിയുണ്ട്...അതിലൂടെ ഇറങ്ങി നടന്നാൽ മനോഹരമായൊരു സ്ഥലതെത്തും... ഞാനും ചിന്നുവും അഭിയേട്ടനുമെല്ലാം ഒഴിവ് കിട്ടുമ്പോ പലപ്പോഴും അവിടെ ചെന്ന് ഇരിക്കാറുണ്ട്... ആള് വീതി കൂടിയ ഒരു കല്ലിൽ സ്ഥാനം പിടിച്ചു... ഒന്നും മിണ്ടാതെ ആളെയും നോക്കി തൊട്ടടുത്ത് ഞാനും നിന്നു...

"അഭിയെട്ടാ..." അറിയാനുള്ള വേവലാതിയിൽ പതിയെ വിളിച്ചു നോക്കി... "പറയാം..." പിന്നെയും മൗനം...ക്ഷമകെട്ട് ആദ്യമായി ഞാൻ നിന്നു... "ആമി...ചിന്നുവിന്റെ കല്യാണം മുടങ്ങി..." "എന്താ..." കേട്ടിട്ടും വിശ്വാസം വരാതെ ഞാൻ ചോദിച്ചു "അതെ പെണ്ണെ...അവരിന്നലെ വിളിച്ചിരുന്നു ചിന്നുവിനെ കാണണം എന്നും പറഞ്...അതാ അവളിന്ന് പോന്നത്...അവരിന്ന് വന്നിരുന്നു...കാര്യങ്ങൾ എല്ലാം പറയാൻ..." "ഇതാണോ അവരെന്നിൽ നിന്നും മറച്ചത്...ഇന്നലെ അറിഞ്ഞിട്ടുണ്ടേൽ അമ്മയൊ മുത്തശ്ശിയോ ഒരു വാക്ക് എന്നോട് മിണ്ടിയില്ലല്ലോ..." "നിന്നെ ടെൻഷൻ അടിപ്പിക്കേണ്ടന്ന് കരുതി ആവും..." "ടെൻഷനോ...അല്ലെലോ ഇതെല്ലാം താങ്ങാൻ അവസാനം ഞാൻ തന്നെ വേണ്ടേ...എന്നാലും എന്റിശ്വരാ എന്റെ കൊച് എന്ത് ചെയ്തിട്ടാ..." ഉള്ളിലെ തീ അണക്കാൻ കഴിയാതെ ഞാൻ ഉളറി... "ജാതകം തമ്മിൽ ചേരില്ലെന്ന്...വിവാഹം കഴിഞ്ഞാൽ ഏറിയാൽ മൂന്ന് രാത്രി അതിനുള്ളിൽ ഒരുമരണം ഉറപ്പാത്രെ...പരിഹാര ക്രിയകൾ ഒന്നുമില്ലെന്ന തിരുമേനി പറഞ്ഞത്...ചേരാത്തതിനെ ചേർത്താൻ കഴിയില്ലല്ലോ...."

ഒന്നും പറയാൻ കഴിയാതെ ഞാൻ ആളെ മുഖത്തേക്ക് തന്നെ നോക്കി... ഇനിയും എന്തൊക്കെയോ ആൾക്ക് പറയാൻ ഉണ്ട്...ഒന്നും മിണ്ടുന്നില്ലെന്ന് മാത്രം... ഇത്രയായപ്പോയെക്കും എന്റെ പാതി ജീവൻ പോയിട്ടുണ്ട്...ഇനി ഒന്നും കേൾക്കണ്ട എന്ന മട്ടിൽ ഞാൻ തിരികെ നടന്നു... എന്റെ ചിന്നുവിന് സങ്കടം ആയി കാണണം...ഒന്ന് സമാധാനിപ്പിക്കാനും ആശ്വസിപ്പിക്കാനും ഞാൻ അല്ലെ ഒള്ളൂ... ധൃതിയിൽ നടക്കാൻ നോക്കി...കാലുകൾ ബലം കിട്ടാതെ കുഴഞ്ഞു പോകുന്ന പോലെ... ഉമ്മറത്തു തന്നെ എല്ലാവരും ഇരിപ്പുണ്ട്...എന്തൊക്കെയോ പരസ്പരം പറയുന്നുണ്ട്... ഒന്നിനും മറുപടി കൊടുക്കാതെ അവളൊരു മൂലയിൽ... ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു...ഒരു തണൽ കിട്ടിയപ്പോ പോലെ അവളെന്നെയും... "എനിക്ക് സങ്കടം ഒന്നുമില്ല പെണ്ണെ...ജീവിതത്തിൽ പലതും സംഭവിക്കും...അതിൽ ഒന്നായിട്ടെ ഇതിനെ കൂട്ടുന്നൊള്ളൂ...ആരും കരുതുന്ന പോലെ കല്യാണ ജീവിതമൊന്നും ഞാൻ അധികം സ്വപ്നം കണ്ടിട്ടില്ല...അതുകൊണ്ട് മറക്കാൻ എനിക്ക് അധികം സമയം വേണ്ടാ..."

ആരെ ആശ്വസിപ്പിക്കാനാ ഇവള് ശ്രമിക്കുന്നത്... "അവരോട് ഇനി ഒരു ബന്ധവും വേണ്ടെന്ന് തന്നെ വിളിച്ചു പറയാം അല്ലെ...." കൃഷ്ണേട്ടൻ കാര്യം പറഞ് ഫോൺ എടുത്തു... എല്ലാവരിലും സങ്കടമാണ്...ഒരു പുതിയ കൂട്ടി കെട്ടലല്ലേ അഴിഞ്ഞു വീണത്... "അങ്ങനെ പറയേണ്ട കൃഷ്നേട്ട...ആമിക്ക് ആണേൽ അങ്ങനെ...എനിക്ക് സന്തോഷേ ഒള്ളൂ...." "അതിനി വേണ്ട മോളെ...രണ്ട് പേർക്കും മറ്റൊരു നല്ല ബന്ധം നോക്കാം...എന്തൊക്കെ പറഞ്ഞാലും ഇതൊരു ഭംഗിയില്ലാത്ത ബന്ധം ആയി പോകും...." "അതൊക്കെ തോന്നാന്നെ...ആരെയും ഇവിടെ കുറ്റം പറയാൻ പറ്റില്ലല്ലോ...ഒരു ജാതകം തമ്മിൽ ചേരാത്തതും മറു ജാതകം തമ്മിൽ ചേരുന്നതും എല്ലാം ദൈവത്തിന്റെ കൈകളിലാണ്..." "കൊച്ചിന്റെ അഭിപ്രായം എന്താ...ഇത് തുടരണോ..." അമ്മ കൈ പിടിച്ചു...ഒന്നും മനസ്സിലാകുന്നില്ല... "അവൾക്ക് സമ്മതാ...എന്റെ കാര്യം ആലോചിച്ചേ അവള് വേണ്ട എന്ന് പറയൂ...എനിക്ക് യാതൊരു സങ്കടവും ഇല്ലാ..." ചിന്നു എന്റെ കൈ പിടിച്ചു നടന്നു... ഒന്നും മനസ്സിലാവാതെ ഞാൻ അവളെ നോക്കി...

"ചിന്നു...എനിക്ക് വേണ്ടേടി...നിന്നെ കണ്ട അമ്മ എന്നെയും ആ കുടുംമ്പത്തിലേക്ക് എന്ന് പറഞ്ഞത്...നീയില്ലാതെ എനിക്ക് വേണ്ടെടി..." "മിണ്ടാതെ ഇരുന്നോണം...ചേച്ചിയായ നിന്റെ കല്യാണം കഴിഞ്ഞിട്ട് വേണം എനിക്ക് കല്യാണം കഴിക്കാൻ..." തമാശയോടെ പറഞ് അടച്ചു വെച്ച ചായ പത്രം സ്റ്റവ്വ്ലേക്ക് വെച്ച് ഒന്ന് ചൂടാക്കി ഗ്ലാസിലേക്ക് പകർത്തി തന്നു... "ഞാൻ കുളിച്ചില്ലെടി..." "കുടിച്ചിട്ട് കുളിക്കാം..." ചായയും കുടിച് കുളിയും കയിഞ്ഞ് ഇറങ്ങിയപ്പോ എല്ലാവരും പോയി കഴിഞ്ഞിരുന്നു... നിശബ്ദമാണ്...അമ്മയും മുത്തശ്ശിയും ഒരു മൂലയിൽ ഇരുന്ന് ചർച്ച ചെയ്യുന്നത് കണ്ടു... ഒന്നും സംഭവിച്ചിട്ടില്ലേന്ന മട്ടിൽ നടക്കുന്നത് ചിന്നു മാത്രം... അഭിനയമാവാം...!!! "കൊച്ചെ...നിനക്ക് സമ്മത കുറവൊന്നും ഇല്ലല്ലോ...അവരെയും കുറ്റം പറയാൻ പറ്റില്ല...ജാതകം തമ്മിൽ ചേരില്ലേൽ പിന്നെ ഏച് കൂട്ടാൻ പറ്റില്ലല്ലോ...എന്നാലും..."

"സുമേ...കഴിഞ്ഞത് കഴിഞ്ഞു...കൊച്ചിനെ കൂടെ സങ്കടപെടുത്തല്ലേ...ചിന്നുവിന് പ്രശ്നം ഇല്ലെന്ന് പറയുന്നത് നീ കേട്ടതല്ലേ...അതുമാത്രമല്ല...അവർക്ക് ഇഷ്ട്ടം ആയിരുന്നതും ആമിയേയാ...ചെറിയൊരു തെറ്റിധാരണ കൊണ്ട് മാറി പോയതല്ലേ...വിധിയേ തടുക്കാൻ കഴിയില്ലെന്ന് പറയാറില്ലെ...അതന്നെയാ ഇത്..." മുത്തശ്ശി ശാസിച്ചതും അമ്മ ചുണ്ട് അമർത്തി പിടിചു... ഒരുപാട് ചോദ്യങ്ങളും സംശയവും ഉള്ളിൽ കിടന്ന് പുകഞ്ഞു... "അറിയാം...എന്റെ കൊച്ചിന്റെ കഷ്ട്ടപാട് ഒക്കെ തീരാൻ പോവാ...രാപ്പകലില്ലാതെ നമ്മക്ക് വേണ്ടി കഷ്ട്ടപെട്ടിട്ടെ ഒള്ളൂ...ദൈവം അതാവും ഇങ്ങനെ വിധിച്ചത്..." വിതുമ്പുന്ന ചുണ്ടുകളോടെ അമ്മയെന്നെ ചേർത്ത് പിടിച്ചു... ഒന്നും മനസ്സിലാകാതെ ചോദിക്കാൻ കഴിയാതെ ഞാൻ ആ മടിയിലേക്ക് തല വെച്ച് ചാഞ്ഞു കിടന്നു... "ആർക്ക് വേണ്ടിയാ എന്നെ കല്യാണം ആലോചിക്കുന്നെ..

.എനിക്കൊന്നും മനസ്സിലാകുന്നില്ല ചിന്നു...കുറച്ചു നാൾ മുന്നേ വരെ അമ്മ പറഞ്ഞിരുന്നു ഇല്ലിക്കലെ അടുത്ത ബന്ധത്തിലേക്ക് എന്നെ പറയുന്നുണ്ടെന്നു...ഇന്നിപ്പോ അമ്മയുടെയും മുത്തശ്ശിയുടെയും സംസാരം കേൾക്കുമ്പോ എനിക്കൊന്നും മനസ്സിലാകുന്നില്ല...നീയെങ്കിലും ഒന്ന് പറഞ്ഞു താ ചിന്നു..." അവള് ചിരിക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല.... "നിന്നോട് ചിരിക്കാനല്ല പറഞ്ഞത് ചിന്നു...മനുഷ്യൻ ആകെ പ്രാന്ത് പിടിക്കാ..." ആദ്യമായി ദേഷ്യത്തോടെ വാക്കുകൾ പുറത്തേക്ക് ചാടി... "അപ്പൊ നിന്നോട് അഭിയെട്ടൻ ഒന്നും പറഞ്ഞില്ലേ..." "പറഞ്ഞു...പക്ഷേ..." മുഴുവനാക്കിയില്ല... "എന്റെയും ദേവേട്ടന്റെയും ജാതകങ്ങൾ തമ്മിൽ ചേരില്ലാന്ന്..പ്രതിവിധിയും ഒന്നുമില്ല...പോരാൻ നേരത്ത തിരുമേനി നിന്റെ ജാതകം കണ്ടേ...ഇത്രയും നല്ലൊരു പൊരുത്തം ഇനി ദേവേട്ടൻ കിട്ടാനില്ലെന്ന്...തിരുമേനിയുടെ വാക്കുകൾ തള്ളി കളയാൻ വയ്യല്ലോ...ഇവിടെ വന്നിരുന്നു അവര് എന്നോട് മാപ്പ് പറയാൻ...അവരെന്ത്‌ പിഴച്ചു...കൂടെ അവരുടെ ദേവൻ കുഞ്ഞിന് ഇവിടുത്തെ ആമി കൊച്ചിനെ തരോ എന്നൊരു ചോദ്യവും...

തള്ളി കളയാൻ പറ്റോ..നിനക്കും അതിലേറെ പൊരുത്തമുള്ള ജാതകം ഇല്ലെന്ന പറഞ്ഞേ..." ഇത്രയും നല്ലൊരു പൊരുത്തം ഇനി ദേവേട്ടൻ കിട്ടാനില്ലെന്ന്.....നിനക്കും അതിലേറെ പൊരുത്തമുള്ള ജാതകം ഇല്ലെന്ന പറഞ്ഞേ...!!! ആ വാക്കുകൾ മാത്രം മുഴങ്ങി കേട്ടു... മണിക്കൂറുകൾ കൊണ്ട് മാറി മറിഞ്ഞ വിധികൾ... ചിലരുടെ വാക്കുകൾ കൊണ്ട്...ജാതകം കൊണ്ട്...ചുരുങ്ങിയ സമയം കൊണ്ട്... "എനിക്ക് വേണ്ടാ...!!" "എന്ത് കൊണ്ട്...." "നിന്റെ ഭർത്താവ് ആയി നീ കണ്ടൊരു പുരുഷനെ ഞാൻ എങ്ങനെ സ്വീകരിക്കും...നിനക്ക് കഴിയോ അതിന്..." "എന്റെ സങ്കടം ആലോജിച്ചാനേൽ വേണ്ടാ...എനിക്ക് ആയിരം വട്ടം സമ്മത...എന്റെ ഈ ആമി പെണ്ണ് സന്തോഷമായി ഇരുന്നാ മതി...നീ ഒന്ന് രക്ഷപ്പെട്ട മതി..." "വേണ്ടാ...അർഹിക്കുന്നില്ല ഞാൻ അത്...നീ നിർബന്ധിക്കരുത്..." ഉരുണ്ട് വീഴാൻ കാത്തിരിക്കുന്ന കണ്ണുനീരിനെ പിടിച്ചു വെച്ച് എണീറ്റ് നടന്നു... "വർഷങ്ങൾ ഏറെയായി നീ കാത്ത് വെച്ച പ്രണയം...മനസ്സിൽ അത്രയേറെ ആഗ്രഹിച്ച പുരുഷനെ അനിയത്തിക്ക് വിട്ടുകൊടുക്കേണ്ടി വന്നപ്പോ നീ അനുഭവിച്ചത്തിന്റെ പകുതി പോലും ഞാൻ ഇപ്പൊ അനുഭവിക്കുന്നില്ല...വാശി കാണിച് ഇനിയും ജീവിതം നശിപ്പിക്കരുത്...വിട്ട് കൊടുക്കലല്ല ചിലപ്പോഴോക്കെ വെട്ടി പിടിക്കുന്നത് തന്നെയാണ് പ്രണയം...." കാലുകൾ നിശ്ചലമായി...വാക്കുകൾ കൂരമ്പ് പോലെ മനസ്സിൽ തറച്ചു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story