പൊഴിയും വസന്തം...💔ഭാഗം 21

pozhiyum vasantham

രചന: സിനു ഷെറിൻ

 "അത്രക്ക് ഇഷ്ടമാണോ അഭിയെ..." ആളുടെ ചോദ്യത്തിൽ ഒന്ന് ഉലഞ്ഞു പോയെങ്കിലും അതെ എന്ന് തലയാട്ടി... "എത്രത്തോളം...!!" വീണ്ടും ചോദ്യം...ഇച്ചിരി പരിഭവം കലർന്ന പോലെ തോന്നിയതും തല ഉയർത്തി നോക്കി... പ്രേതെകിച്ചു മനസ്സിലാക്കാൻ കഴിയാത്തോരു ഭാവം... "ഒരുപാട് ഇഷ്ട്ടം...ഒരുമിച്ച് ആയിരുന്നില്ലേ...എന്തിനും സഹായിക്കാനായാലും കൂടെ ഉണ്ടായിരുന്നു...ഇത്രയും കാലം ആളെ വിട്ട് അകന്ന് നിന്നിട്ടില്ലല്ലോ...അതിന്റെ ടെൻഷനിൽ വിളിച്ചതാ...എനിക്കെന്തെങ്കിലും പറ്റി എന്നറിഞ്ഞാൽ സഹിക്കാൻ കഴിയില്ല പാവത്തിന്..." ഒന്ന് നിർത്തി ആളെ മുഖത്തേക്ക് നോക്കി... 'പക്ഷേ എല്ലാം ഒരു സഹോദരനോടുള്ള ഇഷ്ട്ടം...' പറയാൻ വന്നത് ആയിരം തവണ മനസ്സിൽ ഉരുവിട്ടു... ആളോട് പറയണോ...ആ മുഖതെ പരിഭവം കണ്ട് പറയാൻ തോന്നി... "പക്ഷേ..." മുഴുവനാക്കും മുന്നേ ആൾടെ ഫോൺ ശബ്ദിചു... അതെടുത്തൊണ്ട് ആള് പുറത്തോട്ടും... വല്ലാത്ത ക്ഷീണം തോന്നിയപ്പോ പതിയെ കിടന്നിരുന്നു...എപ്പോയോ ഉറക്കത്തിലേക്കും...

രാവിലെ എണീറ്റ് നോക്കുമ്പോ ആള് സോഫയിൽ കിടന്ന് ഉറങ്ങുന്നുണ്ട്... ഒന്നും മിണ്ടാതെ അടുത്ത് പോയിരുന്നു... ഇത്രയേ ആഗ്രഹിച്ചിട്ടൊള്ളൂ...ഇത്രയും അടുത്ത് എന്റെ സ്വന്തം ആയൊന്നു കാണാൻ... നടക്കാത്ത സ്വപ്നമാണെന്ന് വിചാരിച്ചു തള്ളി കളഞ്ഞു...പക്ഷേ നിങ്ങൾ എനിക്ക് വേണ്ടി ഉള്ളതായിരുന്നു... എന്റെ മാത്രം...!! നിങ്ങളായിട്ട് ഒഴിവാക്കുന്നത് വരെ ഇനി എനിക്കൊരു മോചനമില്ല... ആഗ്രഹിക്കുന്നുമില്ല... ഒന്നു തട്ടാതെ പതിയെ എണീറ്റ് ഫ്രഷ് ആയി താഴോട്ടു ചെന്നു... വെളിച്ചം വന്നിട്ടില്ല...ശീലം ആയത് കൊണ്ടാവാം നേരത്തെ എണീറ്റത്... താഴെ ആരെയും കാണാത്തത് കൊണ്ട് മേലോട്ട് തന്നെ കയറി... റൂമിന്റെ അറ്റത്തായുള്ള വാതിൽ തുറന്നാൽ ബാൽകണിയാണ്... വെറുതെ അവിടെ പോയിരുന്നു... നിറമുള്ള കിനാവുകൾ കണ്ട് സമയം പോയത് അറിഞ്ഞില്ല... വെളിച്ചം പരക്കാൻ തുടങ്ങിയതും മെല്ലെ എണീറ്റ് റൂമിലോട്ടു നടന്നു... ലൈറ്റ് ഉണ്ട്... ആള് ബാത്‌റൂമിൽ ആണെന്ന് തോന്നുന്നു... ചിന്തിച്ചു തീർന്നില്ല...ടവൽ കൊണ്ട് മുഖവും തുടച് ആള് ഇറങ്ങി വന്നു...

എന്നെ ഒന്ന് നോക്കിയ ശേഷം ഷെൽഫ് തുറന്ന് ആൾടെ ഡ്രസ്സ്‌ എടുത്ത് ബെഡിലേക്ക് ഇട്ടു... കാര്യം മനസ്സിലായ ഞാൻ പുറത്തോട്ട് ഇറങ്ങി കൊടുത്തു...അപ്പോ തന്നെ ഡോർ അടയുന്ന ശബ്ദം കേട്ടു... പതിയെ അടുക്കളയിലേക്ക് ചെന്നു ചായക്ക് പാൽ വെച്ചു... ടേബിളും ചാരി നിൽക്കുന്ന നേരം മനസ്സിലെക്ക് പലവിധ ചിന്തകൾ വന്നു... ഉള്ളിൽ ഒരുപാട് സങ്കടം...ഇന്ന് പോയാൽ ഇനി ഒരാഴ്ച...!! അത്രയും ദിവസം ആളെ കാണാതെ ഞാൻ എങ്ങനെ... ഇത്രയും കാലം തന്റെ പ്രണയമായിരുന്നു... എന്നാ ഇന്ന് തന്റെ സ്വന്തമാണ്...തന്റെ പുരുഷനാണ് തിളച്ച പാലിലെക്ക് പൊടിയിട്ട് ചായയാക്കി മേലോട്ട് കയറി... റൂം തുറന്ന് കിടക്കുന്നു... ഇതെവിടെ പോയി...ചിന്തയോടെ തിരിഞ്ഞതും അപ്പുറത്തുള്ള റൂം തുറന്ന് ഇറങ്ങി വന്നു... വാതിൽ ലോക്ക് ഇട്ട് നേരെ മുറിയിലോട്ട് കയറി പോയി...പിന്നാലെ ചെന്ന് ആളെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. കണ്ണുകൾ കലങ്ങിയിട്ടുണ്ട്...കരഞ്ഞുവോ... എന്തിനായിരിക്കും... ചിന്തയോടെ ചായ ടേബിളിൽ വെച്ചു... എന്നെ ഒന്ന് നോക്കുന്നു കൂടിയില്ല...പ്രയാസപെടുത്താതെ റൂമിൽ നിന്നിറങ്ങി...

ഒന്ന് വാവിട്ട് കരയണം...സ്വയം പരിഭവം പറയണം..ആൾടെ മൗനം അത്രയധികം കൊല്ലുന്നുണ്ട്... ഇത്രയും വലിയ വീട്ടിൽ തന്റെ സങ്കടം കേൾക്കാൻ ഒരിറ്റ് സ്ഥലം പോലുമില്ല... അടുക്കളയിൽ ചേച്ചി കാര്യമായ പണിയിലാണ്...ഒന്ന് ചിരിച്ചേന്ന് വരുത്തി പുറത്ത് പോയിരുന്നു... കുറച്ച് നേരം ഇരുന്നപ്പോഴേക്കും ഉള്ളിൽ നിന്നും വിളി വന്നു... ഒഴുകിയ കണ്ണുനീർ പതിയെ തുടച് ഉള്ളിലേക്ക് നടന്നു... "ആമി കൊച്ചെ..എവിടെയായിരുന്നു.. ദേവൻ കുഞ് ഇറങ്ങാണെന്ന്..." എല്ലാരേയും പോലെ സിറ്റ്ഔട്ടിൽ പോയിരുന്നു...ആള് അച്ഛമ്മയുടെ നെറ്റിയിൽ ഒന്ന് ചുംബിച് എല്ലാരേയും നോക്കി...കൂട്ടത്തിൽ എന്നെയും... അത്രയേ അർഹിക്കുന്നൊള്ളൂ...എങ്കിലും താൻ ഇതിലും വലുത് എന്തോ ആഗ്രഹിച്ചിരുന്നു... "കൊച്ചെ...മോൻ കയ്യിൽ തന്നതാ...നിനക്ക് വീട്ടിലോട്ടൊക്കെ വിളിക്കണ്ടായോ...പിടിക്ക്..." കയ്യിൽ ഒരു ഫോൺ വെച്ച് തന്നു... "ഇനി അവനെ ഇങ്ങനെ കയറൂരി വിടാൻ പറ്റില്ല...തോന്നുമ്പോ ഇറങ്ങി പോവാ...ഇഷ്ട്ടമുള്ളപ്പോ കയറി വരാ...കല്യാണം കഴിഞ്ഞതാ അവന്റെ...ഇതിനൊക്കെ വളം വെച്ച് കൊടുക്കുന്നത് അമ്മയാ..."

"ഞാൻ എന്ത് ചെയ്തെന്നാ നീയി പറയുന്നത്...ഞാൻ പോകേണ്ടന്ന് പറഞ്ഞാലും അവൻ പോവും...തുടങ്ങിയിട്ടല്ലെ ഒള്ളുടാ...നമ്മക്ക് അവനെ പറഞ്ഞു മനസ്സിലാക്കാം...കൊച്ചിന് സങ്കടായോ..." മുഖം പിടിച്ചു ചോദിച്ചു...ഇല്ലാ എന്ന് തല വെട്ടിചെങ്കിലും ഒരിറ്റ് കണ്ണുനീർ വീണു... "സങ്കടപെടല്ലേ കൊച്ചെ...അവന്റെ സ്വഭാവം അങ്ങനായി പോയി...ദേഷ്യം വന്നാ ഞാൻ അച്ഛമ്മയാന്നു വരെ അവൻ മറക്കും...എല്ലാം ശെരിയാകും...മോള് പോയി കുറച്ച് നേരം കൂടെ കിടന്നോ..." ആഗ്രഹിച്ചിരുന്നു തനിചൊന്നിരിക്കാൻ...കരയാൻ അതിലേറെ കൊതിക്കുന്നുണ്ട്... ഇതായിരുന്നൊ താൻ സ്വപ്നം കണ്ട ജീവിതം... സ്നേഹിച് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച പുരുഷൻ, നല്ലൊരഛൻ, അമ്മ, അച്ഛമ്മ, സ്വപ്നം കാണാൻ പോലും പറ്റാത്തത്ര സുഖ സൗകര്യങ്ങൾ..എല്ലാമുണ്ട്... എന്നിട്ടും ഞാൻ ഹാപ്പി ആണോ...അല്ലാ...!!! ഒരാളുണ്ട് അപരിചിതത്വം...അത് തന്നെ കൊല്ലാതെ കൊല്ലുന്നുണ്ട്...

കണ്ണുനീർ പൊഴിച്ച് എപ്പോയോ ഉറങ്ങി പോയിരുന്നു... ഒരാഴ്ച... എങ്ങനെയോ തള്ളി നീക്കി...ദിവസവും ആള് വിളിക്കുമായിരുന്നു... അമ്മയുടെ ഫോണിലെക്കോ അച്ഛമ്മയുടെ ഫോണിലെക്കോ അല്ലേൽ ലാൻഡ് ഫോണിലെക്കോ... സന്തോഷത്തോടെ ആദ്യമേ ഓടി പോയെടുക്കും...ആൾക്ക് എന്നോട് ചോദിക്കാൻ ഒന്നും കാണില്ല...അമ്മ എവിടെ എന്നൊഴിച്ച്... പതിയെ ഞാനും അകന്ന് നിന്നു...ഇഷ്ട്ടമില്ലാതെ പോയി എടുക്കേണ്ടല്ലോ... വരാൻ ഒരു ദിവസം ബാക്കി നിൽക്കെ ആൾടെ വിളി വന്നു...എത്താൻ നാല് ദിവസം ഇനിയും പിടിക്കുമെന്ന്... സങ്കടം തോന്നി...ഒരുത്തി ഉറങ്ങാതെ കാത്തിരിക്കുന്നതറിയുന്നുണ്ടൊ... കാണാൻ കൊതിയായിട്ട് അമ്മയും ചിന്നുവും അഭിയേട്ടനും സുലുവെച്ചിയും കൃഷ്ണേട്ടനും ഇങ്ങോട്ട് വന്നു... താൻ അത്രയും സന്തോഷിച്ച ദിവസം... ഊണും വൈകീട്ട് ചായക്കും അവര് നിൽക്കുന്നുണ്ടെന്നറിഞപ്പോ അതിരു വിട്ട് സന്തോഷം തോന്നി...

ഊണ് ഒരുമിച്ച് കഴിച് ഹാളിലെല്ലാവരും ഒത്തു കൂടി വിശേഷം പറയാൻ തുടങ്ങി... അതിനിടയിലെക്കാണ് ദേവേട്ടൻ കയറി വന്നത്... "ദേവാ...നീ നേരത്തെ എത്തുമെന്ന് കരുതിയില്ല...വാ...ഊണ് എടുക്കട്ടെ..." "വേണ്ടമ്മേ...കഴിച്ചിട്ടാ വന്നേ...ഞാനൊന്ന് കുളിച്ചേച് വരാം..." കയ്യിലുള്ള ബാഗും പിടിച്ചു ആള് കയറി പോയി... ആളെ മുഴുവനായൊന്നു നോക്കി കണ്ട് കണ്ണ് മാറ്റിയപ്പോഴാണ് അഭിയെട്ടനെ കണ്ടത്... എന്റെ സങ്കടം ഇപ്പൊ ആരെക്കാളും നന്നായി അറിയുന്ന വ്യക്തി.. കണ്ണ് കൊണ്ട് പുറത്തോട്ട് വരാൻ ആഗ്യം കാണിച് ആള് ഇറങ്ങി പോയി... "ദേവ് ചേട്ടൻ നല്ലോണം എൻജോയ് ചെയ്ത മട്ടുണ്ട്...എന്റെ കൃഷ്ണാ ഇതൊക്കെയാണ് ലൈഫ്..." അക്കു ആരും കേൾക്കാതെ അടുത്തേക്ക് നീങ്ങി ഇരുന്ന് കൊണ്ട് പറഞ്ഞു...അവനെ ഞാനൊന്ന് തറപ്പിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല...

പുറത്തോട്ട് ഇറങ്ങിയപ്പോ സൈഡിൽ വെച്ചിരിക്കുന്ന ഊഞ്ഞാലിൽ ഇരുന്ന് അഭിയെട്ടൻ കൈ മാടി വിളിചു... "അഭിയേട്ട...സത്യം പറഞ്ഞ ബോർ അടിച്ചു തുടങ്ങി...അവിടെയായിരുന്നു രസം...കടയും ട്യൂഷനും കുട്ടികളൊക്കെ ആയി നിന്ന് തിരിയാൻ നേരം ഇല്ലായിരുന്നു.. ഇവിടെ വെറുതെ ഇരുന്ന് ചടച്ചു...ദേവേട്ടനും ഇല്ലായിരുന്നല്ലോ..." മുന്നിലേക്ക് വീണ മുടിയൊന്ന് ചെവികരികിലേക്ക് ഒതുക്കി വെച്ച് ആളെ നോക്കി...എന്നെ തന്നെ നോക്കി ഇരിപ്പുണ്ട്... "ദേവൻ എങ്ങനെയാ നിന്നോട്..." ഒരൽപ്പം നേരം കഴിഞ്ഞ് ചോദിച്ചു... "നല്ല സ്നേഹമാ...!!" ആളൊന്നു ചുണ്ട് കൊട്ടി ചിരിച്ചു...അറിയാതെന്റെ മുഖം താഴ്ന്നു... "ആരോട് കളവ് പറഞ്ഞാലും എന്നോട് പറയരുത് ആമി...നിന്റെ മനസ്സ് എനിക്കറിയാം...അവൻ നിന്നെ സ്നേഹിക്കുന്നുണ്ടേൽ നിനക്ക് ഇവിടെ ഒരു മടുപ്പും തോന്നില്ല...അവന്റെ അകൽച്ചയും മൗനവുമാണ് നിന്റെ മടുപ്പ്..." കൈ രണ്ടും ഇരു സൈഡിലും കുത്തി കാൽ കൊണ്ട് ആളൊന്നു ഊഞ്ഞാൽ ആട്ടി... സെക്കന്റ്‌ നേരം കൊണ്ട് ഞാൻ ആൾടെ നെഞ്ചിലേക്ക് ചേർന്നു...

"എനിക്കൊന്നും വേണ്ട അഭിയേട്ട...അർഹിക്കാത്തത് സ്വന്തമാക്കിയ പോലെ...ആൾടെ ഭാര്യ ആവണ്ടായിരുന്നു...ദൂരെ നിന്ന് ആളെ വരവ് കാത്ത് നിൽക്കുന്ന ആ പഴേ കാമുകിയായ മതി എനിക്ക്...എന്റെ സ്വന്തം ആക്കിയപോ പണ്ടത്തെക്കാളും സങ്കടമാ എനിക്കിപ്പോ...മുന്നിൽ കാണുമ്പോഴും ഒന്ന് സംസാരിക്കാൻ പോലും ഇഷ്ടമില്ലാതെ ഒഴിഞ് മാറുന്നത് കാണുമ്പോ ഒന്നും വേണ്ടായിരുന്നു എന്ന് തൊന്നും...പോയിട്ട് എത്ര ദിവസമായി...വിളിച്ചിട്ടില്ല എന്നെ...പോട്ടെ...സഹിച്ചോളാം... പക്ഷേ വന്നു കയറിയപ്പോ പോലും എന്നെ ഒന്ന് നോക്കിയിട്ടില്ല..." ആൾടെ തോളിൽ ചാരി ഇരുന്ന് ഞാനെന്റെ സങ്കടം പറഞ്ഞു...ഒന്നും മിണ്ടാതെ എന്റെ തലയിൽ തലോടി കൊണ്ടിരിക്കുന്നുണ്ട്... എനിക്കറിയാം...ആ നെഞ്ചിലും ആധിയാണ്... "എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ അഭിയെട്ടാ..." കണ്ണൊന്നു അമർത്തി തുടച് മുഖമുയർത്തി ഞാൻ ചോദിച്ചു... ആളൊന്നും പറയാതെ പുഞ്ചിരിചോണ്ട് ഒന്ന് കൂടെ ചേർത്ത് പിടിച്ചു... മേലെ ജനാലയിലൂടെ ഇത് കാണുന്ന അവന്റെ കണ്ണുകൾ ഒന്ന് കുറുകി എങ്കിലും നിമിഷനേരം കൊണ്ട് അവൻ അപ്പുറത്തെ പൂട്ടി ഇട്ട റൂം തുറന്ന് ഉള്ളിലേക്ക് കയറി......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story