പൊഴിയും വസന്തം...💔ഭാഗം 5

pozhiyum vasantham

രചന: സിനു ഷെറിൻ

ദേവേട്ടനോ...!!! അറിയാതെ ചോദിച്ചു പോയി... "അതെ...ആ കൊച്ചന് തന്നെ..." അമ്മയുടെ മറുപടി കേട്ട് അനങ്ങാൻ കഴിയാതെ ഞാൻ നിന്നു... മനസ്സിലൂടെയും ശരീരത്തിലൂടെയും എന്തൊക്കെയോ കടന്ന് പോയി... ഒരടി നടക്കാൻ കഴിയുന്നില്ല...കാല് രണ്ടും ബന്ധിക്കപ്പെട്ടത് പോലെ... ശ്വാസം വിലങ്ങി...ഉമിനീര് പോലും ഇറക്കാൻ കഴിയുന്നില്ല...തൊണ്ടപോലും അടഞ്ഞ പോലെ... മരിച്ചു പോകുമോ എന്ന് ഭയന്നു... സങ്കടങ്ങളെല്ലാം മനസ്സിൽ തന്നെ വെച്ച് അടുക്കളയിലേക്ക് നടന്നു... പാത്രം തിണ്ണയിൽ വെച്ച് ഞാൻ പിടിച്ചു നിന്നു... വീഴാൻ പോകുന്നു... തല കറങ്ങുന്നുണ്ട്... കേൾക്കാൻ പാടില്ലാതതെന്തോ കേട്ടത് കൊണ്ടാവാം... എന്നാലും എന്റെ ദേവേട്ടൻ... അടുക്കളയിലേക്ക് ആരോ നടന്നു വരുന്ന ശബ്ദം കേട്ട് വേഗം തിരിഞ്ഞ് നിന്ന് പൈപ്പ് തിരിച്ചു... കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ കാണാതിരികാൻ ഒരു കുമ്പിൾ വെള്ളം എടുത്ത് മുഖം കഴുകി... പതിയെ ഓരോ പാത്രവും കഴുകാൻ തുടങ്ങി.... "ഇങ്ങോട്ട് നില്ല് കൊച്ചേ... അമ്മ കഴുകാം...മോള് ചെന്ന് കിടക്കാൻ നോക്...

നാളെ രാവിലെ എണീറ്റ് പോകേണ്ടതല്ലേ..." സ്നേഹത്തോടെയുള്ള വാക്കുകൾ... ആള് ഇന്ന് വല്ലാത്ത സന്തോഷത്തിലാണ്... പതിയെ ഒന്ന് ചിരിച്ചേന്ന് വരുത്തി...ആ സന്തോഷം ഞാൻ ആയിട്ട് കളയേണ്ടതില്ലല്ലോ... കൈ രണ്ടും വാതിലിൽ തൂക്കി വെച്ച ചെറിയ ഷീലയിൽ തുടച്ചു... മെല്ലെ അകത്തേക്ക് നടന്നു...ചിന്നു ടീവിക്ക് മുന്നിൽ തന്നെയാണ്... പതിയെ വാതിൽ അടച്ചു കട്ടിലിൽ വന്നിരുന്നു... കൂട്ടി വെച്ച സങ്കടമെല്ലാം പുറത്തേക്ക് വരാൻ തുടങ്ങി... എന്നാലും എന്തൊരു വിധിയാണ് ഇത് ഈശ്വരാ... എത്ര സന്തോഷത്തോടെയാ ഞാൻ നിന്റെ അടുത്തേക്ക് വരാറുള്ളത്... ഒരു സ്വപ്നവുമില്ലാതെ പ്രാരാപ്തം മാത്രം നിറഞ്ഞ ജീവിതത്തിൽ സ്വപ്നം കണ്ടോ എന്ന് പറഞ്ഞൊരു മുഖം കൊണ്ടെന്ന് തന്നില്ലേ നീയ്യ്... സ്വപ്നം കാണാൻ പഠിപ്പിച്ചില്ലേ നീ... ഒന്നും ചോദിച് നിന്നെ ബുദ്ധിമുട്ടിച്ചിട്ടില്ലല്ലോ ഈ പെണ്ണ്... അത്രയും ആഗ്രഹത്തോടെ ചോദിച്ചത് ഒന്ന് മാത്രം അല്ലെ ഒള്ളൂ... അറിയാം...കിട്ടില്ലെന്ന്‌... എന്നാലും...എന്റെയല്ലേ... ദൈവതോട് പരിഭവം പറഞ്ഞ് കൊണ്ടിരുന്നു...

ആരോടെന്നില്ലാതെ സങ്കടം... ഗൗരവത്തോടെയുള്ള മുഖം മുന്നിൽ തെളിഞ്ഞു... ഒരിക്കെ ഏതേലും ഒരുവൾക്ക് വിട്ട് കൊടുക്കേണ്ടി വരും എന്നറിഞ്ഞു കൊണ്ട് തന്നെയാ സ്നേഹിച്ചത്... പ്രണയിച്ചത്....!!! പക്ഷേ ആ ഒരുവൾ തൻറെ ചിന്നു ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല... അവളുടെ സ്വന്തം ആകേണ്ട ഒന്നിനെയല്ലേ ഞാൻ ഇത്രയധികം സ്നേഹിച്ചത്... തെറ്റല്ലേ ചെയ്തത്... ഇരുണ്ട ഭാരത്താൽ മനസ്സ് നിറഞ്ഞു... ചിന്തകളിൽ മുഴുവൻ ആ മുഖം തെളിഞ്ഞു നിന്നു... ഇടക്ക് ചിന്നു വന്നു വാതിൽ മുട്ടിയത് അറിഞ്ഞേങ്കിലും തുറന്നില്ല... ഇന്നെന്റെ രാത്രിയാണ്...ആരെയും അറിയിക്കാതെ പരിഭവം പറയണം എനിക്ക്... ഉറക്കമില്ലാതെ ഒരു രാത്രി... ജനാല തുറന്നിട്ടു...ചെറിയൊരു വെളിച്ചം കയറി വന്നു.. എല്ലാവരും ഉറങ്ങി കാണണം.. എല്ലാം നിശബ്ദമാണ്... തണുത്ത കാറ്റിനൊപ്പം കണ്ണുനീരും ഒഴുകി ഇറങ്ങി... ഇത്രയധികം താൻ സ്നേഹിച്ചിരുന്നോ... അല്ലേലും എന്റെ ചിന്നു നല്ലവളല്ലേ...ഡോക്ടർക്ക് ചെരെണ്ടത് ഡോക്ടർ തന്നെയല്ലേ... ഈ പാവം പെണ്ണിന് അതിനുള്ള യോഗ്യതയുണ്ടോ..

ഇല്ലാ...വെറുതെ മോഹിച്ചു തെറ്റ് ചെയ്തത് ഞാൻ അല്ലെ... എന്റെ ചിന്നു... ഒരുപാട് ഇഷ്ട്ടാ എനിക്കവളെ.. എങ്കിലും ഇന്നേരം ചേച്ചിക്ക് ഇച്ചിരി അസൂയ തോന്നി പോവാ നിന്നോട്... ഞാൻ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാൻ ഭാഗ്യം ലഭിച്ചവളല്ലേ നീ.. നന്നായി വരട്ടെ...മനസ്സിൽ സന്തോഷത്തോടെ അവൾക്ക് വേണ്ടി പ്രാർത്ഥിച്ചു... സമയം കടന്നു നീങ്ങി... ഉറക്കം വരുന്നേ ഇല്ലാ...ഒന്ന് കണ്ണ് അടക്കാൻ കൂടി കഴിയുന്നില്ല... കവിളിൽ കണ്ണുനീർ ഒട്ടിപിടിച്ചിട്ട് വല്ലാത്ത അസ്വസ്ഥത തോന്നി... ഇത്രയധികം ഞാൻ ഇന്നേവരെ കരഞ്ഞിട്ടില്ല... ആർക്ക് വേണ്ടിയും കണ്ണുനീർ പൊഴിചിട്ടില്ല... അറിയില്ല...ഞാൻ എത്രമാത്രം നിന്നെ സ്നേഹിച്ചേന്ന്... സമയം പോയ്‌കൊണ്ടിരുന്നു... ഒന്ന് ഉറങ്ങിയിരുന്നെങ്കിൽ...വല്ലാതെ കൊതിച്ചു പോയി... ജനാലയുടെ ഓരത്ത് തന്നെ ഇരുപ്പ് തുടർന്നു... അലാറം അടിക്കുന്നത് കേട്ട് ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നു.. ദൈവമേ...നേരം ഇത്രയായോ... പെട്ടന്ന് എണീറ്റ് അലാറം ഓഫ്‌ ചെയ്ത് പതിവ് പോലെ രണ്ട് ഗ്ലാസ് ചായ വെച്ച് മുറ്റത്തൊട്ട് ഇറങ്ങി... അഭിയേട്ടനെ കാണാൻ ഇല്ലാ...

രണ്ട് നിമിഷം കാത്ത് നിന്നപ്പോഴേക്കും ആള് നടന്നു വരുന്നത് കണ്ടു... ആളെ കയ്യിൽ പാത്രം കൊടുത്ത് ഞാൻ മുട്ടഎടുത്ത് അകത്തേക്ക് നടന്നു... അഭിയെട്ടനോട് പറയണോ വേണ്ടയോ എന്ന് ആലോചിച്ചു... ഞാൻ പറഞ്ഞില്ലേങ്കിലും അമ്മ പറഞ്ഞു ആളറിയും... രണ്ട് ഗ്ലാസിലേക്ക് ചായ പകർന്നു അതുമായി മുറ്റത്തൊട്ട് ഇറങ്ങി... അതും കുടിച് പതിയെ നടന്നു... "ചിന്നുവിന് ഒരാലോജന.." ഒരു മടക് ചായ കുടിച് കൊണ്ട് ഞാൻ തുടർന്നു... "ദേവേട്ടനില്ലയോ...അഭിയെട്ടന്റെ കൂടെ പഠിച്ച...ഇല്ലിക്കലെ...അവർക്ക് വേണ്ടിയാ..." "നമ്മളെ ദേവനോ...എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ലല്ലോ എന്റെ ആമി.." ഞാൻ നെറ്റിചുളിച്ച് ആളെ മുഖത്തേക്ക് നോക്കി... "അല്ലേലും ചിന്നു ഭാഗ്യമുള്ളവളാ...അവര് ഇങ്ങോട്ട് വന്നു ചോദിച്ചതാണോ..." ആൾക്ക് വല്ലാത്ത സന്തോഷമാണ്... "ഉവ്വ്...നാരായണെട്ടനില്ലേ...അവരോട് ചോദിച്ചതാ...ഇന്നലെയാ..അമ്മ പറയായിരിക്കും ഇനി..." സംഭാഷണം നിലക്കാൻ എന്നോണം ഞാൻ പറഞ്ഞു എല്ലാവർക്കും സന്തോഷമാണ്...അങ്ങിനെയല്ലേ വേണ്ടേ...എന്റെ അനിയത്തിക്കല്ലേ..

പതിവ് തിരക്കിലേക്ക് തിരിഞ്ഞു..ഒന്നും ചെയ്യാൻ കഴിയുന്നില്ല... പുറത്ത് തിരക്ക് അഭിനയിച്ചാലും ഉള്ളിൽ വേദനയാണ്... എന്നാലും...എന്റെയല്ലേ... സ്വാർത്ഥത ഇടക്ക് ഇടക്ക് കയറി വന്നു.. ഇല്ലിക്കൽ തറവാട്ടിലേക്ക് ഇന്ന് അറിഞ്ഞു കൊണ്ട് കണ്ണ് പോയില്ല... ഹൃദയതിൽ ആരോ കൊത്തി വലിക്കും പോലെ... മറക്കാൻ ഞാൻ ശ്രമിച്ചു...കഴിയുന്നില്ല...കഴിയുമായിരിക്കും... "നീയെന്താ കഴിക്കാത്തെ..." ചോറിൽ വിരലിട്ട് ഇളക്കുന്ന എന്നെ കണ്ട് മാളു ചോദിച്ചു "ഒന്നുല്ല...വിശപ്പില്ലേടി" വായിലേക്ക് വെച്ച ഒരു ഉരുള എങ്ങനെയോ ഇറക്കി കൊണ്ട് ഞാൻ പറഞ്ഞു... "അതിന് നീയൊന്നും കഴിച് കാണില്ലല്ലോ...സാരിയുടെ പണം ആലോജിച്ചാണോ..നമ്മക്ക് ശെരിയാക്കം...അടുത്ത മാസം ആകണ്ടേ..." പതിയെ ഒന്ന് തലയാട്ടി ഞാൻ എണീറ്റു... കടയിലെ തിരക്കിൽ ആദ്യമായി ഞാൻ മനസ്സ് കൊണ്ട് ക്ഷീണിച്ചു.. എത്ര തിരക്കായാലും പിടിച്ചു നിൽക്കുന്നതാണ്... എന്നാൽ ഇന്ന് കഴിയുന്നില്ല...ബാഗിൽ നിന്നും ബാം എടുത്ത് നെറ്റിയിൽ പുരട്ടി...കുപ്പി തുറന്ന് ഇച്ചിരി വെള്ളം കുടിച്ചു...

ശമനമില്ല... മാളു ഡോക്ടറെ കാണിക്കാൻ പറഞ്ഞു...എനിക്കല്ലേ അറിയൂ ഇത് മനസ്സിന്റെ വേദനയാണെന്ന്... വൈകീട്ട് ബസ് ഇറങ്ങി നടന്നു... അബൂക്കാടെ കടയിൽ കയറി കുറച്ചു നേരം ഇരുന്നു... ആള് നല്ല ചൂടുള്ള പാൽചായ മുന്നിൽ കൊണ്ടെന്ന് വെച്ചു... "കൊച്ചെന്താ ഉറങ്ങാറില്ലേ..." മുഖത്തു നിന്നും വായിച്ചേടുത്ത പോലെ ചോദിച്ചു... "എല്ലാം ഉണ്ട് അബൂക്കാ...കടയിൽ നിന്ന് വരുവല്ലേ അതിന്റെ ക്ഷീണമാ.." ചായ ഊതി കുടിച്ചു...ഇടക്ക് ആ ടേബിളിൽ തന്നെ തല വെച്ചു കിടന്നു... ആരോ തട്ടിയ പോലെ തോന്നിയപ്പോ പതിയെ എണീറ്റു... "ആമി കൊച്ചായിരുന്നൊ...അവിടെ കിടന്നോ..." അടുത്തുള്ള ബാലേട്ടനാണ്...ആളെ സംസാരം കേട്ട് ഉള്ളിൽ നിന്നും അബൂക്ക ഇറങ്ങി വന്നു... "ആമിയായിരുന്നു ബാല...അവൾ കടേന്ന് വരുവല്ലേ...ക്ഷീണം കൊണ്ട് അവിടെ കിടന്നതാ...ഞാൻ പിന്നെ വിളിക്കാൻ ഒന്നും പോയില്ല..." തോളിലുള്ള തോർത്തിൽ കൈ തുവർത്തി കൊണ്ട് അബൂക്ക പറഞ്ഞു... "അയ്യോ എന്ത് പണിയ അബൂക്ക കാണിച്ചേ...ഒന്ന് വിളിച്ചൂടായിരുന്നോ..സമയത്തിന്റെ കാര്യത്തിൽ എന്നോട് ഒരു സഹതാപവും വേണ്ട...ട്യൂഷനുള്ള കുട്ടികൾ ഇപ്പൊ എത്തും..."

കയ്യിലെ വാച്ചിലെക്ക് നോക്കി രാവിലെ ഏൽപ്പിച്ച പാത്രവും എടുത്ത് ധൃതിയിൽ നടന്നു.. ഉച്ചക്ക് ചെറുതായി മഴ പെയ്തിരുന്നു...അതിന്റെ ബാക്കി എന്നൊണം റോഡിൽ വെള്ളം തങ്ങി നിൽപ്പുണ്ട്...കൂടാതെ ചെറിയ തോതിൽ ഇടിയും... ഇനി ഒരു മഴ വരുമ്പോഴേക്കും വീട്ടിൽ എത്തണം...സൂക്ഷിച് സാരി ചെറുങ്ങനെ ഒന്ന് പൊക്കി നടന്നു... കുറച്ചു നടന്നതെ ഒള്ളൂ...സൈഡിലൂടെ മൊത്തം വെള്ളം തെറിച്ചത് കണ്ട് മുഖം തിരിച്ചു... കുറച്ചു മുന്നിലായി കാർ നിർത്തിയിട്ടുണ്ട്... കയ്യിലെ വെള്ളമൊന്നു കുടഞ് മുഖത്തു പറ്റിപിടിച്ച വെള്ളതുള്ളി തുടക്കാൻ സാരി തലപ് ഉയർത്തിയതും അത് അയലിൽ വിരിച്ചിടാൻ പാകത്തിന് ആയിട്ടുണ്ട്... കൈ കൊണ്ട് തന്നെ മുഖവും തുടച്ച് വേഗം നടന്നു... ആളുകളോട് വഴക്ക് കൂടിയോന്നും ശീലമില്ല...അവരും ചെലപ്പോ കണ്ട് കാണില്ല... അങ്ങനെയാണ് ചെറുപ്പം മുതലേ അച്ഛൻ പഠിപ്പിച്ചിട്ടുളെ...നല്ലൊരു മനുഷ്യൻ ആയിരുന്നു...ആൾടെ തനി പകർപ്പാണ് ഞാൻ എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്... സന്തോഷം തോന്നാറുണ്ട്...എന്തിനാ വെറുതെ വഴക്കും കൂടി ദേഷ്യം വെക്കുന്നെ... നടക്കുന്നതിനിടയിൽ ആ കാർ വന്നെന്റെ തൊട്ടടുത് നിർത്തി... ഞാൻ പതിയെ ഒന്ന് തിരിഞ്ഞു നോക്കി... ഫ്രണ്ട് ഡോർ തുറന്ന് ആള് ഇറങ്ങി വരുന്നു... ദേവേട്ടൻ...!!!

നിശ്ചലമായി നിന്നു... "സോറി കണ്ടില്ല..." ഞാൻ പതിയെ ഒന്ന് തലയാട്ടി... ആളെ നോക്കുന്ന തിരക്കിൽ ആയിരുന്നു ഞാൻ... ഗൗരവം തന്നെയാണ്...വെട്ടി ഒതുക്കി ഭംഗിയാക്കിയ മീശയും താടിയും...മീശയുടെയും താടിയുടെയും ഇടക്ക് ആ കുഞ്ഞു ചുണ്ട് കാണാം...സൂക്ഷിച് നോക്കിയാൽ ആ ചുണ്ടിൽ തൊട്ട് തൊട്ടില്ലേന്ന മട്ടിൽ ഒരു കറുത്ത പുള്ളിയും... മുടി നെറ്റിയിലേക്ക് വീണു കിടപ്പുണ്ട്...ആള് തന്നെ ഇടക്ക് കൈകൊണ്ട് അത് പിന്നിലേക്ക് ഒതുക്കുന്നുമുണ്ട്... "കടയിൽ നിന്ന് വരുവായിരിക്കും അല്ലെ..." ഞാൻ ആളെ സൂക്ഷിച് നോക്കി... "അന്ന് കടയിൽ വന്നപ്പോ ഫയൽ കൊണ്ടന്ന് തന്നത് താൻ തന്നെയല്ലേ..." നെറ്റിയിൽ വിരൽ തിരുമ്മി ആള് ചോദിച്ചതും ഞാൻ ആൾടെ മുഖത്തേക്ക് നോക്കുകയായിരുന്നു... ക്ഷീണം കാണുന്നുണ്ട്... അതിനെങ്ങനെയാ ദിവസവും ട്രിപ്പ്‌ എന്നും പറഞ്ഞു കറങ്ങുവല്ലേ... ആദ്യമായി സ്നേഹത്തിൽ പൊതിഞ്ഞ ദേഷ്യം നിറഞ്ഞു...ആമി എന്ന പെണ്ണിൽ ഇത് ആദ്യമായിട്ടായിരിക്കാം... പെട്ടന്ന് ബാഗിൽ കയ്യിട്ട് ബാം എടുത്ത് കൊടുത്തു...

"ഏയ്...നോ താങ്ക്സ്...ഒന്ന് കിടന്നാൽ തീരാവുന്നെ ഒള്ളൂ...എന്ന ശെരി..." കാറും എടുത്ത് ആള് പോയി കഴിഞ്ഞാണ് എന്നെ ഇപ്പോഴും ഓർത്തിരിക്കുന്നുണ്ടോ എന്നാലോജിച്ചത്... ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... ഞൊടിയിടയിൽ അത് മാഞ് പോവുകയും ചെയ്തു... എങ്കിലും ക്ഷീണം വിട്ടിരിക്കുന്നു...സങ്കടം ഒരൽപ്പം കുറഞ്ഞിരിക്കുന്നു... വീട്ടിലെക്ക് കയറിയതും അമ്മയും സുലുവെച്ചിയും തമ്മിൽ വലിയ ചർച്ചയിൽ ആണ്... ഇടക്ക് എന്നെ കുറിച്ചും പതുങ്ങി പറയുന്നത് കേട്ടു... ചേച്ചി നിൽക്കുമ്പോൾ എങ്ങനെയാ അനിയത്തിയേ...സാരം അതാണ് അമ്മയുടെ സങ്കടമാണ്...ഇടക്ക് കണ്ണ് തുടക്കുന്നുണ്ട്... വരവറിയിച്ചു കൊണ്ട് ഉള്ളിലേക്ക് കടന്നു...അമ്മ മുഖത്തെ ഭാവം മാറ്റി ചിരിക്കുന്നുണ്ട്... അറിയാം എന്നെ കാണിക്കാനുള്ള അഭിനയം ആണെന്ന്... രണ്ട് വാക്ക് വിശേഷം തിരക്കി ഞാൻ ഒരു കൂട്ടം ചുരിദാർ എടുത്ത് കുളിമുറിയിൽ കയറി... ശബ്ദം ഇല്ലാതെ തേങ്ങി... ഇനി ആരെയും സ്വീകരിക്കാൻ ആവില്ലമ്മേ...ഇത്രയും നാൾ ആഗ്രഹിചോരു ദിവസത്തിനായുള്ള കാത്തിരിപ്പായിരുന്നു...

ഇനി ഇല്ലാ...എങ്കിലും... മറ്റാരെയും ആ സ്ഥാനത് കാണാൻ കഴിയില്ല... കണ്ണുനീർ വെള്ളത്തിനൊപ്പം ഒലിച്ചിറങ്ങി... കുളി കയിഞ്ഞ് ഇറങ്ങിയപ്പോഴേക്കും സുലുവെച്ചി പോയിരുന്നു... ചായ കുടിച് ട്യൂഷനെന്ന പേരും പറഞ്ഞിരുന്നു... ചിന്ത മറ്റേവിടെയോ ആയിരുന്നു... രാത്രി ആവുന്നത് തന്നെ പേടിയാണ്... ചിന്തകൾ നിറയുന്നത് അപ്പോഴാണ്...രാവിലെ മുതൽ തിരക്കിൽ ആവും...ഓർമ്മകൾ ഇടക്ക് കയറി വരുവോള്ളൂ.. എന്നാൽ രാത്രി അങ്ങനെയല്ല... ഓരോന്ന് ഓർത്ത് ടേബിളിൽ ഇരിക്കുമ്പോഴാണ് ചിന്നു കയറി വന്നത് "എന്ത് പറ്റി ആമി...സുഖമില്ലേ..." "ചെറിയൊരു തലവേദന...ഗുളിക വാങ്ങാൻ മറന്നു...ബാം പുരട്ടി നോക്കി...കുറയുന്ന ലക്ഷണം കാണുന്നില്ല..." "ആണോ...എന്നിട്ട് നീയെന്താ വൈകീട്ട് പറയാഞ്ഞേ...ഞാൻ അബിയെട്ടനെ വിളിച്ചു പറയാം..ആള് കടയിൽ നിന്നും പോന്നു കാണില്ല..."

മറുപടി കാക്കാതെ അവൾ ഫോൺ എടുത്ത് വിളിച്ചു പറഞ്ഞു... കുറച്ചു നേരം കഴിഞ്ഞതും ഉമ്മറത്തു നിന്നും അബിയെട്ടന്റെ ശബ്ദം കേട്ടു... ഞാൻ എണീറ്റ് ചെന്നു നോക്കി... "എന്ത് പറ്റിയെടി...കുറവില്ലേ..." ആള് നെറ്റി തൊട്ട് കൊണ്ട് ചോദിച്ചു.. "ബാം പുരട്ടി...ഇപ്പൊ ചെറിയൊരു ആശ്വാസമുണ്ട്..." "ചിന്നു പെണ്ണെ...കല്യാണ കാര്യമൊക്കെ ഞാൻ അറിഞ്ഞു കേട്ടോ..." ആള് തമാശയിൽ തിണ്ണയിൽ ഇരിക്കുന്ന ചിന്നുവിന്റെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു... "അഭിയെട്ടൻ ഇരിക്...ഞാൻ ചായ എടുക്കാം..." "വേണ്ട കൊച്ചെ..വയ്യാത്തതല്ലേ..നീ കിടന്നോ...ഞാൻ എടുത്ത് കൊടുത്തോളാം..." അമ്മയെ അവിടെ തന്നെ ഇരുത്തി ഞാൻ അടുക്കളയിലേക്ക് നടന്നു... ചായക്ക് വെള്ളം വെച്ച് തിണ്ണയിൽ ചാരി നിന്നു... ആ വിഷയം കേൾക്കാൻ താൽപ്പര്യം ഇല്ലാത്തത് കൊണ്ടാ ചായയുടെ പേരും പറഞ് അടുക്കളയിലേക്ക് പോന്നത്... എല്ലാവർക്കും സന്തോഷമാണ്...ഞാൻ ആയിട്ട് അത് നശിപ്പിക്കരുത്... ഒരു ഗ്ലാസിൽ വെള്ളം എടുത്ത് മരുന്ന് കുടിച്ചു...കൂടെ പഞ്ചസാരയും തേയിലയും ഇട്ട് കട്ടൻ ഇട്ടു...

ഒരു ഗ്ലാസിൽ ഒഴിച്...ഇച്ചിരി കായവറുത്തതും ഒരു പ്ലേറ്റിൽ എടുത്ത് ഉമ്മറത്തെക്ക് നടന്നു... "അവന് നല്ലവന സുമേച്ചിയേ...പിന്നെ ഇല്ലിക്കൽ കാരെ അറിയില്ലേ നിങ്ങൾക്ക്...അവിടേക് പോകാ എന്ന് വെച്ച അത്രയും ഭാഗ്യം വേറെന്താ..ദേവനെ കുറിച്ചാനേൽ എന്റെ കാഴ്ചപാടിൽ ഒരു കൊഴപ്പവുമില്ല..ഡോക്ടർ അല്ലെ അവന്...കറങ്ങി നടത്തം ഒക്കെ കല്യാണം കഴിഞ്ഞാൽ ചിന്നു മാറ്റിക്കോളും അല്ലേടി..." അഭിയെട്ടന്റെ വാക്കിൽ നെഞ്ചോന്ന് വിങ്ങി...ഒന്നും അറിയിക്കാതെ ചായ കൊണ്ട് കൊടുത്തു...ചിന്നുവിന്റെ മുഖം ചുവന്നു തുടുക്കുന്നുണ്ട്... ഇത്രയും ഭാഗ്യം കുറഞ്ഞവളാണോ താൻ... ചുമരിൽ ചാരി നിന്നു... "മരുന്ന് കഴിച്ചോ നീയ്യ്..."അഭിയെട്ടനാണ്...നേർതോരു മൂളൽ ആയിരുന്നു മറുപടി... കുറച്ചു നേരം ഇരുന്ന് ആള് പോയി... റൂമിൽ എത്തി കിടക്കാൻ നേരം ചിന്നു ഫോണും കൊണ്ട് വരുന്നത് കണ്ടു... "ആമി...അത് പിന്നെ..." നിന്ന് കറങ്ങുന്നുണ്ട്...ദേവേട്ടനെ കുറിച്ചാണ് ചോദ്യം എന്ന് അവളുടെ കറങ്ങലിൽ നിന്ന് മനസ്സിലായി... ഒരു പെണ്ണിന്റെ മനസ്സ് ഇച്ചിരി കഷ്ട്ടപെട്ടാനെലും മറ്റൊരു പെണ്ണിന് മനസ്സിലാകും...

"എന്താണാവോ...ദേവേട്ടനെ കുറിച്ചാണോ..."കവിളിൽ പതുക്കെ ഒന്ന് നുള്ളി കൊണ്ട് ചോദിച്ചു... "ഇതാണോ ആള്..." മടിച്ചു മടിച്ചവൾ ഫോൺ എന്റെ നേരെ നീട്ടി ചിരിച് കൊണ്ട് മുടി ഒതുക്കുന്നതിനിടയിൽ എടുത്തോരു ഫോട്ടോ...ഫോൺ വാങ്ങി ഞാൻ താഴോട്ട് നീക്കി നോക്കി... ഒരുപാട് ഫോട്ടോസ്...ആൾടെ ഇൻസ്റ്റയിലെ ഫോട്ടോസ് ആണ്.. നോക്കി നിന്നുപോയി ഞാൻ...ആൾടെ ഐഡിയും ഉള്ളിൽ കുറിച്ചിട്ടു.. ഒന്ന് തലയാട്ടിയതും അവൾ ചമ്മലോടെ ഫോൺ വാങ്ങി പോയി... ഇത്രയും നാൾ ആയിട്ടും ഇങ്ങനെ ഒരു ഐഡിയ തോന്നിയില്ലല്ലോ എന്നാലോജിച്ചു തലകടിചു... വാതിൽ അടച്ചു ആൾടെ ഐഡി എടുത്തു... നൂറിൽ അധികം പോസ്റ്റ്‌ ഇട്ടിട്ടുണ്ട്...അധികവും ട്രിപ്പ്‌ പോയപ്പോൾ എടുത്തതാണെന്ന് തോന്നുന്നു... കണ്ടിട്ടും മതിയാകാത്ത പോലെ നോക്കി കണ്ടു...തന്റെ പോലെ തന്നെ ചിന്നുവും അവിടെ ഇരുന്ന് സ്വപ്നം കാണുവായിരിക്കും...

എന്തൊരു വിധിയാണ് ഇത് ഈശ്വരാ.. അവൾക്കുള്ളതാണെന്ന് അറിയാം...വിട്ട് കൊടുക്കാൻ മനസ്സ് അനുവദിക്കുന്നില്ല... ജനാല തുറന്നിട്ടു...ചെറുങ്ങനെ മഴ പെയ്യുന്നുണ്ട്...തണുപ്പുമുണ്ട്... ഓരത്തിരുന്നു പുറത്തോട്ട് നോട്ടം പായിച്ചു... ദിവസങ്ങൾ കൊഴിഞ്ഞു വീണു... ഒരിക്കെ വൈകീട്ട് കടയിൽ നിന്നും വീട്ടിലെത്തിയപ്പോ അമ്മയും ചിന്നുവും മുത്തശ്ശിയും എല്ലാം അടുക്കളയിൽ ആണ്... എന്തൊക്കെയോ പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിൽ ആണ്... "എന്താ അമ്മേ...വിശേഷിച്ച്..." ചോദിച്ചു കൊണ്ട് കയറി ചെന്നു... "നീ വന്നോ...പോയി കുളിച് ഈ സാരി ഒന്ന് മാറ്റി പുതിയൊരു സാരി ഉടുത്ത് വാ..." മറുപടിയിൽ നിന്നും കാര്യം മനസ്സിലായ ഞാൻ ഒന്നുകൂടെ ഉറപ്പിക്കാൻ എന്നൊണം ചിന്നുവിനെ തോണ്ടി... അവളുടെ മുഖത്തും ചിരിയുണ്ട്...നെഞ്ചിലൂടെ കൊള്ളിയാൻ മിന്നി... "എന്തിന്..."അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ ചോദിച്ചു... "ഒരു കൂട്ടർ വരുന്നുണ്ട്...നിന്നെ കാണാൻ...ഒന്നും പറയണ്ട..നീ പോയി ഒരുങ്..." "അമ്മേ എനിക്ക്..." "കാണാൻ വരുന്നല്ലേ ഒള്ളൂ..ഇഷ്ട്ടായാൽ മാത്രേ കല്യാണം ഒള്ളൂ...ഇപ്പൊ നീ മോശമല്ലാത്ത ഒരു സാരി ഉടുക്കാൻ നോക് കൊച്ചെ..." പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് അറിയാവുന്നത് കൊണ്ട് റൂമിലേക്ക് പോന്നു... കരച്ചിൽ വരുന്നുണ്ട്...എല്ലാം അടക്കി പിടിച്ചു...

ഇനിയും ആർക് വേണ്ടിയാ കാത്തിരിക്കുന്നെ... ഒരിക്കെ ഏതേലും ഒരു താലിക്ക് തല കുനിക്കേണ്ടി വരും...ഇതാവുമ്പോൾ അനിയത്തിക്ക് മുന്നേ ചേച്ചിയുടെതും ശെരിയായല്ലോ... കുളി കയിഞ്ഞ് അമ്മയുടെ ആഗ്രഹം പോലെ ഒരു സാരി ഉടുത്തു... മുടി നനഞ്ഞത് കാരണം അഴിച്ചിട്ടു... ഒരു പൊട്ട് നെറ്റിയിൽ തൊട്ടപ്പോഴേക്കും ചിന്നു റൂമിലോട്ട് കയറി വന്നു... "മതി പെണ്ണെ അവര് വന്നു...ഒന്നും ഇല്ലാതെ തന്നെ നീ സുന്ദരിയാ...ആർക്കാ എന്റെ ആമിയേ ഇഷ്ട്ടം ആവാതിരിക്കാ..." കവിളിൽ ഒന്ന് മുത്തി കൊണ്ടവൾ പറഞ്ഞു.. എന്റെ കയ്യും പിടിച്ചു ചിന്നു നടന്നു...ഇച്ചിരി ടെൻഷനോടെ ഞാൻ പിന്നിലും... ചുമരിനോട്‌ ചാരി പതിയെ നിന്നു...ആരും ഒന്നും മിണ്ടുന്നില്ല...ഞാനും അടങ്ങി ഒരു മൂലയിൽ നിന്നു... "ഭയങ്കര നാണമാ...അത് നിങ്ങൾക്ക് അറിയാമല്ലോ അല്ലെ..." ഏറെ നേരത്തെ നിശബ്ദതയെ കീറി മുറിച് കൊണ്ട് ചിന്നു പറഞ്ഞതും അവിടെ ഒരു കൂട്ട ചിരി മുഴങ്ങി.. ഒന്ന് തല ഉയർത്തി നോക്കിയ ഞാൻ മുന്നിൽ ചിരിയോടെ ഇരിക്കുന്നവരെ കണ്ട് ഒരു നിമിഷം ഞെട്ടി... അഭിയേട്ടൻ....!!! .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story