പ്രണയഗീതം: ഭാഗം 1

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"അച്ഛാ... അമ്മേ... ഒന്ന് പെട്ടന്ന് വരോ... " ശ്രേയയുടെ വിളി കേട്ട് രാമദാസനും രമയും ഉമ്മറത്തേക്ക് വന്നു... ആ സമയം ശ്രേയ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു... "എന്താടീ ഇത്ര സന്തോഷം... നിനക്ക് വല്ല ലോട്ടറിയും അടിച്ചോ... " രാമദാസൻ ചോദിച്ചു... "അടിച്ചു അച്ഛാ അടിച്ചു... ഒരു ലോട്ടറിതന്നെയടിച്ചു... എനിക്ക് ജോലി കിട്ടി... അന്ന് ഞാനൊരു ജോലിക്ക് അപേക്ഷ കൊടുത്ത് ഇന്റർവ്യൂന് പോയില്ലേ... അവിടെ നിന്ന് വിളി വന്നിരിക്കുന്നു... എന്നെ അവിടെ അക്വൌണ്ടന്റായി നിയമിച്ചെന്ന്... പക്ഷേ ഒരു കുഴപ്പമുണ്ട്... കുറച്ച് ദൂരെയാണ് കിട്ടിയത്... " അവൾ സ്ഥലം പറഞ്ഞുകൊടുത്തു... "അത് ഒരുപാട് ദൂരമല്ലേ... ഇവിടുന്ന് എങ്ങനെ പോയി വരും... മാത്രമല്ല അത്രയും ദൂരം നിന്നെ തനിച്ചെങ്ങനെ പറഞ്ഞു വിടും... " രമ ചോദിച്ചു... "അതിന് പ്രശ്നമില്ല... അവിടെ ഹോസ്റ്റൽ കാണുമല്ലോ... അവിടെ താമസിക്കാലോ... "

"അത് നന്നായി... നിന്നെ തനിച്ചോ... അത് പറ്റില്ല... നിന്റെ ഏട്ടൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ... " "ഏട്ടനെ ഞാൻ പറഞ്ഞ് സമ്മതിപ്പിച്ചോളാം... നിങ്ങൾ സമ്മതിച്ചാൽ മതി... " "അത്രയും ദൂരം നിന്നെ തനിച്ച് വിടുന്ന കാര്യം നീ ആലോചിക്കേണ്ട... അല്ലെങ്കിൽ പരിചയമുള്ള ആരെങ്കിലും വേണം... ഇതൊന്നുമില്ലാതെ എന്തു വിശ്വസിച്ചാണ് നിന്നെ വിടുന്നത്... ജോലി ഇനിയും കിട്ടും... ഇവിടെ എവിടെയെങ്കിലും കിട്ടുമല്ലോ എന്നു കരുതിയാണ് നിന്നെ ഇന്റർവ്യൂന് തന്നെ പറഞ്ഞച്ചത്... ഇങ്ങനെയാണെങ്കിൽ ഇതിനൊന്നും ആദ്യമേ സമ്മതിക്കില്ലായിരുന്നു... " രമ പറഞ്ഞു... "ഈ അമ്മക്ക് എന്തിന്റെ കേടാണ്... എത്ര ശ്രമിച്ചിട്ടാണ് ഇതുപോലൊരു ജോലി കിട്ടിയത്... എന്നിട്ടത് വേണ്ടെന്ന് വെക്കുകയോ... ഇല്ല എന്തായാലും ഇത് വേണ്ടെന്ന് വക്കില്ല... അച്ഛാ അമ്മയോട് ഒന്ന് പറഞ്ഞ് മനസ്സിലാക്ക്... " എന്തോ ആലോചിക്കുകയായിരുന്ന രാമദാസൻ അത് കേട്ടില്ല... "എന്താ അച്ഛാ ഒന്നും മിണ്ടാത്തത്.. " "എന്നാണ് നിനക്ക് ജോയിൻ ചെയ്യേണ്ടത്... " രാമദാസൻ ചോദിച്ചു...

"അടുത്ത വ്യാഴായ്ച്ച..." "വ്യാഴായ്ച്ചയോ... അപ്പോൾ ബുധനാഴ്ച ഇവിടെനിന്നും പോകേണ്ടിവരില്ലേ... " "വേണം... എന്താ അച്ഛാ..." "അന്ന് എനിക്കും ശരത്തിനും ചെന്നെ വരെ പോകാനുള്ളതാണ്... അത് മാറ്റിവക്കാൻ പറ്റില്ല... അത്രക്ക് അർജന്റ് മീറ്റിങ്ങാണ്... അന്നേരം ആരാണ് നിന്റെ കൂടെ വരുന്നത്... " "എന്റെ അച്ഛാ... എന്നെ ഇവിടെനിന്ന് ബസ്സ് കയറ്റിത്തന്നാൽ മതി... ഞാനവിടെ എത്തിക്കോളാം... പിന്നെ വായിൽ നാവില്ലേ... ആരോട് ചോദിച്ചാലും കാര്യങ്ങൾ മനസ്സിലാക്കാമല്ലോ... " "ഏതായാലും നമുക്ക് ആലോചിക്കാം... സമയമുണ്ടല്ലോ ശരത്ത് വരട്ടെ... അവന്റെ അഭിപ്രായം എന്താണെന്നുകൂടി അറിയട്ടെ... " ശിവദാസൻ മുറിയിലേക്ക് നടന്നു... "എടീ നിനക്ക് എന്തിന്റെ കേടാണ്... നീയവിടെ ഒറ്റക്ക് താസക്കുമ്പോൾ ഇവിടെയുള്ളവർ മനഃസമാധാനത്തോടെ എങ്ങനെയാണ് കഴിയുന്നത്... " "ലോകത്ത് ഇങ്ങനെ ജോലി കിട്ടി പോകുന്നത് ആദ്യത്തെ അനുഭവമല്ലല്ലോ... എത്രയോ പെൺകുട്ടികളാണ് ജോലിക്കായാലും പഠിക്കാനായാലും ഹോസ്റ്റലിൽ മുറിയെടുത്ത് താമസിക്കുന്നു... അതും ഓരോരോ നാട്ടിൽ പോയിട്ട്... ഇത് എപ്പോൾ വേണമെങ്കിലും പോയി വരാവുന്ന ദൂരമല്ലേയുള്ളൂ... "

"നിന്നോട് സംസാരിച്ച് ജയിക്കാൻ ഞാനില്ല... അച്ഛൻ പറഞ്ഞതുപോലെ ശരത്ത് വരട്ടെ അവന്റെ അഭിപ്രായവും നോക്കണമല്ലോ... " രമയും അകത്തേക്ക് നടന്നു... ശ്രേയയുടെ മുഖത്ത് നിരാശ പടർന്നു... കണ്ണുകൾ നിറഞ്ഞു... രമ അകത്തേക്ക് ചെന്നപ്പോൾ രാമദാസൻ കട്ടിലിൽ കിടന്ന് എന്തോ ആലോചിക്കുകയായിരുന്നു... "നിങ്ങളെന്താണ് ആലോചിക്കുന്നത്... മോൾ പറയുന്നത് കേട്ടില്ലേ... അവൾക്ക് അത്രയും ദൂരത്തുള്ള ജോലിക്ക് പോയേ പറ്റൂ എന്ന്... " രമ പറഞ്ഞു... ഉം... അവൾ ഇതുപോലൊരു ജോലി സ്വപ്നം കണ്ടതല്ലേ... അത് കിട്ടിയിട്ട് പോകാൻ കഴിയാതിരിക്കുമ്പോൾ ആർക്കും സങ്കടമുണ്ടാവില്ലേ... ഒരു കണക്കിന് ആ ജോലി അവൾക്ക് കിട്ടിയ ഒരു രക്ഷപ്പെടൽ കൂടിയല്ലേ രമേ... അവനെ പേടിക്കാതെ ഇവൾക്ക് മനഃസമാധാനത്തോടെ ജീവിക്കാലോ... " "എന്നുകരുതി...

നമ്മുടെ മോളെ ഒറ്റക്ക് അവിടേക്ക് പറഞ്ഞയക്കണമെന്നാണോ... ഒരു തെമ്മാടി അവളുടെ പുറകെ പലതും പറഞ്ഞ് നടക്കുന്നുണ്ടെന്ന് കരുതി അവളെ പരിചയമില്ലാത്ത നാട്ടിലേക്ക് പറഞ്ഞയക്കണമെന്നാണോ... അവന്റെ തെമ്മാടിത്തരത്തിന് നാലെണ്ണം പൊട്ടിച്ചു കൊടുക്കുകയാണ് വേണ്ടത്... അല്ലെങ്കിൽ പോലീസിൽ ഒരു പരാതി കൊടുക്കുക... " "ഒരിക്കൽ ഒരു പരാതി കൊടുത്തിട്ട് എന്താണ് ഉണ്ടായതെന്ന് നിനക്കറിയില്ലേ... അവനെതിരെ ഒരു പോലീസിനും കേസെടുക്കാൻ കഴിയില്ല... കൊടുത്താൽ അവരെയും വെറുതെ വിടുമോ... മാത്രമല്ല അവനെതിരെ നമുക്ക് അങ്ങനെ ചെയ്യാൻ കഴിയുമോ...അതുപോലെ അവനോട് ചോദിക്കാൻ ചെന്ന ശരത്തിന് അവന്റെ കയ്യിൽനിന്നും കിട്ടിയത് മറന്നോ നീ... കയ്യൊടിഞ്ഞ് മൂന്നു മാസമാണ് അവൻ ബുദ്ധിമുട്ടിയത്... നമ്മുടെ മോള് അവിടെയാണെങ്കിൽ ഈ കാര്യത്തിലെങ്കിലും നമുക്ക് മനഃസമാധാനമുണ്ടാകുമല്ലോ... "അത് ശരിതന്നെ.. എന്നാലും ഒറ്റക്ക് അവൾ അവിടെ... അതോർക്കുമ്പോഴാണ് എനിക്ക്... "

"അതോർത്ത് നീ വിഷമിക്കേണ്ട.. നീ വരുമ്പോൾ ഞാനോലോചിച്ചത് അതിനെക്കുറിച്ചായിരുന്നു... നമ്മുടെ വാസുദേവൻ ഇപ്പോൾ അവിടെയെവിടേയോ അല്ലേ താമസിക്കുന്നത്... ഞാനവനെ വിളിച്ചു നോക്കാം... അവന്റെ വീട്ടിൽ ഇവളെ താമസിപ്പിക്കാൻ അവൻ സമ്മതിക്കുകയാണെങ്കിൽ അത് നമുക്കുമൊരു ആശ്വാസമാകില്ലേ... അവളുടെ ആഗ്രഹവും നടക്കുകയും ചെയ്യും... " "ഏത് നമ്മുടെ തെക്കേ ലെ വാസുവേട്ടനോ... " "അതെ... " "അവർ സമ്മതിക്കുമോ... അതും നമ്മുടെ മോളെ... മാത്രമല്ല അവർക്ക് നമ്മളെ ഇപ്പോൾ ഓർമ്മയുണ്ടാകുമോ..." വർഷം പത്തിരുപതായില്ലേ അവർ ഇവിടെനിന്ന് പോയിട്ട്... ഇതുവരേയും ഒരു വിളി പോലും അങ്ങോട്ടും ഇങ്ങോട്ടുമുണ്ടായിട്ടില്ല... " "ആരു പറഞ്ഞു നമ്മൾ വിളിക്കറില്ലെന്ന് പറ... അവൻ കഴിഞ്ഞ നാലുവർഷംമുന്നേവരെ വിളിച്ചിരുന്നു... അന്നേരമല്ലേ എന്റെ ഫോൺ പോയത്... അതോടെ എന്റെ നമ്പറും മാറി അവന്റെ നമ്പറും പോയി... അവന്റെ അനിയന്റെ നമ്പർ എന്റെ കയ്യിലുണ്ട്... അവനെ വിളിച്ച് വാസുദേവന്റെ നമ്പർ വാങ്ങിക്കാം...

ഏതായാലും ശരത്ത് വന്നിട്ട് അവന്റെ അഭിപ്രായം കൂടി കേൾക്കാം... എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം... " സന്ധ്യയാകുമ്പോഴേക്കും ശരത്ത് വന്നു... അവൻ കുളിച്ച് വന്ന് ചായ കുടിക്കാനിരിക്കുമ്പോൾ രാമദാസൻ അവന്റടുത്തേക്ക് വന്നു... "മേനേ ശരത്തേ... ശ്രേയമോൾ കുറച്ചുദിവസം മുന്നേ ഒരു ഇന്റർവ്യൂന് പോയത് നിനക്ക് ഓർമ്മയില്ലേ... ആ ജോലി അവൾക്ക് കിട്ടി... പക്ഷേ കിട്ടിയത് ഇവിടെയൊന്നുമല്ല... " രാമദാസൻ അവനോട് സ്ഥലം പറഞ്ഞു... "എന്നിട്ട് അച്ഛനുമമ്മയും അതിന് അനുവാദം കൊടുത്തോ... " "ഇല്ല... നിന്റെ അഭിപ്രായം കൂടി അറിയട്ടെ എന്നു കരുതി..." "അത്രയും ദൂരം അവളെ എങ്ങനെയാണ് വിടുന്നത്... വല്ല ഹോസ്റ്റലിലെ താമസിക്കാമെന്ന് വച്ചാൽ അതും പ്രശ്നമാണ്... അറിയാത്ത നാട്ടിൽ അവളൊറ്റക്ക് എങ്ങനെയാണ് അച്ഛാ കഴിയുന്നത്... ഒരു കണക്കിന് അവൾ ഇവിടെനിന്ന് മാറുന്നതാണ് നല്ലതെന്ന് ഞാനും ആഗ്രഹിച്ചതാണ്... ആ സുധീറിന്റെ ശല്യമില്ലാതെ അവൾക്ക് കഴിയാമല്ലോ... "

"അത് ഞങ്ങൾക്കും തോന്നി... മാത്രമല്ല അവൾ ഒരുപാട് ആഗ്രഹിച്ചതല്ലേ ഒരു ജോലി... നമ്മുടെ തെക്കേല് പണ്ട് താമസിച്ചിരുന്ന വാസു ദേവനെ നിനക്ക് ഓർമ്മയില്ലേ... അവർ അവിടെ എവിടെയോ ആണ് താമസം... നിന്നെയൊക്കെ ഒരുപാട് എടുത്തുവളർത്തിയവളല്ലേ അവന്റെ ഭാര്യ രേഖ... അവരുടെ മകനും നിന്റെ കൂടെ കളിച്ചുവളൻന്നവനാണ്... " "ഏത്... നമ്മുടെ ഗിരിയുടെ കുടുംബത്തിന്റെ കാര്യമാണോ പറയുന്നത്..." "അതെ... അവിടെ അടുത്താണെങ്കിൽ അവളെ അവിടെ താമസിപ്പിച്ചാലും മതിയായിരുന്നു... പക്ഷേ അവന്റെ നമ്പർ അന്ന് ഫോൺ പോയതോടെ നഷ്ടപ്പെട്ടു... അവന്റെ അനിയനെ വിളിച്ച് നമ്പർ സംഘടിപ്പിക്കാം... പക്ഷേ പ്രശ്നം വേറേയുമുണ്ട്... അടുത്ത വ്യാഴായ്ച്ചയാണ് ജോയിൻ ചെയ്യേണ്ടത്... ബുധനാഴ്ച അവിടെയെത്തണം... " "അതെങ്ങനെയാണ്... ബുധനാഴ്ച നമുക്ക് ചെന്നൈയിൽ പോകേണ്ടതല്ലേ... " "അതെ... അവൾ പറയുന്നത് അവളെ ബസ്സ് കയറ്റി വിട്ടാൽ മതിയെന്നാണ്... "

"അതു വേണ്ട... നമുക്ക് മറ്റെന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കാം... സമയമുണ്ടല്ലോ... ഞാനൊന്ന് നോക്കട്ടെ... " "ഏതായാലും ഞാൻ വാസുദേവന്റെ അനിയൻ ദേവദാസനെ വിളിച്ച് നമ്പർ വാങ്ങിക്കട്ടെ... " വാസുദേവൻ തന്റെ ഫോണെടുത്ത് ദേവദാസനെ വിളിച്ച് വാസുദേവന്റെ നമ്പർ സംഘടിപ്പിച്ചു... അതുകഴിഞ്ഞ് വാസു ദേവനെ വിളിച്ചു... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "രേഖേ അവനെവിടെ പോയതാണ്... രാവിലെ ഇറങ്ങിയതാണല്ലോ... " വാസുദേവൻ ചോദിച്ചു... "ആർക്കറിയാം... ഇപ്പോൾ രണ്ടു ദിവസമായി രാവിലെ നേരത്തേ പോകുന്നുണ്ട്... എവിടേക്കാകുന്നു എന്നൊന്നും പറയാറില്ല... എന്തു ചോദിച്ചാലും മറുപടിയില്ല... ആ പെണ്ണിനെ അവൻ അത്രക്ക് ഇഷ്ടപ്പെട്ടിരുന്നു... പക്ഷേ അവൾക്കത് ഒരു നേരംപോക്കായിരുന്നു എന്ന് നമ്മുടെ മോന് മനസ്സിലായില്ല... ഇപ്പോഴവളുടെ വിവാഹവും ഉറപ്പിച്ചു... അതും മുറച്ചെറുക്കനായിട്ട്... "

അവനെ പറഞ്ഞിട്ട് കാര്യമില്ല... അന്ന് അവളെ നമ്മൾ കണ്ട് സംസാരിച്ചില്ലേ... അതിനടുത്ത ദിവസംമുതൽ അവൾ അവനെ അവഗണിക്കാൻ തുടങ്ങി... അതിന്റെ കാരണം എന്താണെന്ന് അവൾക്കു മാത്രമേ അറിയൂ... ഇത്രയും കാലം എന്റെ കൂടെ ബിസിനസ്സിൽ കൂടെ നിന്നവനാണ്...ഈ പ്രശ്നത്തിന് ശേഷം അവൻ ഓഫീസിലും വരാതെയായി... ഇങ്ങനെ തുടർന്നാൽ എല്ലാം വിൽക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.. " വാസുദേവൻ നിരാശയോടെ പറഞ്ഞു... "അതൊന്നും വേണ്ട... ഒരിക്കൽ അവനെല്ലാം മനസ്സിലാക്കും... പണം കായ്ക്കുന്ന മരം കണ്ടപ്പോൾ പെണ്ണിന് ഒന്ന് കളിക്കാൻ തോന്നിയതാണ്..., അതിലൂടെ അവൾ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി... പണം പോകട്ടെ... അവന്റെ മനസ്സ് വേദനിപ്പിച്ച അവൾ ഒരുകാലത്തും ഗുണം പിടി ക്കില്ല...ഒരമ്മയുടെ മനസ്സ് കട്ടിയുള്ള ശാപവാക്കുകളാണിത്... എല്ലാം ശരിയാകും...

അന്നേരം അവൻ പഴയതുപോലെ ഓഫീസിലേക്ക് വന്നു തുടങ്ങും.. " രേഖ പറഞ്ഞു... ആ സമയത്താണ് വാസുദേവന്റെ ഫോൺ റിംഗ് ചെയ്തത്... പരിചയമില്ലാത്ത നമ്പർ കണ്ട് അയാൾ കുറച്ചുനേരം നിന്നു പിന്നെ കോളെടുത്തു... "ഹലോ... " "ഹലോ വാസുദേവാ എന്നെ മനസ്സിലായോ... " "ഇല്ല ആരാണ്... " "എടോ ഇത് ഞാനാണ് രാമദാസ്... " "എടാ നീയോ... നീ ജീവിച്ചിരിപ്പുണ്ടോ... നാലു വർഷമായി നിന്റെ ശബ്ദം പോലും കേട്ടിട്ട്... എന്തേ നിന്റെ പഴയ നമ്പർ... അന്നുമുതൽ അതിൽ വിളിച്ചിട്ട് കിട്ടുന്നില്ല... എന്താ ആ നമ്പർ മാറ്റിയോ... " "ആ ഫോൺ തന്നെ നഷ്ടപ്പെട്ടു... അതോടൊപ്പം നിന്റെ നമ്പറും... " "അതു ശരി... എന്നിട്ട് ഇപ്പോൾ നമ്പർ എവിടെനിന്നു കിട്ടി... " "അത് നിന്റെ അനിയന്റെയടുത്തുനിന്ന്... ഞാൻ ഇപ്പോൾ വിളിച്ചത് നിന്നോടൊരു കാര്യം ചോദിക്കാനും അതിലൂടെ ഒരു സഹായം അഭ്യർത്ഥിക്കാനുമാണ്... " "എന്താടോ എന്നോട് ഇതുപോലൊരു മുഖവുര നീ കാര്യം പടയെടോ... " തുടരും.....

Share this story