പ്രണയഗീതം: ഭാഗം 20

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"അടുത്തദിവസം രാവിലെത്തന്നെ അവർ പുറപ്പെട്ടു... അവരുടെ കാറിലായിരുന്നു യാത്ര... വീട്ടിൽ നിന്നിറങ്ങി കവലയിലെത്തി.. പെട്ടന്ന് ഒരു ബൈക്ക് കാറിനു മുന്നിൽ വന്നുനിന്നു... "സുധീർ..." രാമദാസന്റെ നാവിൽ നിന്ന് ആ പേര് പുറത്തേക്ക് വീണു... "സുധീർ ബൈക്കിൽനിന്നിറങ്ങി കാറിനടുത്തേക്ക് വന്നു... "എല്ലാവരും കൂടി എവിടേക്കാണാവോ പോകുന്നത്... ഓ മോളെ കാണാൻ പോകുന്നതായിരിക്കും... എന്നെ പേടിച്ച് എവിടെ കൊണ്ടുചെന്നാക്കി അവളെ... " "അത് നിന്നോട് പറയേണ്ട കാര്യമില്ല... വഴി തടസപ്പെടുത്താതെ പോകാൻ നോക്ക്... " രാമദാസൻ പറഞ്ഞു... "അങ്ങനെ പോകാൻ പറ്റുമോ... ഞാനറിയേണ്ടേ എന്റെ പെണ്ണിനെ ഏത് പാതാളത്തിലാണ് കൊണ്ടുപോയി ഒളിപ്പിച്ചു എന്ന്... ഒന്നുമില്ലെങ്കിലും ഞാൻ കെട്ടാൻ പോകുന്നപെണ്ണല്ലേ അവൾ... " "അത് നീയങ്ങ് തീരുമാനിച്ചാൽ മതിയോ.. അവൾ ആരെ കെട്ടണം എവിടേക്ക് കെട്ടിച്ചുവിടണമെന്ന് ഞങ്ങൾ തീരുമാനിക്കും.. " "പോരല്ലോ... തീരുമാനമെടുക്കേണ്ടത് ഞാനാണ്...

ഞാൻ പറയുന്നത് അനുസരിച്ചാൽ മതി.. അതല്ല എതിരുനിൽക്കാനാണ് ഭാവമെങ്കിൽ മകന് പണ്ട് ഞാൻ കൊടുത്ത സമ്മാനമായിരിക്കില്ല ഉണ്ടാവുക... അതോർത്താൽ നന്ന്... അവളെ എനിക്കല്ലാതെ മറ്റാർക്കെങ്കിലും കെട്ടിച്ചുകൊടുക്കാനാണ് ഉദ്ദേശമെങ്കിൽ ആ വിവാഹപന്തലിൽ അവളുടെ തന്തയുടെ ശവം പട്ടുപുതച്ച് കിടത്തുകയായിരിക്കും ഉണ്ടാവുക... തീർത്തുകളയും നിങ്ങളെ ഞാൻ... " രാമദാസൻ കാറിൽ നിന്നിറങ്ങി... "അതിനു മാത്രം നീ വളർന്നോ സുധീറേ... ഇല്ല നിനക്കതിന് കഴിയില്ല... കാരണം സ്വന്തം സഹോദരിയെ വിവാഹം കഴിക്കാൻ വേണ്ടി നിനക്ക് അങ്ങനെയൊരു പ്രവർത്തി ചെയ്യാൻ കഴിയില്ല... " രാമദാസൻ പറഞ്ഞതുകേട്ട് സുധീർ ഞെട്ടിതരിച്ചു... അവൻ മാത്രമല്ല ഡ്രൈവിങ് സീറ്റിലിരുന്ന ശരത്തും ഞെട്ടി... "എന്താ... എന്താ നിങ്ങൾ പറഞ്ഞത്... " "ഇത്രയും കാലം നിന്റെ അച്ഛനും അമ്മക്കും കൊടുത്ത വാക്ക്... നീ സുബ്രമണ്യന്റെ മകനല്ല എന്ന സത്യം... " ഇടിയേറ്റതുപോലെ നിൽക്കുകയായിരുന്നു സുധീർ... "

"ഒരിക്കലും ഈ സത്യം... ആരും അറിയില്ല എന്ന് ഉറപ്പു നൽകിയതാണ് നിന്റെ അച്ഛനുമമ്മക്കും... പക്ഷേ നിന്റെ ഇപ്പോഴത്തെ ജീവിതം നീ മുലം എന്റെ മകൾ അനുഭവിക്കുന്ന പീഡനം ഇത് ഇനിയും മുന്നോട്ടു പോയാൽ ആരുടെയെങ്കിലും ചിത കത്തിയെരിയുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് നീ ഈ സത്യം അറിയണമെന്ന് എനിക്ക് തോന്നിയത്... "ഓഹോ അപ്പോൾ എന്നെ നാണം കെടുത്താനും മകളെ എന്നിൽനിന്ന് അകറ്റാനും പുതിയ കഥയുമായി വന്നതാണല്ലേ... ഇതല്ല ഇതിനപ്പുറം പറഞ്ഞാലും സുധീറിനത് വിശ്വസിച്ച് നിങ്ങളുടെ മുന്നിൽ തലതാഴ്ത്തി നിൽക്കുമെന്ന് കരുതിയോ... " "അല്ല.. ഒരിക്കലും നീ നാണം കെടാതിരിക്കാനും തല ഉയർത്തി നടക്കാനുമാണ് ഇത് നീ അറിയണമെന്ന് എനിക്ക് തോന്നിയത്... അച്ഛനുമമ്മയും ഇല്ലാത്ത നിന്നെ സുബ്രഹ്മണ്യൻ ദത്തെടുത്തതാണ്.. അതും എന്റെ ഈ കയ്യിൽനിന്ന്... " "എന്തിന് എന്തിനുവേണ്ടി... അവരല്ലാതെ പിന്നെ ആരാണ് എന്റെ അച്ഛനുമമ്മയും... നിങ്ങൾക്കതറിയാം... അതിപ്പോൾ ഇവിടെ വച്ച് എനിക്കറിയണം... " "എന്റെ ജേഷ്ടൻ... അവനാണ് നിന്റെ അച്ഛൻ... വർഷങ്ങൾക്ക് മുന്നേ നടന്ന സംഭവം... മംഗലത്ത് രാവുണ്ണിക്ക് ആദ്യം ജനിച്ചത് ഇരട്ടകുട്ടികളാണ്...

ഞാനും എന്റെ ജേഷ്ടൻ ശിവദാസനും... അച്ഛന്റെ മരണത്തോടെ ജീവിതം വളരെ കഷ്ടതയിലായിരുന്നു.. മുന്ന് മക്കളേയും എന്റെ അമ്മ വളർത്തിയത് പാടത്ത് പണിയെടുത്തായിരുന്നു... അങ്ങനെ വളരെ കഷ്ടപ്പെട്ടതായിരുന്നു ഞങ്ങളുടെ ജീവിതം... പെട്ടന്ന് ഒരു ദിവസം അമ്മ പാടത്ത് തളർന്നു വീണു... പിന്നെ എഴുന്നേറ്റിട്ടില്ല... എന്നെക്കാളും പഠിക്കാൻ മിടുക്കനായ ഏട്ടന്റെ പഠിപ്പ് മുടങ്ങാതിരിക്കാൻ ഞാനെന്റെ പഠിപ്പ് പ്രീഡിഗ്രിയിൽ വച്ച് നിർത്തി... പല പണികളും ഞാൻ ചെയ്തു... അങ്ങനെ ഏട്ടൻ ഡിഗ്രി പൂർത്തിയാക്കി... അതിനുശേഷം ഏട്ടനും പഠിത്തം നിർത്തി ജോലിക്ക് പോയി... ഒരു പ്രൈവറ്റ് കമ്പിനിൽ... അതിനിടക്ക് അമ്മയുടെ ആഗ്രഹമായിരുന്നു എന്റേയും ഏട്ടന്റേയും അനിയത്തിയുടേയും വിവാഹം ഒന്നിച്ച് നടക്കണമെന്ന ആഗ്രഹം... പക്ഷേ അപ്പോഴാണ് ഞങ്ങളറിഞ്ഞത് ഏട്ടന് ഒരു ബ്രാഹ്മണ കുടുംബത്തിലെ പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നും ആ പെൺകുട്ടി ഗർഭിണിയാണെന്ന കാര്യവും... അവളുടെ അച്ഛനുമമ്മക്കും ഒറ്റമോളാണ് അവൾ...

നാണക്കേട് ഓർത്ത് അവസാനം ആ ബന്ധത്തിന് അവർ തയ്യാറായി... ഏട്ടന്റെ വിവാഹം ആദ്യം നടക്കട്ടെ എന്ന് ഞങ്ങളും കരുതി... അങ്ങനെ ആ സന്തോഷ വാർത്തയറിഞ്ഞ് കൂട്ടുകാർക്ക് ചിലവ് ചെയ്യാൻ പോയതായിരുന്നു ഏട്ടൻ... ഒരു കൂട്ടുകാരന്റെ സ്കൂട്ടറിലായിരുന്നു ഏട്ടൻ പോയത്... പോകുന്നവഴി ഒരു ബസ്സുമായി സ്കൂട്ടർ ഇടിച്ചു... സംഭവസ്ഥലത്തുവച്ചേ ഏട്ടനും കൂട്ടുകാരനും മരിച്ചു... ഇതറിഞ്ഞ അമ്മയും ഞങ്ങളെ വിട്ടുപോയി... എല്ലാവരും ഒരുപാട് നിർബന്ധിച്ചിട്ടും ഏട്ടൻ ഇഷ്ടപ്പെട്ടിരുന്ന പെൺകുട്ടി തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഒഴിവാക്കാൻ കൂട്ടാക്കിയില്ല... അവസാനം ആ കുഞ്ഞിനെ അവർ പ്രസവിച്ചു... എന്നാൽ പ്രസവത്തോടെ അവരും... അവസാനം കുഞ്ഞിനെ ഏതെങ്കിലും അനാഥാലയത്തിൽ ഏൽപ്പിക്കാനിരിക്കുമ്പോഴാണ് കുഞ്ഞുങ്ങളില്ലാത്ത സുബ്രഹ്മണ്യൻ ആ കുഞ്ഞിനെ താൻ സ്വന്തം കുഞ്ഞായി വളത്തിക്കൊള്ളാമെന്നും തനിക്ക് ആ കുഞ്ഞിനെ തരണമെന്നും പറഞ്ഞു... അങ്ങനെ ആ കുഞ്ഞിനെ അവനെ ഏൽപ്പിച്ചു...

ഒരിക്കലും ആ കുഞ്ഞ് ഇതറിയരുതെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു... ആ വാക്ക് ഇന്ന് ഇതുവരെ ഞാൻ നിറവേറ്റി പക്ഷേ ഇപ്പോൾ എല്ലാം എനിക്ക് പറയേണ്ടി വന്നു... അത് എന്റെ മകളുടെ ഭാവിയോർത്ത്... ഒരിക്കലും സ്വന്തം ഏട്ടൻ അനിയത്തിയെ അങ്ങനെയൊരു കണ്ണുകൊണ്ട് കാണരുതെന്നോർത്ത്... ഇനി നിനക്ക് തീരുമാനിക്കാം... പക്ഷേ നീ ഇതറിഞ്ഞത് സുബ്രഹ്മണ്യനോ ഭാര്യയോ അറിയരുത്... അവരാകെ തകർന്നുപോകും.. " ഇതെല്ലാം കേട്ട് ഒരു ശിലകണക്കേ നിൽക്കുകയായിരുന്നു സുധീർ... രാമദാസൻ കാറിൽ കയറിയതും കാർ അവിടെനിന്ന് പോയതും അവനറിഞ്ഞില്ല... അവന്റെ മനസ്സ് രാമദാസൻ പറഞ്ഞ വാക്കുകളായിരുന്നു... താൻ സുബ്രഹ്മണ്യന്റെ മകനല്ല എന്ന സത്യം അവന് ഉൾക്കൊള്ളാൻ കഴിയുന്നതിനുമറപ്പുറത്തായിരുന്നു... "എന്തിനായിരുന്നു ഈ സത്യം എന്നിൽ നിന്നും ഇത്രയുംകാലം മറച്ചുവച്ചത്... അപ്പോൾ ഇത്രയുംകാലം താൻ അച്ഛനെന്നു വിളിച്ചയാളിനെ അനങ്ങാൻപോലും വയ്യാത്ത അവസ്ഥയിലാക്കിയെന്ന് താൻ കരുതിയ മംഗലത്ത് രാമദാസൻ എന്റെ ചെറിയച്ഛനാണ്...

അന്നേരം ശ്രേയ എന്റെ അനിയത്തിയാണോ.. ഇത്രയും കാലം തന്റെ മനസ്സിലെ പക അവളിലൂടെ തീർക്കാമെന്ന് കരുതിയ തനിക്ക് തെറ്റുപറ്റിയിരിക്കുന്നു... ഇല്ല ഇതൊന്നും സത്യമായിരിക്കില്ല... എന്റെ കയ്യിൽനിന്ന് തന്റെ മകളെ രക്ഷപ്പെടുത്താൻ ആ രാമദാസൻ പറയുന്ന നുണകളാവാനേ വഴിയുള്ളൂ.. എനിക്കറിയണം ഇതിന്റെ സത്യാവസ്ഥ..." സുധീർ തന്റെ വീട് ലക്ഷ്യമാക്കി ബൈക്കിൽ കുതിച്ചു... അവൻ ചെല്ലുമ്പോൾ അലക്കിയ തുണികൾ അഴലിൽ വിരിക്കുകയായിരുന്നു സുബ്രമണ്യന്റെ ഭാര്യ സുമതി... സുധീറിന്റെ കണ്ട് അവർ അവന്റെയടുത്തേക്ക് വന്നു... "നീയെന്താ പതിവില്ലാതെ ഇപ്പോൾ... അല്ലെങ്കിൽ രാവിലെ പോയാൽ ഒരു നേരത്താണല്ലോ വരവ്... " സുമതി ചോദിച്ചു... "പതിവല്ലാത്ത ചില സത്യങ്ങൾ ഞാനറിഞ്ഞു... അത് സത്യമാണോ എന്ന് അറിയാനാണ് ഞാൻ വന്നത്... " "എന്ത് സത്യം... " "ഞാൻ എന്ന സത്യം... എന്റെ യഥാർത്ഥ അച്ഛനുമമ്മയും നിങ്ങൾ തന്നെയാണോ എന്ന സത്യം... നിങ്ങൾ പത്തുമാസം എന്നെ ചുമന്ന് പ്രസവിച്ചതാണോ എന്ന സത്യം...

ആ സത്യം അതെന്തായിരുന്നാലും എനിക്കറിയണം... " സുധീർ പറഞ്ഞതുകേട്ട് സുമതി ഞെട്ടിത്തരിച്ചുനിന്നു... " "നീ നീയെന്താണ് പറഞ്ഞത്... നീ ഞങ്ങളുടെ മകനല്ല എന്നോ... ഞങ്ങളുടെ മകനില്ലാതെ നീ പിന്നെ ആരാണ്... " സുമതി സുധീറിന്റെ മുകത്തേക്ക് നോക്കാതെ ചോദിച്ചു... " "അതുതന്നെയാണ് എനിക്കും അറിയേണ്ടത്... എന്താ അതു പറയുമ്പോൾ നിങ്ങൾക്കൊരു വിറയൽ... നിങ്ങൾക്ക് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ അകത്ത് കിടക്കുന്ന അച്ഛനോട് ഞാൻ ചോദിച്ചോളാം... അച്ഛനാണല്ലോ എന്നെ മംഗലത്ത് വീട്ടിൽനിന്ന് ദത്തെടുത്ത് വളർത്തിയത്... " "വേണ്ട... ഈ കാര്യം നീ അദ്ദേഹത്തോട് ചോദിക്കേണ്ട... ആ പാപത്തെ ഇനിയും വിഷമിപ്പിക്കേണ്ട... " "എന്നാൽ നിങ്ങൾ പറയൂ... ഞാൻ കേട്ടത് സത്യമാണോ... " സുമതി ദയനീയതയോടെ സുധീറിന്റെ നോക്കി... പിന്നെ തലതാഴ്ത്തി... "

"നീ കേട്ടത് സത്യമാണ്... ഇത്രയുംകാലം എന്താണോ നീ അറിയരുതെന്ന് കരുതിഒളിച്ചുവച്ചത് അത് നീ അറിഞ്ഞിരിക്കുന്നു... നീ മംഗലത്ത് ശിവദാസന്റേയും തിരുവങ്ങാട്ടില്ലത്തെ സാവിത്രികുട്ടിയുടേയും മകനാണ്... കുട്ടികളില്ലാത്ത വിഷമത്തിൽ കഴിയുകയായിരുന്ന ഞങ്ങൾക്ക് ദൈവം തന്നതാണ് നിന്നെ... അന്നുതൊട്ട് ഇന്നുവരേയും നിന്നെ സ്വന്തം മകനായി തന്നെയാണ് വളർത്തിയത്..." "ഒരിക്കൽ ഒരിക്കലെങ്കിലും നിങ്ങൾക്കിത് പറയാമായിരുന്നില്ലേ... ഞാൻ നിങ്ങളുടെ മകനല്ല എന്നത്... എന്നാൽ ഇത്രയും വലിയ മഹാപാപം എന്റെ മനസ്സിൽ ചിന്തിക്കാനിടവരുമായിരുന്നോ... അവളെ എന്റെ അനിയത്തിയെ... അവളെന്റെ അനിയത്തിയാണെന്ന് അറിയാതെ ഞാൻ... ഏത്ര ജന്മമെടുത്താലും ഈ പാപം എന്നിൽ നിന്ന് ഇല്ലാതാകുമോ... " "അവൾ നിന്റെ അനിയത്തിയാണെന്ന് അറിഞ്ഞുകൊണ്ടാണ് ഞങ്ങൾ നിന്നെ എതിർത്തിരുന്നത്... ഒരിക്കലും നീയവളെ വിവാഹം കഴിക്കാൻ പാടില്ല എന്ന സത്യം അറിയുന്നതുകൊണ്ടാണ്... നിന്റെ ഇഷ്ടത്തിന് കൂട്ടുനിൽക്കാതിരുന്നത്... " "അപ്പോഴെങ്കിലും നിങ്ങൾക്ക് പറയാമായിരുന്നു... അവൾ എന്റെ അനിയത്തിയാണെന്ന്... ഇനി എങ്ങനെ അവളുടെ മുഖത്തു നോക്കും ഞാൻ... " സുധീർ ഉമ്മറത്തേക്ക് കയറുന്ന സ്റ്റപ്പിലിരുന്നു... "മോനേ മനപ്പൂർവ്വം നിന്നോട് ഇതെല്ലാം പറയാതിരുന്നതാണ്... നീ ഞങ്ങൾക്ക് നഷ്ടപ്പെടുമോ എന്ന പേടിയായിരുന്നു... നീയല്ലാതെ മറ്റാരാണ് ഞങ്ങൾക്കുള്ളത്.... ...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story