പ്രണയഗീതം: ഭാഗം 17

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"അതിന് ഞാൻ തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞോ... മാഷ് പറഞ്ഞ കാര്യം പറഞ്ഞെന്നേയുള്ളൂ... എനിക്കും അതിന് താല്പര്യമില്ല... പിന്നെ നീ പറഞ്ഞല്ലോ എന്നെ ഒരപകടത്തിലേക്ക് തള്ളിയിടാൻ താല്പര്യമില്ലെന്ന്... എന്തപകടമാണ് അത്... " "അതൊരു വലിയ കഥയാണ്... കഥയല്ല... ഞാനും എന്റെ വീട്ടുകാരും അനുഭവിക്കുന്ന ദുരിതം... നിങ്ങൾക്കറിയോ ഇവിടെ നിങ്ങൾക്കുള്ള ശത്രുവിനെപ്പോലെ എന്റെ അച്ഛനുമുണ്ട് അവിടെയൊരു ശത്രു... അച്ഛനോടൊപ്പം പുതിയ ബിസിനസ്സ് കെട്ടിപ്പടുക്കാൻ കൂടെ നിന്ന് സഹായിച്ച ഒരാളുടെ മകൻ... അച്ഛന്റെ ബിസിനസ്സ് വളർന്നപ്പോൾ അന്നത്തെ അതിലൊരു പങ്ക് പത്തുലക്ഷം അയാൾക്ക് കൊടുത്തു... എന്നാൽ ആ പണം അയാൾ മറ്റൊരു ബിസിനസ്സിന് ഇറക്കി... എന്നാൽ അത് വിജയിച്ചില്ല... മാത്രമല്ല ആ പത്തു ലക്ഷവും പോയി... കൂടെ വലിയൊരു സംഖ്യ കടക്കാരനുമായി... അയാളുടെ വിഷമം കണ്ട അച്ഛൻ അയാളെ വീണ്ടും തന്റെ മാനേജരായി നിയമിച്ചു... പക്ഷേ അയാൾക്ക് തോന്നിയ ഒരു ബുദ്ധിമോശം...

ഓഫീസിലെ കണക്കിൽ കൃത്രിമം കാണിച്ചു... ഇരുപത്തഞ്ച് ലക്ഷം അയാൾ കൈക്കലാക്കി... പക്ഷേ കണക്കിൽ അത്രയും വലിയ നഷ്ടം അച്ഛൻ കണ്ടുപിടിച്ചു... അപ്പോഴും അച്ഛന് അയാളെ വിശ്വാസമായിരുന്നു... അവിടെയുള്ള മറ്റാരോ ആണ് അത് ചെയ്തതെന്ന് അച്ഛൻ കരുതി സ്റ്റേഷനിലൊരു പരാതി കൊടുത്തു... എന്നാൽ അന്നത്തെ എസ് ഐയുടെ മിടിക്കുകൊണ്ട് പ്രതിയെ പിടിച്ചു... ആളാരാണെന്ന് മനസ്സിലായ അച്ഛൻ ആകെ തകർന്നുപോയി... തന്റെ കാശ് അയാൾ എടുത്തതിലും അച്ഛനെ വേധനിപ്പിച്ചത് താൻ കാരണം അയാളെ ഒരു കുറ്റവാളിയായി പോലീസ് അറസ്റ്റു ചെയ്തതു കണ്ടിട്ടായിരുന്നു... ഉടനെത്തന്നെ അച്ഛൻ തനിക്കുള്ള പരാതി പിൻവലിച്ച് അയാളെ രക്ഷപ്പെടുത്തി... പക്ഷേ പുറത്തിറങ്ങിയ അയാൾ വീണ്ടും അച്ഛനെ വേദനിപ്പിച്ചു... സ്റ്റേഷനിൽനിന്നിറങ്ങിയ അയാൾ ഏതോ വാഹത്തിനുമുന്നിലേക്ക് എടുത്തുചാടി... ആയുസ്സിന്റെ ബലംകൊണ്ടോ എന്റെ അച്ഛന്റെ പ്രാർത്ഥനകൊണ്ടോ അയാളുടെ ജീവൻ തിരിച്ചു കിട്ടി...

പക്ഷേ ശരീരം മൊത്തം തളർന്ന് ഒന്നനങ്ങാൻപോലും കഴിയാതെ കിടപ്പിലായി... ഇന്നും ആ കിടപ്പിൽ തന്നെയാണ് ആ പാവം... പക്ഷേ അയാളുടെ മകനിൽ തന്റെ അച്ഛന് ഈ ഗതി വരുത്തി എന്ന് വിശ്വസിക്കുന്ന എന്റെ അച്ഛനോട് അടങ്ങാത്ത പകയുണ്ടാക്കി... അതിലൂടെ അച്ഛനെ ദ്രോഹിക്കാൻ തുടങ്ങി... ഇപ്പോൾ കുറച്ചുകാലമായി എന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് നടക്കുകയാണ്... അയാളിലൂടെ ഒരുപാട് അനുഭവിക്കേണ്ടിവന്നു എനിക്ക്... കോളേജിൽ പോയാലും അയാളുടെ ശല്യം എന്നെത്തേടിയെത്തി... അവസാനം എനിക്കിത് വീട്ടിൽ പറയേണ്ടി വന്നു... ഇതറിഞ്ഞ ഏട്ടൻ അയാളോട് ചോദിക്കാൻ ചെന്നു... അതിന് അയാൾകൊടുത്ത സമ്മാനം ഏട്ടന്റെ കൈ തല്ലിയൊടിച്ചായിരുന്നു... അതിനുശേഷം എന്നോട് പരിചയമുള്ള ഏതെങ്കിലും ചെറുപ്പക്കാരനായ ഒരാണ് സംസാരിക്കുന്നത് കണ്ടാൽവരെ അയാൾ അടങ്ങിയിരിക്കില്ല... എന്നെ നാട്ടുകാരുടെ മുന്നിൽവച്ച് അപമാനിക്കുകയും എന്നോട് സംസാരിച്ചതിന് അയാളെ മൃഗീയമായി തല്ലുകയും ചെയ്യും...

ഒരുകണക്കിന് കുറച്ച് ദൂരത്തുള്ള ഏതെങ്കിലും ജോലി നോക്കാൻ ഞാൻ തയ്യാറായത് ഇതുകൊണ്ടുമാത്രമാണ്... അങ്ങനെയൊരു ജോലി കിട്ടണമെന്ന് ഞാൻ മനമുരുകി പ്രാർത്ഥിച്ചിട്ടുമുണ്ട്... ആ പ്രാർത്ഥന ദൈവം കേട്ടു... അതാണ് സൂര്യ ഗ്രൂപ്പിൽ എനിക്ക് ജോലി കിട്ടിയത്... അതുകൊണ്ടാണ് ഞാൻ ഇവിടേക്ക് വന്നത്... അല്ലാതെ ഞങ്ങളുടെ ഓഫീസിൽ പോകാൻ എനിക്ക് താല്പര്യമില്ലാത്തതിനാനല്ല... അയാളെ വിവാഹം കഴിക്കുന്നതിനേക്കാൾ നല്ലത് പണ്ട് അയാളുടെ അച്ഛൻ ചെയ്തതുപോലെ ചെയ്യുന്നതാണ് നല്ലത്... ഏതെങ്കിലും വലിയ വാഹനത്തിനുമുന്നിൽ തന്റെ ജീവൻ ഇല്ലാതാക്കുക... " "ഇങ്ങനെയൊരു പ്രശ്നം നിനക്കുണ്ടല്ലേ... അവനെന്താ അത്രക്കും വലിയ ക്രിമിനലാണോ...ഇതിനെതിരെ സ്റ്റേഷനിൽ പരാതിയൊന്നും കൊടുത്തില്ലേ... " "പരാതി കൊടുത്തിട്ട് എന്താണ് കാര്യം... ഇതുപോലെ പല തവണ പരാതി കൊടുത്തതാണ്... എന്നാൽ പുഷ്പം പോലെ പുറത്തുവന്നവനാണ് അയാൾ... അതുപോലെയുള്ള ഉന്നതന്മാരാണ് അയാളുടെ കൂടെയുള്ളത്... അതാണ് അയാളുടെ ധൈര്യവും...

ഞാൻ അവിടെനിന്നും പോന്നത് ചിലപ്പോൾ ഇതിനകം തന്നെ അയാൾ അറിഞ്ഞിട്ടുണ്ടാകും... എന്നെ തേടി ഞാനെവിടെ പോയി ഒളിച്ചാലും അയാൾ കണ്ടുപിടിക്കും... ഏതുനിമിഷവും അയാൾ ഇവിടേയുമെത്തും... അത് ചിലപ്പോൾ നിങ്ങൾക്കും ദോഷം ചെയ്യും... അതിന്റെ കൂടെ നിങ്ങൾ എന്നെ വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്താൽ അത് അയാളെങ്ങാനും അറിഞ്ഞാൽ നിങ്ങളുടെ ജീവനു തന്നെ ആപത്തായിരിക്കും... "അപ്പോൾ അതാണ് പ്രശ്നം... എന്റെ ജീവനെന്തെങ്കിലും സംഭവിക്കുമോ എന്ന പേടി... അല്ലേ... അതുകൊണ്ടാകും നീ ഇതൊക്കെ പറഞ്ഞത്... അല്ലെങ്കിലും നമ്മൾ തമ്മിൽ ചേരില്ല... നല്ല ഒരുത്തനെത്തന്നെ നിനക്ക് കിട്ടും... " "അതിനൊന്നുമുള്ള ഭാഗ്യമെനിക്കില്ല... നല്ല ഒരുത്തൻ പോയിട്ട് ഒരു പെണ്ണിനെ നല്ലതുപോലെ സ്നേഹിച്ച് പൊന്നുപോലെ നോക്കുന്ന ഒരുത്തൻപോലും എനിക്ക് കിട്ടില്ല... ആ സുധീർ അതിന് സമ്മതിക്കില്ല... " "എന്തുകൊണ്ട്... അവനെ പ്പോലെ ഒരുത്തനെ പേടിച്ച് സ്വന്തമായൊരു ജീവിതം വേണ്ടെന്നു വക്കണമെന്നാണോ... " "അതാണ് എന്റെ വിധി...

അതിനെ മാറ്റിയെടുക്കാൻ ആർക്കും പറ്റില്ല..." "എന്തുകൊണ്ട്... നിനക്ക് അവനെ വിവാഹം കഴിക്കാൻ താല്പര്യമാണോ... " "അയാളെ വിവാഹം കഴിക്കുന്നതിലും നല്ലത് ജീവീതംതന്നെ ഇല്ലാതാക്കുന്നതാണ്... " "ആണല്ലോ... എന്നാൽ നീ ധൈര്യമായി നിന്നോ... നിനക്ക് പറ്റിയ ഒരുത്തനെ നമുക്ക് കണ്ടുപിടിക്കാം... അവനല്ല കട്ടിലിൽ എണീക്കാൻവയ്യാതെ കിടക്കുന്ന അവന്റെ അച്ഛൻ വന്നാലും ഗിരി ഒരുകാര്യം ഉറപ്പുതന്നാൽ അതിന് മാറ്റമുണ്ടാവില്ല... " "നിങ്ങൾക്ക് പറയാം... അയാളെ നിങ്ങൾക്ക് ശരിക്കും അറിയാത്തതു കൊണ്ടാണ് ഇതെല്ലാം പറയുന്നത്... അയാളോട് ഏറ്റുമുട്ടാൻ നമുക്കാവില്ല... " "അത് നിന്റെ വെറും തോന്നലാണ്... നീ ഇന്ന് പരിചയപ്പെട്ട കമ്മീഷണർ പ്രസാദിനെക്കുറിച്ച് നിനക്കറിയോ... അവനുണ്ടാകും നമ്മുടെ കൂടെ... അവന്റെ തലതൊട്ടപ്പന്മാരായ രാഷ്ട്രീയ നേതാക്കൾ പോലും അവന്റെ മുന്നിൽ ഒന്ന് പുറകോട്ട് നിൽക്കും... ഇല്ലെങ്കിൽ അവരുടെയൊക്കെ അടിവേരുവരെ അവനിളക്കും... ഇന്നാട്ടിലെ ഒരു നേതാക്കന്മാർ പോലും അവനെതിരെ വരില്ല... നിന്റെ ഒരു സമ്മതം മതി... നിന്റെ വിവാഹം നിന്റെ വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് ഭംഗിയായി തന്നെ നടക്കും... " "അത് നമുക്ക് ആലോചിക്കാം... ഇപ്പോൾ ഭക്ഷണം കഴിക്കാൻ നോക്ക് സമയം ഒരുപാടായി... "

ഗിരി ഒരു തെളിച്ചമില്ലാത്ത ചിരിയോടെ ഭക്ഷണം കഴിക്കാൻ തുടങ്ങി.. അടുത്ത ദിവസം രാവിലെ ചായ കുടിച്ച് ശ്രേയ മുറ്റത്തെ ചെടികളുടെ അടുത്ത് നിൽക്കുകയായിരുന്നു... അന്നേരമാണ് ഒരു ഓട്ടോ മുറ്റത്ത് വന്നു നിന്നത്... അതിൽ നിന്നിറങ്ങിയ അനുവിനെ കണ്ട് അവൾ അന്താളിച്ചു... " "എന്താ നാത്തൂനേ... നീ എന്റെ വീട്ടിലെ അധികാരം ഏറ്റെടുത്തോ... " ഓട്ടോ ചാർജ് കൊടുത്ത് ശ്രേയയുടെ അടുത്തേക്ക് വന്ന അനു ചോദിച്ചു... " "അതുശരി നീതന്നെയല്ലേ പറഞ്ഞത് ഈ പേര് വിളിക്കരുതെന്ന് എന്നിട്ട് നീ തന്നെ തുടക്കമിട്ടു... " "അതിന് ഇവിടെയിപ്പോൾ ആരാണ് ഉള്ളത്... മാത്രമല്ല നീയെന്റെ നാത്തൂനാവാൻ പോകുന്നവളാണെന്ന് ഇവർ എന്നെങ്കിലും അറിയുമല്ലോ... " "എന്നെങ്കിലും അറിയുമെന്നല്ല... അറിഞ്ഞു കഴിഞ്ഞു... നീ നിന്റെ ഏട്ടനോട് ഇതേ പറ്റി പറഞ്ഞിരുന്നില്ലേ... ഏട്ടൻ ഇതേ പറ്റി നീയൊന്നുമറിയാതെ അന്വേഷിച്ചു... നീ ഇഷ്ടപ്പെടുന്നവൻ ആ ഏട്ടന്റെ കളിക്കൂട്ടുകാരനാണെന്ന് മനസ്സിലാക്കി... അത് നിന്റെ അച്ഛനോടും അമ്മയോടും പറയുകയും ചെയ്തു...

"ഈശ്വരാ എല്ലാവരും അറിഞ്ഞോ... എന്റെ കാര്യമിനി പോക്കാണ്... " "അതെന്തിന്... എല്ലാവരും ആശിച്ചതുതന്നെയാണ് അത്... അവർക്ക് സന്തോഷമേയുള്ളൂ... അതുപോട്ടെ... നീ അടുത്തയാഴ്ച വരുമെന്നാണല്ലോ ആന്റി പറഞ്ഞത്... എന്നിട്ടെന്തേ നേരത്തേ പോന്നു... " "എന്റെ ഭാവി നാത്തൂൻ എന്റെ വീട്ടിലുണ്ടെന്ന് അറിഞ്ഞപ്പോൾ അവിടെ നിന്നിട്ട് ഇരിപ്പുറക്കുന്നില്ല... ഏതായാലും അടുത്താഴ്ചമുതൽ കുറച്ചുദിവസം സ്റ്റഡിലീവാണ് എന്നാൽ ഞാനത് നാല് ദിവസം മുന്നേ എടുത്തു... ഞാൻ മാത്രമല്ല എന്റെ രണ്ട് കൂട്ടുകാരികളും... ഇന്നലെ വൈകിട്ട് അവിടെനിന്നും ഇറങ്ങിയതാണ്... എന്റെ കൂട്ടുകാരിയുടെ വീട്ടിൽ ഇന്നലെ തങ്ങി... നേരം വെളുത്തപ്പോൾ ഇവിടേക്ക് പോന്നു... " "അപ്പോൾ ക്ലാസ് കട്ടാക്കിയതാണല്ലേ... നിന്റെ ഏട്ടറിഞ്ഞാൽ വഴക്കു പറയില്ലേ... " "എവിടെ ഏട്ടന് ഇപ്പോൾ അതൊന്നും ശ്രദ്ധിക്കാൻ നേരമില്ല... നിരാശാ കാമുകനല്ലേ ഇപ്പോൾ... "

"അതേടീ... അതുകൊണ്ട് നിന്റെ നോന്നിവാസങ്ങൾക്കൊന്നും ഞാനിടപെടില്ല എന്നു കരുതിയിട്ടുണ്ടാകും നീ അല്ലേ... " പെട്ടന്ന് ഗിരിയുടെ ശബ്ദം കേട്ട് അവർ ബാൽക്കണിയിലേക്ക് നോക്കി... അവിടെ തങ്ങളെയും നോക്കി നിൽക്കുന്ന ഗിരിയെകണ്ട് അനു അമ്പരന്നു... " "ഈശ്വരാ ഏട്ടൻ... ഇതെന്താ പെട്ടന്ന് ഏട്ടനൊരു മാറ്റം... ഇന്ന് എന്റെ കാര്യം പോക്കാണ്... " "നീയെന്താ പിറുപിറുക്കുന്നത്... പറയാനുള്ളത് ഉച്ചത്തിൽ പറയണം... കുറച്ചു നാളായി ഞാൻ ഒരു കാര്യങ്ങൾക്കും ഇടപെടുന്നില്ല എന്നു കരുതി എന്ത് തോന്നിവാസവും നടത്താമെന്ന് എന്റെ മോള് കരുതേണ്ട... നീയേതായാലും അവിടെനിന്ന് വിയർക്കേണ്ട... കയറി വാ... എനിക്ക് നിന്നോട് കുറച്ചുകാര്യങ്ങൾ ചോദിക്കാനുണ്ട്... "....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story