പൊഴിയും വസന്തം...💔ഭാഗം 26

pozhiyum vasantham

രചന: സിനു ഷെറിൻ

"ആമി..ഇതുവരെ ഒരുങ്ങിയില്ലേ നീ..." ജൂലിയാണ്... കണ്ണുകൾ അമര്ത്തി തുടച്ചു ഞാൻ തിരിഞ്ഞു നോക്കി... കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് അവളുടെ നെറ്റി ചുളിഞ്ഞു.. "ഇന്നും കരഞ്ഞോ...നിനക്ക് ശെരിക്കും ഭ്രാന്താണോ...ഇപ്പോഴും അതൊക്കെ ഓർത്തിരിക്കാൻ ...മാസങ്ങൾ ആയി...ആള് മറ്റൊരു ലൈഫ് തിരഞ്ഞെടുത്തു...ഇനിയും നീ ഇങ്ങനെ... ആർക്ക് വേണ്ടിയാ..." റൈലിങ്ങിൽ പിടിച് അവളെന്നോട് ചേർന്ന് നിന്നു... ഓർക്കാൻ ഞാൻ മറന്നിട്ട് വേണ്ടേ...കഴിയുന്നില്ല...മറന്നെന്നു സ്വയം നടിക്കുന്നു...എന്റെ പ്രണയമല്ലെ...മറക്കണമെങ്കിൽ താൻ മരിക്കണം... "നീ വണ്ടി എടുക്ക് ഞാൻ വേഗം ഡ്രസ്സ്‌ മാറി വരാം..." മുഖമൊന്നു കഴുകി ജീനും ടോപ്പും ഇട്ട് മുടി പോണി ടൈൽ കെട്ടി ഒരു ന്യുഡ് ഷെയ്ഡ് ലിപ്സ്റ്റികും ഇട്ട് കണ്ണാടിയിൽ നോക്കി... ആ പഴേ ആമിയെ ഓർത്ത് പോയി... അത്ര പഴകിയതല്ലാത്ത സാരിയും നനവ് വിട്ട് മാറാത്ത എണ്ണമയമുള്ള മുടിയും മുഖതൊരു പൊട്ടും തോളിൽ ഒരു ബാഗും കയ്യിൽ ഒരു സഞ്ചിയും തൂക്കി ബസ് കിട്ടാൻ ഓടുന്ന ഒരു പാവം പെണ്ണിനെ... മാറിയിരിക്കുന്നു...

എണ്ണ മയം പറ്റെ വിട്ട് സ്ട്രൈട്ടൻ ചെയ്ത മുടി...ഷാംപൂവാണ് ഉപയോഗിക്കുന്നതെന്ന് ഒറ്റ നോട്ടത്തിൽ അറിയാം...വേഷങ്ങളിലും ചെറിയ മാറ്റങ്ങൾ... കയ്യിൽ സഞ്ചിക്ക് പകരം വിലകൂടിയ മൊബൈൽ ഫോൺ... നീണ്ട മുടി മാത്രം അത് പോലെ... വെട്ടാൻ തോന്നിയിട്ടില്ല...ആള് മുഖം അമർത്തി കൊഞ്ചിക്കാറുള്ള മുടിയായിരുന്നു...അത്രത്തോളം ഇഷ്ട്ടമായിരുന്നു... അതെങ്ങനെ തന്നെ കൊണ്ട് വെട്ടാൻ സാധിക്കും... ഡോർ അടച്ചു പുറത്തോട്ടിറങ്ങി...തേർഡ് ഫ്ലോറിൽ നിന്നും വേഗം നടന്നു ഗ്രൗണ്ട് ഫ്ലോറിൽ എത്തി... ജൂലി സ്കൂട്ടിയിൽ ഫോണും തോണ്ടി എന്നെ നോക്കി ഇരിപ്പുണ്ട്... ഓടി ചെന്ന് അവളെ പിറകിൽ കയറി... "ദീപ്തി വിളിച്ചിരുന്നു...അവളും ജെനിയും സെക്കന്റ്‌ ഫ്ലോറിൽ ഉണ്ടെന്ന് പറഞ്...ഗിഫ്റ്റ് വാങ്ങിക്കാൻ.." വണ്ടി പാർക്ക്‌ ചെയ്ത് ലിഫ്റ്റിൽ കയറുമ്പോ ജൂലി ഓർമിപ്പിച്ചു... സെക്കന്റ്‌ ഫ്ലോറിലെ ഗിഫ്റ്റ് മാളിൽ പറഞ്ഞപോലെ ദീപ്തിയും ജെനിയുമുണ്ടായിരുന്നു... ഗിഫ്റ്റ് പേപ്പർ കൊണ്ട് പൊതിഞൊരു വലിയ പൊതിയും കയ്യിൽ ഉണ്ടായിരുന്നു...

നാല് പേരും കൂടി ഡ്രസ്സ്‌ സെക്ഷനിലേക്ക് പോയി... നല്ല സെലെക്ഷൻ ആണിവിടെ...മൂന്ന് ടോപും പാന്റും എടുത്തു... പിന്നെ ഫിലിം...അത് കഴിഞ്ഞ് നല്ലൊരു ഫുഡും കഴിച് ഫ്ലാറ്റിലെത്തി... എല്ലാ സൺ‌ഡേയും ഇങ്ങനെ കഴിയും... നാളെ മുതൽ വീണ്ടും ഓഫീസിലേക്ക്... അന്ന് ഇല്ലിക്കൽ തറവാട്ടിൽ നിന്ന് ഇറങ്ങി പോരുമ്പോ മുന്നിലുള്ള ജീവിതം ബ്ലാങ്ക് ആയിരുന്നു... എന്ത് ചെയ്യണം...എങ്ങനെ ജീവിക്കണം ഒന്നും അറിയില്ലായിരുന്നു... മനസ്സ് മുഴുവൻ സങ്കടം കൊണ്ട് വീർപ്പു മുട്ടുകയായിരുന്നു... ട്രെയിനിൽ ബാംഗ്ലൂരിലെക്കുള്ള ടിക്കറ്റ് എടുത്തു... തൊട്ടടുത്ത് ഇരുന്ന വ്യക്തിയായിരുന്നു ജൂലി...കൂടെ അവളുടെ ഇച്ചായൻ ഡേവിഡും... ആള് ഭയങ്കര സംസാര പ്രിയയാണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം... ഒച്ചയിട്ടുള്ള സംസാരം അന്ന് അരോജകമായാണ് തോന്നിയത്... എന്തൊക്കെയോ ചോദിച്ചു...ഒന്നും മിണ്ടാതെ പുറത്തോട്ട് നോക്കിയിരുന്നു...

എന്റെ താൽപ്പര്യമില്ലായ്മ കണ്ടാണെന്ന് തോന്നുന്നു പിന്നീട് ഒന്നും ചോദിക്കാൻ വന്നില്ല... ഓരോന്ന് ഓർത്ത് സങ്കടം സഹിക്കാൻ കഴിയാതായപ്പോ അറിയാതെ പൊട്ടികരഞ്ഞു പോയി... മുഖം പൊത്തി കരയുന്ന എന്നെ ഒരുപരിജയവും ഇല്ലാഞ്ഞിട്ട് കൂടി അവൾ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു... ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോ പുറത്ത് എന്നെ കാത്ത് അവരുണ്ടായിരുന്നു... എവിടെക്കാണെന്ന് ചോദിച്ചു...ഉത്തരമില്ലാഞപ്പോ അവരെ കൂടെ കൂട്ടി... ഡേവിച്ചായനൊരു ഓഫീസ് ഉണ്ടിവിടെ...അവിടെയാണ് ജൂലിയും വർക്ക്‌ ചെയുന്നത്... അന്ന് കൂട്ടി കൊണ്ട് വന്നതാ ഈ ഫ്ലാറ്റിലേക്ക്...രണ്ട് റൂമുണ്ട്... ഒന്നിൽ ഞാനും ജൂലിയും മറ്റൊന്നിൽ ഡേവിച്ചായനും... വൈകാതെ അവരിൽ ഒരാളായി ഞാനും മാറി...പതിയെ കഥകൾ എല്ലാം അവരോട് പറഞ്ഞു... ഡേവിചായൻ തന്നെ ഓഫീസിൽ ചെറിയൊരു ജോലി ശെരിയാക്കി..കൂടെ ജൂലിയുള്ളത് കൊണ്ട് മടുപ്പ് തോന്നിയില്ല...

ജൂലി വഴിയാണ് ദീപ്തിയെയും ജെനിയെയും പരിജയം... കമ്പനിയിൽ തന്നെ ഉള്ളതാ...അവര് തൊട്ടപ്പുറത്തെ ഫ്ലാറ്റിൽ ആണ് താമസം... "എന്റെ പൊന്ന് ആമി...ഈ ടീവിയും ഓൺ ആക്കി നീ എന്ത് ചിന്തിച്ചോണ്ടിരിക്കാ...എപ്പോ നോക്കിയാലും കണ്ണ് തുറന്നോണ്ട് സ്വപ്നം കാണുന്നത് കാണാം..." കയ്യിൽ നിന്നും റിമോട്ട് എടുത്ത് ചാനൽ മാറ്റി സെറ്റിലെക്ക് ഇരുന്നവൾ... അവളെ തോളിലേക്ക് തല ച്ചായ്ച്ച് ഞാനും... കാളിങ് ബെൽ അടിച്ചത് കേട്ട് ജൂലി മുഖം ചുളുക്കി എന്നെ നോക്കി... ഡേവിച്ചായനാകും... എണീക്കാനുള്ള മടിയാണ് പെണ്ണിന്... "മടിച്ചി പാറു..." അവളെ തലയിലോന്ന് കിഴുക്കി ഒരു ചിരിയോടെ പോയി ഡോർ തുറന്നു... പ്രതീക്ഷിച്ച പോലെ തന്നെ ഡേവിച്ചായനായിരുന്നു... ആള് സൺ‌ഡേ ഫ്രണ്ട്‌സ്ന്റെ കൂടെ കറങ്ങാൻ പോകും...ഏകദേശം ഈ സമയം ആകും തിരിച്ചു വരാൻ... ആള് ഒന്നു ചിരിച് ഫ്രഷ് ആവാൻ പോയി...ഇന്നിനി റൂമിൽ നിന്നിറങ്ങലുണ്ടാവില്ല... പുറത്ത് നിന്ന് ഫുഡ്‌ കഴിച്ചതൊണ്ട് ആള് ഫ്രഷ് ആയ ഉടനെ കിടക്കും...ഞങ്ങളും കുറച്ച് നേരം ടീവി കണ്ട് വൈകാതെ റൂമിലേക്ക് വലിയും...

പിറ്റേന്ന് രാവിലെ എണീറ്റ് ഫ്രിഡ്ജിൽ നിന്ന് മാവ് എടുത്ത് പുറത്ത് വെച്ചു... എണീറ്റ ഉടനെ കുളിക്കും...എന്നിട്ടെ അടുക്കളയിൽ കയറു...ഇല്ലെങ്കിൽ എല്ലാം ആയി വരുമ്പോഴേക്കും ഒരു നെട്ടോട്ടം ആയിരിക്കും... കോഫി കുടിച് ദോശ ചുട്ടെടുത്തു...കൂടെ തന്നെ ചമ്മന്തിയും... എനിക്കും ഡേവിച്ചായനും മതി...ജൂലിക്ക് ബ്രെഡ് ആണ്...അതിൽ ജാമൊ ന്യുട്ടെല്ലയോ ബട്ടറോ തേച് കഴിക്കും... എല്ലാം കഴിഞ്ഞ് തലയിലെ തോർത്ത്‌ അഴിച് സ്റ്റാൻഡിൽ വിരിച് ഞാൻ റൂമിലേക്ക് ചെന്നാലും ജൂലിയുടെ ഉറക്കം വിട്ടിട്ടുണ്ടാവില്ല... ഒരു ചിരിയോടെ ഡ്രസ്സ്‌ മാറ്റി മുടി കെട്ടി മിതമായി മേക്കപ്പ് ചെയ്യുമ്പോഴേക് ജൂലിയുടെ അലാറം അടിക്കും...അത് കേട്ടാൽ ഒറ്റയടിക്ക് എണീറ്റ് ബാത്‌റൂമിൽ കയറും... കുളിച്ചു എന്ന് ബോധിപ്പിക്കാനായി ഇച്ചിരി വെള്ളം തളിച്ച് ഏതേലും ഒരു ഡ്രസ്സ്‌ എടുത്തിട്ട് മുടി അഴിച്ചിട്ട് മേക്കപ്പും ചെയ്ത് വേഗം ടേബിളിൽ ഹാജർ ആവും...

ഒരുമിച്ച് ഫുഡ്‌ കഴിക്കണം എന്നുള്ളത് ഡേവിച്ചായന് നിർബന്ധമാണ്... കാര്യം പരസ്പരം ഭയങ്കര സ്നേഹമാണെങ്കിലും ഒരു ദിവസം രണ്ട് വട്ടമെങ്കിലും ആളെ വായിൽ നിന്ന് ജൂലിക്ക് ചീത്ത കേട്ടിലെൽ ഒരു സമാധാനകേടാണ്... അതിനുള്ള കാരണങ്ങൾ അവളായിട്ട് ഉണ്ടാക്കി കോളും... ഒരു ചിരിയോടെ ടേബിളിൽ ചെന്നിരുന്നു ഫുഡ്‌ സെർവ് ചെയ്യാൻ തുടങ്ങി... ഡേവിചായൻ കൂടെ വന്നതും പരസ്പരം സംസാരിച്ചു കൊണ്ട് കഴിച്ചു... ജൂലിക്ക് നേരെ വിപരീതമാണ് ഡേവിച്ചായൻ...മിതമായ സംസാരം..എല്ലാ കാര്യങ്ങളും ഓരോ സമയം നിശ്ചയിച് ചെയ്യും...ആൾടെ പ്രയത്നം ഒന്നു കൊണ്ട് മാത്രമാണ് കമ്പനി ഇത്രയും നന്നായി പോകുന്നത്... ഡേവിച്ചായന്റെ കാറിലാണ് ഓഫീസിലേക്ക് പോകാറ്...ഇടക്ക് ആൾക്ക് വേറെ എന്തേലും മീറ്റിംഗോ മറ്റോ ഉണ്ടെങ്കിൽ സ്കൂട്ടി എടുക്കും... ഓഫീസിന് മുന്നിൽ തന്നെ ഹരിയേട്ടനുണ്ടാകും...ഇച്ചായന്റെ ഫ്രണ്ട് ആണ്...ആളും ഇതേ ഓഫീസിലാണ് ജോലി ചെയ്യുന്നത്... ഈ കാത്ത് നിൽപ്പും ഇറങ്ങിയ ഉടനെ എന്നെ കാണുമ്പോഴുള്ള ചിരിയും പതിവാണ്... ഒരു ചിരി മാത്രം തിരിച്ചു കൊടുത്ത് ഞാനും ഉള്ളിലേക്ക് കടക്കും...

പിറകിൽ തന്നെ കുശുമ്പ് പിടിച്ച മുഖവുമായി ജൂലി ഉണ്ടാകും... ഹരിയേട്ടനെന്നോട് മിണ്ടുന്നതോ ചിരിക്കുന്നതോ അവൾക്ക് ഇഷ്ട്ടമല്ല...എന്റെതാണെന്ന് പറയും...ദേഷ്യമല്ല പകരം ഹരിയേട്ടനോടുള്ള അടങ്ങാത്ത പ്രണയം... മറിച് ഹരിയേട്ടന് അവൾ സഹോദരിയാണ്...തന്റെ കൂട്ടുകാരന്റെ അനിയത്തി... ഇത്രയും തന്റെടിയായ ജൂലിക്ക് പ്രണയം പറയാൻ പേടിയാണ്...ഹരിയേട്ടനെ മാത്രം പേടിച്ചല്ല...തന്റെ ഇച്ചായനെ കൂടെ പേടിച് അവരുടെ സൗഹൃദം തകരുമൊന്ന് പേടിച്... കഴുത്തിലുള്ള ഐഡി കാർഡ് ടേബിളിലേക്ക് എറിഞ്ഞു വെള്ളം എടുത്ത് വായിലേക്ക് കമഴ്ത്തി അവളെന്നെ തുറിച്ചു നോക്കി... ഇത് എന്നും പതിവാണ്...കുശുമ്പ് കുത്തിയ നോട്ടം കാണാൻ വല്ലാത്ത ചേലാണ്... കണ്ടിട്ടും കാണാത്ത മട്ടിൽ ഫയൽ എടുത്ത് മറിച്ചു നോക്കി... "ഞാൻ ഇന്ന് പറയും..." "എന്ത്..."

"പ്രണയം...ഇനി നാളെ ചിലപ്പോ ഹരിയേട്ടൻ നിന്നെ വന്നു പ്രൊപ്പോസ് ചെയ്ത എനിക്കത് സഹിക്കാൻ കഴിയില്ല..." "ആയിക്കോട്ടെ...ഫുൾ സപ്പോർട്ട്..." ഫയലിലുള്ള നോട്ടം മാറ്റാതെ പറഞ്ഞു... "നിനക്ക് എന്നെകാളും വലുതാണോ ഈ അൻപത് രൂപയുടെ ഫയൽ...കൊറേ നേരായി..." പറയലും ഫയൽ വാങ്ങി ഊക്കോടെ ടേബിളിലേക്ക് വലിച് എറിയലും കഴിഞ്ഞു... "What's going on here ??..." ദൈവമേ ഇച്ചായൻ...ഞാൻ വേഗം സീറ്റിൽ കയറി ഇരുന്നു...അവൾ വലിച്ചെറിഞ്ഞ ഫയലും പേപ്പർസും പെറുക്കി എടുത്തോണ്ടിരുന്നു... "ജൂലി...ചെറിയ കുട്ടിയല്ല നീ...എനിക്ക് നീ കൊച്ചു കുട്ടിയായിരിക്കാം പക്ഷേ ഇവിടെ ജോലി ചെയ്യുമ്പോ ഇവര് എങ്ങനെയാണോ അതുപോലെയാണ് നീയും...പറ്റില്ലെങ്കിൽ നാട്ടിലേക്ക് പൊക്കോ...അപ്പച്ചന് ഞാൻ വിളിച്ചു പറഞ്ഞോളാം..." ഒന്നും മിണ്ടാതെ തല താഴ്ത്തി നിൽപ്പാണ്...ഇതും പതിവാണ്... ആള് ദേഷ്യത്തോടെ കേബിനിലേക്ക് കയറി പോയി... ഒരു ദീർഘശ്വാസമെടുത്ത് എന്റെ അടുത്ത് വന്നിരുന്നു... "എല്ലാം ഹരിയേട്ടൻ കണ്ടു...ആ ഒരു സങ്കടം മാത്രമേ എനിക്കോള്ളൂ..."

കേട്ട് മടുത്ത പോലെ ഞാൻ അവളെ തുറിച്ചു നോക്കി...അതൊന്നും ശ്രദ്ധിക്കാതെ ടേബിളിലിരുന്ന ഐഡി കാർഡ് എടുത്ത് അവൾ കഴുത്തിലിട്ടു... ദിവസങ്ങൾ മാറ്റമില്ലാതെ കഴിഞ്ഞു പോയി...ഒരു ശല്യതിനും വരില്ലേങ്കിലും പതിവ് നോട്ടവും ചിരിയുമായി ഹരിയേട്ടൻ മുന്നിൽ ഉണ്ടാകും...കുശുമ്പ് കുത്തി കൊണ്ട് ജൂലി പിറകെയും... "നീ എന്റെ ജിമിക്കി കണ്ടോ..." "ആ ഷെൽഫിൽ എങ്ങാനും കാണും..." "ഇല്ലടി ഞാൻ നോക്കി..." "ഒന്ന്കൂടെ നോക്ക്..." അനാർക്കലിയുടെ കൈ റെഡി ആക്കി ഞാൻ തന്നെ ഷെൽഫിൽ പോയി തിരഞ്ഞു കൊടുത്തു...മുന്നിൽ തന്നെയുണ്ട്.. അവൾ കാണില്ലേന്ന് മാത്രം... കമ്മലും പിടിച്ചു ഞാൻ തുറിച്ചു നോക്കിയതും ഒരു വളിച്ച ഇളിയും പാസ്സ് ആക്കി കമ്മലും വാങ്ങി അവള് പോയി... ഓഫീസിലെ മിഥുനിന്റെ കല്യാണമാണ്...അതിന് വേണ്ടിയാണ് കഴിഞ്ഞ ഞായർ ഔട്ടിങ്ന് പോയപ്പോ ഗിഫ്റ്റ് വാങ്ങിയത്...

ഇച്ചായൻ ഇന്നലെ ഒരു മീറ്റിംഗ്ന് പോയത് കൊണ്ട് വരാൻ രണ്ട് ദിവസം പിടിക്കും...അതുകൊണ്ട് തന്നെ അവളെ കൂടെ സ്കൂട്ടിയിൽ വേണം പോകാൻ... എല്ലാം കഴിഞ്ഞ് അവളെ കാത്ത് നിക്കാൻ തുടങ്ങിയിട്ട് പതിനഞ്ചു മിനിറ്റ് ആയി... ഒരുങ്ങിയിട്ടും മതിയാകാത്ത പോലെ വീണ്ടും എന്തൊക്കെയോ കാണിച് കൂട്ടുന്നുണ്ട്... ഇനിയും നിന്നാൽ വൈകുമെന്ന് മനസ്സിലായതും അവളെയും വലിച്ചു ഫ്ലാറ്റ് പൂട്ടി ഞാൻ ഇറങ്ങി... ചെന്ന് ഇറങ്ങിയതും മുന്നിൽ തന്നെ ആരോടോ സംസാരിച്ചു കൊണ്ട് നിൽക്കുന്ന ഹരിയെട്ടൻ.... ഇത്രയും നേരം ഒരുങ്ങിയതും തൃപ്തിയാകാത്ത പോലെ അവള് മുഖം ചുളുക്കി വണ്ടിയുടെ ഗ്ലാസിൽ നോക്കി മിനുങ്ങുന്നുണ്ട്... നാണം കെടുത്തും... അവളുടെ കയ്യും പിടിച് ഉള്ളിലേക്ക് കടന്നു...കണ്ടതും ഹരിയേട്ടൻ ഓടി വന്നു...പതിവുള്ള ചിരി... "വാ...അകത്തേക്ക് പോകാം..." ആള് മുന്നിൽ നടന്നു..പിറകെ ഞങ്ങളും...ഓഡിറ്റോറിയതിന്റെ ഒരു മൂലയിൽ ദീപ്തിയും ജെനിയും നിൽപ്പുണ്ടായിരുന്നു...ഞങ്ങളെ കണ്ടതും അടുത്തേക്ക് വന്നു...

എല്ലാവരും കൂടെ സ്റ്റേജിലേക്കും...ഗിഫ്റ്റ് കൊടുത്ത് പെണ്ണിനേയും പരിജയപെട്ട് ഒരു ഫോട്ടോയും എടുത്ത് ഇറങ്ങി... ഇറങ്ങാൻ കാത്ത് നിന്ന പോലെ മുന്നിൽ ഹരിയേട്ടൻ...കൂടെ ഒരു സ്ത്രീയും..മുഖ സാദൃശ്യവും പ്രായവും വെച്ച് അമ്മയായിരിക്കും എന്ന് ഞാൻ ഊഹിച്ചു... "അമ്മേ...ഇത് ജൂലി...ഡേവിന്റെ സിസ്റ്റർ...പിന്നെ ഇതാണ് ആമി..." അമ്മ ഒരു ചിരിയോടെ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു... "സുന്ദരി കൊച്...." തലയിൽ തലോടി അരുമയായി പറഞ്ഞു... 'അപ്പൊ നാ പൊട്ടനാ...' പിന്നിൽ ജൂലി പിറുപിറുത്തത് ഞാൻ വെക്തമായി കേട്ടു... ഹരിയേട്ടന്റെ വലിയച്ചന്റെ മകനാണ് മിഥുൻ...ഹരിയേട്ടന്റെ അമ്മയും പെങ്ങളും ഉണ്ടാകും...അമ്മായിയമ്മയെ ഇമ്പ്രെസ്സ് ചെയ്യണം എന്നും പറഞ്ഞാണ് ഇല്ലാത്ത ഒരുക്കം ചെയ്ത് ഈ പെണ്ണ് വന്നിട്ടുള്ളത്...ഓർക്കേ ചിരി വന്നു പോയി... കുറച്ച് സംസാരിച്ചു ഫുഡ്‌ കഴിക്കാൻ പോയി...

ഹരിയേട്ടനോട്‌ സംസാരിക്കണം...കാര്യങ്ങൾ എല്ലാം പറയണം...തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും ആ കണ്ണുകളിലെ പ്രണയം താൻ വ്യക്തമായി കണ്ടതാണ്... ജൂലിയോട് ബാത്‌റൂമിൽ പോകണമെന്ന് പറഞ്ഞു എണീറ്റ് ഹരിയെട്ടനെ തപ്പി ഇറങ്ങി... മുന്നിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹരിയെട്ടനെ കണ്ട് ഞാൻ ആൾടെ അടുത്തേക്ക് പോകാൻ നിന്നു... ഒരു ഫോൺ വന്നു ആള് മുന്നിലേക്ക് നോക്കുന്നതും അങ്ങോട്ടു ഓടിപോകുന്നതും കണ്ട് ഞാൻ ആൾടെ പിറകെ പോകാൻ ആഞ്ഞു... മുന്നിലുള്ള വൈറ്റ് കാറിൽ നിന്നും ഇറങ്ങിയ ദേവേട്ടനെ കണ്ട് കാലുകളുടെ ചലനം നഷ്ട്ടപെട്ടവളെ പോലെ ഒരുനിമിഷം തറഞ്ഞു നിന്നു... ഹരിയേട്ടൻ ഓടി പോയി ദേവേട്ടന്റെ കയ്യിൽ പിടിക്കുന്നതും കെട്ടിപിടിക്കുന്നതും ഒരു സ്വപ്നത്തിൽ എന്ന പോലെ മുന്നിൽ കണ്ടു... കോ ഡ്രൈവർ സീറ്റ്‌ തുറന്ന് അപ്പോയെക്കും മറ്റൊരാളും ഇറങ്ങിയിരുന്നു... മുഖത്തേക്ക് നോക്കും മുന്നേ ആ കഴുത്തിലെ താലിയും നെറ്റിയിലെ സിന്ദൂരവും എന്നെ കൊല്ലാതെ കൊന്നിരുന്നു.......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story