പൊഴിയും വസന്തം...💔ഭാഗം 18

pozhiyum vasantham

രചന: സിനു ഷെറിൻ

 "എല്ലാ ഒരുക്കവും കഴിഞെടി...അവര് തന്നെ മൊത്തം സ്വർണവും കൊണ്ടെന്ന് തന്നപ്പോ എന്തോ പോലെ...കൊറേ നിരസിച്ചു നോക്കി...അവര് കേൾക്കണ്ടേ...ബാക്കിലുള്ള പറമ്പ് വിറ്റ് കിട്ടിയ കാശ് ബാങ്കിൽ ഇരിപ്പുണ്ട്...അത് എടുത്ത് സ്വർണം എടുക്കാം എന്നാ കരുതിയെ..അപ്പോഴല്ലേ അവര് സ്വർണം ആയിട്ട് ഇങ്ങോട്ട് വന്നേ...ഇനി അത് അവിടെ ഇരിക്കട്ടെ...ചിന്നുവുള്ളതല്ലേ...അഭിയെട്ടനും അഞ്ച്പവനോളം കൊണ്ട് തന്നിട്ടുണ്ട്...ഇത്രയൊക്കെ സ്വർണം ഇടാൻ പറ്റുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലേടി..." "ഭാഗ്യമുള്ളവളാടി നീ...നിന്റെ നന്മയുടെ പ്രതിഫലം...ഇത്രയും കാലം ഒരു കുറവും വരുത്താതെ നീ എല്ലാവരെയും നോക്കിയില്ലേ...ചിന്നുവിനെ പഠിപ്പിച്ചു ഈ നിലയിൽ ആക്കിയില്ലെ...അത്രയും കഷ്ട്ടപെട്ട നിനക്ക് ഇത്രയെങ്കിലും ദൈവം തരണ്ടേ...നീ കിടക്കാൻ നോക്ക്...നാളെ കല്യാണ തിരക്കാവും...ഒരു ഒഴിവ് കിട്ടിയെന്ന് വരില്ലാ..." മാളു ഫോൺ വെച്ചു... കണ്ണെടുക്കാതെ പുറത്തോട്ടു തന്നെ നോക്കിയിരുന്നു...

നാളെ തൻറെ കല്യാണം...ആഗ്രഹിച്ച പുരുഷന്റെ കൂടെ... എന്നിട്ടും ഒരല്പം സങ്കടം തോന്നുന്നു...എന്തിനായിരിക്കും... ആ മനസ്സിൽ എനിക്കൊരു സ്ഥാനവും ഇല്ലെന്ന് കരുതുന്നത് കൊണ്ടാണോ... അതോ ഇവരെ എല്ലാം വിട്ട് പോകുന്നത് കൊണ്ടോ... അറിയില്ല...എന്തോ ഒരു വിഷമം... ബെഡിൽ ശാന്തമായി ഉറങ്ങുന്നവളെ പാളി നോക്കി... ഒരാഴ്ചയായിട്ട് തന്റെകൂടെ തന്നെയാണ് കിടത്തം... ഇത്രയും ചെറുപ്രായത്തിൽ തന്നെ എന്തൊക്കെയാ ജീവിതത്തിൽ നടന്നെ... ഈ ജനലോരം വന്ന് ആ മനുഷ്യനെ ആലോചിച് ഒഴുക്കാത്ത കണ്ണീരുണ്ടോ... പരിഭവം പറയാത്ത ദിവസങ്ങളുണ്ടൊ...കാണാത്ത സ്വപ്‌നങ്ങൾ ഉണ്ടോ... നാളെ മുതൽ തൻറെ അടുത്ത് അത്രയും അവകാശത്തോടെയുള്ള ആരാണുണ്ടാവുക... എന്റെ മാത്രം..!!! വീശിയടിക്കുന്ന കാറ്റുകൾക്ക് പോലും ദേവേട്ടന്റെ ഗന്ധം... ആ സുഖത്തിൽ പതിയെ കണ്ണുകളടച്ചു...

"ആമി...മേക്കപ്പ് ആർട്ടിസ്റ് വന്നിട്ടുണ്ട്...വേഗം ഒരുങ്ങിക്കോ...ഓഡിറ്റോറിയത്തിൽ എത്തണ്ടേ..." മുടി വലിച് സ്ലൈഡ് ഇട്ട് കൊണ്ട് ചിന്നു റൂമിലേക്ക് കയറി വന്നു... കുളി കഴിഞ്ഞ് ഇറങ്ങിയിട്ടോള്ളൂ...ഇളം ചൂടുള്ള ചായ അമ്മ ടേബിളിൽ വെച്ചിട്ടുണ്ട്...അതെടുത് കുടിച്...ചയറിൽ വന്നിരുന്നു... പിന്നീട് എല്ലാം പെട്ടന്നായിരുന്നു...മേക്കപ്പും മുടി കെട്ടലും സാരി ഉടുക്കലും എല്ലാം അവര് പെട്ടന്ന് തീർത്തു... റൂമിൽ നിന്നും ഒരുങ്ങി ഇറങ്ങിയതും പുറത്ത് എല്ലാവരും നിൽപ്പുണ്ട്... അമ്മയും മുത്തശ്ശിയും സുലുവെച്ചിയും കൃഷ്ണേട്ടനും എല്ലാം... അവരെയെല്ലാം അനുഗ്രഹം വാങ്ങി അഭിയെട്ടന്റെ മുന്നിൽ ചെന്ന് നിന്നു... ആ കണ്ണിൽ നിരാശയാണ്... എന്തോ ഓർമയിൽ ആളെന്നെ അണച്ചു പിടിച്ചിരുന്നു... ശ്വാസം വിലങ്ങി... "അഭിയേട്ട..." "അത്രയും ആഗ്രഹിച്ചിരുന്നു പെണ്ണെ നിന്നെ ഇങ്ങനൊരു വേഷത്തിൽ കാണാൻ...പക്ഷേ..."

പൂർത്തിയാക്കിയില്ല...എന്നെ അടർത്തി മാറ്റി കയ്യിൽ പിടിച്ചു.... "എന്നും സന്തോഷത്തോടെ ഇരിക്കട്ടെ...." ആ നോവെനിക്ക് മനസ്സിലാകും...നഷ്ട്ടപെടുന്നത്തിന്റെ വേദന തന്നോളം മനസ്സിലാക്കാൻ കഴിവുള്ള ആരാണുള്ളത്... "അഭിയെട്ടനും..." കേൾക്കാൻ പാകത്തിന് പതിയെ പറഞ്ഞു... "അവര് കൊച്ചു നാൾ മുതലേ ഒന്നിച്ചല്ലേ...കളിച്ചതും വളർന്നതുമൊക്കെ... പിരിയുന്നത്തിന്റെ സങ്കടാ രണ്ടിനും..." ആരോ പറയുന്നത് കേട്ടു... സമയം വൈകിയില്ല...ഓഡിറ്റോറിയതിലെത്തിയപ്പോ മുന്നിൽ തന്നെ സ്വീകരിക്കാൻ എന്നവണ്ണം ഒരുപാട് പേര് നിൽപ്പുണ്ടായിരുന്നു...അവരോടെല്ലാം ചിരിച് ആനയിച് ഉള്ളിലേക്ക് കയറിയപ്പോ ഓഡിറ്റോറിയം മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു... സ്റ്റേജിൽ അമ്മയും അച്ഛനും അച്ഛമ്മയും അടുത്ത കുടുംബക്കാരെന്ന് തോന്നിക്കുന്ന ചിലർ ഉണ്ടായിരുന്നു...

നിശ്ചയത്തിന് കണ്ട ഓർമയുണ്ട്... പതിയെ നടന്നു ചെന്ന് ദേവേട്ടന്റെ തൊട്ടടുത്തായി ഇരുന്നു... തല ചെരിച് ആ മുഖത്തെക്ക് നോക്കി... ക്രീം കളർ കുർത്തയും തുണിയുമാണ് വേഷം... വെട്ടി ഒതുക്കിയ താടിയും മുടിയും ഭംഗി ഒന്ന് കൂടെ എടുത്തു കാണിക്കുന്നുണ്ട്...കഴുത്തിൽ നേരിയൊരു സ്വർണമാല... വല്ലാത്തൊരു ഭംഗി.... ആ മുഖത്തു നിന്നും നോട്ടം മാറ്റി... ഇത്രയും നേരം ആയിട്ടും എന്നെയൊന്നു നോക്കിയിട്ട് പോലുമില്ല... പൂജിച്ചു വെച്ച താലി വാങ്ങി ആളെന്റെ നേർക്ക് തിരിഞ്ഞു... ഇരു കൈകളും കൂപ്പി കണ്ണുകളടച്ചു നിന്നു... ആ കൈകളുടെ ചൂട് കഴുത്തിൽ തഴുകി...ഒരിക്കലും വേര്പെടുത്തരുതേ എന്ന് മനമുരുകി പ്രാർഥിചു... ആൾടെ കയ്യും പിടിച്ചു വലം വെക്കുമ്പോ വല്ലാത്തൊരു സന്തോഷമായിരുന്നു... ഫോട്ടോ എടുപ്പും കഴിഞ്ഞ് ഫുഡും കഴിച് ഡ്രസ്സ്‌ മാറ്റാൻ കൊണ്ട് പോയി...

റിസപ്ഷൻ ആണ് വൈകീട്ട്... എടുത്താൽ പൊങാത്തൊരു ഗൗണും ഇട്ട് മുഖത് ഒന്ന് കൂടെ ടച്ചിങ്‌സ് ചെയ്ത് മുടി ഒന്ന് മോഡൽ ആക്കി കെട്ടി ഒരു ഹീലും ഇട്ട് തന്നു... താലി മാത്രം വെച്ച് ബാക്കി എല്ലാ സ്വർണവും ഊരി വെച്ച് നല്ല വെയിറ്റ് ഉള്ളൊരു ചോക്കർ കഴുത്തിലും അതെ കളർ ഉള്ള സ്റ്റോൺ വർക്ക്‌ ചെയ്ത വളകൾ കയ്യിലും ഇട്ട് തന്നു... കുർത്തയും തുണിയും മാറ്റി അത്യാവശ്യം ലുക്ക്‌ തോന്നിക്കുന്ന കോട്ടും ഷൂ ഒക്കെ ഇട്ട് സ്റ്റേജിന്റെ താഴെ ദേവേട്ടൻ നിൽപ്പുണ്ടായിരുന്നു... ഞാൻ അടുത്തെത്തിയതും എന്റെ കയ്യിൽ കൈ കോർത്തു പിടിച് ഒരുമിച്ച് സ്റ്റെപ് കേറാൻ തുടങ്ങി... ഒരു ചിരിയോടെ ആളിലേക്ക് ഒന്ന് കൂടെ ചാഞ്ഞു നിൽക്കാൻ ഞാൻ ശ്രമിച്ചു... കുറച്ച് നേരം ഇരുന്ന് പിന്നെ എണീറ്റ് നിന്ന് ബാക്കി നേരം ഫോട്ടോസ് എടുത്ത് സമയം വേഗത്തിൽ കടന്നു പോയി...

ഇടക്ക് എപ്പോയോ ചിന്നുവിന്റെ കൂടെ അഭിയെട്ടൻ സ്റ്റേജിലേക്ക് കയറി വന്നതും ഒന്നും നോക്കാതെ ആളെ പോയി കെട്ടിപിടിച്ചു... സത്യം പറഞ്ഞാൽ ഫോട്ടോ എടുപ്പും പലരും കൊച്ചു വർത്തമാനം പറഞ് അടുത്ത് വരുന്നുണ്ടേങ്കിലും ദേവേട്ടന്റെ മൗനം അതെന്നെ വല്ലാതെ കൊല്ലുന്നുണ്ടായിരുന്നു... അതിങ്ങനെ ഉള്ളിൽ കിടന്ന് നീറുമ്പോഴാണ് അഭിയെട്ടന്റെ വരവ്... ഉള്ളിലെ സങ്കടം മുഴുവൻ ആൾടെ നെഞ്ചിൽ കിടന്ന് തീർത്തു... ആളും ഒരണുവിടാതെ എന്നെ ചേർത്ത് പിടിച്ചിട്ടുണ്ട്... ഒരേട്ടന്റെ കരുതൽ...അത്രേ തോന്നിയോള്ളൂ... ഞാൻ അഭിയെട്ടനെ പിടിച്ച അത്രയും നേരവും ദേവേട്ടന്റെ കണ്ണുകൾ ചെറുതായി വന്നതും ആ മുഖത് ചെറിയൊരു ദേഷ്യവും അസൂയയും നിറയുന്നത് കണ്ടതും ആ നോവുന്ന നേരത്തും ചിരി പൊട്ടി... അപ്പൊ സ്നേഹമുണ്ടല്ലെ...!!! ...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story