പ്രണയഗീതം: ഭാഗം 23

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഏട്ടൻ വരുന്നുണ്ടല്ലോ... " അനു പറഞ്ഞതുകേട്ട് രാമദാസനും രമയും അവനെ നോക്കി... അവനെ കണ്ട് ശരത്ത് എഴുന്നേറ്റു... ഗിരി ചിരിച്ചുകൊണ്ട് അവിടേക്ക് വന്നു പിന്നെ ശരത്തിനെ കെട്ടിപ്പിടിച്ചു... "ഇവനെ കണ്ടാൽ തിരിച്ചറിയാൻ പറ്റില്ലല്ലോ... ഇതെന്താ മുടിയും താടിയുമൊക്കെ നീട്ടി... ഓ അതു ഞാൻ മറന്നു... നിരാശ കാമുകന്റെ റോൾ ഇതുവരെ കഴിഞ്ഞില്ലേ... " ശരത്ത് പറഞ്ഞു... "ഏയ് ഇത് അതുകൊണ്ടൊന്നുമല്ല... ഇങ്ങനെ കാണാൻ നല്ല ചന്തമുണ്ടെന്ന് ആരോ പറഞ്ഞിട്ടുണ്ടത്രേ.. അതല്ലേ ഇതൊന്നും വെട്ടാതെ നടക്കുന്നത്... " കുടിക്കാൻ വെള്ളവുമായി വന്ന രേഖ പറഞ്ഞു... "അത് സത്യമാണ്... മെലിഞ്ഞുണങ്ങിയ ഒരു ചെക്കനായിരുന്നു... ഇപ്പോൾ കാണാൻ ഒരു ചന്തമൊക്കെയുണ്ട്... ഇതാണ് ഇവന് പറ്റിയ വേഷം... " രമ പറഞ്ഞു... "കേട്ടല്ലോ... ഇനിയാരെങ്കിലും എന്റെ കോലം അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറഞ്ഞ് വന്നേക്കരുത്... " "അതേതായാലും നന്നായി... ഇങ്ങനെ മുടിയും താടിയും വളർത്തി സന്ന്യസിക്കാൻ നടന്നോ... ആരുമൊന്നും പറയുന്നില്ല പോരേ... "

"അതാണ് നല്ലത്... പറഞ്ഞാലുമിനി കാര്യമുണ്ടാവില്ല... " "ആ എന്തു ചെയ്യാനാണ്... സഹിക്കുകതന്നെ... " കുറച്ചു കഴിഞ്ഞപ്പോഴേക്കും വാസുദേവനുമെത്തി... അവർ ഊണു കഴിച്ചുകഴിഞ്ഞ് ഹാളിലിരുന്നു... "രാമദാസാ ഞാൻ പറഞ്ഞകാര്യങ്ങൾക്കൊന്നും നീ മറുപടിയൊന്നും പറഞ്ഞില്ല... " "ഞാൻ എന്തു പറയാനാണ്... കുട്ടികൾക്ക് അങ്ങനെയൊരു ഇഷ്ടമുണ്ടെങ്കിൽ അത് നടത്തിക്കൊടുക്കേണ്ടത് നമ്മുടെ കടമയല്ലേ... " "അത് ശരിയാണ്... അപ്പോൾ തനിക്ക് താൽപര്യക്കൊറവൊന്നുമില്ലല്ലോ.. അതറിഞ്ഞാൽ മതി... പിന്നെ ഇവരുടെ കാര്യമോ... ഗിരിയുടേയും ശ്രേയമോളുടേയും കാര്യം... അത് നീ പറഞ്ഞില്ല... " വാസുദേവൻ പറഞ്ഞതുകേട്ട് ശ്രേയയും ഗിരിയും ഞെട്ടി... "അത് നമ്മളല്ലല്ലോ തീരുമാനിക്കേണ്ടത്... ഇവരിവിടെയുണ്ടല്ലോ... ഇവർ തീരുമാനിക്കട്ടെ... ഇവരല്ലേ ഒന്നിച്ച് ജീവിക്കേണ്ടത്... " "അത് ശരിതന്നെ... എന്താടാ നിന്റെ അഭിപ്രായം... " വാസുദേവൻ ഗിരിയോട് ചോദിച്ചു... അവനൊന്നും മിണ്ടാതെ പുറത്തേക്കിറങ്ങി... ഇനി തന്റെ ഊഴമാണെന്ന് മനസ്സിലാക്കി ശ്രേയയും തിരിഞ്ഞു നടന്നു... "

"ശ്രേയമോളേ... അവിടെ നിൽക്ക്... നീയെങ്ങോട്ടാണ് പോകുന്നത്... നീ ഞങ്ങൾ പറഞ്ഞത് കേട്ടില്ലേ... എന്താണ് നിന്റെ അഭിപ്രായം... " രമ ചോദിച്ചു... "അമ്മയെന്താണ് ഒന്നുമറിയാത്തതുപോലെ... ഇങ്ങനെയൊരു തീരുമാനമെടുക്കാൻ എളുപ്പമാണ്.. പിന്നെയുണ്ടാകുന്ന ഭവിഷ്യത്ത് എന്താകുമെന്ന് അറിയുന്നതല്ലേ... " "അറിയാം... ഒരു ഭവിഷത്തും ഉണ്ടാകില്ല... നീ സുധീറിനെ പറ്റിയാണ് പറയുന്നതെങ്കിൽ ഇനി അവൻ നിന്നെ ശല്ല്യപ്പെടുത്താൻ വരില്ല... " "കുറച്ചുമുന്നേയും പറയുന്നത് കേട്ടു... എന്താണ് കാര്യമെന്ന് തെളിച്ച് പറയുന്നുണ്ടോ... അയാൾക്ക് എന്തെങ്കിലും സംഭവിച്ചോ... " "ഇതുവരെ സംഭവിച്ചിട്ടില്ല... എന്നാൽ ഉടനെയത് സംഭവിക്കും.... അതിനുള്ള മരുന്ന് അവന് ഇവിടേക്ക് വരുമ്പോൾ അച്ഛൻ കൊടുത്തു... " "എന്ത് കൊടുത്തെന്നാണ്... അയാളെ തല്ലിയോ അച്ഛൻ... അതേതായാലുമുണ്ടാവില്ല... കാരണം അയാളുമായി നേരിടാനുള്ള കരുത്തൊന്നും അച്ഛനില്ല... " "അതൊന്നുമല്ല... ഒരിക്കലും അറിയരുതെന്ന് കരുതിയ ചില സത്യങ്ങൾ അവനെ അറിയിച്ചു... അതുതന്നെ കാര്യം... "

അതുകേട്ട് ഞെട്ടിയത് വാസുദേവനും രേഖയുമായിരുന്നു... ഇത് കേട്ട് പുറത്തേക്കിറങ്ങിയ ഗിരി അവിടേക്ക് വന്നു... "രാമദാസാ... അപ്പോൾ നീ എല്ലാ കാര്യവും അവനോട് പറഞ്ഞോ... " "പറയേണ്ടി വന്നു... ഇനിയത് പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ പലതും സംഭവിക്കുമെന്ന് എനിക്കു തോന്നി... ഇവിടേക്ക് വരുമ്പോൾ വഴി തടഞ്ഞ് അവൻ നിന്നു... ഇവൾ എവിടെയെന്നതാണ് അവനറിയേണ്ടിയിരുന്നത്... " ഞാൻ പറഞ്ഞില്ലെങ്കിലും അവൻ ഇവളെ കണ്ടെത്തും... അതുണ്ടായാൽ എന്തൊക്കെ നടക്കുമെന്ന് പറയാൻ പറ്റില്ല... " "എന്നിട്ട് അവന്റെ പ്രതികരണമെന്തായിരുന്നു... " "ആദ്യം ഞാൻ ഇവളെ രക്ഷിക്കാൻ പുതിയ അടവുമായിരിക്കും വന്നതെന്നാണ് അവൻ കരുതിയത്... ഒന്നുമുതലുള്ള എല്ലാ കാര്യവും എനിക്കവനോട് പറയേണ്ടി വന്നു... ഞങ്ങൾ അവിടെനിന്നും പോരുമ്പോൾ അവന്റെ നിൽപ്പ് കണ്ടപ്പോൾ എല്ലാം വിശ്വസിച്ച മട്ടാണ്... ചിലപ്പോൾ അവൻ ഇതോടെ നന്നാവും... ഇല്ലെങ്കിൽ എല്ലാറ്റിനും കാരണമായ എന്നോട് അവൻ പകരം ചോദിക്കും... ഒരുകാര്യത്തിൽ സമാധാനിക്കാം... ഇനിയും ഇവളെ കെട്ടണമെന്ന് പറഞ്ഞ് വരില്ല..."

"എന്തൊക്കെയാണ് നിങ്ങൾ പറയുന്നത്... അവൻ എന്ത് സത്യമാണ് അറിഞ്ഞത്... എന്തു സത്യമാണ് അവനോട് നിങ്ങൾ പറഞ്ഞത്... ഗിരി ചോദിച്ചു... "അത്... ഇനി നിങ്ങൾ അറിയാതിരുന്നിട്ട് എന്താണ് കാര്യം.. ആരാണ് അറിയരുതെന്ന് കരുതിയത് അവനെല്ലാം അറിഞ്ഞില്ലേ... അവൻ ആ സുധീർ ഒരിക്കലും ഇവളുടെ പുറകെ നടക്കരുത്... അത് പാടില്ലാത്തതാണ്... കാരണം അവൻ ഇവളുടെ മൂത്ത സഹോദരനാണ്... മരിച്ചുപോയ എന്റെ ഏട്ടൻ ശിവദാസന്റെ മകൻ... " അതുകേട്ട് സ്തംഭിച്ചു നിൽക്കുകയായിരുന്നു ശ്രേയ... "എന്താ എന്താ നിങ്ങൾ പറഞ്ഞത്... അയാൾ... " "അതെ സത്യമാണ് മോളേ... ഇതെല്ലാം ഞങ്ങൾക്കും അറിയുന്ന കാര്യമാണ്... വാസുദേവൻ സുധീറിന്റെ ജീവിതകഥ പറഞ്ഞു... "അപ്പോൾ അതെന്താണ് ആരോടും പറയാതെ ഇത്രയും കാലം മൂടിവച്ചത്... " ഗിരി ചോദിച്ചു... "ഇതൊരിക്കലും അവനറിയരുത് എന്ന് നിർബന്ധമുള്ളതുകൊണ്ട്... മക്കളില്ലാത്ത അവർക്ക് സുധീർ സ്വന്തം മകനായിരുന്നു... ഇത് സുധീർ അറിഞ്ഞാൽ അവർക്ക് അവനെ നഷ്ടപ്പെടുമോ എന്ന പേടിയുണ്ടായിരുന്നു... " രാമദാസൻ പറഞ്ഞു...

"എന്നിയാലും ഇതൊക്കെ അവനറിയേണ്ടതല്ലേ... " "ഇല്ല ഇത് ഞങ്ങളിലൂടെ ഇല്ലാതാവണമെന്നായിരുന്നു കരുതിയിരുന്നത്... പക്ഷേ അവന്റെ ഇപ്പോഴത്തെ ജീവിതരീതി... ശ്രേയയോട് കാണിക്കുന്ന പ്രത്യേക വികാരം... ഒരു അനിയത്തി യോട് കാണിക്കേണ്ട പെരുമാറ്റമല്ലായിരുന്നു അവന്റെ മനസ്സിൽ അത് ഏതുരീതിയിലുള്ളതാണെന്ന് അറിയില്ല... ചിലപ്പോൾ എന്നോടുള്ള പക അവൻ ശ്രേയമോളെ വച്ച് തീർക്കുകയാണോ എന്നറിയില്ല... അത് പാടില്ല... അവന്റെ അനിയത്തിയാണ് ഇവൾ ഇവളെ ഒരിക്കലും അവൻ മറ്റൊരു കണ്ണുകൊണ്ട് കാണരുതെന്ന് തോന്നി... അതിന് എല്ലാ സത്യവും അവനറിയണം... അതുകൊണ്ടാണ് ഇപ്പോഴിത് പറയേണ്ടി വന്നത്... " "എന്നാലും എനിക്കിത് വിശ്വസിക്കാൻ വയ്യ... ഇനി അവന്റെ നീക്കമെന്താണെന്ന് അറിയുമോ... ഇനിയും പുതിയ നീക്കവുമായി വരില്ലെന്നാരുകണ്ടു... ഇത്രയും കാലം ശ്രേയയെ വിവാഹം കഴിച്ചത് സ്വത്ത് കൈക്കലാക്കാനാണ് എന്നാണെനിക്ക് തോന്നുന്നത്... അത് നഷ്ടമായി എന്നു കണ്ടാൽ അവൻ തന്നെ യഥാർത്ഥ അച്ഛന്റെ സ്വത്ത് ആവിശ്യപ്പെടില്ലെന്നാരുകണ്ടു.. "

"അതുണ്ടാവില്ല... കാരണം അന്ന് ഞങ്ങൾ കഴിഞ്ഞിരുന്ന പത്തു സെന്റ് സ്ഥലവും അതിനോട് ചേർന്നുള്ള നാൽപ്പത്തിരണ്ട് സെന്റ് സ്ഥലം മറ്റൊരാളുടെ കയ്യിൽനിന്നു വാങ്ങിച്ച് അതുംചേർത്ത് അൻപത്തിരണ്ട് സെന്റ് സ്ഥലം മുമ്പേത്തന്നെ അവന്റെ പേരിലേക്ക് മാറ്റിയെഴുതിവച്ചിട്ടുണ്ട്... പിന്നെ അവന്റെ പേരിൽ ബാങ്കിലും കുറച്ച് പണം ഇട്ടിട്ടുണ്ട്... ഇത് അവന്റെ അമ്മ സുമതിക്കുമാത്രമേ അറിയൂ... " "അതേതായാലും നന്നായി... എന്നാലും സൂക്ഷിക്കണം... അവന്റെ കണ്ണ് നിങ്ങളുടെ ബിസിനസ്സിലാണ്... അത് കൈക്കലാക്കാൻ അവൻ നോക്കില്ലെന്നാരുകണ്ടു... ഏതായാലും അവനെയൊന്ന് സൂക്ഷിക്കുന്നത് നല്ലതാണ്... " "അതോർത്ത് നിങ്ങളാരും പേടിക്കേണ്ട... അങ്ങനെ ഒരു നീക്കവുമായി വരുകയാണെങ്കിൽ അത് മറികടക്കാനുള്ള വഴി ആദ്യമേ ഞാൻ കരുതിവച്ചിട്ടുണ്ട്... ഇപ്പോൾ അതല്ലല്ലോ പ്രശ്നം... നിങ്ങളുടെ വിവാഹക്കാര്യമാണ്... നാളെ ഞങ്ങൾ പോകുന്നതിനു മുമ്പ് അതിനൊരുത്തരം നിങ്ങൾ രണ്ടാളും തരണം... "

"ഇനിയതിന് എന്താണ് തടസം... ഇത്രയും കാലം ഇവൾ എന്താണോ ഭയന്നത് അത് നീങ്ങിയില്ലേ... ഇവർക്ക് പരസ്പരം ഇഷ്ടമാണ്... അത് ചുളിവിൽ ഞാൻ ചോദിച്ചറിഞ്ഞു... ഇനി നിങ്ങൾക്ക് ഭാവികാര്യങ്ങൾ തീരുമാനിക്കാം... " അനു പറഞ്ഞു... "അതുശരി അപ്പോൾ നീയാണോ ഇപ്പോഴത്തെ ഇവരുടെ പുതിയ ഹംസം... " രേഖ ചോദിച്ചു "ആണെന്നു കൂട്ടിക്കോ... എന്താ പറ്റില്ലേ... " "ഇവരുടെ യോഗം അല്ലാതെന്തുപറയാൻ... " "അതുശരി... നിങ്ങൾ പഠിച്ച പണിയും നോക്കീട്ടും ഇവരുടെ മനസ്സ് എന്താണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞോ... എന്റെ ബുദ്ധികൊണ്ട് അത് ഞാനല്ലേ കണ്ടുപിടിച്ചത്... അതിന് എനിക്കൊരു അഭിനന്ദനം തരുകയാണ് വേണ്ടത്... " "അത് ഇവൾ പറഞ്ഞത് സത്യമാണ്... അതിന് ഇവളെ അഭിനന്ദിച്ചേ മതിയാകൂ... " വാസുദേവൻ പറഞ്ഞു... "അത് പണ്ടേ അങ്ങനെയാണല്ലോ... ഏട്ടനും അനിയത്തിയും ഒറ്റക്കെട്ടാണ്... അതല്ലേ ഇവൾക്ക് ശരത്തുമായുള്ള ബന്ധം നമ്മളോടുപോലും പറയാതെ ഇവനോട് പറഞ്ഞത്... " "അത് അവിടേയും അങ്ങനെത്തന്നെയാണ്... ഈ സംഭവം ശരത്ത് ശ്രേയയോട് മാത്രമേ പറഞ്ഞിട്ടുള്ളൂ...

വാസുദേവൻ പറഞ്ഞപ്പോഴാണ് ഞാനിത് അറിയുന്നതുതന്നെ.. " രാമദാസൻ പറഞ്ഞു.. "നിങ്ങൾ വർഷങ്ങളായി മൂടിവച്ച രഹസ്യത്തിന്റെ അത്ര ഏതായാലും വരില്ല... " ശരത്ത് പറഞ്ഞു... "അതുശരി അപ്പോൾ മക്കളെല്ലാം ഒറ്റക്കെട്ട് നമ്മൾ വയസ്സായവർ പുറത്ത്... " വാസുദേവൻ പറഞ്ഞു... എന്തായാലും പറഞ്ഞതുപോലെ നിങ്ങളുടെ അഭിപ്രായം ഞങ്ങൾക്കറിയണം... പണ്ടത്തെ കാലമല്ല... ഇപ്പോൾ തീരുമാനമെടുക്കേണ്ടത് നിങ്ങളാണ്... ഭാവിയിൽ അത് തെറ്റായിരുന്നു എന്ന് തോന്നരുത്... അതുകൊണ്ടാണ് പറഞ്ഞത്... എന്നാൽ നിങ്ങളിരിക്ക് എനിക്ക് ഓഫീസിലൊന്ന് പോകണം..... " വാസുദേവൻ എഴുന്നേറ്റു... ഈ സമയം സുധീർ പുഴക്കരയിലുള്ള വായനശാലയിലെ ബഞ്ചിൽ കിടന്ന് എന്തോ ആലോചിക്കുകയായിരുന്നു...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story