പ്രണയഗീതം: ഭാഗം 14

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഒന്നുമില്ല... പകൽ സ്വപ്നം കണ്ട് ഇയാൾ താഴേക്ക് വീഴേണ്ടെന്ന് കരുതി... അതുകൊണ്ട് ആ സ്വപ്നത്തിൽ നിന്ന് ഉണർത്താൻ വന്നതാണ്... ഇനിയിരുന്ന് സ്വപ്നം കണ്ടോ പക്ഷേ ആ പടിയിൽ നിന്ന് താഴെയിറങ്ങിയിട്ട് മതി... ഞാൻ പോണു... " അവൾ തിരിഞ്ഞു നടന്നു... അവൾ പോകുന്നതുംനോക്കി ഗിരിയിരുന്നു... " "ഇവൾ സത്യത്തിൽ ആരാണ്... ഇന്നലെ വന്ന ഇവൾ പറയുന്ന ഓരോ കാര്യവും തന്റെ ജീവിതത്തെ മാറ്റി മറിക്കുന്നു... സ്വന്തം അച്ഛനുമമ്മയും കൂട്ടുകാരും ശ്രമിച്ചിട്ടും മാറാതിരുന്ന ഞാൻ അവളുടെ വാക്കുകളിൽ വീഴുന്നു... എന്തോ ഒരു അതൃശ്യശക്തി ഇവളിലുണ്ട്... ഇവൾ എനിക്കായി ജനിച്ചതാണോ... പ്രസാദ് പറഞ്ഞതുപോലെ എന്റെ എല്ലാ കാര്യവും അറിയുന്ന ഇവൾ എന്റെ ജീവിതത്തിൽ വന്നാൽ എനിക്ക് ആ പഴയ ഗിരിയാവാൻ കഴിയുമോ... " പെട്ടന്ന് ഗിരി സ്വയം തലക്ക് തട്ടി.. "ഛെ എന്തൊക്കെയാണ് ഞാൻ ചിന്തിച്ചുകൂട്ടുന്നത്... അവൾ തന്നെയൊരിക്കലും ആ രീതിയിൽ കാണില്ല... തനിക്കും അതിന് കഴിയില്ല... എന്റെ അനുവിന്റെ സ്ഥാനത്താണ് അവളെ ഞാൻ കാണേണ്ടത്...

ഒരു ദിവസംകൊണ്ട് അവളത് പലതവണ പറഞ്ഞതുമാണ്... ഒരിക്കലും ഇതുപോലെ താൻ ചിന്തിക്കരുത്... അത് പാടില്ല... അവളെ അനിയത്തിയുടെ സ്ഥാനത്തേ കാണാവൂ.. അതിനപ്പുറം ഒന്നും മനസ്സിൽ തോന്നരുത്.. ഗിരി അവിടെനിന്നെഴുന്നേറ്റ് തന്റെ മുറിയിലേക്ക് നടന്നു... മുറിയിൽ കയറുമ്പോൾ അറിയാതെ അവന്റെ കണ്ണുകൾ മേശക്കുതാഴെയുള്ള സൌണ്ട് ബാറിലേക്കു ചലിച്ചു..... ഒരു സമയത്ത് അതിലെ പാട്ടുകൾ തനിക്ക് പ്രിയ്യപ്പെട്ടതായിരുന്നു... എന്നാൽ കുറച്ചായിട്ട് അത് അവിടെ ആർക്കും വേണ്ടാതെ പൊടിപിടിച്ച് കിടക്കുന്നു... ഗിരി അതിന്റെയടുത്തേക്ക് നടന്നു.. മേശക്ക് അടുത്തിരുന്ന് അതെടുത്ത് മേശക്ക് മുകളിലേക്ക് വച്ചു... ഒരു ടൌവ്വലെടുത്ത് അതിൽ പിടിച്ച പൊടികൾ തട്ടി വൃത്തിയായി തുടച്ച് ശരിയായ രീതിയിലത് വച്ചു പിന്നെ അത് ഓണാക്കിനോക്കി... ഇത്രയും നാൾ പ്രവർത്തിക്കാതിരുന്നിട്ടും അതിന് കുഴപ്പമൊന്നുമില്ല എന്നു കണ്ടപ്പോൾ തന്റെ ഫോൺ കണക്ട് ചെയ്ത് പഴയൊരു ഗാനം അതിൽ വച്ചു... ശബ്ദം കുറച്ചായിരുന്നു വച്ചതെങ്കിലും മുകളിലത്തെ തന്റെ മുറിയിലിരുന്ന് ശ്രേയ അത് കേട്ടു...

അവൾ സംശയത്തോടെ ഫോൺ കട്ടിലിൽ വച്ച് പുറത്തേക്കിറങ്ങി... പാട്ട് കേൾക്കുന്നത് ഗിരിയുടെ മുറിയിൽനിന്നാണെന്ന് മനസ്സിലാക്കിയ അവൾ ഒരു ചിരിയോടെ അവിടേക്ക് നടന്നു... വാതിൽക്കലെത്തി അകത്തേക്ക് നോക്കിയ അവൾക്ക് താൻ കാണുന്നത് വിശ്വസിക്കാനായില്ല... പാട്ടിന്റെ ഈണത്തിനൊപ്പം ഗിരിയുടെ തലയും കയ്യും ചലിക്കുന്നുണ്ടായിരുന്നു... അവൾ അത് നോക്കി നിന്നു... കേട്ടിരുന്ന ഗാനം കഴിഞ്ഞപ്പോൾ അടുത്ത ഗാനമവൻ വച്ചു.. "ഹലോ മാഷേ ഇത് ആർക്ക് കേൾക്കാനുള്ള വക്കുന്നത്... സ്വയം കേൾക്കാനാണെങ്കിൽ ഫോണിൽ കേട്ടാൽ പോരേ... കുറച്ച് ഉച്ചത്തിൽ വച്ചാൽ മറ്റുള്ളവർക്കും കേൾക്കാമായിരുന്നു... " ശ്രേയ പറഞ്ഞതു കേട്ട് ഗിരി അവളെ നോക്കി... "ഞാൻ വെറുതേ... ഇത് മേശക്കടിയിൽ കിടക്കുന്നത് കണ്ടപ്പോൾ വർക്ക്ചെയ്യുന്നുണ്ടോ എന്ന് ചെക്ക് ചെയ്തതാണ്...

തനിക്ക് രാവിലെ ഭക്തിഗാനങ്ങൾ കേൾക്കുന്ന സ്വഭാവമുണ്ടെന്ന് പറഞ്ഞിരുന്നല്ലോ... അതുകൊണ്ടു കൂടി നോക്കിയതാണ്... ഇതിന് കുഴപ്പമൊന്നുമില്ല... താൻ തന്റെ മുറിയിലേക്ക് കൊണ്ടുപൊയ്ക്കോ... രാവിലെ ഭക്തിഗാനങ്ങൾ കേൾക്കാമല്ലോ... " "എനിക്ക് കേൾക്കാനാണെങ്കിൽ എന്റെ ഫോണിൽ ധാരാളം പാട്ടുകളുണ്ട്... ഇത് മുറിയിലല്ല വെക്കേണ്ടത് ഒന്നുകിൽ ഹാളിൽ അല്ലെങ്കിൽ ലിവിംഗ് റൂമിലോ ആണ് ഇതിന്റെ സ്ഥാനം... അവിടാകുമ്പോൾ എല്ലാവർക്കും ഒരുപോലെ കേൾക്കാമല്ലോ... വീടിനുതന്നെ ഒരു ഭക്തിമയമുണ്ടാകും... " "എന്നാൽ അവിടെ കൊണ്ടുപോയി വച്ചോ... ഇതിന് ഇനി ഈ മുറിയിൽ സ്ഥാനമില്ല... " "ഞാനാണോ കൊണ്ടുപോയി വെക്കേണ്ടത്... നിങ്ങളുടെ സാധനം നിങ്ങൾ തന്നെ വച്ചാൽ മതി... അങ്ങനെയാകുമ്പോൾ ആന്റിക്കും അങ്കിളിനും സന്തോഷമാകും... അല്ലാതെ ഞാൻ കൊണ്ടുപോയി വച്ചാൽ എന്റെ താല്പര്യമാണെന്ന് കരുതും... "

"ആര് വച്ചാലും പാട്ട് കേട്ടാൽ പോരേ... " "പോരാ നിങ്ങൾ കൊണ്ടുപോയി വച്ചിട്ട് എന്നും ഇതിൽ പാട്ടുകൾ വച്ചാൽ അത് ഇത്രയും നാൾ ഉറങ്ങിക്കിടന്ന ഈ വീടു തന്നെ ഒന്നുണരും... " "എന്നാൽ ഞാൻ തന്നെ വച്ചോളാം... അതുകൊണ്ടിനി ആരും വിഷമിക്കേണ്ട... " ഗിരി സൌണ്ട്ബാറുമായി താഴേക്ക് നടന്നു കൂടെ ശ്രേയയും... ഗിരി ഇതെല്ലാം ചെയ്യുന്നത് സന്തോഷത്തോടെ നിറകണ്ണുമായി രേഖ കാണുന്നുണ്ടായിരുന്നു... അവർ താൻ പ്രാർത്ഥിക്കുന്ന എല്ലാ ദൈവങ്ങൾക്കും നന്ദി പറഞ്ഞു.. കൂടെ തന്റെ മകനെ ആ പഴയ ഗിരിയിലേക്ക് മാറ്റിക്കൊണ്ടുവരാൻ ശ്രമിച്ച ശ്രേയയോടും മനസ്സിൽ പലയാവർത്തി നന്ദി പറഞ്ഞു... വൈകീട്ട് ഗിരി പുറത്തേക്ക് പോകാൻ ഒരുങ്ങി താഴേക്ക് വന്നു... "നീയെവിടേക്കാണ് ഗിരീ... " രേഖ ചോദിച്ചു.. "ഞാൻ ക്ലബിലേക്കാണ്... അമ്പലത്തിൽ വച്ച് വിഷ്ണുവിനെ കണ്ടപ്പോൾ ക്ലബിലേക്ക് വരാത്തതിന് ഒരുപാട് പരാതി പറഞ്ഞു...

എന്നാലൊന്ന് പോയിവരാമെന്ന് കരുതി... " "അത് നന്നായി... അവിടെയിരുന്ന് ഓരോന്നാലോചിച്ച് മനസ്സ് വേദനിക്കുന്നതിനേക്കാളും നല്ലത് അവിടെ പോയിരിക്കുന്നതാണ്... അവിടെയാകുമ്പോൾ വിഷ്ണുവും ജീവനും സന്തോഷുമെല്ലാമുണ്ടാകുമല്ലോ... പിന്നെ ചാക്കോമാഷും കാണും... രണ്ടുമൂന്ന് തവണ നിന്നെ കാണാൻ മാഷ് ഇവിടെ വന്നിരുന്നു... നിന്നെ കാണാൻ കിട്ടേണ്ട...അവരോട് സംസാരിച്ചിരിക്കുമ്പോൾത്തന്നെ മനസ്ലിന് ഒരാശ്വാസം കിട്ടും... "അതിന് എന്റെ മനസ്സിനിപ്പോൾ ഒരു ആശ്വാസക്കുറവുമില്ല... സന്തോഷം മാത്രമേയുള്ളു... " "അത് എനിക്കറിയാം... പിന്നെ വിഷ്ണു ഇന്ന് അമ്പലത്തിൽവച്ച് പറഞ്ഞപ്പോഴാണ് അറിയുന്നത് നീ ആ പ്രശ്നത്തിനുശേഷം ക്ലബിലേക്ക് പോയിട്ടില്ല എന്ന്... പിന്നെ എന്നും ഇവിടെനിന്ന് പോയിരുന്നത് എവിടേക്കായിരുന്നു... " "എവിടെ പോകാൻ... ഞാൻ നമ്മുടെ പഴയ വീട്ടിൽ പോയിരിക്കും അതല്ലാതെ എവിടേക്കു പോയിട്ടില്ല... പിന്നെയുള്ളത് ഇടക്ക് നമ്മുടെ ലോറിയിൽ പോകും... അത്രതന്നെ... " "അതെന്താ ഇവിടെ ഇരുന്നാൽ ശരിയാവാത്തതുകൊണ്ടാണോ ആ പഴയ വീട്ടിൽ പോയിരിക്കുന്നത്...

"ഇവിടെയിരുന്നാൽ എനിക്ക് പ്രാന്ത് പിടിക്കുമായിരുന്നു... അവിടെയാകുമ്പോൾ പറമ്പിലൊക്കെയിറങ്ങി തേങ്ങയും വിറകും പെറുക്കി സമയം കളയും... ഏതായാലും ഞാൻ പോയിട്ടു വരാം... " അതും പറഞ്ഞ് ഗിരിയിറങ്ങി... അവൻ ബൈക്കുമെടുത്ത് പോകുന്നത് രേഖ നോക്കി നിന്നു... പുറകിൽ ആരുടേയോ കാൽപെരുമാറ്റം കേട്ട് രേഖ തിരിഞ്ഞു നോക്കി... ശ്രേയയായിരുന്നു അത്... "ഗിരിയേട്ടൻ എവിടെ പോയതാണ് ആന്റീ... " ശ്രേയ ചോദിച്ചു... "അവൻ ക്ലബിലേക്ക് പോകുവാണെന്നാണ് പറഞ്ഞത്... എത്ര നാളായി അവൻ അവിടേക്ക് പോയിട്ട്... ഇനിയെങ്കിലും ആ പഴയ ഗിരിയായി നടന്നാൽ മതിയായിരുന്നു... " "ഇവിടെ നിങ്ങൾക്ക് വേറെ വീടുണ്ട് അല്ലേ... ഞാൻ ഇവിടേക്ക് വരുമ്പോൾ നിങ്ങൾ പറയുന്നത് കേട്ടു... " "അതൊരു പഴയ വീടാണ്... പഴയതാണെങ്കിലും തെറ്റില്ലാത്ത ഒരു ഓടിട്ട വീട്... അഞ്ചുവർഷംമുന്നേ വരെ അവിടെയായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്...

പിന്നെയാണ് ഈ വീട് പണിതത്... " "ഇപ്പോൾ ആ വീട്ടിൽ ആരും താമസിക്കുന്നില്ലേ... " ഇല്ല... എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും ഒരു ജോലിക്കാരിയെ വച്ച് ആ വീട് അടിച്ചുവൃത്തിയാക്കിക്കും... ആർക്കെങ്കിലും വാടകക്ക് കൊടുക്കാൻ ഞാൻ പറഞ്ഞതാണ്... പക്ഷേ അങ്ങേർക്കത് ഇഷ്ടമല്ല... അതിന് കാരണവുമുണ്ട്... അത് അങ്ങേർക്ക് അദ്ദേഹത്തിന്റെ അത്രയും പ്രിയ്യപ്പെട്ട ആൾ ഇഷ്ടദാനം നല്കിയതാണ്... അവിടെ പുറമേ നിന്ന് മറ്റൊരു കൂട്ടർ താമസിക്കുന്നത് അങ്ങേർക്കത് ഇഷ്ടമല്ല... മാത്രമല്ല അവിടെ പരദേവതയുടെ സ്വാധീനമുള്ളതാണ്... നേരത്തെ നീ അമ്പലത്തിൽ വച്ച് കണ്ടില്ലേ വിഷ്ണു... അവന്റെ അമ്മ അവിടെ മച്ചിന്റകത്ത് പരദേവതക്ക് വിളക്കുവക്കാറുണ്ട്... എല്ലാ ഞായറാഴ്ചയും ഞാനും അങ്ങേരും അവിടേക്ക് പോകാറുണ്ട്... വിളക്ക് വക്കാറുമുണ്ട്... എന്നും പോകാൻ എവിടെ സമയം കിട്ടുന്നു...

ഇനി ഞങ്ങൾ പോകുമ്പോൾ നിനക്കും കൂടെ വരാമല്ലോ... ആ വീടിനെ ചുറ്റിപറ്റിയുള്ള പ്രശ്നത്തിന്റെ ചില രൂപമാണ് മോൾ ഇന്ന് കണ്ടത്... അതൊക്കെ പിന്നെ പറയാം... അങ്ങേര് വരാറായി... വാസുദേവൻ ഓഫീസിൽനിന്നും വന്ന് ചായ കുടിക്കുമ്പോൾ ഇന്ന് നടന്ന കാര്യങ്ങൾ രേഖ അയാളോട് പറഞ്ഞു... "അപ്പോൾ ആ ശേഖരനാണല്ലേ എന്റെ മോനെ കണ്ണീര് കുടിപ്പിച്ചത്... എല്ലാറ്റിനുള്ളത് ഒരിക്കൽ ഞാൻ അവന് കൊടുക്കുന്നുണ്ട്... " "നിങ്ങൾ ഒന്നിനും പോകേണ്ട... നമ്മുടെ മോനെ നമുക്ക് പഴയ രീതിൽതന്നെ കിട്ടിയില്ലേ... അതിന് നന്ദി പറയേണ്ടത് ശ്രേയമോളോടാണ്... ഇന്നലെ വന്ന അവൾ എത്ര പെട്ടന്നാണ് അവനെ മാറ്റിയെടുത്തത്... " "അവൾ മിടുക്കിയാണ്... എന്റെ കൂട്ടുകാരന്റെ മകളല്ലേ... അവന്റെ എല്ലാ നന്മയും അവൾക്കും കിട്ടിയിട്ടുണ്ട്..." വാസുദേവൻ പറഞ്ഞു... ആ സമയം രേഖ വാതിൽക്കൽ ചെന്ന് ശ്രേയ വരുന്നുണ്ടോ എന്നു നോക്കി...

പിന്നെ വാസുദേവന്റെയടുത്തേക്ക് തിരികേ വന്നു... "ഞാനൊരു കാര്യം പറഞ്ഞാൽ നിങ്ങൾക്ക് ദേഷ്യമുണ്ടാവോ... " "അതെന്താ അങ്ങനെ എന്നെങ്കിലും നിന്നോട് ഞാൻ ആവശ്യമില്ലാതെ ദേഷ്യപ്പെട്ടിട്ടുണ്ടോ... "അതില്ല... എന്നാലും ചോദിച്ചെന്നേയുള്ളൂ... എന്റെ മനസ്സിൽ ഒരാശ... നമ്മുടെ മകൾ ഇഷ്ടപ്പെടുന്നത് രാമേട്ടന്റെ മകനെയാണെന്ന് ഗിരി പറഞ്ഞ് കേട്ടപ്പോൾ നിങ്ങൾക്ക് സന്തോഷം തോന്നിയില്ലേ... അതുപോലെ ശ്രേയമോളെ നമ്മുടെ ഗിരിക്കുവേണ്ടിയൊന്ന് ആലോചിച്ചാലോ... അവൾക്കാകുമ്പോൾ അവനെപ്പറ്റി ഏതാണ്ട് അറിയാം... എനിക്കെന്തോ അവർ ഒരുമിക്കണമെന്ന് ദൈവനിശ്ചയമുണ്ടായതുപോലെ തോന്നുന്നു... അല്ലെങ്കിൽ ആ നശിച്ചവൾ ഗിരിയുടെ മനസ്സിൽ നിന്നും പടിയിറങ്ങുകയും ശ്രേയ മോൾ ഇപ്പോൾ ഇവിടേക്ക് വരാൻ ഇടയാവുകയും ചെയ്തതിന്റെ അർത്ഥമെന്താണ്... രേഖ പറഞ്ഞതുകേട്ട് വാസുദേവൻ അവരെ നോക്കി............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story